ഇന്ധനക്കൊള്ളയുടെ ഇരകൾ

അടിക്കടി രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. എന്തുകൊണ്ടാണിത്? ആരാണ് ​ലാഭം കൊയ്യുന്നത്? ബദൽ ഇന്ധനമാർഗങ്ങൾ ഉണ്ടോ? E20 ഇന്ധനത്തെ ആശ്രയിക്കാനാവുമോ? –വിശകലനം. നാനാത്വത്തിൽ ഏകത്വത്തിന്റെ കാര്യത്തിൽ ഇന്ത്യക്കാർക്ക് പൊതു അനുഭവങ്ങൾ കുറവാണ്. ഭാഷയും വേഷവും ആചാരവും അനുഷ്ഠാനവും ഒക്കെ വ്യത്യസ്തമാണെങ്കിലും ഇതിഹാസ-പുരാണങ്ങളും ചരിത്രാഖ്യാനങ്ങളും ഭരണഘടനയും എല്ലാം ഒരുമയുടെ നിദർശനങ്ങളാകുന്നുണ്ട്. അതിന്റെ കൂട്ടത്തിൽ ഇതുകൂടിയാവാം; കന്യാകുമാരി മുതൽ കശ്മീർ വരെ എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി തങ്ങളെല്ലാം കാലങ്ങളായി ഇന്ധനക്കൊള്ളയുടെ ഇരകളാണ് എന്ന് ഓരോ ഇന്ത്യക്കാരനും സമാധാനപ്പെടുന്ന...

അടിക്കടി രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. എന്തുകൊണ്ടാണിത്? ആരാണ് ​ലാഭം കൊയ്യുന്നത്? ബദൽ ഇന്ധനമാർഗങ്ങൾ ഉണ്ടോ? E20 ഇന്ധനത്തെ ആശ്രയിക്കാനാവുമോ? –വിശകലനം.

നാനാത്വത്തിൽ ഏകത്വത്തിന്റെ കാര്യത്തിൽ ഇന്ത്യക്കാർക്ക് പൊതു അനുഭവങ്ങൾ കുറവാണ്. ഭാഷയും വേഷവും ആചാരവും അനുഷ്ഠാനവും ഒക്കെ വ്യത്യസ്തമാണെങ്കിലും ഇതിഹാസ-പുരാണങ്ങളും ചരിത്രാഖ്യാനങ്ങളും ഭരണഘടനയും എല്ലാം ഒരുമയുടെ നിദർശനങ്ങളാകുന്നുണ്ട്. അതിന്റെ കൂട്ടത്തിൽ ഇതുകൂടിയാവാം; കന്യാകുമാരി മുതൽ കശ്മീർ വരെ എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി തങ്ങളെല്ലാം കാലങ്ങളായി ഇന്ധനക്കൊള്ളയുടെ ഇരകളാണ് എന്ന് ഓരോ ഇന്ത്യക്കാരനും സമാധാനപ്പെടുന്ന നിസ്സഹായതയാണത്.

വേട്ടക്കാർ ചില്ലറക്കാരല്ല, അന്യരാജ്യക്കാരുമല്ല; നമ്മുടെ ഭരണകൂടംതന്നെ! രാജ്യത്തുടനീളമുള്ള ഒരുലക്ഷത്തിലധികം വരുന്ന പെട്രോൾ പമ്പുകൾ ഇന്ന് ജനാധിപത്യപരമായ സേവന കേന്ദ്രങ്ങൾ മാത്രമല്ല; മറിച്ച് പൗരന്റെ സാമ്പത്തിക ഭദ്രത ചോർത്തിയെടുക്കുന്ന ഭരണകൂടത്തിന്റെ ധനസമാഹരണ സ്ഥാപനങ്ങൾകൂടിയാണ്. ഏതൊരു പൗരന്റെയും ജീവിതച്ചെലവിനെ നിശ്ചയിക്കുന്ന പെട്രോളും ഡീസലും ഇന്ന് ഭരണകൂടവും കോർപറേറ്റ് ശൃംഖലകളും ചേർന്ന് നടത്തുന്ന ചൂഷണത്തിന്റെ എളുപ്പവഴിയായി മാറിയിരിക്കുകയാണ്. വിപണി തത്ത്വങ്ങളുടെയും ഹരിത ഊർജ വിപ്ലവത്തിന്റെയും അലങ്കാരവാക്കുകൾക്ക് പിന്നിൽ മറച്ചുവെച്ച ഈ പ്രവർത്തനം, ജനാധിപത്യ രാജ്യത്തെ പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണ്.

ചൂഷണത്തിന്റെ ചരിത്ര തുടർച്ച

ചരിത്രത്തിലുടനീളം രാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാരെ നിശ്ശബ്ദമായി പിഴിയാൻ എക്കാലവും ആശ്രയിച്ചിട്ടുള്ളത് പരോക്ഷ നികുതികളുടെയും വിപണി കൃത്രിമത്വങ്ങളുടെയും തന്ത്രപരമായ വഴികളാണ്. 18ാം നൂറ്റാണ്ടിൽ ഫ്രാൻസിലെ ബർബൺ രാജവംശം ജനകീയ പ്രക്ഷോഭങ്ങളിലൂടെ നിഷ്കാസിതമാകുന്നതിനു കാരണമായ നിരവധിയായ സാമ്പത്തിക അസമത്വങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു സാധാരണക്കാരുടെ നിത്യോപയോഗ സാധനമായ ഉപ്പിന്മേൽ ചുമത്തിയ ‘ഗബെൽ’ (Gabelle) എന്ന കടുത്ത പരോക്ഷ നികുതി.

വരേണ്യവർഗത്തെ നികുതികളിൽനിന്ന് ഒഴിവാക്കുകയും പാവപ്പെട്ടവന്റെ ആഹാരത്തിലെ ഉപ്പിന്മേൽപോലും അന്യായമായ ലാഭമെടുക്കുകയും ചെയ്ത അന്നത്തെ ഫ്രഞ്ച് ഭരണകൂടത്തിന്റെ അതേ സാമ്പത്തിക മനോഭാവമാണ് ഇന്ന് ജനാധിപത്യ ഇന്ത്യയിൽ ഇന്ധന വിപണിയെ മുൻനിർത്തി അരങ്ങേറുന്നത്. അവിടത്തെ പൗരന്മാർ നിർബന്ധമായും നിശ്ചിത അളവ് ഉപ്പു വാങ്ങിയിരിക്കണമെന്നുവരെ നിയമം ഉണ്ടായിരുന്നു. ഇത്തരം ചൂഷണങ്ങളുടെ പൂർവ ചരിത്രം തേടി ഫ്രാൻസ് വരെയൊന്നും പോകേണ്ടതില്ല. പ്രാചീന കേരളത്തിൽ തലക്കരവും മുലക്കരവും ഒക്കെ നിലനിന്നിരുന്നു എന്നത് ഇവിടെ ഓർക്കാം.

ഇന്ന് ഇന്ത്യക്കാരന്റെ നിത്യജീവിതത്തിലെ ‘ഉപ്പാ’ണ് പെട്രോളും ഡീസലും. കൃഷി, ഗതാഗതം, ചെറുകിട ഉൽപാദനം, നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം എന്നിവയുടെയെല്ലാം ഭാവി തീരുമാനിക്കുന്നത് ഇന്ധനവിലയാണ്. എന്നാൽ, വിപണിയുമായി ബന്ധപ്പെട്ട സാങ്കേതിക പദാവലി ഉപയോഗിച്ചും ഹരിത ഊർജ വിപ്ലവത്തിന്റെ അഭികാമ്യവശങ്ങൾ ചൂണ്ടിക്കാട്ടിയും ജനങ്ങളെ നിശ്ശബ്ദരാക്കി ഭരണകൂടവും കോർപറേറ്റ് ശൃംഖലകളും ചേർന്ന് നടത്തുന്ന ഈ ധനസമാഹരണം ജനക്ഷേമ സങ്കൽപത്തിന്റെതന്നെ അടിത്തറയിളക്കുകയാണ്.

കൊള്ളയുടെ തുടക്കം

ഇന്ത്യയിൽ ഇന്ധനവിലയിലെ സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുകയും, വിപണിയിലെ തന്നിഷ്ടത്തിന് വില തീരുമാനിക്കാൻ അനുമതി നൽകുകയും ചെയ്ത വിവിധ ഘട്ടങ്ങളിലൂടെയാണ് ഇന്നത്തെ ഇന്ധന അട്ടിമറിയും ജനങ്ങളെ വഞ്ചിക്കുന്ന നയങ്ങളും നിലവിൽ വന്നത്. ഈ ചരിത്രപരമായ വഴിത്തിരിവിനെ പ്രധാനമായും മൂന്ന് ഘട്ടങ്ങളായി അടയാളപ്പെടുത്താം:

ഒന്നാംഘട്ടം: പെട്രോൾ നിയന്ത്രണം എടുത്തു കളഞ്ഞത് (2010 ജൂൺ 25) –അന്നത്തെ യു.പി.എ സർക്കാർ പെട്രോളിന്റെ വിലനിയന്ത്രണാധികാരം പൂർണമായും അവസാനിപ്പിക്കുകയും പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് വിപണിവില നിശ്ചയിക്കാനുള്ള അനുമതി നൽകുകയും ചെയ്തു. ‘‘അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ഇന്ത്യയിലും കൂടും; കുറയുമ്പോൾ കുറയും’’ എന്ന വ്യാജ വാഗ്ദാനമാണ് അന്ന് നൽകപ്പെട്ടത്.

രണ്ടാംഘട്ടം: ഡീസൽ നിയന്ത്രണം എടുത്തു കളഞ്ഞത് (2014 ഒക്ടോബർ 19) -എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സാധാരണക്കാരുടെയും കർഷകരുടെയും നിത്യജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഡീസലിന്റെ മേലുള്ള വിലനിയന്ത്രണവും പൂർണമായി ഒഴിവാക്കി. ഇതിലൂടെ രാജ്യത്തെ ഗതാഗത-കാർഷിക മേഖലകൾ പൂർണമായി നികുതി നയങ്ങളുടെയും എണ്ണക്കമ്പനികളുടെയും കൈയിലായി.

മൂന്നാംഘട്ടം: യഥാർഥ അട്ടിമറിയും കബളിപ്പിക്കലും (2014-2016) -‘‘ആഗോള വിപണിയിൽ എണ്ണവില കുറയുമ്പോൾ ഉപഭോക്താവിന് അതിന്റെ ലാഭം നൽകും’’ എന്ന അടിസ്ഥാന തത്ത്വം ഭരണകൂടം പരസ്യമായി ലംഘിക്കാൻ തുടങ്ങിയത് ഈ കാലയളവിലാണ്.

2014ൽ ബാരലിന് 100 ഡോളറിന് മുകളിലായിരുന്ന അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില. 2015-2016 കാലയളവിൽ 30-40 ഡോളറിലേക്ക് കുത്തനെ ഇടിഞ്ഞു. എന്നാൽ, എണ്ണവില കുറക്കുന്നതിന് പകരം കേന്ദ്ര സർക്കാർ എക്സൈസ് ഡ്യൂട്ടിയും സ്പെഷൽ സെസുകളും തുടർച്ചയായി വർധിപ്പിച്ച് ആ സാമ്പത്തിക നേട്ടം മുഴുവൻ ഭരണകൂടത്തിന്റെ ഖജനാവിലേക്ക് മാറ്റി. തുടർന്ന് 2017 ജൂൺ 16 മുതൽ ‘ഡൈനാമിക് ഫ്യുവൽ പ്രൈസിങ്’ (ദിനംപ്രതിയുള്ള വില മാറ്റം) നിലവിൽ വന്നതോടെ, ദിവസേന ചെറിയ പൈസ വെച്ച് വിലയിൽ കയറ്റം വരുത്തുന്നത് ഭരണകൂടത്തിന് കൂടുതൽ എളുപ്പമായി മാറി. അന്താരാഷ്ട്ര വിപണയിൽ ക്രൂഡോയിലിന് വില കൂടുമ്പോൾ ഇന്ത്യയിൽ വില കൂടുകയും അന്താരാഷ്ട്രവിപണിയിൽ കുറയുമ്പോൾ ഇവിടെ വില കുറയാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പലയിടങ്ങളിൽനിന്നും ഉയരുന്നുണ്ടെങ്കിലും അത് കേൾക്കാൻ ബാധ്യതപ്പെട്ടവർക്ക് അപ്പോൾ പെട്ടെന്നൊരു ബാധിര്യം ബാധിക്കും. അധ്യാപകർ ചോദ്യം ചോദിക്കുമ്പോൾ മാത്രം കേൾവിശക്തി നഷ്ടപ്പെടുന്ന ചില വിദ്യാർഥികളെ അനുസ്മരിപ്പിക്കുന്ന പ്രകൃതമാണ് അപ്പോൾ അവർക്ക്.

ഫിസ്കൽ എക്സ്ട്രാക്ഷനും നയതന്ത്രവും

ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ (Crude oil) വില കുത്തനെ ഇടിയുമ്പോഴും അതിന്റെ സ്വാഭാവികമായ ആനുകൂല്യം പൗരന്മാർക്ക് കൈമാറാതെ, നികുതിയും സെസുകളും കൂട്ടിയോ വിപണി നിയന്ത്രണത്തിന്റെ മറപിടിച്ചോ പെട്രോൾ-ഡീസൽ വിലയിൽ കുറവുവരുത്താതിരിക്കുന്ന ഇരട്ടത്താപ്പ് കേവലം ഒരു സാമ്പത്തിക തിരിമറി മാത്രമല്ല. മുമ്പു സൂചിപ്പിച്ചതുപോലെ, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴേക്ക് കൂപ്പുകുത്തുമ്പോഴും ഇവിടെ സാധാരണക്കാരനിൽനിന്ന് പഴയ നിരക്കോ അതിൽ കൂടുതലോ ഈടാക്കുന്നത് ഒരു രാജ്യത്തെ മുഴുവൻ പൗരന്മാരെയും കണ്ണടച്ച് ഇരുട്ടാക്കി ‘കിഴങ്ങന്മാരാക്കുന്നതിന്’ തുല്യമായ നഗ്നമായ കബളിപ്പിക്കലാണ്! പൗരന്റെ മേൽ അന്യായമായ അധിക നികുതി ചുമത്തി ഭരണകൂടം സ്വന്തം ഖജനാവ് പെരുപ്പിക്കുന്ന ഈ രീതിയെ ധനതത്ത്വശാസ്ത്രത്തിന്റെ ഭാഷയിൽ ‘ഫിസ്കൽ എക്സ്ട്രാക്ഷൻ’ എന്ന് വിശേഷിപ്പിക്കാം. ഈ ഭരണകൂട അട്ടിമറിക്ക് പിന്നിൽ വ്യക്തമായ ചില സാമ്പത്തിക തന്ത്രങ്ങളുണ്ട്:

സെസുകളിലൂടെയുള്ള വരുമാനമാണ് അതിലൊന്ന്. എക്സൈസ് തീരുവയിലൂടെ ലഭിക്കുന്ന വരുമാനം ഭരണഘടനയുടെ ആർട്ടിക്കിൾ 270 പ്രകാരം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നിശ്ചിത അനുപാതത്തിൽ പങ്കുവെക്കേണ്ടതുണ്ട്. എന്നാൽ, സ്പെഷൽ എക്സൈസ് ഡ്യൂട്ടി, റോഡ്-ഇൻഫ്രാസ്ട്രക്ചർ സെസ് എന്നീ പേരുകളിൽ പിരിച്ചെടുക്കുന്ന പതിനായിരക്കണക്കിന് കോടി രൂപ സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകേണ്ടതില്ല; അത് പൂർണമായും കേന്ദ്രത്തിന്റെ ഖജനാവിലേക്കു മാത്രം ഒഴുകുന്നു. ഇത് ഇന്ത്യയുടെ ഫെഡറൽ തത്ത്വങ്ങളെ അട്ടിമറിക്കുന്ന സാമ്പത്തിക കേന്ദ്രീകരണമാണ്. ജി.എസ്.ടിയുടെ ഇരട്ടത്താപ്പാണ് മറ്റൊരു സാമ്പത്തിക തന്ത്രം. ‘ഒരു രാജ്യം, ഒരു നികുതി’ എന്ന് കൊട്ടിഗ്ഘോഷിച്ച് ജി.എസ്.ടി നടപ്പാക്കിയ ഭരണകൂടം പെട്രോളിയം ഉൽപന്നങ്ങളെ ഇതിന്റെ പരിധിക്ക് പുറത്തുനിർത്തിയിരിക്കുകയാണ്. ജി.എസ്.ടിയുടെ ഇപ്പോഴത്തെ ഏറ്റവും ഉയർന്ന സ്ലാബായ 28 ശതമാനം നിരക്കിൽ നികുതി ചുമത്തിയാൽപോലും പെട്രോൾ വിലയിൽ ലിറ്ററിന് 25-30 രൂപയോളം കുറവുണ്ടാകും. എന്നാൽ, ഭരണകൂടത്തിന്റെ സാമ്പത്തിക ദാഹം പൗരന്മാരെ നിരന്തരം അടിച്ചമർത്തുകയാണ്.

E20 ഇന്ധനം: ഹരിത ലേബലിൽ മറച്ചുവെച്ച ശാസ്ത്രീയ ദുരന്തം

പരിസ്ഥിതി സൗഹൃദപരമായ ബയോഫ്യുവൽ എന്ന വ്യാജേന പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തി വിതരണം ചെയ്യുന്ന E20 പദ്ധതി, ശാസ്ത്രീയമായ യാഥാർഥ്യങ്ങളെ അട്ടിമറിക്കുന്ന ഒന്നാണ്. തെർമോഡൈനാമിക് തത്ത്വങ്ങൾ അനുസരിച്ച് എഥനോളിന്റെ ഊർജശേഷി ശുദ്ധമായ പെട്രോളിനെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതിന്റെ ഫലമായി E20 ഇന്ധനത്തിൽ വോള്യൂമെട്രിക് എഫിഷ്യൻസി കുറയുകയും എൻജിനിലെ ഇന്ധന ദഹന പ്രക്രിയയിൽ (Engine Combustion Process) ഒരേ കരുത്ത് ഉൽപാദിപ്പിക്കാൻ കൂടുതൽ ഇന്ധനം കത്തേണ്ടതായും വരുന്നു. പ്രായോഗികതലത്തിൽ ഇത് വാഹനങ്ങളുടെ മൈലേജിൽ 5 മുതൽ 10 ശതമാനം വരെ ഇടിവുവരുത്തുന്നു.

സാങ്കേതികമായി പരിശോധിച്ചാൽ, 2023 ഏപ്രിലിനു മുമ്പ് ഇന്ത്യയിൽ നിർമിക്കപ്പെട്ട ദശലക്ഷക്കണക്കിന് വാഹനങ്ങൾ E10 അല്ലെങ്കിൽ E5 ഇന്ധനങ്ങൾക്കുമാത്രം അനുയോജ്യമായി രൂപകൽപനചെയ്തവയാണ്. എഥനോൾ ഒരു ശക്തമായ ഓർഗാനിക് സോൾവെന്റായതിനാൽ, ഇത് പഴയ വാഹനങ്ങളുടെ ഫ്യൂവൽ ടാങ്കിലെ പ്ലാസ്റ്റിക്, റബർ ഗാസ്കറ്റുകൾ, ഫ്യൂവൽ പൈപ്പുകൾ, ഫ്യൂവൽ ഇൻജക്ടറുകൾ എന്നിവയെ ദ്രവിപ്പിക്കുന്നു. ഓട്ടത്തിനിടയിൽ പെട്രോൾ ടാങ്കിലേക്കുള്ള റബർ പൈപ്പ് ലീക്കായാൽ അഗ്നിബാധക്കുവരെ കാരണമാകാം. പലരും ഫുൾടാങ്ക് പെട്രോൾ അടിക്കുമ്പോഴാണ് ഇത്തരം ചോർച്ച തിരിച്ചറിയുന്നത്.

എഥനോളിന്റെ മറ്റൊരു അപകടകരമായ രാസ സവിശേഷത അത് അന്തരീക്ഷത്തിലെ ഈർപ്പത്തെയും ജലാംശത്തെയും വേഗത്തിൽ ആഗിരണം ചെയ്യുന്നു (Hygroscopic Nature) എന്നതാണ്. ഫ്യൂവൽ ടാങ്കിനുള്ളിൽ ജലാംശം കലരുമ്പോൾ എഥനോൾ പെട്രോളിൽനിന്ന് വേർപെട്ട് അടിത്തട്ടിൽ വെള്ളവുമായി ചേർന്ന് കട്ടിയുള്ള ഒരു പാളിയായി മാറും. ഈ മിശ്രിതം എൻജിനിലേക്ക് എത്തുമ്പോൾ വാഹനം വഴിയിൽ പെട്ടെന്ന് നിലക്കുകയും, ഫ്യൂവൽ പമ്പുകൾ പൂർണമായി കേടാവുകയും ചെയ്യുന്നു. അടുത്തകാലത്തായി എൻജിൻ മിസിങ് കേസുകളുമായി ധാരാളം വാഹനങ്ങൾ വർക് ഷോപ്പുകളിൽ എത്തുന്നതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കോർപറേറ്റ് അച്ചുതണ്ടും പിന്നണി നാടകവും

ഭരണകൂടത്തിന്റെ ഈ ‘ഇന്ധന അടിച്ചേൽപിക്കലിന്’ പിന്നിൽ വ്യക്തമായ കോർപറേറ്റ് താൽപര്യങ്ങളുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർബന്ധിത എഥനോൾ ബ്ലെൻഡിങ് നയം ശക്തമായി നടപ്പാക്കുമ്പോൾ, അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനികൾ എഥനോൾ, പഞ്ചസാര ഉൽപാദന മേഖലയിലെ വൻകിട പങ്കാളികളാണെന്നത് പരസ്പര താൽപര്യ വൈരുധ്യത്തിന്റെ ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. നിതിൻ ഗഡ്കരി സ്ഥാപിച്ച പൂർത്തി ഗ്രൂപ്പിൽ (Purti Group) നിന്ന് ഉടലെടുത്ത ‘മാനസ് അഗ്രോ ഇൻഡസ്ട്രീസ്’, ‘സിയാൻ അഗ്രോ ഇൻഡസ്ട്രീസ്’ എന്നീ കമ്പനികൾ അദ്ദേഹത്തിന്റെ മക്കളായ സാരങ് ഗഡ്കരി, നിഖിൽ ഗഡ്കരി എന്നിവരാണ് നയിക്കുന്നത്.

ഇന്ത്യയിലെ പ്രമുഖ പഞ്ചസാര മില്ലുകളും എഥനോൾ ഉൽപാദന യൂനിറ്റുകളും ഈ ഗ്രൂപ്പിന് കീഴിലുണ്ട്. നയരൂപവത്കരണം നടത്തുന്ന ഭരണാധികാരിതന്നെ സ്വന്തം മക്കളുടെയോ കുടുംബത്തിന്റെയോ ബിസിനസിന് പരോക്ഷമായി വൻ വിപണി സൃഷ്ടിക്കുന്ന ഇന്ധന നയങ്ങൾ നിർബന്ധിതമായി അടിച്ചേൽപിക്കുന്നത് ജനാധിപത്യത്തിലുള്ള പൗരന്മാരുടെ വിശ്വാസത്തിന് മങ്ങലേൽപിക്കുന്നുണ്ട്. തങ്ങൾ വർഷങ്ങളായി പഞ്ചസാര-എഥനോൾ മേഖലയിലുണ്ടെന്നും എഥനോൾ ബിസിനസ് മക്കളുടെ വിപുലമായ വ്യാപാരങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സർക്കാർ സബ്സിഡികളും മുൻഗണനകളും പഞ്ചസാര-എഥനോൾ ലോബിയിലേക്ക് ഒഴുകുന്നുവെന്ന വസ്തുത മറച്ചുവെക്കാനാവില്ല. ശുദ്ധമായ പെട്രോളിനേക്കാൾ ഉൽപാദനച്ചെലവ് കുറഞ്ഞ എഥനോൾ 20 ശതമാനം കലർത്തുമ്പോൾ എണ്ണക്കമ്പനികൾക്ക് ലഭിക്കുന്ന വൻ ലാഭവിഹിതം ഇന്ധനവില കുറച്ചുകൊണ്ട് ഉപഭോക്താവിന് കൈമാറാനും സർക്കാർ തയാറാകുന്നില്ല. എഥനോൾ കലർത്തിയതുവഴിയുണ്ടാകുന്ന ലാഭത്തിന്റെ ഒരു വിഹിതം ഉപഭോക്താവിനു കൈമാറാത്തതെന്ത് എന്ന ചോദ്യങ്ങളും എത്തുന്നത് ബധിരകർണങ്ങളിലാണ്.

 

ശുദ്ധമായ ഇന്ധനം വരേണ്യവർഗ സൗകര്യം മാത്രം!

തങ്ങളുടെ വാഹനം കേടാകാതിരിക്കാൻ എഥനോൾ കലർത്താത്ത ശുദ്ധമായ പെട്രോൾ (E0 Petrol) വാങ്ങാൻ ആഗ്രഹിക്കുന്ന ഒരു പൗരന് മുന്നിൽ വിപണി വെക്കുന്ന തുക കേട്ട് ഞെട്ടേണ്ട അവസ്ഥയാണ്. ഇന്ത്യൻ ഓയിലിന്റെ XP100, ഭാരത് പെട്രോളിയത്തിന്റെ Speed 100, എച്ച്.പിയുടെ Power 100 എന്നീ Ultra-Premium 100-Octane പെട്രോൾ വേരിയന്റുകളിൽ മാത്രമാണ് എഥനോൾ പൂർണമായും (0% Ethanol) ഒഴിവാക്കിയിട്ടുള്ളത്. എന്നാൽ, ഇതിന് നൽകേണ്ടിവരുന്ന തുക ലിറ്ററിന് 169 രൂപയോളമാണ്! സാധാരണ പെട്രോളിന് ലിറ്ററിന് 114 രൂപ ഈടാക്കുമ്പോൾ എഥനോൾ ഇല്ലാത്ത പെട്രോൾ വേണമെങ്കിൽ ലിറ്ററിന് 55 രൂപയോളം അധികമായി നൽകണം!

അതായത്, എൻജിൻ കേടാകാത്ത ഇന്ധനം ഉപയോഗിക്കുക എന്നത് ഒരു വരേണ്യവർഗ സൗകര്യമായി (Premium luxury) മാറ്റപ്പെടുകയും സാധാരണക്കാരനും ഇടത്തരക്കാരനും എൻജിൻ കേടാക്കുന്ന E20 പെട്രോൾ മാത്രം അടിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ആകെ വിൽപനയുടെ 0.5 ശതമാനം മാത്രം വരുന്ന സൂപ്പർ ബൈക്കുകൾക്കും ആഡംബര കാറുകൾക്കും മാത്രമായി എഥനോൾ ഇല്ലാത്ത ഇന്ധനത്തെ മാറ്റിനിർത്തുകയും, സാധാരണക്കാർക്കായി കുറഞ്ഞ നിരക്കിൽ E0 അല്ലെങ്കിൽ E10 ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നത് പൗരന്മാരോടുള്ള വെല്ലുവിളിയാണ്.

ക്രൂഡ് ഓയിൽ നിരക്കും ഇരട്ടത്താപ്പ് രാഷ്ട്രീയവും

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇന്ധന നയങ്ങളുടെ വിരോധാഭാസവും ഭരണകൂടങ്ങളുടെ സ്വാർഥ രാഷ്ട്രീയ താൽപര്യങ്ങളും വ്യക്തമാകാൻ മൻമോഹൻ സിങ് നയിച്ച യു.പി.എ ഭരണകാലത്തെയും നിലവിലെ സാഹചര്യങ്ങളെയും തമ്മിൽ ഒന്നു താരതമ്യം ചെയ്താൽ മാത്രം മതിയാകും. 2008-2014 കാലയളവിൽ ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ (Crude oil) വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. 2008ൽ ബാരലിന് 147 ഡോളർ വരെയും, 2011-2013 കാലഘട്ടത്തിൽ ശരാശരി 100 മുതൽ 110 ഡോളറിലധികം ഉയർന്ന നിരക്കിലുമാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത്. അന്ന് കേന്ദ്ര എക്സൈസ് തീരുവ പെട്രോളിന് ലിറ്ററിന് കേവലം 9.48 രൂപ മാത്രമായി നിജപ്പെടുത്തി, അന്താരാഷ്ട്ര വിപണിയിലെ വൻ വിലക്കയറ്റത്തിന്റെ പ്രഹരം സാധാരണക്കാരിലേക്ക് പൂർണമായി അടിച്ചേൽപിക്കാതിരിക്കാൻ സർക്കാർ വൻതുക സബ്സിഡിയായി നൽകി.

ഇതിന്റെ ഫലമായി രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 65 മുതൽ 75 രൂപ വരെയുള്ള പരിധിയിലും, ഡീസൽ വില 40 മുതൽ 55 രൂപ വരെയുള്ള മിതമായ നിരക്കിലും നിർത്താൻ അന്ന് സാധിച്ചിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ തികച്ചും വിപരീതമാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില പകുതിയോളം താഴ്ന്ന്, ബാരലിന് 75 മുതൽ 85 ഡോളർ വരെ മാത്രം കുറഞ്ഞ നിരക്കിൽ നിൽക്കുമ്പോഴും അതിന്റെ യാതൊരു ആനുകൂല്യവും ജനങ്ങൾക്ക് ലഭിക്കുന്നില്ല. കേന്ദ്ര എക്സൈസ് തീരുവയും വിവിധ സെസുകളും വിവിധ ഘട്ടങ്ങളിലായി ലിറ്ററിന് 19.90 രൂപ മുതൽ 32.90 രൂപ വരെ അനിയന്ത്രിതമായി ഉയർത്തിക്കൊണ്ട് കമ്പനി വൻതുകയാണ് പിഴിഞ്ഞെടുക്കുന്നത്. ഇതിന്റെ ഫലമായി, കുറഞ്ഞ ക്രൂഡ് ഓയിൽ വിലയുടെ കാലത്തും സാധാരണക്കാർ E20 പെട്രോളിനായി ലിറ്ററിന് 102 മുതൽ 109 രൂപ വരെ അമിതവില നൽകാൻ നിർബന്ധിതരാകുന്നു.

അന്ന് അന്താരാഷ്ട്ര വിപണിയിലെ അനിവാര്യമായ വിലവർധനയെ തുടർന്ന് പെട്രോളിന് ഏതാനും പൈസയോ ഒരു രൂപയോ കൂടുമ്പോഴേക്കും ഇന്നത്തെ ഭരണകക്ഷിയായ ബി.ജെ.പി രാജ്യവ്യാപകമായി കടുത്ത പ്രക്ഷോഭങ്ങളാണ് അഴിച്ചുവിട്ടത്. പാർലമെന്റ് തടസ്സപ്പെടുത്തുക, കാളവണ്ടികളും ഗ്യാസ് സിലിണ്ടറുകളും വലിച്ച് തെരുവിലിറങ്ങുക, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ‘സാമ്പത്തിക മാനേജ്മെന്റിൽ പരാജയപ്പെട്ടയാൾ’ എന്ന് പരസ്യമായി അധിക്ഷേപിക്കുക എന്നിവയായിരുന്നു അന്നത്തെ പ്രതിപക്ഷ തന്ത്രം.

എന്നാൽ, ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞുനിൽക്കുമ്പോഴും ഇന്ത്യയിൽ പെട്രോൾ വില 100 രൂപക്കു മുകളിലും ഡീസൽ വില 90 രൂപക്കു മുകളിലും അടിച്ചേൽപിക്കുന്ന ഇരട്ടത്താപ്പാണ് ഇന്ന് കാണുന്നത്. അന്ന് ബി.ജെ.പി നടത്തിയ പ്രക്ഷോഭങ്ങൾ സാധാരണക്കാരന്റെ കണ്ണീരൊപ്പാനായിരുന്നില്ല, മറിച്ച് അധികാരത്തിലേറാനുള്ള രാഷ്ട്രീയ ആയുധം മാത്രമായിരുന്നുവെന്ന് ഇന്നത്തെ അമിതവിലയും ഉയർന്ന നികുതി നിരക്കുകളും തെളിയിക്കുന്നു. സാമ്പത്തികശാസ്ത്ര തത്ത്വങ്ങളെക്കാൾ ഭരണകൂടത്തിന്റെ സാമ്പത്തിക ദാഹം മാത്രമാണ് ഇന്നത്തെ ഇന്ധനവിലയെ നിർണയിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ കണക്കുകൾ.

 

ബദൽ ഇന്ധന മാർഗങ്ങൾ

ഇന്ധന പ്രതിസന്ധിക്കും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പരിഹാരമായി ഉയർത്തിക്കാട്ടപ്പെടുന്ന ബദൽ ഊർജമാർഗങ്ങൾ ആശയപരമായി മികച്ചതാണെങ്കിലും വലിയ പ്രായോഗിക വെല്ലുവിളികൾ നേരിടുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടത് പരിശോധിക്കാം.

വൈദ്യുതി വാഹനങ്ങൾ (EVs): പുകക്കുഴലിലൂടെയുള്ള മലിനീകരണം ഒഴിവാക്കാം എന്നതും കുറഞ്ഞ പ്രവർത്തനച്ചെലവുമാണ് ഇവയുടെ ഗുണവശം. എന്നാൽ, ഇ.വി ബാറ്ററികൾ നിർമിക്കാനാവശ്യമായ ലിഥിയം, കൊബാൾട്ട് എന്നിവക്കായി ചൈന അടക്കമുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. കൂടാതെ, ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 70 ശതമാനത്തോളവും കൽക്കരി കത്തിച്ചാണ് ഉണ്ടാക്കുന്നത് എന്നതിനാൽ, ഇ.വികൾ മലിനീകരണം വായുവിൽനിന്ന് വൈദ്യുതി നിലയങ്ങളിലേക്ക് മാറ്റുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ, സോളാർ പാനലുകൾകൂടി ഘടിപ്പിച്ച് അധിക ഊർജം കണ്ടെത്താനാവുമോ എന്നും പരീക്ഷിച്ചു നോക്കാവുന്നതാണ്. ചില സ്റ്റാർട്ടപ് കമ്പനികൾ സൗരോർജ കാറുകൾ നിർമിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്. Vayve Eva ആണ് ഇന്ത്യയിലെ ആദ്യത്തെ സോളാർ അസിസ്റ്റഡ് മോട്ടോർ കാർ.

ഹൈഡ്രജൻ ഫ്യുവൽ സെൽ (Green Hydrogen): പുറന്തള്ളുന്നത് ശുദ്ധമായ ജലബാഷ്പം മാത്രമാണ് എന്നതിനാൽ ഇത് തികച്ചും പരിസ്ഥിതി സൗഹൃദമാണ്. എന്നാൽ, ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ വൻ സാമ്പത്തികച്ചെലവുണ്ട്. വളരെ വേഗത്തിൽ തീപിടിക്കുന്ന വാതകമായതിനാൽ ഉയർന്ന മർദത്തിൽ ഇത് സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും സാങ്കേതികമായി പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു.

കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG/LNG): കുറഞ്ഞ കാർബൺ പുറന്തള്ളലും കുറഞ്ഞ സാമ്പത്തികച്ചെലവുമാണ് സി.എൻ.ജി നൽകുന്നത്. എന്നാൽ, ഇത് പുനരുപയോഗയോഗ്യമായ ഇന്ധനമല്ല, മറിച്ച് ഭൂമിയിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഫോസിൽ ഇന്ധനംതന്നെയാണ്. വാഹനങ്ങളിൽ വലിയ സിലിണ്ടറുകൾ വെക്കേണ്ടിവരുന്നതുകൊണ്ട് ബൂട്ട് സ്പേസ് നഷ്ടപ്പെടുന്നതും ഇതിന്റെ പ്രായോഗിക തടസ്സമാണ്. ഇവയുടെ വിതരണ സംവിധാനങ്ങളും അപര്യാപ്തമാണ്. വൻനഗരങ്ങളിലെല്ലാം സി.എൻ.ജിക്കായി വാഹനങ്ങളുടെ നീണ്ട ക്യൂ ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു. എങ്കിലും ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം താരതമ്യേന ലാഭകരമാണ്.

ആവശ്യമായ തിരുത്തൽ നടപടികൾ

ഈ വിപണി അട്ടിമറിയിൽനിന്ന് കരകയറാൻ ഭരണകൂടം അടിയന്തരമായി ചില നടപടികൾ സ്വീകരിച്ചുതുടങ്ങേണ്ടതുണ്ട്. താങ്ങാനാവുന്ന നിരക്കിൽ സമാന്തര ഇന്ധന വിതരണം നടത്തുക എന്നതാണ് ഒരു മാർഗം. വിപണിയിൽ E20 പെട്രോളിനൊപ്പം സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ (169 രൂപയുടെ വേരിയന്റിന് പകരം) പഴയ വാഹനങ്ങൾക്കായി E0 അല്ലെങ്കിൽ E10 പെട്രോൾ ലഭിക്കുന്ന സമാന്തര വിതരണ ശൃംഖല ഉറപ്പാക്കുന്നത് നന്നായിരിക്കും. നികുതിഘടന ഏകീകരിക്കുക എന്നതും മറ്റൊരു മാർഗമാണ്. ഇന്ധനങ്ങളെ ജി.എസ്.ടി ശൃംഖലക്കു കീഴിൽ കൊണ്ടുവന്ന് അമിത നികുതിഭാരം ഒഴിവാക്കുന്നത് വലിയ ആശ്വാസമാകും.

ഉപഭോക്തൃ സംരക്ഷണത്തെപ്പറ്റിയും ആലോചിക്കേണ്ടതുണ്ട്. E20 പിൻവലിക്കുന്നില്ലെങ്കിൽ പ്രസ്തുത ഇന്ധനംമൂലം ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ പ്രത്യേക വാറന്റി നിബന്ധനകൾ നിർബന്ധമാക്കുന്നതും നന്നായിരിക്കും. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഉൽപന്നം വാങ്ങിയ ചെലവിനുമേൽ വീണ്ടും അറ്റകുറ്റ പണികൾക്ക് പണം ചെലവഴിക്കേണ്ടിവരുന്നത് ഒരുതരത്തിൽ ഉപഭോക്താവിന്റെ അവകാശങ്ങളുടെ ധ്വംസനമാണ്. മുമ്പു സൂചിപ്പിച്ചതുപോലെ ലാഭവിഹിതം പൗരന്മാർക്ക് നൽകുക എന്നത് പരിഗണിക്കേണ്ട ആവശ്യമാണ്. ഇപ്പോഴത്തെ നടപടിയുമായി മുന്നോട്ടു പോവുകയാണെങ്കിൽ എഥനോൾ കലർത്തുന്നതിലൂടെ എണ്ണക്കമ്പനികൾക്കു ലഭിക്കുന്ന ഉൽപാദന ലാഭം ഇന്ധനവില കുറച്ചുകൊണ്ട് സാധാരണക്കാർക്ക് കൈമാറുക എന്നത് സാമാന്യനീതിക്കു നിരക്കുന്ന കാര്യം മാത്രമാണ്.

 

E20 പെട്രോളിനെതിരെ സി.ജെ.പി സമരം

E20 പെട്രോൾ നിർബന്ധമാക്കുന്നതിനും അതിന്റെ സാങ്കേതിക-സാമ്പത്തിക പ്രത്യാഘാതങ്ങൾക്കും എതിരെ സി.ജെ.പി (Citizens for Justice and Peace) പോലുള്ള ജനകീയ മനുഷ്യാവകാശ-സാമൂഹിക പ്രസ്ഥാനങ്ങൾ ആരംഭിച്ചിട്ടുള്ള സമരങ്ങൾ വരുംദിവസങ്ങളിൽ ഫലം കാണുമോ എന്നത് ജനാധിപത്യ സമൂഹത്തിൽ വലിയൊരു ചോദ്യചിഹ്നമാണ്. സർക്കാറിന്റെ നയപരമായ തീരുമാനങ്ങൾ പൂർണമായി റദ്ദാക്കാൻ ഇത്തരം സമരങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽപോലും, അവ ചില പ്രധാനതലങ്ങളിൽ വ്യക്തമായ ഫലങ്ങൾ ഉണ്ടാക്കാൻ പ്രാപ്തമാണ്. നിയമപരമായ സമ്മർദമാണ് അതിൽ ഒന്നാമത്തേത്. സി.ജെ.പിപോലുള്ള പ്രസ്ഥാനങ്ങൾക്ക് കോടതികളിൽ ഹർജികൾ സമർപ്പിച്ചുകൊണ്ട് തങ്ങളുടെ പോരാട്ടം ശക്തമാക്കാനാകും.

ജനങ്ങളുടെ സ്വത്തിന് (വാഹനങ്ങൾ) നാശനഷ്ടമുണ്ടാക്കുന്നതും ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്നതുമായ തീരുമാനങ്ങൾക്കെതിരെ പൊതുതാൽപര്യ ഹരജികൾ (PIL) എത്തുമ്പോൾ, പഴയ വാഹനങ്ങൾക്കായി E0/E10 പെട്രോൾ പമ്പുകളിൽ ലഭ്യമാക്കാൻ കോടതികൾ സർക്കാറിനോട് നിർദേശിച്ചേക്കാം. ജനകീയ ബോധവത്കരണമാണ് രണ്ടാമത്തെ ഫലം. E20 തങ്ങൾക്കുണ്ടാക്കുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ഭൂരിഭാഗം സാധാരണക്കാർക്കും അറിവില്ല. ശാസ്ത്രീയ പഠനങ്ങളും അനുഭവങ്ങളും മുൻനിർത്തി സി.ജെ.പി നടത്തുന്ന പ്രചാരണങ്ങൾ ജനങ്ങളെ ചിന്തിപ്പിക്കുകയും ഭരണകൂടത്തിനെതിരെ ജനവികാരം രൂപപ്പെടുത്തുകയും ചെയ്യും. മുമ്പു സൂചിപ്പിച്ച ഉപഭോക്തൃ അവകാശ സംരക്ഷണമാണ് മൂന്നാമത്തെ ഫലം. E20 ഇന്ധനം ഉപയോഗിച്ച് വാഹനം കേടായാൽ അതിന് വൻകിട ഓട്ടോമൊബൈൽ കമ്പനികൾ വാറന്റി നൽകണമെന്നോ പരിഹാര തുക നൽകണമെന്നോ ഉള്ള നിബന്ധനകൾ കൊണ്ടുവരാൻ ഇത്തരം പ്രതിഷേധങ്ങൾ സർക്കാറിൽ സമ്മർദം ചെലുത്തും.

18ാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ഉപ്പിന്മേൽ ചുമത്തിയ ഗബെൽ നികുതി ജനങ്ങളെ തെരുവിലിറക്കിയതുപോലെ, ഭരണകൂടത്തിന്റെ ഇന്ധനക്കൊള്ളയും അതിരുകടക്കുകയാണ്. ജനങ്ങളുടെ നിശ്ശബ്ദതയെ അനുമതിയായി കണ്ട് നടത്തുന്ന ഈ അനീതികൾ അവസാനിപ്പിച്ച്, കോർപറേറ്റ് അച്ചുതണ്ടുകൾക്ക് അപ്പുറം പൗരന്റെ സാമ്പത്തിക ഭദ്രതക്കും അവകാശങ്ങൾക്കും മുൻഗണന നൽകുന്ന ഇന്ധന നയമാണ് രാജ്യത്ത് നിലവിൽ വരേണ്ടത്. സി.ജെ.പി ഉൾപ്പെടെ പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലുകളും ജനങ്ങളുടെ ഒന്നിച്ചുനിൽക്കലും മാത്രമാണ് ഭരണകൂടത്തെയും കോർപറേറ്റ് ലോബികളെയും ഇതിൽനിന്നും പിന്നോട്ട് വലിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.

ജനങ്ങളുടെ നിശ്ശബ്ദതയെ അനുമതിയായി കണ്ട് നടത്തുന്ന ഈ അശാസ്ത്രീയ നയങ്ങൾ തുടരുന്നത് രാജ്യത്തിന്റെ മൊത്തം സാമ്പത്തിക അടിത്തറയെയും ജനക്ഷേമത്തെയും ഒരുപോലെ തകർക്കും. E20 ഇന്ധന അടിച്ചേൽപിക്കൽ കേവലം ഇന്ധനവില വർധനയുടെ മാത്രം പ്രശ്നമല്ല; അത് വാഹനങ്ങളുടെ ആയുസ്സ് കുറച്ചും ഇടക്കിടെയുള്ള അറ്റകുറ്റപ്പണികളിലൂടെ പോക്കറ്റടിച്ചും മൈലേജ് ഇടിച്ച് ഇന്ധന ഉപഭോഗം വർധിപ്പിച്ചും സാധാരണക്കാരന്റെ വാങ്ങൽശേഷിയെ സങ്കീർണമായ രീതിയിൽ തകർത്തുകളയുന്ന ഒന്നാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം, സാങ്കേതികമായി പരാജയപ്പെട്ട ഒരു ഇന്ധനം അടിച്ചേൽപിക്കുന്നതിലൂടെയുണ്ടാകുന്ന ഈ അധിക സാമ്പത്തികഭാരം ജനങ്ങളുടെ ആഭ്യന്തര ഉപഭോഗശേഷി കുറക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

അതുകൊണ്ട്, മുതിർന്ന പൗരന്മാരുടെയും ചെറുപ്പക്കാരുടെയും എല്ലാം വാഹനങ്ങൾക്കു മേൽ സാങ്കേതികവും സാമ്പത്തികവുമായ പ്രഹരമേൽപിച്ചുകൊണ്ട് കെട്ടിപ്പടുക്കുന്ന ഒരു ധനസമാഹരണ മോഡലിനും ദീർഘകാല നിലനിൽപില്ലെന്ന് ഭരണകൂടങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. കോർപറേറ്റ് ലോബികളുടെ താൽപര്യങ്ങൾക്കപ്പുറം, പ്രായോഗികമായ ഇന്ധന ഓപ്ഷനുകൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുനൽകുകയും സാമാന്യ ജനങ്ങളുടെ സ്വത്തിനും സാമ്പത്തിക സുരക്ഷിതത്വത്തിനും മുൻഗണന നൽകുകയും ചെയ്യുന്ന ശാസ്ത്രീയവും ജനകീയവുമായ ഒരു പുതിയ ഇന്ധനനയം അടിയന്തരമായി നടപ്പാക്കുക മാത്രമാണ് ഇതിനുള്ള ഒരേയൊരു ശാശ്വത പരിഹാരം.

Tags:    
News Summary - The Great Indian Fuel Extortion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.