സഹോദരന്റെ രാഷ്ട്രീയം, സാഹോദര്യത്തിന്റെയും

ഫാഷിസം ശക്തിപ്പെടുകയും ജനാധിപത്യം തന്നെ അപകടത്തിൽപെടുകയും ചെയ്യുന്ന ഈ ചരിത്രസന്ധിയിൽ സഹോദരൻ അയ്യപ്പനും അദ്ദേഹം ഉയർത്തിപ്പിടിച്ച സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും രാഷ്ട്രീയ ദർശനങ്ങൾക്ക് എന്താണ് പ്രസക്തി? ഇടത്-വലത് വിഭജിതമായ കേരള രാഷ്ട്രീയത്തിൽ മറ്റൊരുവഴി അന്വേഷിക്കാൻ സഹോദരൻ അയ്യപ്പൻ ശ്രമിച്ചിരുന്നോ? ആ പാതക്ക് ഇനി എന്താണ് സാധ്യത? -വിശകലനം. ‘‘മനുഷ്യരെല്ലാം ജന്മനാ സമന്മാരാണ്, എല്ലാ സമുദായക്കാരും സമന്മാരാണ്, ജീവിക്കുവാനും വളരാനും ക്ഷേമൈശ്വര്യങ്ങൾ തേടാനുമുള്ള അവകാശം എല്ലാ സമുദായങ്ങൾക്കുമുണ്ട്. ഇതാണ് സത്യം, ഇതാണ് ധർമം, ഇതാണ് നീതി, ഇതിനെതിരായതെല്ലാം അസത്യവും,...

ഫാഷിസം ശക്തിപ്പെടുകയും ജനാധിപത്യം തന്നെ അപകടത്തിൽപെടുകയും ചെയ്യുന്ന ഈ ചരിത്രസന്ധിയിൽ സഹോദരൻ അയ്യപ്പനും അദ്ദേഹം ഉയർത്തിപ്പിടിച്ച സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും രാഷ്ട്രീയ ദർശനങ്ങൾക്ക് എന്താണ് പ്രസക്തി? ഇടത്-വലത് വിഭജിതമായ കേരള രാഷ്ട്രീയത്തിൽ മറ്റൊരുവഴി അന്വേഷിക്കാൻ സഹോദരൻ അയ്യപ്പൻ ശ്രമിച്ചിരുന്നോ? ആ പാതക്ക് ഇനി എന്താണ് സാധ്യത? -വിശകലനം.

‘‘മനുഷ്യരെല്ലാം ജന്മനാ സമന്മാരാണ്, എല്ലാ സമുദായക്കാരും സമന്മാരാണ്, ജീവിക്കുവാനും വളരാനും ക്ഷേമൈശ്വര്യങ്ങൾ തേടാനുമുള്ള അവകാശം എല്ലാ സമുദായങ്ങൾക്കുമുണ്ട്. ഇതാണ് സത്യം, ഇതാണ് ധർമം, ഇതാണ് നീതി, ഇതിനെതിരായതെല്ലാം അസത്യവും, അധർമവും അനീതിയുമാകുന്നു.’’ 1945ൽ കൊച്ചി എസ്.എൻ.ഡി.പി യോഗം നടത്തിയ അവകാശ പ്രഖ്യാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറിയായിരുന്ന സഹോദരൻ അയ്യപ്പൻ നടത്തിയ പ്രഖ്യാപനമാണിത്.

സാമുദായിക അവകാശങ്ങൾ മാത്രമല്ല, രാഷ്ട്രീയവും സാമൂഹികവും വികസനവും കൃഷിയും മനുഷ്യാവകാശവുമായെല്ലാം ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ഈ പ്രഖ്യാപനം മുന്നോട്ടുവെച്ചു. രാഷ്ട്രീയ അവകാശങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു പൂർണ ഉത്തരവാദ ഭരണം. ‘നിയമസഭകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും ജനസംഖ്യാ കണക്കിന് പ്രാതിനിധ്യം ഈഴവർ അവരുടെ അവകാശമായി പ്രഖ്യാപനം’ ചെയ്തു.

ഇതോടൊപ്പം ദേവസ്വം ഉൾപ്പെടെ എല്ലാ സർവിസുകളിലേക്കും ജനസംഖ്യാനുപാതികമായി, മിനിമം യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗങ്ങളിൽ നിയമനം കിട്ടേണ്ടത് ഈഴവരുടെ അവകാശമായി പ്രഖ്യാപിച്ചു. സാമ്പത്തികാവകാശങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ജന്മി സമ്പ്രദായം ഇല്ലാതാക്കണം എന്നതായിരുന്നു. ഭൂമിയുടെ മേൽ കൃഷിക്കാരനും കുടികിടപ്പുകാർക്കും സ്ഥിരാവകാശം വേണമെന്നും പാട്ടങ്ങളും കരങ്ങളും കുറക്കണമെന്നും ആ സമ്മേളനം ആവശ്യപ്പെട്ടു. കർഷകന് ഭൂമിയിൽ അവകാശം സ്ഥാപിക്കുന്നതിൽ മാത്രം ആ പ്രഖ്യാപനം ഒതുങ്ങിനിന്നില്ല. കാർഷിക ഉൽപാദന വർധനക്കും കൃഷിക്കാരന്റെ വരുമാന വർധനക്കും വേണ്ടിയുള്ള ആവശ്യങ്ങളും മുന്നോട്ടുവെച്ചു. സഹകരണ കൃഷി വർധിപ്പിക്കണമെന്നും കർഷകരുടെ കടഭാരം ഇല്ലാതാക്കുവാൻ അവർക്ക് ഗവൺമെന്റിൽനിന്നും എളുപ്പ വ്യവസ്ഥയിൽ കടം കൊടുക്കണമെന്നും ആവശ്യപ്പെട്ടു. മാത്രമല്ല കാർഷികോൽപന്നങ്ങൾക്ക് നല്ല വിലയും, കമ്പോളവും, ഉണ്ടാക്കലും അവകാശമായി പ്രഖ്യാപിച്ചു. നഗരസ്വത്തിന് പരിധി നിശ്ചയിക്കണമെന്ന വിപ്ലവപരമായ ആവശ്യവും ഇതിൽ ഉൾപ്പെട്ടിരുന്നു.

ഇനി സമ്മേളനത്തിൽ പ്രഖ്യാപിച്ച തൊഴിലാളികളുടെ അവകാശങ്ങൾ നോക്കാം. ‘തൊഴിലാളികൾക്ക് ന്യായമായ ജീവിതത്തോത് നിലനിർത്താൻ മതിയായ കുറഞ്ഞ കൂലി നിജപ്പെടുത്തൽ’ ആയിരുന്നു അതിൽ മുഖ്യമായത്. രണ്ടാമത്തേത് ‘ഏറ്റവും കൂടിയ ജോലിസമയം ആഴ്ചയിൽ 40 മണിക്കൂറായി നിജപ്പെടുത്തൽ’ എന്ന ആവശ്യമായിരുന്നു.

‘സ്ത്രീക്കും പുരുഷനും തുല്യ വേലക്ക് തുല്യ കൂലി വ്യവസ്ഥപ്പെടുത്തൽ’ എന്ന ആവശ്യം ഉയർത്തിപ്പിടിച്ച കാലം ഏതായിരുന്നുവെന്ന് ശ്രദ്ധിക്കണം. ഇതിനോട് ചേർത്തുവായിക്കേണ്ടതാണ് ‘സ്ത്രീകൾക്കും പുരുഷന്മാരോടൊപ്പം എല്ലാ പൗരാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഏർപ്പെടുത്തുക’ എന്ന ഡിമാൻഡ്. തൊഴിലില്ലായ്മ വേതനം, പ്രസവകാല വേതനം, രോഗകാലത്തും വാർധക്യത്തിലും വേതനം, അപകട പരിഹാര വേതനം തുടങ്ങിയ ആവശ്യങ്ങളും അന്ന് ഉയർത്തി. ‘കൂലിയോടു കൂടി ആഴ്ചയിൽ ഒരു ഒഴിവുദിവസവും, വർഷത്തിൽ വെക്കേഷനും, വ്യവസ്ഥപ്പെടുത്തൽ’ തുടങ്ങിയ അവകാശങ്ങളും ഉണ്ടായിരുന്നു. ഈ ആവശ്യങ്ങൾ കുറെയെങ്കിലും നടപ്പാക്കുവാൻ ഐക്യ കേരളത്തിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ, കോൺഗ്രസ് സർക്കാറുകൾ എത്രയോ കാലമെടുത്തുവെന്ന് ഓർക്കണം.

വ്യവസായ മേഖലയെ കുറിച്ചും ഈ പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. വൻകിട വ്യവസായങ്ങളും, ട്രാൻസ്പോർട്ടും പൊതുമരാമത്തും ഗവൺമെന്റ് ഉടമയിൽ സ്ഥാപിക്കണമെന്നാണ് അതിൽ പ്രധാനം. അതോടൊപ്പം ചെറു വ്യവസായങ്ങൾക്ക് സർക്കാർ സഹായവും നിയന്ത്രണവും ഏർപ്പെടുത്തണമെന്ന നിർദേശവുമുണ്ട്.

പൗരന്റെ മൗലികാവകാശങ്ങളും ആ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിരുന്നു. അതിൽ പ്രധാനപ്പെട്ടവയാണ് ‘പത്രസ്വാതന്ത്ര്യം, പ്രസംഗ സ്വാതന്ത്ര്യം, യോഗം കൂടാനുള്ള സ്വാതന്ത്ര്യം, മതസംബന്ധമായും സാമുദായികമായും രാഷ്ട്രീയമായും ഉള്ള ആഘോഷങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം’ എന്നിവ. ആരാധനാ സ്വാതന്ത്ര്യം, പ്രായപൂർത്തി വോട്ടവകാശം, 16 വയസ്സുവരെ നിർബന്ധിത വിദ്യാഭ്യാസം, പാവങ്ങൾക്ക് സൗജന്യ ചികിത്സ, പാവങ്ങൾക്ക് ആരോഗ്യകരമായ ജീവിതത്തിന് ഉതകത്തക്കവിധം പൊതുജനാരോഗ്യ സംവിധാനങ്ങൾ ഇവയെല്ലാം ഉൾപ്പെട്ടതാണ് ഈഴവരുടെ അവകാശ പ്രഖ്യാപനം. ഒരു സമുദായ സംഘടനയാണ് ഈ പ്രഖ്യാപനങ്ങൾ നടത്തിയതെന്ന് ശ്രദ്ധിക്കണം.

ഈ സമ്മേളനത്തിൽ ഉയർത്തിയ അവകാശങ്ങളാണ് പിൽക്കാലത്ത് പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏറ്റുപിടിച്ചത്. രാഷ്ട്രീയവും സാമുദായികവുമായ ആവശ്യങ്ങൾ ഉള്ളടങ്ങിയ പ്രഖ്യാപനങ്ങൾ ജനാധിപത്യവത്കരിക്കപ്പെടുന്ന കേരളീയ സമൂഹത്തിൽ പൗരസമത്വത്തിനു വേണ്ടി സമരംചെയ്ത ഒരു സമുദായത്തിന്റെ ശബ്‌ദമായിരുന്നു. അതിലുപരി സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊണ്ട സഹോദരൻ അയ്യപ്പന്റെ രാഷ്ട്രീയ വീക്ഷണത്തിന്റെ പ്രതിഫലനംകൂടിയായിരുന്നു അത്.

ലെനിന്റെ നേതൃത്വത്തിൽ നടന്ന റഷ്യൻ വിപ്ലവത്തെ സ്വാഗതം ചെയ്യുക മാത്രമല്ല, ആ ആശയം പ്രചരിപ്പിക്കാനും സഹോദരൻ ശ്രമിച്ചു. കമ്യൂണിസ്റ്റുകളുടെ സമഗ്രാധിപത്യ സങ്കൽപത്തോട് വിയോജിപ്പുണ്ടായിരുന്നപ്പോഴും ദാരിദ്ര്യം ഇല്ലാതാക്കാൻ സോഷ്യലിസമല്ലാതെ മറ്റൊരു വഴിയില്ല എന്നായിരുന്നു സമത്വവാദിയായിരുന്ന അദ്ദേഹത്തിന്റെ അഭിപ്രായം. 1919ൽ സഹോദരൻ മാസികയിൽ എഴുതിയ ‘ഈഴവോദ്ബോധനം’ എന്ന പദ്യത്തിൽ തന്നെ സോവിയറ്റ് വിപ്ലവത്തെ പ്രകീർത്തിക്കുന്നുണ്ട്.

1937ൽ എഴുതിയ ‘റഷ്യയെപ്പറ്റി’ എന്ന ലേഖനവും തൊഴിലില്ലായ്മ ഇല്ലാതായ ഏക രാജ്യം എന്ന മുഖപ്രസംഗവും വിപ്ലവത്തെയും സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിശകലനങ്ങളായിരുന്നു. തന്റെ പ്രസംഗങ്ങളിലും ലോകത്തെ പിടിച്ചുകുലുക്കിയ ആവേശം നിറഞ്ഞുനിന്നു. ഈഴവരുടെ അവകാശ പ്രഖ്യാപനത്തിൽ പ്രകടമായതും ഈ രാഷ്ട്രീയബോധ്യമാണ്. അവകാശ പ്രഖ്യാപനം വിളംബരം ചെയ്ത് പദയാത്രകളും യോഗങ്ങളും നടത്തി. ഈ പ്രചാരണ പരിപാടികളും പ്രസംഗങ്ങളും ലേഖനങ്ങളുമെല്ലാം കേരളത്തിലെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് ആശയങ്ങൾ വേരോടുവാൻ ഏറെ സഹായിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്കും അത് വലിയ പങ്കു വഹിച്ചിട്ടുണ്ട്.

എന്നാൽ, ലെനിന്റെ മരണശേഷം സോവിയറ്റ് യൂനിയനിലുണ്ടായ മാറ്റം അദ്ദേഹത്തിന്റെ ഉള്ളിലെ ജനാധിപത്യ-സ്വാതന്ത്ര്യബോധത്തെ പിടിച്ചുലച്ചു. ജോസഫ് സ്റ്റാലിൻ പാർട്ടിയിലും ഭരണകൂടത്തിലും പിടിമുറുക്കിയതോടെ ട്രോട്സ്കി നാടുവിട്ടതും പിന്നീട് കൊല്ലപ്പെട്ടതും സമാനമായ ദുരനുഭവങ്ങൾ മറ്റ് നേതാക്കൾക്ക് നേരിടേണ്ടിവന്നതും സോഷ്യലിസ്റ്റ് അനുകൂലിയായ സഹോദരനെ അസ്വസ്ഥനാക്കി. കമ്യൂണിസത്തിൽ സ്വാതന്ത്ര്യം ഇല്ലാതാകുന്നുവെന്നത് അദ്ദേഹത്തെ ഉത്കണ്ഠപ്പെടുത്തി. ‘ചിന്താ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അനുഭവിക്കുന്ന നമുക്ക് സ്വാതന്ത്ര്യം ഇല്ലാത്ത ഒരു അവസ്ഥയെപ്പറ്റി ചിന്തിക്കാൻ സാധിക്കില്ല’ എന്നാണ് അദ്ദേഹം എഴുതിയത്. ‘ഇന്ത്യയിൽ നമുക്ക് നെഹ്രുവിനെ ചീത്തപറഞ്ഞ് വിമർശിക്കാം. എന്നാൽ കമ്യൂണിസം വന്നാൽ അത് നടക്കില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യം നിലനിൽക്കുന്ന സോഷ്യലിസത്തെയും സാമൂഹിക ജനാധിപത്യത്തെയും കുറിച്ചുള്ള ചിന്തകളിലേക്കാണ് അദ്ദേഹം പരിവർത്തനപ്പെട്ടത്.

ശ്രദ്ധേയമായ ഒരു കാര്യം റഷ്യൻ വിപ്ലവത്തെ കുറിച്ച് പല തവണ എഴുതുകയും പ്രസംഗിക്കുകയും ചെയ്ത സഹോദരൻ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയോ പാർട്ടിയുമായി ചേർന്ന് പോകുകയോ ചെയ്തില്ല എന്നതാണ്. കമ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുകയും 1957ൽ അധികാരത്തിൽ വരുകയും ചെയ്ത സുവർണകാലമായിട്ടും അദ്ദേഹം പാർട്ടിയുമായി അകലം പാലിച്ചത് എന്തുകൊണ്ട് എന്നത് ഒരു സംവാദവിഷയമാണ്. അതേസമയം, 1959ൽ ആദ്യ കമ്യൂണിസ്റ്റ് സർക്കാറിനെതിരെ നടന്ന വിമോചന സമരത്തിൽ എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിലെ പ്രബല വിഭാഗവും അണികളും പങ്കെടുത്തപ്പോഴും അദ്ദേഹം അതിനോട് യോജിച്ചില്ല. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളിലും പങ്കാളിയായില്ല. ജാതിക്കെതിരായ സമരങ്ങൾ സാഹോദര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള സമരങ്ങളായി മുന്നോട്ടുകൊണ്ടുപോകാനാണ് സഹോദരൻ ശ്രമിച്ചത്.

‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം’ എന്ന ഗുരുവിന്റെ സങ്കൽപം കേരളീയ സമൂഹത്തെ പുതുക്കിപ്പണിയാൻ ശക്തിയുള്ള ഒരു ആശയമായിരുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനായ സഹോദരൻ അയ്യപ്പൻ ഗുരുവിൽനിന്ന് ഏറ്റെടുത്തത് സോദരത്വം അഥവ സാഹോദര്യം എന്ന ആശയമായിരുന്നു. 1889 ആഗസ്റ്റ് 22ന് വൈപ്പിൻകരയിലെ ചെറായിയിൽ കളത്തുപറമ്പിൽ കൊച്ചാവു വൈദ്യരുടെയും ഉണ്ണൂലിയുടെയും പുത്രനായി ജനിച്ച കെ. അയ്യപ്പൻ ‘സഹോദരൻ അയ്യപ്പൻ’ ആയി മാറുന്നത് ഗുരുവിന്റെ സോദരത്വത്തിന്റെ പ്രവാചകനായതോടെയാണ്.

ജാതി പോകണമെന്ന നാരായണ ഗുരുവിന്റെ ആശയമാണ് അയ്യപ്പന് ജാതിക്കെതിരായ പ്രത്യക്ഷ സമരങ്ങളും പ്രചാരണങ്ങളും തുടങ്ങാൻ പ്രേരണയായത്. അതിലൊന്നായിരുന്നു 1917ൽ ചെറായിയിൽ നടത്തിയ പന്തിഭോജനം. ഇത് കേരളത്തിലെ ജാതിക്കോട്ടകളിൽ സൃഷ്‌ടിച്ച ആഘാതം വലുതായിരുന്നു. എതിർപ്പുകളെ കൂസാതെ കൂടുതൽ സ്ഥലങ്ങളിൽ പന്തിഭോജനങ്ങൾ നടന്നതോടെ അതൊരു ബഹുജന പ്രസ്ഥാനമായി മാറി.

അതൊരു സാമൂഹിക മുന്നേറ്റമായി മാറിയപ്പോഴാണ് സഹോദര പ്രസ്ഥാനവും ‘സഹോദരന്‍’ മാസികയും പിറന്നത്. മാനവരാശിയുടെ മുന്നോട്ടുപോക്കിന് ‘ജാതി പോകണം’ എന്ന് ഗുരുവിനെപ്പോലെ സഹോദരനും നിരന്തരം ചിന്തിച്ചു. ജാതി വിഭജനങ്ങൾ ശക്തമായ ഒരു രാജ്യത്ത് സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും പരസ്പര ബന്ധിതമാണെന്ന് അയ്യപ്പന്‍ തിരിച്ചറിഞ്ഞിരുന്നു. സമത്വമില്ലെങ്കില്‍ സാഹോദര്യമോ സാഹോദര്യമില്ലെങ്കില്‍ സമത്വമോ രണ്ടുമില്ലെങ്കില്‍ സ്വാതന്ത്ര്യമോ അസാധ്യമാണെന്ന ഡോ. ബി.ആര്‍. അംബേദ്കറുടെ ചിന്ത തന്നെയാണ് അദ്ദേഹത്തെയും നയിച്ചത്. ചിന്തയിലും പ്രവര്‍ത്തനങ്ങളിലും അവര്‍ തമ്മില്‍ സമാനതകള്‍ ഏറെയുണ്ട്. ‘അംബേദ്കര്‍ എന്ന നാമ ചതുരാക്ഷരീ മന്ത്രം ജപിക്കും നന്ദി തിങ്ങുന്ന ഹൃത്തെഴും ഭാവിഭാരതം’ എന്ന് സഹോദരന്‍ എഴുതിയിട്ടുണ്ട്.

ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം നടക്കുന്നതിന് മുമ്പ് 1917 മേയ് 29ന് ചെറായിയിലെ തുണ്ടിടപറമ്പില്‍ സഹോദരന്റെ നേതൃത്വത്തില്‍ നടത്തിയ പന്തിഭോജനം ജാതിഭേദത്തിനെതിരായ വലിയൊരു സാമൂഹിക മുന്നേറ്റമായിരുന്നു. സവർണ ശക്തികളിൽനിന്ന് രൂക്ഷമായ എതിർപ്പുകളാണ് നേരിട്ടത്.

പുലയര്‍ക്കൊപ്പമിരുന്ന് ഈഴവര്‍ ഭക്ഷണം കഴിച്ചത് യാഥാസ്ഥിതികരായ ഈഴവരുടെയും എതിര്‍പ്പുകള്‍ക്കും കാരണമായി. ഈഴവരുടെ പ്രാദേശിക സംഘടനയായ ‘വിജ്ഞാന വർധിനി സഭ’യാണ് സഹോദരനും സഹപ്രവർത്തകർക്കുമെതിരെ രംഗത്തുവന്നത്. അദ്ദേഹത്തിന്റെ തലയില്‍ ഉറുമ്പിന്‍കൂടുകൊണ്ട് കിരീടമണിയിച്ചും അണ്ടി നെയ്യുകൊണ്ട് അഭിഷേകം ചെയ്തും ചാണകമെറിഞ്ഞും വധശ്രമം നടത്തിയുമാണ് യാഥാസ്ഥിതികര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. പന്തിഭോജനത്തിൽ പങ്കെടുത്തവർക്ക് ഊരുവിലക്ക് ഏർപ്പെടുത്തി. എന്നാല്‍, എതിര്‍പ്പുകളെ പരിഗണിക്കാതെ സഹോദരസംഘം യൂനിറ്റുകൾ രൂപവത്കരിച്ച് വ്യാപകമായി പന്തിഭോജനങ്ങള്‍ നടന്നു. ഒപ്പം ജാതിക്കെതിരെ ജാതി രാക്ഷസ ദഹനംപോലുള്ള പ്രചാരണങ്ങളും നടത്തി.

ഈഴവ പ്രമാണികൾ ചാർത്തിക്കൊടുത്ത ‘പുലയനയ്യപ്പൻ’ എന്ന പരിഹാസപ്പേര് തന്റെ പ്രവൃത്തിക്കുള്ള ബഹുമതിയായിട്ടാണ് സഹോദരൻ സ്വീകരിച്ചത്. ‘‘നായർ എങ്ങോ പോയി തുലയട്ടെ. നമുക്ക് പുലയനുമായി സാഹോദര്യബന്ധം സ്ഥാപിക്കാം. അങ്ങനെ പുലയനും നമ്മളും ഒന്നായിത്തീരുമ്പോൾ നായർ അതിൽ താനെ വന്നുപെട്ടുകൊള്ളും.’’ ഇത് പറയാൻ ഒരു സാധാരണ മനുഷ്യനെക്കൊണ്ട് സാധ്യമല്ല എന്ന് ചരിത്രകാരനും നോവലിസ്റ്റുമായ പി.കെ. ബാലകൃഷ്ണൻ വിലയിരുത്തുന്നു. ‘‘നാരായണ ഗുരുവിന്റെ സാമൂഹിക ചിന്തയുടെ കാതലായ വശം ഈ കീഴോട്ടിറക്കമായിരുന്നു. ഈഴവർ സമരംചെയ്ത് നായരാകണമെന്നുള്ളതല്ല, ഈഴവർ തന്നിലെ സ്പർധകൾ മാറ്റി താനാകുന്ന ഒരു സമതലത്തിൽനിന്ന് പുലയനാകണമെന്നതായിരുന്നു സ്വാമി സന്ദേശത്തിന്റെ സാരം’’ എന്ന് ബാലകൃഷ്ണൻ പറയുന്നു.

 

സ്റ്റാലിൻ

‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതില്‍ ദോഷമില്ല’ എന്ന നാരായണ ഗുരുവിന്റെ സന്ദേശം പന്തിഭോജനത്തിനും സഹോദര പ്രസ്ഥാനത്തിനുമുള്ള അംഗീകാരമായി. ‘ഈ സിദ്ധാന്തമാണ് ഇനി ലോകത്തില്‍ പ്രചരിക്കേണ്ടതും പ്രചരിപ്പിക്കാന്‍ പോകുന്നതും’ എന്ന് സഹോദരന്‍ നിശ്ചയിച്ചു. ‘മനുഷ്യരെ കൃത്രിമമായി പകുക്കുന്ന മതിലുകളൊക്കെ പൊളിഞ്ഞുവീഴും. അപ്പോള്‍ സമുദായങ്ങള്‍ ഏകീഭവിക്കയും മത മത്സരങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. ലോകമാസകലം ഇപ്പോഴത്തെ സമുദായ വികസകന്മാര്‍ കണ്ടുതുടങ്ങിയിരിക്കുന്ന ദിവ്യദര്‍ശനം ഇതുതന്നെയാണ്. ഇതുതന്നെയാണ് ശ്രീനാരായണ ഗുരുസ്വാമികളുടെ സന്ദേശത്തിന്റെ അർഥമെന്ന് സഹോദരന്‍ എഴുതി.

‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവാക്യത്തെ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട’ എന്ന യുക്തിവാദ മുദ്രാവാക്യമായി പരിവർത്തനപ്പെടുത്തി. ഒപ്പം ‘വേണം ധർമം യഥോചിതം’ എന്ന് കൂട്ടിച്ചേര്‍ത്തു. ബുദ്ധ ദർശനത്തില്‍നിന്നാണ് സഹോദരന്‍ ധർമത്തെ കണ്ടെത്തിയത്. കേവല യുക്തിവാദത്തെ മറികടക്കുന്ന മതേതരമായ ഒരു ആത്മീയദര്‍ശനമാണ് അദ്ദേഹത്തെ നയിച്ചതെന്ന് പറയാം.

സഹോദര പ്രസ്ഥാനം മുന്നോട്ടുവെച്ച ആശയങ്ങൾ സാമൂഹിക-രാഷ്ട്രീയ കാലുഷ്യങ്ങൾ നിറഞ്ഞ ഇക്കാലത്തും പ്രസക്തമാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെന്ന ഡോ. ബി.ആര്‍. അംബേദ്കറുടെ അഭിപ്രായവുമായി ചേര്‍ന്നുപോകുന്നതാണ് അദ്ദേഹത്തിന്റെ സഹോദര സങ്കൽപം. അയിത്തവും വിവേചനങ്ങളും അസമത്വങ്ങളും അധർമങ്ങളും നിറഞ്ഞ ഹിന്ദുമതം എന്ന ബ്രാഹ്‌മണ മതത്തെ തള്ളിക്കളഞ്ഞ അംബേദ്കറെപ്പോലെ സഹോദരനെയും സ്വാധീനിച്ചത് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ദര്‍ശനമായ ബുദ്ധിസവും ബുദ്ധനെന്ന വെളിച്ചവുമാണ്. രാമരാജ്യമെന്ന ഗാന്ധിജിയുടെ സ്വപ്നദേശ സങ്കൽപത്തെ തള്ളിപ്പറഞ്ഞ സഹോദരന്റെ നിലപാടുകൾക്ക് ഇന്ന് എറെ പ്രാധാന്യമുണ്ട്.

‘ബ്രിട്ടീഷുകാരാണ് നമുക്ക് സന്യാസം തന്നത്. രാമാദികളുടെ കാലത്തായിരുന്നെങ്കില്‍ നമുക്ക് ശംബൂകന്റെ ഗതിയാകുമായിരുന്നു’ എന്നാണ് നാരായണ ഗുരു പറഞ്ഞത്. സഹോദരനാകട്ടെ ഒരുപടികൂടി കടന്ന് ‘ശൂദ്രമുനിയെ വെട്ടിക്കൊന്ന രാമരാജ്യം ഞങ്ങള്‍ക്കുവേണ്ട, അതിനേക്കാള്‍ ഭേദം രാവണരാജ്യമാണ്’ എന്ന് പ്രഖ്യാപിച്ചു. കോട്ടയത്ത് എസ്.എൻ.ഡി.പി യോഗത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ രാമരാജ്യത്തിന് ജയ് വിളിക്കാന്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് മദന്‍ മോഹന്‍ മാളവ്യക്ക് മറുപടിയായി സഹോദരനും സംഘവും ‘രാവണന്‍ കീ ജയ്’ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സന്ധ്യാപ്രാർഥനകളില്‍ വീടുകളില്‍ ചൊല്ലാന്‍ രാമനാമത്തിന് പകരം ‘സമഭാവന’ എന്ന പേരില്‍ ഒരു കവിതയും എഴുതി.

‘ശ്രീരാമന്റെ കാലമായിരുന്നെങ്കില്‍ ഒരു ഈഴവന്‍ അരുവിപ്പുറത്ത് തപസ്സ് തുടങ്ങുമ്പോള്‍, ഒരു ‘ഈഴവശ്ശിവ’ന്റെ പ്രതിഷ്ഠക്ക് ഒരുങ്ങുമ്പോള്‍ തന്നെ ശ്രീരാമന്റെ ‘ഘോര ഖഡ്ഗം’ ആ ഈഴവ മുനിയുടെ ഗളനാളം മുറിച്ച് കളയുമായിരുന്നുവെന്ന് സി. കേശവന്‍ ‘ജീവിത സമരം’ എന്ന ആത്മകഥയില്‍ പറയുന്നത് ഇതിനോട് ചേര്‍ത്തു വായിക്കാം. ശ്രീനാരായണ പ്രസ്ഥാനത്തിലെ ഈ ബ്രാഹ്മണ്യവിരുദ്ധ ധാരയെ പിന്തുടര്‍ന്നതുകൊണ്ടാണ് ബാബരി മസ്ജിദ് തകര്‍ക്കാന്‍ രഥയാത്ര നടക്കുന്ന കാലത്ത് ‘രാമന്‍ ഞങ്ങളുടെ ദൈവമല്ല’ എന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വവാദികളെ ശക്തമായി എതിര്‍ക്കാന്‍ എസ്.എൻ.ഡി.പി യോഗം നേതാവായ എം.കെ. രാഘവനെപ്പോലുള്ളവര്‍ക്ക് കഴിഞ്ഞത്. നിര്‍ഭാഗ്യവശാല്‍ ഹിന്ദുത്വവാദികളുടെ രാമരാജ്യ നിർമാണത്തിന് ഇഷ്ടിക ചുമക്കുകയും അപരമത വിദ്വേഷ പ്രചാരണത്തിൽ പങ്കാളികളാകുകയും ചെയ്യുന്നവരാണ് ഇന്ന് ആ പ്രസ്ഥാനത്തെ നയിക്കുന്നത്.

 

ചെറായിയിൽ സഹോദരൻ അയ്യപ്പന്റെ വീട്

സാമൂഹിക നീതി എന്ന ആശയത്തെ സ്ഥാപിച്ചെടുക്കാന്‍ സഹോദരന്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് ചരിത്ര പ്രാധാന്യമുണ്ട്. സമുദായ പ്രാതിനിധ്യമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ ഒന്ന് എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട എന്ന് പറഞ്ഞ അദ്ദേഹം പിന്നീട് സ്വയം ‘തിരുത്തു’ന്നത് ‘ജാതി ചോദിക്കണം’ എന്ന് പറഞ്ഞുകൊണ്ടാണ്.

ജാതി ചോദിക്കണമെന്ന വാദം ശ്രീനാരായണ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമല്ലേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘ജാതി ചോദിക്കരുതെന്ന് തുടങ്ങുന്ന ശ്രീനാരായണ വാക്യം ജാതി ഇല്ലാതാകുന്ന സ്ഥിതി കൈവരുത്താന്‍ ഉദ്ദേശിച്ച് പറഞ്ഞിട്ടുള്ളതാണ്. സാമുദായിക അവശതകള്‍ പരിഹരിക്കാനുള്ള സംവരണം മുതലായ പരിരക്ഷകള്‍ക്ക് എതിരായി ഉപയോഗിക്കാന്‍ പറഞ്ഞിട്ടുള്ളതല്ല. ജാതിയും ജാതി മേധാവിത്വങ്ങളും നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമേ പിന്നാക്ക സമുദായങ്ങളുടെ പരിരക്ഷകള്‍ക്കെതിരായി അത് ഉപയോഗിക്കുകയുള്ളൂ.

ആ ഉപയോഗം ഇപ്പോള്‍ കലശലായിരിക്കുകയാണ്. സംവരണത്തിനെതിരായി ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന് പറയുന്നവരോട് ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം എന്നുതന്നെ പറയണം. ജാതി പുലര്‍ത്തണമെന്ന ഉദ്ദേശ്യത്തോടുകൂടി ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്. ജാതി തകര്‍ക്കാന്‍ ആവശ്യമായാല്‍ ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം’ ചോദിക്കുകയോ പറയുകയോ ചെയ്യാതിരുന്നാല്‍ ജാതി സ്വാഭാവികമായി തകരില്ലെന്നും അവകാശ രഹിതരായ സമൂഹങ്ങൾക്ക് പൗരസമത്വം ആർജിക്കാൻ കഴിഞ്ഞാൽ മാത്രമേ ജാതി നശീകരണത്തിലേക്കുള്ള വഴിയിലൂടെ സഞ്ചരിക്കാനാവൂ എന്ന ബോധ്യമാണ് അദ്ദേഹത്തെ നയിച്ചത്. അധികാരത്തിലും വിഭവങ്ങളിലും പങ്കാളിത്തമില്ലാത്തവരെ അങ്ങനെത്തന്നെ നിലനിര്‍ത്താനാണ് സമുദായ പ്രാതിനിധ്യവാദികളെ സമുദായ കുത്തകവാദികള്‍ സമുദായവാദികളെന്ന് ആക്ഷേപിക്കുന്നതെന്ന് സഹോദരൻ പറഞ്ഞു.

‘സമുദായ പ്രാതിനിധ്യംകൊണ്ടുമാത്രം ജനങ്ങളുടെ ശരിയായ പ്രാതിനിധ്യം സാധിക്കാവുന്ന സ്ഥിതിയില്‍ സമുദായക്രമമുള്ള രാജ്യത്ത് സമുദായ പ്രാതിനിധ്യമാണ് യഥാർഥ ദേശീയത്വം. നേരേ മറിച്ച് അവിടെ സമുദായ പ്രാതിനിധ്യത്തോട് കൂടാത്ത ദേശീയം വെറും സമുദായ കുത്തകയായേ വരികയുള്ളൂ. ആ സ്ഥിതിക്ക് സമുദായ വാദികളാണ് ഇവിടെ യഥാർഥ ദേശീയവാദികള്‍, ദേശീയവാദികളാണ് തനി സമുദായവാദികള്‍’ എന്ന് ‘സമുദായവാദത്തില്‍ അഭിമാനിക്കണം’ എന്ന ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പുറന്തള്ളപ്പെട്ട സമുദായങ്ങളുടെയും ജനതകളുടെയും പ്രാതിനിധ്യമില്ലാത്ത ദേശീയവാദം മേധാവിത്വ സമുദായങ്ങളുടെ കുത്തക ഉറപ്പിക്കുകയാണെന്ന അദ്ദേഹത്തിന്റെ നിലപാട് ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാണ്. ഇന്ന് പ്രബലമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദേശീയതാ സങ്കൽപത്തെയും ദേശീയവാദത്തെയും ചോദ്യം ചെയ്യുന്നതാണിത്.

ഇവിടെയും സഹോദരനും ഡോ. ബി.ആർ. അംബേദ്കറും ചേർന്നുപോകുന്നുണ്ട്. സ്വാതന്ത്ര്യസമരഘട്ടത്തില്‍ ഇന്ത്യ എല്ലാ വിഭാഗങ്ങളുടെയും മാതൃരാജ്യമാണെന്ന കോണ്‍ഗ്രസിന്റെ വാദം നിഷേധിച്ചുകൊണ്ട്, ‘മഹാത്മജി, ഞങ്ങള്‍ക്ക് ഒരു മാതൃരാജ്യമില്ല’ എന്നാണ് രണ്ടാം വട്ടമേശ സമ്മേളനത്തിനുമുമ്പ് നടന്ന ചര്‍ച്ചയില്‍ ഡോ. അംബേദ്കര്‍ മഹാത്മ ഗാന്ധിയോട് പറഞ്ഞത്. ‘ഞങ്ങളെ നായ്ക്കളെക്കാളും പൂച്ചകളെക്കാളും മോശമായി കൈകാര്യം ചെയ്യുന്ന, ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളംപോലും കിട്ടാത്ത ഈ നാടിനെ എന്റെ സ്വന്തം മാതൃരാജ്യമെന്ന് വിളിക്കാന്‍ എങ്ങനെ കഴിയുമെന്നായിരുന്നു അംബേദ്കറുടെ ചോദ്യം.

ഭൂരിപക്ഷമെന്ന് അവകാശപ്പെടുന്ന ഹിന്ദുത്വ ദേശീയവാദം യഥാർഥത്തിൽ ന്യൂനപക്ഷമായ സവര്‍ണരുടെ താല്‍പര്യങ്ങളെ ഉള്‍ക്കൊള്ളുന്നതും ഭൂരിപക്ഷമായ അവര്‍ണ ബഹുജനങ്ങളെ പുറന്തള്ളുന്നതുമാണ്. അതിനാലാണ് സംവരണംപോലുള്ള പ്രാതിനിധ്യത്തിന്റെ പ്രശ്നം ഉയരുമ്പോഴും ജാതി സെന്‍സസ് എന്ന ആവശ്യം വരുമ്പോഴും ഇതേ ‘ദേശീയവാദി’കൾ സവർണപക്ഷത്ത് നിലകൊള്ളുന്നത്. സംവരണം അട്ടിമറിച്ച് മുന്നാക്ക സംവരണം നടപ്പാക്കുന്നതിന് ഭരണഘടന മൂല്യങ്ങൾ തന്നെ അട്ടിമറിക്കുന്നത് അവരുടെ ദേശീയവാദത്തിനുള്ളിലെ സവര്‍ണ താല്‍പര്യത്തെ പുറത്തുകൊണ്ടുവരുന്നുണ്ട്. 1990കളിൽ നടന്ന മണ്ഡല്‍ വിരുദ്ധ സമരത്തിലും ഇത് വ്യക്തമായിരുന്നു.

പലപ്പോഴായി എസ്.എൻ.ഡി.പി-എൻ.എസ്.എസ് നേതൃത്വങ്ങൾ പ്രഖ്യാപിക്കുകയും പൊടുന്നനെ തകരുകയും ചെയ്ത ഒരു പ്രതിഭാസമാണ് ‘നായരീഴവ ഐക്യം’. ഇത് പരാജയപ്പെട്ടപ്പോള്‍ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ എന്നവകാശപ്പെടുന്നവര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. ഇതിന്റെ ഭാഗമായി വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവർ നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ ഈഴവ സമുദായത്തിനും ശ്രീനാരായണ ഗുരുവിന്റെ സാഹോദര്യ സങ്കൽപങ്ങള്‍ക്കും കേരളീയ സമൂഹത്തിലും ഉണ്ടാക്കിയ മുറിവുകള്‍ ആഴമുള്ളതാണ്.

സഹോദരൻ അയ്യപ്പൻ ഇത്തരം പ്രവണതകളെ തുടക്കത്തിലേ ശക്തമായി എതിർത്ത നേതാവാണ്. 1950ൽ മന്നത്ത് പത്മനാഭന്റെയും ആർ. ശങ്കറിന്റെയും നായരീഴവ ഐക്യശ്രമങ്ങളുടെ തുടർച്ചയിലാണ് രാഷ്ട്രീയലക്ഷ്യത്തോടെ ഹിന്ദു മഹാമണ്ഡലം രൂപമെടുത്തത്. അതിന് ആർ.എസ്.എസിന്റെയും ഹിന്ദുമഹാസഭയുടെയും പിന്തുണ ഉണ്ടായിരുന്നു. ഹിന്ദു മണ്ഡലത്തിന്റെ കടുത്ത വിമർശകനായിരുന്നു സഹോദരൻ. 1951ൽ നടന്ന ശിവഗിരി തീർഥാടന സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: ‘‘ഹിന്ദുക്കൾ ഒന്നാകാൻ പ്രസംഗിക്കുന്നത് ശരിതന്നെ. എന്നാൽ, അവിടെ നിൽക്കാതെ വേറെ വല്ലവരെയും അകറ്റണമെന്നു പറയുന്നത് നിങ്ങൾ വിശ്വസിക്കരുത്.

ശ്രീനാരായണീയരായ നിങ്ങൾ ഈ പ്രചാരണത്തിന്റെ വലയിൽ പെടരുതെന്നാണ് എന്റെ സർവ ശക്തിയും ഉപയോഗിച്ച് ഞാൻ പറയുന്നത്. സമുദായ സൗഹാർദത്തിന് വിപരീതമായി യാതൊരടിയും നിങ്ങൾ വെക്കരുത്. ഈ രാജ്യത്ത് ഒരു സമുദായത്തിനും ദോഷകരമായ ഒന്നും നിങ്ങൾ ചെയ്യരുത്.’’ അദ്ദേഹം തുടരുന്നു, ‘‘ഹിന്ദുക്കളും ഹിന്ദുമതവും അപകടത്തിലായിരിക്കുന്നുവെന്ന് പറഞ്ഞ് ഹിന്ദുക്കൾക്ക് പരിഭ്രമം ഉണ്ടാക്കേണ്ട ഒരാവശ്യവും ഇപ്പോൾ ഇല്ല. ഹിന്ദുക്കൾക്ക് ഒരപകടവും വന്നിട്ടില്ല.’’ സഹോദരന്റെ വാക്കുകൾക്ക് ഇപ്പോൾ അന്നത്തേക്കാൾ വലിയ പ്രാധാന്യമുണ്ട്.

ഹിന്ദു മണ്ഡലം വൈകാതെ തകരുകയും ആർ. ശങ്കർ കോൺഗ്രസിലേക്ക് മടങ്ങുകയും ചെയ്തതോടെ രക്ഷപ്പെട്ടത് അപകടാവസ്ഥയിലായ ശ്രീനാരായണ പ്രസ്ഥാനവും കേരളവുമാണ്. സമാനമായ ഒരു രാഷ്ട്രീയ ഘട്ടത്തിലൂടെയാണ് ഇപ്പോൾ കേരളവും രാജ്യവും കടന്നുപോകുന്നത്. പിന്നാക്ക-ദലിത് സമുദായങ്ങളെ കൂട്ടിച്ചേർത്ത് ശക്തിപ്പെടുവാൻ സവർണ ഹിന്ദുത്വശക്തികൾ തന്ത്രങ്ങൾ മെനയുന്നു. ഹിന്ദു അപകടത്തിലെന്ന് പറഞ്ഞ് ഇതര മതങ്ങൾക്കും വിശ്വാസികൾക്കുമെതിരെ വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നു. ശ്രീനാരായണ ഗുരുവും അയ്യൻകാളിയും പണ്ഡിറ്റ് കറുപ്പനുമെല്ലാം ചേർന്ന് സൃഷ്ടിച്ച സാഹോദര്യത്തിന്റെയും മൈത്രിയുടെയും കേരളത്തെ തകർക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു. പകരം നവോത്ഥാന കേരളം കുടഞ്ഞെറിഞ്ഞ ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുണ്ട കാലത്തെ തിരിച്ചുകൊണ്ടുവരാൻ തീവ്രശ്രമം നടക്കുന്നു. ഇത് മറയാക്കി ദലിത്-പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സംവരണം അടക്കമുള്ള അവകാശങ്ങൾ ഇല്ലാതാക്കാനും സാമൂഹികനീതി അട്ടിമറിക്കാനും ശ്രമിക്കുന്നു.

ഫാഷിസ്റ്റ് അധികാരമെന്ന നിലയിൽ ഹിന്ദുത്വവാദം കൂടുതൽ ശക്തിപ്പെടുകയും ജനാധിപത്യം തന്നെ അപകടത്തിൽപെടുകയും ചെയ്യുന്ന ഈ ചരിത്രസന്ധിയിൽ സഹോദരൻ അയ്യപ്പനും അദ്ദേഹം ഉയർത്തിപ്പിടിച്ച സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സാമൂഹികനീതിയുടെയും രാഷ്ട്രീയ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ഇടത്-വലത് വിഭജിതമായ കേരള രാഷ്ട്രീയത്തിൽ മറ്റൊരു വഴി അന്വേഷിക്കാൻ സഹോദരൻ അയ്യപ്പൻ ശ്രമിച്ചിരുന്നു. എന്നാൽ, അനാരോഗ്യവും രാഷ്ട്രീയ ഏകാന്തതയും കാരണം അത് മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആ വഴി ഇപ്പോഴും കേരളത്തിനു മുന്നിൽ തുറന്നുകിടക്കുന്നുണ്ട്. പുതിയൊരു കേരളത്തിനുവേണ്ടിയുള്ള രാഷ്ട്രീയ സംവാദങ്ങളിലും സഹോദര ചിന്തകൾ കടന്നുവരേണ്ടതുണ്ട്.

--------------------

അവലംബം:

സഹോദരൻ അയ്യപ്പൻ: കെ.എ. സുബ്രഹ്മണ്യം

സഹോദരൻ കെ. അയ്യപ്പൻ: പ്രഫ. എം.കെ. സാനു

സഹോദരൻ അയ്യപ്പൻ ജീവിതവും കൃതികളും: എം.പി. ഷീജ

ഡോ. ബി.ആർ. അംബേദ്കറുടെ കൃതികൾ: ബി.ആർ. അംബേദ്കർ

പി.കെ. ബാലകൃഷ്ണന്റെ ലേഖനങ്ങൾ: പി.കെ. ബാലകൃഷ്ണൻ

Tags:    
News Summary - Sahodaran Ayyappan's Ideals of Fraternity and Equality Still Relevant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.