എന്തുകൊണ്ട് കേരളത്തിൽ നേഹ ബോറ സാധ്യമാകുന്നില്ല?
ജെൻസികളും ജെൻ ആൽഫകളും ശ്രേണീബദ്ധമായി വ്യവസ്ഥാപിതമായതിനെയെല്ലാം ചോദ്യം ചെയ്യുകയാണ് ഇന്ന്. അപ്പോൾ വ്യവസ്ഥാപിത പാർട്ടികൾ എന്താണ് ചെയ്യുന്നത്? 70 വർഷങ്ങൾക്കിപ്പുറം അധികാരത്തിന്റെ ഓരംപറ്റിനിൽക്കുന്ന വ്യവസ്ഥാപിത സംഘടനകൾ നൈതികശൂന്യതയാണോ അവശേഷിപ്പിക്കുന്നത്? –വിശകലനം നേഹ ബോറ ഒരു ഇന്ത്യൻ പ്രതീക്ഷയാണ്. പുതിയ തലമുറയെ പ്രതിനിധാനം ചെയ്യുന്ന നേഹ ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ പ്രത്യാശഭരിതമാക്കുന്നു. നേഹ ഉത്തരാഖണ്ഡ് സ്വദേശിയാണ്. വളർന്നത് ഉത്തരേന്ത്യയിലെ വിവിധസ്ഥലങ്ങളിൽ. അംബേദ്കർ, ജെ.എൻ.യു തുടങ്ങിയ ഡൽഹിയിലെ സർവകലാശാലകളിലായിരുന്നു ഉന്നതവിദ്യാഭ്യാസം. കേരളത്തിലെ യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ...
ജെൻസികളും ജെൻ ആൽഫകളും ശ്രേണീബദ്ധമായി വ്യവസ്ഥാപിതമായതിനെയെല്ലാം ചോദ്യം ചെയ്യുകയാണ് ഇന്ന്. അപ്പോൾ വ്യവസ്ഥാപിത പാർട്ടികൾ എന്താണ് ചെയ്യുന്നത്? 70 വർഷങ്ങൾക്കിപ്പുറം അധികാരത്തിന്റെ ഓരംപറ്റിനിൽക്കുന്ന വ്യവസ്ഥാപിത സംഘടനകൾ നൈതികശൂന്യതയാണോ അവശേഷിപ്പിക്കുന്നത്? –വിശകലനം
നേഹ ബോറ ഒരു ഇന്ത്യൻ പ്രതീക്ഷയാണ്. പുതിയ തലമുറയെ പ്രതിനിധാനം ചെയ്യുന്ന നേഹ ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ പ്രത്യാശഭരിതമാക്കുന്നു. നേഹ ഉത്തരാഖണ്ഡ് സ്വദേശിയാണ്. വളർന്നത് ഉത്തരേന്ത്യയിലെ വിവിധസ്ഥലങ്ങളിൽ. അംബേദ്കർ, ജെ.എൻ.യു തുടങ്ങിയ ഡൽഹിയിലെ സർവകലാശാലകളിലായിരുന്നു ഉന്നതവിദ്യാഭ്യാസം. കേരളത്തിലെ യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ മറ്റൊരു നേഹ ബോറയെ നിങ്ങൾ കണ്ടിട്ടുണ്ടോ സമീപകാലങ്ങളിൽ? നിർഭയത്വം, വ്യക്തമായ രാഷ്ട്രീയ ധാരണ, ആശയവിനിമയമികവ്, സംവാദാത്മകത, കാലം ആവശ്യപ്പെടുന്ന വിവേകം –ഏകാധിപത്യ രാഷ്ട്രീയത്തിനെതിരെയുള്ള ആചഞ്ചലമായ നിലപാടുകളും പ്രായോഗിക സമീപനങ്ങളുമുള്ള ആരെയെങ്കിലും?
എഴുപതാണ്ടു പൂർത്തീകരിക്കുന്ന കേരളത്തിന്റെ സമകാലിക വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളെയും നേതൃത്വത്തെയും പറ്റി ആലോചിക്കുമ്പോൾ സ്വാഭാവികമായും കടന്നുവരുന്നതാണ് ഈയൊരു ചോദ്യം. കേരളത്തിലെ യുവജനപ്രസ്ഥാനങ്ങൾ ഇന്ത്യക്ക് സമ്മാനിച്ച ശ്രദ്ധേയരായ നേതാക്കളെ മലയാളികൾക്ക് തിരിച്ചറിയാൻ കഴിയും. എങ്കിൽ തന്നെയും കഴിഞ്ഞ ഒന്നു രണ്ടു ദശകത്തിൽ ഇങ്ങനെ വേർതിരിച്ചുപറയാൻ എത്ര നേതാക്കളെ മലയാളികൾക്ക് തിരിച്ചറിയാൻ പറ്റും. എൺപതുകൾക്കുശേഷമാണ് എന്നുതോന്നുന്നു പെട്ടിപിടിത്തം വലതുപക്ഷ വിദ്യാർഥി-യുവജന രാഷ്ട്രീയത്തെ ഗ്രസിച്ചത്. രണ്ടായിരമാണ്ടോടെ ഇടതു പാർട്ടികളിലുണ്ടായ വിഭാഗീയതകളുടെ വളക്കൂറാണ് യുവനേതാക്കൾക്ക് പൊക്കവും ശിഖരങ്ങളും നൽകിയത്. ആശയപരമായ രാഷ്ട്രീയത്തേക്കാൾ നേതാവിനു മുഖസ്തുതി പാടാനും രാഷ്ട്രീയ ബോധ്യമുള്ള ശബ്ദമുയർത്താതിരിക്കാനും മാത്രം പരിശീലനം നേടിയവരായി അവർ മാറി. കരിയറിസം ആദർശത്തേക്കാളും പ്രധാനമായി. നേതാവിനോടുള്ള പ്രതിജ്ഞാബദ്ധതയായി പ്രസ്ഥാനത്തോടും രാഷ്ട്രീയത്തോടുമുള്ളതിനേക്കാൾ മുഖ്യം. രാഷ്ട്രീയ പിതാവിനെ കണ്ടെത്തിയിട്ടുണ്ടാകാമെങ്കിലും ആശയാദർശശൂന്യരായി.
1956ൽ പുതുതായി രൂപമെടുത്ത ഐക്യകേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തിൽ മുൻപന്തിയിലുണ്ടായിരുന്ന പലരും അമ്പതു കഴിഞ്ഞിട്ടേറെ വർഷമായിരുന്നിട്ടില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ജനകീയവത്കരിച്ച തോപ്പിൽ ഭാസിയുടെ വയസ്സ് 32 മാത്രം. കേരളത്തിന്റെ രാഷ്ട്രീയ പരിവർത്തനങ്ങളുടെ ഘട്ടത്തിൽ സമരസന്നിഭമായ ആ കാലങ്ങളിൽ സ്വാതന്ത്ര്യദാഹത്തോടെ ഉച്ചനീചത്വങ്ങൾക്കെതിരെ ബ്രിട്ടീഷ്-തിരുവിതാംകൂർ പൊലീസിനോടും പട്ടാളത്തോടും പോരാടി പുതിയൊരു ലോകത്തിനായി ജീവിതത്തെ തീച്ചൂളയാക്കിയവരാണ് ’56ലെ വിദ്യാർഥികളും യുവതയും. സ്വാതന്ത്ര്യാനന്തരം സംസ്ഥാന രൂപവത്കരണം നടക്കുമെന്നും കേരളത്തിൽ ആദ്യത്തെ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും സെൽഭരണമാരംഭിക്കാമെന്നും അധികാരത്തിന്റെ തണലിൽ സുരക്ഷിതമായൊരു ജീവിതം കെട്ടിപ്പടുക്കാമെന്നും പ്രതീക്ഷിച്ച് രാഷ്ട്രീയപ്രക്ഷോഭങ്ങളിലേക്ക് എടുത്തുചാടിയവരല്ല.
രക്തസാക്ഷിത്വം ഏതു നിമിഷവും അവർ പ്രതീക്ഷിച്ചിരിക്കണം. അവരെ മഥിച്ചിരുന്നത് സമത്വത്തിന്റെ പുതുലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണ്. 70 വർഷങ്ങൾക്കിപ്പുറം വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ തണലിൽ വിദ്യാർഥി-യുവജന രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവരെ മഥിക്കുന്ന ഏതെങ്കിലും രാഷ്ട്രീയാദർശമുണ്ടോ? സമൂഹത്തിന്റെ മധ്യവർഗവത്കരണത്തിന്റെ ഭാഗമായി രാഷ്ട്രീയവും ഒരു കരിയർ സാധ്യത എന്ന നിലക്കായിരിക്കണം രാഷ്ട്രീയത്തിലേക്ക് പലരും കടന്നുവന്നിട്ടുണ്ടാവുക; കടന്നുവരുന്നതും. അവരെ സംബന്ധിച്ചടത്തോളം രാഷ്ട്രീയത്തിലെ അതിജീവനവും ഉയർച്ചയും നേതൃത്വത്തെ പ്രീണിപ്പിച്ച് അവർ നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി അധികാര സ്ഥാനങ്ങൾ നേടുക എന്നതും മാത്രമായിരിക്കും ലക്ഷ്യം.
ജെൻസികളും ജെൻ ആൽഫകളും ശ്രേണീബദ്ധമായി വ്യവസ്ഥാപിതമായതിനെയെല്ലാം ചോദ്യം ചെയ്യുകയാണ് ഇന്ന്. യുവതലമുറ എല്ലാകാലത്തും അങ്ങനെതന്നെയായിരുന്നെന്ന് ഉദാഹരണ സഹിതം വാദിക്കാം. ഇന്ത്യയുടെ എഴുപതുകളിൽ ജയപ്രകാശ് നാരായണിനൊപ്പം പുതുതലമുറ രാഷ്ട്രീയ പ്രവർത്തകർ (ഒട്ടുമിക്കവരും വിദ്യാർഥികളാണ്) ഇന്ദിര ഗാന്ധിയുടെ അധികാരവാഴ്വിനെതിരെ ‘സമ്പൂർണ ക്രാന്തി’ സമരവുമായി വന്നത് പുതിയൊരു ഇന്ത്യയെ പടുത്തുയർത്താമെന്ന പ്രതീക്ഷയിലാണ്. കോൺഗ്രസിലും നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് യുവതുർക്കികളാണ് സോഷ്യലിസത്തിന്റെ പാതയിലേക്ക് കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാൻ യത്നിച്ചത്. കമ്യൂണിസ്റ്റ് പാർട്ടികൾക്കകത്തും യുവാക്കൾ ഉൾപ്പാർട്ടി സമരങ്ങൾ തുടങ്ങിയിരുന്നു. റാഡിക്കൽ ഇടതുപക്ഷ പ്രസ്ഥാനം അടിസ്ഥാനപരമായി യുവജനപ്രസ്ഥാനമാണ്. വിദ്യാർഥികളും യുവാക്കളുമാണ് തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലും പ്രവർത്തനത്തിലും സജീവമായത്.
സ്വാതന്ത്ര്യം നൽകിയ പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞിരുന്നു തൊള്ളായിരത്തി അറുപതുകൾ പിന്നീടുമ്പോൾ. ദേശീയ ബൂർഷ്വാസി ദല്ലാൾ സ്വഭാവം പ്രകടമാക്കി തുടങ്ങിയിരുന്നു അന്ന്. ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷം. അമേരിക്കൻ പി.എൽ 480 ഗോതമ്പ് പുത്തൻകൊളോണിയലിസത്തിന്റെ രാഷ്ട്രീയ യാഥാർഥ്യമായി അനുഭവപ്പെടാൻ ആരംഭിച്ചിരുന്നു. വ്യവസ്ഥാപിതമായ അധികാരത്തിനെതിരെയാണ് യുവാക്കൾ റാഡിക്കൽ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. വ്യവസ്ഥാപിതമായി അധികാരത്തിന്റെ പങ്കുപറ്റിയവരുടെ കഥകളും പുത്തൻ അധികാരവർഗത്തിനെതിരെ വിപ്ലവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ചവരുടെ ധീരസ്മരണകളും അക്കാലം പ്രതിപാദിപ്പിക്കുന്ന ജീവചരിത്രങ്ങളിൽനിന്നും ആത്മകഥകളിൽനിന്നും വായിക്കാം.
എഴുപതുകളുടെ റാഡിക്കൽ ഇടതുപക്ഷ രാഷ്ട്രീയം അധികകാലം നീണ്ടുനിന്നില്ല കേരളത്തിൽ. അത് പെട്ടെന്നുതന്നെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാവുകയോ അല്ലെങ്കിൽ ചിതറിപ്പോവുകയോ ചെയ്തു. എങ്കിൽതന്നെയും കേരളത്തിലെ റാഡിക്കൽ ഇടതുപക്ഷത്തിന്റെ ഭാഗമായി പ്രവർത്തിച്ചവർ സൃഷ്ടിച്ച രാഷ്ട്രീയ ആധുനികതയുടെ ഭാവുകത്വം മറ്റേതൊരു മണ്ഡലത്തേക്കാളും സാംസ്കാരിക മണ്ഡലത്തിലാണ് ദീർഘമായ സ്വാധീനം സൃഷ്ടിച്ചത്. നവോത്ഥാനംപോലെ മലയാളികൾക്ക് പുതിയ ആശയലോകങ്ങൾ തുറന്നുതന്നത് ആ കാലത്തിലെ യുവതലമുറയാണ്.
ഇന്നും സാംസ്കാരിക മണ്ഡലത്തിൽ നടുനായകത്വം വഹിക്കുന്നതും ഈ തലമുറയിൽപ്പെട്ടവർ തന്നെ. നടുനായകത്വമെന്നത് ഒരു ഗ്രാംഷിയൻ സംജ്ഞയാണെങ്കിൽ സാംസ്കാരിക മണ്ഡലത്തിലെ അവരുടെ സ്വാധീനത്തെ സാംസ്കാരിക മൂലധനമെന്ന ബോർദിയുവിന്റെ പരികൽപനക്ക് ആധാരമായാണ് മനസ്സിലാക്കേണ്ടതെന്ന പക്ഷവുമുണ്ട്. സാംസ്കാരിക അധികാരം കൈപ്പിടിയിലൊതുക്കി സ്വജനപക്ഷപാതവും വംശനാന്തര മേൽകോയ്മയും സ്ഥാപിക്കാനുള്ള അദൃശ്യശ്രമങ്ങളെ കാണാതിരിക്കേണ്ടതില്ല. അധികാര വ്യവസ്ഥകളുടെ ഭാഗമാവുകയും ‘നിലനിൽപിസം’ നിലപാടാവുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിലും എഴുപതുകളിലും എൺപതുകളിലും കടന്നുവന്നവരാണ് അധികാരസ്ഥാനങ്ങളിലുള്ളത്. അവർ അധികാരം വിട്ടൊഴിയാതെ സ്ഥാനങ്ങളിൽ പിടിമുറുക്കിയിരിക്കുന്നു. അറുപതുകളുടെ അവസാനം ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ളവർ സംഘടനയിൽ നിന്നും പുറത്തുവന്നു വിപ്ലവപ്രവർത്തനത്തിൽ അണിചേർന്നതിന്റെ ചരിത്രം കേരളത്തിലെ ഇടതുവിദ്യാർഥി പ്രസ്ഥാനങ്ങൾക്കുണ്ട്.
സമരത്തിനിടെ സംസാരിക്കുന്ന കോക്രോച്ച് ജനത പാർട്ടി നേതാവ് അഭിജിത് ദീപ്കെ. നേഹ ബോറ സമീപം
സമകാലിക ജെൻസി രാഷ്ട്രീയത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കേരളത്തിന്റെയും ഇന്ത്യയുടെയും കഴിഞ്ഞുപോയ കാലത്തിലൂടെ പോകേണ്ടതുണ്ടോ എന്നൊരു ചോദ്യവുമുണ്ട്. കാലത്തിന്റെയും വ്യവസ്ഥിതിയുടെയും വ്യത്യാസം മാത്രമല്ല, ഇന്നത്തെ തലമുറ അഭിമുഖീകരിക്കുന്ന അനുഭവങ്ങളും ഏറെ ഭിന്നമാണ്. യുവാക്കൾ ചരിത്രത്തിന്റെ ചാലകശക്തിയായ ചരിത്ര മുഹൂർത്തങ്ങളെ ഓർത്തുവെന്നു മാത്രം. സമകാലികമായ സംവേദനാത്മക മുതലാളിത്തവും (communicative capitalism) ആശയവിനിമയ അധീശത്വവ്യവസ്ഥകളും പുതിയ സംവേദനസാധ്യതക്കൊപ്പം സങ്കീർണമായ മൂലധനസാമ്രാജ്യത്വമായാണ് സ്ഥാപിതമായത്. ഇതിലേക്ക് ആഗിരണം ചെയ്യപ്പെട്ട ലോകവ്യവസ്ഥക്കകത്തു നിന്നാണ് പുതിയ തലമുറ പ്രസ്തുത വ്യവസ്ഥക്കെതിരെ തന്നെ ചെറുത്തുനിൽപുകൾ ഉയർത്തുന്നത്. ഇത് പഴയകാലത്തിൽനിന്നും തികച്ചും ഭിന്നമായ സാഹചര്യമാണ്. ഇന്നത്തെ തലമുറകൾക്ക് സംഘാടനത്തിന് പുതിയ ഉപാധികളുണ്ട്. അതേസമയം, ഒരുകാലത്തുമില്ലാത്തവിധമുള്ള സർവൈലൻസ് മർദന വ്യവസ്ഥയും പ്രയോഗത്തിലുണ്ട്.
അനുഭവൈകാവാദപരമായ (empirical) തലത്തിൽനിന്നാണ് പുതുതലമുറയുടെ സമരപരിപാടികളും തന്ത്രങ്ങളും ആവിഷ്കരിക്കപ്പെടുന്നത്. എഴുപതുകളിലെ റാഡിക്കൽ ഇടതുപക്ഷ രാഷ്ട്രീയമാകട്ടെ അല്ലെങ്കിൽ ജെ.പിയുടെ നേതൃത്വത്തിലെ സോഷ്യലിസ്റ്റ് യുവാക്കളുടെ ‘സമ്പൂർണ ക്രാന്തി’ പ്രക്ഷോഭമാകട്ടെ വിധ്വംസക സ്വഭാവം പ്രകടിപ്പിച്ചിരുന്നു. ഉട്ടോപ്യകളെ വിഭാവനം ചെയ്തിരുന്നു. ഭാവിയുടെ രാഷ്ട്രീയമാണ് അത് മുന്നോട്ടുവെച്ചത്. ഭരണഘടന കൈയിലേന്തിയ ഒരു സമരമായിരുന്നില്ല അന്നത്തെ യുവതലമുറ നടത്തിയിരുന്നത്. സി.പി.ഐ.എം -എൽ ലിബറേഷൻ അഖിലേന്ത്യ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ എഴുപത്-എൺപതുകളിലെ എം.എൽ പ്രസ്ഥാനത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വ്യക്തിയാണ്. വിനോദ് മിശ്രയുടെ ലിബറേഷൻ പാർലമെന്ററി പാത സ്വീകരിച്ചെങ്കിലും വിപ്ലവരാഷ്ട്രീയത്തിലാണ് അതിന്റെ വേരുകൾ.
ദീപാങ്കർ ഭട്ടാചാര്യ തന്റെ തുടക്കകാലത്തിൽ ഭരണഘടന സംരക്ഷണം ഒരു പ്രധാന രാഷ്ട്രീയമായി ഉന്നയിച്ചിട്ടുണ്ടാകാൻ വഴിയില്ല. ലിബറൽ ജനാധിപത്യത്തിന് അടിത്തറയേകുന്ന ഭരണഘടനയുടെ സംരക്ഷണമാണ് ഇന്ത്യയുടെ എം.എൽ പ്രസ്ഥാനത്തിന്റെ വിദ്യാർഥി ബഹുജനസംഘടനയായ എ.ഐ. എസ്.എയുടെ ദേശീയ പ്രസിഡന്റായ നേഹ ബോറ പ്രധാനമായും ഉന്നയിക്കുന്നത്. ഭരണഘടന ധാർമികതയെപ്പറ്റിയും ഭരണഘടനയധിഷ്ഠിത പൗരാവകാശങ്ങളെപ്പറ്റിയും ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനെപ്പറ്റിയുമാണ് പുതുതലമുറ വാചാലമാകുന്നത്. പുതുതലമുറയിൽപ്പെട്ടവരുടെ വ്യക്തിവത്കൃതമായ ഒരു മേന്മയല്ല അടിവരയിടുന്നത്.
വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കഴിഞ്ഞ ദശകങ്ങളിലും കേരളത്തിൽ ഇപ്പോഴും കടന്നുവരുന്നവർ പ്രകടമാക്കുന്ന കേവലമായ പിൻഗാമി രാഷ്ട്രീയമല്ല നേഹ ബോറ പ്രതിനിധാനം ചെയ്യുന്ന തലമുറയുടേത്. പരമോന്നത നേതാക്കൾ അവസാനവാക്കാകുന്ന രാഷ്ട്രീയ പാർട്ടികളിൽ ഈ പ്രവണതയാകും, പിൻഗാമി രാഷ്ട്രീയമാകും ശക്തം. അങ്ങനെ കടന്നുവരുന്ന യുവരാഷ്ട്രീയ നേതൃത്വത്തിന് സവിശേഷമായ രാഷ്ട്രീയ വിദ്യാഭ്യാസം തന്നെ വേണമെന്നില്ല. മുതിർന്ന നേതൃത്വം ഉരുവിടുന്നത് ആവർത്തിക്കുകയോ അത്യാവശ്യം വേണ്ട സംഘർഷാവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്താൽ സ്ഥാനക്കയറ്റവും രാഷ്ട്രീയ കരിയറും ഉറപ്പുവരുത്താം. രാഷ്ട്രീയ വിവേകമോ ധാർമികതയോ പൊതുപ്രവർത്തനത്തിൽ മുഖ്യമാകുന്നില്ല. കേരളത്തിലെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിൽ ഈയൊരു പ്രവണത കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ രൂപപ്പെട്ടതാണ്.
നിർണായകമായ സന്ദർഭങ്ങളിൽ നേതൃത്വത്തെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും ചോരത്തിളപ്പിനെ പ്രകടമാക്കുന്ന രാഷ്ട്രീയമാണ് യുവതലമുറകൾ എന്നും ആവിഷ്കരിച്ചിട്ടുള്ളത്. എൺപതുകളും തൊണ്ണൂറുകളുടെ പകുതിവരെയും ഇടതു വിദ്യാർഥി സംഘടന രാഷ്ട്രീയം ഈ നിലയിൽ വേറിട്ടിരുന്നു. പാർലമെന്ററി താൽപര്യങ്ങൾ ഗ്രസിച്ചിരുന്നില്ല എന്ന് വേണം അനുമാനിക്കാൻ. ബൂർഷ്വാ പാർട്ടികളുടെ ബഹുജനസംഘടനകൾ പെട്ടിപിടിത്തത്തെ ശോഭനമായ ഭാവിക്കുള്ള കരുതലായി മനസ്സിലാക്കി പ്രവർത്തിച്ചിരുന്നു. എന്നാൽ, സമീപകാലങ്ങളിൽ ഈ പ്രവണത നേരെ തിരിയുന്നതായും കാണാം. വ്യക്തിവത്കൃത ഘടകങ്ങളല്ല അധികാര രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട ഗുണഭോക്തൃ മോഹങ്ങളും രാഷ്ട്രീയ ദിശാബോധത്തെ ബഹുതലങ്ങളിൽ ബാധിച്ചുകഴിഞ്ഞതിനാലാണ് വിദ്യാർഥി രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തിനു പകരമായി ഗതാനുഗതികത്വം പൊതുപ്രവർത്തനത്തെ പൂർണമായും കീഴടക്കിയത്.
കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തന നിരതരായ കേരളത്തിലെ ജെൻസി തലമുറ രാഷ്ട്രീയത്തെയും പൊതുപ്രവർത്തനത്തെയും എങ്ങനെ കാണുന്നുവെന്ന് അനുഭവൈകപരമായി മനസ്സിലാക്കാനുള്ള പ്രകടമായ ആവിഷ്കാരങ്ങൾ കേരളത്തിൽ ദുർലഭമാണ്. വിദ്യാഭ്യാസത്തിലും തൊഴിൽമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചവർ പ്രകടമായി രാഷ്ട്രീയത്തെക്കുറിച്ചോ പൊതുജീവിതത്തെക്കുറിച്ചോ അഭിപ്രായം രേഖപ്പെടുത്തുന്നവരുമല്ല. കേരള സമൂഹത്തിന്റെ സൂക്ഷ്മതലങ്ങളിൽ വലിയൊരു പരിവർത്തനത്തിനു ആക്കംകൂട്ടിയിട്ടുണ്ട് മലയാളി ജെൻസി തലമുറയെന്ന് നിസ്സംശയം പറയാം.
പഴകിയ സാമൂഹിക ബന്ധങ്ങളെയും അതിന്റെ പ്രത്യുൽപാദന സംസ്കാരത്തെയും അവർ പ്രകടമായ, കലാപമില്ലാതെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ആചാരബദ്ധമായ വിശ്വാസങ്ങളെ അവർ യാതൊരു സന്ദേഹവുമില്ലാതെ ചോദ്യംചെയ്യുക മാത്രമല്ല, മാറ്റുന്നുമുണ്ട്. വരേണ്യ-സവർണ നേതൃത്വങ്ങൾ ഇതിൽ ആഴത്തിൽ അസ്വസ്ഥരുമാണ്. ജാതിമേധാവിത്വവും മതപൗരോഹിത്യങ്ങളും ഈ മാറ്റത്തെ അംഗീകരിച്ചിട്ടില്ല എന്ന് മാത്രമല്ല ചെറുക്കാനും ശ്രമിക്കുന്നുണ്ട്. ജാതി കൊലകൾ കേരളത്തിൽ ആവർത്തിക്കപ്പെടുന്നത് പുതുതലമുറയിലൂടെ സൂക്ഷ്മമായി പ്രവർത്തിക്കുന്ന മാറ്റത്തെ പ്രതിരോധിക്കാനാണ്. കക്ഷിരാഷ്ട്രീയം ഈ മാറ്റങ്ങളെ ഉൾക്കൊണ്ടിട്ടില്ല. വംശീയവെറികൾക്കെതിരെ, മതവർഗീയതക്കെതിരെ, മതപരമായ തീട്ടൂരങ്ങൾക്കെതിരെ ശക്തമായ സമീപനം പലപ്പോഴും കക്ഷിരാഷ്ട്രീയ ബാധ്യതകളുടെ കാരണത്താൽ വിദ്യാർഥി-യുവജന രാഷ്ട്രീയത്തിൽനിന്ന് ഉയർന്നുവരുന്നില്ല എന്നത് ആശങ്കപ്പെടുത്തുന്നതാണ്.
കക്ഷിരാഷ്ട്രീയത്തിന്റെ വ്യവസ്ഥാപിത ഘടനക്കു പുറത്തുനിന്നാണ് മാറ്റങ്ങൾക്ക് പ്രചോദനം ലഭിക്കുന്നത്. കേരളം വിട്ട് വിദേശങ്ങളിലേക്ക് കുടിയേറുന്ന തലമുറ കക്ഷിരാഷ്ട്രീയവും യാഥാസ്ഥിതികമായ സാമൂഹികശക്തികളുടെ മേധാവിത്വവും കാരണം മനംമടുത്താണ് കേരളം വിടുന്നത് എന്ന വാദത്തിൽ കഴമ്പുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ ആചാരബദ്ധവും സ്തുതിപാഠക ശൈലികളെ തിരസ്കരിക്കുന്ന പുതുതലമുറ രാഷ്ട്രീയത്തിലേക്കും പൊതുപ്രവർത്തനത്തിലേക്കും കടന്നുവരുന്നില്ല. കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രധാനപ്രശ്നമാണിത്. സാമൂഹിക വിവേകമുള്ള ശ്രേണിവത്കൃത പൊതുജീവിത ഘടനയെ എതിർക്കുന്ന ഒരു പുതുതലമുറ രാഷ്ട്രീയത്തിൽനിന്നും അകന്നുനിൽക്കുമ്പോൾ കുടുംബ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലോ അധികാരസേവയുടെയോ ഭാഗമായി പൊതുരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന മറ്റൊരു വിഭാഗം കേരള സമൂഹത്തെ മരവിപ്പിൽ നിർത്തുകയാണോ എന്ന പ്രശ്നവും അവശേഷിക്കുന്നുണ്ട്.
കേരളത്തിലെ പൊതുമണ്ഡല വ്യവഹാരങ്ങളെ മാത്രമാണ് മുഖ്യധാരമാധ്യമങ്ങൾ പ്രതിബിംബിക്കുന്നത്. എന്നാൽ, സർവമേഖലകളെയും ഗ്രസിച്ചിട്ടുള്ള സ്വജനപക്ഷപാതത്തിനും ആചാരഅനുക്രമങ്ങൾക്കുമെതിരെ രൂപപ്പെട്ടിരിക്കുന്ന പുതുതലമുറ വ്യവസ്ഥാപിത സാമൂഹികഘടനക്ക് ബദലായി ഒരു പ്രതിജനതയായി (counterpublics) പ്രവർത്തിക്കുന്നു. മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ അധികാരതാൽപര്യങ്ങൾക്കുവേണ്ടി അവരുടെ നിർദേശങ്ങൾ ഏറ്റുവാങ്ങി നടത്തുന്ന സമരപരിപാടികളിൽ ഈ പ്രതിജനത സന്നിഹിതമായിരിക്കില്ല. സിവിൽ സമൂഹം ഏറ്റെടുക്കുന്ന സാമൂഹിക നീതിയുടെയും പരിസ്ഥിതി പ്രശ്നങ്ങളെ മുൻനിർത്തിയുള്ള പൊതുപ്രവർത്തനത്തിൽ അവർ സാന്നിധ്യമാകുന്നു.
അവർ സ്വതന്ത്രമായി അംബേദ്കറെ വായിക്കുന്നു, ഗാന്ധിയെ മനസ്സിലാക്കാൻ ശ്രമിക്കുന്നു, നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തലിൽനിന്നും നെഹ്റു വിഭാവനം ചെയ്യുന്ന ബഹുസ്വരതയിലൂന്നിയുള്ള രാഷ്ട്രമാതൃകയെ തിരിച്ചറിയുന്നു. അവർ ആഗോളമായി ചെറുത്തുനിൽപ് പ്രസ്ഥാനങ്ങളോട് ഐക്യപ്പെടുന്നു. നവസാമ്രാജ്യത്വത്തിന്റെ വംശവെറി രാഷ്ട്രീയത്തെ അവർ സൗഹൃദകൂട്ടായ്മകളിലൂടെ ചെറുക്കുന്നു. അവർ സ്വന്തം ജീവിതത്തിന്റെ മൗലികതയെ കണ്ടെത്തുന്നു. അൽഗോരിതം നിർണയിക്കുന്ന പ്ലാറ്റ്ഫോം ജീവിതത്തെ വിമർശനാത്മകമായി സമീപിക്കുന്നു. വ്യവസ്ഥാപിതമായ ഘടനയുടെ സ്വരൂപമാർജിക്കാത്തതുകൊണ്ടാണ് മുഖ്യധാര സമൂഹം ഈ പ്രതിജന സംസ്കാരത്തെയും അവരുടെ അഭിലാഷങ്ങളെയും തിരിച്ചറിയാതെ പോകുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെത്തുടർന്ന് സി.ജെ.പി ജന്തർ മന്തറിൽ നടത്തിയ ആഹ്ലാദ പ്രകടനം
നവലിബറൽ മുതലാളിത്തത്തിന്റെ ആസൂത്രണത്തിൽ മാധ്യമ പിന്തുണയോടെ ഉപഭോക്തൃ മുതലാളിത്തത്തിന്റെ ആവശ്യങ്ങൾക്കായി അനുശീലിക്കപ്പെടുകയും അരാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്യെപ്പട്ടുവെന്ന ആരോപണം നേരിടുന്ന ഒരു തലമുറയാണ് ഇന്ന് ഇന്ത്യയിലും ഫ്രാൻസിലും ചിലിയിലും സ്പെയിനിലും സമരരംഗത്തുള്ളത്. തിരശ്ചീനമായ ഒരു പ്രക്ഷോഭകൂട്ടായ്മയാണ് പുതുപ്രക്ഷോഭങ്ങളുടെ പ്രത്യേകതതന്നെ. അതിലേക്കാണ് വിദ്യാർഥികളും യുവാക്കളും അണിചേരുന്നത്. പൗരനെ ഒരു ഉപഭോക്താവ് മാത്രമായി പരിഗണിക്കുന്ന വ്യക്തിവാദം (individualism) ഒരു പ്രബലമായ ആശയധാരയായി മാറിയ, തൊഴിലില്ലായ്മയും നഗരങ്ങളിലെ പാർപ്പിടപ്രശ്നങ്ങളും ഉപജീവന പ്രതിസന്ധികളും അഭിമുഖീകരിക്കുന്ന ഒരു പുതിയ തലമുറയാണ് തെരുവിൽ ഒത്തുചേർന്നു വ്യവസ്ഥാപിതമായ അധികാരത്തെ പ്രക്ഷോഭത്തിലൂടെ അപനിർമിക്കുന്നത്. ആ തലമുറയുടെ പ്രതിനിധി കൂടിയാണ് നേഹ ബോറ.
പരമ്പരാഗത കമ്യൂണിസ്റ്റ് പാർട്ടിയുടെ ബഹുജനസംഘടനയുടെ പ്രതിനിധിയായിരിക്കെ തന്നെ നേഹ ബോറ നൂതനമായൊരു രാഷ്ട്രീയ ഭാവുകത്വത്തെയാണ് അവരുടെ പ്രതികരണങ്ങളിൽ വിനിമയം ചെയ്യുന്നത്. സമാധാന ബോണ്ട് ഒപ്പിട്ടു സമരം അവസാനിപ്പിക്കാൻ നിർദേശിച്ച ഹൈകോടതി വിധിയെ ചോദ്യംചെയ്തുകൊണ്ടുള്ള അവരുടെ വാർത്താസമ്മേളനത്തിൽ ജനാധിപത്യത്തിലെ വിമത രാഷ്ട്രീയത്തിന്റെ പ്രാധാന്യം കൃത്യവും വ്യക്തവുമായി അവതരിപ്പിക്കുക വഴി അവർ പ്രതിനിധാനം ചെയ്യുന്ന യുവാക്കളുടെ രാഷ്ട്രീയ ഇച്ഛയെയാണ് ആവിഷ്കരിക്കുന്നത്. എം.എൽ ലിബറേഷൻ ഇതുവരെ അധികാരത്തിലേറിയിട്ടില്ല. സജീവമായ പോരാട്ടത്തിൽ പങ്കെടുക്കുന്ന പാർട്ടിയായതുകൊണ്ടുതന്നെ പാർട്ടി ബ്യൂറോക്രസിയും നേതൃത്വപരമായ അധീശത്വവും പരിമിതമായിരിക്കും. വിദ്യാർഥി സംഘടനകൾക്ക് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ആജ്ഞയനുസരിച്ചു പ്രവർത്തിക്കേണ്ട സ്ഥിതിവിശേഷമുണ്ടാകില്ല. തീർച്ചയായും ആരെയും അനുകരിക്കേണ്ടതായ ബാധ്യതയുമില്ല.
കേരളത്തിലെ ഇടതുപക്ഷ വിദ്യാർഥി യുവജന പ്രസ്ഥാനത്തിന്റെ നേതാക്കൾ ഒരുകാലത്തെങ്കിലും വായനയും ധൈഷണികാന്വേഷണവും മറ്റെന്തിനേക്കാളും പ്രാധാന്യത്തോടെ കണ്ടിരുന്നവരാണ്. ഓരോ പ്രശ്നത്തെ സമീപിക്കുന്നതിലും രാഷ്ട്രീയം വിശദീകരിക്കുന്നതിലും വായനയുടെ തെളിച്ചമുണ്ടായിരുന്നു. പുതിയ തലമുറയിലും ഈ സ്വതന്ത്രമായ അന്വേഷണ വാഞ്ഛ കാണാം. അതേസമയം, സമകാലിക ഇടതുവിദ്യാർഥി പ്രസ്ഥാന നേതൃത്വത്തിൽ ഈയൊരു ധൈഷണിക വ്യതിരിക്തത പൂർണമായും അഭാവപ്പെട്ടിരിക്കുന്നു. ഹിംസാത്മകമായ പ്രതികരണവും ശാരീരിക മുറകളുമാണ് രാഷ്ട്രീയ ആവിഷ്കാരമെന്നു എങ്ങനെയോ തെറ്റിദ്ധരിച്ചിരിക്കുന്നു. അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു തെറ്റായ മാതൃകയാണ് അനുകരിക്കാൻ ശ്രമിക്കുന്നത്. കേരളത്തിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനത്തിന്റെ ചരിത്രമോ നേതൃത്വസ്വഭാവമോ അങ്ങനെയായിരുന്നില്ല. ഈയൊരു സമീപകാല വ്യതിയാനത്തെ (aberration) അപവാദമായിപ്പോലും(exception) പരിഗണിക്കാനാവുകയില്ല.
സംഘടനകൾ വളർച്ചക്കുള്ള ഉപകരണങ്ങളാവുകയും സൗഹൃദങ്ങൾ സങ്കോചിക്കുകയും വിദ്യാർഥി യുവജന ആക്ടിവിസം അധികാരപ്രാപ്തിക്കുള്ള അനൈതികപ്രവർത്തനമാവുകയും ചെയ്തതോടെ അധികാര പാർട്ടികളുടെ തണലിൽ വളർന്ന യുവജനപ്രസ്ഥാനങ്ങളുടെ ധൈഷണികത മുരടിപ്പിച്ചിരിക്കുന്നു. സമകാലിക കേരളത്തിലെ ഓരോ പാർട്ടികളിലെയും ഏറ്റവും മുതിർന്ന നേതാക്കൾ, അവരുടെ പ്രായം അറുപതിനും മുകളിലായവർ, ആവേശത്തോടെ അനുസ്മരിക്കുന്നത് അവരുടെ വിദ്യാർഥി സംഘടനപ്രവർത്തനത്തിന്റെ കാലയളവാണ്. അധികാരത്തിനു പുറത്തായിരുന്നു അന്നത്തെ സംഘടനപ്രവർത്തനം. വ്യക്തികൾ തമ്മിൽ തമ്മിൽ തന്നെ അഗാധസൗഹൃദങ്ങൾക്ക് അത് കാരണമായി.
എഴുപതു വർഷങ്ങൾക്കിപ്പുറം അധികാരത്തിന്റെ ഓരംപറ്റി നിൽക്കുന്ന വ്യവസ്ഥാപിത സംഘടനകൾ നൈതികശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. വേറിട്ട ശബ്ദമുള്ള മൗലികമായ കാഴ്ചപ്പാടുള്ള സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തനനിരതരാകാനും ധൈര്യവും കെൽപുമുള്ള ഒരു നേതൃത്വത്തിന്റെ അഭാവം കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തെ പിന്നോട്ടടുപ്പിക്കുന്നു. നേഹ ബോറ വ്യവസ്ഥാപിതമായ അധികാരഘടന രൂപപ്പെടുത്തിയ വ്യക്തിയല്ല. അവരെപ്പോലെ മൗലികമായ രാഷ്ട്രീയം ആവിഷ്കരിക്കുന്ന വിദ്യാർഥി-യുവജന വ്യക്തിത്വങ്ങൾ കേരളത്തിലില്ല എന്നല്ല. തീർച്ചയായും അങ്ങനെയൊരു തലമുറ കേരളത്തിലുമുണ്ട്. അവർ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ ഭാഗമല്ലാത്തതിനാൽ മുഖ്യധാരയിൽ അവർക്ക് ദൃശ്യാത്മകത കുറവാണെന്നുമാത്രം. അവരുടെ പ്രവൃത്തിമണ്ഡലം പൗരസമൂഹകേന്ദ്രിതമായ പ്രവർത്തനങ്ങളിലാണ്. അവർ വ്യവസ്ഥാപിതമായ രാഷ്ട്രീയത്തിനതീതമായി പരസ്പരാദരവിന്റെയും സഹിഷ്ണുതയുടെയും സാമൂഹിക നീതിയുടെയും പുതിയൊരു അനുഭവമണ്ഡലം സാധ്യമാക്കുന്നുണ്ട്.
-----------------------
പിൻകുറിപ്പ്:
നേഹ ബോറ എന്റെ മകളായിരുന്നെങ്കിൽ എന്ന സെലിബ്രിറ്റി കുറിപ്പുകളിലെ ഐക്യദാർഢ്യം സ്വാഗതാർഹം തന്നെ. മകൾ, അനുജത്തി എന്നതിനപ്പുറം നേഹ ബോറയും ഉമർ ഖാലിദും ഇന്ത്യയുടെ ജനാധിപത്യ ഭാവിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ സമരസഖാക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.