മാധ്യമപ്പേടിയും പ്രതിഛായയും

വേദി ഒന്ന്: നെതർലൻഡ്സ് തലസ്ഥാനമായ ഹേഗ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനത്തിനെത്തിയിരിക്കുന്നു. ഡച്ച് പ്രധാനമന്ത്രി റോപ്പ് യെട്ടന്റെ വസതിയിൽ അദ്ദേഹം വിരുന്നിനെത്തേണ്ട സമയമാകുന്നു. അതിന് പ്രാരംഭമായി, ഡച്ച് മാധ്യമപ്രവർത്തകർ അവിടെ എത്തിയിട്ടുണ്ട്. മോദി എത്തുന്നതിനു മുമ്പുള്ള സംസാരത്തിൽ, മാധ്യമ പ്രവർത്തകർ ഇന്ത്യയുമായുള്ള നെതർലൻഡ്സിന്റെ ബന്ധത്തെപ്പറ്റി യെട്ടനോട് ചോദിച്ചു. പത്രങ്ങൾ ചോദിക്കുന്നതും അവരോട് ഉള്ളുതുറന്ന് സംസാരിക്കുന്നതും ആ നാട് ശീലിച്ചതാണ്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി യെട്ടൻ പറഞ്ഞു: നെതർലൻഡ്സിനും യൂറോപ്യൻ യൂനിയനും ഇന്ത്യയിൽ നടക്കുന്ന ചില കാര്യങ്ങളിൽ...

വേദി ഒന്ന്: നെതർലൻഡ്സ് തലസ്ഥാനമായ ഹേഗ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനത്തിനെത്തിയിരിക്കുന്നു. ഡച്ച് പ്രധാനമന്ത്രി റോപ്പ് യെട്ടന്റെ വസതിയിൽ അദ്ദേഹം വിരുന്നിനെത്തേണ്ട സമയമാകുന്നു.

അതിന് പ്രാരംഭമായി, ഡച്ച് മാധ്യമപ്രവർത്തകർ അവിടെ എത്തിയിട്ടുണ്ട്. മോദി എത്തുന്നതിനു മുമ്പുള്ള സംസാരത്തിൽ, മാധ്യമ പ്രവർത്തകർ ഇന്ത്യയുമായുള്ള നെതർലൻഡ്സിന്റെ ബന്ധത്തെപ്പറ്റി യെട്ടനോട് ചോദിച്ചു.

പത്രങ്ങൾ ചോദിക്കുന്നതും അവരോട് ഉള്ളുതുറന്ന് സംസാരിക്കുന്നതും ആ നാട് ശീലിച്ചതാണ്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി യെട്ടൻ പറഞ്ഞു: നെതർലൻഡ്സിനും യൂറോപ്യൻ യൂനിയനും ഇന്ത്യയിൽ നടക്കുന്ന ചില കാര്യങ്ങളിൽ ആശങ്കയുണ്ട്. മാധ്യമ സ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നിവയുടെ കാര്യത്തിലാണ് ഉത്കണ്ഠയുള്ളത്.

​മോദി എത്തി. അദ്ദേഹത്തിനു പകരം ഇന്ത്യൻ ഉദ്യോഗസ്ഥസംഘം മാധ്യമങ്ങളുമായി സംവദിക്കാൻ തയാറായി ഇരുന്നു. ആദ്യംതന്നെ അശ്വന്ത് നന്ദ്റാം എന്ന റിപ്പോർട്ടറുടെ രണ്ട് ചോദ്യങ്ങൾ:

ഒന്ന്– സാധാരണ ഇത്തരം സന്ദർശനവേളകളിൽ ഇരു പ്രധാനമന്ത്രിമാരുമാണ് മാധ്യമങ്ങളെ കാണാറ്. എന്തിനാണത് മാറ്റിയത്?

രണ്ട്– ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങൾ എന്നിവയെപ്പറ്റി ഉത്കണ്ഠയുണ്ടെന്ന് ഞങ്ങളുടെ പ്രധാനമന്ത്രി പറഞ്ഞു. പ്രതികരണം?

മറുപടി പറഞ്ഞ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ്, ആദ്യമേ ചോദ്യകർത്താവിനെ വിമർശിച്ചു. ‘‘ചോദിച്ചയാൾക്ക് വിവരമില്ലാത്തതുകൊണ്ടാണ്’’ ഇങ്ങനെ ചോദിച്ചതത്രെ. ‘‘140 കോടി ജനങ്ങളുള്ള നാടാണിന്ത്യ. 90 കോടി സ്മാർട്ട് ഫോണുണ്ട്. ന്യൂനപക്ഷങ്ങളുടെ അനുപാതം സ്വാതന്ത്ര്യത്തിനുശേഷം വർധിച്ചിട്ടുണ്ട്. 5000 വർഷത്തെ ബഹുസ്വരതയുടെ ചരിത്രമാണ് ഇന്ത്യയുടേത്...’’

ഇത്രയുമായപ്പോൾ മറ്റൊരു റിപ്പോർട്ടറായ മെറൽ തീയ പറഞ്ഞു: ‘‘ഇന്ത്യയെപ്പറ്റിയുള്ള ചോദ്യം ഞങ്ങളുടെ പ്രധാനമന്ത്രി തന്ന വിവരം വെച്ചാണ്. അദ്ദേഹത്തിന് വിവരമില്ലെന്നാണോ?’’

സിബി ജോർജ് ഒഴിഞ്ഞുമാറി: ‘‘ഇന്ത്യയെപ്പറ്റി കൂടുതൽ മനസ്സിലാക്കണമെന്നേ പറഞ്ഞുള്ളൂ.’’

തീയ വിട്ടില്ല: ‘‘ഞങ്ങളുടെ പ്രധാനമന്ത്രി കൂടുതൽ മനസ്സിലാക്കണമെന്ന്, അല്ലേ?’’

വേദി രണ്ട്: നോർവേ തലസ്ഥാനമായ ഓസ്​ലോ. രാഷ്ട്രനേതാക്കൾ വരുമ്പോഴെല്ലാം മാധ്യമങ്ങളുടെ ചോദ്യങ്ങൾ നേരിടുന്ന വഴക്കം ഇവിടെയും ശക്തം. പ്രധാനമന്ത്രി യോനസ് ഗാർസ്തോയുമൊത്ത് മോദി വേദിയിലെത്തി. പ്രസ്താവന മാത്രം. തിടുക്കത്തിൽ വേദി വിടുന്ന മോദിയോട് മാധ്യമപ്രവർത്തക ഹെലെ ലിങ് ഉറക്കെ വിളിച്ചുചോദിക്കുന്നു, ഏറ്റവും കൂടുതൽ മാധ്യമസ്വാതന്ത്ര്യമുള്ള നാട്ടിൽ വന്ന് ചോദ്യങ്ങൾക്ക് മറുപടി തരാത്തതെന്ത്? മോദി ഒന്നും മിണ്ടാതെ അരങ്ങ് വിടുന്നു.

ലിങ്, പക്ഷേ വിട്ടില്ല. അവർ ‘എക്സി’ൽ എഴുതി: ‘‘മോദി എന്റെ ചോദ്യത്തിന് മറുപടി തന്നില്ല.’’ അവിടംകൊണ്ടും നിർത്താതെ, ഒരു കൊട്ടുകൂടി: ‘‘ഞാൻ മറുപടി പ്രതീക്ഷിച്ചുമില്ല.’’

പരിക്ക് പരിഹരിക്കുന്ന ജോലി ബ്യൂറോക്രാറ്റുകൾക്കാണല്ലേ. സിബി ജോർജ് വാർത്താസമ്മേളനം വിളിച്ചു; ലിങ്ങിനെയും ക്ഷണിച്ചു. ലിങ്ങിന്റെ ആദ്യ പ്രതികരണം ‘എക്സി’ൽ തന്നെ: ‘‘എനിക്ക് മോദിയോട് ചോദ്യം ചോദിക്കാനാകുമോ?’’ എന്ന്.

വാർത്താസമ്മേളനത്തിൽ, മനുഷ്യാവകാശ ലംഘനങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യയെ എങ്ങനെ വിശ്വസിക്കും എന്ന് ലിങ്ങിന്റെ ചോദ്യം. മറുപടി, ഇന്ത്യക്ക് പ്രാചീന സംസ്കാരമുണ്ട്, ഭരണഘടനയുണ്ട്, സ്ത്രീകൾക്ക് വോട്ടവകാശമുണ്ട്, പരാതിയുള്ളവർക്ക് സമീപിക്കാൻ കോടതി ഉണ്ടെന്നും മറ്റും. കോവിഡ്കാല സേവനങ്ങളെപ്പറ്റി, യോഗയെപ്പറ്റി...

മോദിയുടെ മൗനംപോലെ, സെക്രട്ടറിയുടെ ദീർഘഭാഷണവും ഇന്ത്യയുടെ യശസ്സ് ഉയർത്തുകയല്ല ചെയ്തത്. മറ്റൊന്നുകൂടി: മോദിയെ മാധ്യമങ്ങളിൽനിന്ന് ‘‘രക്ഷപ്പെടുത്തി’’ കൊണ്ടുപോയ പ്രധാനമന്ത്രി ​സ്തോറ, മടങ്ങിവന്ന് മാധ്യമങ്ങളുമായി സംവദിച്ചു. നെതർലൻഡ്സിലും നോർവേയിലും പതിവ് തെറ്റിച്ച് മോദിയുടെ വാർത്താസമ്മേളനം ഒഴിവാക്കിയത് ഇന്ത്യയുടെ മുൻകൂർ ആവശ്യമനുസരിച്ചാണെന്ന് ഇതിൽനിന്ന് അനുമാനിക്കാം.

ഹെലെ ലിങ്ങിന്റെ ‘എക്സ്’ കുറിപ്പുകൾ അതിനിടെ ഹിറ്റായിക്കഴിഞ്ഞിരുന്നു. 800 അനുഗാമികൾ (ഫോളോവേഴ്സ്) മാത്രമുണ്ടായിരുന്ന അവർക്ക് രണ്ടുദിവസംകൊണ്ട് അത് 99,000ൽ കൂടുതലായി.

ഇന്ത്യയിൽ മോദിഭക്തർ പ്രകോപിതരായി. മുമ്പ് യു.എസിൽ പ്രസിഡന്റ് ബൈഡനൊപ്പം മാധ്യമങ്ങളെ മോദി നേരിട്ടപ്പോൾ വാൾസ്ട്രീറ്റ് ജേണലിലെ സബ്രീന സിദ്ദീഖി, ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി ചോദിച്ചു. അതിന് നേർക്കുനേരെ മറുപടി പറയാൻ മോദിക്ക് കഴിഞ്ഞില്ല. അന്ന് സബ്രീനക്കെതിരെ തിരിഞ്ഞ ബി.ജെ.പി ട്രോളുകളുടെ ഓൺലൈൻ വിദ്വേഷ പ്രകടനം ഇത്തവണ ഹെലെ ലിങ്ങിനെതിരെയും കണ്ടു.

മാധ്യമങ്ങളെ നേരിടാൻ ധൈര്യമില്ലാത്ത പ്രധാനമന്ത്രി, ചോദ്യമുന്നയിക്കുന്നവരെ കടന്നാക്രമിക്കുന്ന ഐ.ടി സെൽ, പോരായ്മ നികത്താൻ കഴിവില്ലാത്ത ബ്യൂറോക്രസി– എല്ലാം ചേർന്ന് ഇന്ത്യക്ക് വിദേശങ്ങളിൽ നല്ല ‘‘പേര്’’ സമ്പാദിച്ചുതന്നിരിക്കുന്നു.

വംശീയ കാർട്ടൂൺ

മാധ്യമസ്വാതന്ത്ര്യം വേണ്ടതുതന്നെ. പക്ഷേ, ആ സ്വാതന്ത്ര്യം ഉപയോഗിക്കുന്നിടത്ത് സൂക്ഷ്മത വേണമെന്ന പാഠവും നോർവേയിൽനിന്ന്. മാധ്യമസ്വാതന്ത്ര്യ സൂചികയിൽ നോർവീജിയൻ മാധ്യമങ്ങൾ വർഷങ്ങളായി ഒന്നാംസ്ഥാനത്താണ്. സ്വാതന്ത്ര്യം അളക്കുന്ന മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത ഒരു ‘‘യോഗ്യത’’ കൂടി അവക്കുണ്ട്. വംശീയതയാണത്. വെള്ളക്കാരല്ലാത്തവരെ അപരിഷ്‍കൃതരായി, ഇന്ത്യക്കാരെ പാമ്പാട്ടികളായി കാണുന്ന കൊളോണിയൽ മനസ്സ്.

മോദി ഓസ്​ലോയിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് ഏറ്റവും പഴക്കവും പ്രചാരവുമുള്ള നോർവീജിയൻ പത്രം (ആഫ്റ്റൻ പോസ്റ്റൻ) ഒരു വിശകലന ലേഖനത്തോടൊപ്പം മോദിയുടെ കാർട്ടൂൺ പ്രസിദ്ധപ്പെടുത്തിയത്. മോദിയെ പാമ്പാട്ടിയായി അതിൽ ചിത്രീകരിച്ചു. തലക്കെട്ട്: ‘‘വിരുതനും അൽപസ്വൽപം ശല്യക്കാരനുമായ ഒരാൾ.’’

പാമ്പാട്ടി എന്ന ചിത്രീകരണത്തിലെ ‘ഓറിയന്റലിസ്റ്റ്’ വാർപ്പ് വളരെ വ്യക്തം. വിമർശനമല്ല, മര്യാദകേട്. പടിഞ്ഞാറൻ മാധ്യമങ്ങളിൽ ഇത്തരം വംശീയ ‘ട്രോപ്പു’കൾ ഇടക്ക് തികട്ടിവരാറുണ്ട്. 2014ൽ ഇന്ത്യയുടെ ചൊവ്വാദൗത്യത്തിന്റെ വാർത്തക്കൊപ്പം ന്യൂയോർക് ടൈംസ് ചേർത്ത കാർട്ടൂൺ അത്തരമൊന്നായിരുന്നു. ‘‘വരേണ്യ സ്​പേസ് ക്ലബ്’’ എന്ന് അടയാളപ്പെടുത്തിയ മുറിയിൽ, ​ചൊവ്വയിലേക്ക് മുമ്പ് വാഹനങ്ങളയച്ച (പാശ്ചാത്യ) മേലാളന്മാർ ഇരിക്കുന്നു. അവിടേക്ക് പശുവിനെയും കൂട്ടിക്കൊണ്ട് ഇന്ത്യക്കാരനെത്തി വാതിലിൽ മുട്ടുന്നു. വെറും ഗോപാലകരായ ഇന്ത്യക്കാരും സ്​പേസ് ക്ലബിൽ മുട്ടാൻ തുടങ്ങി എന്ന് വ്യംഗ്യാർഥം.

മോദി പത്രക്കാരെ കാണുകയും ഇത്തരം വംശീയ കാർട്ടൂണുകളെ അവിടെവെച്ചുതന്നെ തുറന്നുകാട്ടുകയും ചെയ്തിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു!

കൂറപ്പാർട്ടിയുടെ ഡിജിറ്റൽ സംഘാടനം

ജനങ്ങൾ–പ്രത്യേകിച്ച് യുവജനങ്ങൾ–കടുത്ത അസംതൃപ്തിയിലാണ്. എന്നാൽ, അത് പ്രകടിപ്പിക്കാൻ അവർക്ക് അവസരമില്ല. ആ ഘട്ടത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ‘‘പാറ്റ’’ (കൂറ) പ്രയോഗത്തിലൂടെ ആ അസംതൃപ്തിയുടെ വെടിമരുന്നിലേക്കൊരു കനൽ എടുത്തിടുന്നു. പിന്നെ കണ്ടത്, രോഷം പ്രകടിപ്പിക്കാൻ വഴികണ്ട ആവേശത്തിൽ ‘ജെൻ സീ’ ഡിജിറ്റൽ ആരവത്തോടെ പൊട്ടിത്തെറിക്കുന്നതാണ്. കോക്രോച്ച് ജനത പാർട്ടി പിറക്കുന്നു.

നെടുങ്കൻ ലേഖനങ്ങൾക്ക് കഴിയാത്തത് ഏതാനും ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് കഴിയുന്നു. സി.ജെ.പിക്ക് കോടിക്കണക്കിന് ഫോളോവേഴ്സ് ഉണ്ടാകുന്നു.

ജനങ്ങളുമായി സംവദിക്കുന്ന മാധ്യമം ഏത് എന്ന ചോദ്യമുയർത്തുന്നതാണ് ഇത്തരം സംഭവങ്ങൾ.

വ്യാപ്തിയിലും സ്വഭാവത്തിലും ഒരുപോലെയല്ലെങ്കിലും, സന്ദേശവിനിമയത്തിൽ ഇതേ ഫലപ്രാപ്തിയുണ്ടാക്കിയ ഒന്നാണ് ഇറാനിൽനിന്നിറങ്ങുന്ന ‘ലെഗോ’ വിഡിയോകൾ.

യു.എസിനെയും ഡോണൾഡ് ട്രംപിനെയും കളിയാക്കുന്ന ഹ്രസ്വവിഡിയോകൾ അതിവേഗം ലോകമെങ്ങും പ്രചരിച്ചു. ഇറാന്റെ വാദങ്ങൾ ശക്തമായി പ്രസരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. നിർമിതബുദ്ധി ഉപയോഗിച്ചുകൊണ്ട് കൃത്യമായ വാദമുഖങ്ങൾ മ​ുന്നോട്ടുവെക്കുന്ന അവയുടെ മാതൃക സി.ജെ.പി സംഘാടനത്തിലും ചിലർ സ്വീകരിച്ചിട്ടുണ്ട്.

ആക്ഷേപഹാസ്യത്തിലൂടെ, ഗൗരവമുള്ള വിഷയങ്ങൾ ആകർഷകമായി ജനശ്രദ്ധയിൽപെടുത്തുന്ന എഡിറ്റോറിയൽ കാർട്ടൂണുകളുടെ ഡിജിറ്റൽ രൂപമാകാം ഇപ്പോൾ നാം കാണുന്നത്. കരുത്തോടെ രാഷ്ട്രീയം പറയാൻ പറ്റുന്ന മാധ്യമമാണ് ആക്ഷേപഹാസ്യം –പുതിയ ഡിജിറ്റൽ രൂപത്തിലും.

ഇതിൽ അസൂയാർഹമല്ലാത്ത പങ്കുവഹിച്ചതിന്റെ ‘‘ബഹുമതി’’ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നൽകാം.

Tags:    
News Summary - A Critique of Press Freedom, Western Media Bias, and Digital Satire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.