പാർലമെന്റിൽ സർക്കാർ പറയുന്ന കാര്യങ്ങൾ വേറെ വസ്തുതാപരിശോധനയുടെ ആവശ്യമില്ലാത്തവിധം കൃത്യമായിരിക്കുമെന്നാണ് നമ്മൾ കരുതിയിരുന്നത്. എന്നാൽ, ഈയിടെ മോദിസർക്കാർ തന്നെ പുറത്തുവിട്ട ഒരു വാർത്ത, മുമ്പ് പാർലമെന്റിൽ ചെയ്ത പ്രസ്താവനയുടെ തിരുത്തുകൂടിയാണ്. 2025 മേയിൽ നടന്ന ‘ഓപറേഷൻ സിന്ദൂർ’ ഇന്ത്യയിലും പാകിസ്താനിലും വ്യാജവാർത്തകളുടെ പ്രളയമാണ് സൃഷ്ടിച്ചത്. സമൂഹമാധ്യമങ്ങളിൽ അക്കാലത്ത് പ്രചരിച്ച പോസ്റ്റുകളിൽ മൂന്നിൽ രണ്ടും കള്ളമായിരുന്നു എന്ന...
പാർലമെന്റിൽ സർക്കാർ പറയുന്ന കാര്യങ്ങൾ വേറെ വസ്തുതാപരിശോധനയുടെ ആവശ്യമില്ലാത്തവിധം കൃത്യമായിരിക്കുമെന്നാണ് നമ്മൾ കരുതിയിരുന്നത്. എന്നാൽ, ഈയിടെ മോദിസർക്കാർ തന്നെ പുറത്തുവിട്ട ഒരു വാർത്ത, മുമ്പ് പാർലമെന്റിൽ ചെയ്ത പ്രസ്താവനയുടെ തിരുത്തുകൂടിയാണ്.
2025 മേയിൽ നടന്ന ‘ഓപറേഷൻ സിന്ദൂർ’ ഇന്ത്യയിലും പാകിസ്താനിലും വ്യാജവാർത്തകളുടെ പ്രളയമാണ് സൃഷ്ടിച്ചത്. സമൂഹമാധ്യമങ്ങളിൽ അക്കാലത്ത് പ്രചരിച്ച പോസ്റ്റുകളിൽ മൂന്നിൽ രണ്ടും കള്ളമായിരുന്നു എന്ന ഫാക്ട് ചെക്കിങ് സൈറ്റായ ബൂം ലൈവ് കണ്ടെത്തിയിരുന്നു. ഇരുപക്ഷത്തും കൊല്ലപ്പെട്ടവരുടെ കണക്കും വ്യാജമായിരുന്നു. പാക് പ്രചാരണങ്ങളിലെ വ്യാജം ഇന്ത്യയിലെ ഔദ്യോഗിക സംവിധാനമായ പി.ഐ.ബി ഫാക്ട് ചെക്ക് തുറന്നുകാട്ടിയിരുന്നു.
അതിനിടെ, ഓപറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈനികരാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് 2025 ജൂലൈ 28ന് ലോക്സഭയിൽ പ്രസ്താവന ചെയ്തു. ഒരുവർഷം കഴിഞ്ഞ്, ഓപറേഷൻ സിന്ദൂറിലെ ആറ് രക്തസാക്ഷികളുടെ പേരുവിവരം യൂനിയൻ സർക്കാർ ഇപ്പോൾ പുറത്തുവിട്ടതോടെ മന്ത്രിയുടെ ആ പ്രസ്താവന തെറ്റായിരുന്നു എന്ന് വ്യക്തമാവുകയാണ്. ഇന്ത്യൻ ‘‘പൈലറ്റുകൾ’’ കൊല്ലപ്പെട്ടിട്ടില്ല എന്നാണ് മന്ത്രി അന്ന് ഉദ്ദേശിച്ചതെന്ന് ഇപ്പോൾ സർക്കാർ വിശദീകരിക്കുന്നുണ്ടെങ്കിലും അന്നത്തെ പ്രസ്താവനയിൽ പൈലറ്റുമാരെന്നൊന്നും എടുത്തുപറഞ്ഞിരുന്നില്ല. ചില സത്യങ്ങൾ അങ്ങനെയാണ്. അവ ഇരുൾമൂടിക്കിടക്കും – ‘‘മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകളാ’’യി കാലം വസ്തുതാപരിശോധന നടത്തും വരെ.
ശിശുഹത്യ-യു.എൻ റിപ്പോർട്ട്
ഐക്യരാഷ്ട്രസഭയിൽനിന്ന് വരുന്നു മറ്റൊരു ഫാക്ട് ചെക്ക്. ഇസ്രായേൽ വംശഹത്യ നടത്തുന്നില്ല, കുട്ടികളെ ഉന്നമിട്ട് കൊല്ലുന്നില്ല തുടങ്ങിയ പ്രചാരണങ്ങൾ മുഖ്യധാരാ മാധ്യമങ്ങളടക്കം ഏറ്റെടുത്ത് നടത്തുമ്പോഴാണ് തെളിവുകൾവെച്ചുള്ള ഈ വസ്തുതാ കഥനം.
ഐക്യരാഷ്ട്രസഭയുടെ (യു.എൻ) അന്വേഷണ കമീഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ നാലുകാര്യങ്ങളാണ് എടുത്തുപറഞ്ഞത്:
ഒന്ന്, കുട്ടികൾ മറ്റെങ്ങുമില്ലാത്തത്ര കൂടുതലായി ഗസ്സയിൽ കൊല്ലപ്പെടുന്നുണ്ട്.
രണ്ട്, ഇസ്രായേൽ കുട്ടികളെ കരുതിക്കൂട്ടി ലക്ഷ്യമിടുന്നു എന്നതിന് തെളിവുണ്ട്.
മൂന്ന്, കുട്ടികൾക്ക് അത്യാവശ്യമായ സൗകര്യങ്ങളും സ്ഥാപനങ്ങളും ഇസ്രായേൽ പ്രത്യേകമായി നശിപ്പിക്കുന്നു.
നാല്, കുട്ടികളെ വെറുതെ തടവിലിടുന്നു, മർദിക്കുന്നു, പീഡിപ്പിക്കുന്നു.
നൂറു പേജുള്ള ഈ റിപ്പോർട്ട് തയാറാക്കിയ അന്വേഷണ കമീഷന്റെ അധ്യക്ഷൻ ഇന്ത്യക്കാരനായ ജസ്റ്റിസ് ശ്രീനിവാസൻ മുരളീധർ ആണ്. (ഭരണപക്ഷ നേതാക്കൾ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കാത്തതിന് ഡൽഹി പൊലീസിനെ ശാസിച്ച മുരളീധറിനെ രായ്ക്കുരാമാനം സ്ഥലംമാറ്റുകയും അദ്ദേഹം സുപ്രീംകോടതിയിൽ എത്താതെ നോക്കുകയും ചെയ്താണ് സർക്കാർ പകരംവീട്ടിയത്.
ഇസ്രായേൽ ഗസ്സയിൽ ചെയ്യുന്നത് വംശഹത്യയാണെന്ന യു.എന്നിന്റെ മുൻ കണ്ടെത്തൽ പുതിയ റിപ്പോർട്ടിൽ എടുത്തുപറയുന്നുമുണ്ട്. പടിഞ്ഞാറൻ മാധ്യമങ്ങൾ ശ്രദ്ധാപൂർവം സൃഷ്ടിച്ചെടുത്ത വ്യാജ ആഖ്യാനങ്ങൾ തകർന്നുതുടങ്ങി. യു.എൻ കമീഷൻ പരാമർശിച്ച ‘‘വംശഹത്യ’’ (ജനസൈഡ്) എന്ന വാക്കിന് അവ ഏർപ്പെടുത്തിയിരുന്ന വിലക്കും ഇതോടെ അസാധുവാകുകയാണ്.
ഇസ്രായേലുമായി ബന്ധപ്പെടുത്തി ‘‘ജനസൈഡ്’’, ‘‘ഓക്യുപേഷൻ ഫോഴ്സസ്’’ അഥവാ അധിനിവേശ സേന തുടങ്ങിയ പദപ്രയോഗങ്ങൾ അരുതെന്ന് ന്യൂയോർക് ടൈംസും ബി.ബി.സിയും സ്വന്തം റിപ്പോർട്ടർമാർക്ക് നിർദേശം നൽകിയതാണ്. ഏതായാലും പുതിയ യു.എൻ റിപ്പോർട്ടിന്റെ വാർത്തയിലെങ്കിലും ‘‘ജനസൈഡ്’’ പരാമർശിക്കാൻ അവ നിർബന്ധിതരായി.
സയണിസ്റ്റ് സ്വാധീനം വ്യാപകം
ആഗോള വാർത്താലോകത്തെ ഇസ്രായേലി സ്വാധീനം ഒരിക്കൽകൂടി ശ്രദ്ധാകേന്ദ്രമാവുകയാണ്. മൂടിവെച്ച സത്യങ്ങൾ പുറത്തുവരുന്ന മുറക്ക്, ആ മൂടിവെപ്പിന് സഹായം ചെയ്ത മാധ്യമങ്ങളുടെ തനിനിറംകൂടി വെളിപ്പെടുകയാണ്.
2003 ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തെപ്പറ്റി വ്യാജങ്ങൾ നിറച്ച റിപ്പോർട്ട് ന്യൂയോർക് ടൈംസ് പ്രസിദ്ധീകരിച്ചത് ആ പത്രത്തിന്റെ പ്രതിഛായക്കേൽപിച്ച പരിക്ക് വലുതാണ്. ആ റിപ്പോർട്ട് തയാറാക്കിയ മൂന്നുപേരിൽ ഒന്ന്, ഇസ്രായേൽ സൈന്യത്തിൽ മുമ്പ് ജോലിചെയ്തിരുന്ന (ജേണലിസത്തിൽ മുൻ പരിചയമില്ലാത്ത) അനത് ഷ്വാർട്സ് എന്ന വനിതയായിരുന്നു.
പാശ്ചാത്യമാധ്യമങ്ങളിലെ ഇസ്രായേലി സ്വാധീനം മാത്രമല്ല, അവയിൽ ഇസ്രായേലി സൈനികരുടെ സാന്നിധ്യവും പുതിയ വാർത്തയല്ല. 2010ൽ, ന്യൂയോർക് ടൈംസിന്റെ ജറൂസലം ബ്യൂറോ ചീഫ് ഈഥൻ ബ്രോണറുടെ മകൻ ഇസ്രായേലി സൈന്യത്തിൽ അംഗമാണെന്ന വെളിപ്പെടുത്തൽ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ടൈംസിന്റെ ജറൂസലം ബ്യൂറോ വഴിയാണ് ഫലസ്തീൻ-ഇസ്രായേൽ വാർത്തകൾ പോവുക എന്നതുകൊണ്ടുതന്നെ, വാർത്തകളിൽ വൻതോതിലുള്ള ചായ്വ് ‘ഫെയർ’ (FAIR) പോലുള്ള മാധ്യമനിരീക്ഷണ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, പത്രം തിരുത്തിയില്ല. ഏറെക്കാലം ബി.ബി.സി മിഡിലീസ്റ്റ് മേധാവിയായിരുന്ന റഫി ബെർഗ് ഒരുകാലത്ത് മൊസാദുമായി അടുത്ത് പ്രവർത്തിച്ചിരുന്നു.
ഇവർക്കു പുറമെ, സി.എൻ.എൻ, അത്ലാന്റിക്, എൻ.പി.ആർ, എ.പി, ടൈം മാഗസിൻ തുടങ്ങി വിവിധ മാധ്യമങ്ങളിലെ പലരും ഇസ്രായേലി സൈന്യത്തിൽ ഉണ്ടായിരുന്നവരാണെന്ന് 2010ൽ മാധ്യമ നിരീക്ഷകർ കണ്ടെത്തി. അതിനുശേഷവും ആ പ്രവണത തുടർന്നതായിട്ടാണ് റിപ്പോർട്ടുകൾ.
ഇപ്പോൾ മറ്റൊരു വിവാദം കൊഴുക്കുന്നുണ്ട്. അത്, മാധ്യമപ്രവർത്തകരുടെ സുരക്ഷക്കായി പ്രവർത്തിക്കുന്ന ‘കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ്’ (സി.പി.ജെ) എന്ന സംഘടനയെപ്പറ്റിയാണ്.
ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ ഉന്നമിട്ട് കൊല്ലുന്ന സൈന്യം ഇസ്രായേലിന്റേതാണെന്ന് സി.പി.ജെ സ്ഥിരീകരിച്ചതാണ്. ജോലിക്കിടെ കൊല്ലപ്പെട്ട ജേണലിസ്റ്റുകളുടെയും ഇതര മാധ്യമപ്രവർത്തകരുടെയും എണ്ണം അവർ കൂടക്കൂടെ പ്രസിദ്ധപ്പെടുത്താറുണ്ട്. മാധ്യമപ്രവർത്തനം നടത്തുന്നവരാണെങ്കിൽപോലും, ഏതെങ്കിലും സൈന്യത്തിലെ അംഗംകൂടിയായിരിക്കെ കൊല്ലപ്പെട്ടവരാണെങ്കിൽ അവരെ ആ കണക്കിൽ ഉൾപ്പെടുത്താറില്ല.
2023 ഒക്ടോബർ 7നു ശേഷം ഇസ്രായേൽ വധിച്ച മാധ്യമപ്രവർത്തകരുടെ നീണ്ട പട്ടികയിൽനിന്ന് ഫലസ്തീൻ പക്ഷത്തെ എട്ടു പേരെ ഈയിടെ സി.പി.ജെ നീക്കംചെയ്തു. ഹമാസ് ഉൾപ്പെടെയുള്ള പോരാട്ടസംഘങ്ങളിൽ അവർ പ്രവർത്തിച്ചതായി കണ്ടെത്തിയതോടെയാണിത്.
എന്നാൽ, ഈ മാനദണ്ഡം ഇസ്രായേലി പക്ഷത്തിന് ബാധകമാക്കിയില്ല എന്നതാണ് വിവാദത്തിനടിസ്ഥാനം. രണ്ട് ഇസ്രായേലി ജേണലിസ്റ്റുകൾ കഴിഞ്ഞ രണ്ടരവർഷത്തിനുള്ളിൽ കൊല്ലപ്പെട്ടതായി പറയുന്ന സി.പി.ജെ, അവർ ഇസ്രായേലി സൈന്യത്തിൽ പ്രവർത്തിച്ച കാര്യം പരിഗണിച്ചില്ല എന്നാണ് ആരോപണം. കൊല്ലപ്പെട്ടതോ അല്ലാത്തതോ ആയ ഇസ്രായേലി ജേണലിസ്റ്റുകളുടെ പട്ടികയിൽനിന്ന് ഇവരെ ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഇസ്രായേലി സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒന്നരഡസനോളം ആളുകളെയെങ്കിലും സി.പി.ജെ ‘‘ജേണലിസ്റ്റുകളു’’ടെ ഗണത്തിൽപെടുത്തിയതായി ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ആരോപണം പരിശോധിച്ച് പട്ടിക ആവശ്യമെങ്കിൽ തിരുത്തുമെന്ന് ജൂൺ 25ന് സി.പി.ജെ അറിയിച്ചു.
സി.പി.ജെയുടെ കണക്കിനെക്കാൾ ഗൗരവമുള്ള പ്രശ്നം അത് സൂചിപ്പിക്കുന്ന വസ്തുതയാണ്. ന്യൂയോർക് ടൈംസും സി.എൻ.എന്നും എ.പിയും പോലുള്ള മാധ്യമങ്ങളിലൂടെ ഇസ്രായേലി സൈനികരുടെ ആഖ്യാനങ്ങൾ വാർത്തയായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണല്ലോ അതിനർഥം.
മാധ്യമ പ്രവർത്തകർക്കെതിരെ
ദ ടെലിഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാലിനെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കി; എന്നിട്ട് ആ കാരണം പറഞ്ഞ് പാസ്പോർട്ട് നിഷേധിച്ചു. മറ്റൊരു മുതിർന്ന പത്രപ്രവർത്തകനായ സമ്രാട്ട് ചൗധരിയുടെ പാസ്പോർട്ട് പിടിച്ചുവെച്ചതും ഈ മാസമാണ്. പൊലീസ് പരിശോധന എതിരാണെന്നത്രെ അതിന് കാരണം പറഞ്ഞത്. വോട്ടർപട്ടിക ഉപയോഗിച്ച് നടക്കുന്ന രാഷ്ട്രീയക്കളികൾ പൊതുചർച്ചയിൽ സജീവമാണ്. അതിനിടയിൽ പ്രമുഖ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നതെന്തിന്?
സാങ്കേതിക വിശദീകരണങ്ങളുണ്ടാകാമെങ്കിലും, യൂനിയൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ ഉപദേഷ്ടാവായ കാഞ്ചൻ ഗുപ്തയുടെ ഒരു ട്വീറ്റ്, ഒരു സൂചനയാകാം. ടെലിഗ്രാഫിൽ മുമ്പ് പ്രവർത്തിച്ചിരുന്നു ഗുപ്ത, മോദി സർക്കാറിനെ രാജഗോപാൽ വിമർശിച്ച കാര്യം എടുത്തുപറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.