ഞാൻ എന്നോട് ക്ഷമിച്ചിരിക്കുന്നു

ഒരു ബന്ധുവും അവരുടെ ഭർത്താവും രണ്ടു മക്കളും ഭർതൃമാതാവും വേറെ രണ്ട് കുടുംബാംഗങ്ങളുമായി തന്റെ കുടുംബത്തിലെ ഏഴു പേർ ഇസ്രായേലി ബോംബിങ്ങിൽ കൊല്ലപ്പെട്ടു. ഗസ്സയിലെ ആ കുടുംബത്തിൽപെട്ടയാളാണ് ബ്രിട്ടനിലെ ഫലസ്തീൻ സ്ഥാനപതി ഹുസാം സുംലോത്ത്. തൊട്ടടുത്ത ദിവസം, 2023 ഒക്ടോബർ 10ന്, ബി.ബി.സിയുടെ ന്യൂസ് നൈറ്റ് പരിപാടിയിൽ ചാനൽ ചർച്ചയിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടു. അവതാരക കേർസ്റ്റി വാർക് ആദ്യമേ അനുശോചനമറിയിച്ചു. എന്നിട്ട് ചോദ്യത്തിലേക്ക് കടന്നു: ‘‘താങ്കൾ ഹമാസിനെ അപലപിക്കുമോ?’’ ഡൽഹി, 2026 ജൂലൈ. ജന്തർമന്തറിൽ ‘‘പാറ്റ’’കളുടെ സമരം തുടങ്ങി. വിദ്യാഭ്യാസ വ്യവസ്ഥിതിയിലെ അഴിമതിബാധ 20ലേറെ...

ഒരു ബന്ധുവും അവരുടെ ഭർത്താവും രണ്ടു മക്കളും ഭർതൃമാതാവും വേറെ രണ്ട് കുടുംബാംഗങ്ങളുമായി തന്റെ കുടുംബത്തിലെ ഏഴു പേർ ഇസ്രായേലി ബോംബിങ്ങിൽ കൊല്ലപ്പെട്ടു. ഗസ്സയിലെ ആ കുടുംബത്തിൽപെട്ടയാളാണ് ബ്രിട്ടനിലെ ഫലസ്തീൻ സ്ഥാനപതി ഹുസാം സുംലോത്ത്. തൊട്ടടുത്ത ദിവസം, 2023 ഒക്ടോബർ 10ന്, ബി.ബി.സിയുടെ ന്യൂസ് നൈറ്റ് പരിപാടിയിൽ ചാനൽ ചർച്ചയിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടു. അവതാരക കേർസ്റ്റി വാർക് ആദ്യമേ അനുശോചനമറിയിച്ചു. എന്നിട്ട് ചോദ്യത്തിലേക്ക് കടന്നു: ‘‘താങ്കൾ ഹമാസിനെ അപലപിക്കുമോ?’’

ഡൽഹി, 2026 ജൂലൈ. ജന്തർമന്തറിൽ ‘‘പാറ്റ’’കളുടെ സമരം തുടങ്ങി. വിദ്യാഭ്യാസ വ്യവസ്ഥിതിയിലെ അഴിമതിബാധ 20ലേറെ വിദ്യാർഥികളുടെ ജീവനെടുത്തുകഴിഞ്ഞിരിക്കുന്നു. മന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെട്ട് പ്രക്ഷോഭം കത്തിപ്പടർന്നു. ‘‘ഗോദി’’ മീഡിയ സർക്കാറിനൊപ്പം നിന്നു. അതിലെ റിപ്പോർട്ടർമാരെ പ്രക്ഷോഭകർ കൂവി, ചീത്ത വിളിച്ചു. സർക്കാറാകട്ടെ, സമാധാനപരമായ സമരത്തിനുനേരെ അധികാരത്തിന്റെ സകല ആയുധങ്ങളും പ്രയോഗിച്ചു. അറസ്റ്റ്, കേസ്, ലാത്തി, പെല്ലറ്റ് വെടി... സർക്കാർപക്ഷ ഗുണ്ടകൾ ഉടനീളം അക്രമവും ഭീഷണിയുമിറക്കി. പക്ഷേ, ഒടുവിൽ സമരം വിജയിച്ചു. അന്നേരം ന്യൂസ് 18 ചാനലിലെ അവതാരകൻ അമൻ ചോപ്പ്ഡ ‘‘പാറ്റപ്പാർട്ടി’’ (സി.ജെ.പി)യുടെ വക്താവ് സൗരവ്ദാസിനെ വിളിച്ചുചോദിക്കുന്നു: സമരത്തിനിടെ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന അക്രമത്തിൽ ഖേദിക്കുന്നുണ്ടോ?

മോദി ഭരണത്തിൽ പ്രതിപക്ഷ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും അങ്ങേയറ്റം വഷളായ രീതിയിൽ ചീത്തവിളിച്ചപ്പോ​ഴൊന്നും മനോവിഷമം തോന്നാതിരുന്ന പ്രധാനമന്ത്രി മോദിക്ക്, തന്നെ ഒരു വിദ്യാർഥിനി അധിക്ഷേപിച്ചപ്പോൾ സംസ്കാരത്തെപ്പറ്റി ഓർമവന്നു. പൊലീസ് ക്രൂരതക്ക് പ്രധാനമന്ത്രി വിദ്യാർഥികളോട് മാപ്പു ചോദിക്കണമെന്ന് ആവശ്യമുയർത്തിയവർക്കു മുന്നിൽ വന്ന് അദ്ദേഹം പാതിരാ റീലിൽ​ പ്രഖ്യാപിച്ചു: ഞാൻ ആ പെൺകുട്ടിയോട് ക്ഷമിച്ചിരിക്കുന്നു.

എത്ര വലിയ പരിഹാസം! അനീതിയും ക്രൂരതയും താണ്ഡവമാടുമ്പോൾ, വിഷയം മാറ്റാനുള്ള കഴിവ്, പ്രചാരണവും പ്രതിച്ഛായയും പരമപ്രധാനമായെണ്ണുന്നവർക്കുണ്ട്. പ്രധാനമന്ത്രിയുടെ ‘‘മാപ്പ്’’ ഗൗരവത്തിലെടുത്ത മാധ്യമങ്ങളുണ്ടെങ്കിൽ അവയും ഈ കള്ളക്കളിയുടെ ഭാഗംതന്നെ. പക്ഷേ, കബളിപ്പിക്കൽ തന്ത്രം ഗോദി മാധ്യമങ്ങളിലൂടെ കുറച്ചുകാലം നടക്കുമെങ്കിലും കുറെ കഴിയുമ്പോൾ അതിന്റെ മുന തേയും. മുന തേഞ്ഞുതുടങ്ങി എന്നാണ് പ്രധാനമന്ത്രിയുടെ ‘‘മാപ്പി’’നോടുള്ള പൊതു പ്രതികരണങ്ങൾ കാണിക്കുന്നത്.

സമൂഹമാധ്യമങ്ങൾ പ്രത്യേകിച്ചും ഇത്തരം പ്രതികരണങ്ങൾ കൊണ്ട് സജീവമായി. രാഷ്ട്രീയധ്വനിയോടെ ഒരു പോസ്റ്റ് ഇങ്ങനെ: ‘‘കോൺഗ്രസ് ഭരണത്തിൽ 93,000 പാകിസ്താൻകാരെ കീഴടങ്ങാൻ നിർബന്ധിതരാക്കി; ബി.ജെ.പിയുടെ കാലത്ത് ഒരു 15 വയസ്സുകാരിയെ​ക്കൊണ്ട് മാപ്പ് പറയിപ്പിച്ചു.’’

മറ്റൊന്ന്: ‘‘രാമ​ക്ഷേത്രത്തിൽ നിന്ന് 200 കോടി രൂപ കവർച്ച നടന്നത് പ്രശ്നമേയല്ലാതിരിക്കുക, പ്രധാനമന്ത്രിക്കെതിരായി വന്നുപോയ ഒരു വാക്ക് പ്രശ്നമാവുക–എങ്കിൽ നിങ്ങളുടെ ഭക്തി മോദിയോടാണ്.’’

‘‘ചോദിച്ചത് മാപ്പ്, കിട്ടിയത് ക്ഷമ’’ എന്ന തലക്കെട്ടിൽ മാതൃഭൂമി വാർത്തക്ക് (ആഗ. 2) പതിവില്ലാത്ത ഒരു ആമുഖക്കുറിപ്പുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ അതിന്റെ പശ്ചാത്തലത്തിൽ കൃത്യമായി സ്ഥാപിച്ചുകൊണ്ടുള്ളതായി ആ ആമുഖം. അത് ഇങ്ങനെ: ‘‘ന്യായമായ സമരത്തിന്റെ പേരിൽ, സ്വന്തം രാജ്യത്ത് വിദ്യാർഥികളും ചെറുപ്പക്കാരും പൊലീസ് അതിക്രമത്തിനിരയാവുന്നു. ചുറ്റുമുള്ളവർ അന്നുതന്നെ പറഞ്ഞു, ഉത്തരവാദികൾ മാപ്പുപറയണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മാപ്പുപറയണമെന്ന് പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും സി.ജെ.പിയും സമരത്തെ പിന്തുണയ്ക്കുന്നവരും ആവശ്യപ്പെട്ടെങ്കിലും ഏറെ വൈകിയിട്ടും ആ മാപ്പുപറച്ചിലുണ്ടായില്ല. പകരം ഇപ്പോൾ എല്ലാവരോടും ക്ഷമിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി...’’

വിഡിയോ സന്ദേശംകൊണ്ട് മോദി ഉദ്ദേശിച്ചത് യുവാക്കളുടെ രോഷം തണുപ്പിക്കുകയാവാം. വിദ്യാർഥികളോട് കരുണ കാട്ടുന്ന നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കുകയുമാവാം. എന്നാൽ, അതല്ല ഉണ്ടായതെന്ന് സമൂഹമാധ്യമങ്ങളിലെ ചർച്ച തെളിയിച്ചു. ‘‘ചില വികൃതിക്കുട്ടികൾ ഹീനമായ ഭാഷയിലാണ് അവഹേളിച്ചത്. സംസ്കാരമുള്ള സമൂഹത്തിന് ചേർന്ന ഭാഷയായിരുന്നില്ല അത്...’’ മോദിയുടെ ഈ നിരീക്ഷണം എടുത്തുകാട്ടിക്കൊണ്ട് അനേകം പേർ അദ്ദേഹത്തിന്റെ ‘‘ഇരട്ടത്താപ്പിനെ’’പ്പറ്റി പറഞ്ഞു. മൈനറായ ഒരു പെൺകുട്ടിയുടെ വാക്കുകൾ ‘‘സംസ്കാരമുള്ള സമൂഹത്തിന് ചേർന്നതായില്ല’’ എന്നുപറഞ്ഞ മോദി, സ്വന്തം പാളയത്തിലുള്ള തലമൂത്തവരടക്കമുള്ളവരുടെ വാക്കുകളിലെ സംസ്കാരം തൂക്കിനോക്കാത്തതെന്ത് എന്ന ചോദ്യമുയർന്നു.

സംസ്കാരമുള്ള, സഭ്യമായ, ഭാഷയുടെ സംഘ്പരിവാർ മാതൃകകൾ ഒന്നൊന്നായി തുറന്നുകാട്ടപ്പെട്ടു. ‘‘പ​ഞ്ചറൊട്ടിക്കുന്ന കൂട്ടർ’’ എന്ന് ഒരു സമുദായത്തെ ലക്ഷ്യമിട്ട് രമേശ് ബിധുരി. ‘‘അഴുക്കുചാൽ തലമുറ’’ (ഗട്ടർ ജനറേഷൻ) എന്ന് ജെൻസിയെപ്പറ്റി കങ്കണ റണാവത്ത്. ‘‘തീവ്രവാദി / ഭീകരൻ’’ (ദഹ്ശത് ഗർദ്) എന്ന് ധർമേന്ദ്ര പ്രധാൻ. ‘‘ചെന്നായ്ക്കൾ’’ (ഭേഡിയ) എന്ന് യോഗേന്ദ്ര ചന്ദോലിയ. ‘‘കൂലിപ്പട്ടാളം’’ (ഭാഡേ കാ ടട്ടൂ) എന്ന് ദേവേന്ദ്ര ഫഡ്നവിസ്.

ഒരുപക്ഷേ, പ്രധാനമന്ത്രിയുടെ പക്ഷക്കാരായ സംസ്കൃത ശൈലിക്കാരുടെ സാമാന്യം ഭേദപ്പെട്ട മാതൃകകളാകും ഇത്. കൂടുതൽ ‘‘സഭ്യ’’മായ ശൈലികൾ പലപ്പോഴായി രാഷ്ട്രീയ എതിരാളികളുടെ നേർക്ക് ഇക്കൂട്ടർ എയ്തുവിട്ടതാണ്. തെറിവാക്കുകൾ പൊതു രാഷ്ട്രീയധാരയിലേക്ക് കൊണ്ടുവന്ന ബഹുമതി അതേ കൂട്ടർക്കാണ്. ചാനൽ ചർച്ചകളിലേക്കുകൂടി വൃത്തികെട്ട ഭാഷ പ്രസരിപ്പിച്ചതിൽ അവർക്കുള്ള പങ്ക് വലുതാണ്.

തെറിനിഘണ്ടു സമാഹരിക്കുന്നുണ്ടെങ്കിൽ അതിലെ മഹാഭൂരിപക്ഷവും​ മോദി അടക്കമുള്ള ഏതാനുംപേരുടെ സംഭാവനയായിരിക്കും. ‘‘50​ കോടി രൂപയുടെ ഗേൾഫ്രണ്ട്’’ എന്ന് ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ ഭാര്യയെ വിശേഷിപ്പിച്ചത് നരേന്ദ്ര മോദിയാണ് –ഒരു തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ. സോണിയ ഗാന്ധിയെ ‘‘ജേഴ്സി​പ്പശു’’ എന്ന് വിളിച്ചത് ഏതോ 15കാരിയല്ല, മോദിയാണ്. രാഹുൽ ഗാന്ധിയെ സങ്കരയിനം പശുക്കുട്ടിയെന്ന് വിളിച്ചതും മറ്റാരുമല്ല. മമത ബാനർജിയെ പരിഹസിക്കാൻ അദ്ദേഹം പൊതുയോഗത്തിൽ നീട്ടിവിളിച്ചത് ‘‘ദീദി ഓ ദീദി’’ എന്ന്. പ്രതിപക്ഷ നേതാക്കളെ ‘‘ചെങ്കിസ്ഖാൻമാരെ’’ന്ന് വിളിച്ചു. മൻമോഹൻ സിങ്ങിനെ ‘‘മൗനിസിങ്’’ എന്ന് വിളിച്ചത് വാർത്താ സമ്മേളനമേ നടത്താത്ത പ്രധാനമന്ത്രിയാണല്ലോ.

സമൂഹമാധ്യമങ്ങൾ ഇനിയും ഉദാഹരണങ്ങൾ നൽകുന്നുണ്ട്. കുപ്പത്തൊട്ടിയിൽനിന്ന് തെറികൾ പെറുക്കി മേശപ്പുറത്ത് വെക്കുന്നത് സുഖകരമല്ല. പക്ഷേ, കൊടുംതെറി ശീലമാക്കിയവർ ഒരു പെൺകുട്ടിയുടെ ‘‘സഭ്യേതര ഭാഷ’’യെ കുറ്റപ്പെടുത്തുമ്പോൾ അതിലെ വൈരുധ്യം ചൂണ്ടിക്കാട്ടാൻ പലരും അത് ചെയ്തുപോകുന്നതാണ്. ‘‘പുലഭ്യം ഒന്നിനും പരിഹാരമല്ല, വഴിതെറ്റിപ്പോയവരെ നമുക്ക് നേർവഴിക്ക് നടത്താം’’ എന്ന മോദിയുടെ ‘എക്സ്’ കുറിപ്പ് വലിയ തമാശയാകുന്നതും അങ്ങനെയാണ്.

വംശഹത്യ ചെയ്യുന്നവർ ‘‘നിങ്ങൾ ഹമാസിനെ അപലപിക്കുമോ?’’ എന്ന് ചോദിക്കുമ്പോൾ രണ്ടു നേട്ടങ്ങളാണ് ലക്ഷ്യമിടുന്നത്. വിഷയം മാറ്റുക, ലോകശ്രദ്ധ തിരിക്കുക എന്നതാണ് ഒന്ന്. വേട്ടക്കാർ ഇരയുടെ വേഷമിടുന്നു എന്നത് മറ്റൊന്ന്. 15കാരിയോട് നരേന്ദ്ര മോദി ‘‘ക്ഷമിച്ച’’പ്പോഴും ഇതുതന്നെയാണ് ലക്ഷ്യമിടുന്നത്. പക്ഷേ, സമൂഹമാധ്യമങ്ങളുടെ ഓർമശക്തിക്കു മുന്നിൽ അത് നടക്കാതെപോകുന്നു എന്നുമാത്രം.

ഗോദി മീഡിയയെ അവർക്കുവേണ്ട

പ്രധാനമന്ത്രി ‘‘ക്ഷമിച്ചെ’’ങ്കിലും പരിവാർപ്പട ആ 15കാരിയെ വിടുന്നില്ല. ഗോദി മീഡിയയും. ജന്തർമന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടികളെ പ്രത്യേകമായി ലക്ഷ്യമിടുന്നുണ്ട് ഇവരെല്ലാം. മോദിയെ അസഭ്യം പറഞ്ഞ രുചിക സിങ്ങിന് ഒളിവില്‍ പോകേണ്ടിവന്നു.

ന്യൂസ് 18 അതുതന്നെ വാർത്തയാക്കി. അന്താരാഷ്ട്ര ശ്രദ്ധനേടിയ വിദ്യാർഥി പ്രക്ഷോഭവും അതിന്‍റെ കാരണങ്ങളും പൊലീസ് അതിക്രമവുമെല്ലാം ചർച്ചക്കെടുക്കേണ്ട ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പാർലമെന്‍റിലെ അസാന്നിധ്യമായിരുന്നു യഥാർഥ വാർത്ത. പക്ഷേ, വേട്ടയാടപ്പെടുന്ന പെൺകുട്ടിയെ കാണാനില്ലെന്നതായി ന്യൂസ് 18ന് വിഷയം. നോയിഡയിൽ അവർ താമസിക്കുന്ന ഫ്ലാറ്റിനു മുമ്പാകെ സ്വയം സ്ഥാപിച്ച് ആ ചാനലിന്‍റെ റിപ്പോർട്ടർ കാമറയിലേക്ക് പറയുന്നു: ‘‘ആ 25 കാരി’’ ഒളിവിൽതന്നെ തുടരുകയാണ്...

സെക്യൂരിറ്റി ജീവനക്കാരെ റിപ്പോർട്ടർ സമീപിക്കുന്നു. അമ്മയെയും മകളെയും എപ്പോഴാണ് അവസാനമായി കണ്ടതെന്ന് ചോദിക്കുന്നു. റിപ്പോർട്ടർമാർ രുചിക സിങ് (15 കാരി, 25 കാരിയല്ല) അൽപകാലം ട്രെയിനി ആയി പഠിച്ചിരുന്ന ബ്യൂട്ടി സലൂൺ തിരഞ്ഞു കണ്ടുപിടിക്കുന്നു. വിദ്യാർഥിനിയുടെയും അമ്മയുടെയും കുറ്റങ്ങൾ തേടിയെടുത്ത് വർണിക്കുന്നു.  ഈ റിപ്പോർട്ടുകളുടെ ‘എക്സ്’ പോസ്റ്റുകൾ പിന്നീട് ചാനൽ നീക്കം ചെയ്തതിൽനിന്ന്, അവർക്ക് ഇതിൽ വാർത്താമൂല്യം ഒട്ടുമില്ലെന്ന് ബോധ്യപ്പെട്ടതായി ഊഹിക്കാം.

പ്രക്ഷോഭകർ ഉപയോഗിച്ച ഭാഷയിലെ ‘‘സംസ്കാരമില്ലായ്മ’’ മിക്ക ‘ഗോദി’ ചാനലുകളുടെയും മുഖ്യവിഷയമായിരുന്നു. ന്യൂസ്‌ലോൺഡ്രിയിൽനിന്ന് ചില ഉദാഹരണങ്ങൾ:

സംസ്കാരമുള്ള ഭാഷ ഇന്ത്യയുടെ പൈതൃകമെന്ന നിലക്ക് ദൂർദർശൻ ന്യൂസിൽ സുധീർ ചൗധരി ഫ്രെയിം ചെയ്യുന്നു; അതൊരു കാമ്പയിനാക്കുന്നു. ‘‘സംസ്കാരവിഹീന’’മായ ഭാഷക്കെതിരെ എ.ബി.പി ന്യൂസിൽ ചിത്ര ത്രിപാഠി രംഗത്തിറങ്ങുന്നു. മാപ്പല്ല, അറസ്റ്റാണ് വേണ്ടതെന്നും ജനങ്ങൾക്ക് പാഠം നൽകണമെന്നും റിപ്പബ്ലിക് ടി.വിയിൽ അർണബ് ഗോസ്വാമി. ഭാഷ എങ്ങനെ സഭ്യമാക്കണമെന്ന് സദുപദേശം; മര്യാദ കെട്ടവരെ ശിക്ഷിക്കണമെന്ന് ആവശ്യം. പക്ഷേ 15കാരിക്കെതിരെ ഉണ്ടായ വൃത്തികെട്ട ആക്രമണങ്ങളെപ്പറ്റി ഇവർക്കൊന്നും പറയാനുണ്ടായില്ല. ഇത്തരത്തിലുള്ള മാധ്യമ വേട്ട മറ്റുചില പെൺകുട്ടികൾക്കെതിരെ നടന്നപ്പോഴും ഗോദി മാധ്യമങ്ങൾക്ക് മൗനം.

മൊത്തത്തിൽ, വിദ്യാർഥി പ്രക്ഷോഭകരുടെ ന്യായമായ ആവശ്യങ്ങൾ ഇവർക്ക് വിഷയമല്ല. സമരക്കാർക്കെതിരെ ഉണ്ടായ നിയമവിരുദ്ധമായ പൊലീസ് അതിക്രമങ്ങളോ അതിനെപ്പറ്റി സർക്കാർ പുലർത്തുന്ന നിശ്ശബ്ദതയോ, പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ‘‘ഒളിച്ചോട്ട’’മോ ഒന്നും വിഷയമല്ല. വിഷയം ഒന്നുമാത്രം: മോദിയെ ഒരു പെൺകുട്ടി തെറിവിളിച്ചു കളഞ്ഞു.

ഭരണവർഗത്തെ തൊടുമ്പോൾ ഗോദി മീഡിയക്ക് വേദനിക്കുന്നു; ജനങ്ങളെ തൊടുമ്പോൾ വേദനിക്കുന്നില്ല. ഈ സത്യം തിരിച്ചറിഞ്ഞിട്ടുണ്ട് പുതുതലമുറ. പൊതുധാരാമാധ്യമങ്ങളിലുള്ള അവിശ്വാസം പുതിയ പരീക്ഷണങ്ങൾ തുടങ്ങാൻ അവരെ പ്രേരിപ്പിക്കുന്നു. അതിന്റെ ആദ്യ പരിശീലനക്കളരികൂടിയാണ് ഇപ്പോൾ നടന്ന പ്രക്ഷോഭം.

നീരജ് ഠാകുർ (the probe.in) നിരീക്ഷിച്ചപോലെ, ജെൻസി സ്വന്തം ന്യൂസ് റൂം ഉണ്ടാക്കിയിരിക്കുന്നു. ഇൻസ്റ്റഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്ടുകൾ, എക്സ് പോസ്റ്റുകൾ, ടെലിഗ്രാം ചാനലുകൾ, വാട്സ്ആപ് ഗ്രൂപ്പുകൾ എന്നിവയാണ് അവർക്ക് ആശയവിനിമയ സംവിധാനം. കണ്ണീർവാതകമേറ്റ അനുഭവം ദൃശ്യമാക്കി പോസ്റ്റ് ചെയ്ത് ഒരു 18 കാരി കുറിച്ചു: ‘‘ഇന്ന് ഞങ്ങൾ പാർലമെന്റിന്റെ കാളിങ് ബെൽ ഒന്ന് അടിച്ചു. എന്നിട്ട് ഓടി.’’ ആ ഒരു കുറിപ്പ് ഉണ്ടാക്കിയ ഫലം അനേകം ചാനലുകളിലെ ചർച്ചകൾക്കൊന്നുമുണ്ടായില്ലെന്ന് നീരജ് ഠാകുർ പറയുന്നു. സമരക്കാർ ഓരോരുത്തരും ഓരോ റിപ്പോർട്ടർകൂടിയായി. പാരമ്പര്യ മാധ്യമങ്ങളുടെ പ്രസക്തി ഇല്ലാതാക്കുന്നത് ഗോദി മീഡിയയാണ്.

Tags:    
News Summary - Forgiveness Theater Hides State Violence Against Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.