‘‘മുസ്‍ലിം ലീഗിന് അഞ്ചാം മന്ത്രി ഇല്ല?... മുസ്‍ലിം ലീഗിന് അഞ്ചിന് പകരം നാല് മന്ത്രിസ്ഥാനം നൽകാൻ കോൺഗ്രസ്.’’ – ന്യൂസ് 18 മേയ് 16ന് പുറത്തുവിട്ട ഓൺലൈൺ വാർത്തയാണിത്. റിപ്പോർട്ടർ ബിഗ് ബ്രേക്കിങ് അന്നേദിവസം പറഞ്ഞതും അതുതന്നെ: ‘‘ലീഗിന് നാല് മന്ത്രിസ്ഥാനം മാത്രം.’’ പക്ഷേ, അന്നത്തെ മനോരമ ന്യൂസിൽ കുറച്ചുകഴിഞ്ഞ് കണ്ടത്: ‘‘അഞ്ചാം മന്ത്രി ഉറപ്പിച്ച് ലീഗ്; ഏഴാമനെ തീരുമാനിച്ച് കോൺഗ്രസ്...’’ ഇതാണ് ശരിയായി പുലർന്നത്.തെരഞ്ഞെടുപ്പ് പ്രചാരണം മുതൽ മന്ത്രിസഭ രൂപവത്കരണം വരെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത അബദ്ധങ്ങൾ –ഊഹങ്ങളും ആഗ്രഹങ്ങളുമടക്കം– നിരവധി. കാര്യങ്ങൾ മാറിമാറിവരുന്ന അന്തരീക്ഷത്തിൽ അത് സ്വാഭാവികമെന്ന്...
‘‘മുസ്‍ലിം ലീഗിന് അഞ്ചാം മന്ത്രി ഇല്ല?... മുസ്‍ലിം ലീഗിന് അഞ്ചിന് പകരം നാല് മന്ത്രിസ്ഥാനം നൽകാൻ കോൺഗ്രസ്.’’ – ന്യൂസ് 18 മേയ് 16ന് പുറത്തുവിട്ട ഓൺലൈൺ വാർത്തയാണിത്. റിപ്പോർട്ടർ ബിഗ് ബ്രേക്കിങ് അന്നേദിവസം പറഞ്ഞതും അതുതന്നെ: ‘‘ലീഗിന് നാല് മന്ത്രിസ്ഥാനം മാത്രം.’’ പക്ഷേ, അന്നത്തെ മനോരമ ന്യൂസിൽ കുറച്ചുകഴിഞ്ഞ് കണ്ടത്: ‘‘അഞ്ചാം മന്ത്രി ഉറപ്പിച്ച് ലീഗ്; ഏഴാമനെ തീരുമാനിച്ച് കോൺഗ്രസ്...’’ ഇതാണ് ശരിയായി പുലർന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം മുതൽ മന്ത്രിസഭ രൂപവത്കരണം വരെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത അബദ്ധങ്ങൾ –ഊഹങ്ങളും ആഗ്രഹങ്ങളുമടക്കം– നിരവധി. കാര്യങ്ങൾ മാറിമാറിവരുന്ന അന്തരീക്ഷത്തിൽ അത് സ്വാഭാവികമെന്ന് കരുതാം. പക്ഷേ, പഴയ ‘‘അഞ്ചാം മന്ത്രി’’ വിവാദം അതേ രൂപത്തിലല്ലെങ്കിലും പൊക്കിക്കൊണ്ടുവരാൻ ചിലർ നടത്തിയ ശ്രമം കരുതിക്കൂട്ടിയായിരുന്നു. വർഗീയ പ്രചാരണത്തെ നോർമലൈസ് ചെയ്യുകയായിരുന്നു അതുവഴി.
ഓൺലൈൻ വാർത്തകൾക്ക് ഈയാംപാറ്റയുടെ ആയുസ്സാണ്. മിനിറ്റുകൾകൊണ്ട് മാറിവരും അവ. അപൂർണ വിവരത്തെ അങ്ങനെത്തന്നെ പറഞ്ഞ് അവതരിപ്പിച്ചാൽ പരിഹരിക്കാവുന്നതേയുള്ളൂ ആ പ്രശ്നം. പക്ഷേ, വാർത്തയെ വിദ്വേഷമുണ്ടാക്കുന്നതരത്തിൽ ഫ്രെയിം ചെയ്യുന്നത് അങ്ങനെയല്ല. കുറച്ചായി കേരളത്തിൽപോലും, ഇടതുപക്ഷ മാധ്യമങ്ങളിൽപോലും, വലതുപക്ഷത്തിന്റെ വർഗീയ ആഖ്യാനങ്ങൾ വർധിച്ചുവരുന്നുണ്ട്.
വി.ഡി. സതീശനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കോൺഗ്രസ് ഹൈകമാൻഡ് നിർദേശിച്ചത് പത്തുപതിനൊന്ന് ദിവസമെടുത്താണ്. മൂന്നു പേരാണ് പരിഗണനയിലുണ്ടായിരുന്നത്. എം.എൽ.എമാരിൽ കൂടുതൽ പേർ നിയമസഭാ നേതൃസ്ഥാനത്തേക്ക് പിന്താങ്ങിയത്, എം.എൽ.എ അല്ലാത്ത കെ.സി. വേണുഗോപാലിനെയാണെന്ന് റിപ്പോർട്ടുകൾ വന്നു. അതേസമയം, വി.ഡി. സതീശനുവേണ്ടി പാർട്ടി പ്രവർത്തകർ മുതൽ പൊതുസമൂഹത്തിലുള്ള ഗണ്യമായ വിഭാഗം വരെ രംഗത്തെത്തി. യു.ഡി.എഫ് ഘടകകക്ഷികളിൽ മുസ്‍ലിം ലീഗും ജോസഫ് കേരള കോൺഗ്രസുമടക്കം പലരും സതീശനെ അനുകൂലിച്ചു.
ഒടുവിൽ സതീശനെത്തന്നെ കോൺഗ്രസ് നേതൃത്വം നിശ്ചയിച്ചപ്പോൾ സി.പി.എം മുഖപത്രമായ ദേശാഭിമാനിയും സി.പി.ഐയുടെ ജനയുഗവും അത് ഫ്രെയിം ചെയ്തത് ‘‘മുസ്‍ലിം ലീഗിന്റെ പദ്ധതി’’ വിജയിച്ചു എന്ന മട്ടിലാണ്. അതേ ‘‘പദ്ധതി’’ മുന്നോട്ടുവെച്ച കേരള കോൺഗ്രസിനെയോ പൊതുജനാഭിപ്രായത്തെയോ ആ ഫ്രെയിമിൽ ചേർക്കാതിരുന്നത് നിഷ്‍കളങ്കമല്ല. മുസ്‍ലിം ലീഗിനെ ഒറ്റപ്പെടുത്തി ആരോപണമെയ്യുക, അതുവഴി മുസ്‍ലിം സമുദായം അനർഹമായത് നേടുന്നതായുള്ള സംഘ്പരിവാർ പക്ഷ നാരേറ്റിവ് ഏറ്റുപിടിക്കുക –ഇതാണ് നടന്നത്.
വർഗീയ ആഖ്യാനം ദേശാഭിമാനി സ്ഥിരം ടെംപ്ലേറ്റ് തന്നെ ആക്കിയ മട്ടാണ്. ഇപ്പോൾ, വി.ഡി. സതീശനെ കോൺഗ്രസ് തീരുമാനിച്ചതിന്റെ വാർത്ത അടക്കം:
‘‘ഹൈക്കമാൻഡിന്റെ അവസാന ശ്രമവും തള്ളി ലീഗിന്റെ കമാൻഡ്’’ എന്ന് തലക്കെട്ട് (മേയ് 15).
വാർത്തയിൽനിന്ന്: ‘‘...സതീശനെ മുന്നിൽനിർത്തി മുസ്‍ലിം ലീഗ് നടത്തിയ ഒളിപ്പോരിനെതിരെ വ്യാപകവിമർശനം. ഈ സമ്മർദത്തിന് ഹൈക്കമാൻഡ് വഴങ്ങിയത് ലീഗിന്റെ വിലപേശൽ ശേഷി കൂട്ടുമെന്നും അത് കേരളത്തിൽ സാമുദായിക ധ്രുവീകരണത്തിന് വഴിവെക്കുമെന്നും കോൺഗ്രസിൽ അഭിപ്രായമുയർന്നു.’’
അഭിപ്രായം വാസ്തവത്തിൽ മുസ്‍ലിംകളെ കാട്ടി സമൂഹത്തെ പേടിപ്പിക്കുന്ന വലതു വർഗീയ പക്ഷത്തിന്റേതാണ്. ദേശാഭിമാനി അങ്ങോട്ട് ചാഞ്ഞുതുടങ്ങിയിട്ട് കുറച്ചായെന്നു മാത്രം. വാർത്തയിലെ ‘‘കുറ്റാരോപണം’’ തുടരുന്നു: ‘‘...ഒത്തുതീർപ്പ് എന്ന നിലയിൽ രമേശ് ചെന്നിത്തലയെ പരിഗണിച്ചുകൂടേ എന്ന ഹൈക്കമാൻഡ് ചോദ്യത്തിനു മുന്നിലും ലീഗ് ‘നോ’ പറഞ്ഞു...’’
‘‘െഹെകമാൻഡ് ലീഗിനോട് വിധേയപ്പെടുന്ന’’ ആ ചിത്രം സംഘ് പരിവാർ മുമ്പേ വരച്ചുവെച്ചതാണ്. ‘‘...ലീഗ് സമ്മർദത്തിൽനിന്ന് കരകയറാൻ ഹൈക്കമാൻഡ് നടത്തിയ എല്ലാ ശ്രമവും അടപടലം പാളുകയായിരുന്നു’’വത്രെ. ഇത്തരം ഫ്രെയിമിങ് വർഗീയപക്ഷത്തെയാണ് സഹായിക്കുക എന്നറിയാഞ്ഞിട്ടല്ല. വാർത്ത തുടരുന്നു: ‘‘മതനിരപേക്ഷ പാരമ്പര്യമുള്ള കേരളത്തിന്റെ മണ്ണിൽ വിഭാഗീയ ചിന്തകൾക്ക് വേരോട്ടമുണ്ടാക്കാൻ കോൺഗ്രസ് കീഴടങ്ങൽ സഹായകമാകുമെന്നാണ് പൊതുചർച്ച...’’ എന്തിനുവേണ്ടി ഈ ‘‘കീഴടങ്ങൽ’’ ആഖ്യാനം എന്നതിന് ഇതിലും വ്യക്തമായി മറുപടി പറയാനാകില്ല.
അപരവത്കരണത്തിന്റേതായ ഈ ആഖ്യാനമാണ് വിഭാഗീയ ചിന്തക്ക് ‘‘വേരോട്ടമുണ്ടാക്കുന്ന’’തെന്നറിഞ്ഞിട്ടും ദേശാഭിമാനി അത് തുടരുന്നു. എസ്.എഫ്.ഐ നേതാവ് ശിവപ്രസാദടക്കം പല പാർട്ടി പ്രമുഖർക്കും ബോധ്യപ്പെട്ട വസ്തുത ഡെസ്കിലിരിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്നില്ലെന്നോ?
വലതുപക്ഷ ആഖ്യാനം മറ്റ് ‘‘ഇടതുപക്ഷ’’ മാധ്യമങ്ങളിലും വ്യാപിക്കുന്നുണ്ടെന്നും ആശങ്കിക്കണം. കെ.എ. ഷാജി ഒരു സമൂഹമാധ്യമക്കുറിപ്പിൽ, ദ ഹിന്ദുപോലും അങ്ങോട്ടുചായുന്നതിനെച്ചൊല്ലി തന്റെ അസ്വസ്ഥത പങ്കുവെക്കുന്നുണ്ട്. സംഗ്രഹം:
ആദ്യം വന്നു ഒരു എഡിറ്റോറിയൽ– മുഖ്യമന്ത്രി ആരാകണമെന്നതിനെപ്പറ്റി പാർട്ടിയുടെ അഭിപ്രായം പരസ്യപ്പെടുത്തിയതിന് ലീഗിനെ വിമർശിച്ചുകൊണ്ടുള്ളത്. മുന്നണിയിലെ ഏറ്റവും വലിയ ഘടകകക്ഷി മറ്റു ഘടകകക്ഷികളെപ്പോലെ, പ്രതിപക്ഷ കക്ഷികളെപ്പോലെ, പൊതുസമൂഹത്തിലുള്ളവരെപ്പോലെ, സ്വന്തം അഭിപ്രായം പറയുന്നതിൽ ആക്ഷേപാർഹമായി എന്താണുള്ളത്? ലീഗാകട്ടെ, സതീശൻ കേരള സമൂഹത്തിൽ ആർജിച്ച സ്വീകാര്യത പ്രതിഫലിപ്പിക്കുകയേ ചെയ്തുള്ളൂതാനും.
ഷാജി തുടരുന്നു: പിന്നാലെ വന്നു പത്രത്തിന്റെ ഡൽഹി റെസിഡന്റ് എഡിറ്ററുടെ (വർഗീസ് കെ. ജോർജ്) വക ‘‘രാഷ്ട്രീയ വിശകലന’’മെന്ന പേരിൽ ഒന്ന്. മാന്യമായ ഭാഷയിൽ അത് പൊതിഞ്ഞുവെച്ചതോ, സതീശൻ ന്യൂനപക്ഷങ്ങളിൽ, പ്രത്യേകിച്ച് മുസ്‍ലിംകളിൽ, നേടിയിട്ടുള്ള ജനപ്രീതി അസ്വാഭാവികമായ എന്തോ ആണെന്ന ദുസ്സൂചനയും. മുസ്‍ലിംകൾ അഭിപ്രായം പറയുന്നത് ആപത്കരവും ജനാധിപത്യത്തിന് ബാഹ്യവുമാണെന്ന ആഖ്യാനമാണ് ലേഖനം വ്യംഗ്യമായി മുന്നോട്ടുവെക്കുന്നത്.
കൃത്യമാണ് ഷാജിയുടെ നിരീക്ഷണം. മുസ്‍ലിംകൾക്കോ മുസ്‍ലിം കൂട്ടായ്മകൾക്കോ രാഷ്ട്രീയ നിലപാടെടുക്കാനും പരസ്യപ്പെടുത്താനും പാടില്ലെന്ന സമീപനം ഹിന്ദു പോലും സ്വാംശീകരിച്ചുകഴിഞ്ഞോ? ദേശാഭിമാനിയും ഹിന്ദുവും ഇങ്ങനെ വലതുപക്ഷ ആഖ്യാനങ്ങൾ ഏറ്റുപിടിച്ച് നോർമലൈസ് ചെയ്യുമ്പോൾ ഭയക്കണം. അന്തിമമായി അവർ സ്വയം റദ്ദുചെയ്യുകയാണ്.
ഒടുവിൽ ന്യൂയോർക് ടൈംസും...
നിഷ്പക്ഷതയുടെ കുപ്പായമണിഞ്ഞ് ഇസ്രായേലിനു വേണ്ടി പണിയെടുക്കുന്ന പടിഞ്ഞാറൻ മാധ്യമങ്ങളിലാണ് ന്യൂയോർക് ടൈംസിന്റെയും സ്ഥാനം. പക്ഷേ, ഇപ്പോളിതാ ഇസ്രായേൽ അതിനെ മാനനഷ്ടക്കേസ് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു.
മേയ് 11ന് ടൈംസ് പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോർട്ടാണ് പ്രശ്നം. പുലിറ്റ്സർ ജേതാവായ നികളസ് ക്രിസ്റ്റോഫ് തയാറാക്കിയതാണ് ‘ഫലസ്തീൻകാർ ഭേദ്യംചെയ്യപ്പെടുമ്പോഴത്തെ മൗനം’ (The Silence That Meets the Rape of Palestinians) എന്ന റിപ്പോർട്ട്. ഇസ്രായേലി തടവിലുള്ള സ്ത്രീകളും പുരുഷൻമാരുമടങ്ങുന്ന ഫലസ്തീൻകാരെ പട്ടാളക്കാരും പാറാവുകാരും കുടിയേറ്റക്കാരും മറ്റും അതിക്രൂരമായി റേപ്പ് ചെയ്യുന്നതിന്റെ അനിഷേധ്യ തെളിവുകളാണ് അതിലുള്ളത്.
പ്രതിരോധമെന്നോണം മേയ് 12ന് ഇസ്രായേൽ ‘‘ഒക്ടോബർ 7ന് ഹമാസ് ചെയ്ത കുറ്റങ്ങളെ’’പ്പറ്റി ഒരു ‘‘അന്വേഷണ കമീഷൻ’’ റിപ്പോർട്ട് പുറത്തുവിട്ടു. മുമ്പ് ഉന്നയിച്ചതും തെറ്റെന്ന് തെളിയിക്കപ്പെട്ടതുമായ വ്യാജ ആരോപണങ്ങളാണ് അതിലുള്ളത്. കള്ള റിപ്പോർട്ടുകളുടെ പേരിൽ പഴികേട്ടിട്ടുള്ള കൊച്ചാവ് എൽക്കയം–ലെവി എന്ന ലേഖികയാണ് അത് തയാറാക്കിയത്. സി.എൻ.എൻ ഉടനെ അത് വാങ്ങി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അര ഡസനോളം വസ്തുതാപരിശോധകർ തള്ളിക്കളഞ്ഞ, തെളിവില്ലാത്ത ആരോപണങ്ങൾ മാത്രമാണ് ‘‘പുതിയ’’ റിപ്പോർട്ടിലുള്ളത്.
സി.എൻ.എൻ ഇസ്രായേലിനുവേണ്ടി രംഗത്തിറങ്ങിയതിൽ അത്ഭുതമില്ല. അത്ഭുതം, ന്യൂയോർക് ടൈംസ് ഇസ്രായേൽ വിരുദ്ധ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയതാണ്. ഹമാസിനെതിരായ വ്യാജ ‘‘അന്വേഷണ’’ റിപ്പോർട്ട് (Screams Without Words) പ്രസിദ്ധപ്പെടുത്തിയതിന്റെ കളങ്കം മായ്ക്കാനാണോ ഇത്?
അപ്പോഴും ടൈംസ് ഒരു പണിചെയ്തു. മുമ്പ് ‘Screams’ എന്ന വ്യാജത്തെ ‘‘അന്വേഷണാത്മക റിപ്പോർട്ടാ’’ക്കി അവതരിപ്പിച്ച അവർ, നിഷ്‍കൃഷ്ടമായ അന്വേഷണത്തിലൂടെ, തെളിവുസഹിതം ക്രിസ്റ്റോഫ് തയാറാക്കിയ സമഗ്ര റിപ്പോർട്ടിന് Investigative Report എന്ന സ്ഥാനമല്ല, ‘‘വീക്ഷണം’’ (Opinion) എന്ന സ്ഥാനമാണ് നൽകിയിരിക്കുന്നത്. വ്യാജത്തെ വസ്തുതയാക്കിയ വ്യാജ യുക്തി, ഇപ്പോൾ വസ്തുതയെ വെറും അഭിപ്രായമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.