ലംബമായി കുത്തിനിർത്തിയ ദലിത് കോളനികൾ

എറണാകുളം കടവന്ത്ര പേരണ്ടൂർ കനാലിനോട് ചേർന്നുകിടന്നിരുന്ന പി ആൻഡ് ടി കോളനിയിൽ താമസിച്ചിരുന്നവരെ മുണ്ടംവേലിയിലെ പി ആൻഡ് ടി അപ്പാർട്മെന്റിലേക്ക് മാറ്റി. അവിടെ ദുരിതപൂർണമായ ജീവിതമാണ് അവരെ കാത്തിരുന്നത്. അപ്പാർട്മെന്റിലെ താമസക്കാരായ കുട്ടികൾ തങ്ങളുടെ ദുരിതങ്ങൾ വ്യക്തമാക്കുന്നു. തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട രണ്ടു അവസരങ്ങളിൽ കേരളത്തിന്റെ ഭരണം കൈയാളിയ എൽ.ഡി.എഫ് സർക്കാറിന്റെ പത്ത് വർഷത്തെ ഭരണ നേട്ടങ്ങളിൽ ഒന്നായി ഉയർത്തിക്കാണിച്ചിരുന്നതാണ് ദരിദ്രരും ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീടുകൾ നിർമിച്ചുനൽകുന്ന ലൈഫ് മിഷൻ പദ്ധതി. പത്തു വർഷത്തിനകം സംസ്ഥാനത്താകെ 5 ലക്ഷത്തിനടുത്ത് വീടുകൾ...

എറണാകുളം കടവന്ത്ര പേരണ്ടൂർ കനാലിനോട് ചേർന്നുകിടന്നിരുന്ന പി ആൻഡ് ടി കോളനിയിൽ താമസിച്ചിരുന്നവരെ മുണ്ടംവേലിയിലെ പി ആൻഡ് ടി അപ്പാർട്മെന്റിലേക്ക് മാറ്റി. അവിടെ ദുരിതപൂർണമായ ജീവിതമാണ് അവരെ കാത്തിരുന്നത്. അപ്പാർട്മെന്റിലെ താമസക്കാരായ കുട്ടികൾ തങ്ങളുടെ ദുരിതങ്ങൾ വ്യക്തമാക്കുന്നു.

തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട രണ്ടു അവസരങ്ങളിൽ കേരളത്തിന്റെ ഭരണം കൈയാളിയ എൽ.ഡി.എഫ് സർക്കാറിന്റെ പത്ത് വർഷത്തെ ഭരണ നേട്ടങ്ങളിൽ ഒന്നായി ഉയർത്തിക്കാണിച്ചിരുന്നതാണ് ദരിദ്രരും ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീടുകൾ നിർമിച്ചുനൽകുന്ന ലൈഫ് മിഷൻ പദ്ധതി. പത്തു വർഷത്തിനകം സംസ്ഥാനത്താകെ 5 ലക്ഷത്തിനടുത്ത് വീടുകൾ നിർമിച്ചു കൈമാറി എന്നാണ് തെരഞ്ഞെടുപ്പു കാലത്ത് പ്രചരിപ്പിച്ച അവകാശവാദം.

കൊച്ചി നഗരമധ്യത്തിൽ കടവന്ത്ര ഗാന്ധിനഗറിലെ പേരണ്ടൂർ കനാൽ പുറമ്പോക്കിൽ താമസിച്ചിരുന്ന ഭൂരഹിതരായ 86 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വിശാല കൊച്ചി വികസന അതോറിറ്റി നിർമിച്ച കെട്ടിട സമുച്ചയമാണ് മുണ്ടംവേലിയിലെ പി ആൻഡ് ടി അപ്പാർട്മെന്റ്. രണ്ട് അപ്പാർട്മെന്റുകളിലായി 78 കുടുംബങ്ങളാണ് നിലവിൽ താമസം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നടത്തുന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും നിയമലംഘനങ്ങളുടെയും സാധാരണ മനുഷ്യരുടെ ജീവിതത്തോടും ജീവനോടുമുള്ള നിസ്സാരതയും അവജ്ഞയും അവഗണനയും വംശീയതയും ഒട്ടും മറയില്ലാതെ വെളിപ്പെടുത്തുന്ന സ്‌മാരകമാണ് ഈ അപ്പാർട്മെന്റ്.

2024 ജനുവരിയിൽ പണിപൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറിയ ഈ പദ്ധതിയിലെ പാർപ്പിടങ്ങൾ താമസയോഗ്യമല്ലെന്ന് ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ അന്തേവാസികൾ തിരിച്ചറിഞ്ഞു. ഗുരുതരമായ പിഴവുകളും അപാകതകളും നിയമലംഘനങ്ങളും ആയിരുന്നു ഈ കെട്ടിട നിർമാണത്തിൽ സംഭവിച്ചത്. നിർമാണസാമഗ്രികൾ തിരഞ്ഞെടുക്കുമ്പോൾ തീരദേശ കാലാവസ്ഥയെ പരിഗണിക്കാത്തതുകൊണ്ട് അതിവേഗം തന്നെ കെട്ടിടം നാശോന്മുഖമായി. മുകൾ നിലയിലെ ശുചിമുറിയിൽനിന്നുള്ള മലിനജലം താഴത്തെ നിലയിലെ അടുക്കളയിലേക്ക് ചോർന്നുപടരുന്ന അവസ്ഥയാണ്.

ഗുണഭോക്താക്കളായ കുടുംബങ്ങളിലെ രോഗികളെയും വൃദ്ധരെയും കുട്ടികളെയും പരിഗണിച്ചിട്ടില്ല. സെറിബ്രൽ പാൾസി രോഗാവസ്ഥയുള്ള 9 വയസ്സുള്ള കുഞ്ഞ് നാലാം നിലയിലാണ് താമസിക്കുന്നത്. അതുമൂലം കുട്ടിയുടെ ഫിസിയോതെറപ്പി ഇപ്പോൾ മുടങ്ങിയിരിക്കുന്നു. അടിയന്തരമായ സാഹചര്യത്തിൽ മുകൾ നിലയിൽനിന്നും വൃദ്ധരെയും രോഗികളെയും താഴെ എത്തിക്കുന്നത് ഏറെ ശ്രമകരമാണ്. ഗുണനിലവാരമുള്ള സെപ്റ്റിക് ടാങ്കുകൾ ഉപയോഗിക്കാത്തതിനാൽ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകി പരിസരത്തെ മലിനമാക്കുന്നതിനൊപ്പം അന്തേവാസികളുടെ മനോനിലയെയും അത് സാരമായി ബാധിക്കുന്നുണ്ട്.

അരൂർ-മട്ടാഞ്ചേരി 110 കെ.വി ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നത് പി ആൻഡ് ടി അപ്പാർട്മെന്റിന് സമീപത്തുകൂടിയാണ്. അപ്പാർട്മെന്റിന്റെ പടിഞ്ഞാറുഭാഗത്ത് 66 കെ.വി ലൈൻ ഉണ്ട്. ഇവയിൽനിന്ന് നിയമപരമായി പാലിക്കേണ്ട അകലം നിസ്സാരമാക്കി തള്ളിക്കളഞ്ഞാണ് അപ്പാർട്മെന്റ് നിർമിച്ചിരിക്കുന്നത്. ഇത് പി ആന്‍ഡ്‌ ടി അപ്പാർട്മെന്റിലെ അന്തേവാസികളുടെ ജീവന് ഗുരുതരമായ ഭീഷണിയാണ്. ഈർപ്പമുള്ള സാഹചര്യങ്ങളിൽ വീടിനുള്ളിൽ ഇരിക്കുമ്പോൾ ഷോക്ക് ഏൽക്കുന്നതായി പരാതിയുണ്ട്. 110 കെ.വി ലൈനിൽനിന്നുള്ള ഇ.എം.എഫ് (വൈദ്യുത കാന്തിക വലയം) റേഡിയേഷൻ അന്തേവാസികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇലക്ട്രിക് ഉപകരണങ്ങൾ അടിക്കടി കേടാകുന്നു. കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ച കൂറ്റൻ വാട്ടർ ടാങ്കിൽ കാണപ്പെടുന്ന വിള്ളൽ അനുദിനം വലുതാവുകയും അതിലൂടെ വെള്ളം ചോർന്ന് പുറത്തേക്ക് ഒഴുകി തുടങ്ങുകയും ചെയ്തിട്ടുണ്ട്.

മുണ്ടംവേലി പി ആൻഡ് ടി അപ്പാർട്മെന്റ് നിർമാണത്തിന്റെ ചുമതല ജി.സി.ഡി.എക്കായിരുന്നു. വ്യാപക പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിൽ, ജി.സി.ഡി.എയുടെ ആവശ്യപ്രകാരം ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിൽ കെട്ടിടം വാസയോഗ്യമാക്കാൻ വേണ്ടുന്ന നിർദേശങ്ങൾ നൽകി. പക്ഷേ പി ആൻഡ് ടി അപ്പാർട്മെന്റ് നിർമിക്കാൻ ചെലവഴിച്ച തുകയേക്കാൾ ഭീമമായ സംഖ്യ അതിനു വേണ്ടി വരും. അതിനാൽ ചെന്നൈ ഐ.ഐ.ടിയുടെ നിർദേശങ്ങൾ മാറ്റിവെച്ചുകൊണ്ട് മറ്റൊരു ഏജൻസിയെ അറ്റകുറ്റപ്പണികളും റൂഫ് വർക്കും ഏൽപിച്ചു രക്ഷപ്പെടാനുള്ള നീക്കങ്ങളാണ് വിശാല കൊച്ചി വികസന അതോറിറ്റി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് സർക്കാറിനെ വിശ്വസിച്ച് പി ആൻഡ് ടി അപ്പാർട്മെന്റിലേക്ക് എത്തിയ ദരിദ്ര, ദലിത്-ഭൂരഹിത ഭവനരഹിതർ കെട്ടിട നിർമാണത്തിലെ അപാകതകൾക്കും നിയമലംഘനങ്ങൾക്കും ഉത്തരവാദികളായവർക്കെതിരെ നിയമനടപടിയും തങ്ങൾക്ക് നേരിടേണ്ടിവന്ന ദുരിതങ്ങൾക്ക് മതിയായ നഷ്ടപരിഹാരവും പട്ടയത്തോടുകൂടിയ പുനരധിവാസവും ആവശ്യപ്പെട്ടുകൊണ്ട് ‘പി ആന്‍ഡ്‌ ടി അപ്പാർട്മെന്റ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഭിലാഷ് പി. പരമേശ്വരൻ, സെക്രട്ടറി സരിത എം, ഷൈനി കെ.എസ് എന്നിവരുടെ നേതൃത്വത്തിൽ അപ്പാർട്മെന്റിലെ അന്തേവാസികൾ ഒറ്റക്കെട്ടായി അനിശ്ചിതകാല സമരത്തിലാണ്.

ഈയൊരു പശ്ചാത്തലത്തിലാണ് മുണ്ടംവേലി ലൈഫ് മിഷൻ പി ആൻഡ് ടി അപ്പാർട്മെന്റിലെ അന്തേവാസികളായ കുട്ടികളോട് സംസാരിക്കുന്നത്. തങ്ങൾ അനുഭവിക്കുന്ന ജീവിതാവസ്ഥയെ തെളിമയോടെ അവർ മനസ്സിലാക്കുന്നുണ്ട്. വ്യക്തവും കൃത്യവുമായ ഭാഷയിൽ അവർ സംസാരിക്കുന്നു. എറണാകുളം ജില്ലയിലെ ഒരു മുൻ ജനപ്രതിനിധി മുമ്പ് അവർ കഴിഞ്ഞിരുന്ന ചേരി ജീവിതത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അധിക്ഷേപിക്കുമ്പോൾ, ആ ജനപ്രതിനിധിയുടെ ഉള്ളിൽ വംശീയ ബോധമാണ് നുരക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നു.

പി ആൻഡ് ടി അപ്പാർട്മെന്റിലെ ശോച്യമായ അവസ്ഥ ഇവിടെ അന്തേവാസികളായ അമ്മമാരെയും ബുദ്ധിമുട്ടിലാഴ്ത്തുന്നുണ്ട്. ഒട്ടുമിക്ക പേരും എറണാകുളം നഗരത്തിലെ മുന്തിയ ഫ്ലാറ്റുകളിൽ വീട്ടുവേല നോക്കുന്നവരാണ്. യാത്രാക്ലേശം, യാത്രാക്കൂലി ഇനത്തിലെ അമിത ചെലവ്, സമയകൃത്യത പാലിക്കാൻ കഴിയാത്തതിൽ തൊഴിലുടമയുടെ ശകാരങ്ങൾ, വൃത്തിഹീനമായ സ്വന്തം വീട്ടകങ്ങൾ എന്നിവ മാനസികമായ ബുദ്ധിമുട്ട് വലിയ അളവിൽ സൃഷ്ടിക്കുന്നുണ്ട്.

മുണ്ടംവേലി പി ആൻഡ് ടി അപ്പാർട്മെന്റിലെ കുട്ടികൾ സംസാരിച്ച പ്രസക്തഭാഗങ്ങളാണ് ചുവടെ:

ലൈഫ് മിഷൻ പദ്ധതി പ്രകാരം ലഭിച്ച, നിങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റിന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങളുടെ പഠനത്തെയും ദൈനംദിന ജീവിതത്തെയും എങ്ങനെയാണ് ബാധിക്കുന്നത്?

ഹെലൻ മുരുകൻ: മഴക്കാലത്ത് ചോർച്ചമൂലം മുകളിൽനിന്ന് വീഴുന്ന വെള്ളം പുസ്തകവും വസ്ത്രങ്ങളും ഒക്കെ നനയ്ക്കുന്നു. നോട്ടുപുസ്തകങ്ങൾ നനയുമ്പോൾ അതിൽ എഴുതിയിരിക്കുന്നത് നഷ്ടപ്പെടുന്നതുകൊണ്ട് പുസ്തകം നോക്കി പഠിക്കാൻ സാധിക്കുന്നില്ല. ഇക്കഴിഞ്ഞ ഓണപ്പരീക്ഷക്ക് ഇതുമൂലം മാർക്ക് കുറഞ്ഞു. മുകൾ നിലയിലെ ബാത്റൂമുകളിൽനിന്നുള്ള മലിനജലം വന്നുവീഴുന്നത് ഭക്ഷണത്തിലും മറ്റും ഒക്കെയാണ്. മിക്കപ്പോഴും ഉണ്ടാക്കിയ ഭക്ഷണം വേറെ വഴിയില്ലാതെ കളയേണ്ടി വരാറുണ്ട്. വസ്ത്രങ്ങളും മഴവെള്ളം വീണ് നശിക്കാറുണ്ട്.

ശൃംഗ പാർവതി സി.എസ്: ഫ്ലാറ്റ് മിക്കവാറും ചോർന്നൊലിക്കും. രാത്രി കിടന്നുറങ്ങാൻ പേടിയാണ്. ഉറക്കത്തിൽ സ്വപ്നം കണ്ട് കരയാറുണ്ട്. ഫ്ലാറ്റ് തകരുന്നതാണ് അവർത്തിച്ചു കാണുന്ന സ്വപ്നം. കുറെയേറെ വൈകിയാണ് ഉറങ്ങാൻ പറ്റുന്നത്. അതുമൂലം ഉണരാനും വൈകാറുണ്ട്. ബാഗ്, ബുക്ക് ഒക്കെ വെക്കാൻ വേറെ സ്ഥലം ഇല്ലാത്തതിനാൽ ചോർച്ചയിൽ നനഞ്ഞു ഉപയോഗശൂന്യമാകും.

ഹെലൻ മുരുകൻ, ശൃംഗ പാർവതി സി.എസ്

ആദർശ് മനോജ്: ഞാനും രണ്ടു സഹോദരങ്ങളും അപ്പൂപ്പനും അമ്മൂമ്മയും അമ്മയും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. അച്ഛൻ മരിച്ചുപോയി. ഹോട്ടലിൽ ക്ലീനിങ് സ്റ്റാഫ് ആയ അമ്മയുടെ വരുമാനത്തിലാണ് ഞങ്ങൾ ജീവിക്കുന്നത്. എറണാകുളത്ത് ഗാന്ധിനഗർ എന്ന സ്ഥലത്തെ കോളനിയിലാണ് ഞങ്ങൾ ജീവിച്ചിരുന്നത്. മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ വീടിനകം മുങ്ങും. അതിന്റെ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു. അവിടെ നിന്നാണ് ഞങ്ങൾ 2024 ജനുവരി മാസത്തിൽ ഇങ്ങോട്ടു മാറിയത്. പുതിയ വീട് കിട്ടിയപ്പോൾ ഞങ്ങൾ വളരെ അധികം സന്തോഷിച്ചു. താമസിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾതന്നെ വീട് ചോരാൻ തുടങ്ങി. മുകൾനിലയിൽ താമസിക്കുന്നവരുടെ ബാത്റൂമിലെ വെള്ളം അടുക്കളയിലേക്ക് ചോർന്നിറങ്ങി.

അടുക്കള വൃത്തിഹീനമായി. പാചകംചെയ്യുന്നത് ബുദ്ധിമുട്ടായി. അവർ കുളിമുറി ഉപയോഗിക്കുമ്പോൾ ഞങ്ങൾക്ക് അത് ബുദ്ധിമുട്ടായി. വീടിനകത്ത് കടുത്ത ചൂടാണ്. മഴക്കാലത്ത് ചോർച്ചയും വേനൽക്കാലത്ത് കടുത്ത ചൂടും; രാത്രിയിൽ ഉറങ്ങുന്നതിന് തടസ്സമായി. ഉറക്കം ശരിയാവാത്തതുകൊണ്ട് രാവിലെ കൃത്യസമയത്ത് സ്കൂളിൽ പോകുന്നതിന് എഴുന്നേൽക്കുന്നതിനും കഴിയുന്നില്ല. വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ ഇടക്കിടെ കംപ്ലയിന്റാവുകയും നശിക്കുകയും ചെയ്യുന്നു.

അത്മിക കെ.യു: അമ്മയും ചേച്ചിയും ഞാനും അടങ്ങുന്നതാണ് കുടുംബം. അച്ഛൻ ഒന്നരവർഷം മുമ്പ് മരിച്ചു. വീട്ടുജോലിക്ക് പോയാണ് ഞങ്ങൾ രണ്ടു പെൺകുട്ടികളെയും അമ്മ നോക്കുന്നത്. ലൈഫ് മിഷൻ ഫ്ലാറ്റിൽ താമസിക്കുന്നത് വളരെ കഷ്ടപ്പാടാണ്. എനിക്കൊരു ക്വാളിറ്റി ഓഫ് ലൈഫ് ഇവിടെനിന്ന് ലഭിച്ചിട്ടില്ല. ഇവിടെ വന്ന് ഒരാഴ്ച കഴിഞ്ഞതോടെ തുടങ്ങിയതാണ് ഞങ്ങളുടെ ദുരിതജീവിതം.

ഇവിടെ ഇല്ലാത്ത പ്രശ്നങ്ങൾ ഒന്നുംതന്നെ ഇല്ല എന്നു പറയുന്നതാണ് ശരി. വീട് മൊത്തം ചോർന്നൊലിക്കുന്നു. പേടിയാണ് ഇവിടെ താമസിക്കാനും കിടന്നുറങ്ങാനും. ഒരു രാത്രി ഇവിടെ കഴിഞ്ഞുപോകാൻ വളരെ കഷ്ടമാണ്. മരണഭയത്തോടെയാണ് ഇവിടെ കിടക്കുന്നത്. ഞങ്ങളെ എല്ലാവിധ സൗകര്യങ്ങളോടെയും പുനരധിവസിപ്പിച്ചു എന്ന് മുൻ സർക്കാർ അവകാശപ്പെടുന്ന ഈ അപ്പാർട്മെന്റിനെ വെച്ച് നോക്കുമ്പോൾ ഞങ്ങളുടെ പഴയ ചേരി സ്വർഗമാണ്.

കൊച്ചി മുൻ എം.എൽ.എ ഞങ്ങൾ മുമ്പ് കഴിഞ്ഞിരുന്ന സ്ഥലത്തെ ഓർമപ്പെടുത്തിക്കൊണ്ട് മോശമായി ചിത്രീകരിച്ചു. ഞങ്ങൾക്കത് വളരെ വിഷമം ഉണ്ടാക്കി. ജനങ്ങളുടെ പ്രശ്നത്തെ തിരിച്ചറിയേണ്ട ഒരു നേതാവുപോലും ഞങ്ങളുടെ വിഷമം മനസ്സിലാക്കാൻ ശ്രമിച്ചില്ലല്ലോ എന്നോർത്ത്. മറിച്ച് അദ്ദേഹം ഇവിടെ താമസിക്കുന്ന എല്ലാവരെയും കുറ്റപ്പെടുത്തുകയാണ് ചെയ്തത്. പക്ഷേ, മുഖ്യമന്ത്രി വി.ഡി. സതീശൻ സാർ അഭിമുഖത്തിൽ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് സന്തോഷമായി. അദ്ദേഹം ഞങ്ങളെ മനസ്സിലാക്കി ഞങ്ങളുടെ പ്രശ്നങ്ങൾ അറിഞ്ഞ് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം ഞങ്ങൾക്ക് നല്ലൊരു ഭവനം നൽകുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.

ആദർശ് മനോജ്, അത്മിക കെ.യു

ഇസഹാക് ജോസ്: ഞങ്ങൾ അഞ്ചു പേർ അടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്. വളരെ ഇടുങ്ങിയ ഇടത്ത് അത്രയും പേർക്ക് താമസിക്കാൻ പറ്റില്ല. ഒരു മുറി മാത്രമാണ് ചോരാത്തതായി ഉള്ളത്. അതുകൊണ്ട് മഴ പെയ്യുമ്പോൾ ഞങ്ങൾ എല്ലാവരും അവിടെയാണ് കിടക്കുന്നത്. ചോർച്ചയിൽ അകത്തേക്ക് വീഴുന്ന വെള്ളം ഞങ്ങൾ ഓരോരുത്തരും മാറിമാറിയാണ് കോരി കളയുന്നത്. അതുകൊണ്ട് പലപ്പോഴും ഉറങ്ങാൻ സാധിക്കാറില്ല. എനിക്ക് മര്യാദക്ക് ഫുഡ് കഴിക്കാൻപോലും പറ്റുന്നില്ല.

മുകളിലെ ബാത്റൂമിലെ വെള്ളം ചോറിലും കറിയിലും വീഴും: പിന്നെങ്ങനെ ഞാൻ കഴിക്കും. ഇവിടത്തെ വൃത്തിയില്ലാത്ത സാഹചര്യം മൂലം കുറെയേറെ അസുഖങ്ങൾ വരുന്നുണ്ട്. എനിക്ക് സ്കിൻ അലർജിയുണ്ട്. എനിക്ക് മാത്രമല്ല എല്ലാവർക്കും. ചേച്ചിക്ക് ഇതിനെ തുടർന്ന് മൈനർ സർജറി ഉണ്ടായിട്ടുണ്ട്. ഈ വീടു പണിഞ്ഞത് എല്ലാ റൂമിലും ‘ഷവർ സിസ്റ്റ’ത്തോടെയാണ്. എവിടെ നിന്നാലും ചോർച്ചയിൽ മലിനജലവും മറ്റ് അഴുക്കും നമ്മെ തേടിവരും. രാവിലെ എണീറ്റ് ഭിത്തിയിലും ജനലിലും തൊട്ടാൽ ഷോക്ക് അടിക്കാനുള്ള സാധ്യതയുണ്ട്.

എനിക്ക് പേടിയാ ഇവിടെ താമസിക്കാൻ. ഭയന്നു ഭയന്നാണ് ഞാൻ ഇവിടെ താമസിക്കുന്നത്. മുമ്പ് ഞങ്ങൾ താമസിച്ചിരുന്നിടത്ത് വഴിയിലൊക്കെ ചിലപ്പോൾ വിഷപ്പാമ്പുകളെ കാണാറുണ്ടായിരുന്നു. എന്നാൽ, ആരും പാമ്പുകടിച്ചു മരിച്ചില്ല. ഇപ്പോൾ ഈ അപ്പാർട്മെന്റ് ഇടിഞ്ഞുവീണ് മരിക്കുമെന്ന് പേടിക്കുന്നു. ഇവിടെ ഇനിയും കഴിഞ്ഞാൽ മരണം ഉറപ്പാണ്. ഞാൻ എവിടെ നോക്കിയാലും മരണമാണ് കാണുന്നത്. എന്റെ വീട്ടിലെ ഫാൻ പൊളിഞ്ഞുവീണ്, അല്ലെങ്കിൽ അപ്പാർട്മെന്റ് മൊത്തം തകർന്ന്.., അതുമല്ലെങ്കിൽ ഷോക്ക് അടിച്ച്... എനിക്ക് പേടിയാണ്. ഇനി ഇവിടെ താമസിക്കണ്ട. വേറെ നല്ലൊരു വീട് എനിക്ക് മുഖ്യമന്ത്രി സാർ തരുമെന്ന് ഞാൻ വിശ്വസിക്കുന്നു.

മരിയ ജോസ്: വളരെയധികം പ്രതീക്ഷയോടെയാണ് ലൈഫ് മിഷൻ ഫ്ലാറ്റിലേക്ക് ഞങ്ങൾ എത്തിയത്. എന്നാൽ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഞങ്ങൾ മനസ്സിലാക്കി ഇതിനുമുമ്പ് താമസിച്ചിരുന്ന ചേരിയേക്കാൾ ദയനീയമാണ് ഇവിടം. കാരണം മുമ്പ് താമസിച്ചിരുന്ന സ്ഥലത്ത് മഴപെയ്താൽ വെള്ളം കയറുമെന്ന പ്രശ്നം മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെ മഴപെയ്താൽ ഒരുതുള്ളിപോലും പുറത്തു പോകാതെ അകത്താണ് വീഴുന്നത്. വേനൽക്കാലത്ത് കഠിനമായ ചൂട്. ഇവിടെ വേണ്ട വെന്റിലേഷൻ ഇല്ലാത്തതിനാലും ഇരുമ്പുതൂണുകൾകൊണ്ടും ഇരുമ്പ് ഷീറ്റുകൾ കൊണ്ടും പണിതിരിക്കുന്നതിനാലും ചൂടുകാലത്ത് കഴിയാൻ സാധിക്കില്ല. ഇതിനെ തുടർന്ന് ഒരുപാട് സ്കിൻ അലർജി, ബാക്ടീരിയൽ ഇൻഫെക്ഷൻസ് ഉണ്ടായിട്ടുണ്ട്.

ഇസഹാക് ജോസ്, മരിയ ജോസ്

അപ്പാർട്മെന്റിന്റെ നിർമാണത്തിലെ അപാകതകൾ ഉണ്ടാക്കുന്ന ക്ലേശങ്ങൾ കാരണം സ്കൂളിൽ പോകുന്നതിലോ പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലോ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ടോ?

ഹെലൻ മുരുകൻ: മുമ്പ് പറഞ്ഞതുപോലെ പുസ്തകങ്ങൾ നനഞ്ഞ് നശിക്കുന്നതുകൊണ്ട് സ്കൂളിൽനിന്ന് തന്നിരുന്ന നോട്ടുകൾ നോക്കി പഠിക്കാൻ സാധിക്കാതെ വന്നു. എത്രയൊക്കെ വേറെ നോക്കി വായിച്ചാലും സ്വന്തം കൈയക്ഷരം നോക്കി പഠിക്കുന്നതുപോലെ വരില്ലല്ലോ. ഈ കാരണങ്ങൾമൂലം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരുന്നു. പഠനത്തിലും പരീക്ഷയിലും സംഭവിക്കുന്ന ഞങ്ങളുടേതല്ലാത്ത പിഴവുകൾ ഭാവിയെ ബാധിക്കുമല്ലോ.

ശൃംഗ പാർവതി സി.എസ്: എല്ലാ ദിവസവും സ്കൂളിൽ പോകാനാണ് ഇഷ്ടം. ഇവിടെ നിന്നാൽ കെട്ടിടം ഇടിഞ്ഞുവീഴുമോ എന്ന പേടിയാണ്. ഇടിവെട്ടുമ്പോഴും ശക്തമായി കാറ്റടിക്കുമ്പോഴും അപ്പാർട്മെന്റ് കുലുങ്ങും. സ്കൂളിൽ എത്തിയാൽ വീട്ടിലുള്ളവരെ ഓർത്ത് വേവലാതിയാണ്. അവർക്ക് ആപത്ത് വരുമോ എന്ന്. പഠിക്കാൻ പറ്റാറില്ല.

ആദർശ് മനോജ്: മഴക്കാലത്തെ ചോർച്ച കാരണം ഞങ്ങളുടെ പുസ്തകങ്ങളും ബാഗും യൂനിഫോമും നനഞ്ഞുപോകുന്നു. എടുത്തുവെക്കാൻ ഞങ്ങൾക്ക് ഒരു സ്ഥലവും ഉണ്ടായിരുന്നില്ല. സ്കൂളിൽ പോകാൻ ബുദ്ധിമുട്ടായി. ഞങ്ങളുടെ അഭിലാഷേട്ടനാണ് സ്കൂളിൽ വന്ന് ഈ കാര്യങ്ങൾ സംസാരിച്ചത്.

ഇസഹാക് ജോസ്: ചോർച്ച, പാഠപുസ്തകങ്ങളും വസ്ത്രങ്ങളും മോശമാക്കി. എനിക്ക് ഇടാൻ നല്ല ഉടുപ്പുകളില്ല. മുഷിഞ്ഞ യൂനിഫോം ധരിച്ചാണ് ഞാൻ സ്കൂളിൽ പോകുന്നത്. അന്നേരം എല്ലാവരും എന്നെ കളിയാക്കും. അപ്പോൾ എനിക്ക് എന്തോ പോലെയാകും.

മരിയ ജോസ്: ഞാൻ നഴ്സിങ് സ്റ്റുഡന്റായിരുന്നു. എന്നാൽ, നഴ്സിങ് എന്ന എന്റെ സ്വപ്നം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കാരണം ക്ലാസിലെ എന്റെ ലീവുകൾകൂടി. അതുകാരണം പിന്നീട് ഞാൻ ഡ്രോപ് ഔട്ട് ആയി. എന്റെ മെഡിക്കൽ ഗ്രാഫ് നോക്കിയാൽ അറിയാം, ബാക്ടീരിയൽ ഇൻഫെക്ഷൻ കാരണം പഴുപ്പ് വന്ന് കുരുവായി. മൂന്നുതവണ ഇൻസിഷൻ & ഡ്രെയിനേജ് എന്ന പ്രോസീജറിനു വിധേയമായി. വാട്ടർടാങ്ക് കേടായി അതിൽ നിന്നും മറ്റും വീടുകളിലേക്ക് ചോർന്നിറങ്ങുന്ന ഈർപ്പവും ഫംഗസും മൂലം ഉണ്ടാകുന്ന രോഗ സാഹചര്യമാണ് ഇവിടെയുള്ളത്. എന്റെ നഴ്സിങ് പഠനകാലത്ത് ഈ ചോർച്ച മനസ്സിലാക്കാതെ എന്റെ അസൈൻമെന്റ് ബുക്സ് ഇവിടെ വെച്ചിരുന്നു. അവ ഉപയോഗിക്കാനാവാത്ത വിധം നശിച്ചുപോയി.

നിങ്ങളുടെ അപ്പാർട്മെന്റിൽ താമസിക്കുന്ന സാഹചര്യത്തെക്കുറിച്ച് കൂട്ടുകാരോട് പറയുമ്പോൾ നിങ്ങൾക്ക് വിഷമമോ അപമാനമോ തോന്നാറുണ്ടോ?

ഹെലൻ മുരുകൻ: ഉണ്ട്. ഇടക്ക് കൂട്ടുകാരിൽ ചിലരെങ്കിലും വാർത്തയിൽ ഇവിടത്തെ അവസ്ഥകൾ കണ്ടിട്ടു ചോദിക്കാറുണ്ട്. നിങ്ങളുടെ വീടല്ലേ അത് എന്നൊക്കെ. മിക്കപ്പോഴും ആ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറാറുണ്ട്. കാരണം, ഇതൊക്കെ അറിയുമ്പോൾ അവർ നമ്മളെ ഒഴിവാക്കുമോ അവർ എന്തു കരുതും എന്നുള്ള ചിന്തകൾ മനസ്സിനെ അലട്ടും.

ശൃംഗ പാർവതി സി.എസ്: മറ്റുള്ള കുട്ടികളെപ്പോലെ ഞങ്ങൾക്ക് സമാധാനത്തോടെ, ശ്രദ്ധയോടെ ക്ലാസിൽ ഇരിക്കാൻ പറ്റാറില്ല. ടെൻഷനാണ്. വീട്ടിലെ മുഴുവൻ അവസ്ഥയും ആരുമായും പങ്കുവെക്കാറില്ല. ഇപ്പോഴുള്ള കൂട്ടുകാർകൂടി ഇല്ലാതാവുമോ എന്ന പേടിയാണ്. ഡ്രസ്, ബാഗ് ഒക്കെ നനഞ്ഞിട്ട് ഉണങ്ങാൻ സൗകര്യമില്ലാത്തതിനാൽ കൂട്ടുകാർ ദുർഗന്ധം എന്നു പറയും.

ആദർശ് മനോജ്: ഒരിക്കൽ കൂട്ടുകാരോട് ഞങ്ങളുടെ വീടിന്റെ അവസ്ഥ പറഞ്ഞപ്പോൾ അവർക്ക് എന്തോ അറപ്പുപോലെയാണ് തോന്നിയത്. “ഇവർ വൃത്തിയില്ലാത്ത സ്ഥലത്തുനിന്നാ വരുന്നേ” എന്നു പറഞ്ഞ് കളിയാക്കി. കൂട്ടുകാരുടെ കളിയാക്കൽ ഓർത്ത് പിന്നീട് സ്കൂളിൽ പോകാൻ ഞങ്ങൾക്ക് മടിയായി.

ഇസഹാക് ജോസ്: കൂട്ടുകാരെ വീട്ടിലേക്ക് വിളിക്കാൻപോലും എനിക്ക് നാണക്കേടാണ്. പഠിക്കാനുള്ള മാനസികാവസ്ഥയോ പ്ലസന്റ് ആയിട്ടുള്ള ഒന്നും ഇവിടെയില്ല. അതുകാരണം എനിക്ക് പഠിക്കാനും തോന്നാറില്ല. എന്റെ സ്കൂളിലെ ലീവ് കൂടി. എനിക്ക് ഇവിടെ പോസിറ്റിവായിട്ടുള്ള ഒരു മൈൻഡ് കിട്ടുന്നില്ല

മരിയ ജോസ്: കൂട്ടുകാരെ ഈ വീട്ടിൽ കൊണ്ടുവരാൻ നാണക്കേടാണ്. കാരണം, ബാത്റൂം ചോർന്നൊലിക്കുന്ന കാഴ്ചയും അതിന്റെ ദുർഗന്ധവും. എത്ര റൂം ഫ്രഷ്നർ അടിച്ചിട്ടും കാര്യമില്ല. ഇങ്ങനെ ഒരു വീട്ടിൽ മറ്റുള്ളവർ എങ്ങനെയാണ് വരുക? തുരുമ്പ് പിടിച്ച് ഫാൻ ഒടിഞ്ഞു വീണിട്ടുണ്ട്. ഇങ്ങനെ ഓരോന്ന് അപ്രതീക്ഷിതമായി പൊളിഞ്ഞു വീഴുന്ന വീട്ടിലേക്ക് എങ്ങനെ നമ്മൾ മറ്റുള്ളവരെ കൊണ്ടുവരും!

നിങ്ങളുടെ അപ്പാർട്മെന്റിൽ ജീവിക്കാൻ കഴിയാത്ത തരത്തിലുള്ള അവസ്ഥ വായന അടക്കമുള്ള ജ്ഞാന സമ്പാദനത്തിന്റെ കാര്യങ്ങളിൽ ഏതെങ്കിലും തരത്തിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുണ്ടോ?

ഹെലൻ മുരുകൻ: ഉണ്ട്. കൂട്ടുകാരുടെ കൈയിലെ ഒരു പാഠ്യേതര പുസ്തകം കണ്ട് ഇഷ്ടപ്പെട്ടാൽ, ‘‘വായിച്ചു കഴിഞ്ഞു തിരികെ തരാം” എന്നാവശ്യപ്പെട്ട് വാങ്ങണം എന്നു തോന്നുന്നതുതന്നെ ഭയമുണ്ടാക്കുന്ന കാര്യമാണ്. കാരണം ആ പുസ്തകം വീട്ടിൽ കൊണ്ടുവരുമ്പോൾ ചോർച്ചമൂലം നനയുകയോ നശിക്കുകയോ ചെയ്താൽ അതിന്റെ നഷ്ടപരിഹാരം കൊടുക്കേണ്ടി വരില്ലേ?

ശൃംഗ പാർവതി സി.എസ്: മഴ, ചോർച്ച, പ രിസരങ്ങളിലെ അനാരോഗ്യകരവും വൃത്തിഹീനവുമായ അന്തരീക്ഷം എന്നിവമൂലം ഞങ്ങളിൽ പലർക്കും അസുഖങ്ങൾ പിടിപെടാറുണ്ട്. അതുകാരണം പലപ്പോഴും പരീക്ഷകൾ എഴുതാൻ പറ്റാതായിട്ടുണ്ട്.

ആദർശ് മനോജ്: എല്ലാ കുട്ടികളെയും പോലെ ഞങ്ങൾക്ക് കഴിയുന്നത്ര പല പരിപാടികളിലും പങ്കെടുക്കണമെന്നും സമ്മാനം വാങ്ങണമെന്നും ആഗ്രഹമുണ്ട്. പക്ഷേ, ഞങ്ങളുടെ വീടിന്റെ സാഹചര്യം ഇങ്ങനെ ആണെന്ന തോന്നൽ കാരണം പല പരിപാടികളിലും പങ്കെടുക്കാൻ പറ്റാതെയായി

അപ്പാർട്മെന്റിന്റെ നിർമാണത്തിലെ അപാകതകളും അഴിമതികളും സമരസമിതി നേതൃത്വത്തിലുള്ളവർ അധികാരികളോട് പരാതിപ്പെടുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതിനുശേഷം എന്തെങ്കിലും മാറ്റം വന്നതായി തോന്നിയിട്ടുണ്ടോ?

ഹെലൻ മുരുകൻ: പരാതിപ്പെടുന്നത് കണ്ടിട്ടുണ്ട്. അധികാരികൾ “ചെയ്യാം’’, “ശരിയാക്കാം” എന്നു പറയുന്നതല്ലാതെ മാറ്റം വന്നതായി തോന്നിയിട്ടില്ല. പരാതികളും ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി സമര സമിതി പ്രവർത്തകർ വിശ്രമമില്ലാതെ അലയുകയും ചെരുപ്പ് തേയുകയും അല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

ശൃംഗ പാർവതി സി.എസ്: സമരസമിതി എല്ലാ സർക്കാർ വകുപ്പുകളിലേക്കും ഫ്ലാറ്റിന്റെ അപാകതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പരാതിപ്പെടാറുണ്ട്. അവയുടെ പരിഹാരമായി ഇടക്കിടെ വന്ന് എന്തെങ്കിലും ഒട്ടിച്ചുവെക്കും. പിറ്റേന്നു തന്നെ അത് ഇളകിപ്പോകും. ഇതുതന്നെയാണ് എപ്പോഴും സംഭവിക്കുന്നത്.

ആദർശ് മനോജ്: ഫ്ലാറ്റിന്റെ പ്രശ്നങ്ങൾ അധികാരികളെ അറിയിച്ചിട്ടും പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ല.

സർക്കാർ നിങ്ങൾക്ക് വീട് നൽകുമ്പോൾ അത് സുരക്ഷിതവും താമസയോഗ്യവും ആയിരിക്കണം എന്ന് നിങ്ങൾ കരുതുന്നുണ്ട്?

ഹെലൻ മുരുകൻ: ഉണ്ട്. ഒരു ഭവനം എന്നതിന്റെ ഏറ്റവും വലിയ ലക്ഷ്യംതന്നെ അതാണല്ലോ. ആഡംബരവും മറ്റും അല്ലല്ലോ ആദ്യം വേണ്ടത്. വീട് നമുക്ക് നൽകുന്ന സുരക്ഷിതത്വവും അതു നൽകുന്ന ആത്മവിശ്വാസവുമാണ് പ്രധാനം. മുഖ്യമായും അത് താമസയോഗ്യവും ആയിരിക്കുമല്ലോ.

ശൃംഗ പാർവതി സി.എസ്: ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് തീർത്തും സുരക്ഷിതമല്ല. ഡോർ ഒക്കെ ഇളകി നിൽക്കുന്നു. മുറിയിൽ എവിടെ തൊട്ടാലും ഷോക്ക് അടിക്കാനുള്ള സാധ്യതയുണ്ട്. വാട്ടർ ടാങ്ക് പൊട്ടുമോ എന്ന പേടിയൊക്കെ ഉണ്ട്. ഒട്ടും വാസയോഗ്യമല്ല ഇവിടം. ചീത്തവെള്ളം ഒഴുകുന്നിടത്ത് എങ്ങനെ താമസിക്കും!

ആദർശ് മനോജ്: സ്വന്തമായ വീട് എന്നത് ഞങ്ങളുടെ സ്വപ്നമാണ്. അത് സുരക്ഷിതവും താമസിക്കാൻ കഴിയുന്നതും ആയിരിക്കണം.

അപ്പാർട്മെന്റിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് സർക്കാർ ഞങ്ങളെ പരിഗണിക്കുന്നില്ല എന്ന തോന്നൽ നിങ്ങൾക്കുണ്ടോ?

ഹെലൻ മുരുകൻ: തീർച്ചയായും; അങ്ങനെ പരിഗണിക്കപ്പെട്ടിരുന്നെങ്കിൽ, ഞങ്ങൾക്ക് ഇങ്ങനെ ഈ സമരം മുന്നോട്ടു കൊണ്ടു പോകേണ്ടി വരില്ലായിരുന്നല്ലോ.

ശൃംഗ പാർവതി സി.എസ്: ഞങ്ങളെപ്പോലെയുള്ളവരോട് പരിഗണന ഉണ്ടായിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങളിലേക്കും മാനസിക ക്ലേശങ്ങളിലേക്കും ഞങ്ങളെ തള്ളിയിടില്ലായിരുന്നല്ലോ.

ആദർശ് മനോജ്: മുമ്പത്തെ സർക്കാർ ഞങ്ങൾക്ക് വീട് തന്നു എന്നല്ലാതെ ഞങ്ങളെ മനുഷ്യരായി പരിഗണിച്ചിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ സർക്കാർ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കുകയും ഞങ്ങളുടെ കൂടെ നിൽക്കുകയും ചെയ്യുന്നു. അതിന് ഒരുപാട് നന്ദി. ഭവനം എന്നത് ഞങ്ങളുടെ അവകാശമാണ്; അത് ആരുടെയും ഔദാര്യമല്ല.

 

മുണ്ടംവേലിയിലെ പി ആൻഡ് ടി അപ്പാർട്മെന്റിലെ അന്തേവാസികളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ധർണയിൽ സമരസമിതി നേതാവ് അഭിലാഷ് പി. പരമേശ്വരൻ സംസാരിക്കുന്നു,മുണ്ടംവേലിയിലെ പി ആൻഡ് ടി അപ്പാർട്മെന്റിനു മുന്നിൽ കുട്ടികൾ

നിങ്ങളുടെ കുടുംബത്തിന് സുരക്ഷിതത്വമുള്ള ഒരു വീട് ലഭിച്ചിരുന്നുവെങ്കിൽ പഠനത്തിലും ഭാവി സ്വപ്നങ്ങളിലും ഗുണപരമായ മാറ്റം ഉണ്ടാകുമെന്ന് നിങ്ങൾ കരുതുന്നു?

ഹെലൻ മുരുകൻ: തീർച്ചയായും. ഞങ്ങളുടെ മാതാപിതാക്കൾക്കും പൂർവികർക്കും പലവിധ കാരണങ്ങളാൽ പഠനം തുടരാൻ കഴിയാതെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പഠനത്തിന്റെ പ്രാധാന്യവും അതിൽ മികവ് പുലർത്തേണ്ടതിനെക്കുറിച്ചും ഞങ്ങൾക്ക് ബോധ്യമുണ്ട്. അതുമൂലം നല്ല ഭാവി ഉറപ്പാക്കാനും സാധിക്കും.

ശൃംഗ പാർവതി സിഎസ്: സമാധാനമായി ഉറങ്ങാൻ പറ്റും. കൂട്ടുകാരെ വീട്ടിൽ കൊണ്ടുവരാം; അതുവഴി സാമൂഹിക ബന്ധങ്ങൾക്ക് അവസരമുണ്ടാകും. ഒത്തിരി കൂട്ടുകാരെ കിട്ടും. സ്വസ്ഥതയോടെ പഠിക്കാം. അച്ഛനും അമ്മക്കും ഞങ്ങളെ ഓർത്ത് പേടിക്കേണ്ടിവരില്ല. അവർക്കു വേണ്ടി പഠിച്ച് വലിയ ആളാകാം.

ആദർശ് മനോജ്: സ്വന്തമായി സുരക്ഷിതമായ ഒരു വീട് ലഭിച്ചിരുന്നെങ്കിൽ പഠനത്തിലും മറ്റു ഭാവി പരിപാടികളിലും മാറ്റം ഉണ്ടാകും.

നിങ്ങളുടെ പ്രായത്തിലുള്ള കുട്ടികളോട് വീട് എങ്ങനെയായിരിക്കണം, നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണം എന്ന് ചോദിച്ചാൽ സർക്കാറിനോട് എന്താണ് പറയുക?

ഹെലൻ മുരുകൻ: മറ്റെന്തിനേക്കാളും മുമ്പ് ഞങ്ങൾ പറയാൻ പോകുന്ന ഒരേയൊരു കാര്യം താമസയോഗ്യവും സുരക്ഷിതവും ആയ ഒരു ഭവനം എന്ന സ്വപ്നത്തെക്കുറിച്ച് തന്നെയാകും. പിന്നെ, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, കോമൺ ബാത്റൂം കൂടാതെ ഒരു അറ്റാച്ച്ഡ് ബാത്റൂം കൂടി ലഭിച്ചാൽ അത് വളരെ ഉപകാരമാണ്. കാരണം പീരീഡ്സിന്റെ ഒക്കെ സമയത്ത് പെട്ടെന്ന് ബാത്റൂമിൽ പോകേണ്ട ആവശ്യം വന്നാൽ വീട്ടിലെ മറ്റുള്ളവർ ഉള്ളിൽ ഉണ്ടെങ്കിൽ അത് വളരെ ബുദ്ധിമുട്ടാവാറുണ്ട്.

ശൃംഗ പാർവതി സി.എസ്: സർക്കാർ നിർമിക്കുന്ന വീടുകൾ ഇപ്പോൾ ഞങ്ങൾക്ക് തന്ന വീടുപോലെ ആകരുത്. ഇവിടെ ഞങ്ങളെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഇനി ഉണ്ടാകാൻ പാടില്ല. കളിസ്ഥലം, കൂട്ടുകാർ ഒക്കെ വേണം എല്ലാവരും സന്തോഷമായിരിക്കണം.

പീരീഡ്സിന്റെ സമയത്ത് എപ്പോഴും ബാത്ത്റൂമിൽ പോകാൻ തോന്നും. ഇപ്പോൾ കോമൺ ബാത്റൂം ആയതിനാൽ, പെട്ടെന്ന് വയറുവേദന വരുമ്പോൾ പോകണം എന്ന് തോന്നിയാൽ അതിനുള്ളിൽ ആരെങ്കിലും ഉണ്ടെങ്കിൽ ബുദ്ധിമുട്ടാണ്. പെൺകുട്ടികൾക്ക് സ്വന്തമായി ഒരു മുറിയും അറ്റാച്ച്ഡ് ബാത്റൂമും ആവശ്യമാണ്.

ആദർശ് മനോജ്: ഞങ്ങൾക്ക് സർക്കാറിനോട് ഒരു അപേക്ഷയേ ഉള്ളൂ. സുരക്ഷിതമായ ഒരു വീട്. ആ വീട്ടിൽ സമാധാനത്തോടെ പേടിയില്ലാണ്ട് കിടന്ന് ഉറങ്ങണം. ആ വീട്ടിൽ നിന്ന് ഞങ്ങളെ ആരും ഇറക്കിവിടാൻ പാടില്ല. ഇപ്പോൾ നടക്കുന്ന സമരത്തിൽ ഉയർത്തുന്ന പട്ടയത്തോടുകൂടി ഞങ്ങളെ പുനരധിവസിപ്പിക്കുക എന്ന ആവശ്യം ഞാൻ മനസ്സിലാക്കുന്നുണ്ട്.

മരിയ ജോസ്: അഡോൺ അശ്വിൻ എഴുതി സംവിധാനം ചെയ്ത ‘മാവീരൻ’ എന്ന തമിഴ് സിനിമയുടെ യഥാർഥ കോപ്പിയാണ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ്. സിനിമയിൽ സംഭവിക്കുന്ന ഓരോന്നും ഞങ്ങൾ റിയൽ ലൈഫിൽ അനുഭവിക്കുകയാണ്. ഒപ്പം, അതിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശിവകാർത്തികേയനെപ്പോലെ ഒറ്റയാൾ പോരാളിയായി നിയമപരമായി ഞങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ സമരം ചെയ്തും കണക്കു പറഞ്ഞും വാങ്ങാൻ അതിശക്തമായ നേതൃത്വമായി ഇപ്പോൾ അഭിലാഷേട്ടൻ ഉണ്ട്.

വി.ഡി. സതീശൻ സാറിൽ എനിക്ക് വിശ്വാസമുണ്ട്. ഇപ്പോൾ ഞാൻ എടുത്തു പഠിക്കുന്ന ഡി.എം.എൽ.ടി കോഴ്സ് അവധിയെടുക്കാതെ കംപ്ലീറ്റ് ആക്കാൻ പറ്റണം. അടുത്തകാലത്ത് മുഖ്യമന്ത്രി സതീശൻ സാറിന്റെ ഒരു അഭിമുഖത്തിൽ അദ്ദേഹം ഞങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അനുകൂലമായ ചില കാര്യങ്ങൾ പറഞ്ഞത് ശ്രദ്ധിച്ചിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വാക്കുകളിൽ ഉറച്ചു വിശ്വസിക്കുന്നുണ്ട്. ഇനിയും ഞങ്ങൾ പറ്റിക്കപ്പെടില്ല; അതിന് ഒരു അവസരം അദ്ദേഹം ഉണ്ടാക്കില്ല എന്ന് ഞാൻ കരുതുന്നു.

Tags:    
News Summary - Kochi Life Mission Flats Turn Nightmare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.