ഒരു മുദ്രാവാക്യത്തിന്റെ നാനാർഥവ്യാപ്തി
എസ്.ഐ.ആറിന്റെ പേരിൽ കോടിക്കണക്കിന് പൗരരെ വോട്ടർപട്ടികയിൽനിന്ന് വെട്ടിനീക്കി ജനാധിപത്യ അട്ടിമറി നടത്താൻ കൂട്ടുനിന്ന ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും ജെൻസികളുടെയും പ്രക്ഷോഭം പുതിയ തലങ്ങൾ തേടുകയാണ്. ഈ പ്രേക്ഷാഭത്തിന്റെ വേറിട്ട തലങ്ങളും സാധ്യതകളും വിശകലനം ചെയ്യുകയാണ് ചിന്തകൻകൂടിയായ ലേഖകൻ. "The lesson here is that the truly subversive thing is not to insist on ‘infinite’ demands we know those in power cannot fulfil. Since they know that we know it, such an ‘infinitely demanding’ attitude presents no problem for those in power: ‘So wonderful that, with your critical demands, you remind us what kind of world we would all like...
എസ്.ഐ.ആറിന്റെ പേരിൽ കോടിക്കണക്കിന് പൗരരെ വോട്ടർപട്ടികയിൽനിന്ന് വെട്ടിനീക്കി ജനാധിപത്യ അട്ടിമറി നടത്താൻ കൂട്ടുനിന്ന ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും ജെൻസികളുടെയും പ്രക്ഷോഭം പുതിയ തലങ്ങൾ തേടുകയാണ്. ഈ പ്രേക്ഷാഭത്തിന്റെ വേറിട്ട തലങ്ങളും സാധ്യതകളും വിശകലനം ചെയ്യുകയാണ് ചിന്തകൻകൂടിയായ ലേഖകൻ.
"The lesson here is that the truly subversive thing is not to insist on ‘infinite’ demands we know those in power cannot fulfil. Since they know that we know it, such an ‘infinitely demanding’ attitude presents no problem for those in power: ‘So wonderful that, with your critical demands, you remind us what kind of world we would all like to live in. ‘‘Unfortunately, we live in the real world, where we have to make do with what is possible. The thing to do is, on the contrary, to bombard those in power with strategically well-selected, precise, finite demands, which can’t be met with the same excuse."
– Slavoj Zizek
കാലത്തിന്മേൽ കൊത്തിവെച്ച മുദ്രാവാക്യമാണിത്: ‘It's done, Bro’. നാനാർഥ വ്യാപ്തിയോടെ രാജ്യത്തിന്റെ നാനാദിക്കുകളിലും ഈ മുദ്രാവാക്യം ആർത്തലക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജെൻസി പ്രസ്ഥാനമായ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) ഉയർത്തിയ മുദ്രാവാക്യം ഇന്ന് പുതിയ അർഥവ്യാപ്തി നേടിയിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖ്യധമനിയായ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച് അതിലൂടെയുള്ള ജനഹിതത്തിന്റെ സ്വച്ഛന്ദമായ ഒഴുക്കിൽനിന്നും അധികാരത്തിലുള്ളവർക്ക് ഹിതകരമല്ലാത്ത പൗരരെ അരിച്ചുകളയാനുള്ള ആസൂത്രിതനീക്കത്തെയാണ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും പുതുജന്യ രാഷ്ട്രീയ പ്രസ്ഥാനമായ സി.ജെ.പിയും എതിർക്കുന്നത്.
ഇത് ജനാധിപത്യം സംരക്ഷിക്കാനുള്ള ചെറുത്തുനിൽപിന്റെ സമരമാണ്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഇതിനെ പ്രതിരോധ സമരം (resistance) എന്ന് ഇടതുപക്ഷത്തിന്റെ വാഗാർഥത്താൽ വിശേഷിപ്പിച്ചത്. ഇന്ന് ജെൻസി ഉയർത്തുന്ന മുദ്രാവാക്യം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ മാത്രമല്ല, ഇത് നരേന്ദ്ര മോദിയുടെ ഭരണത്തുടർച്ചയോടുള്ള എതിരഭിപ്രായവുമാണ്. നരേന്ദ്ര മോദി സർക്കാർ പിന്തുടരുന്ന നയപരമായ സമീപനത്തോടുള്ള പ്രതിഷേധമാണ്. ഇന്ത്യയെ പിടിമുറുക്കിയിരിക്കുന്ന കോർപറേറ്റ് ഹിന്ദുത്വത്തിനു അന്ത്യം കുറിക്കുന്ന ജനേച്ഛയുടെ കൽപനയാണിത്. പൗരന്മാരെ വേർതിരിക്കുന്ന, അസമത്വങ്ങളെ പെരുകിപ്പിക്കുന്ന സാംസ്കാരിക ദേശീയതയുടെ വംശീയ നിലപാടുകൾക്കെതിരെയുള്ള പതറാത്ത ശബ്ദമാണിത്.
ബി.ജെ.പി സർക്കാർ 2014 അധികാരത്തിൽ വന്നതിനുശേഷം കാമ്പസുകളിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർഥികളുടെ മുന്നേറ്റത്തിൽ ഉയർന്നുകേട്ട ‘ആസാദി’ എന്ന മുദ്രാവാക്യവുമായി ഇതിനു സാരാംശബന്ധമുണ്ട്. ‘ആസാദി’ വിമോചനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ടുവെച്ചതെങ്കിൽ അതിന്റെ പ്രതിധ്വനിതന്നെയാണ് ‘ഇറ്റ്സ് ഡൺ, ബ്രോ’എന്ന മുദ്രാവാക്യത്തിലും കേൾവികൊള്ളുന്നത്. ഈ മുദ്രാവാക്യം സമാനസ്വഭാവമുള്ള മറ്റു മുദ്രാവാക്യങ്ങളെയും സൃഷ്ടിച്ചിരിക്കുന്നു. സാമ്പ്രദായിക രീതികൾ പിന്തള്ളിക്കൊണ്ടുള്ള പുതുമുദ്രാവാക്യങ്ങൾ രാഷ്ട്രീയത്തിന്റെ പരമ്പരാഗത ആശയങ്ങളെ തിരുത്തുന്നു എന്നുമാത്രമല്ല അത് സർഗാത്മകമായി രാഷ്ട്രീയത്തെ പുനർനിർമിക്കുകയും ചെയ്യുന്നു. അത്തരം മുദ്രാവാക്യങ്ങൾ ജനാധിപത്യത്തിലെ പുതുകാലത്തിന്റെ പിറവിയെ ദ്യോതിപ്പിക്കുന്നു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധം
രാഷ്ട്രീയത്തെ സർഗാത്മകമാക്കുന്നു
ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇന്നത്തെ യുവജനങ്ങളുടെയും പ്രതിപക്ഷ രാഷ്ട്രീയത്തിന്റെയും മുന്നേറ്റം. അധിനിവേശ ഭരണത്തിന്റെ നുകത്തിനു കീഴിൽ മനുഷ്യാന്തസ്സ് നഷ്ടപ്പെട്ട് ജീവിക്കാൻ വിധിക്കപ്പെട്ട ഒരു ജനത വെൺസാമ്രാജ്യത്തിനെതിരെ ഉയിർത്തെഴുന്നേറ്റപ്പോൾ ഒരു പുതുചരിത്രം രചിക്കപ്പെടുകയായിരുന്നു. അതുവരെ അനുഭവവേദ്യമായിരുന്ന സാമൂഹികബന്ധങ്ങളും പ്രതികരണരീതികളും മാറുകയായിരുന്നു. അതു കേവലമായ മാറ്റം മാത്രമായിരുന്നില്ല. പുതിയൊരു ഭാവന രാജ്യത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളെ വിമോചനത്തിന്റെ സാക്ഷാത്കാരത്തിനായി പ്രചോദിപ്പിക്കുകയായിരുന്നു.
വംശീയവും കൊളോണിയൽ മൂലധനത്തിന്റെ ഭാഗമായിട്ടുള്ള സാമ്പത്തിക സാമൂഹിക അസമത്വങ്ങളും അധിനിവേശത്തിന്റെ മർദകവ്യവസ്ഥയും തദ്ദേശീയ ജീവിതവ്യവസ്ഥകളെ മൃതപ്രായമാക്കിയിരുന്നു. വാസ്തവത്തിൽ, അന്നത്തെ പുതുതലമുറയാണ് അധിനിവേശ ഭരണത്തിനെതിരെ ഒരു പുതിയ ദേശീയ ഐക്യത്തിന്റെ ഭാവന വികസിപ്പിച്ചത്. ഒരൊറ്റ ജനതയായി സങ്കൽപിക്കാൻ പറ്റാത്തവിധത്തിൽ വംശീയ വേർതിരിവുകൾ സമൂഹത്തിനെ അനേകതലങ്ങളിൽ പിളർത്തിയിരുന്നു.
ദേശീയ പ്രസ്ഥാനം ആസാദിയുടെ മുദ്രാവാക്യം ഉയർത്തുമ്പോൾ അത് മതസൗഹാർദം എന്ന പുത്തനൊരു ആശയമായി ഇന്ത്യയിൽ എമ്പാടും പ്രതിധ്വനിച്ചു. ഒരു വിപത്സന്ധിയിലാണ് എപ്പോഴും വിമോചനാത്മകമായ പുതിയ ആശയങ്ങൾ രൂപപ്പെടുക. വിമോചനാത്മകമായ ആശയധാരകൾ സമൂഹത്തിൽ വ്യാപരിച്ചു. അതിനൊപ്പംതന്നെ പ്രതിലോമകരമായ ആശയവും എതിർ പ്രസ്ഥാനങ്ങളായി ഉയർന്നുവന്നു എന്നുള്ളത് വസ്തുതയാണ്. അതിനെയും നേരിട്ടാണ് ഇന്ത്യ വെൺഅധിനിവേശ ഭരണത്തിൽനിന്നും സ്വതന്ത്രമായത്.
‘ക്വിറ്റ് ഇന്ത്യ’ -വിമോചനത്തിന്റെ ആശയത്തെ മുഴുവൻ ആവാഹിച്ച ഒരു മുദ്രാവാക്യമായിരുന്നു. ആ മുദ്രാവാക്യത്തിന്റെ അലയൊലികൾ ഇന്ത്യയിലെ ജനങ്ങളെ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യധാരയിലേക്ക് അടുപ്പിച്ചു. 39 വയസ്സു മാത്രമുള്ള യുവാവായ യൂസഫ് മെഹറലിയാണ് ‘ക്വിറ്റ് ഇന്ത്യ’ എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത്. ഈ മുദ്രാവാക്യം ഗാന്ധിയൻ സമരതന്ത്രവുമായി യോജിച്ചപ്പോൾ ബ്രിട്ടീഷ് സാമ്രാജ്യത്തിനു അന്ത്യശാസനം നൽകുന്ന ഒരു പോരാട്ടത്തിന് ഇന്ത്യൻ ജനത ഒരുമിക്കുകയായിരുന്നു. മൂന്നു നൂറ്റാണ്ട് ഇന്ത്യയെ കീഴടക്കി ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വം ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അസ്തമിക്കുകയും ചെയ്തു.
മുദ്രാവാക്യം ജനതയുടെ ഇച്ഛയുടെ പ്രതിഫലനവും പ്രതിധ്വനിയുമാകുമ്പോൾ അത് തീർച്ചയായും ഒരു പുതിയ കാലത്തിനു പിറവി നൽകും. അതുകൊണ്ടാണ്, ‘ഇറ്റ്സ് ഡൺ, ബ്രോ’ എന്ന മുദ്രാവാക്യം ‘ക്വിറ്റ് ഇന്ത്യ’ പോലെയുള്ള ഒരു മുദ്രാവാക്യവുമായി സാദൃശ്യപ്പെടുന്നത്. അതിനകത്ത് ഒരു അന്ത്യസൂചനയും ഉണ്ട്, ഒപ്പം പുതുകാലത്തിന്റെ പിറവിയും ഉണ്ട്. ഇടക്കാലത്തിൽ പ്രത്യക്ഷപ്പെടുന്ന രാക്ഷസീയമായ അവസ്ഥകളെയും അനുഭവങ്ങളെയുമാണ് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളും യുവാക്കളും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് ഇന്ന് അഭിമുഖീകരിക്കുന്നത്. അപമാനിതരും പാർശ്വവത്കരിക്കപ്പെട്ടവരും പ്രാതിനിധ്യം ലഭിക്കാത്തവരുമായവരുടെ കാര്യത്തിൽ, പ്രതീക്ഷയുടെയും സമത്വത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന മനോഭാവത്തിന്റെയും നീതിയുടെയും ശബ്ദമാകുന്നു ഇന്ത്യയിൽ ഇന്ന് ഉടലെടുത്ത പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും യുവാക്കളുടെയും സിവിൽ സമൂഹ പ്രസ്ഥാനങ്ങളുടെയും ഐക്യദാർഢ്യത്തോടെയുള്ള പോരാട്ടം.
പ്രതിനിധാന ജനാധിപത്യത്തിന്റെ പ്രത്യേകത അത് ഓരോ പൗരനും അമൂല്യമായ വോട്ടവകാശം നൽകുന്നു എന്നുമാത്രമല്ല, ഇന്ത്യയിലെ മർദിതർക്കും പുറന്തള്ളപ്പെട്ടവർക്കും അവരുടെ രാഷ്ട്രീയ ഇച്ഛ പ്രകടിപ്പിക്കാനുള്ള സുവർണ അവസരവുമാകുന്നുവെന്നതാണ്. ഇതുകൊണ്ടാണ് ആധുനിക ഇന്ത്യ തെരഞ്ഞെടുപ്പിനെ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കിയത്. 1952ൽ തെരഞ്ഞെടുപ്പ് ഈ ദിശയിലുള്ള ഇന്ത്യയുടെ മുന്നേറ്റമാണ്. എങ്കിലും, ഇന്ത്യയിലെ പ്രതിലോമശക്തികൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ആധാരശിലയായ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ പലവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു.
ജന്മിമാരും ഭൂമിഹാർമാരും മർദിത ജനവിഭാഗങ്ങളുടെ വോട്ടവകാശത്തെ നിഷേധിച്ചുകൊണ്ട് ബൂത്ത് പിടിക്കുകയും ഇലക്ഷനെ അട്ടിമറിക്കുകയും ചെയ്ത സംഭവങ്ങൾ ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പലപ്പോഴും സംഭവിച്ചിട്ടുള്ളതാണ്. അതൊക്കെ നിയമവിരുദ്ധമായ അട്ടിമറികളാണ്. വോട്ടർ റോളിൽ കൃത്രിമം നടത്തുന്നതും പുതിയ കാര്യമല്ല. മരണപ്പെട്ടവരുടെ വോട്ടുകൾ ചെയ്യുന്നതിനെ ‘അസാധു’ വോട്ട് എന്ന് വിശേഷിപ്പിക്കുന്ന പ്രക്രിയ മലയാളികൾ കേട്ടിട്ടുണ്ടാവും. കള്ളവോട്ടുകൾ ചെയ്തു സ്ഥാനാർഥികളെ ജയിപ്പിക്കാനുള്ള കുതന്ത്രങ്ങളും നടത്തിയിട്ടുള്ള രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹരജി നൽകുന്നതിന് മുന്നോടിയായി ഇൻഡ്യ സഖ്യ നേതാക്കൾ ന്യൂഡൽഹിയിലെ ബരാഖംബ റോഡിൽ നടത്തിയ മാർച്ച്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഡി.കെ. ശിവകുമാർ, തേജസ്വി യാദവ് എന്നിവർ മുൻനിരയിൽ
ഇവക്കൊന്നും നിയമത്തിന്റെ പിന്തുണയുണ്ടായിരുന്നില്ല. എന്നാൽ, സമയബന്ധിതമായി വോട്ടർ പട്ടികയുടെ പരിഷ്കരണം എന്ന പേരിൽ തിടുക്കത്തോടെ അർധനിയമത്തിന്റെ (quasi-legal) പിന്തുണയോടെ നിയമത്താൽ വ്യവസ്ഥാപിതമായ ഭരണഘടന സ്ഥാപനം ഇലക്ഷൻ കമീഷൻതന്നെ വോട്ടർമാരെ ഒഴിവാക്കുന്നു എന്നുള്ള ആരോപണം ജനാധിപത്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. ഈ ആശങ്കയുടെ അടിസ്ഥാനം എന്നു പറയുന്നത് വോട്ടവകാശമുള്ള പൗരന്മാർക്ക് സമ്മതിദാന അവകാശം നിഷേധിക്കുന്നു എന്നുമാത്രമല്ല അവരെ പൗരത്വത്തിൽനിന്നുതന്നെ പുറന്തള്ളുകയാണ് ചെയ്യുന്നത്. ഇരട്ട അപകടമാണ് വോട്ടർ ലിസ്റ്റിൽനിന്നും ഒഴിവാക്കുമ്പോൾ സംഭവിക്കുന്നത്. വോട്ടവകാശം നിഷേധിക്കപ്പെടുന്നു. ഒപ്പം, പൗരത്വത്തിൽനിന്നുതന്നെ പുറത്താക്കപ്പെടുകയും ചെയ്യുന്നു. ഇതിനെതിരെയാണ് യുവജന രോഷം ഉയരുന്നത്.
ഫ്രാൻസിലും ചിലിയിലും സ്പെയിനിലും -ലോകമെമ്പാടും പടരുന്ന യുവജനരോഷം സാമ്പത്തിക അസമത്വം അവസാനിപ്പിക്കുന്നതിനും പൊതു ഇടങ്ങൾ വീണ്ടെടുക്കുന്നതിനും പൊതു സേവനങ്ങളുടെ വെട്ടിക്കുറക്കലിനുമെതിരെ മാത്രമല്ല, പോരാടുന്നത്, അതിലുപരിയായി സാമ്പത്തിക മുൻഗണനകൾ നിശ്ചയിക്കുന്നതിലും പൊതുവിഭവങ്ങൾ ഉപയോഗിക്കുന്നതിലും ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ പൊതുസേവനങ്ങളുടെ ഉള്ളടക്കത്തെ സ്വാധീനിക്കുന്നതിലും പങ്കാളികളാകാനുള്ള തങ്ങളുടെ അവകാശത്തിനും വേണ്ടിയാണ് അവർ പോരാടുന്നത്. തെരഞ്ഞെടുപ്പ് സമ്മതിദാനം അധികാരത്തിലുള്ള പങ്കാളിത്തമാണ് എന്ന നിലക്കാണ് കാണുന്നത്. ഈ പ്രതിഷേധങ്ങളുടെ പുതുമ നവ-ലിബറലിസത്തെ വിമർശിക്കുന്നുവെന്നു മാത്രമല്ല, മറിച്ച് അതു സൃഷ്ടിച്ച മിഥ്യാധാരണയിൽനിന്നുള്ള മോചനവും അതിനെത്തുടർന്ന് രാഷ്ട്രീയവ്യവസ്ഥകളിൽ നിർണായകമായ പങ്കാളിത്തം ആവശ്യപ്പെടുന്നതിലുമാണ്.
പുതുപ്രക്ഷോഭങ്ങളുടെ ജനാധിപത്യ ജീവസ്സ് സന്നിഹിതമായിരിക്കുന്നത് കോർപറേറ്റധിഷ്ഠിത മുൻഗണകൾ അവസാനിപ്പിച്ച് വിഭവവിതരണം സുതാര്യവും അക്കൗണ്ടബിളുമാകണമെന്ന ആവശ്യം മുഖ്യവിഷയമായി ഉന്നയിക്കുന്നതിലാണ്. മൂലധന വ്യവസ്ഥയെ അപ്പാടെ തകിടംമറിക്കുന്ന വിപ്ലവകരവും റാഡിക്കലുമായ പോരാട്ടമായി ഈ പ്രക്ഷോഭങ്ങളെ കാണാൻ പറ്റുകയില്ല. യഥാർഥത്തിൽ അത്തരമൊരു പ്രപ്പോസൽ വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാർട്ടികൾക്കുപോലുമിന്നില്ല എന്നതാണ് വസ്തുത. പകരം അധികാരത്തിൽ അന്തസ്സോടെയുള്ള പ്രാതിനിധ്യം അഥവാ പങ്കാളിത്തമെന്ന രാഷ്ട്രീയ നിർദേശമാണ് പുതു പ്രസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്നത്. സുതാര്യതയും അക്കൗണ്ടബിലിറ്റിയുമാണ് മുഖ്യ പ്രമേയം.
നിയതമായ സംഘടനാരൂപത്തെ ആശ്രയിക്കാതെ നിത്യമായി ആവിർഭവിച്ചുകൊണ്ടിരിക്കുന്ന (ever becoming) സംഭവങ്ങൾ (event) എന്ന പ്രായോഗിക സമരതന്ത്രമാണ് ഭൂതകാല രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നും വ്യതിരിക്തമായി പുതുതലമുറ പ്രസ്ഥാനങ്ങൾ ആവിഷ്കരിക്കുന്നത്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളോടും പുതുപ്രക്ഷോഭങ്ങൾ ആവശ്യപ്പെടുന്നത് യാഥാസ്ഥിതികമായ ബോധ്യങ്ങളിൽ ഉറച്ചുപോയ അധികാരകേന്ദ്രിതമായ സംഘടനാ സംവിധാനത്തെ നവീകരിക്കുവാനും ജനാധിപത്യവത്കരിക്കാനുമാണ്.
രാഷ്ട്രീയപ്രയോഗങ്ങളെ സർഗാത്മകമാക്കുന്ന സാമ്പ്രദായികാതീതമായ നൈസർഗികമായ മുന്നേറ്റങ്ങളാണ് പുതു സമരങ്ങൾ അനുഭവവേദ്യമാക്കുന്നത്. ഭരണഘടനാതത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യത്തോടുള്ള വീട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് പുതു രാഷ്ട്രീയത്തിന്റെ കാതൽ. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രപ്പോസലും ഇതുതന്നെയാണ് പ്രകടമാക്കുന്നത്. രാഹുൽ ഗാന്ധി കൈയിലേന്തിയിട്ടുള്ള ഏക സമരായുധം ഭരണഘടനയാണ്. രാഹുൽ ഗാന്ധി ഉയർത്തുന്ന മുദ്രാവാക്യം: സേവ് ഡെമോക്രസി, സേവ് ഇന്ത്യ എന്നാണ്.
സി.ജെ.പി നേതാക്കളായ അഭിജിത് ദിപ്കെ, രത്ന സിങ്, അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരെ കരുതൽ തടങ്കലിനുശേഷം വിട്ടയച്ചപ്പോൾ
സമരസാന്നിധ്യമായി ഗാന്ധിയും അംബേദ്കറും മാർക്സും
ഒക്ടോബർ പത്തിന് ഡൽഹിയിലെ ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി അഭിഷേക് ദീപ്കെ മുതലുള്ള സി.ജെ.പി നേതാക്കൾ ബംഗളൂരുവിൽനിന്നും ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോൾ വിമാനത്തിനകത്തുവെച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്ന വേളയിൽ ആദ്യമായി ഉയർന്ന മുദ്രാവാക്യം ‘ഭാരത് മാതാ കി ജയ്’ എന്നാണ്. തൊട്ടുപിന്നാലെ ഇൻക്വിലാബ് സിന്ദാബാദ്’ എന്ന സ്വാതന്ത്ര്യസമര മുദ്രാവാക്യത്താൽ അന്തരീക്ഷം മുഖരിതമായി. ഈ രണ്ടു മുദ്രാവാക്യങ്ങളും തമ്മിൽ അന്തരമുണ്ട്. ആദ്യത്തേത് ദേശീയ പ്രസ്ഥാനകാലത്തെ മുദ്രാവാക്യമാണെങ്കിലും ഇന്നത് സംഘ്പരിവാർ വേദികളിലാണ് കൂടുതലും മുഴങ്ങി കേൾക്കുന്നത്. രാഷ്ട്രീയമായ മാറ്റത്തെ ദ്യോതിപ്പിക്കുന്നതാണ് ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം.
ഇന്ത്യൻ ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവുമായി ഐക്യപ്പെടുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളും പ്രയോഗങ്ങളുമാണ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും പുതുതലമുറ സമരയോദ്ധാക്കളും ഉയർത്തുന്നതും അനുഭവത്തിൽ കൊണ്ടുവരുന്നതും. ഭരണഘടന സമരായുധമാകുമ്പോൾ അത് തീർച്ചയായും ഭാവി രാഷ്ട്രീയത്തിന്റെ ദിശയെയാണ് സൂചിപ്പിക്കുന്നത്. ഗാന്ധിജിയുടെ ചിത്രങ്ങളുള്ള ടീ ഷർട്ടും അഹിംസയുടെയും സമാധാനത്തിന്റെയും രാഷ്ട്രീയ പ്രയോഗങ്ങളും ഭരണകൂടത്തിന്റെ മർദകശക്തിയെ ദുർബലപ്പെടുത്തുകയാണ്. അറസ്റ്റ് ചെയ്യാൻ വരുന്ന പൊലീസുകാരോട് കയർക്കുമ്പോഴും അവർക്ക് ദാഹിച്ചപ്പോൾ വെള്ളക്കുപ്പികൾ കൈമാറുന്ന കോൺഗ്രസ് നേതാക്കളെ സമരരംഗത്ത് കണ്ടു. വ്യത്യസ്തമായ അനുഭവമാണ് ഇത് പ്രദാനം ചെയ്യുന്നത്.
ഗാന്ധിയും അംബേദ്കറും മാർക്സും പ്രഭാഷണങ്ങളിൽ സൈദ്ധാന്തികമായി അഭിമുഖീകരിക്കുന്ന അനുഭവത്തിൽനിന്നും വ്യത്യസ്തമായി സമരഭൂമിയിൽ പ്രത്യക്ഷത്തിൽ ഈ മൂന്നു പേരുടെയും ആശയധാരകൾ ഐക്യദാർഢ്യത്തോടെ ഒരു മാറ്റത്തിനായി നിലകൊള്ളുകയാണ്. ഗാന്ധിയുടെ അഹിംസ തത്ത്വങ്ങളും നിശ്ചയദാർഢ്യവും കീഴടങ്ങാത്ത പോരാട്ടവീര്യവും അംബേദ്കറുടെ മനുഷ്യാവകാശ ദർശനങ്ങളും അവകാശാധിഷ്ഠിത ജനാധിപത്യപ്രയോഗങ്ങളും മാർക്സിന്റെ അസമത്വത്തിനെതിരെയുള്ള അടിച്ചമർത്തപ്പെട്ടവരുടെ കോർപറേറ്റ് മുതലാളിത്തത്തിനെതിരെ സമത്വകാംക്ഷയോടെയുള്ള പ്രായോഗിക വീക്ഷണങ്ങളും സമ്മേളിക്കുന്നു പ്രക്ഷോഭ രംഗവേദിയിൽ. കേവലാശയത്തിനപ്പുറം പ്രായോഗികമായ ഒരു രാഷ്ട്രീയരൂപമായാണ് ഗാന്ധിയുടെയും അംബേദ്കറുടെയും മാർക്സിന്റെയും ദർശനങ്ങൾ ഇവിടെ പരസ്പരാദരവോടെ ഐക്യപ്പെടുന്നത്.
നിർഭയത്വമാണ് ഇന്നത്തെ പ്രതിപക്ഷ രാഷ്ട്രീയവും പുതുതലമുറ പ്രക്ഷോഭകരും ഗാന്ധിയിൽനിന്ന് ഉൾക്കൊണ്ട ഏറ്റവും പ്രധാനപ്പെട്ട ആശയം. ഇതിന്റെ പ്രായോഗിക അനുഭവമാണ് ഭരണകൂട അടിച്ചമർത്തലിനെ വെല്ലുവിളിച്ചുകൊണ്ട് സമാധാനപരമായി സമരം ചെയ്യാനുള്ള ആഹ്വാനവുമായി യുവതലമുറ സമരത്തിൽ സജീവമാകുന്നത്. എവിടെയാണോ അവർ തടയപ്പെടുന്നത് അവിടെ സമരഭൂമികയാക്കി മാറ്റുകയാണ് അവർ. ഗാന്ധിജിയിൽനിന്നും അവർ ഉൾക്കൊണ്ട ബോധ്യമിതാണ്:
‘‘ചുറ്റുമുള്ള അന്ധവിശ്വാസങ്ങളും കാപട്യവും കാരണം ശരിയായ കാര്യം ചെയ്യാൻപോലും ഒരാൾക്ക് ഭയം തോന്നിയേക്കാം. എന്നാൽ, ഭയത്തിന് വഴങ്ങിയാൽ സത്യംപോലും അടിച്ചമർത്തപ്പെടേണ്ടി വരും. ശരിയെന്ന് തനിക്ക് ബോധ്യമുള്ള കാര്യങ്ങൾ നിർഭയമായി പ്രവർത്തിക്കുക എന്നതാണ് ഏറ്റവും ഉചിതമായ മാർഗം.’’
അതേപോലെ തന്നെ ഗാന്ധി പറയുന്നു:
‘‘നിർഭയത്വം എന്നാൽ അഹങ്കാരമോ ആക്രമണോത്സുകതയോ അല്ല; അവ യഥാർഥത്തിൽ ഭയത്തിന്റെ ലക്ഷണങ്ങളാണ്. മനഃശാന്തിയും സമചിത്തതയും നിർഭയത്വത്തിന് അത്യന്താപേക്ഷിതമാണ്.’’ മഹാത്മാവ് ദൈവവുമായുള്ള ബന്ധം നിർഭയത്വത്തിന്റെ അടിസ്ഥാനമായി പറയുന്നുണ്ട്. സത്യത്തോട് അചഞ്ചലമായ പ്രതിബദ്ധതയാണ് ഇവിടെ ദൈവസങ്കൽപനം. നിർഭയത്വത്തെക്കുറിച്ചുള്ള ഗാന്ധിയൻ ദർശനം പുതുതലമുറകളെ ഭയമേതുമില്ലാതെ സത്യത്തിനായി നിലകൊള്ളാൻ പ്രചോദിപ്പിക്കുന്നു.
ഇടതു പാർട്ടികൾ സജീവമായി യുവജന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ഡൽഹിയിലെ യുവജനാവലി വർഗേതരമായ (non-class) സ്വത്വമാണ് പ്രകടമാക്കുന്നത്. അവർ ജാതിവിരുദ്ധമായ രാഷ്ട്രീയം അടിവരയിട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. ബാബ സാഹബ് അംബേദ്കറുടെ ചിത്രങ്ങൾ യുവപ്രക്ഷോഭകർ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്നു. സി.ജെ.പി നേതാവ് അഭിഷേക് ദീപ്കെ അംബേദ്കറിന്റെ രാഷ്ട്രീയ ദർശനം തനിക്ക് വഴിവെളിച്ചമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആനന്ദ് തെൽതുംബ്ഡെ ‘അംബേദ്കർ ക്രോണിക്ൾ’ എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിനായി ഗൗതം അനികേതിനു നൽകിയ അഭിമുഖത്തിൽ ഇത് തെളിച്ചതോടെ വ്യക്തമാക്കിയിട്ടുണ്ട്:
‘‘ബാബാസാഹബ് അംബേദ്കറുമായുള്ള ബന്ധം ഒരു പ്രത്യേക സമൂഹത്തിന്റെ പ്രതീകമായിട്ടല്ല, മറിച്ച് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ സ്ഥാപിതമായ ഒരു ഇന്ത്യയുടെ ആൾരൂപമായി ഉയർത്തിക്കാട്ടിയാണ് െജൻസി പ്രസ്ഥാനം ജയ് ഭീമിനെ തിരിച്ചുപിടിച്ചത്.’’ ഒരു ദലിത് നയിക്കുന്ന ഒരു ദലിത് പ്രതിഷേധം എന്ന നിലയിലല്ല ബൃഹത്തായൊരു കൂട്ടായ്മയായാണ് സി.ജെ.പി രൂപപ്പെടുന്നതെന്നും തെൽതുംബ്ഡെ നീരിക്ഷിക്കുന്നുണ്ട്. െജൻസിക്ക് സ്വത്വപരമായ ഉത്കണ്ഠകൾ ഇല്ലായെന്നുള്ളത് ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ച് ആശാവഹമായ കാര്യമാണെന്നും ആനന്ദ് തെൽതുംബ്ഡെ പറയുന്നുണ്ട്.
ഫാക്ടറികൾ വിമോചനാത്മക രാഷ്ട്രീയത്തിനായുള്ള സംഘാടനവേദിയും പരമ്പരാഗത തൊഴിലാളിവർഗം സമൂഹമാറ്റത്തിന്റെ നേതൃത്വവർഗമല്ലാതായതും കഴിഞ്ഞനൂറ്റാണ്ടിൽ തന്നെ സംഭവിച്ചതാണ്. അതൊരു പുതിയ ആശയമല്ല. ഇരുപതാം നൂറ്റാണ്ടിൽതന്നെ ലോകം കണ്ട പരിവർത്തനാത്മകമായ സമൂഹമുന്നേറ്റങ്ങളിൽ വിദ്യാർഥികളും യുവാക്കളുമാണ് നിർണായക പങ്കുവഹിച്ചിട്ടുള്ളത്. ഇന്ത്യയിലെ അടിയന്തരാവസ്ഥയെ ശക്തിയുക്തം ചെറുത്തത് യുവാക്കളാണ്. അതേസമയം, ദേശീയ ബൂർഷ്വാസിയെ പിന്തുണക്കേണ്ടതാണെന്ന സോവിയറ്റ് നിർദേശത്തിനു വിധേയപ്പെട്ട യുവാക്കളും വിദ്യാർഥികളുമുണ്ട്.
അവർ പിൽക്കാലത്തും അടിയന്തരാവസ്ഥക്ക് ന്യായീകരണം കണ്ടെത്താനുള്ള വൃഥാശ്രമങ്ങളിലായിരുന്നു സമീപകാലം വരെയെങ്കിലും. ’68ലെ മേയ് കലാപമാണെങ്കിലും ഇന്ത്യയിലെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയമാണെങ്കിലും സമഗ്രാധികാരത്തിനെതിരെയുള്ള, ചൈനയിൽ നടന്ന ടിയാനൻമെൻ പ്രക്ഷോഭമാണെങ്കിലും 21ാം നൂറ്റാണ്ടിലെ മധ്യേഷ്യൻ പ്രക്ഷോഭങ്ങളാണെങ്കിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ വിദ്യാർഥി പ്രക്ഷോഭങ്ങളാണെങ്കിലും യുവാക്കളുടെയും ജെൻസികളുടെയും സജീവമായ സാന്നിധ്യവും ചലനാത്മകമായ ഇടപെടലുംകൊണ്ട് പുതുസരണികൾ വെട്ടിയ മുന്നേറ്റങ്ങളാണ്. സമരങ്ങളിൽ നൈരന്തര്യത്തിനൊപ്പം സൂക്ഷ്മമായ വ്യതിരിക്തതകളും കാണാം.
ഏതൊരു വിപ്ലവ പ്രസ്ഥാനത്തിലും ഏറ്റവും ചലനാത്മകമായും ഊർജസ്വലതയോടെ സർഗാത്മകശക്തിയായും എപ്പോഴും നിലകൊള്ളുന്നത് യുവജനങ്ങളാണ്. വിദ്യാർഥികൾ എന്നത് ഒരു പ്രത്യേക വർഗത്തിൽപ്പെടാത്തതും എന്നാൽ, രാഷ്ട്രീയമായി സജീവവും ചലനാത്മകവുമായ ഒരു വിഭാഗവുമാണ്. അവർ പ്രസ്ഥാനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നു. സമഗ്രാധിപത്യപരവും യാഥാസ്ഥിതികവുമായ സാമ്പത്തിക നയങ്ങളുടെ ആഘാതം ഏറ്റവും കൂടുതൽ നേരിടുന്നതു അവരാണ്. അസമത്വത്തിനെതിരെയുള്ള ബഹുജന മുന്നേറ്റത്തിനു വിമോചനാത്മകമായ ദിശനൽകുന്ന രാഷ്ട്രീയം അതിനു ഇടതുപക്ഷ സ്വഭാവം നൽകുന്നു. തീവ്ര വലതുപക്ഷവും വംശീയവാദികളും ആഗോളതലത്തിൽ ഉയർന്നുവരുന്ന വിദ്യാർഥി-യുവജന മുന്നേറ്റങ്ങളെ ലേബൽ ചെയ്യുന്നത് ഈ പുതുപ്രസ്ഥാനങ്ങൾ ‘സാംസ്കാരിക മാർക്സിസ’ത്തിന്റെ സ്വാധീനത്തിൽ പ്രവർത്തിക്കുന്ന വിധ്വംസക ശക്തികൾ എന്ന നിലക്കാണ്.
ഇസ്രായേൽ ഭരണകൂടം ഗസ്സയിൽ നടത്തിയ വംശ കൂട്ടക്കുരുതിക്കെതിരെ അമേരിക്കയിലെയും യൂറോപ്പിലെയും വിദ്യാർഥികളും യുവാക്കളുമാണ് പ്രതിഷേധമുയർത്തിയത്. അമേരിക്കയിലെ ഐവിലീഗ് സർവകലാശാലകളിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം അച്ചടക്ക നടപടികൾ കൈക്കൊണ്ടു. വംശീയതക്കും വംശഹത്യക്കും എതിരെ പ്രതിരോധത്തിന്റെ മുദ്രാവാക്യങ്ങളുയർത്തിയ യുവപ്രക്ഷോഭകർ ‘സാംസ്കാരിക മർക്സിസ’ത്തിന്റെ സ്വാധീനത്തിലാക്കപ്പെട്ടവർ എന്നാണ് ആക്ഷേപമായി ശ്വേതവംശീയവാദികൾ ഉന്നയിച്ചത്. പൗരത്വഭേദഗതിക്കെതിരെ അണിനിരന്ന യുവാക്കളെ അർബൻ നക്സലുകൾ എന്ന് ഇന്ത്യയിലെ തീവ്രവലതുപക്ഷം വിശേഷിപ്പിച്ചത് സാംസ്കാരിക മാർക്സിസത്തിന്റെ സ്വാധീനം വ്യക്തമാക്കാനാണ്.
‘ദീമാഗി നക്സലുകൾ’ എന്നും വിമതശബ്ദമുയർത്തുന്നവരെ ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അധിക്ഷേപാർഥം വിശേഷിപ്പിക്കുകയുണ്ടായി. മാർക്സിന്റെ സ്വാധീനം ധൈഷണികാന്വേഷണങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അസമത്വത്തിന്റെ ചരിത്രപരവും വസ്തുതാപരവുമായ കാര്യകാരണങ്ങളെ മനസ്സിലാക്കാനും മറികടക്കാനും മാർക്സിന്റെ ചിന്തകൾ പുതുതലമുറക്ക് വെളിച്ചമായിട്ടുണ്ട്. ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ സജീവമായിതന്നെ സി.ജെ.പിയുടെ സമരത്തിൽ അതിന്റെ ദിശയെ സ്വാധീനിക്കുന്ന വിധത്തിൽ സാന്നിധ്യമാണ്. ഐസ (AISA) നേതാവായ നേഹ ബോറയും എസ്.എഫ്.ഐ നേതാവായ ഐഷി ഘോഷും സമരരംഗത്തു മുൻനിരയിലുണ്ട്.
അവർക്കെതിരെ ഭരണകൂടം രാജ്യദ്രോഹ കുറ്റം ആരോപിച്ചിട്ടില്ല എന്നുമാത്രം. സമാധാനപരമായ സമരത്തിന് ആഹ്വാനം ചെയ്ത, സ്വതന്ത്ര രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചിരുന്ന ഉമർ ഖാലിദിനും ഷർജിൽ ഇമാമിനുമെതിരെ പൗരത്വഭേദഗതി സമരത്തിൽ പങ്കെടുത്തതിന് യു.എ.പി.എയാണ് ചാർജ്ചെയ്തിരിക്കുന്നത്. ആറു വർഷത്തിലധികമായി ജാമ്യംപോലും നിഷേധിക്കപ്പെട്ട് ഉമർ ഖാലിദും ഷർജിൽ ഇമാമും ജയിലിൽ തുടരുകയാണ്. എന്താണ് അവർ ചെയ്ത കുറ്റമെന്നു ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. ‘ആസാദി’ എന്ന മുദ്രാവാക്യം അവർ ജെ.എൻ.യു കാമ്പസിൽ കനയ്യ കുമാറിനൊപ്പം ഉച്ചത്തിൽ വിളിച്ചിരുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിൽനിന്നുള്ള ‘ഇൻക്വിലാബ് സിന്ദാബാദും’ അടിയന്തരാവസ്ഥയിലെ ‘സമ്പൂർണക്രാന്തി’യും സമീപകാലത്ത് വിദ്യാർഥികൾ ഒരുമിച്ചുയർത്തിയ‘‘ആസാദി...’’യും രാഹുൽ ഗാന്ധി ഏറ്റുവിളിക്കുന്ന ജെൻസി മുദ്രാവാക്യമായ ‘ഇറ്റ്സ് ഡൺ, ബ്രോ’യും ജനമനസ്സിൽ പ്രതിധ്വനിപ്പിക്കുന്നത് ദുരധികാരത്തിനെതിരെയുള്ള സ്വാതന്ത്ര്യത്തിന്റെ കാഹളമായാണ്.
ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ചിൽ നേഹ ബോറ, സാമൂഹിക പ്രവർത്തകനായ യോഗേന്ദ്ര യാദവ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, സി.പി.ഐ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ നേതാവ് ദിപാങ്കർ ഭട്ടാചാര്യ എന്നിവർ
സമരത്തിന്റെ ഭാവി
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമത്വം നടക്കുന്നുവെന്ന് ആദ്യം ആരോപിക്കുന്നതു രാഹുൽ ഗാന്ധിയാണ്. രാഹുൽ ഗാന്ധി വിഷയം ഉന്നയിക്കുന്ന സമയത്ത് അത് ഏറ്റെടുക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും തയാറായിരുന്നില്ല. പിന്നീടാണ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും ഇതിന്റെ യാഥാർഥ്യം മനസ്സിലാകുന്നത്. ‘വോട്ട് കൊള്ള’ എന്ന വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി ഈ കാര്യം അവതരിപ്പിച്ചത്. ‘ഇന്ത്യൻ എക്സ്പ്രസി’ലെ ഋതിക ചോപ്രയുടെ അന്വേഷണാത്മക റിപ്പോർട്ടിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഏകപക്ഷീയമായാണ് ‘ഫോം ആറി’ൽ ഭേദഗതി വരുത്തിയത് എന്ന വാർത്ത പുറത്തുവരുന്നത്.
ഇതിനെ തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി കോൺഗ്രസ് ആവശ്യപ്പെടുന്നു. അഭിജിത് ദീപ്കെ ഇതേ ആവശ്യം ഉന്നയിക്കുന്നു. രാജിവെക്കാത്തപക്ഷം പ്രത്യക്ഷ സമരരംഗത്തേക്ക് ഇറങ്ങുമെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകുന്നു. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ആദ്യം ജന്തർമന്തറിലും, ആകാശവാണി നിലയത്തിന്റെ പരിസരത്തും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷസമരം ആരംഭിക്കുന്നു. ഡൽഹി പൊലീസ് എല്ലാ മർദക സന്നാഹങ്ങളുമായി സമരത്തെ നേരിടുന്നു. അതിനുശേഷം രാജ്ഘട്ടിൽ പ്രാർഥനയോടെ ഒന്നാംഘട്ട സമരം തൽക്കാലത്തേക്ക് നിർത്തിവെക്കുന്നു.
ഒക്ടോബർ പത്തിന് സി.ജെ.പിയുടെ നേതൃത്വത്തിൽ പ്രത്യക്ഷസമരം ആരംഭിക്കുന്നു. പൊലീസ് സി.ജെ.പി നേതാക്കളെ മുഴുവൻ തടങ്കലിലാക്കുന്നു. ഐക്യരാഷ്ട്രസഭ ഇതിനെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്. ഐസ, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്-ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ പ്രത്യക്ഷസമരത്തിൽ പങ്കാളികളാകുന്നു. ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെയും സി.പി.എം നേതാക്കളുടെയും നേതൃത്വത്തിൽ സമരം ഡൽഹിയിൽ മുന്നോട്ടുപോകുന്നു. സി.ജെ.പി നേതാക്കൾ സമരരംഗത്തു വന്നാൽ അറസ്റ്റ് ചെയ്തുനീക്കുമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സി.ജെ.പിയുടെ സമരം ഇടതുവിദ്യാർഥി സംഘടനകളാണ് ഏറ്റെടുത്തു നടത്തുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
സുപ്രീംകോടതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ സത്യവാങ്മൂലം ലഭിക്കാനായി സുപ്രീംകോടതി ഉത്തരവ് നൽകിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്ന് അംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇതിലെ സുപ്രീംകോടതി ഉത്തരവ് വഴിത്തിരിവാകും.
തെരഞ്ഞെടുപ്പ് കമീഷണറെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നീക്കം ഒരുവശത്തുകൂടി നടക്കുന്നുണ്ട്. സുപ്രീംകോടതി വിധിയെ ആശ്രയിച്ചിരിക്കും അതിന്റെ ഭാവി. യഥാർഥത്തിൽ, തെരഞ്ഞെടുപ്പ് കമീഷണറുടെ രാജിയിൽ പരിമിതപ്പെടുത്തേണ്ട പ്രശ്നമല്ല തെരഞ്ഞെടുപ്പ് പ്രക്രിയയിലെ കൃത്രിമത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. അതിലും വ്യാപ്തിയുള്ളതാണ് ഇതിലെ വിഷയം. എസ്.ഐ.ആർ നിർത്തിവെക്കുക എന്നുള്ളതാണ് അടിയന്തര പ്രാധാന്യത്തോടെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുള്ള കാര്യം. തെരഞ്ഞെടുപ്പ് കമീഷന്റെ നിയമനത്തെ സംബന്ധിച്ചുള്ള നിയമഭേദഗതി പിൻവലിച്ച് പഴയനിലയിൽ ചീഫ് ജസ്റ്റിസ് കൂടി ഉൾപ്പെടുന്ന നിയമന സമിതി തിരിച്ചുകൊണ്ടുവരണം എന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുള്ളത്.
ഡൽഹിയിൽ നീറ്റ് പരീക്ഷയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് തുടങ്ങിയ സമരം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലാണ് കലാശിച്ചത്. ഡൽഹിയിൽ പിന്നീട് സമരങ്ങളുടെ വേലിയേറ്റം കാണാം. ഈ സമരങ്ങളുടെ പരിണതി തീർച്ചയായും ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പിൽ ആയിരിക്കും പരീക്ഷിക്കപ്പെടുക. എസ്.ഐ.ആറിനു ശേഷമുള്ള തെരഞ്ഞെടുപ്പാണ് യു.പിയിൽ നടക്കുന്നത്. സമാജ് വാദി പാർട്ടിയും കോൺഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നതെങ്കിൽ പ്രതിപക്ഷ ഐക്യം ഒരു പരിധിവരെ അവർക്ക് സാധ്യമാക്കാം. ഉത്തർപ്രദേശിൽ ശ്രീരാമ ക്ഷേത്രത്തിന്റെ ഭണ്ഡാര കൊള്ളയുടെ വിഷയവുമുണ്ട്. ഉത്തർപ്രദേശിലെ വിധി ദേശീയ രാഷ്ട്രീയത്തിലേക്ക് വ്യാപിക്കും. ജനാധിപത്യത്തിന്റെ ഭാവിയാണ് 2029ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പരീക്ഷിക്കപ്പെടാൻ പോകുന്നത്.
ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുയർത്തി പ്രതിഷേധിക്കുന്ന സി.പി.എം നേതാവ് ബൃന്ദ കാരാട്ട്
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ മത്സരിക്കുക എന്ന മുഖ്യമായ ഉത്തരവാദിത്തമുണ്ട്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ഐക്യമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ തന്നെ നിർണയിക്കാൻ പോകുന്ന സുപ്രധാന ഘടകം. പ്രക്ഷോഭങ്ങളാൽ ഊർജവത്കരിക്കപ്പെട്ട പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ 2029ലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള സന്നാഹങ്ങൾ സംഘടനാതലത്തിൽ ആരംഭിച്ചിരിക്കണം. ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും സവിശേഷത, അവർക്ക് ദൈനംദിനമെന്നോണം തെരഞ്ഞെടുപ്പിനായി പ്രവർത്തിക്കുന്ന സംഘടനാ സംവിധാനമാണുള്ളത്.
ഒരു സംഘടനയല്ല അനേകം സംഘടനകൾ: താഴെത്തട്ടിൽ നിന്നു മുതൽ ഓരോ വ്യത്യസ്തമായ സാമൂഹിക വിഭാഗങ്ങളെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയ സംഘടനകൾ ബി.ജെ.പി കെട്ടിപ്പടുത്തിട്ടുണ്ട്. അത്രയും സുസജ്ജമായ ബി.ജെ.പി-ആർ.എസ്.എസ് -സംഘ്പരിവാർ സംഘടനകളുടെ തെരഞ്ഞെടുപ്പുയന്ത്രത്തിനോടാണ് പ്രതിപക്ഷം മത്സരിക്കേണ്ടത്. ചിതറിനിൽക്കുന്ന പ്രതിപക്ഷം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് യന്ത്രസംവിധാനത്തിനു മുന്നിൽ നിസ്സഹായമാകും.
രാഷ്ട്രീയമായി ഇന്ത്യൻ ജനതയെ തെരഞ്ഞെടുപ്പ് കൃത്രിമത്വത്തിലൂടെ ജനാധിപത്യത്തിനേൽക്കുന്ന ആഘാതങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്നതോടൊപ്പം സംഘടനാതലത്തിലും രാഷ്ട്രീയ തലത്തിലും ഒരു സജീവത കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികൾ ബാധ്യസ്ഥമാണ്. യുവജനങ്ങളുടെ സമരം നൽകുന്ന ഏറ്റവും പ്രധാനപാഠം എന്തെന്നാൽ സാമ്പ്രദായിക രീതികളിൽനിന്നും മാറി ജനാധിപത്യപരമായ രാഷ്ട്രീയത്തെ സർഗാത്മകമാക്കുക എന്നതാണ്. അത്തരമൊരു സർഗാത്മകമായ അനുഭവത്തിലേക്ക് വിരൽചൂണ്ടുന്നതാണ് യുവജനങ്ങൾ ഉയർത്തിയ സ്വാതന്ത്ര്യത്തിന്റേതായ മുദ്രാവാക്യം: ‘ഇറ്റ്സ് ഡൺ, ബ്രോ!’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.