സ്വന്തമായി കിട്ടിയ അവാർഡിനെക്കാൾ എതിർചാനലിന് കിട്ടിയ അവാർഡിന്റെ പേരിൽ ഒരു സ്ഥാപനം വാർത്തയാകുന്നത് കേട്ടിട്ടുണ്ടോ? ബി.ബി.സിയാണ് അങ്ങനെ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്. ‘ബാഫ്ത’ (BAFTA –British Academy of Film and Television Arts) ഇക്കൊല്ലത്തെ അവാർഡ് ജേതാക്കളെ ആദരിച്ചത് മേയ് 10ന്. 27ഓളം ഇനങ്ങളിൽ (കറന്റ് അഫയേഴ്സടക്കം) 24ലും ബി.ബി.സിയുടെ ഏതെങ്കിലും ചാനലുകൾ (ഒന്നോ അതിലധികമോ വീതം) ഫൈനലിലെത്തി; 12 ഇനങ്ങളിൽ ജേതാക്കൾതന്നെ ആയി. പക്ഷേ ബി.ബി.സിക്ക് ഈ പ്രശസ്തിക്കെല്ലാമപ്പുറം പേരുദോഷമുണ്ടാക്കി, എതിർ ചാനലായ ചാനൽ 4ന് നൽകിയ ഒരു ഒന്നാം സമ്മാനം. ‘കറന്റ് അഫയേഴ്സ്’ ഇനത്തിലാണ് ചാനൽ 4 ജേതാവായത്. അവർക്ക് സ്ഥാനം നേടിക്കൊടുത്ത പരിപാടി ഒരു...
സ്വന്തമായി കിട്ടിയ അവാർഡിനെക്കാൾ എതിർചാനലിന് കിട്ടിയ അവാർഡിന്റെ പേരിൽ ഒരു സ്ഥാപനം വാർത്തയാകുന്നത് കേട്ടിട്ടുണ്ടോ?
ബി.ബി.സിയാണ് അങ്ങനെ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്.
‘ബാഫ്ത’ (BAFTA –British Academy of Film and Television Arts) ഇക്കൊല്ലത്തെ അവാർഡ് ജേതാക്കളെ ആദരിച്ചത് മേയ് 10ന്. 27ഓളം ഇനങ്ങളിൽ (കറന്റ് അഫയേഴ്സടക്കം) 24ലും ബി.ബി.സിയുടെ ഏതെങ്കിലും ചാനലുകൾ (ഒന്നോ അതിലധികമോ വീതം) ഫൈനലിലെത്തി; 12 ഇനങ്ങളിൽ ജേതാക്കൾതന്നെ ആയി.
പക്ഷേ ബി.ബി.സിക്ക് ഈ പ്രശസ്തിക്കെല്ലാമപ്പുറം പേരുദോഷമുണ്ടാക്കി, എതിർ ചാനലായ ചാനൽ 4ന് നൽകിയ ഒരു ഒന്നാം സമ്മാനം. ‘കറന്റ് അഫയേഴ്സ്’ ഇനത്തിലാണ് ചാനൽ 4 ജേതാവായത്.
അവർക്ക് സ്ഥാനം നേടിക്കൊടുത്ത പരിപാടി ഒരു വാർത്താ ഡോക്യുമെന്ററിയാണ്. പേര്: ‘ഗസ്സ: ആക്രമിക്കപ്പെടുന്ന ഡോക്ടർമാർ’ (Gaza: Doctors Under Attack).
ആ ഡോക്യുമെന്ററിക്ക് കിട്ടിയ പുരസ്കാരം ചാനൽ 4ന് വൻ നേട്ടമായെങ്കിൽ, ബി.ബി.സിക്കത് വല്ലാത്ത ദുഷ്‍കീർത്തിയായി.
‘ബാഫ്ത’യിലെ ഈ അനുഭവം തന്നെ നാലുനാൾ മുമ്പ് ആംനസ്റ്റി ഇന്റർനാഷനൽ-യു.കെ നൽകിയ മാധ്യമ പുരസ്കാരങ്ങളിലും ഉണ്ടായതാണ്. മേയ് 6ന് നൽകിയ 34 ാം ആംനസ്റ്റി വാർഷിക മീഡിയ അവാർഡുകളിൽ ആദ്യ ഇനമായ ‘ബ്രോഡ്കാസ്റ്റ് ഫീച്ചറി’ൽ, ബശ്ശാറുൽ അസദിന്റെ കാലത്ത് സിറിയൻ തടവറകളിൽ നടന്ന കൊടുംപീഡനങ്ങളെപ്പറ്റിയുള്ള ‘Surviving Syrian Prisons’ എന്ന ഡോക്യുമെന്ററി പുരസ്കാരം നേടി.
അടുത്ത ഇനമായ ‘ബ്രോഡ്കാസ്റ്റ് ഇൻവെസ്റ്റിഗേഷനി’ൽ ചാനൽ 4ന്റെ ‘Gaza: Doctors Under Attack’ ജേതാവായി.
ആദ്യ ഇനത്തിലെ വിജയം നൽകിയ ഖ്യാതിയെക്കാൾ ബി.ബി.സിയെ നാണംകെടുത്തി അടുത്ത ഇനത്തിൽ അവർക്കുണ്ടായ പേരുദോഷം. ചാനൽ 4 ആ ഡോക്യുമെന്ററിക്ക് പുരസ്കാരങ്ങൾ നേടിയത് ബി.ബി.സിയുടെ കരണത്തേറ്റ അടിയാണ്.
എന്തുകൊണ്ട്?
ചാനൽ 4ന് രണ്ടിടത്തും (അല്ല, മൂന്നിടത്ത് –കഴിഞ്ഞവർഷത്തെ ‘‘റോറി പെക്ക്’’ അവാർഡും അതിന് കിട്ടിയിരുന്നു) അവാർഡ് നേടിക്കൊടുത്ത ആ ഡോക്യുമെന്ററി ആദ്യം ബി.ബി.സിയുടേതായിരുന്നു –അവരത് കൈയൊഴിയുന്നതുവരെ.
ഗസ്സയുടെ ആരോഗ്യമേഖലയിൽ ഇസ്രായേൽ കാട്ടിക്കൂട്ടുന്ന ക്രൂരതകൾ നിസ്സാരമല്ല. ആശുപത്രികൾ ബോംബിട്ട് തകർക്കുന്നു; ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകരെ തട്ടിക്കൊണ്ടുപോയി തടവിലിട്ട് പീഡിപ്പിക്കുന്നു; ബോംബിട്ടും മർദിച്ചുമൊക്കെ കൊല്ലുന്നു. 1700 ലേറെ പേരെ അങ്ങനെ കൊന്നു; 400ലധികം പേരെ തടവിലിട്ടു. ലോകമറിയേണ്ടതാണീ ക്രൂരതകളെന്ന് ബി.ബി.സി അധികൃതർക്ക് ന്യായമായും തോന്നി.
ഈ വിഷയത്തിൽ വസ്തുനിഷ്ഠമായ ഒരു ഡോക്യുമെന്ററി തയാറാക്കാൻ അവർ ‘ബേസ്മെന്റ് ഫിലിംസ്’ എന്ന നിർമാതാക്കളുമായി കരാറിലെത്തി. പണം കൈമാറി.
‘ബേസ്മെന്റ് ഫിലിംസി’ന്റെ ബെൻ ഡിപെയർ ആ ജോലി സമർപ്പണബുദ്ധിയോടെ ഏറ്റെടുത്തു. ജേണലിസ്റ്റും അവതാരകയുമായ റമിത നവായിയെ ചുമതലയേൽപ്പിച്ചു. പക്ഷേ, വസ്തുനിഷ്ഠവും ആധികാരികവുമായ വിവരങ്ങൾക്കും അനുഭവകഥകൾക്കും ഗസ്സക്കാരെത്തന്നെ കിട്ടണം. ഏതു നിമിഷവും മിസൈലിനും തോക്കിനും ഇരയാകാവുന്ന ഗസ്സയിലെ ജേണലിസ്റ്റുകളെ.
ജാബിർ ബദ്‍വാനും ഉസന അൽ അശിയും അതിന് തയാറായി മുന്നോട്ടുവന്നു. ഗസ്സൻ ജേണലിസ്റ്റുകൾ. അവർ ഹൃദയം തകർക്കുന്ന വാർത്തകളും ദൃശ്യങ്ങളും നൽകിക്കൊണ്ടിരുന്നു. ഗസ്സക്ക് പുറത്താകട്ടെ, ഡോക്യുമെന്ററി നിർമാണസംഘം ‘‘ഓരോ പ്രഭാതത്തിലും ഉണർന്നെണീക്കുക ഈ രണ്ടു പേരും ജീവിച്ചിരിപ്പുണ്ടാകുമോ എന്ന് ചിന്തിച്ചുകൊണ്ടാണ്.’’
അങ്ങേയറ്റത്തെ സമർപ്പണത്തോടെ അവരെല്ലാവരും ആ ഡോക്യുമെന്ററി പൂർത്തിയാക്കി ബി.ബി.സിക്ക് സമർപ്പിച്ചു. ബി.ബി.സി അത് ഉടനെ സംപ്രേഷണം ചെയ്യുമെന്ന് അവർ പ്രതീക്ഷിച്ചിരിക്കണം. പക്ഷേ, അതുണ്ടായില്ല. ഇസ്രായേലിനെ ഏറെ മോശമായി കാണിക്കുന്ന ഒരു ഡോക്യുമെന്ററിയാണതെന്ന് ബി.ബി.സി അധികൃതർക്ക് അപ്പോഴാണല്ലോ മനസ്സിലായത്.
2025 ഫെബ്രുവരിയിൽ സംപ്രേഷണം ചെയ്യേണ്ടതായിരുന്നു. ബി.ബി.സി അധികൃതർ അത് നീട്ടിക്കൊണ്ടുപോയി. അതിന് ഒരു കാരണം കണ്ടെത്തുകയും ചെയ്തു.
മറ്റൊരു ഗസ്സ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് സയണിസ്റ്റ് പക്ഷക്കാരുടെ വിമർശനം ബി.ബി.സി ഏറ്റുവാങ്ങിയ സമയമായിരുന്നു. ‘Gaza: How to Survive a Warzone’ എന്ന ഫിലിം കാണിച്ചപ്പോഴേക്കും സയണിസ്റ്റുകൾ ചാടിയിറങ്ങി. കാണിച്ചതെല്ലാം നേരാണെങ്കിലും അതിൽ ചിലേടത്ത് അവതാരകനായി ഗസ്സക്കാരനായ ഒരു ബാലനെ കാണിച്ചിരുന്നു. അവൻ ഒരു ഗസ്സ മന്ത്രിയുടെ മകനാണ്, അക്കാര്യം മറച്ചുവെച്ചു, എന്നെല്ലാമായി വിമർശനം. വൻ സമ്മർദത്തിൽ, ബി.ബി.സി ആ ഫിലിം പിൻവലിച്ചു. അതിന്റെ പേരുപറഞ്ഞ്, കാണിക്കുന്നതെല്ലാം കണിശമായി പരിശോധിക്കേണ്ടതുണ്ട് എന്ന ന്യായമുന്നയിച്ച്, ‘ഗസ്സ ഡോക്ടർ’ ഡോക്യുമെന്ററിയും മാറ്റിവെച്ചു.
അതോടെ, പൊതുസമൂഹം പ്രതിഷേധവുമായി വന്നു. തങ്ങൾ കമിഷൻ ചെയ്ത ചിത്രത്തെ കൊല്ലുകവഴി ബി.ബി.സി ഇസ്രായേലിന് ദാസ്യവേല ചെയ്യുകയാണെന്ന് അവർ രോഷംകൊണ്ടു. മാധ്യമലോകവും ഇളകി. സെറ്റേയോ, ചാനൽ 4 തുടങ്ങിയ മാധ്യമങ്ങൾ ആ ഡോക്യുമെന്ററി തങ്ങൾ പ്രദർശിപ്പിക്കാമെന്ന് അറിയിച്ചു.
ഒടുവിൽ ബി.ബി.സി ആ ഡോക്യുമെന്ററി അവർക്ക് കൈമാറി. അത് സംപ്രേഷണം ചെയ്ത് ചാനൽ 4 മൂന്ന് ഉഗ്രൻ പുരസ്കാരങ്ങൾ സ്വന്തമാക്കി.
‘ബാഫ്ത’ പുരസ്കാര സമർപ്പണത്തിന്റെ വാർത്തയും ബി.ബി.സി രണ്ടു മണിക്കൂർ വൈകിപ്പിച്ചാണ് സംപ്രേഷണം ചെയ്തത്. ആ ചടങ്ങിൽ പ്രസംഗിച്ചവർ ബി.ബി.സിയുടെ ഭീരുത്വത്തെ വിമർശിച്ചിരുന്നു.
അങ്ങനെയാണ് ചാനൽ 4 നേടിയ പുരസ്കാരം ബി.ബി.സിക്ക് നാണക്കേടായത്.
മാധ്യമപ്രവർത്തകർ നരകിക്കുന്നു; മാധ്യമങ്ങൾക്ക് മൗനം
അലി അസ്സമൂദി എന്ന പേര് എത്രപേർ കേട്ടുകാണും? ഏതോ വാർത്തയുടെ മൂലയിൽ അതൊരു പരാമർശമായി വന്നോ എന്നറിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ കാര്യത്തിൽ മാധ്യമങ്ങൾ പുലർത്തുന്ന മൗനം സ്വന്തം വർഗത്തോട് ചെയ്യുന്ന പാതകംകൂടിയാണ്.
അലി സി.എൻ.എൻ റിപ്പോർട്ടറാണ്. ഫലസ്തീനിൽനിന്നുള്ള വാർത്തകൾ അയച്ചുകൊണ്ടിരിക്കെ കഴിഞ്ഞവർഷം ഇസ്രായേൽ സൈന്യം പിടിച്ചുകൊണ്ടുപോയി തടവിലാക്കി. അവിടെ മർദിച്ചു; വളരെക്കുറച്ച് ഭക്ഷണം മാത്രം നൽകി. ഭീകരപ്രവർത്തനം ആരോപിച്ചാണ് തടങ്കലെങ്കിലും ഒരു കുറ്റപത്രം പോലും സമർപ്പിച്ചില്ല. ചോദ്യംചെയ്തതും ഭീകരവൃത്തിയെപ്പറ്റിയല്ല, മാധ്യമവൃത്തിയെപ്പറ്റിയായിരുന്നു. മേയ് ആദ്യവാരം അദ്ദേഹത്തെ ഇസ്രായേൽ മോചിപ്പിച്ചു. സഹപ്രവർത്തകർക്ക് തിരിച്ചറിയാൻ പ്രയാസമായിരുന്നു –അത്രയേറെ മെലിഞ്ഞ്, പരിക്ഷീണനാണദ്ദേഹം. 60 കിലോ തൂക്കം കുറഞ്ഞിട്ടുണ്ട്.
2023 ഒക്ടോബർ 7നുശേഷം ഇസ്രായേൽ 262 ഫലസ്തീൻ ജേണലിസ്റ്റുകളെ വധിച്ചിട്ടുണ്ട്. 105 മാധ്യമപ്രവർത്തകരെ കുറ്റപത്രമോ വിചാരണയോ ഇല്ലാതെ തടവിലിട്ടിട്ടുണ്ട് –അലി അടക്കം. ഫലസ്തീനികൾ ഇസ്രായേലി തടങ്കലിൽ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി ധാരാളം റിപ്പോർട്ടുകൾ അദ്ദേഹം സി.എൻ.എന്നിനുവേണ്ടി ചെയ്തിട്ടുണ്ട്. ഒടുവിൽ അദ്ദേഹം അത് നേരിട്ടനുഭവിക്കുകയും ചെയ്തു.
പക്ഷേ, ഫലസ്തീൻകാരുടെ യാതനകൾ ലോക മാധ്യമങ്ങളിൽ ശരിയായ അളവിലോ തീവ്രതയിലോ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. അതേപോലെ, ഫലസ്തീൻ ജേണലിസ്റ്റുകളോട് ഇസ്രായേൽ ചെയ്യുന്ന പാതകങ്ങളും തമസ്കരിക്കപ്പെടുന്നു. അതിന് ഒരു ഉദാഹരണം കൂടിയാണ് അലി അസ്സമൂദി.
2018ൽ വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റ് ജമാൽ ഖഷോഗ്ജി ഇസ്തംബൂളിൽവെച്ച് ക്രൂരമായി വധിക്കപ്പെട്ടു. പാശ്ചാത്യ മാധ്യമങ്ങൾ ന്യായമായും അതിനെതിരെ രോഷംകൊണ്ടു; വർഷങ്ങളോളം അത് വാർത്തകളിൽ സജീവമാക്കി നിർത്തി. അതിനുമുമ്പ്, 2006ൽ, റഷ്യൻ മാധ്യമപ്രവർത്തക അന്ന പോളിറ്റ്കോവ്സ്കായ മോസ്കോയിൽ വെച്ച് കൊല്ലപ്പെട്ട സംഭവത്തെ ലോകമാധ്യമങ്ങൾ വലിയ വാർത്തയാക്കി. ശിറീൻ അബൂ ആഖിലയോ മറ്റേതെങ്കിലും ഫലസ്തീൻ ജേണലിസ്റ്റോ കൊല്ലപ്പെടുമ്പോൾ അത്തരം ബഹളമൊന്നും അവയിൽ കാണാറില്ല.
സി.പി.ജെ, ആർ.എസ്.എഫ്, യുനെസ്കോ തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും നിരന്തരം പുറത്തുവിടുന്ന കണക്കുകൾ വാർത്തയിലെത്താറില്ല.
വാർത്താ കവറേജിൽ മാത്രമല്ല, ആഖ്യാനത്തിലും തലക്കെട്ടുകളിലും അവതരണത്തിലുമെല്ലാം ഈ ഇരട്ടത്താപ്പ് പ്രകടമാണ്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജേണലിസ്റ്റുകൾ കൊല്ലപ്പെട്ട വർഷമാണ് കഴിഞ്ഞുപോയത്. അവർ ഏറെയും ഫലസ്തീൻകാരായിരുന്നു. സ്ഥിതിവിവരക്കണക്കിനപ്പുറം, ശിറീനെപ്പോലെ കൊല്ലപ്പെട്ട നൂറുകണക്കിനാളുകളോ അലി അസ്സമൂദിയെപ്പോലെ മർദിക്കപ്പെട്ടവരോ മാധ്യമപ്രവർത്തകരുടെ വർഗബോധത്തെപ്പോലും ഉത്തേജിപ്പിച്ചു കാണുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.