നിയമം, മര്യാദ, ധാർമികത– ഇവയിൽ ഇസ്രായേലിന്റെ നിലപാട് മറ്റു രാജ്യങ്ങളുടെ (മനുഷ്യസമൂഹത്തിന്റെ) പൊതുനിലപാടിൽനിന്ന് വളരെ ഭിന്നമാണ്. അത് വെളിപ്പെടുത്തുന്ന ഒരു കഥയുണ്ട്. ഒരു സംഭവകഥ വിവിധ രാജ്യങ്ങളിൽനിന്നുള്ള 400ലേറെ ആക്ടിവിസ്റ്റുകളുമായി മേയ് മാസത്തിൽ ഗസ്സയിലേക്ക് ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില’ പോകുന്നു. ഈ വ്യൂഹത്തിലെ 60ഓളം വരുന്ന ബോട്ടുകൾ ഇസ്രായേൽ തടയുന്നു; അതിലുള്ളവരെ പിടികൂടി, അതത് നാടുകളിലേക്ക് ബലമായി തിരിച്ചയക്കാനായി അഷ്ദോദ് തുറമുഖത്തേക്ക് കൊണ്ടുപോകുന്നു. അവിടെ ആക്ടിവിസ്റ്റുകളെ ഇസ്രായേലി പട്ടാളക്കാർ ഉപദ്രവിച്ചു; കൈകൾ ചങ്ങലയിൽ പൂട്ടി കുനിച്ചിരുത്തി; പട്ടാളക്കാർക്കൊപ്പം ഇസ്രായേലി...
നിയമം, മര്യാദ, ധാർമികത– ഇവയിൽ ഇസ്രായേലിന്റെ നിലപാട് മറ്റു രാജ്യങ്ങളുടെ (മനുഷ്യസമൂഹത്തിന്റെ) പൊതുനിലപാടിൽനിന്ന് വളരെ ഭിന്നമാണ്. അത് വെളിപ്പെടുത്തുന്ന ഒരു കഥയുണ്ട്.
ഒരു സംഭവകഥ
വിവിധ രാജ്യങ്ങളിൽനിന്നുള്ള 400ലേറെ ആക്ടിവിസ്റ്റുകളുമായി മേയ് മാസത്തിൽ ഗസ്സയിലേക്ക് ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില’ പോകുന്നു. ഈ വ്യൂഹത്തിലെ 60ഓളം വരുന്ന ബോട്ടുകൾ ഇസ്രായേൽ തടയുന്നു; അതിലുള്ളവരെ പിടികൂടി, അതത് നാടുകളിലേക്ക് ബലമായി തിരിച്ചയക്കാനായി അഷ്ദോദ് തുറമുഖത്തേക്ക് കൊണ്ടുപോകുന്നു.
അവിടെ ആക്ടിവിസ്റ്റുകളെ ഇസ്രായേലി പട്ടാളക്കാർ ഉപദ്രവിച്ചു; കൈകൾ ചങ്ങലയിൽ പൂട്ടി കുനിച്ചിരുത്തി; പട്ടാളക്കാർക്കൊപ്പം ഇസ്രായേലി പ്രതിരോധമന്ത്രി ഇതമാർ ബെൻഗവിറും ആക്ടിവിസ്റ്റുകളെ അപമാനിച്ചു. അവരുടെ മുഖം നിലത്ത് കുത്തി ഇരുത്തി, ഇസ്രായേലിന്റെ ദേശീയഗാനം ആലപിച്ചു.
ശാരീരിക ഉപദ്രവം, അപമാനം– പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്നുള്ള ആക്ടിവിസ്റ്റുകൾക്കുപോലും ഇസ്രായേൽ നൽകിയത് അതൊക്കെയാണ്. മാത്രമല്ല, അതിന്റെ വിഡിയോ പട്ടാളക്കാർ എടുത്തത് ബെൻഗവിർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
അന്താരാഷ്ട്രതലത്തിൽ അത് പ്രതിഷേധമുയർത്തി. തങ്ങളുടെ പൗരൻമാരെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതിന് ഫ്രാൻസ്, സ്പെയിൻ, ഇറ്റലി മുതലായ രാജ്യങ്ങൾ ഇസ്രായേലി സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ലോകമെങ്ങും ഇസ്രായേലി നെറികേടിനെതിരെ ശബ്ദമുയർന്നു. മനുഷ്യ സംസ്കാരത്തിന് നിരക്കാത്തതാണ് ബെൻഗവിറടക്കം ചെയ്തതെന്ന് എല്ലാവരും പറഞ്ഞു.
ഇസ്രായേലിനകത്തോ?
ആ വിഡിയോയുടെ പേരിൽ ഇസ്രായേലി സുപ്രീംകോടതിയിലെ ഉപ ചീഫ് ജസ്റ്റിസ് ബെൻഗവിറിനെ ശാസിക്കുകയും അയാൾക്ക് പിഴചുമത്തുകയും ചെയ്തു. ആ വിഡിയോ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കംചെയ്യാനും ഉത്തരവിട്ടു. ബെൻഗവിറിന്റെ നെറികേട് സുപ്രീംകോടതിക്കും ബോധ്യപ്പെട്ടു എന്നല്ലേ നാം കരുതുക?
തെറ്റ് അങ്ങനെയല്ല. സുപ്രീംകോടതിയുടെ ഡെപ്യൂട്ടി ചീഫ് ജസ്റ്റിസായ നോം സോൾബെർഗ്, അവിടെ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷൻകൂടിയാണ്. അദ്ദേഹത്തിന്റെ ഉത്തരവ് കോടതിവിധി എന്നനിലയിലുള്ളതല്ല, ഇലക്ഷൻ കമ്മിറ്റി മുഖ്യനെന്ന നിലക്കുള്ളതാണ്.
ബെൻഗവിർ ചെയ്തത് ഇസ്രായേലി സദാചാരമോ നിയമമോ അനുസരിച്ച് തെറ്റായതുകൊണ്ടല്ല അദ്ദേഹത്തെ ശിക്ഷിച്ചത്. മറിച്ച്, ആ വിഡിയോ വോട്ടർമാരെ അവിഹിതമായി സ്വാധീനിക്കാമെന്നതിനാലാണ്. ‘‘ചട്ടവിരുദ്ധമായ തെരഞ്ഞെടുപ്പ് പ്രചാരണ’’മെന്ന നിലക്കാണ് അത് ശിക്ഷാർഹമായത്. ചെയ്തതല്ല തെറ്റ്; അത് പ്രചാരണത്തിനുപയോഗിച്ചതാണ്.
ഞെട്ടിക്കുന്നതാണ് ഇതിലെ ധ്വനി. ബെൻഗവിർ ചെയ്ത ദുഷ്‍കൃത്യം ഇസ്രായേലി വോട്ടർമാരിൽ നല്ല അഭിപ്രായം സൃഷ്ടിക്കാൻ പോന്നതാണ് എന്നാണല്ലോ അതിനർഥം.
അയാൾ ചെയ്തത് ധാർമികമായോ നിയമപരമായോ തെറ്റായതുകൊണ്ടല്ല ശിക്ഷ. മറിച്ച്, അത് വളരെ ‘‘നല്ല’’ കാര്യമായതുകൊണ്ടാണ്. ‘‘പൊതുസ്വത്തുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു’’ എന്ന തെരഞ്ഞെടുപ്പ് ചട്ടലംഘനം വന്നുപോയതു മാത്രമാണ് പ്രശ്നം.
വലിയ കുറ്റം ചെയ്തിട്ടും ഇസ്രായേലിൽ അത് കുറ്റമാകുന്നില്ല എന്നതു മാത്രമല്ല നമ്മെ അത്ഭുതപ്പെടുത്തേണ്ടത്. അതിൽ ലോകമാധ്യമങ്ങൾ അസാധാരണത്വമൊന്നും കണ്ടില്ല എന്നതുകൂടിയാണ്. ഇസ്രായേലിന്റെ കാര്യം വരുമ്പോൾ സാധാരണ ജേണലിസം തത്ത്വങ്ങളെല്ലാം അട്ടത്ത് വെക്കുന്ന രീതി വ്യാപകമാവുകയാണ്.
അക്രമിയോ ഇരയോ?
ഇനി, ചില തലക്കെട്ടുകളും ഇൻട്രോകളും ശ്രദ്ധിക്കുക.
ജൂൺ 9ന്, ‘‘നേർക്കുനേർ ഇറാനും ഇസ്രയേലും’’ എന്ന റിപ്പോർട്ടിൽനിന്ന് (കേരള കൗമുദി):
‘‘സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ, പശ്ചിമേഷ്യയിൽ വീണ്ടും ഇറാൻ-ഇസ്രായേൽ ഏറ്റുമുട്ടൽ... ഏപ്രിൽ 8ന് വെടിനിറുത്തൽ നിലവിൽ വന്നശേഷം ഇരുകൂട്ടരും ആദ്യമായാണ് ഏറ്റുമുട്ടിയത്.
‘‘ഇന്നലെ പുലർച്ചെ ഇറാൻ ആക്രമണം തുടങ്ങി. ഞായറാഴ്ച ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾ ഇസ്രായേൽ തകർത്തതാണ് ഇറാനെ പ്രകോപിപ്പിച്ചത്. ഇറാനിൽനിന്ന് തൊടുത്ത 30ഓളം ബാലിസ്റ്റിക് മിസൈലുകളെ ചെറുത്തതിനു പിന്നാലെ ഇസ്രായേൽ തിരിച്ചടിച്ചു.’’
സമാധാന ശ്രമങ്ങൾക്കിടെ വീണ്ടും സംഘർഷം തുടങ്ങിയതാണ് വിഷയം. സമാധാനത്തിന് ആദ്യം ഭംഗമുണ്ടാക്കിയത് ഇറാനാണെന്ന ആഖ്യാനം അതിൽ ഒളിച്ചുവെച്ചിട്ടുണ്ട്. ‘‘ഇറാൻ ആക്രമണം തുടങ്ങി’’, ‘‘ഇസ്രായേൽ തിരിച്ചടിച്ചു’’ തുടങ്ങിയ പ്രയോഗങ്ങൾ ശ്രദ്ധിക്കുക.
ബൈറൂത്തിനെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുമ്പേ അറിയിച്ചതാണ്. അത് വകവെക്കാതെ ഇസ്രായേൽ ബൈറൂത്തിൽ ബോംബാക്രമണം നടത്തി. അതിന് മറുപടിയായിരുന്നു ഇസ്രായേലിനെതിരായ മിസൈലാക്രമണം. തുടർന്ന് ഇസ്രായേൽ ഇറാനെയും ആക്രമിച്ചു.
ആദ്യം ആക്രമണം നടത്തിയത് ഇസ്രായേലാണ്; തിരിച്ചടിച്ചത് ഇറാനും. പക്ഷേ വാർത്താരചനയിലെ ചൊട്ടുവിദ്യകൾ കാരണം വിപരീതാർഥമാണ് വായനക്കാരിലേക്ക് എത്തുന്നത്.
കൗതുകകരമായ കാര്യം യു.എസ്. പത്രങ്ങളിലെ വിരുദ്ധ ശൈലികളാണ്. ചെറുകിട പത്രങ്ങൾ ശരിയായ ശൈലി പ്രയോഗിച്ചപ്പോൾ മുൻനിര (അന്താരാഷ്ട്ര) പത്രങ്ങൾ ഇസ്രായേലി പക്ഷ ൈശലി സ്വീകരിച്ചു. ജൂൺ 8ലെ ചില തലക്കെട്ടുകൾ: ‘‘ഇസ്രായേൽ ഇറാനെ ആക്രമിച്ചു’’ (പിറ്റ്സ്ബർഗ് പോസ്റ്റ് ഗസറ്റ്), ‘‘സംഘർഷം: ബൈറൂത്തിലെ ഇസ്രായേൽ ആക്രമണങ്ങൾക്ക് ഇറാന്റെ തിരിച്ചടി’’ (ഡോതൻ ഈഗ്ൾ), ‘‘വെടിനിർത്തൽക്കരാർ നിലനിൽക്കെ ഇസ്രായേൽ ബൈറൂത്തിന്റെ ആക്രമിച്ചു’’ (ടെലഗ്രാം-ഗസറ്റ്). ഇതിൽനിന്ന് ഭിന്നമായി, കരുതിക്കൂട്ടി നാരേറ്റിവ് സൃഷ്ടിച്ചപോലെ, മുഖ്യധാരാ മാധ്യമങ്ങളുടെ തലക്കെട്ടുകൾ: ‘‘മിസൈലാക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രായേൽ ഇറാനെ ആക്രമിച്ചു’’ (വാൾസ്ട്രീറ്റ് ജേണൽ); ‘‘ഇറാൻ ഇസ്രായേലിനെ ആക്രമിച്ചു’’ (ന്യൂയോർക് ടൈംസ്); ‘‘മാർച്ചിനുശേഷമുള്ള ആദ്യ ആക്രമണവുമായി ഇറാൻ’’ (ഇസ്രായേലി പത്രമായ ജറൂസലം പോസ്റ്റ്).
ഇത് ഉദാഹരണം മാത്രം. ഇസ്രായേൽ എപ്പോഴും ഇരയാണെന്നും എതിർപക്ഷമാണ് ആക്രമണകാരികളെന്നുമുള്ള വ്യാജ നാരേറ്റിവിന് ബലംനൽകുന്ന അനേകം ഉദാഹരങ്ങളിൽ ഒന്ന്.
കൊലയാളികൾ കൊല്ലപ്പെട്ടാൽ
ഇരയാര് എന്ന് ആദ്യമേ തീരുമാനിക്കുകയും, വാർത്ത അതിനനുസരിച്ച് പരുവപ്പെടുത്തുകയുമാണ് മുഖ്യധാരാ മാധ്യമങ്ങൾ ചെയ്യുന്നത്. അതിന് മറ്റൊരു ഉദാഹരണമാണ് ജൂൺ 18ന് നാല് ഇസ്രായേലി പട്ടാളക്കാർ ഹിസ്ബുല്ലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം. സമാധാന കരാറിനെ ആ ആക്രമണം അട്ടിമറിക്കുന്നു എന്നനിലക്കാണ് യു.എസ് പത്രങ്ങളിലെ റിപ്പോർട്ട്. അനാവശ്യമായ ആക്രമണത്തിനിരയാണ് ഇസ്രായേൽ എന്ന ധാരണ അതുണ്ടാക്കുന്നു.
വാസ്തവത്തിൽ ലബനാനിലെ ഇസ്രായേലി ആക്രമണവും അധിനിവേശവുമാണ് പ്രശ്നത്തിന്റെ കാതൽ. അതിനെ ചെറുക്കുകയാണ് ഹിസ്ബുല്ല ചെയ്യുന്നത്. ജേണലിസ്റ്റ് റയൻ ഗ്രിം ചൂണ്ടിക്കാട്ടിയപോലെ, ‘‘അയൽരാജ്യത്ത് അതിക്രമിച്ചു കടന്നിട്ട്, അവിടെ തങ്ങളുടെ പട്ടാളക്കാർ കൊല്ലപ്പെടുന്നേ എന്ന് വിലപിക്കാൻ ഇസ്രായേലിനേ കഴിയൂ.’’ ആസ്ട്രേലിയൻ മാധ്യമപ്രവർത്തക കെയ്റ്റ്ലിൻ ജോൺസ്റ്റന്റെ വാക്കുകളിൽ: ‘‘ഇസ്രായേലി പക്ഷക്കാർ കരയുന്നത് കേട്ടാൽ തോന്നും ആ നാല് ഇസ്രായേലികൾ വീട്ടിൽ ഉറങ്ങുമ്പോൾ അക്രമികൾ ചെന്ന് കൊന്നതാണെന്ന്. സത്യത്തിൽ, മറ്റൊരു നാട്ടിൽ, സൈനിക ടാങ്കിലിരുന്ന്, അതിക്രമം കാട്ടുമ്പോഴാണ് അവർ കൊല്ലപ്പെട്ടത്.’’
അതേദിവസം ലബനാനിൽ 18 സിവിലിയൻമാർ ഇസ്രായേലി ആക്രമണത്തിൽ മരിച്ചത് മുഖ്യധാരാ മാധ്യമങ്ങൾക്ക് വാർത്തപോലുമായില്ല. 18 എന്ന എണ്ണം മാത്രം റിപ്പോർട്ട് ചെയ്ത പത്രങ്ങൾ, കൊല്ലപ്പെട്ട നാല് ഇസ്രായേലി പട്ടാളക്കാരുടെ പേര് കൃത്യമായി പറഞ്ഞു.
കൊല്ലപ്പെട്ട നാല് പട്ടാളക്കാരിൽ, ഹിന്ദ് റജബ് എന്ന ആറുവയസ്സുകാരി ഫലസ്തീനി ബാലികയെ കൊന്നുകളഞ്ഞ ബറ്റാലിയന്റെ കമാൻഡർ (ദോർ ബെൻ ഷിംഖോൻ) ഉൾപ്പെട്ടിരുന്നു. അക്കാര്യം വാർത്തകളിൽ എടുത്തുപറയാതിരിക്കാനും മുൻനിര മാധ്യമങ്ങൾ ശ്രദ്ധിച്ചു. വാർത്തയിൽ ഉൾപ്പെടുത്തേണ്ടത് എന്ത്, വാർത്ത അവതരിപ്പിക്കേണ്ടത് എങ്ങനെ എന്നതെല്ലാം തീരുമാനിക്കുന്നത് ആരെന്ന സൂചന ഇതിലെല്ലാമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.