‘‘ആഗോളാരവം’’, ‘‘ആവേശം, ആഗോളം’’, ‘‘ഗോൾഡൺ ഡേയ്സ്’’ എന്നിങ്ങനെ ഫിഫ ലോകകപ്പ് ടൂർണമെന്‍റിന് പലതരത്തിൽ പേരിട്ട് പേജുകണക്കിന് ഫുട്ബാൾ വിശേഷങ്ങൾ വിസ്തരിക്കുന്നു മലയാള പത്രങ്ങൾ. പത്രപ്പേജുകളിൽ ഇത്രയേറെ വിശദ റിപ്പോർട്ടുകൾ മറ്റേതെങ്കിലും നാട്ടിലുണ്ടോ എന്ന് സംശയം. കളിയെഴുത്തിൽ മലയാള മാധ്യമങ്ങൾ മറ്റു പല നാട്ടുകാരേക്കാളും മുന്നിൽ തന്നെ. ഫോട്ടോകൾ, കളിക്കളത്തിന് പുറത്തെ അന്തരീക്ഷം, വ്യക്തി വിശേഷങ്ങൾ എന്നിവ ചേർക്കാനുള്ള ആവേശത്തിനൊപ്പം മറ്റൊരു രംഗത്തും മലയാള പത്രങ്ങൾ തമ്മിൽ മത്സരം കാണാം. കൗതുകകരമായ തലക്കെട്ടുകളിലാണ് ആ മത്സരം. വളരെ ഗൗരവപ്പെട്ട വിഷയങ്ങൾ പോലും തലക്കെട്ടുകൊണ്ട്...
‘‘ആഗോളാരവം’’, ‘‘ആവേശം, ആഗോളം’’, ‘‘ഗോൾഡൺ ഡേയ്സ്’’ എന്നിങ്ങനെ ഫിഫ ലോകകപ്പ് ടൂർണമെന്‍റിന് പലതരത്തിൽ പേരിട്ട് പേജുകണക്കിന് ഫുട്ബാൾ വിശേഷങ്ങൾ വിസ്തരിക്കുന്നു മലയാള പത്രങ്ങൾ. പത്രപ്പേജുകളിൽ ഇത്രയേറെ വിശദ റിപ്പോർട്ടുകൾ മറ്റേതെങ്കിലും നാട്ടിലുണ്ടോ എന്ന് സംശയം. കളിയെഴുത്തിൽ മലയാള മാധ്യമങ്ങൾ മറ്റു പല നാട്ടുകാരേക്കാളും മുന്നിൽ തന്നെ.
ഫോട്ടോകൾ, കളിക്കളത്തിന് പുറത്തെ അന്തരീക്ഷം, വ്യക്തി വിശേഷങ്ങൾ എന്നിവ ചേർക്കാനുള്ള ആവേശത്തിനൊപ്പം മറ്റൊരു രംഗത്തും മലയാള പത്രങ്ങൾ തമ്മിൽ മത്സരം കാണാം. കൗതുകകരമായ തലക്കെട്ടുകളിലാണ് ആ മത്സരം.
വളരെ ഗൗരവപ്പെട്ട വിഷയങ്ങൾ പോലും തലക്കെട്ടുകൊണ്ട് കുട്ടിക്കളിയാക്കുന്ന തലക്കെട്ട് വിരുതിനോട് യോജിക്കാൻ വയ്യ. പക്ഷേ, കളിയെഴുത്തിലാകുമ്പോൾ അത് നന്നായി ചേരുന്നു. തലക്കെട്ടുകൾക്ക് മുഴുപ്പും ചാരുതയും നൽകാൻ പാകത്തിൽ ഇടക്ക് രാഷ്ട്രീയം, ഇടക്ക് സിനിമ, പിന്നെ പാചകമടക്കമുള്ള ചേരുവകളും.
ടീമുകളുടെയും രാജ്യങ്ങളുടെയും പേരുകൾകൊണ്ടുള്ള കളിയാണ് പൊതുവെ സ്പോർട്സ് ഡെസ്കുകൾ അന്വേഷിക്കുന്നത്. ‘‘വെറുതെയല്ല വെർദേ’’ മിക്ക പത്രങ്ങളും വിവിധരൂപങ്ങളിൽ ഉപയോഗിച്ചു. ആദ്യമായി ലോകകപ്പിലെത്തിയ കേപ് വെർദെ എന്ന കൊച്ചുരാഷ്ട്രം മുൻ ലോകചാമ്പ്യന്മാരെ വരെ വിറപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് ‘‘വെർദെയല്ല’’ ‘‘വെർദെ ജയിച്ച് അർജന്‍റീന’’ ‘‘വിറച്ച്ന്‍റീന’’ എന്നൊക്കെ തലക്കെട്ടുകൾ വന്നത്.
പേര് പലമാതിരി ചെത്തിയും മുറിച്ചും തലക്കെട്ടിന് പാകമാക്കാൻ ശ്രമിച്ചപ്പോൾ ചിലത് രസകരമായി; ചിലത് വിരസവും. ‘‘ബെൽ ജയം’’, ‘‘ബെൽ ഡൺ’’, ‘‘വിവാദ ബെൽജ(ി)യം’’, ‘‘ജോർമെനി’’, ‘‘വയറു നിറച്ച് സ്വിറ്റ് ഡ്വിഷ്, ‘‘മെസ്സിന്‍റീന’’, ‘‘കൊളംബടി’’, ‘‘അമ്പമ്പോ, കൊളംബിയ!’’, ‘‘കൊള്ളാം കൊളംബിയ’’, ‘‘കുളമ്പടിച്ച് കൊളംബിയ’’, ‘‘തുർക്കിക്ക് പാരഗ്വായ്’’, ‘‘വല്ലാത്തൊരു പരഗ്വേ’’, ‘‘മുറുക്കി മൊറോക്കോ’’, ‘‘പെയിൻ തീർത്ത് സ്പെയിൻ’’ (ഗോളടിക്കുന്നതിൽ പിന്നാക്കമെന്ന പരാതി സൗദി അറേബ്യക്കെതിരെ 4-0ന് തീർത്തതിനെപ്പറ്റി) എന്നിങ്ങനെ പോകുന്നു രാഷ്ട്രനാമങ്ങളുടെ തലക്കെട്ട് സാധ്യതകൾ.
‘‘മാസ്ട്രേലിയ’’, ‘‘സ്വീഡോൺ’’, ‘‘ഫ്രഞ്ചാസ്റ്റിക്’’, ‘‘നോർവെ നോവറി’’, ‘‘ബ്രസീലിന് നോവ്’’, ‘‘പോർച്ചുഗലോളം’’, നോവേ...ബ്രസീൽ’’ ‘‘ഗോളണ്ട്’’ എന്നിവ പെട്ടെന്ന് മനസ്സിലാകാത്തവർക്കും ‘‘ഗോളംബിയ’’, ‘‘ഗോ ഗോ മൊറോക്കോ’’ എന്നിവ മനസ്സിലാക്കാൻ പ്രയാസമുണ്ടാകില്ലെന്ന് തോന്നുന്നു.
ചില സ്ഥലപ്പേരുകൾ കളിയെഴുത്തുകാരുടെ ഭാവനയെ കൂടുതൽ തട്ടിയുണർത്തും. ‘‘എക്വഡോർ മുട്ടി, റൂം തുറന്നില്ല’’ എന്ന തലക്കെട്ട് (മാതൃഭൂമി, ജൂൺ 22) കുറാസോ എക്വഡോറിനെ സമനിലയിൽ (0-0) പിടിച്ചതിനെപ്പറ്റിയാണ്. എക്വ‘‘ഡോറി’’ൽ മുട്ടിയിട്ടും ‘‘റൂം’’ തുറക്കാതിരുന്നത് കുറാസോയുടെ എലോയ് റൂം എന്ന ഗോളി. ജർമനിയെ എക്വഡോർ അട്ടിമറിച്ചപ്പോൾ ‘‘ഡോർ അടച്ചു’’ എന്നാണ് മലയാള മനോരമ (ജൂൺ 27) തലക്കെട്ടിട്ടത്. ‘‘ഫിനിഷിങ് ഡച്ച്’’, ‘‘ദക്ഷിണ വെച്ച് ആഫ്രിക്ക’’ (കേരള കൗമുദി, ജൂൺ 26) എന്നിവയും അതിനിടെ കണ്ടു.
രാജ്യങ്ങളുടെ പേരുമാത്രമല്ല ഡെസ്കുകളെ പ്രചോദിപ്പിച്ചത്. കളിക്കാരുടെ പേരും നല്ല ‘‘അസംസ്കൃത വസ്തു’’വായി. ബ്രസീലിന്റെ ഗബ്രിയേൽ മാർട്ടിനെല്ലി ഇൻജറി ടൈം ഗോളിലൂടെ ജപ്പാനെ തോൽപിച്ചപ്പോൾ (2-1) മനോരമക്ക് അയാൾ ‘‘സ്മാർട്ടിനെല്ലി’’യായി. ഇംഗ്ലണ്ടിനു വേണ്ടി ഇരട്ട ഗോൾ സ്കോർ ചെയ്ത ഹാരി കെയ്നിനെ ‘‘മനോഹാരി’’യാക്കി മാധ്യമം. കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളിന് മാതൃഭൂമി കൊടുത്ത ശീർഷകം: ‘‘അമ്പരപ്പെ!’’ മറ്റൊരിക്കൽ, ‘‘അമ്പോ എംബാപ്പെ’’ എന്നും. മറ്റൊരു മത്സരത്തിലെ പ്രകടനത്തിന് ദീപിക ‘‘എംബരപ്പ്..!’’ എന്ന് കമന്‍റിട്ടു.
മലയാള ഭാഷയുടെ സാധ്യതകൾ മാത്രമല്ല, സിനിമാ ലോകത്തുനിന്നുള്ള പരാമർശങ്ങളും ചിലർ ഉപയോഗിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആറാം ലോകകപ്പ് മത്സരമായിരുന്നു ഇത്; തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരവുമായി അദ്ദേഹം. ഉസ്ബെകിസ്താനെതിരെ 6, 39 മിനിറ്റുകളിൽ റൊണാൾഡോ ഗോളടിച്ച വിവരം കൂടി ചേർത്ത് കേരള കൗമുദി അയാളെ വിളിച്ചത് ‘‘ആറാം തമ്പുരാൻ’’ എന്നാണ്. (‘‘ആറാടി ക്രിസ്റ്റ്യാനോ’’ എന്ന് മനോരമ.)
ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ യാത്രയിലാണ്. കളികൾ നടക്കുന്ന മൂന്ന് രാജ്യങ്ങളിലെ വിവിധ സ്റ്റേഡിയങ്ങളിലേക്ക് പറന്നുകൊണ്ടേയിരിക്കുന്നു. മാതൃഭൂമി അതിനെപ്പറ്റി: ‘‘കുമ്പിടിയല്ല; പറന്നു പറന്ന് ഇൻഫാന്റിനോ..!’’
വിദ്യാഭ്യാസവും പരീക്ഷയുമാണ് മറ്റൊരു റഫറൻസ് രംഗം. ഇംഗ്ലീഷ് ടീമുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് ക്ലാസും ഇംഗ്ലീഷ് പരീക്ഷയും പല പത്രങ്ങളും എടുെത്തഴുതി. ‘‘മെക്സിക്കോക്ക് ഇംഗ്ലീഷ് പരീക്ഷ’’ എന്ന് തലക്കെട്ടിട്ട സുപ്രഭാതം മറ്റൊരു മത്സരത്തിന് ‘‘സ്പാനിഷ് പഠിക്കാൻ പറങ്കിപ്പട’’ എന്നാക്കി. ‘‘ഇംഗ്ലീഷ് പാസാകണം കോംഗോ ടെസ്റ്റ്’’ എന്ന് മറ്റൊന്ന്. മെക്സിക്കോ ‘‘ഇംഗ്ലീഷിന് തോറ്റു’’ എന്ന് മംഗളം; ‘‘ക്രൊയേഷ്യ ഇംഗ്ലീഷ് പഠിച്ചു’’ എന്ന് മറ്റൊന്ന്. ‘‘മെക്സിക്കോയിൽ ഇംഗ്ലീഷ് പരീക്ഷ’’ എന്ന് ചന്ദ്രികയും.
സിനിമയും വിദ്യാഭ്യാസവും മാത്രമല്ല തലക്കെട്ടിന് പ്രയോജനപ്പെടുന്ന മേഖലകൾ. ബാങ്കിങ് (‘‘സ്വിസ് നിക്ഷേപം’’ –പത്താം മിനിറ്റിൽ സ്വീഡൻ അൽജീരിയയുടെ പോസ്റ്റിൽ ഒരു ഗോൾ കരുതൽ നിക്ഷേപമായി ഇട്ടു എന്ന് മനോരമ), കാളപ്പോര് (സ്പെയിൻ-ഓസ്ട്രിയ മത്സരം 3-0ൽ അവസാനിച്ചതിനെപ്പറ്റി മംഗളം: ‘‘കാളക്കൂറ്റന്മാരുടെ കുത്തേറ്റ് ഓസ്ട്രിയ’’), ചരിത്രം (‘‘പറങ്കിപ്പടയോട്ടം’’ മാധ്യമം; ‘‘തീരം തൊട്ടു, പരങ്കിക്കപ്പൽ’’, മാതൃഭൂമി).
‘‘സ്പാനിഷ് വസന്തം’’, ‘‘മെക്സിക്കൻ സുനാമി’’, ‘‘ഓറഞ്ചിന്റെ ചാറെടുത്ത് മൊറോക്കോ’’, ‘‘മെക്സിക്കൻ അപാരത’’, ‘‘ബോസ്റ്റൺ ദുരന്തം’’, മൊറോക്കൻ ‘‘ലയൺസ് ഗർജനം തുടരും’’, ‘‘മെക്സിക്കോയെ മടയിലിട്ട് വെട്ടി’’ എന്നിങ്ങനെ ധ്വനി നിറച്ച വേറെയും ശീർഷകങ്ങൾ. ഇറാൻ ന്യൂസിലൻഡുമായി സമനിലയിൽ (2-2) എത്തിയതിൽ മനോരമ കണ്ടത് ‘‘സമനില സമാധാനം’’. ബെൽജിയവുമായുള്ള ഇറാന്റെ മത്സരം ഗോൾരഹിത സമനിലയിലൊതുങ്ങിയപ്പോൾ മാധ്യമം: ‘‘ബെൽജിയത്തിന് ഇറാന്റെ ഹോർമുസ് ബ്ലോക്ക്’’.
ഭക്ഷണവും പഠനവും ചരിത്രവുമെല്ലാം ധ്വനിപ്പിച്ചതിനേക്കാൾ കൂടുതലായി തലക്കെട്ടുകളിൽ ഉൾപ്പെടുത്തിയത് യുദ്ധപദാവലി തന്നെ. ‘‘പോർമുഖം’’, ‘‘ഫ്രഞ്ച് പടയോട്ടം’’, ‘‘കോട്ട തകർത്തു’’, ‘‘ഫ്രഞ്ചാധിപത്യം’’, ‘‘വേൾഡ് VAR ജയിച്ച് പോർച്ചുഗൽ’’, ‘‘ഫ്രഞ്ച് അശ്വമേധം’’, ‘‘വൈക്കിങ് ആർമി’’, ‘‘വൈക്കിങ് വേട്ട’’, ‘‘ജയന്‍റ് കിലർ’’, ‘‘സ്വീഡിഷ് തേരോട്ടം’’, ‘‘സ്പാനിഷ് യുദ്ധം തോറ്റ് പറങ്കിപ്പട’’, ഫ്രഞ്ച് വിപ്ലവത്തിനു നേരെ സ്വീഡിഷ് പടയൊരുക്കം’’, ‘‘വാറിൽ ജയമില്ലാതെ ഇറാൻ’’, ‘‘തുർക്കിക്കോട്ട തകർന്നു’’ തുടങ്ങി യുദ്ധത്തോടും ഹിംസയോടും ചേർന്നുനിൽക്കുന്ന ബിംബങ്ങളും രൂപകങ്ങളും കളിയെഴുത്തിൽ ധാരാളമായി വരുന്നു.
കളിയും യുദ്ധവും രണ്ടും മത്സരങ്ങൾ തന്നെ; എന്നാൽ ഒന്ന് സമാധാനത്തെയും മറ്റേത് സംഘർഷത്തെയുമാണ് കുറിക്കുന്നത്. കളിയെഴുത്തിൽനിന്ന് അക്രമോത്സുക പദാവലി ഒഴിവാക്കാൻ കഴിയുമോ?
യുദ്ധഭാഷ ജേണലിസത്തിൽ
ജോൺ അലൻ എഴുതിയ രണ്ട് ലേഖനങ്ങളിൽ, പടിഞ്ഞാറൻ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഭാഷ പരിശോധിച്ചു. യുദ്ധവുമായി ബന്ധമില്ലാത്ത വിഷയങ്ങളിൽ പോലും യുദ്ധപദാവലി വ്യാപകമായി കടന്നുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്ക് ഹരമുണ്ടാക്കുമെങ്കിലും വാർത്തയുടെ കൃത്യതക്ക് അത്തരം പദങ്ങൾ ക്ഷതമുണ്ടാക്കുമെന്ന് അലൻ പറഞ്ഞതിൽ ശരിയുണ്ട്. ‘‘പുതിയ സർക്കാർ നയത്തിനെതിരെ ആക്ടിവിസ്റ്റുകളുടെ കടന്നാക്രമണം’’ എന്നെഴുതുമ്പോൾ, നയത്തിനെതിരായ വികാരം ശക്തമാണെന്ന് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഹിംസാത്മകമായ ആക്രമണം ഉദ്ദേശിക്കുന്നേ ഇല്ല. പാർട്ടി ഗ്രൂപ്പുകൾ തമ്മിൽ ‘‘വെടിനിർത്തൽ’’ എന്ന് പറയുമ്പോഴും വെടിയോ നിർത്തലോ അല്ല അർഥമാക്കുന്നത്. പരസ്യ വിമർശനത്തിന് വിരാമം എന്ന് മാത്രമാണ്. എങ്കിൽ അത് അങ്ങനെത്തന്നെ പറയുന്നതല്ലേ നല്ലത്?
ഇത് പറയാൻ എളുപ്പമാണെങ്കിലും നടപ്പിൽ വരുത്താൻ പ്രയാസം തന്നെ. മാധ്യമഭാഷയെ ആവേശിക്കുന്നത് കൃത്യതയോടുള്ള താൽപര്യത്തേക്കാൾ വായനക്കാരെയും പ്രേക്ഷകരെയും ആകർഷിക്കുക എന്ന താൽപര്യമാണ്. വലിയ തലക്കെട്ടുകളും കൂറ്റൻ ചിത്രങ്ങളും അലറിവിളിക്കുന്ന ഭാഷാപ്രയോഗങ്ങളും കൊണ്ടേ അവരെ ആകർഷിക്കാൻ കഴിയൂ എന്ന് മാധ്യമപ്രവർത്തകർ കരുതുന്നു. ശരിതന്നെയോ ഈ ധാരണ? ആയാലും അല്ലെങ്കിലും തീവ്രത ഏറുന്തോറും മാധ്യമഭാഷക്ക് കൃത്യത നഷ്ടപ്പെടുന്നു എന്നത് ഒരു വലിയ ശരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.