ആ വിധി തൊഴിൽ അവകാശങ്ങളെ എങ്ങോട്ട് നയിക്കും?
ജയ്ബീർ സിങ് കേസിലെ സുപ്രീംകോടതിയുടെ പുതിയ വിധി നിലവിലുള്ള തൊഴിലവകാശ സംരക്ഷണങ്ങളെ ഇല്ലാതാക്കുമോ? ‘വ്യവസായം’ എന്നതിന്റെ നിർവചനത്തിലേക്ക് ‘വാണിജ്യ സ്വഭാവം’ എന്ന പുതിയ മാനദണ്ഡം കൊണ്ടുവരുന്ന കോടതിയുടെ ഭാഷ, ഭാവിയിൽ തൊഴിലവകാശ സംരക്ഷണം എങ്ങനെ നിർവചിക്കപ്പെടണം എന്നതിനെക്കുറിച്ച് നിർണായകമായ ഭരണഘടനാ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ലേഖൻ വാദിക്കുന്നു. ജയ്ബീര്‍ സിങ് കേസിലെ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ ഏറ്റവും പുതിയ വിധി, തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച, 1978ലെ ബംഗളൂരു വാട്ടർ സപ്ലൈ വിധി റദ്ദ് ചെയ്തിട്ടില്ല. പകരം അതിനെക്കാൾ സങ്കുചിതവും, സൂക്ഷ്മമായി പരിശോധിച്ചാൽ കൂടുതൽ...
ജയ്ബീർ സിങ് കേസിലെ സുപ്രീംകോടതിയുടെ പുതിയ വിധി നിലവിലുള്ള തൊഴിലവകാശ സംരക്ഷണങ്ങളെ ഇല്ലാതാക്കുമോ? ‘വ്യവസായം’ എന്നതിന്റെ നിർവചനത്തിലേക്ക് ‘വാണിജ്യ സ്വഭാവം’ എന്ന പുതിയ മാനദണ്ഡം കൊണ്ടുവരുന്ന കോടതിയുടെ ഭാഷ, ഭാവിയിൽ തൊഴിലവകാശ സംരക്ഷണം എങ്ങനെ നിർവചിക്കപ്പെടണം എന്നതിനെക്കുറിച്ച് നിർണായകമായ ഭരണഘടനാ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ലേഖൻ വാദിക്കുന്നു.
ജയ്ബീര്‍ സിങ് കേസിലെ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചിന്റെ ഏറ്റവും പുതിയ വിധി, തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ച, 1978ലെ ബംഗളൂരു വാട്ടർ സപ്ലൈ വിധി റദ്ദ് ചെയ്തിട്ടില്ല. പകരം അതിനെക്കാൾ സങ്കുചിതവും, സൂക്ഷ്മമായി പരിശോധിച്ചാൽ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ പോന്നതുമായ സമീപനമാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. ഈ വിധി നിലവിലെ സാഹചര്യത്തിൽ, ആർക്കും ബാധകമാകുന്നില്ല എന്ന് വ്യക്തമാക്കി കൊണ്ടുതന്നെ, ഇന്ത്യൻ തൊഴിൽ നിയമങ്ങളുടെ ഭാവി വ്യാഖ്യാനങ്ങൾ ഏതു ദിശയിൽ ആയിരിക്കുമെന്ന് സംബന്ധിച്ച ഒരു പരികൽപനക്ക് രൂപംനൽകിയിരിക്കുന്നു. ചീഫ് ജസ്റ്റിസും മൂന്ന് സഹന്യായാധിപരും ചേർന്ന് നൽകിയ വ്യാഖ്യാനം, അധികകാലം കേവലം സങ്കൽപനം മാത്രമായി നിലനിൽക്കുകയില്ല എന്നുറപ്പ്.
2025 നവംബർ 21ന്, നമ്മുടെ രാജ്യം തൊഴിൽ നിയമങ്ങളുടെ പുതിയൊരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. 1947ലെ വ്യാവസായിക തർക്ക പരിഹാര നിയമം (Industrial Disputes Act) ഉൾപ്പെടെ 29 യൂനിയൻ നിയമങ്ങൾക്ക് പകരമായി നാല് ലേബർ കോഡുകൾ കൊണ്ടുവന്നു. ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ഇത് നിയമങ്ങളുടെ ലളിതവത്കരണവും ആധുനികവത്കരണവുമാണ്. എന്നാൽ, പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്നതാണ് ഈ പരിഷ്കാരമെന്ന് വിവിധ ട്രേഡ് യൂനിയനുകൾ അഭിപ്രായപ്പെടുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരിക്കണം സുപ്രീംകോടതിയുടെ പുതിയ വിധിയും വിലയിരുത്തപ്പെടേണ്ടത്.
ഒറ്റനോട്ടത്തിൽ നിർദോഷകരമായ വിധിയാണിത്, കാരണം, 1978ലെ ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സേവറേജ് ബോർഡ് v എ. രാജപ്പ കേസിൽ സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള ‘ത്രിഘടക പരിശോധന’ (Triple Test) തന്നെയായിരിക്കും ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് സംബന്ധിച്ച് നിലവിലുള്ള കേസുകൾക്ക് ബാധകമാവുക എന്ന കാര്യം കോടതി ഐകകണ്ഠ്യേന വ്യക്തമാക്കുന്നുണ്ട്. പക്ഷേ, അത് കഥയുടെ പകുതിയേ ആകുന്നുള്ളൂ. ഈ ഏകാഭിപ്രായത്തിന് പിന്നിലുള്ള വീക്ഷണവൈരുധ്യങ്ങളാണ് വരുംനാളുകളിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുക.
കേസിന്റെ നാൾവഴി
2002ലെ ഒരു വിധിയാണ് 1978ലെ നിയമവ്യാഖ്യാനത്തെ പുനഃപരിശോധിക്കുന്നതിലേക്ക് നയിച്ചത്. ഉത്തർപ്രദേശിലെ സ്റ്റേറ്റ് ഫോറസ്റ്റ് ഡിപ്പാർട്മെന്റ് പിരിച്ചുവിട്ട ദിവസവേതന തൊഴിലാളികൾ നൽകിയ കേസായിരുന്നു അത്. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്സ് ആക്ടിന്റെ സംരക്ഷണം അനുസരിച്ച് തങ്ങളെ തിരിച്ചെടുക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ, വാണിജ്യ സ്വഭാവമില്ലാത്ത ക്ഷേമോദ്ദേശ്യപരമായ പാരിസ്ഥിതിക പദ്ധതി എന്നനിലയിൽ, സ്റ്റേറ്റിന്റെ സ്വാഭാവിക കൃത്യനിർവഹണം മാത്രമാണ് തങ്ങളുടേതെന്നും ആയതിനാൽ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് നിയമത്തിന്റെ വകുപ്പ് 2 (ജെ) പ്രകാരമുള്ള ‘വ്യവസായം’ (Industry) എന്ന നിർവചനത്തിൽ തങ്ങൾ വരുകയില്ലെന്നും അതുകൊണ്ടുതന്നെ ഇൻഡസ്ട്രിയൽ ൈട്രബ്യൂണലുകൾക്ക് ഇക്കാര്യത്തിൽ ഇടപെടാൻ കഴിയുകയില്ല എന്നുമായിരുന്നു ബോർഡിന്റെ വാദം.
കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ, പരസ്പരവിരുദ്ധമായ രണ്ട് കീഴ്‌വഴക്കങ്ങൾ മുന്നിലുണ്ടായിരുന്നു. 1996ലെ ‘മഹാരാഷ്ട്ര ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് v ജഗന്നാഥ മാരുതി കോന്താരെ’ കേസിൽ 1978ലെ ബംഗളൂരു വാട്ടർ സപ്ലൈ ടെസ്റ്റ് സ്വീകരിച്ച കോടതി, ഫോറസ്റ്ററി സ്കീം ഒരു വ്യവസായമാണ് എന്ന് വിലയിരുത്തി. കാരണം പരിസ്ഥിതി സംരക്ഷണം എന്നത് ഭരണകൂടത്തിന്റെ ഒഴിവാക്കാനാവാത്ത ‘പരമാധികാര പ്രവൃത്തി’ (Sovereign function) അല്ല എന്ന നിലപാടാണ് കോടതി അന്ന് സ്വീകരിച്ചത്. എന്നാൽ, 2000ൽ ‘സ്റ്റേറ്റ് ഓഫ് ഗുജറാത്ത് v പ്രഥം സിങ് നാസിങ് പർമാർ’ കേസിൽ ഗുജറാത്ത് ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ഒരു ഇൻഡസ്ട്രി അല്ല, ഭരണകൂടത്തിന്റെ സ്വാഭാവിക പരമാധികാര പ്രവർത്തനമാണ് എന്നും വിധി വന്നു.
ഇങ്ങനെ രണ്ടുതരം കീഴ്വഴക്കങ്ങൾ ശ്രദ്ധയിൽപെട്ടപ്പോൾ ജയ്ബീർ സിങ്ങിലെ മൂന്നംഗ ബെഞ്ച്, അത് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. അങ്ങനെ 2005ൽ, ഈ കേസ് പരിഗണിച്ച ബെഞ്ച്, 1978ലെ ഏഴംഗ ബെഞ്ചിന്റെ വിധി, ഏകപക്ഷീയമായി തൊഴിലാളികളെ സംരക്ഷിക്കുന്നതാണെന്നും, തൊഴിൽദാതാക്കളുടെയും പബ്ലിക്കിന്റെയും താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും നിരീക്ഷിച്ചുകൊണ്ട്, കേസ് ഒമ്പതംഗ ബെഞ്ച് പരിശോധിക്കണമെന്ന് നിർദേശിച്ചു.
അങ്ങനെ നാലു ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ചിന് മുന്നിൽ ഉണ്ടായിരുന്നത്:
ബംഗളൂരു വാട്ടർ സപ്ലൈ കേസിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നിർദേശിച്ച ത്രിഘടക പരിശോധന വ്യവസായ തർക്കപരിഹാരവകുപ്പ് 2(j)യുടെ കൃത്യമായ നിർവചനമാണോ?
1982ലെ വ്യാവസായിക തർക്ക ഭേദഗതി നിയമവും 2020ലെ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡും 1947ലെ നിയമത്തിലെ നിർവചനത്തെ സ്വാധീനിക്കുമോ?
സർക്കാർ വകുപ്പുകൾ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങളും പദ്ധതികളും ‘വ്യവസായം’ എന്ന നിർവചനത്തിൽ വരുമോ?
ഭരണകൂടത്തിന്റെ ഏതൊക്കെ പരമാധികാര ചുമതലകളെയാണ് പ്രസ്തുത നിയമത്തിൽനിന്ന് ഒഴിവാക്കേണ്ടത്?
1978ലെ ത്രിഘടക പരിശോധന
ആദ്യം, 1978ല്‍ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂന്നു ഘടകങ്ങൾ പരിശോധിക്കണമെന്നാണ് നിർദേശിച്ചത്.
സ്ഥാപനത്തിന്റേത് വ്യവസ്ഥാപിതവും ചിട്ടയോടുകൂടിയതുമായ പ്രവർത്തനമാണോ?
സ്ഥാപനത്തിന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി തൊഴിലാളികളും തൊഴിലുടമയും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടോ?
മനുഷ്യന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ചരക്കുകളോ സേവനങ്ങളോ ഇതിലൂടെ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടോ?
ഇക്കാര്യങ്ങൾ പരിശോധിച്ചാണ് ഒരു സ്ഥാപനം വ്യവസായമാണോ എന്ന് നിർണയിച്ചുപോന്നത്. തീർത്തും ആത്മീയവും മതപരവുമായ പ്രവൃത്തികളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടായിരുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ‘ലാഭേച്ഛ’ അല്ലെങ്കിൽ ‘വ്യാപാര സ്വഭാവം’ ഇതിൽ ഒരു ഘടകം ആയിരുന്നില്ല എന്നതാണ്. അങ്ങനെ ആയിരുന്നെങ്കിൽ ചാരിറ്റബിൾ ട്രസ്റ്റുകളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലബുകളും എല്ലാം നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവായേനെ. മറ്റൊന്ന് ഭരണകൂടത്തിന്റെ ഒഴിവാക്കാനാകാത്ത പരമാധികാര കടമകളെ (ഉദാഹരണത്തിന് പ്രതിരോധം, ക്രമസമാധാന പാലനം, നികുതി ശേഖരണം) വ്യവസായത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു എന്നതാണ്.
ജയ്ബീര്‍ സിങ് 2026
1978ലെ സുപ്രീംകോടതി വിധിയിൽ നിർണയിക്കപ്പെട്ട വ്യവസായം സംബന്ധിച്ച വ്യാഖ്യാനം പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന കേന്ദ്ര വിഷയത്തിൽ, 4:4:1 എന്ന നിലക്ക് അഭിപ്രായ സമീകരണം ഇല്ലാത്ത വിധിയാണ് വന്നത്. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, അലോക് ആരാധെ, വിപുൽ എം. പഞ്ചോളി എന്നിവർക്കുകൂടി വേണ്ടി, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രചിച്ച വിധിന്യായത്തിൽ, ഒരു സ്ഥാപനത്തിന് വ്യവസായം എന്ന പദവി കൽപിക്കണമെങ്കിൽ, വ്യാപാരമോ ബിസിനസോ ഒക്കെയായി ബന്ധപ്പെട്ട ‘തിരിച്ചറിയത്തക്ക വിധം വാണിജ്യോന്മുഖമായ സ്വഭാവം’ ഉണ്ടാകണം എന്ന് നിർദേശിച്ചു.
ജസ്റ്റിസ് ബി.വി. നാഗരത്ന, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുയാൻ, ജോയ്മല്യ ബക്ഷി എന്നിവർ 1978ലെ ‘ത്രിഘടക പരിശോധന’ കൃത്യമായി നിർവചിക്കപ്പെട്ടതാണെന്നും മാറ്റങ്ങൾ അനാവശ്യമാണെന്നും വിധിയെഴുതി. ജസ്റ്റിസ് പി.എസ്. നരസിംഹ മറ്റൊരുവഴിയാണ് സ്വീകരിച്ചത്. 1947ലെ നിയമം പിൻവലിക്കപ്പെട്ടു കഴിഞ്ഞു, ഈ സാഹചര്യത്തിൽ വ്യവസായ സ്ഥാപനത്തിന്‍റെ നിർവചനം സംബന്ധിച്ച ചോദ്യം ഒരു അക്കാദമിക് ഇടപെടൽ മാത്രമാണ്, അതുകൊണ്ടുതന്നെ മൂന്നാമതൊരു സിദ്ധാന്ത രൂപവത്കരണത്തിന് നിൽക്കാതെ, നിലവിലുള്ള കേസുകൾ പഴയ നിയമപ്രകാരംതന്നെ തീർപ്പാക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആറു ജഡ്ജിമാർ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ശർമ, ആരാധെ, പഞ്ചോളി, നരസിംഹ, ബക്ഷി എന്നിവർ ഈ കേസ് ഒമ്പതംഗ ബെഞ്ചിന് വിട്ട നടപടി ശരിയായിരുന്നു എന്ന് വിലയിരുത്തി. ജസ്റ്റിസ് നാഗരത്ന, ദത്ത, ഭുയാൻ എന്നിവർ ഈ കേസ് പരിഗണിക്കപ്പെടാനേ പാടില്ലായിരുന്നു എന്ന അഭിപ്രായക്കാരായിരുന്നു. അര നൂറ്റാണ്ടോളം പഴക്കമുള്ള നിയമ തത്ത്വത്തെ ചോദ്യംചെയ്യുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരുന്ന വൈരുധ്യം സൂക്ഷ്മപരിശോധനയിൽ വൈരുധ്യമേ ആയിരുന്നില്ലെന്നായിരുന്നു അവരുടെ നിലപാട്.
ഈ കണ്ടെത്തൽ വളരെ പ്രധാനപ്പെട്ടതാണ്. പുതിയ നിർവചനം ആവശ്യപ്പെടുന്ന കേസിനുനിദാനമായ അടിസ്ഥാന പ്രശ്നം നിലനിൽക്കുന്നതല്ല എന്നാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലെ മൂന്ന് ന്യായാധിപരുടെ യുക്തിയുക്തമായ അഭിപ്രായം. 1996ലെ മഹാരാഷ്ട്രയിലെ ജഗന്നാഥ് മാരുതി കൊന്താരേ കേസിൽ, ബംഗളൂരു വാട്ടർ സപ്ലൈ വിധി പിൻപറ്റി, പരിസ്ഥിതി സംരക്ഷണം ഭരണകൂടത്തിന്റെ ഒഴിവാക്കാനാവാത്ത പരമാധികാര കടമയല്ല എന്നും, സോഷ്യൽ ഫോറസ്ട്രി വകുപ്പ് തൊഴിലവകാശങ്ങളെ സംബന്ധിച്ച് വ്യവസായത്തിന്റെ നിർവചനത്തിൽ വരുമെന്നും ശരിയായ നിഗമനത്തിൽ എത്തി. 2001ൽ പ്രഥം സിങ് പാർമാർ കേസിൽ, ഗുജറാത്ത് ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ഒരു വ്യവസായമല്ല എന്ന് വിധിയെഴുതിയത് വാദങ്ങളിലെ ചില അപര്യാപ്തതകൾ കൊണ്ടുമാത്രമാണ്. കോടതിയെ സമീപിച്ച തൊഴിലാളികൾ അവർക്ക് നിശ്ചയിച്ചു നൽകിയിട്ടുള്ള ജോലികളെ കുറിച്ചും ഫോറസ്റ്റ് പദ്ധതിയുടെ സ്വഭാവത്തെക്കുറിച്ചുമുള്ള വസ്തുതകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടു എന്നതിനാലാണ് വിധി മറിച്ചായത്.
കാലങ്ങളായി നിലനിൽക്കുന്ന ഒരു കീഴ്‌വഴക്കം പുനഃപരിശോധിക്കണമെങ്കിൽ പാലിക്കേണ്ട പരിമിതമായ മാനദണ്ഡങ്ങൾ 1965ലെ കേശവ് മിൽസ് കേസിൽ സുപ്രീംകോടതി നിർവചിച്ചിട്ടുണ്ട്. പുനഃപരിശോധന കൊണ്ടുണ്ടാകുന്ന പൊതുനന്മ, ഒഴിവാക്കപ്പെട്ടുപോയ നിയമവശങ്ങൾ, പൊതുസമൂഹത്തിനുണ്ടാകുന്ന പ്രയാസങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനം
വിയോജന വിധിന്യായം എഴുതിയ ന്യായാധിപർ എല്ലാവരും, ജയബീർ സിങ് കേസിൽ, ഈ മാനദണ്ഡങ്ങളിൽ ഒന്നുപോലും പാലിക്കപ്പെടുന്നില്ല എന്ന അഭിപ്രായക്കാരായിരുന്നു. അര നൂറ്റാണ്ടോളം നിലനിൽക്കുകയും ചുരുങ്ങിയത് 84 സുപ്രീംകോടതി വിധികളുടെ എങ്കിലും ഭാഗമാവുകയും ചെയ്യുകവഴി സുസ്ഥിരമായ നിയമവ്യാഖ്യാന മാതൃകയായി തീർന്ന ഒരു കോടതിവിധിയെ, 2005ലെ റഫറലിൽ പറയും വിധം, നയസമീപനങ്ങളോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കണമെന്ന് പറയുന്നത് ജുഡീഷ്യറിയുടെ അന്തിമത്വത്തെയും വിശ്വാസ്യതയെയും പ്രതികൂലമായി ബാധിക്കും എന്നാണ് ജസ്റ്റിസ് ദത്ത എഴുതിയത്.
ഒരു നിയമം തൊഴിലവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ളതാണെങ്കിൽ കോടതിയുടെ വ്യാഖ്യാനവും സ്വാഭാവികമായും തൊഴിലാളികളുടെ ക്ഷേമം മുന്നിൽ കണ്ടുകൊണ്ടായിരിക്കണം, ആ വിധിയെ ‘തൊഴിലാളി അനുകൂലമെന്ന്’ വിമർശിക്കുന്നത് നിയമത്തെതന്നെ വിമർശിക്കലാണ്. ജസ്റ്റിസ് ബക്ഷിയും, 1978ലെ തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്ന വ്യാഖ്യാനത്തെ ഉയർത്തിപ്പിടിക്കുകയാണ് ഉണ്ടായത്. ആ വ്യാഖ്യാനം ജസ്റ്റിസ് കൃഷ്ണയ്യരുടേത് മാത്രമായിരുന്നില്ല എന്നും, സഹ ന്യായാധിപർ ജസ്റ്റിസ് ഭഗവതി, ജസ്റ്റിസ് ദേശായി, ജസ്റ്റിസ് ബേഗ്, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവർ ഇക്കാര്യത്തിൽ വ്യക്തമായി യോജിച്ചിരുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. അങ്ങനെ ഏഴിൽ 5 ന്യായാധിപരും ത്രിഘടക പരിശോധനയെ പിന്തുണച്ചവർ ആയിരുന്നു. അങ്ങനെ നോക്കുമ്പോൾ, തൊഴിലാളികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന ഒരു കോടതി വിധിയെ, രേഖകളെ നേരാംവണ്ണം വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാത്തതുകൊണ്ട് മാത്രം ബോധപൂർവം സംശയത്തിന്റെ നിഴലിൽ നിർത്തുകയായിരുന്നു.
ഭരണഘടനാപരമായ പ്രത്യാഘാതങ്ങൾ
എന്തായാലും വ്യവസായങ്ങളുടെ നിർവചനത്തെ സംബന്ധിച്ച് പുതിയ വ്യാഖ്യാനങ്ങൾ ഒന്നും നിയമപരമായി നിലവിൽ വന്നിട്ടില്ല. ബംഗളൂരു വാട്ടർ സപ്ലൈ കേസിനെ മറികടക്കുംവിധം അഞ്ച് അംഗ ഭൂരിപക്ഷം ബെഞ്ചിൽ ഉണ്ടായില്ല. വ്യാവസായിക തർക്കപരിഹാര നിയമത്തിന് കീഴിൽ നിലവിലുള്ള കേസുകൾ എല്ലാം പഴയ ത്രിഘടക പരിശോധന അനുസരിച്ച് തന്നെ മുന്നോട്ടുപോകണം എന്നാണ് കോടതി ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടത്. അതോടൊപ്പംതന്നെ പുതിയ ഇൻഡസ്ട്രിയൽ ലൈസൻസ് കോഡ്, അതിന്‍റെ വാചകഘടനയനുസരിച്ച് പുതിയതായി വ്യാഖ്യാനിക്കേണ്ടതാണ് എന്ന അഭിപ്രായവും പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ വിധിപ്രസ്താവത്തിൽ തന്നെ, അവർ മുന്നോട്ടുവെക്കുന്ന പുതിയ പരിശോധനാക്രമം ഒരു സങ്കൽപനം മാത്രമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
നിലവിലുള്ള തൊഴിൽ അവകാശങ്ങളെ ബാധിക്കുകയില്ല എങ്കിൽപോലും, ഈ വിധിക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാവില്ലെന്ന് പറയാൻ ആവില്ല. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുന്നോട്ടുവെക്കുന്ന സങ്കൽപനത്തിൽ, ഒരു സ്ഥാപനത്തെ വ്യവസായം എന്ന് വിളിക്കണമെങ്കിൽ അതിൽ വ്യതിരിക്തമായി തിരിച്ചറിയാൻ കഴിയുന്ന വാണിജ്യ സ്വഭാവം ഉണ്ടാകണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട മാറ്റമാണ്. കാരണം ബംഗളൂരു വാട്ടർ സപ്ലൈ കേസിൽ, തൊഴിൽ ദാതാവിന്റെ ഉദ്ദേശ്യം എന്താണ് എന്നതിലുപരിയായി തൊഴിലാളിയും തൊഴിൽ ദാതാവും തമ്മിലുള്ള ബന്ധത്തെയാണ് പ്രശ്നവത്കരിച്ചത്. ഒരു ആശുപത്രി ജീവകാരുണ്യ പ്രവർത്തന ഭാഗമായി നടത്തുന്നതാവാം, അല്ലെങ്കിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ലക്ഷ്യം ലാഭം അല്ലായിരിക്കാം, ഗവൺമെന്റിന്റെ ഒരു പദ്ധതി ക്ഷേമ പ്രവർത്തനങ്ങളുടെ മാത്രം ഭാഗമായിരിക്കാം, അങ്ങനെയൊക്കെ ആണെങ്കിൽപോലും അവിടെ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വ്യവസായ തർക്ക പരിഹാര നിയമം നൽകുന്ന സംരക്ഷണങ്ങൾ അവകാശപ്പെടാൻ കഴിയും വിധമുള്ള വ്യാഖ്യാനമായിരുന്നു അത്. കാരണം അന്ന് കോടതി പരിശോധിച്ചത് സ്ഥാപനത്തിന്‍റെ ലാഭ കണക്കുകളല്ല, തൊഴിലാളിയുടെ ആശ്രിതത്വത്തിന്റെ സ്വഭാവമാണ്.
ഇവിടെ നിർദിഷ്ട സങ്കൽപനത്തിൽ, പരിഗണയിലുള്ള സ്ഥാപനം എത്രമാത്രം ഒരു വ്യാപാര സ്ഥാപനത്തെ അനുസ്മരിപ്പിക്കുന്നു എന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്. ആ ചോദ്യത്തിന് ഉത്തരം എന്തുതന്നെയായാലും, അത് അവിടെ പണിയെടുക്കുന്ന തൊഴിലാളിയുടെ വേതനത്തെയോ സമയക്രമത്തെയോ അച്ചടക്കത്തെയോ പുറത്താക്കപ്പെട്ടാൽ സംഭവിക്കുന്ന ദുരിതത്തെയോ ബാധിക്കുന്നില്ല. പക്ഷേ നിയമത്തിൽ ആർക്കൊക്കെയാണ് പരിരക്ഷ അനുവദനീയമാകുന്നത് എന്നത് ഈ ചോദ്യത്തിന്റെ ഉത്തരമാണ് തീരുമാനിക്കുന്നത് എന്ന സ്ഥിതിവരും. ഇവിടെയാണ് ഈ വിധി ഭരണഘടനയുടെ മഹനീയ വാഗ്ദാനവുമായി സംഘർഷത്തിലാണ് എന്ന് കരുതേണ്ടിവരുന്നത്.
ഭരണഘടനയുടെ ദർശനം
ജനാധിപത്യം കാലക്രമം തെറ്റാതെയുള്ള തെരഞ്ഞെടുപ്പ് മാത്രമല്ല. 1947ൽ ഭരണഘടന നിർമാണ സഭക്കുവേണ്ടി തയാറാക്കിയ ‘സ്റ്റേറ്റ്സ് ആൻഡ് മൈനോറിറ്റീസ്’ എന്ന മെമ്മോറാണ്ടത്തിൽ, സ്വകാര്യ മൂലധനത്തിന്റെ നിഷ്ഠുരതയിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുവേണ്ടി ഗവൺമെന്റിന്റെ കർമനിരതയോടെയുള്ള ഇടപെടൽ അനിവാര്യമാണെന്ന്, ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കർ എഴുതുന്നുണ്ട്.
സാമ്പത്തികവും സാമൂഹികവുമായ ജനാധിപത്യം ഇല്ലാതെ രാഷ്ട്രീയ ജനാധിപത്യം അർഥശൂന്യമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൗൺസിലിലെ ലേബർ മെംബർ ആയിരുന്ന 1940കളിൽ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള ഘടനാപരവും നിയമപരവുമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹം ശ്രദ്ധപുലർത്തിയിരുന്നു. ഇന്ത്യൻ ലേബർ കോൺഫറൻസ് എന്ന ത്രികക്ഷി സംവിധാനം, തൊഴിൽ സമയം എട്ടു മണിക്കൂറായി പരിമിതപ്പെടുത്തിയത്, െമറ്റേണിറ്റി അവകാശങ്ങൾ ഉറപ്പുവരുത്തുന്ന നിയമം കൊണ്ടുവന്നത് അങ്ങനെ നിരവധി ഇടപെടലുകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിലൂടെ നോക്കിയാൽ ഇത് വ്യവസായം എന്ന വാക്കിന്‍റെ നിർവചനത്തിനപ്പുറം, ജനാധിപത്യത്തിന്‍റെ അർഥം സംബന്ധിച്ച സംവാദമാണ്. അർഥപൂർണമായ ജനാധിപത്യത്തിനുള്ള മുന്നുപാധിയായിട്ടാണ് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനുള്ള നിയമങ്ങൾ നമ്മുടെ സംവിധാനത്തിന്റെ ഭാഗമായത്, അല്ലാതെ ഭരണകൂടം തൊഴിലാളികൾക്ക് വെച്ചുനീട്ടിയ ഔദാര്യമായല്ല. അധികാരവും സമ്പത്തുംകൊണ്ട് ശക്തരായ സ്വകാര്യ മൂലധന ശക്തികളെ പ്രതിരോധിക്കാൻ കഴിയുന്ന ശക്തിയായി നിയമത്തിന് മാറാൻ കഴിഞ്ഞില്ലെങ്കിൽ തൊഴിലിടങ്ങൾ മർദക സംവിധാനങ്ങളായി മാറും. അതു മനസ്സിലായാൽ, ബംഗളൂരു വാട്ടർ സപ്ലൈ കേസിലെ വിധി തൊഴിലാളി സൗഹൃദപരമായ ഒരു നിയമ വ്യാഖ്യാനം എന്നതിലുപരി, സംഘടിത സാമ്പത്തിക ശക്തികളും തൊഴിലാളികളും തമ്മിലുള്ള ബന്ധത്തെ തിരിച്ചറിയുന്നതിലെ ഭരണഘടനാപരമായ പ്രാധാന്യം തിരിച്ചറിയുന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമാണെന്ന് മനസ്സിലാവും.
അവിടെ ഉയരേണ്ട ഭരണഘടനാപരമായ ചോദ്യം, നിയമത്തിന് ഇടപെട്ട് തിരുത്തലുകൾ വരുത്തേണ്ട വിധം, തൊഴിലാളിയും തൊഴിൽദാതാവും തമ്മിൽ ശാക്തികമായ അസമത്വം നിലനിൽക്കുന്നുണ്ടോ എന്നതാണ്. അതിനുപകരം സ്ഥാപനത്തിന്‍റെ വാണിജ്യപരമായ സ്വഭാവമാണ് സംരക്ഷണത്തിന് അടിസ്ഥാനമെങ്കിൽ, തൊഴിൽ എടുക്കുന്ന സ്ഥാപനത്തിന്‍റെ സ്വഭാവം അനുസരിച്ച് മാത്രമേ ഭരണഘടനാപരമായ പരിരക്ഷകൾ ലഭ്യമാകൂ എന്നുവരും. അങ്ങനെ അടിസ്ഥാനമാനദണ്ഡങ്ങളിൽ കൊണ്ടുവരാൻ ശ്രമിച്ച മാറ്റമാണ്, ജയ്ബീര്‍ സിങ് കേസിന്റെ ഭരണഘടനാപരമായ പ്രാധാന്യം.
1978ലെ കോടതിവിധിയെ പ്രതിരോധിച്ചുകൊണ്ടുള്ള ജസ്റ്റിസ് ബി.വി. നാഗരത്നയുടെ വിധിന്യായം ഇക്കാര്യത്തെ കൃത്യമായി അപഗ്രഥിക്കുന്നുണ്ട്. ഉദാരവത്കരണ, സ്വകാര്യവത്കരണ, ആഗോളവത്കരണ കാലഘട്ടത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ ഗണ്യമായ തോതിൽ അപഹരിക്കപ്പെട്ടിട്ടുണ്ട് എന്ന് അവർ എഴുതുന്നു. വ്യവസായം എന്ന വാക്കിന്‍റെ വിശാലമായ നിർവചനം തൊഴിലാളികളുടെ ദൗർബല്യത്തെ നേരിടുന്നതിനുള്ള ഒരു മാർഗമായാണ് അവർ വിലയിരുത്തുന്നത്.
1990കളോടെ ക്രമേണ രൂപാന്തരപ്പെട്ടുവരുന്ന ഇന്ത്യൻ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളുടെ തുടർച്ചയിലാണ് 2005ലെ റഫറലും ഈ വിധിയിലെ സങ്കൽപനവും വന്നുചേരുന്നത് എന്ന കാര്യം വിസ്മരിക്കാനാവില്ല. സ്‌റ്റേറ്റും മൂലധനവും തൊഴിലാളികളും തമ്മിലുള്ള ബന്ധത്തിൽ വമ്പിച്ച മാറ്റമാണ് ഇക്കാലഘട്ടത്തിൽ ഉണ്ടായത്. 2021ൽ ഇന്ത്യ കാർഷിക നിയമങ്ങളിൽ കൊണ്ടുവരാൻ ശ്രമിച്ച സമൂലമായ മാറ്റം ഇത്തരമൊരു ഇടപെടൽ ആയിരുന്നു. എന്നാൽ, കർഷക സമരങ്ങൾ നാടിനെയാകെ നിശ്ചലമാക്കിയ ദിനങ്ങളിലൊന്നിൽ, സുപ്രീംകോടതി അസാധാരണമായ ഒരു ഇടപെടലിലൂടെ പ്രസ്തുതനിയമം ‘മരവിപ്പിക്കുകയാണ്’ ചെയ്തത്. സാമ്പത്തിക പരിഷ്‌കാരങ്ങൾ, കാര്യക്ഷമത വർധിപ്പിക്കാനുള്ള സാങ്കേതിക പ്രക്രിയ മാത്രമല്ല, ഈ വ്യവസ്ഥിതി ഏതുവിഭാഗത്തിൽനിന്നാണ് ത്യാഗം ആവശ്യപ്പെടുന്നത് എന്നതിന്റെ സൂചകംകൂടിയാണ്.
പുതിയ, ഈ സുപ്രീംകോടതി വിധിയും മേൽപ്പറഞ്ഞ ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവരും. 2005ലെ വിധിയെ ജസ്റ്റിസ് ദത്ത നിശിതമായി വിമർശിക്കുന്നുണ്ട്. അരികുവത്കരിക്കപ്പെട്ട തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന്, ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്സ് ആക്ടിന്റെ തൊഴിലാളിപക്ഷ വായന അനിവാര്യമാണ് എന്ന് ജസ്റ്റിസ് ബക്ഷിയും വിലയിരുത്തുന്നു. എന്തായാലും ഒമ്പതംഗ ഭരണഘടനാബെഞ്ചിന് നിർവചനം സംബന്ധിച്ച വിഷയത്തിൽ ഏകാഭിപ്രായം രൂപവത്കരിക്കാനോ കൃത്യമായ ഭൂരിപക്ഷ അഭിപ്രായം സൃഷ്ടിക്കാനോ കഴിഞ്ഞിട്ടില്ല.
ഭരണഘടനയുടെ ദീർഘകാലാഭിലാഷത്തെ പ്രതിഫലിപ്പിക്കുന്ന അർഥഗരിമ മുമ്പ് എന്നത്തേക്കാളും അനിവാര്യമായൊരു സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ, തൊഴിൽ അവകാശങ്ങളുടെ വ്യഖ്യാനസാധ്യതകളിൽ ഒരു ശൂന്യത ബാക്കിയാക്കുക മാത്രമല്ല, ആ ശൂന്യത നിറക്കുവാൻ സാധിക്കും വിധമുള്ള വ്യാഖ്യാന സിദ്ധാന്തംകൂടി അവശേഷിപ്പിക്കുന്നുണ്ട്. ആ ഭാഷ ഇന്നത്തെ നിയമമല്ല എന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ആ സങ്കൽപനം നാളത്തെ നിയമതത്ത്വമായി മാറുമോ എന്ന കാര്യം, ഭാവിയിൽ വരാനിരിക്കുന്ന നിയമപോരാട്ടങ്ങളെയും സുപ്രീംകോടതി ബെഞ്ചുകളെയും ആശ്രയിച്ചിരിക്കും. ഇന്ത്യൻ ഭരണഘടന കൽപന, തൊഴിലവകാശങ്ങളെ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായി ഇനിയും കണക്കാക്കുന്നത് തുടരുമോ എന്ന കാര്യം കാലം തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.