ബുദ്ധമത ദേശീയത: ആഗോള ‘ഇസ്‍ലാമോഫോബിയ’ പുനർവായിക്കുമ്പോൾ
ബുദ്ധമത തീവ്രവാദ വിഭാഗങ്ങൾ മ്യാന്മറിലും ശ്രീലങ്കയിലും അഴിച്ചുവിടുന്ന ഇസ്‍ലാമോഫോബിയ ഏതുതരത്തിലുള്ളതാണ്? എന്തുകൊണ്ടാണ് ഇത് ഗൗരവത്തോടെ അന്താരാഷ്ട്രതലത്തിൽ പരിഗണിക്കാത്തത്? –വിശകലനം. മുസ്‍ലിം വിരുദ്ധ വംശീയതയെന്ന് വളരെയേറെ പൊതുവായി പറയുന്ന ‘ഇസ്‍ലാമോഫോബിയ’ എന്ന പരിമിതമായ പരികൽപനക്കപ്പുറം, ഗൗരവമായ അന്വേഷണങ്ങൾ വേണ്ട സാമൂഹിക വിഭജനമായി മാറിയ കാലത്താണ് ഒരുപക്ഷേ ഭൂമിശാസ്ത്രപരമായി മാത്രം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന മുസ്‍ലിം വിരുദ്ധതയുടെ കാണാപ്പുറങ്ങൾ കണ്ടെത്തേണ്ടിവരുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബുദ്ധമത ദേശീയതയുടെ ഇസ്‍ലാമോഫോബിയ. മുസ്‍ലിം വിരുദ്ധ വംശീയത, പാശ്ചാത്യ ലോകം...
ബുദ്ധമത തീവ്രവാദ വിഭാഗങ്ങൾ മ്യാന്മറിലും ശ്രീലങ്കയിലും അഴിച്ചുവിടുന്ന ഇസ്‍ലാമോഫോബിയ ഏതുതരത്തിലുള്ളതാണ്? എന്തുകൊണ്ടാണ് ഇത് ഗൗരവത്തോടെ അന്താരാഷ്ട്രതലത്തിൽ പരിഗണിക്കാത്തത്? –വിശകലനം.
മുസ്‍ലിം വിരുദ്ധ വംശീയതയെന്ന് വളരെയേറെ പൊതുവായി പറയുന്ന ‘ഇസ്‍ലാമോഫോബിയ’ എന്ന പരിമിതമായ പരികൽപനക്കപ്പുറം, ഗൗരവമായ അന്വേഷണങ്ങൾ വേണ്ട സാമൂഹിക വിഭജനമായി മാറിയ കാലത്താണ് ഒരുപക്ഷേ ഭൂമിശാസ്ത്രപരമായി മാത്രം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന മുസ്‍ലിം വിരുദ്ധതയുടെ കാണാപ്പുറങ്ങൾ കണ്ടെത്തേണ്ടിവരുന്നത്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബുദ്ധമത ദേശീയതയുടെ ഇസ്‍ലാമോഫോബിയ. മുസ്‍ലിം വിരുദ്ധ വംശീയത, പാശ്ചാത്യ ലോകം മുതൽ ഇന്ത്യൻ ഹിന്ദുത്വ ഫാഷിസം വരെ എന്ന നിലയിലാണ് നാളിതുവരെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, മുസ്‍ലിംകൾക്കെതിരെ സംഘടിതമായ വിദ്വേഷ പ്രചാരണങ്ങളും നിയമ നിർമാണങ്ങളും സാമൂഹിക ബഹിഷ്കരണങ്ങളും അക്രമങ്ങളും നടക്കുന്ന ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളിലേക്ക് നോക്കുമ്പോൾ ചിത്രം വ്യത്യസ്തമാണ്.
മ്യാന്മറിലെ 969, Ma Ba Tha എന്നീ പ്രസ്ഥാനങ്ങൾ, ശ്രീലങ്കയിലെ Bodu Bala Sena, മുസ്‍ലിംകളെ ദേശീയ-മത സ്വത്വത്തിന്റെ പുറത്തേക്ക് നീക്കുന്ന സിംഹള ബുദ്ധിസ്റ്റ് ദേശീയവാദം (Sinhala Buddhist nationalism), റോഹിങ്ക്യകളെ പൗരത്വത്തിന്റെയും ദേശീയ അംഗത്വത്തിന്റെയും പുറത്തേക്ക് തള്ളിയ രാഷ്ട്രീയ-സായുധ ഭീകരതകൾ മുതൽ ചൈനയിലെ ഉയിഗൂർ പ്രവിശ്യയിലെ ഭരണകൂട സ്പോൺസേർഡ് ആക്രമണങ്ങൾ വരെ കൃത്യമായി പഠനവിധേയമാക്കിയിട്ടില്ല. ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളിൽ വൻതോതിലുള്ള മുസ്‍ലിം വിരുദ്ധ അക്രമങ്ങൾ ഉണ്ടായിട്ടും ബുദ്ധിസ്റ്റ് ഇസ്‍ലാമോഫോബിയ പാശ്ചാത്യ-ഇന്ത്യൻ കേന്ദ്രിത സിദ്ധാന്തങ്ങളിൽനിന്ന് വലിയ തോതിൽ പുറത്താണ് നിലകൊണ്ടത്. അതായത് ഇസ്‍ലാമോഫോബിയയെ പാശ്ചാത്യ-മുസ്‍ലിം ദ്വന്ദ്വം (Western-Islam binary) എന്ന പടിഞ്ഞാറൻ കേന്ദ്രിത തിയറി (Western-centric theory) മാത്രമായാണ് ഗൗരവമായ പല പഠനങ്ങളും ഉണ്ടായിട്ടുള്ളത്.
എത്‌നിക് ആൻഡ് റേഷ്യൽ സ്റ്റഡീസ്, പാറ്റേൺസ് ഓഫ് െപ്രജുഡിസ്, ജേണൽ ഓഫ് ഇസ്‍ലാമോഫോബിയ സ്റ്റഡീസ് തുടങ്ങിയ പ്രമുഖ ജേണലുകളിൽ ബുദ്ധിസ്റ്റ് ദേശീയവാദപരമായ ഇസ്‍ലാമോഫോബിയ ഇതുവരെ കാര്യമായ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. മുസ്‍ലിം ന്യൂനപക്ഷങ്ങൾ ഒരു ‘ശുദ്ധമായ’ ബുദ്ധമത രാഷ്ട്രത്തിന്റെ അസാധ്യതയുടെ ഓർമപ്പെടുത്തലുകളാണ് എന്നരീതിയിൽ വ്യാപകമായ പ്രചാരണങ്ങളാണ് ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നടന്നുവരുന്നത്.
‘മുസ്‍ലിം വിരുദ്ധത’ക്ക് പാശ്ചാത്യ ഉറവിടം മാത്രമല്ല ഉള്ളത് എന്ന ഈ യാഥാർഥ്യമാണ് ഏറ്റവും അസ്വസ്ഥമാക്കുന്ന വസ്തുത. ഇസ്‍ലാമോഫോബിയ ഒരു പാശ്ചാത്യ ഫോബിയ മാത്രമല്ല. അത് പല സമൂഹങ്ങളിലും വ്യത്യസ്തവും ചരിത്രപരവുമായ രൂപങ്ങളിൽ നിർമിക്കപ്പെടുന്നുണ്ട്. മ്യാന്മറിൽ അത് ബുദ്ധമത ദേശീയതയുമായി ബന്ധപ്പെട്ടാണ് വികസിക്കുന്നത്.
ശ്രീലങ്കയിൽ സിംഹള ബുദ്ധിസ്റ്റ്-നാഷനലിസം, ഇന്ത്യയിൽ ഹിന്ദുത്വ നാഷനലിസം, പാശ്ചാത്യരാജ്യങ്ങളിൽ തീവ്ര വലത് -സയണിസ്റ്റ് നാഷനലിസം എന്നിവയുമായി ചേർന്നുനിൽക്കുന്നു. ഇതിൽനിന്നെല്ലാം വ്യത്യസ്തമായി, നൂറ്റാണ്ടുകളായി മുസ്‍ലിം വിരുദ്ധ വംശീയത നിലനിൽക്കുന്ന അമേരിക്കയിൽ, പുതിയ securitisationഉം War on Terrorഉം അതിന്റെ പ്രത്യേക രൂപങ്ങൾക്ക് ശക്തിനൽകുന്നു. ഇവിടെ അമേരിക്കൻ മോഡൽ ‘ഭീകരതക്കെതിരെയുള്ള യുദ്ധം’ എന്ന നിലയിൽ മാത്രം മുസ്‍ലിം വിരുദ്ധ വംശീയത ചർച്ചചെയ്യപ്പെടുന്നു. അതിനാൽ, മുസ്‍ലിം വിരുദ്ധ വംശീയതക്ക് ഒറ്റ രാഷ്ട്രീയ ഉറവിടമില്ല; അതിന് പല പ്രാദേശിക ചരിത്രങ്ങളുണ്ട്.
നികലാസ് ഫോക്സസിന്റെ (Niklas Foxeus) ഒരു പഠനം മ്യാന്മറിലെ ബുദ്ധിസ്റ്റ് ദേശീയതാ മതപ്രഭാഷണം എങ്ങനെ ഒരു മുസ്‍ലിം വിരുദ്ധ സദാചാര പരിഭ്രാന്തി സൃഷ്ടിച്ചുവെന്ന് വിശദീകരിക്കുന്നുണ്ട്. ബുദ്ധമതാധികാരത്തിന്റെ സാമൂഹികശക്തി, പഴയ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, കോളനിവത്കരണത്തിന്റെ ഓർമകൾ, “ബുദ്ധമതം ഇല്ലാതാകുന്നു” എന്ന ഭയം എന്നിവ പരസ്പരം ചേർന്നാണ് ഈ സദാചാര പരിഭ്രാന്തി നിർമിക്കപ്പെട്ടത്. 969 പ്രസ്ഥാനം ഇതിന്റെ മികച്ച ഉദാഹരണമാണ്.
ബുദ്ധമതത്തിലെ പവിത്രമായ സംഖ്യകളെ മുസ്‍ലിം വ്യാപാരസ്ഥാപനങ്ങളെ തിരിച്ചറിയാനും ബഹിഷ്കരിക്കാനും ഉപയോഗിക്കുന്ന രാഷ്ട്രീയ ചിഹ്നമാക്കി മാറ്റി. മുസ്‍ലിം പൈതൃക ചിഹ്നമായ 786ന് ബദലാണ് ഇതെന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. ‘Buy Buddhist’ എന്ന ആശയവും മുസ്‍ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും അതിന്റെ ഭാഗമായിരുന്നു. ഇതോടൊപ്പം ‘Marry Buddhist’ എന്ന ആശയവും ഉയർന്നു. മതപരമായ ചിഹ്നം, സാമ്പത്തിക ബഹിഷ്കരണം, വിവാഹ നിയന്ത്രണങ്ങൾ, ജനസംഖ്യാ രാഷ്ട്രീയം... ഇതെല്ലാം ഇവയിൽ ഉൾപ്പെടുന്നു.
അതായത് ബുദ്ധിസ്റ്റ് ഭൂരിപക്ഷ രാജ്യങ്ങളിൽ മുസ്‍ലിം എന്ന തിരിച്ചറിയൽ വ്യക്തിയുടെ മതവിശ്വാസമായി മാത്രം നിലനിൽക്കാതെ, അവന്റെ വ്യാപാരം, കുടുംബം, വിവാഹം, പൗരത്വം, ദേശീയ അംഗത്വം എന്നിവയെ നിർവചിക്കുന്ന രാഷ്ട്രീയ വിഭാഗമായി മാറുന്നു. ബുദ്ധിസ്റ്റ് മുസ്‍ലിം വിരുദ്ധ വംശീയതയുടെ ഏറ്റവും ഭീകരമായ പരിണാമം റോഹിങ്ക്യൻ ദുരന്തത്തിൽ മാത്രം കാണാൻ കഴിയും.
റോഹിങ്ക്യൻ പ്രതിസന്ധിയെ വെറും ഗോത്ര സംഘർഷം (ethnic conflict) എന്നരീതിയിൽ വിശകലനം ചെയ്യാനാണ് പലരും ശ്രമിക്കുന്നത്. അത് ഈ വിഷയത്തിന്റെ സുപ്രധാനമായ ഘടകത്തെ അദൃശ്യമാക്കും. മുസ്‍ലിംകളെ ദേശീയ സമൂഹത്തിന്റെ പുറത്തേക്ക് മാറ്റുന്ന ആശയം, ക്രമേണ പൗരത്വ രാഷ്ട്രീയമായി മാറിയതാണ് രോഹിങ്ക്യയിൽ സംഭവിച്ചത്. ആരാണ് ഈ രാജ്യത്തിന്റെ യഥാർഥ അംഗം? എന്ന ചോദ്യം ആരാണ് ബുദ്ധ ദേശീയ സമൂഹത്തിൽപ്പെട്ടവൻ? എന്ന ചോദ്യവുമായി ബന്ധിപ്പിക്കപ്പെട്ടു.
ബെഞ്ചമിൻ സ്കോന്താൾ (Benjamin Schonthal) മ്യാന്മറിലും ശ്രീലങ്കയിലും മുസ്‍ലിംകളെ ‘problem for the nation’ ആയി നിർമിച്ച രാഷ്ട്രീയ, ചരിത്ര, നിയമ, പ്രഭാഷണ പ്രക്രിയകളെ വിശകലനം ചെയ്യുന്നുണ്ട്. ഇവിടെ ഇസ്‍ലാമോഫോബിയയുടെ ഏറ്റവും അപകടകരമായ ഘട്ടം കാണാം. ആദ്യം മുസ്‍ലിമിനെക്കുറിച്ചുള്ള ഒരു വിദ്വേഷ ആശയം നിർമിക്കുന്നു; പിന്നീട് ആ ആശയം അവന്റെ സാമൂഹിക അവകാശങ്ങളെ നിർവചിക്കുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ശ്രീലങ്കയിൽ ഇതിന് മറ്റൊരു രൂപം ലഭിച്ചു. ‘Sinhala Buddhist nationalism’ ശ്രീലങ്കൻ രാഷ്ട്രത്തിന്റെ സ്വത്വത്തെ ബുദ്ധമതവുമായി കൂടുതൽ ബന്ധിപ്പിച്ചു. അതിനുള്ളിൽ മുസ്‍ലിംകൾ ഒരു ‘പുറത്തുനിന്നുള്ള’ സമൂഹമായി നിർമിക്കപ്പെടുന്ന രാഷ്ട്രീയ പ്രക്രിയ ശക്തമായി.
Bodu Bala Sena (BBS)യുടെ മുസ്‍ലിം വിരുദ്ധ പ്രചാരണങ്ങൾ ഇതിന്റെ പ്രധാന ഉദാഹരണമാണ്. Oxford University Press പ്രസിദ്ധീകരിച്ച പഠനം BBSന്റെ രൂപവത്കരണം, സംഘടനാ ഘടന, മുസ്‍ലിം വിരുദ്ധ പ്രചാരണം, സാമ്പത്തിക വാദങ്ങൾ, അലുത്ഗാമ (Aluthgama) അക്രമം എന്നിവയെ പ്രത്യേകം പരിശോധിക്കുന്നു.
മൈക്കൽ ഗ്രാവേഴ്സ് (Mikael Gravers) മ്യാന്മറും ശ്രീലങ്കയും താരതമ്യം ചെയ്ത് ‘Buddhist nationalists movements’ മുസ്‍ലിംകളെ ബുദ്ധമതത്തിന്റെ നിലനിൽപിനുള്ള ഭീഷണിയായി അവതരിപ്പിക്കുന്നതിനെ ‘anti-Muslim Buddhist nationalism’ എന്നുതന്നെ വിശേഷിപ്പിക്കുന്നു. അതിനാൽ ‘Islamophobia’ എന്ന പദം ഇവിടെ പ്രയോഗിക്കുന്നത് രാഷ്ട്രീയമായി കൃത്യതയില്ല എന്നും, ഏറ്റവും ഭീതിദമായ മുസ്‍ലിം വിരുദ്ധ വംശീയതയാണ് അവിടെ സംഭവിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അത് ചരിത്രപരമായിതന്നെ വികസിച്ചുവന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ് എന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നിട്ടും എന്തുകൊണ്ട് ഇതൊന്നും ‘ബുദ്ധിസ്റ്റ് ദേശീയതയുടെ ഇസ്‍ലാമോഫോബിയ’ എന്ന പേരിൽ ചർച്ചയാകുന്നില്ല എന്നതാണ് ഈ പഠനത്തിന്റെ കേന്ദ്ര ചോദ്യം.
ഒന്നാമത് ബുദ്ധമതത്തെക്കുറിച്ചുള്ള ആഗോള ‘സമാധാനത്തിന്റെ മതം’ (peaceful religion) എന്ന പ്രതിച്ഛായ. ആധുനിക പാശ്ചാത്യ സംസ്കാരത്തിൽ ബുദ്ധമതം പലപ്പോഴും meditation, mindfulness, peace, compassion തുടങ്ങിയ ആശയങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് ബുദ്ധമത ദേശീയതയുടെ അക്രമരാഷ്ട്രീയം പലപ്പോഴും ‘യഥാർഥ ബുദ്ധമതത്തിന്റെ വ്യതിചലനം’ എന്നരീതിയിൽ എളുപ്പത്തിൽ മാറ്റിവെക്കപ്പെടുന്നു. മറുവശത്ത്, ഇസ്‍ലാമിനെക്കുറിച്ചുള്ള പൊതുചർച്ചയിൽ രാഷ്ട്രീയ അക്രമവും ഭീകരതയും മതപരമായ തിരിച്ചറിയലുമായി ബന്ധിപ്പിക്കുന്ന ദീർഘകാല ചർച്ചകളിലേക്ക് വഴിതിരിച്ചുവിടുന്നു.
ഇവിടെയാണ് ‘പാശ്ചാത്യ വെള്ളക്കാരന്റെ പ്രശ്നം’ എന്ന നിലയിൽ ചർച്ച ചുരുക്കിയതിന്റെ പരിമിതി നാം തിരിച്ചറിയുന്നതും, ബുദ്ധ ഭൂരിപക്ഷ രാജ്യങ്ങളിൽ നടക്കുന്ന ക്രൂരമായ വേട്ടകളെ കാണാതെ പോകുന്നതും. മുസ്‍ലിം വിരുദ്ധ വംശീയതയുടെ ചരിത്രത്തിൽ കൊളോണിയലിസം നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ, ഇസ്‍ലാമോഫോബിയയുടെ എല്ലാ രൂപങ്ങളെയും colonial Westൽ നിന്നുമാത്രം വിശദീകരിക്കാൻ ശ്രമിച്ചാൽ ബുദ്ധ ഭൂരിപക്ഷ സമൂഹങ്ങളിലെ മുസ്‍ലിം വിരുദ്ധത മനസ്സിലാക്കാൻ കഴിയില്ല. ഇതാണ് 2023ലെ ഗവേഷണത്തിന്റെ പ്രധാന ഇടപെടൽ. ഈ ഇടപെടൽ ബുദ്ധമത ദേശീയതയുടെ ഇസ്‍ലാമോഫോബിയയെ കുറിച്ചുള്ള പഠനക്കുറവ് തന്നെ മുസ്‍ലിം വിരുദ്ധ വംശീയതയുടെ സിദ്ധാന്തപരമായ പരിധിയെ വെളിപ്പെടുത്തുന്നു. ചുരുക്കത്തിൽ മുസ്‍ലിം വിരുദ്ധ വംശീയതയെ കുറിച്ചുള്ള പഠനത്തിൽതന്നെ രീതിപരമായ നിർവചനങ്ങളിൽ പിഴവുകൾ ഉണ്ടായിട്ടുണ്ട്.
മ്യാന്മറിലെയും ശ്രീലങ്കയിലെയും മാത്രം ഉദാഹരണങ്ങൾ എടുത്താൽ, അവിടെ നടക്കുന്ന സംഘർഷങ്ങളെ പലപ്പോഴും ‘Buddhist-Muslim conflict’ എന്നാണ് വിശേഷിപ്പിക്കുന്നത്. പക്ഷേ, ഈ പരിഗണനയിൽ അടങ്ങിയിട്ടുള്ള അപകടം രണ്ടു തുല്യ സമൂഹങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നതുപോലെയാണ് അവതരിപ്പിക്കുന്നത് എന്നതാണ്. എന്നാൽ, യഥാർഥത്തിൽ, ഭൂരിപക്ഷ ബുദ്ധിസ്റ്റ് ദേശീയത ഭയാനകമായി ആക്രമിക്കുന്നതിന്റെ അധികാരബന്ധം പലപ്പോഴും ചർച്ചചെയ്യപ്പെടാതെ പോകുന്നു.
സ്കോന്താൾ ചൂണ്ടിക്കാണിക്കുന്നത് ‘Muslim-Buddhist’ എന്ന പൊതുവായ ഒരു നിർവചന രൂപകം എങ്ങനെ ഒരു സങ്കീർണമായ രാഷ്ട്രീയ-ചരിത്ര പ്രക്രിയയെ മതങ്ങൾ തമ്മിലുള്ള സംഘർഷമായി ചുരുക്കുന്നു എന്നതാണ്. അതിനാൽ ‘Muslim-Buddhist conflict’ എന്നത് യഥാർഥത്തിൽ ‘മുസ്‍ലിം വിരുദ്ധ ബുദ്ധിസ്റ്റ് ദേശീയത’ എന്നരീതിയിൽ വായിക്കപ്പെടേണ്ടതാണ്.
ബുദ്ധിസ്റ്റ് ഭൂരിപക്ഷ രാജ്യങ്ങളിലെ മുസ്‍ലിം വിരുദ്ധ അക്രമത്തെ ‘സാമ്പത്തിക മത്സരം, ‘ethnic conflict’, ‘state failure’, ‘colonial legacy’ തുടങ്ങിയവയിലൂടെ മാത്രം വിശദീകരിക്കുമ്പോൾ മതപരമായ രാഷ്ട്രീയഭാഷയുടെ യഥാർഥ ഭീകരശക്തി കാണാതെ പോവുകയാണ്. മതം ഇവിടെ വെറും മുഖംമൂടിയല്ല. മതചിഹ്നങ്ങൾ, സന്യാസികളുടെ അധികാരം, മതപ്രഭാഷണങ്ങൾ, വിശുദ്ധ പാരമ്പര്യത്തിന്റെ സംരക്ഷണം തുടങ്ങിയവ യഥാർഥ രാഷ്ട്രീയ വിഭവങ്ങളാണ്.
മ്യാന്മറിലെ പഠനങ്ങൾ കാണിക്കുന്നത് ബുദ്ധമത സന്യാസ അധികാരികൾ (monastic authority) തന്നെ മുസ്‍ലിം വിരുദ്ധ വംശീയ ചർച്ചകൾക്കും സംവാദങ്ങൾക്കും പ്രഭാഷണങ്ങൾക്കും ചരിത്രപരമായിതന്നെ സാമൂഹിക അംഗീകാരം നൽകുന്ന ഒരു പ്രധാന ഘടകമായിരുന്നു എന്നാണ്. അതുകൊണ്ട് ബുദ്ധമത വംശീയതയെ ഒഴിവാക്കി ഈ വംശീയ ഉന്മൂലനത്തെ മനസ്സിലാക്കാൻ കഴിയില്ല.
ഇതിൽനിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് ഇവിടെ ഒരു വലിയ സൈദ്ധാന്തിക വിഷയം ഉയർന്നുവരുന്നുണ്ട് എന്നതാണ്. ഇസ്‍ലാമോഫോബിയയെ ഒരു പാശ്ചാത്യ രാഷ്ട്രീയ പ്രതിഭാസമായി മാത്രം കാണാൻ കഴിയില്ല. അത് ഒരു ദേശരാഷ്ട്ര സീമകൾക്കുമപ്പുറമെത്തുന്ന പുറത്താക്കൽ (transnational form of exclusion) ആയി പഠിക്കണം. അതിന്റെ രൂപങ്ങൾ മാത്രമാണ് വ്യത്യസ്തമായിരിക്കുക.
അതായത് മുസ്‍ലിം വിരുദ്ധത ഉൽപാദിപ്പിക്കുന്ന രാഷ്ട്രീയ കർത്താക്കൾ ‘പാശ്ചാത്യൻ’ അല്ലെങ്കിൽ പിന്നീട് വന്ന ‘ഹിന്ദുത്വം’ മാത്രമായിരിക്കണമെന്നില്ല എന്ന വസ്തുത സിദ്ധാന്തപരമായി വേണ്ടത്ര ചർച്ചചെയ്യപ്പെട്ടിട്ടില്ല. പാശ്ചാത്യത്തിന്റെയും ഹിന്ദുത്വത്തിന്റെയും മുസ്‍ലിം വിരുദ്ധതയെ വിമർശിക്കുകയും ബുദ്ധിസ്റ്റ് ദേശീയതയുടെ മുസ്‍ലിം വിരുദ്ധതയെ ‘ബുദ്ധമതത്തിന്റെ തെറ്റായ വ്യാഖ്യാനം’ എന്നുപറഞ്ഞ് ഒഴിവാക്കുകയും ചെയ്യുന്നതും ഇരട്ട മാനദണ്ഡമാണ്.
മുസ്‍ലിം വിരുദ്ധതയുടെ രാഷ്ട്രീയം ഒരു മതമോ ഒരു ഭൂഖണ്ഡമോ ഒരു സംസ്കാരമോ മാത്രം ഉൽപാദിപ്പിക്കുന്നതല്ല. അത് വിവിധ ദേശീയതകളിൽ വ്യത്യസ്തരൂപങ്ങളിൽ പുനർനിർമിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ് എന്ന കൃത്യമായ തിരിച്ചറിവാണ് നമുക്ക് വേണ്ടത്.
ബുദ്ധിസം സ്വഭാവത്തിൽ അഹിംസാപരവും കാരുണ്യപരവുമാണ് എന്നുപറയുന്നത് ചരിത്രത്തെ ലളിതവത്കരിക്കലാണ്. ‘പ്രിവിലേജ് വിരോധാഭാസം’ (Paradox of privilege) എന്നുവേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. ബുദ്ധിസത്തിന്റെ ചരിത്രത്തിൽ ‘മതം-രാഷ്ട്രം’ വേർതിരിഞ്ഞ മേഖലകളായിരുന്നില്ല. ആദ്യകാലം മുതൽതന്നെ രാജാധികാരം, സംഘധർമം, സാമൂഹിക ക്രമം എന്നിവ തമ്മിൽ സങ്കീർണമായ ബന്ധമുണ്ടായിരുന്നു. അതായത് ‘മതേതര ഭരണാധികാരി’ എന്നോ ‘ശുദ്ധമായ ബുദ്ധമത രാഷ്ട്രം’ എന്നോ വായിക്കുന്നത് ചരിത്രപരമായി തെറ്റായിരിക്കും.
2017ൽ മ്യാന്മറിൽ റോഹിങ്ക്യൻ ജനതക്കെതിരായ കൂട്ട അതിക്രമങ്ങളും 6,50,000 പേരെ അതിർത്തിവിട്ട് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാക്കിയതും അത് കൂട്ടക്കൊലയിലേക്ക് നയിച്ചതും 2014, 2018, 2019 വർഷങ്ങളിൽ ശ്രീലങ്കയിൽ ഉടനീളമുള്ള മുസ്‍ലിം ജീവിതങ്ങൾക്കും സ്വത്തുക്കൾക്കും നേരെ നടന്ന വ്യവസ്ഥാപിത ആക്രമണങ്ങളും ആഗോളതലത്തിൽ മുസ്‍ലിം വിരുദ്ധ ആക്രമണത്തിന്റെ വ്യാപ്തിയെ അഭൂതപൂർവമാക്കുന്നുണ്ട്. ആക്രമണങ്ങളെല്ലാം പ്രധാനമായും ഭരണകൂടമോ ഭരണകൂട പിന്തുണയുള്ള ഗ്രൂപ്പുകളോ സ്ഥാപനങ്ങളോ നേരിട്ട് നടത്തിയതാണ്.
ഈ കൂട്ട മുസ്‍ലിം വിരുദ്ധ ആക്രമണങ്ങൾക്കു മുമ്പും ശേഷവും ഇരു രാജ്യങ്ങളിലെയും സർക്കാരും സംസ്ഥാന ഏജൻസികളും മുസ്‍ലിംകളെ പ്രത്യക്ഷമായി ലക്ഷ്യമിടുന്ന നിയമ നിർമാണങ്ങൾ നടത്തിയിട്ടുണ്ട്. മ്യാന്മറിലെ 2015ലെ വംശ-മത നിയമങ്ങൾ (ഒരു മതത്തിൽനിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യുന്നതിനുള്ള നിയന്ത്രണം, ബുദ്ധമത സ്ത്രീകൾ ബുദ്ധമതസ്ഥർ അല്ലാത്ത പുരുഷന്മാരെ വിവാഹം കഴിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ, പ്രത്യേക പ്രദേശങ്ങളിലെ ജനന നിയന്ത്രണം എന്നിവ ഉൾപ്പെടെ) ശ്രീലങ്കയിൽ നിഖാബ് വിരുദ്ധ നിയമനിർമാണം, ഇസ്‍ലാമിക സാഹിത്യത്തിലെ നിയന്ത്രണങ്ങൾ, ഇസ്‍ലാമിക വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ ഭരണകൂട നിയന്ത്രണം അതുപോലെതന്നെ കോവിഡ് 19 സമയത്ത് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മുസ്‍ലിം വിരുദ്ധ നിയമങ്ങൾ എല്ലാം ഉൾപ്പെടുന്നു.
ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളിലെ വൻതോതിലുള്ള മുസ്‍ലിം വിരുദ്ധ ആക്രമണങ്ങൾ കണക്കിലെടുക്കുമ്പോൾ യൂറോപ്പിൽനിന്നും വടക്കേ അമേരിക്കയിൽനിന്നും ഉയർന്നുവരുന്ന കൊളോണിയൽ അനന്തര മുസ്‍ലിം വിരുദ്ധതയുടെ വാർത്തകളിൽ ബുദ്ധിസ്റ്റ് ദേശീയതയുടെ മുസ്‍ലിം വിരുദ്ധ ആക്രമണങ്ങൾ അദൃശ്യമാക്കപ്പെടുകയാണ് ചെയ്യുന്നത്.
ബാങ്കോക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുദ്ധിസ്റ്റ് തീവ്ര ദേശീയവാദികളായ മാ ബാ തായും (Ma Ba Tha) തായ് സന്യാസിമാരും തമ്മിലുള്ള നിരവധി കൂടിക്കാഴ്ചകൾ ഇതിന് ഉദാഹരണമാണ്. എന്നാൽ, മുസ്‍ലിം വിരുദ്ധ ബുദ്ധമത അന്തർദേശീയ നീക്കങ്ങളുടെ ഏറ്റവും കുപ്രസിദ്ധമായ ഉദാഹരണം 2014ൽ ബി.ബി.എസിന്റെ ക്ഷണപ്രകാരം 969 (National political Buddhist campaign in Myanmar) പ്രതിനിധികളും മാ ബാ താ സംഘവും ശ്രീലങ്ക സന്ദർശിച്ചതാണ്. അവിടെ അവർ ബുദ്ധമത സംരക്ഷണത്തിനായുള്ള ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു. മേഖലയിൽ ഉടനീളം വൻ മാധ്യമ കവറേജ് ആണ് ഇതിന് ലഭിച്ചത്.
ഐക്യരാഷ്ട്ര സഭയിലെ ഗൗതമ ബുദ്ധ ദിനമായ വെസെക് ദിനം (United Nations day of Vesak) അല്ലെങ്കിൽ നരേന്ദ്ര മോദിയുടെയും ഭാരതീയ ജനതാ പാർട്ടിയുടെയും സംരക്ഷണ വിഭാഗത്തിന് കീഴിലുള്ള അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺെഫഡറേഷൻപോലുള്ള നിരവധി അന്തർദേശീയ ബുദ്ധമത സംഘടനകളിലും ബുദ്ധമത സംരക്ഷണവാദികൾ ഒത്തുകൂടുന്നു. ഏഷ്യയിലെ ബുദ്ധമത പ്രവർത്തകരും ഇന്ത്യയിലെ ഹിന്ദുത്വ പ്രവർത്തകരും തമ്മിലുള്ള പുതിയ സഖ്യങ്ങൾ ഇപ്പോൾ മുസ്‍ലിം വിരുദ്ധ വംശീയത എന്ന കാര്യത്തിൽ പ്രത്യേക താൽപര്യം ഉള്ളവയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മ്യാന്മർ സന്ദർശിച്ചത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
അതിതീവ്ര ദേശീയ ബുദ്ധമത സംഘമായ മാ ബാ തായുടെ സന്യാസി സംഘത്തെ നയിക്കുന്നവർക്ക് ഇന്ത്യയിലെ ഹിന്ദുത്വ പ്രവർത്തകരുമായും ശ്രീലങ്കയിലെയും തായ്‌ലൻഡിലെയും ബുദ്ധമത ദേശീയവാദ സംഘടനകളുമായും ശക്തമായ ബന്ധമുണ്ട് എന്ന യാഥാർഥ്യം നാം മനസ്സിലാക്കേണ്ടതാണ്. തീവ്ര ബുദ്ധമത സംരക്ഷണ അജണ്ടകൾ രൂപപ്പെടുത്തുന്നതിലും അതിന്റെ മുസ്‍ലിം വിരുദ്ധ വംശീയ പ്രചാരണത്തിലും ബുദ്ധമത പ്രവാസി സമൂഹങ്ങളുടെ കൃത്യമായ പങ്ക് കൂടുതലായി മനസ്സിലാക്കേണ്ടതുണ്ട്. സിംഹള ബുദ്ധമത സമൂഹങ്ങൾ, ഉദാഹരണത്തിന് ആസ്ട്രേലിയയിലും യു.കെയിലും മറ്റുമുള്ള സിംഹള വിഭാഗങ്ങൾ, സി.ബി.എസ് പോലുള്ള ബുദ്ധമത സംഘടനകളും മുസ്‍ലിം വിരുദ്ധ പ്രചാരണ ഫേസ്ബുക്ക് പേജുകളുടെ നിരന്തര ഉപഭോക്താക്കളും വലിയ തോതിൽ സംഭാവന നൽകുന്നവരുമാണ്.
2012ൽ യു.കെയിലെ സിംഹള ബുദ്ധമത സമൂഹങ്ങൾ ബ്രിട്ടീഷ് ഡിഫൻസ് ലീഗിന്റെ ഒരു ബുദ്ധമത പതിപ്പ് സ്ഥാപിക്കുകയുണ്ടായി. ‘ബുദ്ധമത പ്രതിരോധ ലീഗ്’ എന്ന് വിളിക്കപ്പെടുന്ന അതിന്റെ ലക്ഷ്യം ‘‘ബുദ്ധമത രാജ്യങ്ങളിലെ ഇസ്‍ലാമികവത്കരണത്തിനെതിരെ പോരാടുക, ശരിഅത്ത് നിയമങ്ങളെ തകർക്കുക’’ എന്നിവയാണ്. ഇസ്‍ലാം ബുദ്ധമതത്തെ തകർക്കുമെന്ന് വ്യാപകമായ പ്രചാരണമാണ് ബുദ്ധമത ദേശീയവാദികൾ നടത്തിവരുന്നത്. പരമ്പരാഗത ബുദ്ധമത യുഗാന്ത്യ ശാസ്ത്രത്തെ (ഫോക്സിയസ്) പരാമർശിച്ചുകൊണ്ട് അത്തരം ഭയങ്ങൾ അവരുടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ വസ്ത്രധാരണം ഭക്ഷണരീതി തുടങ്ങിയവയിലൂടെയാണ് മുസ്‍ലിമിനെ അടയാളപ്പെടുത്തുന്നത് എങ്കിൽ, മ്യാന്മറിൽ മുഖം, നിറം, ശാരീരിക സവിശേഷതകൾ തുടങ്ങിയ ഫിനോ ടൈപ്പ് (phenotype) വംശീയതകൾവെച്ച് മുസ്‍ലിംകളെ അപരവത്കരിക്കുന്നത് വ്യാപകമാണ്. പ്രത്യേകിച്ച് റോഹിങ്ക്യൻ ജനസംഖ്യയെ സംബന്ധിച്ചിടത്തോളം. ‘കലാർ ലൂ മിയോ’ (ഇരുണ്ട ജനത) എന്ന അധിക്ഷേപകരമായ പദത്തിന്റെ പ്രയോഗം റോഹിങ്ക്യകളെ വംശീയമായി അധിക്ഷേപിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ടതാണ്.
പള്ളികൾ ‘ശത്രു താവളങ്ങൾ’ ആണെന്നും മുസ്‍ലിം കുട്ടികൾപോലും ‘സുരക്ഷാഭീഷണി’ ഉയർത്തുന്നു എന്നും അവകാശപ്പെടുന്ന സന്യാസിമാരുടെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും പൊതുജനങ്ങളെ ആവേശഭരിതമാക്കുന്നു. 2019ലെ ഭീകരാക്രമണത്തിനുശേഷം ശ്രീലങ്ക സ്ത്രീകളുടെ ഇസ്‍ലാമിക വസ്ത്രധാരണം താൽക്കാലികമായി നിരോധിച്ചു. പിന്നീട് 2021ൽ സർക്കാർ ബുർഖ പൂർണമായും നിരോധിച്ചു. ബുർഖ മതതീവ്രവാദത്തിന്റെ പ്രതീകമാണ്, ഇത് ദേശീയ സുരക്ഷക്ക് നേരിട്ടുള്ള ഭീഷണി ഉയർത്തുന്നു എന്നാണ് ദേശീയ സുരക്ഷാമന്ത്രി പ്രസ്താവിച്ചത്.
ബുദ്ധമത ദേശീയവാദ ഇസ്‍ലാമോഫോബിയ മുസ്‍ലിം-ബുദ്ധമത ബിസിനസുകാർ തമ്മിലുള്ള സാമ്പത്തിക കിടമത്സരത്തെ ചുറ്റിപ്പറ്റിയും വികസിക്കുന്നുണ്ട്. അവിടെയും മുസ്‍ലിംകളെ ഭീകരവാദികളാക്കിയാണ് അവരുടെ പ്രസ്ഥാനങ്ങളെ തകർക്കുന്നത്. ശ്രീലങ്കയിലെ നിരവധി മുസ്‍ലിംവിരുദ്ധ ആക്രമണങ്ങളിൽ മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള കശാപ്പുശാലകൾ, സൂപ്പർമാർക്കറ്റുകൾ, കടകൾ എന്നിവക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
ബുദ്ധക്ഷേത്രങ്ങളിലേക്കുള്ള വഴിപാടുകളിൽ ഹലാൽ സ്റ്റാമ്പ് പതിച്ച സാധനങ്ങൾ അടങ്ങിയിട്ടുണ്ടെന്നും ഇത് വഴിപാടിന്റെ ആചാരശുദ്ധിയെ അപകടത്തിലാക്കുമെന്നും ശ്രീലങ്കയിലെ തീവ്ര ബുദ്ധമത വലതുപക്ഷ വിഭാഗമായ ബി.ബി.എസ് (Bodu Bala Sena) സന്യാസിമാർ വാദിക്കുന്നു. 2013 മേയ് 24ന് ഒരു ബി.ബി.എസ് സന്യാസി ഹലാൽ പ്രശ്നത്തിന്റെ പേരിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു. ശ്രീലങ്കയുടെ ചരിത്രത്തിൽ ഒരു ബുദ്ധ സന്യാസിയുടെ ആദ്യത്തെ ആത്മാഹുതിയായിരുന്നു അത്. ‘ഹലാൽ ഭക്ഷ്യ ഭീകരത’ തുടങ്ങിയ സോഷ്യൽ മീഡിയ പ്രയോഗങ്ങൾ ബി.ബി.എസ് പോലെയുള്ള ബുദ്ധിസ്റ്റ് ഭീകര സംഘടനകൾ കടംകൊണ്ടത് ആസ്ട്രേലിയയിൽ ഇസ്‍ലാമിനെ നിരോധിക്കാൻ ആഗ്രഹിക്കുന്ന ‘റീസ്റ്റോർ ആസ്ട്രേലിയ’എന്ന ആസ്ട്രേലിയൻ രാഷ്ട്രീയ സംഘടനയുടെ പ്രചാരണങ്ങളിൽനിന്നാണ്.
മ്യാന്മറിൽ കടയുടമകൾ ബുദ്ധമതക്കാരാണെന്ന് ഉപഭോക്താക്കൾക്ക് സൂചന നൽകുന്ന സ്റ്റിക്കറുകൾ പതിപ്പിക്കുന്നത് 969 പോലെയുള്ള ബുദ്ധമത തീവ്രവാദി സംഘടനകളാണ്. ബുദ്ധമത കച്ചവടക്കാരിൽനിന്ന് മാത്രം സാധനങ്ങൾ വാങ്ങി അവരുടെ ‘വംശത്തോട്’ വിശ്വസ്തത പുലർത്താൻ ബുദ്ധമത ദേശീയവാദ സന്യാസിമാർ പൊതു ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുമുണ്ട്.
ഇതൊന്നും ബുദ്ധിസ്റ്റ് ദേശീയവാദ ഇസ്‍ലാമോഫോബിയയായി ചർച്ചചെയ്യപ്പെടുന്നില്ല. അതിന് പ്രധാന കാരണം ബുദ്ധമതം ഒരു അരാഷ്ട്രീയ സമാധാനവാദ തത്ത്വചിന്തയായി നിർമിച്ചിരിക്കുന്ന ‘പോസിറ്റിവ് ഓറിയന്റലിസത്തിന്റെ’ പൊതുവായ ഫലമായി ഇതിനെ വിശദീകരിക്കാം.
‘യഥാർഥ’ അല്ലെങ്കിൽ ‘ആധികാരിക’ ബുദ്ധമതം ഒരിക്കലും മനുഷ്യത്വരഹിതമാക്കലിനോ വിദേശീയ വിദ്വേഷത്തിനോ അക്രമത്തിനോ കാരണമാകില്ല, അല്ലെങ്കിൽ അതിന് സംഭാവന ചെയ്യില്ല എന്ന വ്യാപകമായ പ്രചാരണം ഇതിന്റെ പുറകിലുണ്ട്. ഏഷ്യയിലെ ഥേരവാദ ബുദ്ധമത ദേശീയതയെക്കുറിച്ചുള്ള കഴിഞ്ഞ 50 വർഷത്തെ പഠനങ്ങൾ, ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ ബുദ്ധമതം ഒരു നിർണായക ശക്തിയായി എങ്ങനെ മാറിയെന്ന് കാണിച്ചുതന്നിട്ടുണ്ട് എങ്കിലും, വംശീയ ഭൂരിപക്ഷ സ്വത്വങ്ങൾ ബുദ്ധമത സ്വത്വങ്ങളുമായി ഭൂരിപക്ഷവാദപരവും എക്സ് ക്ലൂസിവിസ്റ്റുമായ രീതിയിൽ എങ്ങനെ സംയോജിച്ചിരിക്കുന്നുവെന്നും ഇത് നമുക്ക് കാണിച്ചുതരുന്നുണ്ട്.
മ്യാന്മറിലെ ബുദ്ധ സന്യാസിമാർ ബുദ്ധന്റെ ശാക്യവംശത്തിൽ നിന്നുള്ളവരാണെന്ന വംശീയ സങ്കൽപങ്ങളിൽ തങ്ങളുടെ ഐഡന്റിറ്റിയെ നിലനിർത്തുമ്പോൾ, ബുദ്ധമതത്തിലെ വംശീയ ഐഡന്റിറ്റി വ്യക്തമാവുകയാണ്. അവരുടെ ഐഡന്റിറ്റി ഉറപ്പിച്ചെടുക്കാനും ഉപയോഗിക്കുന്നത് മുസ്‍ലിം വിരുദ്ധ വംശീയതയാണ്.
യൂറോപ്യൻ ഇസ്‍ലാമോഫോബിയയിൽനിന്ന് വ്യത്യസ്തമായി ബുദ്ധമത ഇസ്‍ലാമോഫോബിയ ഒരു ആഗോള ഇറക്കുമതിയോ ഒരു തദ്ദേശീയ സാംസ്കാരിക ഉൽപന്നമോ അല്ല; മറിച്ച് കൊണ്ടുനടന്ന് പ്രചരിപ്പിക്കാവുന്നതും (portable practice) മാറ്റാവുന്നതുമായ (transposable message) ആശയങ്ങളുടെയും ആചാരങ്ങളുടെയും ബഹുദിശാ ചലനത്തിന്റെ ഭാഗംകൂടിയാണ്.
2014 ജൂലൈ 1ന് മ്യാന്മറിലെ മണ്ഡലയിൽ നടന്ന മുസ്‍ലിം വിരുദ്ധ അക്രമത്തിന് മുമ്പ് പ്രശസ്ത ബർമീസ് ബുദ്ധ സന്യാസിയായ യു. വിരാതുവും സംഘവും നടത്തിയ മുസ്‍ലിം വിരുദ്ധ പ്രചാരണങ്ങൾ ഈ പ്രവർത്തനത്തിന് ഉദാഹരണങ്ങളാണ്. ബംഗ്ലാദേശ്, തെക്കൻ തായ്‌ലൻഡ് എന്നിവിടങ്ങളിൽ മുസ്‍ലിം അക്രമത്തിന് ഇരയായത് ബുദ്ധമതക്കാരാണെന്ന രീതിയിൽ വലിയ വ്യാജ പ്രചാരണങ്ങൾ നടത്തി. ഈ പ്രചാരണ പോസ്റ്റുകൾ പിന്നീട് യു. വിരാതുവിന്റെ ബർമീസ് അനുയായികൾക്കിടയിലും യൂറോപ് ഉൾപ്പെടെ ലോകമെമ്പാടുമുള്ള ബർമീസ് ഇതര ബുദ്ധമത അന്താരാഷ്ട്ര നെറ്റ്‌വർക്കുകൾക്കിടയിലും പങ്കിട്ടു.
ബുദ്ധമത വംശീയ സംരക്ഷണവാദ ഗ്രൂപ്പുകൾ വളരെക്കാലമായി മാസികകൾ, പുസ്തകങ്ങൾ, വിഡിയോ, ടേപ് റെക്കോഡിങ്ങുകൾ തുടങ്ങിയ ബഹുജന ആശയവിനിമയ മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോക്താക്കളാണ്. കൂടാതെ പ്രസംഗങ്ങൾ, സെമിനാറുകൾ പ്രഭാഷണങ്ങൾ തുടങ്ങിയ പരമ്പരാഗത മത ആശയവിനിമയ മാർഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. സമീപ വർഷങ്ങളിൽ ഡിജിറ്റൽ മീഡിയ അത്തരം മിക്ക ഗ്രൂപ്പുകൾക്കും അടിസ്ഥാനമായി മാറിയിരിക്കുന്നു.
ഇത്തരം സോഷ്യൽ മീഡിയകളിലൂടെ ഈദ് ആഘോഷത്തിന്റെ ഭാഗമായി ഭക്ഷണത്തിന് കന്നുകാലികളെ അറുക്കുന്നത് മുതൽ, കൊല്ലപ്പെട്ട, വികൃതമാക്കപ്പെട്ട മനുഷ്യശരീരങ്ങൾ വരെ പ്രദർശിപ്പിക്കുന്നു. യഥാർഥത്തിൽ 2015ലെ നേപ്പാളി ഭൂകമ്പത്തിന്റെ ഇരകളെയാണ് മുസ്‍ലിം കലാപത്തിൽ കൊല്ലപ്പെട്ടവർ എന്നരീതിയിൽ പ്രദർശിപ്പിക്കുന്നത്. ‘‘സ്വതന്ത്രമല്ലാത്തതും അക്രമാസക്തവുമാണ് ഇസ്‍ലാം’’ എന്നും ‘‘സ്വതന്ത്രവും അഹിംസാത്മകവുമായ ഒന്നാണ് ബുദ്ധമതം’’ എന്നും കൃത്യമായ വ്യാജ നരേറ്റിവുകൾ സൃഷ്ടിക്കുന്നു.
2020ലെ തെരഞ്ഞെടുപ്പ് മുതൽ 2021ലെ അട്ടിമറിക്കുശേഷമുള്ള ആദ്യ ആഴ്ചകൾ വരെയുള്ള കാലയളവിൽ മ്യാന്മറിലെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ വിശകലനം ഇത്തരത്തിൽ നടുക്കുന്ന വ്യാജ വാർത്തകളാണ്. നാഷനൽ ലീഗ് ഫോർ ഡെമോക്രസി (NLD)യിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഒരു പള്ളിക്കുള്ളിൽ മുസ്‍ലിം നേതാക്കൾ സ്വാഗതം ചെയ്യുന്നതായി കാണിക്കുന്ന കൃത്രിമ ഫോട്ടോ-ഇമേജുകൾ, ‘എൻ.എൽ.ഡിയും മുസ്‍ലിം നേതൃത്വവും തമ്മിലുള്ള സൗഹൃദം’ എന്ന തലക്കെട്ടോടെ പ്രചരിപ്പിച്ചതും ബുദ്ധമത വംശീയവാദികളാണ്.
പ്രമുഖ എൻ.എൽ.ഡി രാഷ്ട്രീയ നേതാവായ സാവ് മിന്‍റ് മൗങ് ഒരു മുസ്‍ലിം തൊപ്പി ധരിച്ചതായി ചിത്രീകരിച്ച് വ്യാപകമായി പ്രചരിപ്പിച്ചു. ‘‘ഞങ്ങൾ ഞങ്ങളുടെ രാജ്യം നിങ്ങൾക്ക് (മുസ്‍ലിംകൾക്ക്) നൽകും’’ എന്നുതുടങ്ങി വിവിധ പ്രകോപന പോസ്റ്ററുകൾ എൻ.എൽ.ഡിയുടെ പേരിൽ പ്രചരിപ്പിച്ചു.
ആഗോളതലത്തിൽ ഇസ്‍ലാമോഫോബിയയുടെ പാശ്ചാത്യ കയറ്റുമതിയുടെ ഫലമായി ബുദ്ധമത ഇസ്‍ലാമോഫോബിയയെ ചുരുക്കാൻ കഴിയില്ലെന്ന് ഇത്തരം ഉദാഹരണങ്ങളിലൂടെ നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ബാങ്കോക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുദ്ധിസ്റ്റ് തീവ്ര ദേശീയവാദികളായ മാ ബാ തായും (Ma Ba Tha) തായ് സന്യാസിമാരും തമ്മിലുള്ള നിരവധി കൂടിക്കാഴ്ചകൾ ഇതിന് ഉദാഹരണമാണ്.
അതുകൊണ്ട് നാം മനസ്സിലാക്കേണ്ടത് യൂറോ-യു.എസ് ഇസ്‍ലാമോഫോബിയ മാത്രമല്ല, ഒരുപക്ഷേ അത്രത്തോളം ഭീകരമായ മുസ്‍ലിം വിരുദ്ധ വംശീയ പ്രചാരണങ്ങളുടെ ഉത്ഭവം ബുദ്ധമത തീവ്രദേശീയ കേന്ദ്രങ്ങളാണ് എന്നാണ്. അവർ ആഗോള ഇസ്‍ലാമോഫോബിയയുടെ നിഷ്ക്രിയ ഉപഭോക്താക്കൾ മാത്രമല്ല; ഉള്ളടക്കത്തിന്റെ സജീവ നിർമാതാക്കളും ഡിജിറ്റൽ മാധ്യമവത്കരിക്കപ്പെട്ട ഇസ്‍ലാമോഫോബിയയുടെ നിരന്തരമായ പ്രവാഹത്തിന് സംഭാവന നൽകുന്നവരുമാണ്.
=================
റഫറൻസ് :
Benjamin Schonthal, ‘‘Making the Muslim Other in Myanmar and Sri Lanka’’
Mikael Gravers, ‘‘Anti-Muslim Buddhist Nationalism in Burma and Sri Lanka’’
Niklas Foxeus, ‘‘Buddhist Nationalist Sermons in Myanmar: Anti-Muslim moral panic, conspiracy theory, monastic authority’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.