ആത്മകഥയുടെ അതിരുകൾക്കപ്പുറം

അമ്പത് വർഷം മുമ്പ് പ്രസിദ്ധീകരിച്ച താരിഖ് അലി–കെ. ദാമോദരൻ സംഭാഷത്തിന്റെ പ്രസക്തി ഒട്ടും മങ്ങുന്നില്ല. വർത്തമാന കാലത്തും ‘ഒരാത്മകഥയായി’ മാറുന്ന ആ അഭിമുഖത്തെയും അതിലുന്നയിക്ക​െപ്പട്ട വിഷയങ്ങളെയും കുറിച്ച് പരിശോധിക്കുകയാണ് ലേഖിക. 1975ൽ ‘ന്യൂ ലെഫ്റ്റ് റിവ്യൂ’വിൽ പ്രസിദ്ധീകരിച്ച താരിഖ് അലി-കെ. ദാമോദരൻ സംഭാഷണം അസാധാരണമായ ഒരു രാഷ്ട്രീയ രേഖയാണ്. സാധാരണ രാഷ്ട്രീയ ആത്മകഥകളിൽനിന്ന് വ്യത്യസ്തമായി, സ്വന്തം ജീവിതത്തെ വിജയങ്ങളുടെയും നേട്ടങ്ങളുടെയും തുടർച്ചയായി അവതരിപ്പിക്കാനുള്ള ശ്രമം കെ. ദാമോദരന്റെ ഓർമകളിൽ കാണാനാവില്ല. മറിച്ച്, തന്റെ രാഷ്ട്രീയ ജീവിതത്തിലെ പരാജയങ്ങളെയും ആശയപരമായ പിഴവുകളെയും...

അമ്പത് വർഷം മുമ്പ് പ്രസിദ്ധീകരിച്ച താരിഖ് അലി–കെ. ദാമോദരൻ സംഭാഷത്തിന്റെ പ്രസക്തി ഒട്ടും മങ്ങുന്നില്ല. വർത്തമാന കാലത്തും ‘ഒരാത്മകഥയായി’ മാറുന്ന ആ അഭിമുഖത്തെയും അതിലുന്നയിക്ക​െപ്പട്ട വിഷയങ്ങളെയും കുറിച്ച് പരിശോധിക്കുകയാണ് ലേഖിക.

1975ൽ ‘ന്യൂ ലെഫ്റ്റ് റിവ്യൂ’വിൽ പ്രസിദ്ധീകരിച്ച താരിഖ് അലി-കെ. ദാമോദരൻ സംഭാഷണം അസാധാരണമായ ഒരു രാഷ്ട്രീയ രേഖയാണ്. സാധാരണ രാഷ്ട്രീയ ആത്മകഥകളിൽനിന്ന് വ്യത്യസ്തമായി, സ്വന്തം ജീവിതത്തെ വിജയങ്ങളുടെയും നേട്ടങ്ങളുടെയും തുടർച്ചയായി അവതരിപ്പിക്കാനുള്ള ശ്രമം കെ. ദാമോദരന്റെ ഓർമകളിൽ കാണാനാവില്ല. മറിച്ച്, തന്റെ രാഷ്ട്രീയ ജീവിതത്തിലെ പരാജയങ്ങളെയും ആശയപരമായ പിഴവുകളെയും തെറ്റായ വിലയിരുത്തലുകളെയും അദ്ദേഹം വിമർശനാത്മകമായി തിരിഞ്ഞുനോക്കുന്നു.

അതുകൊണ്ടുതന്നെ ഈ സംഭാഷണത്തിന് സത്യസന്ധമായ ഒരു ആത്മകഥയുടെ സ്വഭാവം കൈവരുന്നു. രാഷ്ട്രീയപ്രവർത്തകൻ സ്വന്തം ഭൂതകാലത്തെ പുനർനിർമിക്കുമ്പോൾ, സ്വാഭാവികമായും തന്റെ തീരുമാനങ്ങളെ ന്യായീകരിക്കാനും പരാജയങ്ങളെ മറച്ചുവെക്കാനും വിജയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനുമുള്ള സാധ്യതയുണ്ട്. എന്നാൽ, ദാമോദരന്റെ സമീപനം അതിൽനിന്ന് വ്യത്യസ്തമാണ്. താൻ ഒരിക്കൽ ഉറച്ചുവിശ്വസിച്ചിരുന്ന രാഷ്ട്രീയ നിലപാടുകളെപ്പോലും പിന്നീട് വിമർശനാത്മകമായി പരിശോധിക്കാൻ അദ്ദേഹം തയാറാകുന്നു. പ്രത്യേകിച്ച് സ്റ്റാലിനിസത്തോടുള്ള തന്റെ ആദ്യകാല അന്ധവിശ്വാസം, സോവിയറ്റ് രാഷ്ട്രീയത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ, പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളെ വിമർശന രഹിതമായി സ്വീകരിച്ച കാലഘട്ടം എന്നിവയെ അദ്ദേഹം മറച്ചുവെക്കുന്നില്ല.

തന്റെ രാഷ്ട്രീയബോധത്തിന്റെ വളർച്ചയെ അദ്ദേഹം നേരിട്ടുള്ള ഒരു വിജയഗാഥയായി അവതരിപ്പിക്കുന്നതിനു പകരം, തെറ്റുകളിൽനിന്നും സംശയങ്ങളിൽനിന്നും ആത്മവിമർശനത്തിൽനിന്നും രൂപപ്പെട്ട ദീർഘമായ ബൗദ്ധികയാത്രയായാണ് അവതരിപ്പിക്കുന്നത്.

‘ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ സ്മരണകൾ’ എന്ന കൃതി (പ്രസക്തി പബ്ലിഷേര്‍സ്) പൂർണമായും കെ. ദാമോദരനോടും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തോടും നീതിപുലർത്തുന്നത് 1975ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘New Left Review’ സംഭാഷണത്തിലെ ഒഴിവാക്കപ്പെട്ട ഭാഗങ്ങൾകൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ്. ഇത് വിവര്‍ത്തനം ചെയ്ത ടി.ടി. ശ്രീകുമാർ എന്ന സാമൂഹിക ചിന്തകൻ ഇന്ത്യൻ കമ്യൂണിസ്റ്റ് ചരിത്രത്തിലെ കെ. ദാമോദരന്റെ പങ്ക് ഒട്ടും ചോർന്നുപോകരുത് എന്ന ഉറച്ചബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവര്‍ത്തനവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. കൂടാതെ ഈ സംഭാഷണത്തില്‍ കടന്നുവരുന്ന വ്യക്തികള്‍, സംഭവങ്ങള്‍ പ്രസ്ഥാനങ്ങള്‍ രേഖകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ അടിക്കുറിപ്പുകളും എഡിറ്റര്‍ എന്നനിലയില്‍ ടി.ടി. ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത് സംഭാഷണത്തിന്റെ ഉള്ളറകളിലേക്ക് കടക്കാന്‍ വായനക്കാര്‍ക്ക് കൂടുതല്‍ സഹായകമാവുന്നു.

ഓർമയും ആത്മവിമര്‍ശനവും

ഇവിടെയാണ് ദാമോദരന്റെ ഓർമകൾക്ക് സവിശേഷമായ രാഷ്ട്രീയ പ്രസക്തി ലഭിക്കുന്നത്. താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും അതേ പ്രത്യയശാസ്ത്രത്തിന്റെ ചരിത്രപരമായ പ്രയോഗങ്ങളെയും പരിമിതികളെയും വിമർശനാത്മകമായി പരിശോധിക്കാനുള്ള ബൗദ്ധിക സ്വാതന്ത്ര്യവും അദ്ദേഹം ഒരേസമയം നിലനിർത്തുന്നു. പ്രത്യയശാസ്ത്രത്തോടുള്ള വിശ്വാസം വിമർശനത്തെ ഇല്ലാതാക്കുന്നില്ല മറിച്ച്, യഥാർഥ പ്രതിബദ്ധത സ്വന്തം വിശ്വാസങ്ങളെപ്പോലും ചോദ്യംചെയ്യാനുള്ള ധൈര്യം നൽകണമെന്ന നിലപാടാണ് അദ്ദേഹത്തിന്റെ ഓർമകളിൽ തെളിയുന്നത്. ഈ സവിശേഷത തന്നെയാണ് താരിഖ് അലി-കെ. ദാമോദരൻ സംഭാഷണത്തെ സാധാരണ ചോദ്യോത്തര രൂപത്തിൽനിന്ന് വ്യത്യസ്തമാക്കുന്നത്. ഇവിടെ താരിഖ് അലി കേവലം ചോദ്യങ്ങൾ ചോദിക്കുന്ന അഭിമുഖകാരനല്ല.

അദ്ദേഹത്തിന്റെ ചോദ്യങ്ങൾ ദാമോദരനെ സ്വന്തം ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കാനും ചില സംഭവങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും പുനർവിചിന്തനം ചെയ്യാനും പ്രേരിപ്പിക്കുന്നു. ആത്മകഥയിൽ സാധാരണയായി ‘ഞാൻ’ ആണ് സംസാരിക്കുന്നത്. എന്നാല്‍ ഇവിടെ ദാമോദരൻ ഓർക്കുന്നു, താരിഖ് അലി ചോദ്യംചെയ്യുന്നു, ദാമോദരൻ വിശദീകരിക്കുന്നു . ചിലപ്പോൾ സ്വന്തം മുൻനിലപാടുകളെത്തന്നെ തിരുത്തുന്നു. അങ്ങനെ സംഭാഷണം മുന്നോട്ടുപോകുമ്പോൾ വ്യക്തിപരമായ ഓർമ ക്രമേണ രാഷ്ട്രീയമായ ആത്മപരിശോധനയായി മാറുന്നു. അതുകൊണ്ട് ഈ സംഭാഷണം dialogic autobiography ‘സംവാദാത്മക ജീവചരിതം’ ആയി വായിക്കാം. അഥവാ, ദാമോദരന്റെ ആത്മകഥ ഒറ്റക്ക് എഴുതപ്പെട്ട ആത്മകഥയല്ല; അത് സംഭാഷണത്തിലൂടെ ചുരുള്‍നിവരുന്ന ആത്മകഥനമാണ്.

താരിഖ് അലി ‘ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ സ്മരണകൾ’ എന്ന ഈ മലയാളം എഡിഷനുവേണ്ടിയുള്ള അവതാരികയിൽ എഴുതുന്ന ചില വാക്കുകൾ ആ കൃതിയുടെ മുഴുവൻ രാഷ്ട്രീയ പ്രസക്തിയെയും പ്രകാശിപ്പിക്കുന്നവയാണ്. നാം ജീവിക്കുന്നത് ഒരു ‘ഇരുണ്ട കാലത്ത്’ ആണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. അമേരിക്കയുടെ സമഗ്രാധിപത്യ സംസ്കാരം ദുർബലരായ രാജ്യങ്ങളെ പുതിയ രൂപങ്ങളിൽ കോളനികളാക്കിക്കൊണ്ടിരിക്കുന്ന കാലം. വലതുപക്ഷ രാഷ്ട്രീയം അധികാരത്തിന്റെ വിവിധ രൂപങ്ങൾ കൈവരിക്കുകയും വംശീയവും സാമൂഹികവുമായ വിഭജനങ്ങളെ രൂക്ഷമാക്കുകയും ചെയ്യുന്ന കാലം. ജനാധിപത്യത്തിന്റെ ഭാഷക്കുള്ളിൽതന്നെ അധിനിവേശത്തിന്റെയും അസമത്വത്തിന്റെയും അധികാരത്തിന്റെയും പുതിയ വ്യാകരണങ്ങൾ രൂപപ്പെടുന്ന കാലം. ഈ ഇരുണ്ട രാഷ്ട്രീയ പശ്ചാത്തലത്തിലാണ് താരിഖ് അലി കെ. ദാമോദരനെ വീണ്ടും നമ്മുടെ മുന്നിലേക്ക് കൊണ്ടുവരുന്നത്.

കെ. ദാമോദരന്‍റെ സ്മരണകള്‍ ഇന്ന് വായിക്കേണ്ടത് ഒരു പഴയ കമ്യൂണിസ്റ്റ് നേതാവിന്റെ ഓർമകൾ എന്നനിലയിൽ മാത്രമല്ല, ടി.ടി. ശ്രീകുമാറിന്റെ വായനയിൽ. ദാമോദരന്റെ ജീവിതവും ചിന്തയും ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക യാഥാർഥ്യങ്ങളുമായി സംവദിക്കുന്ന ജീവിച്ചിരിക്കുന്ന ചരിത്രമാണ്. ദാമോദരന്റെ ആത്മകഥയിൽ വ്യക്തിജീവിതവും രാഷ്ട്രീയചരിത്രവും വേർതിരിക്കാനാകാത്തവിധം പരസ്പരം ഇഴചേർന്നിരിക്കുന്നു. ദാമോദരന്റെ സവിശേഷത, മാർക്സിസത്തെ കേവലം അടഞ്ഞ സിദ്ധാന്തമായി കാണാതെ ഇന്ത്യൻ സമൂഹത്തിന്റെ സങ്കീർണമായ ചരിത്ര സാംസ്കാരിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ചിന്തിക്കാൻ ശ്രമിച്ചതിലാണ്.

ഇന്ത്യൻ ദർശനം, മതം, ജാതി, സാമൂഹിക ഘടന, ദേശീയത തുടങ്ങിയ വിഷയങ്ങളെ മാർക്സിസ്റ്റ് വിമർശനത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ച അദ്ദേഹം, മാർക്സിസത്തിന് ഇന്ത്യൻ അനുഭവ പരിസരം സൃഷ്ടിക്കാൻ ശ്രമിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിന്ത ഇന്നും പ്രസക്തമാണ് എന്ന് ടി.ടി. ശ്രീകുമാർ സമർഥിക്കുന്നു. ടി.ടി. ശ്രീകുമാർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന കാര്യം ദാമോദരന്റെ ചിന്തയിലെ സ്വതന്ത്രതയും ബൗദ്ധിക ധൈര്യവുമാണ്. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളെമാത്രം ആവർത്തിക്കാതെ, ഇന്ത്യൻ യാഥാർഥ്യത്തെ സ്വന്തം ബൗദ്ധികാനുഭവത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ ദാമോദരൻ തയാറായി.

സോവിയറ്റ് മാർക്സിസത്തോടും പാർട്ടി കേന്ദ്രീകരണത്തോടുമുള്ള വിമർശനാത്മക സമീപനം, ഗ്രാംഷി, ലൂക്കാച്ച്, ന്യൂ ലെഫ്റ്റ് തുടങ്ങിയ ചിന്താധാരകളിലേക്കുള്ള തുറന്ന മനസ്സ് എന്നിവ അദ്ദേഹത്തെ ഒരു വ്യത്യസ്ത മാർക്സിസ്റ്റ് ചിന്തകനായി അടയാളപ്പെടുത്തുന്നു. ഇവിടെയാണ് ദാമോദരന്റെ ആത്മകഥാപരമായ പ്രാധാന്യം കൂടുതൽ തെളിഞ്ഞുവരുന്നത്. “ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ സ്മരണകള്‍” എന്നത് ഒരു വ്യക്തിയുടെ ജീവിതകഥ മാത്രമല്ല അതിലൂടെ ഒരു തലമുറയുടെ രാഷ്ട്രീയസ്വപ്നങ്ങളും പരാജയങ്ങളും സംശയങ്ങളും പ്രതീക്ഷകളും രേഖപ്പെടുത്തപ്പെടുന്നു. ജയിലും പാർട്ടിജീവിതവും രാഷ്ട്രീയ സംഘർഷങ്ങളും വ്യക്തിബന്ധങ്ങളും ബൗദ്ധികാന്വേഷണങ്ങളുമെല്ലാം ചേർന്നാണ് ദാമോദരന്റെ ആത്മകഥ രൂപപ്പെടുന്നത്.

ഇന്നത്തെ കാലത്ത് ദാമോദരനെ വീണ്ടും വായിക്കുമ്പോൾ, അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് ഉയരുന്ന ഒരു ചോദ്യം നമ്മെ അസ്വസ്ഥരാക്കുന്നു: സ്വന്തം രാഷ്ട്രീയത്തോടുള്ള പ്രതിബദ്ധതയും അതിനെ വിമർശനാത്മകമായി പുനഃപരിശോധിക്കാനുള്ള സ്വാതന്ത്ര്യവും ഒരുമിച്ച് സാധ്യമാണോ? ദാമോദരന്റെ ജീവിതം അതിന് സങ്കീർണമെങ്കിലും പ്രസക്തമായ മറുപടി നൽകുന്നു. അതുകൊണ്ട് ദാമോദരന്റെ സമകാലികത അദ്ദേഹത്തിന്റെ പഴയ രാഷ്ട്രീയ മുദ്രാവാക്യങ്ങളിലല്ല, ചോദ്യംചെയ്യാനുള്ള ധൈര്യത്തിലാണ്. ചരിത്രത്തെ പുനർവായിക്കാനും, സ്വന്തം വിശ്വാസങ്ങളെപ്പോലും വിമർശനത്തിന് വിധേയമാക്കാനും ഇന്ത്യൻ സമൂഹത്തിന്റെ വൈവിധ്യങ്ങളെ ഉൾക്കൊണ്ട് മാർക്സിസത്തെ പുനർചിന്തിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമത്തിലാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസക്തി നമുക്ക് കണ്ടെത്തുവാന്‍ കഴിയുക.

കേരളത്തിലെ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച വ്യക്തി, എന്നാൽ അദ്ദേഹത്തിന്‍റെ ആ സാധാരണ ജീവിതത്തിൽനിന്ന് ഉയർന്നുവന്ന രാഷ്ട്രീയബോധം പിന്നീട് ഇന്ത്യൻ കമ്യൂണിസത്തിന്റെ ചരിത്രത്തിലെ അസാധാരണമായ അധ്യായങ്ങളിലൊന്നായി മാറുന്നു. ദാമോദരന്റെ ജീവിതം വ്യക്തിയുടെ ജീവിതചരിത്രം മാത്രമല്ല, ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെയും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളി കർഷക സമരങ്ങളുടെയും മാർക്സിസ്റ്റ് ചിന്തയുടെയും ചരിത്രവുമായി ചേർന്നുനിൽക്കുന്ന രാഷ്ട്രീയ ജീവിതമാണ്. അതുകൊണ്ടുതന്നെ താരിഖ് അലിയുടെ അവതാരികയിലെ ദാമോദരനെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ ഒരു സാധാരണ അനുസ്മരണമായി വായിക്കാനാവില്ല.

ചരിത്രം ഒരാളെ മറന്നാലും ചില കാലഘട്ടങ്ങൾ ചില മനുഷ്യരിൽ ജീവിച്ചുകൊണ്ടിരിക്കും എന്ന തിരിച്ചറിവാണ് അതിലുള്ളത്. കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച കെ. ദാമോദരൻ തന്റെ ജീവിതകാലത്ത് ഇന്ത്യൻ കമ്യൂണിസത്തിന്റെ ചരിത്രത്തെ അനുഭവിക്കുകയും നിർമിക്കുകയും ചോദ്യംചെയ്യുകയും ചെയ്തതുകൊണ്ടാണ് അദ്ദേഹം ഇന്ന് ഒരു വ്യക്തി എന്നതിലുപരി വലിയൊരു രാഷ്ട്രീയ സ്മരണയായി നമ്മുടെ ഉള്ളിൽ നിലകൊള്ളുന്നത്.

താരിഖ് അലി ദാമോദരന്റെ പ്രസക്തിയെ ഇത്രയും മനോഹരമായി അടയാളപ്പെടുത്തുന്നതിന്റെ കാരണവും ഇതാണ്. ദാമോദരനെ ഭൂതകാലത്തിന്റെ അവശിഷ്ടമായി അദ്ദേഹം അവതരിപ്പിക്കുന്നില്ല. മറിച്ച്, ഇന്നത്തെ ഇരുണ്ട രാഷ്ട്രീയകാലത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ചരിത്രസാക്ഷിയായി അദ്ദേഹത്തെ പുനഃസ്ഥാപിക്കുന്നു. ദാമോദരന്റെ കാലവും നമ്മുടെ കാലവും ഒരുപോലെയല്ല. രാഷ്ട്രീയ സാഹചര്യങ്ങളും സാമൂഹിക ഘടനകളും മാറിയിരിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപവും അതിന്റെ രാഷ്ട്രീയഭാഷയും മാറിയിട്ടുണ്ട്. എന്നാൽ അധികാരം, അധിനിവേശം, വർഗവ്യത്യാസം, ചൂഷണം, ജനാധിപത്യം, പ്രത്യയശാസ്ത്രം തുടങ്ങിയ ചോദ്യങ്ങൾ അപ്രത്യക്ഷമായിട്ടില്ല.

മറിച്ച് അവ പുതിയ രൂപങ്ങളിൽ നമ്മുടെ മുന്നിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ദാമോദരന്റെ രാഷ്ട്രീയജീവിതത്തിലേക്കുള്ള തിരിച്ചുനോട്ടം ഒരു പഴയ കാലത്തിന്റെ ചരിത്രപഠനം മാത്രമാകുന്നില്ല, നമ്മുടെ വർത്തമാനത്തെ വായിക്കാനുള്ള ഒരു രാഷ്ട്രീയ ഉപാധിയായി അത് മാറുന്നു. ദാമോദരന്റെ പ്രസക്തി ഇതിലും സുന്ദരമായി വ്യാഖ്യാനിക്കാൻ ഒരുപക്ഷേ വളരെ പ്രയാസമാണ്. ഒരു സാധാരണ ഗ്രാമത്തിൽനിന്ന് ചരിത്രത്തിന്റെ വലിയ വേദിയിലേക്ക് കടന്നുവന്ന ഒരു വ്യക്തിയുടെ ജീവിതം ഒരു പ്രസ്ഥാനത്തിന്റെ ചരിത്രവുമായി എങ്ങനെ ചേർന്നുപോകുന്നു എന്നതിന്റെ സാക്ഷ്യമാണ് അദ്ദേഹത്തിന്റെ ജീവിതം. അതിനേക്കാൾ പ്രധാനമായി, സ്വന്തം രാഷ്ട്രീയ വിശ്വാസങ്ങളെയും തെറ്റുകളെയും പുനഃപരിശോധിക്കാൻ തയാറായ ഒരു കമ്യൂണിസ്റ്റിന്റെ ബൗദ്ധിക സത്യസന്ധതകൂടിയാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലുള്ളത്. അതിനാൽ, ‘ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ സ്മരണകൾ’ വായിക്കുമ്പോൾ നാം കെ. ദാമോദരനെ മാത്രമല്ല വായിക്കുന്നത്. ഒരു കാലഘട്ടം സ്വയം ഓർക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്ന അനുഭവമാണത്.

വൈരുധ്യങ്ങളും ഉള്‍ക്കാഴ്ചകളും

ദാമോദരന്റെ ഓർമക്കുറിപ്പിൽ, 1930കളിലും 1940കളിലും ബ്രിട്ടീഷ് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റുകാർ അനുഭവിച്ച ജയിൽവാസവും പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകളിലെ മാറ്റങ്ങളും പ്രധാനപ്പെട്ട വിഷയങ്ങളാണ്. രണ്ടാം ലോകയുദ്ധത്തിന്റെ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷ് സർക്കാറിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയതിനെ തുടർന്ന് പല കമ്യൂണിസ്റ്റ് നേതാക്കളും ജയിലിൽനിന്ന് മോചിതരായി. എന്നാൽ ദാമോദരന്റെ അനുഭവത്തിൽ, തന്റെ മോചനം വൈകുകയും പാർട്ടിയുടെ നിലപാടുമാറ്റത്തിന്റെ പശ്ചാത്തലത്തിൽ താൻ ഏറെക്കാലം തടവിൽ തുടരുകയും ചെയ്തതായി അദ്ദേഹം രേഖപ്പെടുത്തുന്നു.

സംഭാഷണത്തിൽ “താൻ അവസാനമായി മോചിതനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു” എന്നതരത്തിലുള്ള ദാമോദരന്റെ ഓർമയെ അച്യുതമേനോൻ ചോദ്യംചെയ്യുന്നു. ദാമോദരന്റെ മോചനത്തിനുശേഷവും ചില പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കൾ ജയിലിൽ തുടർന്നിരുന്നുവെന്നതിന് കത്തുകളും മറ്റു രേഖകളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതിനാൽ, വ്യക്തിപരമായ ഓർമയെ മാത്രം അടിസ്ഥാനമാക്കി ചരിത്രസത്യത്തെ നിർണയിക്കാനാവില്ലെന്നാണ് അച്യുതമേനോന്റെ നിലപാട്. എന്നാൽ ദാമോദരന്റെ നിലപാട് കേവലം “ആരാണ് ആദ്യം മോചിതനായത്, ആരാണ് അവസാനമായി മോചിതനായത്” എന്ന പ്രശ്നത്തിൽ ഒതുങ്ങുന്നില്ല. തന്റെ അനുഭവങ്ങളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തെ രാഷ്ട്രീയ സംഘർഷങ്ങളും വ്യക്തികളുടെ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളും വ്യക്തമാക്കുകയാണ് ദാമോദരൻ ചെയ്യുന്നത്. പാർട്ടിയുടെ പൊതുനയവും വ്യക്തിഗത കമ്യൂണിസ്റ്റുകളുടെ രാഷ്ട്രീയബോധ്യങ്ങളും എല്ലായ്പോഴും ഒരുപോലെ ആയിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഓർമകൾ സൂചിപ്പിക്കുന്നു.

ദാമോദരന്റെ കാഴ്ചപ്പാടിൽ, ചരിത്രം ഔദ്യോഗിക പാർട്ടി രേഖകളിൽമാത്രം നിലനിൽക്കുന്ന ഒന്നല്ല അതിൽ വ്യക്തികളുടെ ജീവിതാനുഭവങ്ങൾക്കും ഓർമകൾക്കും വലിയ സ്ഥാനമുണ്ട്. ജയിൽവാസം, ഒളിവുജീവിതം, പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ, രാഷ്ട്രീയ തീരുമാനങ്ങളുടെ വ്യക്തിജീവിതത്തിലുണ്ടാക്കിയ ആഘാതങ്ങൾ എന്നിവ നേരിട്ടറിഞ്ഞ ഒരാളെന്ന നിലയിലാണ് അദ്ദേഹം തന്റെ അനുഭവങ്ങൾ രേഖപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ, തന്റെ ഓർമകൾക്ക് ചരിത്രപരമായ സാക്ഷ്യമൂല്യമുണ്ടെന്നാണ് ഇത്തരം വിമർശനങ്ങളോടുള്ള ദാമോദരന്റെ സമീപനം.

ഇന്ത്യൻ കമ്യൂണിസ്റ്റ് ചരിത്രത്തിൽ അസാധാരണമായൊരു ജീവിതം നയിച്ച വ്യക്തിയായിരുന്നു കെ. ദാമോദരൻ. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലഘട്ടത്തിലെ വളർച്ചയിലും മാർക്സിസ്റ്റ് ചിന്തയുടെ പ്രചാരണത്തിലും അദ്ദേഹം നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. എഴുത്തും രാഷ്ട്രീയ പ്രവർത്തനവും ഒരുപോലെ ആയുധമാക്കിയ ദാമോദരൻ, അറിവിനെ സമൂഹത്തിന്റെ വിമോചനത്തിനുള്ള ഉപാധിയായാണ് കണ്ടത്. മലയാളത്തിലും ഇംഗ്ലീഷിലുമായി ചരിത്രം, രാഷ്ട്രീയം, തത്ത്വചിന്ത, മതം, സംസ്കാരം തുടങ്ങിയ മേഖലകളിൽ അദ്ദേഹം രചിച്ച കൃതികൾ അദ്ദേഹത്തിന്റെ വിശാലമായ ബൗദ്ധികലോകത്തെ വെളിപ്പെടുത്തുന്നു.

Indian Thought: A Critical Survey, Man and Society in Indian Philosophy, Marx, Hegel and Sree sankara തുടങ്ങിയ കൃതികളിലൂടെ ഇന്ത്യൻ ദാർശനിക പാരമ്പര്യത്തെയും മാർക്സിസത്തെയും തമ്മിൽ സംവദിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. മലയാളത്തിലെ പുരോഗമന സാഹിത്യത്തിന്റെയും മാർക്സിസ്റ്റ് ചിന്തയുടെയും വളർച്ചയിലും അദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. ദാമോദരന്റെ ജീവിതം പുസ്തകങ്ങളിലെ ചിന്തയുടെ മാത്രം ചരിത്രമായിരുന്നില്ല. ജയിൽവാസവും രാഷ്ട്രീയ സംഘർഷങ്ങളും പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും അതിന്റെ ഭാഗമായിരുന്നു.

സ്വന്തം അനുഭവങ്ങളെ അദ്ദേഹം ഓർമകളിലൂടെ രേഖപ്പെടുത്തിയപ്പോൾ, ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ജീവിതത്തിനൊപ്പം ഒരു കാലഘട്ടത്തിന്റെ വേദനകളും പ്രതീക്ഷകളും അതിൽ പതിഞ്ഞുകിടക്കുന്നത്‌ നമുക്ക് കാണാന്‍ കഴിയും: അറിവിനെയും രാഷ്ട്രീയത്തെയും ജനങ്ങളുടെ വിമോചനവുമായി ബന്ധിപ്പിക്കാനുള്ള ഒരു മനുഷ്യന്റെ നിരന്തരമായ ശ്രമം. കാലം കടന്നുപോയിട്ടും കെ. ദാമോദരൻ മാഞ്ഞുപോകാത്തത് അതുകൊണ്ടാണ്. രാഷ്ട്രീയ പ്രവർത്തകനായി മാത്രമല്ല, ചിന്തയെ ജീവിതമാക്കിയ ബുദ്ധിജീവിയായും, കേരളത്തിന്റെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമയായും അദ്ദേഹം ഇന്നും ജീവിക്കുന്നു.

ദാമോദരന്റെ ആത്മകഥയിലെ ഏറ്റവും ആത്മസ്പര്‍ശിയായ ഭാഗം സ്റ്റാലിനിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വയംവിമർശനമാണ്. ആദ്യകാലത്ത് സ്റ്റാലിനെ അദ്ദേഹം “മഹാനായ അധ്യാപകൻ” എന്നനിലയിൽ സ്വീകരിച്ചിരുന്നു. സോവിയറ്റ് യൂണിയനെ വിമർശിക്കുന്നത് സോഷ്യലിസത്തെത്തന്നെ വിമർശിക്കുന്നതാണെന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ ധാരണ. സ്റ്റാലിന്റെ കാലത്തെ ശുദ്ധീകരണങ്ങളും ട്രോട്സ്കിയെയും ബുഖാറിനെയും സിനോവിയേവിനെയും കുറിച്ചുള്ള ഔദ്യോഗിക പാർട്ടി വ്യാഖ്യാനങ്ങളും ശരിയാണെന്ന് അദ്ദേഹം ആത്മാർഥമായി വിശ്വസിച്ചിരുന്നു. പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ ഈ അന്ധമായ വിശ്വാസത്തെ അദ്ദേഹം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു ദുരന്തം എന്നനിലയിലാണ് വിലയിരുത്തുന്നത്. 1956ലെ ക്രൂഷ്ചേവിന്റെ പ്രസംഗം അദ്ദേഹത്തിൽ വലിയ സംശയങ്ങൾ സൃഷ്ടിച്ചു. എന്നാൽ “1956ൽ സ്റ്റാലിനിസത്തിൽനിന്ന് താൻ പൂർണമായി വേർപെട്ടുവെന്ന് കരുതിയെങ്കിലും, പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ അത് അങ്ങനെയായിരുന്നില്ല” എന്ന ആത്മവിമർശനമാണ് ദാമോദരന്റെ സൈദ്ധാന്തിക വളർച്ചയുടെ ആഴം കാട്ടിത്തരുന്നത്.

 

അവസാനിക്കാത്ത പ്രസക്തി

ദാമോദരന്റെ പ്രത്യേകത മാർക്സിസത്തെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള സിദ്ധാന്തമായി കാണാതിരുന്നതിലാണ്. ചരിത്രപരമായ ഭൗതികവാദം അദ്ദേഹത്തിന്റെ അടിസ്ഥാന രീതിയായിരുന്നു. എന്നാൽ ഇന്ത്യൻ ചരിത്രത്തെ യൂറോപ്യൻ മാതൃകയിൽ യാന്ത്രികമായി വായിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യൻ സമൂഹത്തിലെ ജാതി, മതം, ദേശീയത, കാർഷികബന്ധങ്ങൾ, ഇന്ത്യൻ ബൂർഷ്വാസിയുടെ സ്വഭാവം, കോൺഗ്രസിന്റെ സാമൂഹിക അടിത്തറ തുടങ്ങിയവയെ കണക്കിലെടുക്കാതെ ഇന്ത്യൻ വിപ്ലവത്തെ മനസ്സിലാക്കാനാവില്ല. കമ്യൂണിസ്റ്റ് ഇന്റർനാഷനൽ ഇന്ത്യൻ ബൂർഷ്വാസിയുടെയും കോൺഗ്രസിന്റെയും ആപേക്ഷിക സ്വയംഭരണത്തെ (relative autonomy) ശരിയായി മനസ്സിലാക്കിയില്ലെന്ന് ദാമോദരൻ പിന്നീട് വിമർശിച്ചു.

റഷ്യയിലും ഏഷ്യയിലും യൂറോപ്പിലും അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി നിരന്തരമായബന്ധം പുലര്‍ത്തിയ നേതാവായിരുന്നു ദാമോദരന്‍. ആഗോള കമ്യൂണിസ്റ്റ് നേതൃത്വവുമായുള്ള ബന്ധത്തിലും ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നനിലയിലുള്ള സ്വന്തമായ നിലപാടുകളും വ്യക്തിത്വവും അദ്ദേഹം കാത്തുസൂക്ഷിച്ചു. നർമവും ആക്ഷേപഹാസ്യവും സ്വയം പരിഹാസവും എല്ലാം ചേര്‍ന്നതാണ് അദ്ദേഹത്തന്റെ അനുഭവ കഥനം. ചൗ എന്‍ ലായിയും ഹോചിമിനും ക്രൂഷ്ചേവും മറ്റനേകം ലോകനേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകളുടെ രാഷ്ട്രീയാനുഭവവും ഈ സംഭാഷണത്തില്‍ പങ്കു​െവക്കപ്പെടുന്നുണ്ട്. ആ അർഥത്തില്‍ ഇത് കേവലം ഇന്ത്യയെക്കുറിച്ചോ കേരളത്തെക്കുറിച്ചോ ഉള്ള സ്മരണകളല്ല.

അന്താരാഷ്ട്രതലത്തിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ നടത്തുന്ന വിശകലനപരമായ ആത്മാന്വേഷണം കൂടിയാണ്. ആത്മകഥാപരമായ അർഥത്തിൽ ദാമോദരന്റെ വിദേശയാത്രകൾ വെറും ഭൂമിശാസ്ത്രപരമായ യാത്രകളല്ല. അവ ഒരു കമ്യൂണിസ്റ്റിന്റെ ബൗദ്ധികവും പ്രത്യയശാസ്ത്രപരവുമായ ഉള്ളിലൂടെയുള്ള യാത്രകളാണ്. സോവിയറ്റ് യൂനിയൻ, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളിലെ അനുഭവങ്ങൾ അദ്ദേഹം വിശ്വസിച്ചിരുന്ന സോഷ്യലിസ്റ്റ് മാതൃകകളെ പുനഃപരിശോധിക്കാനും സ്വന്തം രാഷ്ട്രീയബോധത്തെ വിമർശനാത്മകമായി വിലയിരുത്താനും പ്രേരിപ്പിച്ചു.

ഇന്ത്യൻ സാമൂഹികാവസ്ഥയിലെ സോഷ്യലിസ്റ്റ് പ്രയോഗത്തിന്റെ പരിമിതികളെക്കുറിച്ച് അദ്ദേഹം വെട്ടിത്തുറന്ന് പറയുന്നുണ്ട്. ഇതാണ് ദാമോദരന്റെ ചിന്തയുടെ ഏറ്റവും പ്രധാനപ്പെട്ട സമകാലിക പ്രസക്തി. റഷ്യൻ വിപ്ലവത്തിന്റെ മാതൃക ഇന്ത്യയിൽ അതേപടി ആവർത്തിക്കാനാവില്ല. ഇന്ത്യയുടെ സാമൂഹിക ഘടന യൂറോപ്പിൽനിന്ന് വ്യത്യസ്തമാണ്. ഇവിടെ ജാതി, മതം, ഭാഷ, ഗ്രാമീണ സാമൂഹികബന്ധങ്ങൾ, ദേശീയ പ്രസ്ഥാനം, ഇന്ത്യൻ ബൂർഷ്വാസിയുടെ സ്വഭാവം എന്നിവ വിപ്ലവരാഷ്ട്രീയത്തെ സങ്കീർണമാക്കുന്നു. ദാമോദരൻ തന്നെ പിന്നീട് തിരിച്ചറിഞ്ഞത്, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക രാഷ്ട്രീയ ഘടനയെ കമ്യൂണിസ്റ്റ് നേതൃത്വം വേണ്ടത്ര വിശകലനം ചെയ്തില്ല എന്നതാണ്.

പ്രത്യേകിച്ച് കോൺഗ്രസിനെ വെറും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഉപകരണമെന്നു കാണുകയും ഇന്ത്യൻ ബൂർഷ്വാസിയുടെ സ്വതന്ത്രമായ രാഷ്ട്രീയശേഷിയെ കുറച്ചുകാണുകയും ചെയ്തത് വലിയ സൈദ്ധാന്തിക പിഴവായിരുന്നു. അതുകൊണ്ടാണ് ദാമോദരന്റെ പ്രശസ്തമായ ആശയം ഇവിടെ പ്രസക്തമാകുന്നത്: സോഷ്യലിസം വിദേശത്തുനിന്ന് “ഇറക്കുമതി” ചെയ്യാൻ കഴിയില്ല ഇന്ത്യൻ സമൂഹത്തിന്റെ സ്വന്തം ചരിത്രപരമായ സാഹചര്യങ്ങളിൽനിന്നാണ് അതിന്റെ വഴി കണ്ടെത്തേണ്ടത്. അദ്ദേഹത്തിന്റെ ഈ സമീപനം അദ്ദേഹത്തെ യാന്ത്രിക മാർക്സിസ്റ്റിൽനിന്ന് ഇന്ത്യൻ സാഹചര്യത്തെ അടിസ്ഥാനമാക്കി സോഷ്യലിസ്റ്റ് സമൂഹനിർമിതിയെപ്പറ്റി പുനർചിന്തിച്ച ഒരു മാർക്സിസ്റ്റ് ചിന്തകനാക്കി മാറ്റുന്നു.

ഈ ആത്മപരിശോധനയുടെ തുടർച്ചയിലാണ് “പാർട്ടി എപ്പോഴും ശരിയാണ്” എന്ന ധാരണയോടുള്ള ദാമോദരന്റെ വിയോജിപ്പ് പ്രസക്തമാകുന്നത്. പാർട്ടിയുടെ തീരുമാനങ്ങളെ വിമർശനാതീതമായ സത്യമായി അംഗീകരിക്കുന്ന സമീപനത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നു. എന്നാൽ ഇത് മാർക്സിസത്തിൽനിന്നുള്ള വ്യതിചലനമല്ല. മറിച്ച്, പാർട്ടിയും ജനങ്ങളുടെ സ്വയംപ്രവർത്തനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ലെനിനിസ്റ്റ് ലക്സംബർഗിയൻ ചർച്ചകളുമായി അത് സംവദിക്കുന്നു. പകരം അതിനെ കൂടുതല്‍ പ്രസക്തമാക്കാന്‍ എന്തുചെയ്യണം, ചെയ്യരുത് എന്നതിലാണ് അദ്ദേഹത്തന്റെ ഊന്നല്‍. അതിനാൽ ദാമോദരന്റെ രാഷ്ട്രീയചിന്തയുടെ അവസാനഘട്ടത്തിൽ ഉയരുന്ന അടിസ്ഥാനചോദ്യം “എന്താണ് പാർട്ടി?” എന്നതാണ്. പാർട്ടി അപ്രമാദിത്വമുള്ള ഒരു അധികാരകേന്ദ്രമല്ല; ചരിത്രപരമായി പ്രവർത്തിക്കുകയും തെറ്റുകൾ സംഭവിക്കുകയും സ്വയംവിമർശനത്തിലൂടെ തിരുത്തപ്പെടുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സംഘടനയാണ്. ഈ അർഥത്തിൽ, ദാമോദരൻ പാർട്ടിയെ മാത്രമല്ല വിമർശിക്കുന്നത് ‘പാർട്ടി’ എന്ന ആശയത്തെയും അതിന്റെ പരമ്പരാഗത നിർവചനത്തെപ്പോലും പുനർനിർമിക്കുകയാണ്.

ദാമോദരന്‍ ഒരിക്കല്‍പ്പോലും പാര്‍ട്ടി എന്ന ആശയത്തെ തള്ളിപ്പറയുന്നില്ല. സിനിസിസ്റ്റുകളായ ട്രോട്സ്കിയിസ്റ്റുകള്‍ക്കോ കേവലരായ കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കോ പ്രസ്ഥാനങ്ങളെ അടിക്കാനുള്ള വടിയായി ഒരിക്കലും ഈ അഭിമുഖം മാറുന്നില്ല എന്നതാണ് ഈ പുതിയ വിവര്‍ത്തനത്തെയും സാർഥകമാക്കുന്നത്. ഇത് കൂടുതല്‍ വായിക്കപ്പെടുന്നത് ദാമോദരനെപ്പോലുള്ള ഉത്തമ കമ്യൂണിസ്റ്റ് മാതൃകകള്‍ പിന്നെയും ശരിയായി മനസ്സിലാക്കപ്പെടുന്നതിനാണ് സഹായിക്കുക. ഈ മഹത്തായ അഭിമുഖത്തിലെ വിമര്‍ശനപരമായ ചില വരികള്‍മാത്രം നിരന്തരം ഉദ്ധരിച്ചു ദാമോദരന്‍റെ ചിന്തകളെ ലഘൂകരിച്ചുകൊണ്ട് കമ്യൂണിസ്റ്റ് വിരുദ്ധതയില്‍ ആത്മസംതൃപ്തി അടയുന്നവര്‍ മനസ്സിലാക്കേണ്ടത് വായനക്കാര്‍ ഈ സ്മരണകളെ അവയുടെ സാകല്യത്തിലും അവ നല്‍കുന്ന വിശാലമായ വിപ്ലവസന്ദേശത്തിന്‍റെ പശ്ചാത്തലത്തിലുമാണ് വായിക്കുക എന്നതാണ്. ഇത് വായിക്കുന്നവര്‍ കമ്യൂണിസവുമായി അകലുകയല്ല, കൂടുതല്‍ ചേര്‍ന്നുനില്‍ക്കുകയാണ് ചെയ്യുക.

=====================

സൂചിക

1. ടി.ടി. ശ്രീകുമാർ, ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്റെ സ്മരണകൾ

2. Ali, Tariq. “Introduction to Damodaran.” New Left Review, I/93, September –October 1975

Tags:    
News Summary - Tariq Ali and K Damodaran Historic Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.