മുന്തിയതരം വംശീയതയും അപരവിദ്വേഷവും കമ്പോളത്തിൽ ഗുണംചെയ്യുമെന്ന തിരിച്ചറിവ് വലതുപക്ഷ തീവ്രന്മാർക്ക് മാത്രമാണെന്ന് കരുതിയെങ്കിൽ തെറ്റി. അത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി തടയാൻ ബാധ്യസ്ഥരായ മാധ്യമ സ്ഥാപനങ്ങളും ഇപ്പോൾ ആ വഴിക്കാണ് നടത്തം. ഇന്ത്യ ടുഡേ ഏതായാലും വംശീയതയുടെ വിപണിമൂല്യം മുതലെടുക്കാൻതന്നെ തീരുമാനിച്ചു. അമേരിക്കൻ വംശീയവാദിയും ട്രംപിന്റെ വംശീയതക്ക് തുറന്ന പിന്തുണ നൽകിവരുന്ന രാഷ്ട്രീയക്കാരിയുമായ ലോറ ലൂമറാണ് ഇന്ത്യ ടുഡേ ഗ്രൂപ്പ് ഇക്കൊല്ലത്തെ അവരുടെ വാർഷിക കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണിച്ച അതിഥികളിലൊരാൾ.ലോറയുടെ ‘യോഗ്യത’കളിൽ ചിലത്: ഇന്ത്യയെയും ഇന്ത്യക്കാരെയും...
മുന്തിയതരം വംശീയതയും അപരവിദ്വേഷവും കമ്പോളത്തിൽ ഗുണംചെയ്യുമെന്ന തിരിച്ചറിവ് വലതുപക്ഷ തീവ്രന്മാർക്ക് മാത്രമാണെന്ന് കരുതിയെങ്കിൽ തെറ്റി. അത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി തടയാൻ ബാധ്യസ്ഥരായ മാധ്യമ സ്ഥാപനങ്ങളും ഇപ്പോൾ ആ വഴിക്കാണ് നടത്തം. ഇന്ത്യ ടുഡേ ഏതായാലും വംശീയതയുടെ വിപണിമൂല്യം മുതലെടുക്കാൻതന്നെ തീരുമാനിച്ചു. അമേരിക്കൻ വംശീയവാദിയും ട്രംപിന്റെ വംശീയതക്ക് തുറന്ന പിന്തുണ നൽകിവരുന്ന രാഷ്ട്രീയക്കാരിയുമായ ലോറ ലൂമറാണ് ഇന്ത്യ ടുഡേ ഗ്രൂപ്പ് ഇക്കൊല്ലത്തെ അവരുടെ വാർഷിക കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണിച്ച അതിഥികളിലൊരാൾ.
ലോറയുടെ ‘യോഗ്യത’കളിൽ ചിലത്: ഇന്ത്യയെയും ഇന്ത്യക്കാരെയും അവഹേളിച്ചുകൊണ്ട് നിരന്തരം ട്വീറ്റ് ചെയ്യുന്നു. ഇസ്‍ലാമിനെയും മുസ്‍ലിംകളെയും അവിരാമം അവമതിച്ച് സംസാരിക്കുകയും പോസ്റ്റിടുകയും ചെയ്യുന്നു. ഉറച്ച ഇസ്രായേൽ അനുകൂലി. മുസ്‍ലിം ഭൂരിപക്ഷ രാജ്യങ്ങളെ സൈനിക നടപടികളിലൂടെ നശിപ്പിക്കണമെന്ന് ‘‘അമേരിക്കക്കുവേണ്ടി’’ എപ്പോഴും വാദിക്കുന്നു. ഗസ്സയിൽ സ്ത്രീകളെയും കുട്ടികെളയും കൊന്നൊടുക്കുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് അഭിപ്രായം. ഇറാൻ സ്കൂളിൽ സ്കൂൾകുട്ടികളെ കൂട്ടക്കൊല ചെയ്തത് ന്യായമാണെന്ന് വാദിക്കുന്നു. ഇന്ത്യക്കാരെ അമേരിക്കക്ക് വേണ്ട; അവരുടെ കുടിയേറ്റം ഇല്ലാതാക്കണം. ഇന്ത്യൻ വംശജർ യു.എസ് കോൺഗ്രസിൽ വേണ്ട – ‘‘ഗോ ബാക്ക് ടു ഇന്ത്യ’’.
ഇന്ത്യയോട് തികഞ്ഞ അവജ്ഞയും വെറുപ്പും പുലർത്തുന്ന ഇത്തരമൊരാളെ അതിഥിയാക്കാൻ ഇന്ത്യ ടുഡേ ഗ്രൂപ്പിന് എങ്ങനെ തോന്നി എന്ന് ചോദിക്കാം. അതിനല്ലേ അവർ ഇന്ത്യാവിരുദ്ധ ട്വീറ്റുകൾ ഇങ്ങോട്ടു വരുന്നതിനുമുമ്പ് ‘എക്സി’ൽനിന്നും മറ്റും നീക്കംചെയ്തത്! അപ്പോൾ മുസ്‍ലിം വിരുദ്ധ ട്വീറ്റുകളോ? അത് നീക്കംചെയ്തില്ലെങ്കിലും ‘‘ഇന്നത്തെ ഇന്ത്യ’’ (ഇന്ത്യ ടുഡേ)ക്ക് പ്രശ്നമില്ല. റിഞ്ചൻ നോർബു (ന്യൂസ് ലോൺഡ്രി) എഴുതിയപോലെ, നടപ്പുരീതിപ്രകാരം വംശീയതയെ സൂക്ഷിക്കണം; എന്നാൽ, ഇസ്‍ലാമോഫോബിയയാകട്ടെ, പ്രൈം ടൈം നിലവാരമനുസരിച്ച് തനിത്തങ്കവും.
അങ്ങനെ ലോറ ലൂമർ വന്നു; ഇന്ത്യ ടുഡേ കോൺക്ലേവിൽ പങ്കെടുത്തു. അപ്പോഴാണ്, സദസ്സിലിരുന്ന് ഇന്ത്യ ടുഡേയുടെ തന്നെ മുതിർന്ന ജേണലിസ്റ്റ് രജ്ദീപ് സർദേസായ് അവരോട് പരസ്യമായി ചിലതൊക്കെ തുറന്നടിക്കുന്നത്. ‘‘നിങ്ങളുടെ പ്രസ്താവനകൾ ഇന്ത്യാ വിരുദ്ധമാണ്, വംശീയവും ഇസ്‍ലാമോഫോബിക്കുമാണ്...’’ എന്നു തുടങ്ങി, ലോറയുടെ പരാമർശങ്ങളെ അദ്ദേഹം അപലപിക്കുന്നു. ഇതിന്റെ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
ഒരു ഗൗരവപ്പെട്ട വിഷയത്തിന്റെ ആവിഷ്കാരമെന്ന നിലക്ക് ഇത് നല്ലതുതന്നെ. അതേസമയം, വിമർശകർ ഒരു ചോദ്യമുന്നയിച്ചു: ലോറയെ ക്ഷണിച്ചത് ഇന്ത്യ ടുഡേ; യാത്രാ ചെലവ് വഹിച്ചതും പഞ്ചനക്ഷത്ര താമസമടക്കമുള്ള മറ്റു ചെലവുകൾ വഹിച്ചതും ഇന്ത്യ ടുഡേ. എന്നിട്ട്, അതേ സ്ഥാപനത്തിലെ മുതിർന്ന ജേണലിസ്റ്റ് ഇങ്ങനെയൊരു ജനപ്രിയ റീലുണ്ടാക്കിയത് റേറ്റിങ് കൂട്ടാനല്ലേ?
ആവട്ടെ, അല്ലാതിരിക്കട്ടെ, ഒരുകാര്യം വ്യക്തമാണ്. രജ്ദീപ് സർദേസായിയുടെ വംശീയതാവിരുദ്ധതയൊന്നും അദ്ദേഹത്തിന്റെ സ്ഥാപനത്തിനില്ല. ഉണ്ടായിരുന്നെങ്കിൽ, വംശീയത എന്ന ഐഡന്റിറ്റി മാത്രമുള്ള ലോറയെ ഇന്നാട്ടിലേക്ക് വിളിച്ച് മാന്യമായൊരു വേദി ഒരുക്കിക്കൊടുക്കുമായിരുന്നില്ല: വംശീയതയെയും അപരവിദ്വേഷത്തെയും നോർമലൈസ് ചെയ്യാൻ മുൻകൈയെടുക്കുമായിരുന്നില്ല.
കാരവൻ മാഗസിനിൽ (2022 ഡിസംബർ) ആതിര കോണിക്കര ഒരു സുദീർഘ ലേഖനമെഴുതിയിരുന്നു. ‘‘ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ കീഴൊതുക്കം’’ എന്ന തലക്കെട്ടിനു കീഴെ, അധികാരത്തോട് സന്ധിയായ അനേകം സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടി ആ സ്ഥാപനത്തെ ലേഖനം പൊളിച്ചുകാട്ടി. ഹാഥ്റസിൽ ദലിത് പെൺകുട്ടിയുടെ കൊലയുമായി ബന്ധപ്പെട്ട സത്യങ്ങൾ മറച്ചുവെക്കാനായി റിപ്പോർട്ടറെ സ്ഥലംമാറ്റിയത്, മുമ്പ് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര സർക്കാറിനെ പുകഴ്ത്തിയത്, ഗുജറാത്ത് വംശഹത്യയെ തുടർന്ന് ‘‘വിദ്വേഷവീരൻ’’ എന്ന തലക്കെട്ടിൽ മോദിയെപ്പറ്റി കവർ സ്റ്റോറി ചെയ്തവർതന്നെ പ്രധാനമന്ത്രിയായ ശേഷം മോദിയെ ‘‘ദാർശനികനെ’’ന്നും‘‘കർമയോഗി’’യെന്നും സ്തുതിച്ചത് തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങൾ.
കൂടുതൽ കൂടുതലായി അധികാരത്തോട് വിധേയപ്പെട്ടുകൊണ്ടിരിക്കുന്ന ‘‘ഇന്നത്തെ ഇന്ത്യ’’ൻ മാധ്യമലോക നായകൻതന്നെ ഇന്ത്യ ടുഡേ. ‘‘ഗോദിമീഡിയ’’യുടെ ആദിരൂപം.
ഇസ്രായേൽ വീണ്ടും ചരിത്രം രചിക്കുന്നു
ജേണലിസ്റ്റുകളുടെ സുരക്ഷക്കുവേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് സി.പി.ജെ (Committee to Protect Journalists). 2026 ഫെബ്രുവരിയിൽ അവർ രണ്ട് റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തി. ഒന്ന്, മാധ്യമ പ്രവർത്തനം നടത്തിയെന്ന ഒറ്റ കാരണത്തിന് ഇസ്രായേൽ സൈന്യം തടവിലാക്കിയ ഫലസ്തീൻ ജേണലിസ്റ്റുകളുടെ അനുഭവങ്ങൾ വിവരിക്കുന്നതായിരുന്നു. ‘നരകത്തിൽനിന്ന് തിരിച്ചെത്തി ഞങ്ങൾ’ എന്ന തലക്കെട്ടിൽ, ഇസ്രായേലി തടങ്കലിൽ മാധ്യമപ്രവർത്തകർ അനുഭവിച്ച യാതനകളുടെയും മർദനത്തിന്‍റെയും നേർക്കഥകൾ പറയുന്ന റിപ്പോർട്ട്, മോചിതരായ 59 ജേണലിസ്റ്റുകളിൽനിന്ന് സി.പി.ജെ നേരിട്ട് ശേഖരിച്ച മൊഴികളെ അടിസ്ഥാനമാക്കിയുള്ളതാണ്.
മാധ്യമപ്രവർത്തനത്തിന്‍റെ ഭാവിയെപ്പറ്റി ആശങ്കയുണ്ടാക്കുന്ന കുറെ കണ്ടെത്തലുകൾ മറ്റൊരു സി.പി.ജെ റിപ്പോർട്ടിലുണ്ട്. മാധ്യമപ്രവർത്തനത്തിന്‍റെ പേരിൽ കൊല്ലപ്പെടുന്ന ജേണലിസ്റ്റുകളുടെ കണക്കെടുത്ത് വർഷംതോറും പുറത്തുവിടാറുള്ള സി.പി.ജെ പറയുന്നത് കണക്കെടുപ്പ് തുടങ്ങിയ ശേഷമുള്ള മൂന്നു പതിറ്റാണ്ടുകളിൽ ഏറ്റവും കൂടുതൽ ജേണലിസ്റ്റ് കൊല നടന്നത് 2025ലാണ് എന്നത്രേ. ഈ പദവി ഉണ്ടായിരുന്ന 2024 ഇതോടെ രണ്ടാം സ്ഥാനത്തായി.
ജേണലിസ്റ്റ് മരണം റെക്കോഡ് നിലവാരത്തിലെത്തിയ ഈ രണ്ടു വർഷങ്ങൾക്കും മറ്റൊരു പ്രത്യേകത കൂടിയുണ്ട്: രണ്ടിലും ഇസ്രായേലാണ് മൂന്നിൽ രണ്ടു ഭാഗം ജേണലിസ്റ്റുകളെയും കൊലപ്പെടുത്തിയത്. മാത്രമല്ല, സി.പി.ജെ ഈ കണക്കെടുപ്പ് തുടങ്ങിയ 1992 മുതൽ ഇന്നുവരെ ജേണലിസ്റ്റ് വധത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സൈന്യം ഇസ്രായേലിന്‍റെ ഐ.ഡി.എഫ് ആണ്. 2025ൽ 129 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു; ഇതിൽ മഹാഭൂരിപക്ഷവും ഇസ്രായേൽ കൊലപ്പെടുത്തിയ ഫലസ്തീൻ ജേണലിസ്റ്റുകളാണ്.
കൊലപാതകത്തിനു പുറമെയാണ് ഇസ്രായേൽ ജേണലിസ്റ്റുകളെ തടങ്കലിലിട്ട് പീഡിപ്പിക്കുന്നത്. മുകളിൽ സൂചിപ്പിച്ച ഫലസ്തീൻകാരായ 59 മുൻ തടവുകാരിൽനിന്ന് ശേഖരിച്ച വിശദമായ അനുഭവ കഥനങ്ങളിൽ 56ഉം ശരിക്കും നടുക്കുന്നവയാണ്. ഉച്ചത്തിൽ പാട്ടുവെച്ച് ഒരുപാട് നേരം തൊലിയുരിക്കുംവിധം അടിക്കും. മൂത്രത്തിൽ രക്തം വരുവോളം മറ്റു മർദനങ്ങൾ. വാരിയെല്ലിനും നട്ടെല്ലിനും ക്ഷതമുണ്ടാക്കുന്ന ഭേദ്യം. അടിക്കിടെ കുരുമുളകുപൊടി പ്രയോഗം, വൈദ്യുതി ഷോക്ക്, നായ്ക്കളെക്കൊണ്ടും കമ്പികൊണ്ടുമൊക്കെ പരിക്കേൽപിക്കൽ തുടങ്ങി മനുഷ്യത്വരഹിതമായ അനേകം രീതികൾ.
കൊലപാതകത്തിന്റെയും ജയിൽ മർദനത്തിന്റെയും അനുഭവങ്ങൾ വിവരിക്കുന്ന സി.പി.ജെ റിപ്പോർട്ടുകൾ വൻകിട മാധ്യമങ്ങളിൽ ഒരനക്കവും സൃഷ്ടിച്ചില്ല. മാത്രമല്ല, കൊലപാതക റിപ്പോർട്ടിനെ പരാമർശിച്ചുള്ള വാർത്ത തയാറാക്കിയപ്പോൾ പല യു.എസ് പത്രങ്ങളും ഇസ്രായേലി സൈന്യത്തിന്റെ നിഷേധം (വസ്തുതാവിരുദ്ധമായത്), ചോദിച്ചുവാങ്ങി വാർത്തയോടൊപ്പം ചേർത്തു. ഇതിനെ നിരാകരിക്കുന്ന കണക്കുകളോ മറുഭാഷ്യമോ ചേർത്തതുമില്ല.
മാധ്യമവേട്ടക്കാരായ രാജ്യങ്ങളുടെ പട്ടിക നിരത്തിയ ന്യൂയോർക് ടൈംസ് മറ്റൊന്നുകൂടി ചെയ്തു: പട്ടികയിൽ ഇസ്രായേലിനുള്ള ഒന്നാംസ്ഥാനം മാറ്റി ആറാം സ്ഥാനമാക്കി. കണക്കുപ്രകാരം ഇസ്രായേലിനാണ് ഒന്നാം സ്ഥാനം. 2023, 2024, 2025 വർഷങ്ങളിലെല്ലാം അതാണവസ്ഥ.
രണ്ടു വർഷംകൊണ്ട് ഇസ്രായേൽ മുമ്പില്ലാത്തത്ര ജേണലിസ്റ്റുകളെ കൊന്നു എന്ന് നേര് പറയേണ്ടിവന്നപ്പോഴും ടൈംസ് പറയാൻ വിട്ട ഒരു കാര്യമുണ്ട്: ‘‘യു.എസ് ആഭ്യന്തരയുദ്ധം, ഒന്നാം ലോകയുദ്ധം, രണ്ടാം ലോകയുദ്ധം, കൊറിയൻ യുദ്ധം, വിയറ്റ്നാം യുദ്ധം, കംബോഡിയയിലെയും ലാവോസിലെയും സംഘർഷങ്ങൾ, ന്യൂയോർക് 9/11 ഭീകരാക്രമണത്തിനുശേഷമുള്ള അഫ്ഗാൻ യുദ്ധം എന്നീ 1990കളിലും 2000ങ്ങളിലുമായി നടന്ന യൂഗോസ്ലാവ്യ യുദ്ധങ്ങൾ എന്നിവയിലെല്ലാംകൂടി കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ ജേണലിസ്റ്റുകളെ ഇസ്രായേൽ ഫലസ്തീനിൽ കൊന്നിട്ടുണ്ട്’’ (നിക് ടേഴ്സ്, Costs of War, ബ്രൗൺ യൂനിവേഴ്സിറ്റി, 2025 ഏപ്രിൽ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.