ഇത് അതിവേഗം മാറും ഓൺലൈൻ കാലം

കേരളത്തിന്റെ ചരിത്രത്തിൽതന്നെ സമീപകാലത്ത് ഏറ്റവും വലിയ വിപ്ലവം നടന്നത് ഓൺലൈനിലാണ്. മാധ്യമങ്ങളുടെയും വാർത്തകളുടെയും രീതികളും സ്വഭാവവും മാറി. സോഷ്യൽ മീഡിയ സമൂഹത്തിന്റെ ഓരോ അണുവിനെയും ബാധിക്കുന്നതാണ് ഇക്കാലം. ആ കാലത്തെ ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയും സഞ്ചരിക്കുകയാണ് ലേഖകർ. കേരളത്തിന്റെ മാധ്യമചരിത്രത്തിൽ 20ാം നൂറ്റാണ്ടിന്റെ അവസാന ദശകവും 21ാം നൂറ്റാണ്ടിന്റെ ആദ്യ കാൽനൂറ്റാണ്ടും അടിസ്ഥാനപരമായ മാധ്യമ പരിവർത്തനത്തിന്റെ കാലഘട്ടമാണ്. അച്ചടി, റേഡിയോ, ടെലിവിഷൻ എന്നിവയിലൂടെ രൂപപ്പെട്ട വാർത്താവിനിമയ വ്യവസ്ഥ ക്രമേണ ഇന്റർനെറ്റ് അധിഷ്ഠിത ആശയ വിനിമയത്തിലേക്ക് മാറുകയും പിന്നീട് സോഷ്യൽ മീഡിയ,...

കേരളത്തിന്റെ ചരിത്രത്തിൽതന്നെ സമീപകാലത്ത് ഏറ്റവും വലിയ വിപ്ലവം നടന്നത് ഓൺലൈനിലാണ്. മാധ്യമങ്ങളുടെയും വാർത്തകളുടെയും രീതികളും സ്വഭാവവും മാറി. സോഷ്യൽ മീഡിയ സമൂഹത്തിന്റെ ഓരോ അണുവിനെയും ബാധിക്കുന്നതാണ് ഇക്കാലം. ആ കാലത്തെ ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയും സഞ്ചരിക്കുകയാണ് ലേഖകർ.

കേരളത്തിന്റെ മാധ്യമചരിത്രത്തിൽ 20ാം നൂറ്റാണ്ടിന്റെ അവസാന ദശകവും 21ാം നൂറ്റാണ്ടിന്റെ ആദ്യ കാൽനൂറ്റാണ്ടും അടിസ്ഥാനപരമായ മാധ്യമ പരിവർത്തനത്തിന്റെ കാലഘട്ടമാണ്. അച്ചടി, റേഡിയോ, ടെലിവിഷൻ എന്നിവയിലൂടെ രൂപപ്പെട്ട വാർത്താവിനിമയ വ്യവസ്ഥ ക്രമേണ ഇന്റർനെറ്റ് അധിഷ്ഠിത ആശയ വിനിമയത്തിലേക്ക് മാറുകയും പിന്നീട് സോഷ്യൽ മീഡിയ, വിഡിയോ പ്ലാറ്റ്ഫോമുകൾ, പോഡ്കാസ്റ്റുകൾ, ഷോർട്ട് വിഡിയോ, മൊബൈൽ ആപ്ലിക്കേഷനുകൾ, ആൽഗോരിതമിക് ശിപാർശാ സംവിധാനങ്ങൾ, കൃത്രിമബുദ്ധി എന്നിവയുമായി സംയോജിക്കുകയും ചെയ്തു. ഈ പരിവർത്തനം പുതിയ സാങ്കേതിക ഉപകരണം മാധ്യമരംഗത്തേക്ക് കടന്നുവന്നതിന്റെ ചരിത്രം മാത്രമല്ല. വാർത്ത ആരാണ് നിർമിക്കുന്നത്, പ്രസിദ്ധീകരിക്കുന്നത്, വിതരണം ചെയ്യുന്നത്, വായിക്കുന്നത്, ആരാണ് അതിന്റെ വിശ്വാസ്യത നിർണയിക്കുന്നത്, ഏത് ശബ്ദത്തിനാണ് സ്വീകാര്യത ലഭിക്കുന്നത് എന്നീ ചോദ്യങ്ങളുടെ പുനർനിർവചനമാണ് ഓൺലൈൻ മാധ്യമങ്ങളുടെ വളർച്ചയിലൂടെ സംഭവിച്ചത്.

കേരളത്തിലെ ഓൺലൈൻ മാധ്യമചരിത്രത്തെ പരമ്പരാഗത മാധ്യമ ‘വെബ് പതിപ്പു’കളുടെ ചരിത്രമായി മാത്രം കാണാനാവില്ല. വെബ്സൈറ്റുകൾ, സ്വതന്ത്ര ന്യൂസ് പോർട്ടലുകൾ, ബ്ലോഗുകൾ, ഡിജിറ്റൽ മാഗസിനുകൾ, യൂട്യൂബ് ചാനലുകൾ, പോഡ്കാസ്റ്റുകൾ, വ്ലോഗുകൾ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്, ടെലിഗ്രാം, ഫാക്ട്-ചെക്കിങ് പ്ലാറ്റ്ഫോമുകൾ, മീമുകൾ എന്നിവയെല്ലാം ചേർന്ന ഡിജിറ്റൽ മാധ്യമ പരിസരമാണ് കേരളത്തിൽ രൂപപ്പെട്ടത്. ഈ പരിവർത്തനത്തെ മനസ്സിലാക്കാൻ ആദ്യം പരിശോധിക്കേണ്ടത് മലയാള ഭാഷയുടെ ഡിജിറ്റൽ പ്രവേശനമാണ്. കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ ചരിത്രം സാങ്കേതികമായി ആരംഭിക്കുന്നത് മലയാളം കമ്പ്യൂട്ടറിൽ എങ്ങനെ ഉപയോഗിക്കാനായി എന്ന ചോദ്യത്തിൽനിന്നാണ്.

20ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ അച്ചടിസ്ഥാപനങ്ങൾ കമ്പ്യൂട്ടർ അധിഷ്ഠിത പേജ് മേക്കിങ്ങിലേക്കും ടൈപ് സെറ്റിങ്ങിലേക്കും മാറിയിരുന്നുവെങ്കിലും സാധാരണ ഉപയോക്താവിന്റെ സ്വതന്ത്ര ഡിജിറ്റൽ എഴുത്തിന് മലയാളം ഇപ്പോഴും പരിമിതികളുള്ള ഭാഷയായിരുന്നു. പ്രത്യേക ഫോണ്ടുകളെ ആശ്രയിച്ചുള്ള ആസ്കി1 അധിഷ്ഠിത സംവിധാനങ്ങളിൽ ഒരു കമ്പ്യൂട്ടറിൽ തയാറാക്കിയ ഉള്ളടക്കം മറ്റൊരു കമ്പ്യൂട്ടറിൽ അതേ ഫോണ്ട് ഇല്ലെങ്കിൽ ശരിയായി ദൃശ്യമാകാത്ത പ്രശ്നം നിലനിന്നിരുന്നു. യൂനികോഡിന്റെ വ്യാപനമാണ് ഈ അവസ്ഥയിൽ അടിസ്ഥാന മാറ്റം വരുത്തിയത്. മലയാളത്തിന് ഏകീകൃത കോഡിങ് സംവിധാനം ലഭിച്ചതോടെ വിവിധ ഉപകരണങ്ങളിലും സോഫ്റ്റ് വെയറുകളിലും മലയാളം ടെക്സ്റ്റ് കൈമാറ്റം ചെയ്യാനും പ്രദർശിപ്പിക്കാനും കൂടുതൽ സ്ഥിരതയുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടു.

മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഈ ഘട്ടത്തിൽ ‘സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്’2 പോലുള്ള കൂട്ടായ്മകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. മലയാളം ഫോണ്ടുകൾ, ഇൻപുട്ട് സംവിധാനങ്ങൾ, റെൻഡറിങ്, ലോക്കലൈസേഷൻ, നിഘണ്ടുകൾ, സ്പെൽചെക്കിങ് തുടങ്ങിയ മേഖലകളിൽ എസ്.എം.സി പ്രവർത്തിച്ചുവരുന്നു. എന്നാൽ, യൂനികോഡിന് മുമ്പ് മലയാളം ഇന്റർനെറ്റിൽ ഉണ്ടായിരുന്നില്ലെന്ന ധാരണ ശരിയല്ല. ആദ്യകാല വെബ് ഇടങ്ങളിൽ പ്രത്യേക ഫോണ്ടുകളും ട്രാൻസ്‍ലിറ്ററേഷൻ സംവിധാനങ്ങളും ഉപയോഗിച്ച് മലയാളം എഴുത്തിന്റെ പരീക്ഷണങ്ങൾ നടന്നിരുന്നു.

‘വരമൊഴി’ പോലുള്ള സംവിധാനങ്ങൾ മലയാളം ടൈപ്പിങ്ങിനെ കൂടുതൽ ലളിതമാക്കി. യൂനികോഡിന്റെ വ്യാപനവും ഇത്തരത്തിലുള്ള സ്വതന്ത്രസാങ്കേതികശ്രമങ്ങളും ചേർന്നാണ് മലയാളം ഇന്റർനെറ്റിലെ ഒരു ഉപഭോഗഭാഷയിൽനിന്ന് ഉപയോക്താവിന് സ്വയം എഴുതാനും പ്രസിദ്ധീകരിക്കാനും കഴിയുന്ന ഭാഷയായി മാറിയത്. ഈ ഘട്ടം കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ളതാണ്. കാരണം ഭാഷയുടെ ഡിജിറ്റൽവത്കരണം സംഭവിക്കാതെ മലയാളത്തിലെ സ്വതന്ത്രബ്ലോഗുകളും സമൂഹമാധ്യമ സംവാദങ്ങളും യൂട്യൂബ് കമന്റുകളും ഓൺലൈൻ വാർത്താപോർട്ടലുകളും ഇന്നത്തെ രൂപത്തിൽ വളരാൻ കഴിയുമായിരുന്നില്ല.

മലയാളം ഡിജിറ്റൽ എഴുത്തിന്റെ ജനാധിപത്യവത്കരണത്തിൽ എടുത്തുപറയേണ്ട മറ്റൊരു നാഴികക്കല്ലാണ് മലയാളം വിക്കിപീഡിയ3. 2002 ഡിസംബർ 21ന് ആരംഭിച്ച ഈ സ്വതന്ത്രവിജ്ഞാനകോശം, ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകരായ എഴുത്തുകാരുടെ കൂട്ടായ്മയിലൂടെ എൺപതിനായിരത്തിലധികം ലേഖനങ്ങളുള്ള ഭീമൻ വിജ്ഞാനശേഖരമായി വളർന്നു. ആരംഭഘട്ടത്തിൽ പ്രവാസി മലയാളികളാണ് ഈ സംരംഭത്തിന്റെ മുഖ്യചാലകശക്തിയായി പ്രവർത്തിച്ചത്; ഓപറേറ്റിങ് സിസ്റ്റം, ബ്രൗസർ, യൂനികോഡ് പിന്തുണ എന്നിവയിലെ ആദ്യകാല സാങ്കേതിക പരിമിതികളെ അതിജീവിച്ചാണ് മലയാളം വിക്കിപീഡിയ ഇന്നത്തെ വിപുലതയിലേക്ക് വളർന്നത്. ആർക്കും തിരുത്താനും കൂട്ടിച്ചേർക്കാനും കഴിയുന്ന സഹകരണാധിഷ്ഠിത വിജ്ഞാനനിർമാണരീതി കൂട്ടായ്മയിലൂടെയുള്ള അറിവു നിർമാണത്തിന്റെ മാതൃകാ മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു.

സിക്സ് ഡിഗ്രീസ്.കോം എന്ന മുൻഗാമി

1997ൽ ആരംഭിച്ച സിക്സ് ഡിഗ്രീസ്.കോം4 ആണ് ലോകത്തിലെ ആദ്യത്തെ സമൂഹമാധ്യമ സൈറ്റായി കണക്കാക്കുന്നത്. ഉപയോക്താക്കൾക്ക് പ്രൊഫൈലുകൾ സൃഷ്ടിക്കാനും സുഹൃത്തുക്കളെ ചേർക്കാനും സൗകര്യമൊരുക്കിയ ഈ സൈറ്റാണ് ഇന്നത്തെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ലിങ്ക്ഡ്ഇൻ എന്നിവയുടെയൊക്കെ മുൻഗാമി. ഇ-മെയിലുകൾ അയക്കുന്നതിനപ്പുറം, ഡിജിറ്റൽ ലോകത്ത് ആളുകൾക്ക് പരസ്പരം ബന്ധപ്പെടാനും ഒരു ശൃംഖല കെട്ടിപ്പടുക്കാനും കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത് ഈ വെബ്സൈറ്റാണ്.

ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും വരവിന് മുമ്പ് സമൂഹമാധ്യമം എന്ന ആശയത്തിന് അടിത്തറയിട്ട നാല് പ്രധാന പ്ലാറ്റ്ഫോമുകളായിരുന്നു ഓർക്കുട്ട്, ഫ്രണ്ട്സ്റ്റർ, മൈസ്പേസ്, ലിങ്ക്ഡ്ഇൻ എന്നിവ. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നവർക്കിടയിൽ തരംഗമായിരുന്നു ഇവ. ആ സമയത്ത് കേരളത്തിലെ വീടുകളിൽ ഇന്റർനെറ്റ് സാധാരണമായിരുന്നില്ല. ഡയൽ-അപ് കണക്ഷനുകളുടെ വേഗത, കണക്ഷൻ ചെലവ്, കമ്പ്യൂട്ടറുകളുടെ ലഭ്യത എന്നിവ പരിമിതികളായിരുന്നു. ഈ സാഹചര്യത്തിൽ സൈബർ കഫേകൾ കേരളത്തിന്റെ ആദ്യകാല ഡിജിറ്റൽ പൊതുസ്ഥലങ്ങളായി മാറി. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും കവലകളിലും സൈബർ കഫേകൾ ഉയർന്നു. ഇ-മെയിൽ അയക്കൽ, ചാറ്റിങ്, വിദേശബന്ധുക്കളുമായി ബന്ധപ്പെടൽ, പരീക്ഷാഫലം പരിശോധിക്കൽ, ജോലിക്ക് അപേക്ഷിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളായിരുന്നു പ്രധാന ഉപയോഗങ്ങൾ.

ഗൾഫ് പ്രവാസവും കേരളത്തിന്റെ കുടുംബ ബന്ധങ്ങളും ഇന്റർനെറ്റിന്റെ ആദ്യകാല സാമൂഹികവ്യാപനത്തിന് ശക്തി പകർന്നു. ഇന്റർനെറ്റ് ഒരു ആശയവിനിമയ സാങ്കേതികവിദ്യ മാത്രമായിരുന്നില്ല; കേരളവും ഗൾഫും തമ്മിലുള്ള കുടുംബ-സാമൂഹികബന്ധത്തിന്റെ ഡിജിറ്റൽ പാലമായിരുന്നു. പ്രവാസിമലയാളികൾ നാട്ടിലെ വാർത്തകൾ അറിയാൻ ഇന്റർനെറ്റിനെ ആശ്രയിച്ചു. മാത്രമല്ല നാട്ടിലുള്ള കുടുംബങ്ങൾ പ്രവാസിജീവിതവുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. പിന്നീട് ഓൺലൈൻ മലയാളം മാധ്യമങ്ങൾ വായിക്കുന്നവരുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ ഈ പ്രവാസിബന്ധം നിർണായകമായി.

‘പുഴ.കോ’മും ബ്ലോഗിങ് യുഗവും

മലയാളം ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ ചരിത്രത്തിൽ ബ്ലോഗുകൾക്കും മുമ്പേ ശ്രദ്ധിക്കപ്പെടേണ്ട സംരംഭമാണ് 2000ൽ തോമസ് തീക്കാനത്ത്, ജിയോ കുര്യൻ, ഹരീഷ് പിള്ള, ഷാജി തോമസ്, കെ.എസ്. ജെയിംസ് എന്നിവർ ചേർന്ന് ആരംഭിച്ച ‘പുഴ.കോം’ (Puzha.com). മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ സാഹിത്യ മാസികയായി കണക്കാക്കുന്ന ഈ വെബ്സൈറ്റ്, പുതിയ എഴുത്തുകാർക്ക് പ്രസിദ്ധീകരണവേദി ഒരുക്കുന്നതിനൊപ്പം ചെറുമാസികകളെ വിശാലമായ വായനാ സമൂഹത്തിലേക്ക് എത്തിക്കുന്നതിലും കേരളത്തിലെ നാടോടിവിജ്ഞാനവും പാരമ്പര്യ വിജ്ഞാനവും ശേഖരിച്ചു സൂക്ഷിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. കഥ, കവിത, നിരൂപണം, പംക്തികൾ എന്നിവ പ്രസിദ്ധീകരിച്ച പുഴ.കോം യൂനികോഡ് വ്യാപകമാകുന്നതിനും ബ്ലോഗിങ് സംസ്കാരം ശക്തിപ്പെടുന്നതിനും മുമ്പേ മലയാളം ഓൺലൈൻ സാഹിത്യത്തിന് അടിത്തറ പാകിയിരുന്നു.

രണ്ടായിരത്തിന്റെ മധ്യത്തോടെ ബ്ലോഗർ, വേഡ്പ്രസ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ജനപ്രിയമായി. മലയാളം ബ്ലോഗിങ് ശക്തമായ സാംസ്കാരിക പ്രസ്ഥാനമായി വളർന്നു. ബ്ലോഗിന്റെ ചരിത്രം മലയാളം ഡിജിറ്റൽ എഴുത്തിന്റെ സാമൂഹിക ജനാധിപത്യവത്കരണത്തിന്റെ ചരിത്രം കൂടിയാണ്. അച്ചടിമാധ്യമത്തിൽ ലേഖനം പ്രസിദ്ധീകരിക്കാൻ എഡിറ്റർ, പേജ് പരിധി തുടങ്ങിയ ഗേറ്റ്കീപ്പിങ് സംവിധാനങ്ങളിലൂടെ കടന്നുപോകേണ്ടിയിരുന്നു. ബ്ലോഗിൽ വ്യക്തിക്ക് സ്വന്തം ഉള്ളടക്കം നേരിട്ട് പ്രസിദ്ധീകരിക്കാൻ സാധിച്ചു. എഴുത്തുകാർ, എഡിറ്റർ, പ്രസാധകർ, വിതരണക്കാർ എന്നിവരെല്ലാം ഒരൊറ്റ വ്യക്തിയിൽ കേന്ദ്രീകരിച്ചു. സാഹിത്യം, രാഷ്ട്രീയം, സിനിമ, പ്രവാസിജീവിതം, സാങ്കേതികവിദ്യ, വ്യക്തിപരമായ അനുഭവങ്ങൾ, സാമൂഹികവിമർശനം തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ മലയാളം ബ്ലോഗുകളിൽ പ്രത്യക്ഷപ്പെട്ടു.

ഇംഗ്ലീഷിൽ ടൈപ് ചെയ്ത് മലയാളത്തിലേക്ക് മാറ്റുന്ന ‘വരമൊഴി’ സോഫ്റ്റ് വെയറിന്റെ കടന്നുവരവാണ് മലയാളം ബ്ലോഗിങ്ങിന് വഴിത്തിരിവായത്. ‘പിൻമൊഴി’, ‘തനിമലയാളം’ തുടങ്ങിയ ഫോണറ്റിക് ടൈപ്പിങ് ടൂളുകൾ സാധാരണക്കാർക്ക് മലയാളത്തിൽ എഴുതുന്നത് കൂടുതൽ സുഗമമാക്കി. എം.കെ. പോൾ 2002ൽ ആരംഭിച്ച ‘ജാലകം’ മലയാളത്തിലെ ആദ്യത്തെ ബ്ലോഗുകളിലൊന്നായി കരുതപ്പെടുന്നു. സിവിക് ചന്ദ്രന്റെ ‘ചെറിയ ലോകവും വലിയ കാര്യങ്ങളും’, ‘ചിന്ത’ (Chintha.com) എന്നീ ഡിജിറ്റൽ ഇടങ്ങൾ ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളം ബ്ലോഗർമാരുടെ ആഗോളക്കൂട്ടായ്മ പൊതുവായി ‘ബൂലോകം’ എന്ന പേരിൽ അറിയപ്പെട്ടു. ‘കൈപ്പള്ളി’യുടെ ചിന്ത, തനിമലയാളം, അക്ഷരമുറ്റം, ബൂലോകം തുടങ്ങിയ അഗ്രിഗേറ്ററുകൾ (വ്യത്യസ്ത ബ്ലോഗ് പോസ്റ്റുകൾ ഒരുമിച്ച് കാണിക്കുന്ന വെബ്സൈറ്റുകൾ) ഈ കൂട്ടായ്മയെ കൂടുതൽ ശക്തമാക്കി.

കഥകളും കവിതകളും സാഹിത്യവിചാരങ്ങളും സജീവമായി പങ്കുവെക്കപ്പെട്ട ബൂലോകം മലയാളം ഡിജിറ്റൽ മാധ്യമസംസ്കാരത്തിന് അടിത്തറയിട്ടു. ബ്ലോഗ് പോസ്റ്റിന്റെ താഴെയുള്ള കമന്റ് ബോക്സ് തന്നെ ചർച്ചാവേദിയായി. എഴുത്തുകാരുടെ അഭിപ്രായത്തിന് വായനക്കാർ ഉടൻ മറുപടി നൽകുകയും മറ്റൊരു ബ്ലോഗിൽ അതിനെക്കുറിച്ച് പുതിയ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ പരസ്പരബന്ധിതമായ ഒരു ഡിജിറ്റൽ പൊതുസമൂഹം രൂപപ്പെട്ടു. മലയാളം ബ്ലോഗ് സമൂഹത്തിന്റെ വളർച്ചയെക്കുറിച്ചുള്ള സമകാലികരേഖകൾ രണ്ടായിരത്തിന്റെ മധ്യത്തിൽ ബ്ലോഗ് മീറ്റുകൾ, ബ്ലോഗ് അഗ്രിഗേറ്ററുകൾ, യൂനികോഡ് എഴുത്ത് എന്നിവയുടെ വ്യാപനം ചൂണ്ടിക്കാണിക്കുന്നു. 2006ലെ കൊച്ചി ബ്ലോഗ് മീറ്റ് ഈ കൂട്ടായ്മയുടെ സാമൂഹിക ദൃശ്യത വർധിപ്പിച്ച ഘട്ടങ്ങളിലൊന്നായിരുന്നു.

ബ്ലോഗിങ് പരമ്പരാഗത മാധ്യമത്തിന്റെ ഗേറ്റ്കീപ്പിങ് പൂർണമായി ഇല്ലാതാക്കിയില്ലെങ്കിലും അതിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്തു. പിന്നീട് ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് ആവശ്യമായ ‘യൂസർ ആസ് പബ്ലിഷർ’ എന്ന ആശയം ആദ്യമായി ശക്തമായി അനുഭവപ്പെട്ടത് ഈ ഘട്ടത്തിലാണ്. ബ്ലോഗുകളുടെ വായനസമൂഹം താരതമ്യേന പരിമിതമായിരുന്നപ്പോൾ ഓർക്കുട്ട് പോലുള്ള സോഷ്യൽ നെറ്റ്‌വർക്ക് പ്ലാറ്റ്ഫോമുകൾ കൂടുതൽ വിപുലമായ സാമൂഹിക ശൃംഖല സൃഷ്ടിച്ചു. വ്യക്തിഗത പ്രൊഫൈലുകൾ, കമ്യൂണിറ്റികൾ, സ്ക്രാപ്പുകൾ, ചർച്ചകൾ എന്നിവയിലൂടെ ഓൺലൈൻ സാമൂഹികതക്ക് പുതിയ രൂപം ലഭിച്ചു.

 

ഫേസ്ബുക്കും മെറ്റ സാമ്രാജ്യവും

2004 ഫെബ്രുവരി നാല്. ഹാർവഡ് സർവകലാശാലയിലെ ഒരു ചെറിയ ഹോസ്റ്റൽ മുറി. അവിടെവെച്ചാണ് ഡിജിറ്റൽ ലോകത്തിന്റെ ഭാവി തന്നെ തിരുത്തിക്കുറിച്ച ആ വിപ്ലവത്തിന് തിരികൊളുത്തിയത്. കേവലം 19 വയസ്സുകാരനായ മാർക്ക് സക്കർബർഗും5 കൂട്ടുകാരായ എഡ്വേർഡോ സവേറിൻ, ഡസ്റ്റിൻ മോസ്കോവിറ്റ്സ്, ക്രിസ് ഹ്യൂഗ്സ് എന്നിവരും ചേർന്ന് രൂപപ്പെടുത്തിയ ഒരു കുഞ്ഞു വെബ്സൈറ്റ്: ‘ദ ഫേസ്ബുക്ക്’. ഫേസ്ബുക്ക് വ്യാപകമായതോടെ ഡിജിറ്റൽ സാമൂഹികത കൂടുതൽ തത്സമയവും വ്യക്തികേന്ദ്രിതവുമായി. ബ്ലോഗിൽ വായനക്കാരൻ എഴുത്തുകാരന്റെ പേജിലേക്ക് എത്തേണ്ടിവന്നപ്പോൾ ന്യൂസ് ഫീഡ് ഉള്ളടക്കം ഫേസ്ബുക്ക് ഉപയോക്താവിന്റെ മുന്നിലേക്ക് സ്വയം എത്തിച്ചു.

അതോടെ, ഡിജിറ്റൽ മാധ്യമത്തിന്റെ അടിസ്ഥാന ഘടന മാറി. ഒരു വാർത്തയുടെ പ്രസിദ്ധീകരണ സ്ഥലം വെബ്സൈറ്റ് ആയിരുന്നാലും അതിന്റെ സാമൂഹികജീവിതം ഫേസ്ബുക്കിൽ നടക്കാൻ തുടങ്ങി. ലൈക്, ഷെയർ, കമന്റ്, ടാഗ് എന്നിവ വാർത്തയുടെ പ്രചാരണരീതിയെ മാറ്റി. ഒരു വാർത്ത എത്ര പേർ വായിച്ചു എന്നതിനു പുറമെ എത്ര പേർ പങ്കിട്ടു, എത്ര പേർ പ്രതികരിച്ചു, എത്ര പേർ അതിനെക്കുറിച്ച് പുതിയ പോസ്റ്റുകൾ സൃഷ്ടിച്ചു എന്നതും അതിന്റെ സ്വാധീനം നിർണയിക്കാൻ തുടങ്ങി. വ്യക്തിപരമായ അനുഭവങ്ങൾ പൊതുപ്രശ്നങ്ങളായി മാറി. ഒരു നാട്ടിലെ പ്രശ്നം, ഒരു സ്ഥാപനത്തിലെ വീഴ്ച, ഒരു സാമൂഹിക അനീതി, ഒരു രാഷ്ട്രീയ പ്രസ്താവന എന്നിവയെക്കുറിച്ച് സാധാരണ വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ പൊതുചർച്ചക്ക് തുടക്കമിടുന്ന സാഹചര്യം രൂപപ്പെട്ടു.6

സാങ്കേതികലോകത്തിന്റെ ചലനങ്ങൾ സക്കർബർഗ് കൃത്യമായി നിരീക്ഷിച്ചിരുന്നു. തങ്ങളുടെ സിംഹാസനത്തിന് ഭീഷണിയായേക്കാവുന്ന ഏത് കൊച്ചു പ്ലാറ്റ്ഫോമിനെയും വിപണിയിൽ വളരാൻ അനുവദിക്കാതെ, പണം കൊടുത്ത് സ്വന്തമാക്കുക എന്ന തന്ത്രമാണ് ഫേസ്ബുക്ക് പയറ്റിയത്. തലമുറയുടെയും കൗമാരക്കാരുടെയും ഹരമായി ഉയർന്നുവന്ന ഇൻസ്റ്റഗ്രാമിനെ7 നൂറുകോടി ഡോളറിന് ഫേസ്ബുക്ക് സ്വന്തമാക്കി. ലോകത്തിന്റെ ആശയവിനിമയ ശീലങ്ങളെ മുഴുവൻ മാറ്റിമറിച്ച മെസേജിങ് ആപ്പായ വാട്സ്ആപ്പിനെ8 1900 കോടി ഡോളറിനാണ് അവർ സ്വന്തം സാമ്രാജ്യത്തോട് ചേർത്തത്. ഇന്ന് ‘മെറ്റ’ എന്ന പേരിൽ, ലോകജനസംഖ്യയുടെ പകുതിയിലധികം വരുന്ന മനുഷ്യരുടെ വിരൽത്തുമ്പുകളെയും ചിന്തകളെയും ഡിജിറ്റലായി നിയന്ത്രിക്കുന്ന, ടെക് ലോകത്തെ അട്ടിമറിക്കാനാവാത്ത വൻശക്തിയായി മാർക്ക് സക്കർബർഗ് വാഴുന്നു.

ട്രോൾ-മീം സംസ്കാരവും ഡിജിറ്റൽ പൊതുമണ്ഡലവും

സമൂഹമാധ്യമ സംസ്കാരത്തിന്റെ പ്രത്യേകതകളിലൊന്നാണ് സിനിമാസംസ്കാരവും രാഷ്ട്രീയ-സാമൂഹിക വിമർശനവും തമ്മിലുള്ള സംയോജനം. ജനപ്രിയ സിനിമകളിലെ കഥാപാത്രങ്ങളും സംഭാഷണങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് രാഷ്ട്രീയനിലപാടുകൾ അവതരിപ്പിക്കുന്ന മീം-ട്രോൾ സംസ്കാരം വളർന്നു. ട്രോൾ മലയാളം (Troll Malayalam), ഇന്റർനാഷനൽ ചാലു യൂനിയൻ (International Chalu Union) തുടങ്ങിയ പേജുകൾ ഈ സംസ്കാരത്തിന്റെ ജനകീയവത്കരണത്തിൽ ശ്രദ്ധേയമായ സാന്നിധ്യങ്ങളായി. പരമ്പരാഗത രാഷ്ട്രീയ കാർട്ടൂണുകളുടെ സ്ഥാനത്ത് സാധാരണ സമൂഹ മാധ്യമ ഉപയോക്താവ് നിർമിക്കുന്ന ട്രോളുകളും മീമുകളും എത്തി. അത്തരത്തിൽ ശ്രദ്ധേയമായ ട്രോൾ പേജാണ് ദശമൂലം ദാമു.

സങ്കീർണമായ രാഷ്ട്രീയ ആശയം കുറച്ച് സെക്കൻഡിനുള്ളിൽ ജനകീയഭാഷയിൽ അവതരിപ്പിക്കാൻ മീമിന് കഴിയുന്നു. അതേ സംവിധാനത്തിൽ വ്യക്തിഹത്യ, സൈബർ ബുള്ളിയിങ്, ലിംഗവിവേചനം, മതവിദ്വേഷം, രാഷ്ട്രീയധ്രുവീകരണം എന്നിവയുടെ സാധ്യത തുറന്നുകിടക്കുന്നു. അതിനാൽ ട്രോൾ സംസ്കാരം കേരളത്തിലെ ഡിജിറ്റൽ പൊതുമണ്ഡലത്തിന്റെ വിമർശനശേഷിയുടെയും അതിന്റെ അപകടസാധ്യതകളുടെയും ഒരുമിച്ചുള്ള പ്രതീകമാണ്.

ട്വിറ്ററും (എക്സ്) രാഷ്ട്രീയ പൊതുമണ്ഡലവും

2006ൽ ജാക്ക് ഡോർസി, ബിസ് സ്റ്റോൺ, ഇവാൻ വില്യംസ്, നോഹ് ഗ്ലാസ് എന്നിവർ ചേർന്ന് സ്ഥാപിച്ച ട്വിറ്റർ, 140 അക്ഷരങ്ങളിൽ ഒതുങ്ങുന്ന ‘മൈക്രോബ്ലോഗിങ്’ എന്ന പുതിയ ആശയവിനിമയരൂപം ലോകത്തിന് പരിചയപ്പെടുത്തി.9 2022ൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുക്കുകയും 2023ൽ അതിനെ ‘എക്സ്’ (X) എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തതോടെ പ്ലാറ്റ്ഫോമിന്റെ ഘടനയിലും നയങ്ങളിലും കാര്യമായ മാറ്റങ്ങൾ വന്നു. കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ ട്വിറ്റർ/എക്സിന് സവിശേഷ സ്ഥാനമുണ്ട്. രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ, സാംസ്കാരികപ്രവർത്തകർ, അഭിപ്രായ രൂപവത്കരണത്തിൽ സ്വാധീനമുള്ളവർ എന്നിവരുടെ സാന്നിധ്യമാണ് മലയാളം ട്വിറ്റർ പൊതുമണ്ഡലത്തിന്റെ പ്രത്യേകത.

ഔദ്യോഗിക പ്രഖ്യാപനങ്ങൾ, നയവിശദീകരണങ്ങൾ, വിവാദപ്രതികരണങ്ങൾ, മാധ്യമവാർത്തകളോടുള്ള പ്രതികരണങ്ങൾ എന്നിവക്കുള്ള പ്രഥമവേദിയായി പല രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ട്വിറ്റർ/എക്സ് ഉപയോഗിക്കുന്നു. ഹാഷ്ടാഗ് ട്രെൻഡിങ് എന്ന പ്രതിഭാസം കേരള രാഷ്ട്രീയത്തിലും വേരുറപ്പിച്ചിട്ടുണ്ട്; ഒരു വിഷയത്തെക്കുറിച്ചുള്ള ട്വീറ്റുകളുടെ എണ്ണം കൂടുന്നതിലൂടെ അത് ‘ട്രെൻഡിങ്’ ആയി മാറുന്നു. അതുവഴി മുഖ്യധാരാമാധ്യമങ്ങളുടെ ശ്രദ്ധയും പിടിച്ചുപറ്റുന്നു. എന്നാൽ, ഇതേ ഘടനതന്നെ സംഘടിതമായ ‘ട്രോൾ ആർമി’കൾക്കും ഏകോപിതമായ കാമ്പെയ്നുകൾക്കും ഇടം നൽകുന്നുണ്ട്. ചുരുക്കത്തിൽ, അംഗസംഖ്യയിലെ ചെറുപ്പം കൊണ്ട് പരിമിതമെങ്കിലും, കേരളത്തിന്റെ രാഷ്ട്രീയ-നയരൂപവത്കരണ വ്യവഹാരങ്ങളിൽ വലിയ സ്വാധീനമാണ് ട്വിറ്റർ/എക്സ് ചെലുത്തുന്നത്.

ഡിജിറ്റൽ വാർത്താസ്ഥാപനങ്ങൾ

ബ്ലോഗുകളും സമൂഹമാധ്യമവും വ്യക്തിയുടെ പ്രസാധനശേഷി വർധിപ്പിച്ചു. അതോടൊപ്പം ഡിജിറ്റൽ വാർത്താസ്ഥാപനങ്ങളും വളർന്നു. ഇവ പത്രങ്ങളുടെ വെബ് പതിപ്പുകളല്ലായിരുന്നു. സ്വന്തമായ ന്യൂസ്റൂം, റിപ്പോർട്ടർമാർ, എഡിറ്റോറിയൽ നയം, ഡിജിറ്റൽ വിതരണസംവിധാനം എന്നിവയുള്ള സ്വതന്ത്ര സ്ഥാപനങ്ങളായിരുന്നു. ഈ സ്ഥാപനങ്ങളുടെ വരവോടെ, മാധ്യമസ്ഥാപനത്തിന്റെ സാമ്പത്തികവും ഭൗതികവുമായ പ്രവേശന തടസ്സങ്ങൾ കുറഞ്ഞു. പ്രസ്, പേപ്പർ, വിതരണ ശൃംഖല, ഓഫീസ് എന്നിവ ഇല്ലാതെയും ഒരു മാധ്യമസ്ഥാപനം നടത്താൻ സാധിച്ചു. അതുവഴി പ്രത്യേക വിഷയങ്ങളിൽ കേന്ദ്രീകരിച്ചുള്ള ചെറിയ മാധ്യമസംരംഭങ്ങൾക്കും രംഗപ്രവേശനം സാധ്യമായി.

കേരളത്തിലെ സ്വതന്ത്ര ഓൺലൈൻ വാർത്താമാധ്യമങ്ങളുടെ ചരിത്രത്തിൽ പ്രധാനസ്ഥാനമുള്ള സ്ഥാപനമാണ് ‘മറുനാടൻ മലയാളി’. 2007ൽ ആരംഭിച്ച ഈ പോർട്ടൽ തുടക്കത്തിൽത്തന്നെ പ്രവാസി മലയാളി സമൂഹത്തെയും ലക്ഷ്യമിട്ടിരുന്നു. സ്ഥാപനത്തിന്റെ ഔദ്യോഗിക വിവരമനുസരിച്ച് വിവിധ രാജ്യങ്ങൾക്കായി പ്രത്യേക പതിപ്പുകൾ (country-specific editions) ഉൾപ്പെടെ പ്രവർത്തനം വികസിപ്പിക്കുകയും വായനക്കാരുടെ അഭിപ്രായങ്ങൾക്കും ചർച്ചകൾക്കും ഇടം നൽകുകയും ചെയ്തു. വെബ്സൈറ്റിൽ വാർത്ത പ്രസിദ്ധീകരിക്കുന്നതോടൊപ്പം വിഡിയോ, യൂട്യൂബ്, ഫേസ്ബുക്ക്, മറ്റ് സമൂഹമാധ്യമങ്ങൾ എന്നിവയിലൂടെ അതേ ഉള്ളടക്കം വ്യത്യസ്ത രൂപങ്ങളിൽ വിതരണം ചെയ്യുന്ന രീതിയിലേക്ക് സ്ഥാപനം വളർന്നു. പ്രത്യേകിച്ച് യൂട്യൂബ് സാന്നിധ്യം വാർത്തയുടെ അവതരണരീതിയെ മാറ്റി. വാർത്തക്കൊപ്പം വിഡിയോ റിപ്പോർട്ട്, അഭിമുഖം, രാഷ്ട്രീയ വിശകലനം, പ്രതികരണം, തത്സമയ സംവാദം തുടങ്ങിയവ വാർത്താ ഉപഭോഗത്തിന്റെ ഭാഗമാകുന്നു. ഈ മാറ്റം കേരളത്തിലെ ഡിജിറ്റൽ മാധ്യമത്തിന്റെ എഴുത്തിൽനിന്ന് ദൃശ്യത്തിലേക്കുള്ള മാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു.

2009ൽ രൂപപ്പെട്ട ‘ഡൂൽ ന്യൂസ്’ (Dool News) മലയാളത്തിലെ സ്വതന്ത്ര ഡിജിറ്റൽ വാർത്താ സ്ഥാപനങ്ങളുടെ മറ്റൊരു പ്രധാന ഉദാഹരണമാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഡൂൾ ന്യൂസ്’ രാഷ്ട്രീയം, സാമൂഹികവിഷയങ്ങൾ, പൊതുതാൽപര്യ പ്രശ്നങ്ങൾ എന്നിവ വിശദമായി കൈകാര്യം ചെയ്യുന്നു. ബ്രേക്കിങ് ന്യൂസിന്റെ വേഗതക്കപ്പുറം സാമൂഹിക പശ്ചാത്തലം, രാഷ്ട്രീയ ഘടന, മനുഷ്യാനുഭവം, പൊതുപ്രശ്നങ്ങളുടെ വിശദീകരണം എന്നിവക്കുള്ള ഇടം ഇതു സൃഷ്ടിച്ചു. അതുവഴി മലയാളത്തിലെ ഡിജിറ്റൽ മാധ്യമത്തിൽ വിഷയാധിഷ്ഠിത മാധ്യമപ്രവർത്തിന് ശക്തി ലഭിച്ചു. ‘അഴിമുഖം.കോം’ പോലുള്ള പ്ലാറ്റ്ഫോമുകൾ വെബ് മാധ്യമത്തിലെ ദീർഘരൂപത്തിലുള്ള എഴുത്തിന്റെ സാധ്യത വികസിപ്പിച്ചു. അച്ചടി മാധ്യമത്തിൽ പേജ് പരിധി നിയന്ത്രിച്ചിരുന്നിടത്ത് വെബ് കൂടുതൽ ദൈർഘ്യമുള്ള ലേഖനങ്ങൾക്കും അഭിമുഖങ്ങൾക്കും വിശകലനങ്ങൾക്കും ഇടം നൽകി.

ഓൺലൈൻ മാധ്യമരംഗത്ത് ഒരു പതിറ്റാണ്ടിലേറെയായി തുടരുന്നു ഡിജിറ്റൽ നവമലയാളി (Navamalayali). 2013 ഡിസംബർ മുതൽ ഇതിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയതായി കാണാം. അച്ചടി മാധ്യമങ്ങൾക്ക് ബദലായി, സാഹിത്യം, കല, സംസ്കാരം, രാഷ്ട്രീയം എന്നിവയിൽ സ്വതന്ത്രവും ആഴത്തിലുള്ളതുമായ എഴുത്തിന് ഇടം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്. അക്കാദമിക് പശ്ചാത്തലമുള്ള എഴുത്തുകാരൻ പ്രഫ. ടി.ടി. ശ്രീകുമാർ ആണ് ‘നവമലയാളി’യുടെ ചീഫ് എഡിറ്റർ. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ആസ്ഥാനമായി സ്വാതി ദേവ് കെ.ജി. ആണ് പ്രസാധകൻ. കാലാനുസൃതമായ പ്രത്യേക പതിപ്പുകൾ ഇതിന്റെ മുഖ്യ സവിശേഷതയാണ്. 2018ലെ ഫുട്ബാൾ ലോകകപ്പ് പതിപ്പ്, ‘മൂലധനം –150 വർഷങ്ങൾ’ എന്ന മാർക്സ് പതിപ്പ് (2018), 2018-19ലെ ദലിത് പ്രത്യേകപതിപ്പ്, LGBT സോളിഡാരിറ്റി പ്രത്യേകപതിപ്പ്, ഭരണഘടനാപതിപ്പ്, 2021ലെ റിപ്പബ്ലിക് പതിപ്പ്, എം. ലീലാവതി പ്രത്യേക പതിപ്പ്, 2026ലെ എം.പി. പരമേശ്വരൻ സ്മരണക്കായുള്ള പ്രത്യേക പതിപ്പ് എന്നിവ ഉദാഹരണങ്ങളാണ്.

2015 ഫെബ്രുവരി ഒന്നിന് ആരംഭിച്ച ‘സൗത്ത് ലൈവ്’ (South Live) ഡിജിറ്റൽ യുഗത്തിലെ മാധ്യമപ്രവർത്തനത്തെ പുനർനിർവചിച്ച സ്ഥാപനമാണ്. സ്വയം ‘ന്യൂസ് ഇന്ററാക്ടിവ്’ എന്ന് വിശേഷിപ്പിക്കുന്ന ‘സൗത്ത് ലൈവ്’, വാർത്തയോടൊപ്പം വായനക്കാരുടെയും പ്രേക്ഷകരുടെയും ഉള്ളടക്കത്തിനും ഇടം നൽകുന്ന മാതൃകയാണ് മുന്നോട്ടുവെക്കുന്നത്. മലയാളത്തിലെ ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ചയിൽ ‘ദ ക്യൂ’ (The Cue) ശ്രദ്ധേയമാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്ഫോം മലയാളത്തിലെ ഡിജിറ്റൽ-ബോൺ, വിഡിയോ കേന്ദ്രീകൃത വാർത്താ പ്ലാറ്റ്ഫോമായി വിശേഷിപ്പിക്കപ്പെടുന്നു. സ്വതന്ത്ര റിപ്പോർട്ടിങ്, സാമൂഹികപ്രശ്നങ്ങൾ, പൊതുനയം, ലിംഗപദവി, ദലിത്, സ്വത്വ രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2020ൽ കമൽറാം സജീവും മനില സി. മോഹനും ചേർന്ന് സ്ഥാപിച്ച ‘ട്രൂകോപ്പി തിങ്ക്’ (Truecopy Think) മലയാളത്തിലെ സബ്സ്ക്രിപ്ഷൻ അധിഷ്ഠിത ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രധാന ഉദാഹരണമാണ്. രാഷ്ട്രീയം, ശാസ്ത്രം, പരിസ്ഥിതി, സാഹിത്യം, വിനോദം തുടങ്ങിയ മേഖലകളിൽ ലളിതമായ വാർത്താവൃത്താന്തങ്ങൾക്ക് അപ്പുറം, ഒരു വിഷയത്തിന്റെ പശ്ചാത്തലം, ഡേറ്റ, പ്രത്യാഘാതങ്ങൾ എന്നിവ ആഴത്തിൽ വിശകലനം ചെയ്യാനും വ്യക്തമാക്കാനും ടെക്സ്റ്റ്, വിഡിയോ, ഓഡിയോ, ഇൻഫോഗ്രാഫിക്സ്, ഇന്ററാക്ടിവ് ചാർട്ടുകൾ തുടങ്ങിയ വിവിധ മാധ്യമരൂപങ്ങൾ ഒരുമിച്ച് ചേർത്ത് നിർമിക്കുന്ന ഉള്ളടക്കമാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ഡിജിറ്റൽ മാധ്യമത്തിന്റെ സാമ്പത്തികഘടനയെ മനസ്സിലാക്കുന്നതിൽ ഈ മാതൃക പ്രധാനമാണ്. പരസ്യങ്ങളെയും ക്ലിക്ക്ബെയ്റ്റുകളെയും ഒഴിവാക്കി വായനക്കാരുടെ സബ്സ്ക്രിപ്ഷൻ സാമ്പത്തിക അടിത്തറയാക്കാനുള്ള ശ്രമമാണിത്.

 

പോർട്ടലുകളുടെ ഔദ്യോഗിക രജിസ്റ്റർ

കേരള സർക്കാറിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന മീഡിയ ഹാൻഡ്ബുക്ക് കേരളത്തിലെ അച്ചടി, ദൃശ്യ-ശ്രാവ്യ, ഓൺലൈൻ മാധ്യമങ്ങളുടെ ഔദ്യോഗികരേഖയാണ്.10 സർക്കാർ അംഗീകാരമുള്ള മാധ്യമ പ്രവർത്തകർക്കുള്ള അക്രഡിറ്റേഷൻ, ഔദ്യോഗിക പരിപാടികളിലേക്കുള്ള പ്രവേശനം, സർക്കാർ പരസ്യങ്ങളുടെ വിതരണം എന്നിവക്കുള്ള അടിസ്ഥാനരേഖയായി ഈ കൈപ്പുസ്തകം വർത്തിക്കുന്നു. അച്ചടിപ്പത്രങ്ങൾക്കും റേഡിയോ-ടെലിവിഷൻ ചാനലുകൾക്കും പുറമെ, സ്വതന്ത്രമായി രജിസ്റ്റർ ചെയ്ത ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെയും വെബ്സൈറ്റുകളുടെയും വിശദവിവരങ്ങൾ ഉൾപ്പെടുന്ന ഒരു പ്രത്യേക വിഭാഗം ഈ കൈപ്പുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്.

ഡിജിറ്റൽ മാധ്യമങ്ങളുടെ വർധിച്ചുവരുന്ന സ്വാധീനവും സാമൂഹികപ്രാധാന്യവും അംഗീകരിച്ചുകൊണ്ടാണ് സർക്കാർ ഈ പട്ടിക ഔദ്യോഗികരേഖയുടെ ഭാഗമാക്കിയത്. ഈ രജിസ്റ്ററിൽ പ്രധാനമായും മൂന്ന് വിഭാഗം ഓൺലൈൻ പോർട്ടലുകളാണ് ഉൾപ്പെടുന്നത്. ഒന്നാമത്തെ ഗണം, സ്ഥാപിതമായ അച്ചടി-ദൃശ്യമാധ്യമ ഗ്രൂപ്പുകളുടെ ഡിജിറ്റൽ അനുബന്ധങ്ങളാണ്. ഇവയെല്ലാം അച്ചടി-ദൃശ്യമാധ്യമപ്പതിപ്പിലെ വാർത്തകൾക്കൊപ്പം ബ്രേക്കിങ് ന്യൂസ്, ലൈവ് അപ്ഡേറ്റുകൾ, വിഡിയോ ഉള്ളടക്കം എന്നിവയും കൂട്ടിച്ചേർത്ത് അവതരിപ്പിക്കുന്നു. രണ്ടാമത്തെ ഗണം ദേശീയ മാധ്യമശൃംഖലകളുടെ മലയാളം പതിപ്പുകളാണ്. ദേശീയ-അന്തർദേശീയ വാർത്തകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തും പ്രാദേശികവത്കരിച്ചും അവതരിപ്പിക്കുന്നതിനൊപ്പം, കേരളത്തിലെ സ്വന്തം റിപ്പോർട്ടർമാരിലൂടെ പ്രാദേശിക വാർത്തകളും ഇവ ശേഖരിക്കുന്നു.

മൂന്നാമത്തെ ഗണം പൂർണമായും ഡിജിറ്റലായി രൂപംകൊണ്ട സ്വതന്ത്ര സംരംഭങ്ങളാണ്. ഇതിനുപുറമെ, വാർത്തകളിലെ വസ്തുതാപരിശോധനക്കായി പ്രത്യേകം സമർപ്പിതമായ ഫാക്ട്-ചെക്കിങ് പ്ലാറ്റ്ഫോമുകളും ഈ കാലയളവിൽ ശക്തിപ്പെട്ടു. ബൂം ലൈവ് (Boom Live), ഫാക്ട് ക്രെസെൻഡോ മലയാളം (Fact Crescendo Malayalam), വിശ്വാസ് ന്യൂസ് (Vishvas News) തുടങ്ങിയ ദേശീയ ഫാക്ട്-ചെക്കിങ് സ്ഥാപനങ്ങളുടെ മലയാള ഭാഷാ വിഭാഗങ്ങൾ വൈറലാകുന്ന വ്യാജചിത്രങ്ങൾ, തെറ്റായ വിഡിയോ ക്ലിപ്പുകൾ, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ എന്നിവ വസ്തുതാപരമായി പരിശോധിച്ച് പൊതുജനങ്ങൾക്ക് വ്യക്തത നൽകുന്ന പ്രവർത്തനം സ്ഥിരമായി നടത്തിവരുന്നു.11 വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും തിരിച്ചറിഞ്ഞ് പൊതുജനങ്ങൾക്ക് സത്യാവസ്ഥ വ്യക്തമാക്കുന്ന ഇത്തരം സംരംഭങ്ങൾ, അൽഗോരിതമിക പ്രചാരണത്തിന്റെ കാലത്ത് മാധ്യമവിശ്വാസ്യത നിലനിർത്തുന്നതിൽ പ്രാധാന്യം വഹിക്കുന്നു.

സർക്കാർ ഡിജിറ്റൽ സാന്നിധ്യവും ഔദ്യോഗിക ഉപയോഗവും

കേരള സർക്കാറിന്റെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഔദ്യോഗിക വിവര വിതരണത്തിനായി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന കാലഘട്ടം കൂടിയാണിത്. മുഖ്യമന്ത്രിയുടെ ഓഫിസ്, വിവിധ വകുപ്പുകൾ, കേരള പൊലീസ്, ദുരന്തനിവാരണ അതോറിറ്റി, ആരോഗ്യവകുപ്പ് എന്നിവയെല്ലാം ഫേസ്ബുക്ക്, ട്വിറ്റർ/എക്സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി ഔദ്യോഗിക പ്രഖ്യാപനങ്ങൾ, മുന്നറിയിപ്പുകൾ, പദ്ധതിവിവരങ്ങൾ എന്നിവ നേരിട്ട് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നു. കേരള പൊലീസിന്റെ സമൂഹമാധ്യമ സാന്നിധ്യം ഇക്കാര്യത്തിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്;

ഗതാഗതനിയമ ലംഘനങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ ബോധവത്കരണം, കാണാതായവരെ കണ്ടെത്താനുള്ള അഭ്യർഥനകൾ, പൊതുജനസുരക്ഷാ മുന്നറിയിപ്പുകൾ എന്നിവക്കൊപ്പം ഫലിതരൂപത്തിലുള്ള ബോധവത്കരണ പോസ്റ്റുകളിലൂടെയും കേരള പൊലീസിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ ജനപ്രീതി നേടിയിട്ടുണ്ട്. പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ തുടങ്ങിയ അടിയന്തരഘട്ടങ്ങളിൽ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ തത്സമയ വിവരവിതരണത്തിനും അഭ്യൂഹങ്ങൾ തടയുന്നതിനുമുള്ള നിർണായക ഉപാധിയായി മാറിയിരിക്കുന്നു. ഇ-ഗവേണൻസ് സംരംഭങ്ങളും ഡിജിറ്റൽ സേവന വിതരണവും ശക്തിപ്പെടുത്താനായി അക്ഷയകേന്ദ്രങ്ങളിലൂടെ സംസ്ഥാനത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യം വിപുലീകരിക്കുന്ന ശ്രമങ്ങൾ തുടരുന്നു.

പ്രധാന പംക്തികളും ജനകീയ ഉള്ളടക്കങ്ങളും

മേൽപ്പറഞ്ഞ ഓൺലൈൻ പോർട്ടലുകളിലെല്ലാം പൊതുവായി കാണാൻ കഴിയുന്ന ചില ഉള്ളടക്ക വിഭാഗങ്ങളും പംക്തികളും വിശകലനം ചെയ്യുന്നത് കേരളത്തിന്റെ ഡിജിറ്റൽ വായനശീലത്തെ മനസ്സിലാക്കാൻ സഹായകമാണ്. ബ്രേക്കിങ് ന്യൂസ്, തത്സമയ അപ്ഡേറ്റുകൾ എന്നിവയാണ് എല്ലാ പോർട്ടലുകളുടെയും മുൻഗണനാ വിഭാഗം; ഇവ ഹോംപേജിന്റെ ഏറ്റവും മുകൾഭാഗത്ത് സ്ഥാനം പിടിക്കുന്നു. ഇതിനൊപ്പം പ്രാധാന്യമുള്ളതാണ് പ്രവാസലോകം അഥവാ ഗൾഫ് വാർത്താവിഭാഗം; മനോരമ ഓൺലൈൻ, മാതൃഭൂമി.കോം തുടങ്ങിയ പോർട്ടലുകളിലെല്ലാം ഗൾഫ് രാജ്യങ്ങളിലെ തൊഴിൽനിയമങ്ങൾ, വിസാചട്ടങ്ങൾ, പ്രവാസി സംഘടനാ പ്രവർത്തനങ്ങൾ, നാട്ടിലേക്കുള്ള മടക്കയാത്രാ വിവരങ്ങൾ എന്നിവക്കായി പ്രത്യേകം വിഭാഗം കാണാം; ഇത് പ്രവാസി മലയാളികളുടെ വായന സമൂഹത്തെ ഉദ്ദേശിച്ചുള്ളതാണ്.

സിനിമാവാർത്തകൾക്കും വിനോദവാർത്തകൾക്കും വേണ്ടി മിക്ക പോർട്ടലുകളും ഉപ-വെബ്സൈറ്റുകളോ വിഭാഗങ്ങളോ നിലനിർത്തുന്നു. ചലച്ചിത്ര അവലോകനങ്ങൾ, താരാഭിമുഖങ്ങൾ, ട്രെയിലർ പ്രകാശനങ്ങൾ, ബോക്സ് ഓഫിസ് വിശകലനങ്ങൾ എന്നിവ ഇതിന്റ സ്ഥിരം ഉള്ളടക്കമാണ്. കായികരംഗം, പ്രത്യേകിച്ച് ക്രിക്കറ്റും ഫുട്ബാളും, മറ്റൊരു ജനപ്രിയ വിഭാഗമാണ്; ഐ.എസ്.എൽ (ISL) കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട വാർത്തകൾ വൻതോതിൽ വായനക്കാരെ ആകർഷിക്കുന്നു. ജ്യോതിഷം, ആരോഗ്യം, ജീവിതശൈലി, പാചകം, യാത്ര എന്നിവക്കായുള്ള ലൈഫ്സ്റ്റൈൽ പംക്തികളും മിക്ക പോർട്ടലുകളിലും സ്ഥിര സാന്നിധ്യമാണ്. ഇവ പലപ്പോഴും അച്ചടിപ്പതിപ്പിലെ ഞായറാഴ്ച സപ്ലിമെന്റുകളുടെ ഡിജിറ്റൽ തുടർച്ചയായി വർത്തിക്കുന്നു. തൊഴിൽ അറിയിപ്പുകൾ, പി.എസ്.സി വിജ്ഞാപനങ്ങൾ, വിദ്യാഭ്യാസ വാർത്തകൾ എന്നിവക്കായുള്ള പ്രത്യേക വിഭാഗം വിദ്യാർഥികളും ജോലിതേടുന്നവരുമടങ്ങുന്ന വായന സമൂഹത്തെ ഈ പോർട്ടലുകളിലേക്ക് ആകർഷിക്കുന്നു.

എഡിറ്റോറിയലുകൾ, പ്രത്യേകിച്ച് അഴിമുഖം, ട്രൂകോപ്പി തിങ്ക്, ദ ക്യൂ തുടങ്ങിയ വിഷയാധിഷ്ഠിത പോർട്ടലുകളിൽ, ദീർഘമായ വിശകലന ലേഖനങ്ങളും അഭിമുഖങ്ങളും ഗവേഷണാത്മക റിപ്പോർട്ടുകളും ഉൾക്കൊള്ളുന്നു. സമകാലിക രാഷ്ട്രീയം, ലിംഗനീതി, ജാതി-സാമുദായിക പ്രശ്നങ്ങൾ, പരിസ്ഥിതി എന്നിവയാണ് ഇവയിലെ പ്രധാന പ്രമേയങ്ങൾ. അതേസമയം, കമന്റ് വിഭാഗവും സാമൂഹികമാധ്യമ പങ്കിടലും വാർത്തയുടെ ‘ജനകീയത’ നിർണയിക്കുന്ന പ്രധാന ഘടകമായി മാറിയിട്ടുണ്ട്. ഒരു ലേഖനത്തിനു താഴെ രൂപപ്പെടുന്ന വായനക്കാരുടെ ചർച്ച പലപ്പോഴും മൂലലേഖനത്തേക്കാൾ ദൈർഘ്യമേറിയതും വിവാദപരവുമാകാറുണ്ട്. ഇൻസ്റ്റഗ്രാം റീലുകളും യൂട്യൂബ് ഷോർട്സും വഴിയുള്ള അതിസംക്ഷിപ്ത വാർത്താ ഉള്ളടക്കം, ഈ പോർട്ടലുകളുടെയെല്ലാം സാമൂഹികമാധ്യമതന്ത്രത്തിന്റെ പുതിയ കൂട്ടിച്ചേർക്കലാണ്; ഒരു ദീർഘ റിപ്പോർട്ടിനെ 30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സംഗ്രഹമാക്കി മാറ്റുന്ന രീതി മിക്ക പോർട്ടലുകളും ഇന്ന് സ്വീകരിച്ചിട്ടുണ്ട്.

പൗര മാധ്യമ പ്രവർത്തനവും 2018ലെ പ്രളയവും

സ്മാർട്ഫോണും അതിവേഗ ഇന്റർനെറ്റും വ്യാപകമായതോടെ ഓൺലൈൻ മാധ്യമങ്ങളുടെ മറ്റൊരു ഘട്ടം ആരംഭിച്ചു. കാമറ, റെക്കോഡർ, എഡിറ്റിങ് ഉപകരണം, പ്രസാധനവേദി എന്നിവ ഒരൊറ്റ മൊബൈൽ ഉപകരണത്തിലേക്ക് ചുരുങ്ങി. അപകടം, പ്രതിഷേധം, വെള്ളപ്പൊക്കം, പ്രാദേശിക പ്രശ്നം എന്നിവ സംഭവിക്കുന്ന നിമിഷത്തിൽ തന്നെ ഒരു സാധാരണ പൗരന് അത് ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിക്കാം. പൗരമാധ്യമപ്രവർത്തനത്തിന്റെ (Citizen Journalism) പ്രാധാന്യം ഇവിടെ വ്യക്തമാണ്. അത് മുഖ്യധാരാ മാധ്യമങ്ങൾ ശ്രദ്ധിക്കാത്ത പ്രാദേശിക വിഷയങ്ങളെ പൊതുശ്രദ്ധയിൽ കൊണ്ടുവന്നു.

കേരളത്തിലെ ഡിജിറ്റൽ മാധ്യമചരിത്രത്തിൽ 2018ലെ കൊടുംപ്രളയം നിർണായക വഴിത്തിരിവാണ്. ആ ഘട്ടത്തിൽ സോഷ്യൽ മീഡിയ, വാട്സ്ആപ്, ഓൺലൈൻ ഫോറംസ്, ലൊക്കേഷൻ ഷെയറിങ്, വളന്റിയർ ഗ്രൂപ്പുകൾ തുടങ്ങിയവ വാർത്താവിതരണത്തിനപ്പുറം രക്ഷാപ്രവർത്തന ഏകോപനത്തിനും ഉപയോഗപ്പെട്ടു. ‘കേരള റെസ്ക്യൂ (Kerala Rescue) പോലുള്ള ഡിജിറ്റൽ സംവിധാനങ്ങളും ‘അൻപോട് കൊച്ചി’ പോലുള്ള സന്നദ്ധകൂട്ടായ്മകളും വിവിധ സഹായാവശ്യങ്ങൾ, സന്നദ്ധ പ്രവർത്തകർ, വിഭവങ്ങൾ, രക്ഷാപ്രവർത്തന വിവരങ്ങൾ എന്നിവ തമ്മിൽ ബന്ധിപ്പിക്കാൻ സഹായിച്ചു.

 

വാട്സ്ആപ് സംസ്കാരവും കുടുംബ-സാമൂഹിക ഗ്രൂപ്പുകളും

കേരളീയ കുടുംബജീവിതത്തിന്റെയും സാമൂഹികജീവിതത്തിന്റെയും ഘടനയിൽ വാട്സ്ആപ് വരുത്തിയ മാറ്റം സവിശേഷമായ പഠനവിഷയമാണ്. കുടുംബാംഗങ്ങൾക്കിടയിലുള്ള സ്വകാര്യ ഗ്രൂപ്പുകൾ, കുടുംബയോഗ ഗ്രൂപ്പുകൾ, പൂർവ വിദ്യാർഥി ഗ്രൂപ്പുകൾ, ​െറസിഡന്റ്സ് അസോസിയേഷൻ ഗ്രൂപ്പുകൾ, പള്ളി-അമ്പല കമ്മിറ്റി ഗ്രൂപ്പുകൾ, തൊഴിലിടങ്ങളിലെ ഗ്രൂപ്പുകൾ എന്നിങ്ങനെ കേരളത്തിലെ മിക്കവാറും എല്ലാ സാമൂഹികഘടനകൾക്കും സമാന്തരമായി ഒരു ഡിജിറ്റൽ ഗ്രൂപ് നിലവിൽ വന്നു. പ്രവാസത്തിലുള്ള കുടുംബാംഗങ്ങളെ തത്സമയം കുടുംബ സംഭവങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ ഈ ഗ്രൂപ്പുകൾ വലിയ പങ്കുവഹിക്കുന്നു; ജനനം, മരണം, വിവാഹം, അസുഖം തുടങ്ങിയ കുടുംബ സംഭവങ്ങൾ അപ്പപ്പോൾ ഫോട്ടോ, വിഡിയോ, വോയ്സ് സന്ദേശങ്ങൾ എന്നിവയിലൂടെ പങ്കുവെക്കുന്നു. എന്നാൽ ഇതേ ഗ്രൂപ്പുകൾതന്നെ വ്യാജ വാർത്തകളുടെയും തെറ്റായ ആരോഗ്യോപദേശങ്ങളുടെയും ഊഹാപോഹങ്ങളുടെയും ഏറ്റവും വേഗതയേറിയ പ്രചാരണമാധ്യമമായും മാറാറുണ്ട്.

ഒരു സന്ദേശം ‘ഫോർവേഡ്’ ചെയ്യപ്പെടുമ്പോൾ അതിന്റെ ഉറവിടം അപ്രത്യക്ഷമാവുകയും, ഒരു അടുത്തബന്ധുവോ സുഹൃത്തോ അയച്ചു എന്ന ഒറ്റക്കാരണത്താൽ അതിന് അമിതമായ വിശ്വാസ്യത ലഭിക്കുകയും ചെയ്യുന്ന പ്രതിഭാസം വ്യാപകമായി കാണപ്പെടുന്നു. ആരോഗ്യപ്രതിസന്ധി ഘട്ടങ്ങളിൽ, പ്രത്യേകിച്ച് കോവിഡ്-19 മഹാമാരിക്കാലത്ത്, തെറ്റായ ചികിത്സാ മാർഗങ്ങൾ, വ്യാജമരുന്നുകൾ, ഭീതിപരത്തുന്ന സന്ദേശങ്ങൾ എന്നിവ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ അതിവേഗം പ്രചരിച്ചത് ആരോഗ്യ വകുപ്പിനും മാധ്യമങ്ങൾക്കും വലിയ വെല്ലുവിളിയായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ‘കോവിഡ്-19 ജാഗ്രത’ എന്ന ഔദ്യോഗിക ഡിജിറ്റൽ പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും ആരംഭിച്ചത്.12 രോഗലക്ഷണ നിരീക്ഷണം, സമ്പർക്കപ്പട്ടിക തയാറാക്കൽ, ക്വാറന്റൈൻ വിവരങ്ങൾ, ഔദ്യോഗിക കണക്കുകൾ എന്നിവ ഒരൊറ്റ വിശ്വസനീയ ഉറവിടത്തിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം. അനൗദ്യോഗിക വാട്സ്ആപ് പ്രചാരണങ്ങൾക്കെതിരെ ഔദ്യോഗിക ഡിജിറ്റൽ വിവരസ്രോതസ്സുകൾ എങ്ങനെ ഒരു പ്രതിരോധമായി പ്രവർത്തിക്കാമെന്നതിന്റെ മാതൃകയായി ഇത് പിന്നീട് ചൂണ്ടിക്കാണിക്കപ്പെട്ടു.

യൂട്യൂബ് വിപ്ലവവും ക്രിയേറ്റർ ഇക്കോസിസ്റ്റവും

കേരളത്തിലെ ഓൺലൈൻ മാധ്യമചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് യൂട്യൂബിന്റെ വളർച്ച. 2005 ഫെബ്രുവരിയിലാണ് യൂട്യൂബ് എന്ന ഡിജിറ്റൽ വിപ്ലവം പിറവിയെടുക്കുന്നത്. ‘പേ പാൽ’ കമ്പനിയിലെ ജീവനക്കാരായിരുന്ന ചാഡ് ഹർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം എന്നീ മൂന്ന് കൂട്ടുകാരായിരുന്നു ഇതിന്റെ ശിൽപികൾ.13 2005 ഏപ്രിൽ 23ന് ജാവേദ് കരീം സാന്റിയാഗോ മൃഗശാലയിലെ ആനകളുടെ മുന്നിൽനിന്ന് എടുത്ത ‘Me at the zoo’ എന്ന 19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയിലൂടെ യൂട്യൂബ് അതിന്റെ അക്കൗണ്ട് തുറന്നു.

അതുവരെ ലിവിങ് റൂമുകളിലെ ടെലിവിഷൻ ചാനലുകൾ കൈയടക്കി ​െവച്ചിരുന്ന കാഴ്ചയുടെ കുത്തക യൂട്യൂബ് ഒറ്റയടിക്ക് തകർത്തെറിഞ്ഞു. വിനോദവും വിദ്യാഭ്യാസവും വാർത്തകളുമെല്ലാം ഒരൊറ്റ സ്ക്രീനിലേക്ക് ചുരുങ്ങി. ഒരു വ്യക്തിക്കുതന്നെ വിഡിയോ നിർമിക്കുകയും പ്രസിദ്ധീകരിക്കുകയും പ്രേക്ഷകരെ കണ്ടെത്തുകയും വരുമാനം നേടുകയും ചെയ്യാൻ കഴിയുന്ന സാഹചര്യം യൂട്യൂബ് സൃഷ്ടിച്ചു. 2019ൽ യൂട്യൂബ് സംഘടിപ്പിച്ച ‘Malayalam Day’ പരിപാടിയിൽ കരിക്ക് (Karikku), M4 Tech, Tech Travel Eat തുടങ്ങിയ മലയാളി ക്രിയേറ്റഴ്സ് ഉൾപ്പെട്ടിരുന്നു. ഈ പരിപാടി മലയാളം ക്രിയേറ്റർ ഇക്കോസിസ്റ്റം അതിനകം തന്നെ ഒരു പ്രത്യേക സാംസ്കാരിക മേഖലയായി വളർന്നിരുന്നുവെന്നതിന്റെ തെളിവാണ്. യൂട്യൂബിന്റെ പ്രധാന വിപ്ലവം ടെലിവിഷൻ ചാനലിന് ആവശ്യമായ സ്റ്റുഡിയോ, സാറ്റലൈറ്റ്, വലിയ പ്രൊഡക്ഷൻ ടീം എന്നിവ ഇല്ലാതെയും ഒരാൾക്ക് സ്വന്തം മാധ്യമവേദി സൃഷ്ടിക്കാം എന്നതാണ്.

Tech Travel Eat മലയാളത്തിലെ ട്രാവൽ വ്ലോഗിങ് സംസ്കാരത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ്. യാത്ര, ഭക്ഷണം, സാങ്കേതികവിദ്യ എന്നിവയെ വ്യക്തിപരമായ അനുഭവവുമായി ബന്ധിപ്പിച്ചുള്ള അവതരണം ഇതിന്റെ പ്രത്യേകതയാണ്. പരമ്പരാഗത യാത്രാവിവരണത്തിൽ ഒരു സ്ഥലത്തെക്കുറിച്ച് എഴുത്തുകാർ വിവരിക്കുമ്പോൾ വ്ലോഗിൽ പ്രേക്ഷകർ സ്രഷ്ടാവിനൊപ്പം യാത്രചെയ്യുന്ന അനുഭവമാണ് നേടുന്നത്. വഴിയിലെ ഭക്ഷണം, വാഹനയാത്ര, താമസം, ചെലവ്, പ്രാദേശിക അനുഭവം എന്നിവയും ഉള്ളടക്കത്തിന്റെ ഭാഗമാകുന്നു. M4 Tech സാങ്കേതികവിദ്യയും ശാസ്ത്രീയ കൗതുകങ്ങളും ലളിതമായി മലയാളത്തിൽ അവതരിപ്പിച്ചുകൊണ്ട് യൂട്യൂബിനെ ഇൻഫോർമൽ സയൻസ് കമ്യൂണിക്കേഷന്റെ വേദിയാക്കി. ഉപകരണങ്ങൾ, പരീക്ഷണങ്ങൾ, നിർമാണരീതികൾ, സാങ്കേതിക ആശയങ്ങൾ തുടങ്ങിയവ വിനോദം നിറഞ്ഞ അവതരണത്തിലൂടെ പൊതുജനങ്ങളിലേക്കെത്തി. മലയാളത്തിൽ ശാസ്ത്രവിശദീകരണ വിഡിയോകൾക്ക് സ്ഥിരമായ പ്രേക്ഷകസമൂഹം രൂപപ്പെട്ടു.

ഡിജിറ്റൽ അധിഷ്ഠിത വിനോദരംഗത്ത് മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളിലൊന്നാണ് കരിക്ക്. ടെലിവിഷൻ കോമഡി പരിപാടികളുടെ പരമ്പരാഗ തമാതൃകകളിൽനിന്ന് വ്യത്യസ്തമായി, പുതിയ തലമുറയുടെ ഭാഷയും ജീവിതരീതികളും സൗഹൃദങ്ങളും വെബ് അധിഷ്ഠിത കഥാഖ്യാനശൈലിയിലേക്ക് എത്തിക്കാൻ കരിക്കിന് സാധിച്ചു. ഈ മാറ്റത്തിൽ ഉള്ളടക്കത്തിന്റെ മേന്മയും പ്രഫഷനലിസവും നിർണായക പങ്കുവഹിച്ചു. യൂട്യൂബ് ഉള്ളടക്കങ്ങൾ എന്നത് അമച്വർ വിഡിയോകൾ മാത്രമല്ലെന്നും; തിരക്കഥ, അഭിനയം, സിനിമാറ്റോഗ്രഫി, എഡിറ്റിങ്, സൗണ്ട് ഡിസൈൻ, പ്രൊഡക്ഷൻ, മാർക്കറ്റിങ് തുടങ്ങിയ സമഗ്രമേഖലകളും കോർത്തിണക്കിയ ഒരു സമ്പൂർണ വിനോദ വ്യവസായമായി ഇതിനെ വളർത്താമെന്നും കരിക്ക് തെളിയിച്ചു.

യൂട്യൂബിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്, പരമ്പരാഗതമാധ്യമങ്ങളിൽ അപൂർവമായി മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ദൈനംദിനജീവിതരീതികൾക്കും ജീവിത പരിസരങ്ങൾക്കും വലിയ തോതിലുള്ള ദൃശ്യത നൽകിയതാണ്. പാചകം, മത്സ്യബന്ധനം, കൃഷി, വാഹനപരിചരണം, ഗ്രാമീണതൊഴിലുകൾ, നാട്ടുപാതകൾ, പ്രാദേശിക ഉത്സവങ്ങൾ, ചെറുകിടവ്യാപാരങ്ങൾ തുടങ്ങിയവയെല്ലാം ഇന്ന് ഡിജിറ്റൽ ഡിസൈനിൽ ജനപ്രിയ ക്രിയേറ്റർ കണ്ടന്റുകളായി മാറിയിരിക്കുന്നു. ‘ഷമീസ് കിച്ചൻ’ (Shamees Kitchen) പോലുള്ള ഫുഡ് ചാനലുകൾ പാചകത്തെ കേവലം പാചകക്കുറിപ്പുകളിൽനിന്ന് മാറ്റി, ആസ്വാദ്യകരമായ സാംസ്കാരിക അനുഭവമാക്കി മാറ്റി. ‘ഫിഷിങ് ഫ്രീക്സ്’ (Fishing Freaks) പോലുള്ള ചാനലുകൾ തീരദേശ ജീവിതത്തെയും മത്സ്യബന്ധനത്തിന്റെ സൂക്ഷ്മതലങ്ങളെയും പൊതുമണ്ഡലത്തിലെ ദൃശ്യാനുഭവങ്ങളിലേക്ക് എത്തിച്ചു. ചുരുക്കത്തിൽ, യൂട്യൂബ് എന്നത് കേവലം വിനോദ പ്ലാറ്റ്ഫോം മാത്രമല്ലാതെ വർത്തമാനകാല കേരളീയ ജീവിതത്തിന്റെ വൈവിധ്യങ്ങളെയും നാട്ടുസവിശേഷതകളെയും രേഖപ്പെടുത്തുന്ന ജനകീയ ഡിജിറ്റൽ ആർക്കൈവ് കൂടിയാണ്.

യൂട്യൂബ് സംസ്കാരത്തിന്റെ മറ്റൊരു പ്രധാന തലമാണ് ഫാമിലി വ്ലോഗുകൾ (Family Vlogs). കുടുംബജീവിതം, കുട്ടികളുടെ വിശേഷങ്ങൾ, യാത്രകൾ, ആഘോഷങ്ങൾ, ഭക്ഷണം, വീടിന്റെ ദൈനംദിനകാര്യങ്ങൾ എന്നിവയെല്ലാം തുടർച്ചയായ വിഡിയോ ഉള്ളടക്കങ്ങളായി മാറുന്ന രീതിയാണിത്. ‘KL BRO Biju Rithvik’ പോലുള്ള ചാനലുകൾ ഈ ട്രെൻഡിന്റെ വലിയ ഉദാഹരണമാണ്. ഇതിലൂടെ ഒരു കുടുംബത്തിന്റെ ദൈനംദിന ജീവിതംതന്നെ തുടർച്ചയായ ഒരു മാധ്യമ ആഖ്യാനമായി മാറുന്നു. കുടുംബാംഗങ്ങളെ നിരന്തരം കാണുന്നതിലൂടെ തങ്ങളുമായി വ്യക്തിപരമായ അടുപ്പമുള്ളവരാണെന്ന പ്രതീതി പ്രേക്ഷകരിൽ ഉണ്ടാകുന്നു. എന്നാൽ, ഇതിനു പിന്നിൽ കുട്ടികളുടെ സ്വകാര്യതയും സമ്മതവും, ഡിജിറ്റൽ ഫൂട്ട്പ്രിന്റ്, സ്വകാര്യതയുടെ കച്ചവടവത്കരണം തുടങ്ങിയ ഗൗരവതരമായ ധാർമികചോദ്യങ്ങളും നിലനിൽക്കുന്നുണ്ട്.

കണ്ടന്റ് കൺവെർജൻസും വ്യക്തിഗത ബ്രാൻഡിങ്ങും

മലയാളത്തിലെ മാധ്യമവ്യവസ്ഥയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ രണ്ട് പ്രധാനതലങ്ങളിൽ ദൃശ്യമാണ്: ഉള്ളടക്കത്തിന്റെ സംയോജനവും (Content Convergence) മാധ്യമപ്രവർത്തകരുടെ വ്യക്തിഗത ബ്രാൻഡിങ്ങും (Personal Branding). യൂട്യൂബ് പോലെയുള്ള പ്ലാറ്റ്ഫോമുകളുടെ ആഗോള വളർച്ച ടെലിവിഷൻ വാർത്താസ്ഥാപനങ്ങളുടെ പ്രവർത്തനരീതിയെ പൂർണമായും തിരുത്തിയെഴുതി. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, 24 ന്യൂസ്, റിപ്പോർട്ടർ ടിവി, മീഡിയവൺ തുടങ്ങിയ പ്രമുഖ മലയാളം ചാനലുകൾ തങ്ങളുടെ പരമ്പരാഗത സംപ്രേഷണത്തിന് പുറമെ ലൈവ് സ്ട്രീം, ബ്രേക്കിങ് ന്യൂസ്, എക്സ് പ്ലെയ്നറുകൾ, ഷോർട്ട് വിഡിയോകൾ എന്നിവയിലൂടെ ഡിജിറ്റൽ ഇടങ്ങളിൽ സജീവമായി. ഇതോടെ ടെലിവിഷൻ, വെബ്, സമൂഹമാധ്യമ ന്യൂസ്റൂമുകൾ തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാകുകയും ഒരേ വിവരങ്ങൾ തന്നെ വെബ്സൈറ്റ് ലേഖനം, യൂട്യൂബ് വിഡിയോ, ഇൻസ്റ്റഗ്രാം റീൽ, ഫേസ്ബുക്ക് പോസ്റ്റ്, വാട്സ്ആപ് കാർഡ് എന്നിങ്ങനെ വൈവിധ്യമാർന്ന ഫോർമാറ്റുകളിൽ പ്രേക്ഷകരിലേക്ക് എത്തുന്ന ‘കണ്ടന്റ് കൺവെർജൻസ്’ രൂപപ്പെടുകയും ചെയ്തു.

അതോടൊപ്പം മാധ്യമസ്ഥാപനങ്ങളുടെ ബ്രാൻഡ് മൂല്യത്തിനൊപ്പം മാധ്യമ പ്രവർത്തകരുടെ വ്യക്തിഗത ബ്രാൻഡും നിർണായകമായി മാറിയ അന്തരീക്ഷം സംജാതമായി. പ്രമുഖ അവതാരകരും രാഷ്ട്രീയ വിശകലനക്കാരായ മാധ്യമ പ്രവർത്തകരും സ്വന്തമായി യൂട്യൂബ് ചാനലുകളും ഡിജിറ്റൽ സ്പേസുകളും ആരംഭിച്ചതോടെ ‘ജേണലിസ്റ്റ് ആസ് എ ബ്രാൻഡ്’ എന്ന പ്രവണത ശക്തമായി. വലിയ സ്ഥാപനങ്ങളുടെ മാധ്യമശ്രദ്ധയേക്കാൾ തങ്ങൾക്ക് പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരുടെ വ്യക്തിഗതമായ വിശ്വാസ്യതയെ പ്രേക്ഷകർ വിശ്വസിക്കാൻ തുടങ്ങി. ഇത് സ്ഥാപനപരമായ എഡിറ്റോറിയൽ നിയന്ത്രണങ്ങളിൽനിന്നും കോർപറേറ്റ് സമ്മർദങ്ങളിൽനിന്നും മാധ്യമപ്രവർത്തകർക്ക് വ്യക്തിഗത സ്വാതന്ത്ര്യം നൽകുന്നു. എങ്കിലും എഡിറ്റോറിയൽ മേൽനോട്ടത്തിന്റെ അഭാവം, വ്യക്തിപരമായ പക്ഷപാതിത്വങ്ങൾ, വാർത്തകളേക്കാൾ മാധ്യമപ്രവർത്തകരുടെ വ്യക്തിത്വത്തിന് നൽകുന്ന പ്രാധാന്യം എന്നിവ മാധ്യമധാർമികതക്കു മീതെ വെല്ലുവിളി ഉയർത്തുന്നുണ്ട്.

ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ച കേരളത്തിലെ പ്രാദേശിക വാർത്താ സംവിധാനത്തിൽ വലിയ മാറ്റത്തിന് വഴി​െവച്ചിട്ടുണ്ട്. പഞ്ചായത്ത്, നഗരസഭ, പ്രാദേശിക റോഡുകൾ, സർക്കാർ ആശുപത്രികൾ, സ്കൂളുകൾ, വികസനപ്രശ്നങ്ങൾ, അപകടങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ, നാട്ടുകാരുടെ പ്രതിഷേധങ്ങൾ തുടങ്ങിയ തികച്ചും പ്രാദേശികമായ വിഷയങ്ങൾ ഇന്ന് യൂട്യൂബിലും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും പ്രേക്ഷകശ്രദ്ധ നേടുന്നു. ഇത് കേരളത്തിൽ ഹൈപ്പർ ലോക്കൽ ജേണലിസത്തെ (Hyper Local Journalism) കൂടുതൽ കരുത്തുറ്റതാക്കി. മുമ്പ് മുഖ്യധാരാ മാധ്യമങ്ങളുടെ വാർത്താ മുൻഗണനകളിൽ ഇടംപിടിക്കാതിരുന്ന ചെറുകിട വിഷയങ്ങൾക്കും ഗ്രാമീണപ്രശ്നങ്ങൾക്കും ഇന്ന് ഡിജിറ്റൽ ഇടങ്ങളിൽ ഉടനടി ദൃശ്യതയും പൊതുജനശ്രദ്ധയും ലഭിക്കുന്നുണ്ട്. എന്നാൽ, ഈ പ്രാദേശികമുന്നേറ്റത്തോടൊപ്പംതന്നെ വലിയ പ്രതിസന്ധികളും നിലനിൽക്കുന്നുണ്ട്. കൃത്യമായ പരിശോധനകളോ വസ്തുതാന്വേഷണമോ ഇല്ലാതെ വാർത്തകൾ പുറത്തുവിടുന്നതുമൂലം വ്യക്തിഹത്യ, സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ, ഊഹാപോഹങ്ങൾ, പ്രാദേശിക വിഭാഗീയതകൾ എന്നിവ അതിവേഗം പ്രചരിക്കാനുള്ള സാധ്യതയും ഇത്തരം ഡിജിറ്റൽ മാധ്യമങ്ങളിൽ വളരെ കൂടുതലാണ്.

പോഡ്കാസ്റ്റുകളും ഹ്രസ്വ വിഡിയോ സംസ്കാരവും

പോഡ്കാസ്റ്റുകളുടെ ജനപ്രീതി റേഡിയോ എന്ന മാധ്യമത്തിന്റെ അവസാനമല്ല. മറിച്ച്, ശബ്ദമാധ്യമത്തിന്റെ ആധുനികമായ പുനഃസംഘടനയാണ്. പരമ്പരാഗത റേഡിയോയിൽ ബ്രോഡ്കാസ്റ്റർ ഒരുക്കുന്ന സമയക്രമത്തിനനുസരിച്ച് പ്രേക്ഷകർ ശ്രദ്ധിക്കേണ്ടിവരുമ്പോൾ, പോഡ്കാസ്റ്റുകളിൽ കേൾവിക്കാരനാണ് എപ്പോൾ, എവിടെവെച്ച്, എന്ത് കേൾക്കണം എന്ന് തീരുമാനിക്കുന്നത്. രാഷ്ട്രീയം, സാഹിത്യം, ചരിത്രം, സിനിമ, ശാസ്ത്രം, സാമൂഹികവിഷയങ്ങൾ, വ്യക്തിപരമായ അനുഭവങ്ങൾ എന്നിവയെല്ലാം സംഭാഷണരൂപത്തിൽ അവതരിപ്പിക്കാൻ പോഡ്കാസ്റ്റുകൾ അവസര മൊരുക്കുന്നു. യൂട്യൂബ്, സ്പോട്ടിഫൈ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഇത്തരം ഓഡിയോ ഉള്ളടക്കങ്ങൾ എളുപ്പത്തിൽ ലഭ്യമായതോടെ, മലയാളത്തിൽ ആവശ്യാനുസരണം വിവരങ്ങളും ആശയങ്ങളും കേട്ടറിയുന്ന ഒരു ‘ഓൺ-ഡിമാൻഡ് ഓഡിയോ സംസ്കാരം’ അതിവേഗം വളരുകയാണ്.

കോവിഡ് മഹാമാരിക്ക് ശേഷം ഇൻസ്റ്റഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്സ് തുടങ്ങിയ ഹ്രസ്വ വിഡിയോ ഫോർമാറ്റുകളുടെ കടന്നുവരവ് ഡിജിറ്റൽ മാധ്യമങ്ങളുടെ ആഖ്യാനത്തെത്തന്നെ പൂർണമായി മാറ്റിമറിച്ചു. 30 മുതൽ 90 സെക്കൻഡ് വരെ മാത്രം ദൈർഘ്യമുള്ള ചെറുവിഡിയോകളിലൂടെ വാർത്തകൾ, രാഷ്ട്രീയം, വിദ്യാഭ്യാസം, സിനിമ, ഹാസ്യം, ഭക്ഷണം, യാത്ര, ജീവിതശൈലി തുടങ്ങി സമസ്തമേഖലകളും അവതരിപ്പിക്കപ്പെടാൻ തുടങ്ങിയതോടെ ‘കണ്ടന്റ് കംപ്രഷൻ’ എന്നത് ഡിജിറ്റൽ രംഗത്തെ പ്രധാന മാധ്യമകൗശലമായി രൂപപ്പെട്ടു. സങ്കീർണമായ വിഷയങ്ങളെ ഏതാനും സെക്കൻഡുകളിലേക്ക് ചുരുക്കി അവതരിപ്പിക്കുന്ന രീതി വായനക്കും ദൈർഘ്യമേറിയ നിരീക്ഷണങ്ങൾക്കും സമയം കണ്ടെത്താത്ത പ്രേക്ഷകരിലേക്ക് വിവരങ്ങൾ വേഗത്തിൽ എത്തിച്ച് അറിവിന്റെ ജനകീയവത്കരണത്തിന് വലിയ പങ്കുവഹിച്ചു.

എന്നാൽ, വിഷയങ്ങളുടെ ആഴവും സൂക്ഷ്മതയും നഷ്ടപ്പെടാനുള്ള സാധ്യതയും ഈ ഹ്രസ്വ വിഡിയോ സംസ്കാരം സൃഷ്ടിക്കുന്നുണ്ട്. സമയപരിമിതിമൂലം ഒരു വിഷയത്തിന്റെ പശ്ചാത്തലവും ചരിത്രവശങ്ങളും ഒഴിവാക്കപ്പെടുകയും, കാര്യങ്ങൾ ലളിതവത്കരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നു. അതോടൊപ്പം, ഈ ഷോർട്ട്-വിഡിയോ രീതി ഡിജിറ്റൽ ലോകത്തെ ‘അറ്റൻഷൻ ഇക്കോണമി’യെ കൂടുതൽ ശക്തമാക്കി. സ്ക്രോൾ ചെയ്തുപോകുന്ന ഉപയോക്താവിനെ വിഡിയോയുടെ ആദ്യ ഏതാനും സെക്കൻഡുകളിൽത്തന്നെ പിടിച്ചിരുത്തുക എന്ന വെല്ലുവിളി തരണംചെയ്യുക എന്നത് ഉള്ളടക്കനിർമാണത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യമായി മാറുകയും ചെയ്തു.

 

ശ്രദ്ധയുടെ സമ്പദ്‌വ്യവസ്ഥയും ക്ലിക്ക്ബെയ്റ്റും

ഡിജിറ്റൽ മാധ്യമങ്ങളുടെ സാമ്പത്തികഘടന പ്രേക്ഷകരുടെ ശ്രദ്ധയെ (Attention) പ്രധാന മൂലധനമാക്കിയാണ് നിലനിൽക്കുന്നത്. കാഴ്ചക്കാരുടെ എണ്ണം, ക്ലിക്കുകൾ, കാണുന്ന സമയം, ഷെയറുകൾ, കമന്റുകൾ എന്നിവയാണ് ഒരു മാധ്യമസ്ഥാപനത്തിന്റെ ഡിജിറ്റൽ ദൃശ്യതയെയും സാമ്പത്തികവരുമാനത്തെയും നേരിട്ട് നിർണയിക്കുന്നത്. ഇതിന്റെ സ്വാഭാവിക ഫലമായി ഡിജിറ്റൽ ഇടങ്ങളിൽ ക്ലിക്ക്ബെയ്റ്റ് തലക്കെട്ടുകൾ വ്യാപകമായി മാറുന്ന സാഹചര്യം ഉണ്ടായി. വാർത്തകളുടെ സാമൂഹിക പ്രാധാന്യത്തേക്കാൾ പ്രേക്ഷകരിൽ ആകാംക്ഷയും വികാരങ്ങളും സൃഷ്ടിക്കുന്ന തലക്കെട്ടുകൾക്ക് മാധ്യമങ്ങൾ കൂടുതൽ പ്രാധാന്യം നൽകാൻ ഇത് ഇടയാക്കി. ക്ലിക്ക്ബെയ്റ്റ് എന്നത് യഥാർഥവാർത്തകൾക്കുപോലും അതിശയോക്തിപരമായ ശീർഷകങ്ങൾ നൽകുന്ന രീതിയാണ്. എന്നാൽ, ഇത്തരത്തിൽ നൽകുന്ന തലക്കെട്ടുകളും യഥാർഥ ഉള്ളടക്കവും തമ്മിലുള്ള അകലം വർധിക്കുമ്പോൾ മാധ്യമവിശ്വാസ്യതക്ക് ക്ഷതമേൽക്കുന്നു. അതുകൊണ്ടുതന്നെ, ഗുണനിലവാരമുള്ള എഡിറ്റോറിയൽ മൂല്യങ്ങളും കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള എൻഗേജ്മെന്റ് മൂല്യങ്ങളും തമ്മിലുള്ള തുടർച്ചയായ സംഘർഷമാണ് ഇന്നത്തെ ഡിജിറ്റൽ മാധ്യമ ലോകം നേരിടുന്ന അടിസ്ഥാന വെല്ലുവിളി.

ഡിജിറ്റൽ ആക്ടിവിസവും രാഷ്ട്രീയ പ്രചാരണവും

ഓൺലൈൻ മാധ്യമങ്ങളുടെ ആവിർഭാവത്തോടെ കേരളത്തിലെ രാഷ്ട്രീയ പ്രചാരണ സംസ്കാരം വലിയൊരു പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകൾ, യൂട്യൂബ് ചാനലുകൾ, വാട്സ്ആപ് ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം പേജുകൾ, മീം പേജുകൾ എന്നിവയൊക്കെ ഇന്ന് കേവലം വിനോദോപാധികൾ എന്നതിലുപരി തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ പ്രധാന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. പത്ര-ദൃശ്യമാധ്യമങ്ങളുടെ ഇടനിലയില്ലാതെ രാഷ്ട്രീയ നേതാക്കൾക്ക് തങ്ങളുടെ പ്രസംഗങ്ങളും നയങ്ങളും നിലപാടുകളും തത്സമയം പൗരന്മാരിലേക്ക് നേരിട്ടെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇതിനൊപ്പം ഡേറ്റാ അനലിറ്റിക്സ്, മൈക്രോ-ടാർഗെറ്റിങ്, ഓഡിയൻസ് സെഗ്മെന്റേഷൻ എന്നീ സാങ്കേതികവിദ്യകൾകൂടി ഉപയോഗപ്പെടുത്തുന്നതോടെ, ഒരേ രാഷ്ട്രീയസന്ദേശംതന്നെ വോട്ടർമാരുടെ വയസ്സ്, താൽപര്യം, പ്രദേശം എന്നിവക്കനുസരിച്ച് വ്യത്യസ്തരീതികളിൽ പരുവപ്പെടുത്തി വ്യക്തികേന്ദ്രിതമായി എത്തിക്കാനും സാധിക്കുന്നു.

ഹാഷ് ടാഗ് കാമ്പയിനുകൾ, ഓൺലൈൻ ഹരജികൾ, ക്രൗഡ് ഫണ്ടിങ്, പ്രതിഷേധങ്ങളുടെ തത്സമയ സംപ്രേഷണങ്ങൾ, സന്നദ്ധപ്രവർത്തകരുടെ ഏകോപനം തുടങ്ങിയവയെല്ലാം ആധുനിക സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രബലമായ പുതിയ ഉപകരണങ്ങളായി മാറിയിട്ടുണ്ട്. ഈ സാങ്കേതിക മുന്നേറ്റം കാരണം തികച്ചും പ്രാദേശികമായ ഒരു പ്രശ്നത്തിനുപോലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനതലത്തിലോ അന്തർദേശീയതലത്തിലോ ജനശ്രദ്ധയും പിന്തുണയും നേടിയെടുക്കാൻ സാധിക്കുന്നു. എന്നാൽ, ഈ ഡിജിറ്റൽ ആക്ടിവിസത്തിന് ചില വ്യക്തമായ പരിമിതികളുമുണ്ട്. ഒരു ഹാഷ് ടാഗ് സമൂഹമാധ്യമത്തിൽ വൈറലാകുന്നു എന്നതുകൊണ്ടുമാത്രം ദീർഘകാലാടിസ്ഥാനത്തിലുള്ള സാമൂഹികമാറ്റം ഉറപ്പുനൽകാൻ കഴിയില്ല. സ്ക്രീനുകൾക്ക് പുറത്ത്, യഥാർഥ ജീവിതത്തിൽ സംഘടനാപരമായ പ്രവർത്തനങ്ങളായും ബഹുജനമുന്നേറ്റങ്ങളായും രൂപപ്പെടുമ്പോൾ മാത്രമാണ് ഓൺലൈൻ ദൃശ്യതക്ക് യഥാർഥ രാഷ്ട്രീയശക്തിയും സ്ഥിരതയുള്ള മാറ്റങ്ങൾ ഉണ്ടാക്കാനുള്ള ശേഷിയും ലഭിക്കുന്നത്.

(തുടരും)

കുറിപ്പ്

1. American Standard Code for Information Interchange (ASCII)

2. Swathanthra Malayalam Computing (S.M.C.) collective

3. Malayalam Wikipedia, launched 21 December 2002.

4. SixDegrees.com, founded 1997 by Andrew Weinreich

5. Mark Zuckerberg, Facebook co-founder, launched 4 February 2004

6. ഈ നവസമീപനത്തെ പി.എൻ. ഗോപീകൃഷ്ണൻ ‘ഇടിക്കാലൂരി പനമ്പട്ടടി’ എന്ന സമാഹാരത്തിലെ ‘അന്നന്നത്തെ മോക്ഷം’ എന്ന കവിതയിൽ ചിത്രീകരിക്കുന്നത് ഇപ്രകാരമാണ്: ‘‘ഒരു തമാശകൊണ്ട്/നൂറ്റമ്പതുപേരെ ഊട്ടിയാൽ/ പിന്നെ നിങ്ങൾ/ നിങ്ങളല്ല./ നൂറ്റമ്പതുവായനക്കാരുടെ/ കർത്താവാണ്./ നൂറ്റമ്പതു സിനിമകളിലെ/ ഹാസ്യതാരമാണ്./ നൂറ്റമ്പതു ലോകങ്ങളുടെ/ ഉടമയാണ്.’’

7. Instagram, acquired by Facebook for approx. $1 billion, 2012

8. WhatsApp, acquired by Facebook for approx. $19 billion, 2014

9. Twitter, founded 2006 by Jack Dorsey, Biz Stone, Evan Williams, Noah Glass; renamed X in 2023 following Elon Musk's acquisition

10. Kerala Information & Public Relations Department (I&PRD), Media Handbook 2026 edition-registered online media/web portal list. (ഈ Media Handbook ഓൺലൈനിൽ ലഭ്യമാണ്.)

11. BOOM Live, Fact Crescendo Malayalam, Vishvas News- Malayalam-language fact-checking verticals of national fact-checking organisations

12. Covid-19 Jagratha portal/app, Government of Kerala, launched 2020

13. YouTube founders -Chad Hurley, Steve Chen, Jawed Karim, February 2005

Tags:    
News Summary - Kerala Online Media History

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.