പുനത്തില്‍ എന്ന ഡോക്ടര്‍ ഉമ്മൻ ചാണ്ടി എന്ന ഡ്രൈവര്‍
ജീവിതം കൊണ്ടോ പ്രവര്‍ത്തനം കൊണ്ടോ യാതൊരു സാമ്യവുമില്ലാത്തവര്. അവര്‍ ഒരേ കാലത്ത് ജീവിച്ചിരുന്നു; അത്രതന്നെ. മാധ്യമ ജീവിത കാലത്ത് ഈ രണ്ടുപേരുമായി ഞാന്‍ അടുത്തിടപഴകിയിരുന്നു. ഒരാള്‍ രാഷ്ട്രീയ നേതാവ്, രണ്ടാമത്തെയാള്‍ എഴുത്തുകാരന്. ഒരു മാധ്യമ പ്രവര്ത്തകന് പുലര്‍ത്തുന്ന, അല്ലെങ്കില്‍ പുലര്‍ത്തേണ്ട പ്രഫഷനല്‍ ബന്ധമായിരുന്നില്ല ഇവരോടുണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള -അനുഭവക്കുറിപ്പ്അവര് രണ്ടുപേരും തീര്‍ത്തും...
ജീവിതം കൊണ്ടോ പ്രവര്‍ത്തനം കൊണ്ടോ യാതൊരു സാമ്യവുമില്ലാത്തവര്. അവര്‍ ഒരേ കാലത്ത് ജീവിച്ചിരുന്നു; അത്രതന്നെ. മാധ്യമ ജീവിത കാലത്ത് ഈ രണ്ടുപേരുമായി ഞാന്‍ അടുത്തിടപഴകിയിരുന്നു. ഒരാള്‍ രാഷ്ട്രീയ നേതാവ്, രണ്ടാമത്തെയാള്‍ എഴുത്തുകാരന്. ഒരു മാധ്യമ പ്രവര്ത്തകന് പുലര്‍ത്തുന്ന, അല്ലെങ്കില്‍ പുലര്‍ത്തേണ്ട പ്രഫഷനല്‍ ബന്ധമായിരുന്നില്ല ഇവരോടുണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള -അനുഭവക്കുറിപ്പ്
അവര്‍ രണ്ടുപേരും തീര്‍ത്തും വ്യത്യസ്തരായിരുന്നു. എന്നുവെച്ചാല്‍ ജീവിതം കൊണ്ടോ പ്രവര്‍ത്തനം കൊണ്ടോ യാതൊരു സാമ്യവുമില്ലാത്തവര്. അവര്‍ ഒരേ കാലത്ത് ജീവിച്ചിരുന്നു; അത്രതന്നെ. മാധ്യമ ജീവിതകാലത്ത് ഈ രണ്ടുപേരുമായി ഞാന്‍ അടുത്തിടപഴകിയിരുന്നു. ഒരാള്‍ രാഷ്ട്രീയ നേതാവ്, രണ്ടാമത്തെയാള്‍ എഴുത്തുകാരന്. ഒരു മാധ്യമ പ്രവര്ത്തകന് പുലര്‍ത്തുന്ന, അല്ലെങ്കില്‍ പുലര്‍ത്തേണ്ട പ്രഫഷനല്‍ ബന്ധമായിരുന്നില്ല ഇവരോടുണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള... തങ്ങളുടെ മേഖലയില്‍ ഇന്നത്തെ പ്രയോഗം കടമെടുത്താല്‍ ഇവര്‍ അറിയപ്പെടുന്ന ‘ഇൻഫ്ലുവന്‍സേഴ്സ്’ ആയിരുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആത്മാര്‍പ്പണം കൊണ്ട് ജനമനസ്സില്‍ ഇവര്‍ ആദരം നേടി. ഇന്ന് കേരള ജനസംഖ്യയുടെ മുക്കാല്‍പങ്ക് മനുഷ്യരും ഇൻഫ്ലുവന്‍സര്‍മാരാണ്; സ്വയം തൊഴില്‍ കണ്ടെത്തുംപോലെ ഉപജീവനമാർഗം. ഇൻഫ്ലുവന്‍സര്‍ എന്ന് സ്വയം വിശേഷിപ്പിക്കും.
‘മാതൃഭൂമി’ ദിനപ്പത്രത്തിന്റെ സബ് എഡിറ്റര്‍ ട്രെയിനിയായി ചേര്‍ന്ന കാലം മുതല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി പരിചയത്തിലായി. കാല് നൂറ്റാണ്ടുമുമ്പേ പരിചയമുണ്ടല്ലോ എന്ന തരത്തിലാവും പുനത്തില്‍ ആദ്യമായി ഒരാളെ കാണുമ്പോള്‍ തന്നെ സംസാരിച്ചു തുടങ്ങുക. ആ സ്നേഹസമുദ്രത്തില്‍ വീണാല്‍, തിരികെ നീന്താനാവില്ല. രണ്ടായിരത്തില്‍ കൈരളി ചാനലിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായി ചേര്‍ന്നതു മുതൽക്കാണ് ഉമ്മൻ ചാണ്ടിയുമായുള്ള അടുപ്പം ആരംഭിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരോട് പൊതുവേ സുരക്ഷിത അകലം പാലിക്കുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉമ്മൻ ചാണ്ടിയുടെ വാക്കുകളെ എങ്ങനെയും വളച്ചൊടിക്കാം; വെട്ടിക്കീറാം. ഉമ്മൻ ചാണ്ടി ക്ഷോഭിക്കാറില്ല. ഇവര്‍ രണ്ടാള്ക്കുമൊപ്പമുള്ള ദൃശ്യമാധ്യമകാലത്തെ തിരഞ്ഞെടുക്കപ്പെട്ട രണ്ടോ മൂന്നോ ഓർമകളാണ് ഈ കുറിപ്പ്.
പുനത്തില്‍ കുഞ്ഞബ്ദുള്ള അക്കാലത്ത് തിരുവനന്തപുരത്ത് വരുന്നത് ഒരു പഴയ ദുബൈക്കാരന് അവധിക്ക് നാട്ടില്‍ വരുന്നതുപോലെയാണ്. പുതുമയുള്ള വേഷം, ബര്‍മൂഡ, പ്രിന്റഡ് ഷര്‍ട്ട്, കാതില്‍ സ്റ്റഡ് (stud), മേല്‍ത്തരം അത്തറിന്റെ മണം, ഉദാരമായ സല്‍ക്കാരം, പൊട്ടിച്ചിരിയില്‍ പൊട്ടിത്തകരുന്ന വിശേഷങ്ങള്‍... വരും മുമ്പ് അറിയിക്കും; വന്നാല്‍ വിളിക്കും. പാനപാത്ര സദസ്സില്‍ എവിടെയും ഞാനുണ്ടായിരുന്നു.
ഒരിക്കല്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തി:
മധു നായര്‍,സക്കറിയ
–നാളെ മുതല്‍ ഞാന്‍ ഇന്‍ഡ്യാ ഹോസ്പിറ്റലില്‍ ജോലിക്കു ചേരുന്നു.
ഞാന്‍ വിശ്വസിച്ചില്ല; ആരും വിശ്വസിച്ചില്ല.
കുഞ്ഞിക്ക എന്തെല്ലാം പറഞ്ഞിട്ടുണ്ട്; ഇനിയും പറയും. പക്ഷേ, ഇതങ്ങനെയായിരുന്നില്ല. ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള, ഇന്‍ഡ്യാ ഹോസ്പിറ്റല്‍, ഗാന്ധാരി അമ്മന്‍ കോവിലിനുസമീപം, തിരുവനന്തപുരം. അവിടെ ജോലി ആരംഭിച്ചു. ചേരാനുള്ള പ്രധാന കാരണക്കാരന്‍, മധു നായര്‍... എഴുത്തുകാരന്; കുഞ്ഞിക്കയുടെ ആത്മസ്നേഹിതന്... തമാശകളുടെ കാര്യത്തില്‍ ഉരുളയും ഉപ്പേരിയുമാണ് രണ്ടുപേരും.
ഡ്യൂട്ടി തീരുമ്പോഴേക്കും കുഞ്ഞിക്കയെ കാണാന്‍ ഞാന്‍ ഇന്‍ഡ്യാ ഹോസ്പിറ്റലില്‍ എത്താറുണ്ട്. ഒരു സന്ധ്യക്ക് ഫോണില്‍ കുഞ്ഞിക്ക പറഞ്ഞു:
–നീ അറിഞ്ഞോ, സക്കറിയ എന്റെ പേഷ്യന്റാണ്.
–എന്തുപറ്റി?
–അവന് പനി കൂടി; ഇവിടെ അഡ്മിറ്റാക്കി.
പനിയും ഡോക്ടറും പുതുമയല്ല. ഇവിടെ അങ്ങനെയല്ലല്ലോ. ഒരേ തലമുറയിലെ രണ്ട് പ്രശസ്ത എഴുത്തുകാര്‍; അടുത്ത സുഹൃത്തുക്കള്‍. ഒരാള്‍ രോഗി; മറ്റെയാള്‍ രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍. ഇതില്‍ കൗതുകഭാവമുള്ള ഒരു വാര്‍ത്തയുണ്ടെന്ന് തിരിച്ചറിയാന്‍ ജേണലിസ്റ്റ് ആകണമെന്നില്ല.
അന്നത്തെ ഇന്‍ഡ്യാ ഹോസ്പിറ്റലിലേക്കുള്ള എന്റെ യാത്ര ഒറ്റക്കായിരുന്നില്ല; കൂടെ കാമറാമാന് ചന്ദ്രശേഖരനെയും കൂട്ടി; എഴുത്തും എഴുത്തുകാരും പ്രിയങ്കരമാണ് ചന്ദ്രശേഖരന്.
പുതച്ചുകിടക്കുന്ന രോഗിയായ സക്കറിയ. വാര്‍ഡ് വിസിറ്റിങ്ങിനിറങ്ങുന്നു ഡോക്ടര്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള. കാമറ റെഡി; ഡോക്ടര്‍ വന്ന് രോഗിയെ പരിശോധിച്ചു.
–എങ്ങനെയുണ്ട്? കുറവ് തോന്നുന്നുണ്ടോ?
ഡോക്ടര്‍ തിരക്കി: രോഗിക്ക് ചിരിയടക്കാനാകുന്നില്ല. ഡോക്ടര്‍ രോഗിയുടെ തലയില്‍ കൈവച്ചു. പിന്നെ കാതൊന്ന് ഞെരുടി; മുഖം കുനിച്ച് ശബ്ദം താഴ്ത്തി ‘ഒറ്റമൂലി’ നിർദേശിച്ചു:
–കുറയുന്നില്ലെങ്കില്‍ ഒരു ബ്രാണ്ടി... അൽപം ചൂടുവെള്ളം ചേര്‍ത്ത്
ആ ആശുപത്രി വാര്‍ഡില്‍ ഏറെനേരം നീണ്ടുനിന്ന ഒരു കൂട്ടച്ചിരിയുണ്ടായി. കൈരളി ചാനലില്‍ ഡോക്ടര്‍–രോഗി വാര്‍ത്ത സംപ്രേഷണം ചെയ്തു.
രണ്ടായിരത്തി നാലുമുതല്‍ രണ്ടായിരത്തി ആറുവരെയാണ് ഉമ്മൻ ചാണ്ടി ആദ്യമായി മുഖ്യമന്ത്രിയായത്. എ.കെ. ആന്റണി രാജിവെച്ച ഒഴിവില്‍. ഒരഭിമുഖത്തില്‍ ചോദിച്ചിട്ടുണ്ട്:
–താങ്കളെ ഭയപ്പെടുത്തുന്നത് എന്തായിരിക്കും?
–ഏകാന്തത; ആള്‍ക്കൂട്ടമില്ലെങ്കില്‍ ഞാന്‍ അസ്വസ്ഥനാകും.
അവസാനകാലത്ത് ചികിത്സയിലിരിക്കെ ഉമ്മൻ ചാണ്ടി ഒറ്റക്കായി. അദ്ദേഹം ഭയപ്പെട്ടത് സംഭവിച്ചു.
അക്കാലത്ത് എയര്‍ ഇന്‍ഡ്യ തിരുവനന്തപുരത്തുനിന്ന് ദുബൈയിലേക്ക് ഒരു ബജറ്റ് എയര്‍ലൈന്‍സ് ആരംഭിച്ചു. ഉദ്ഘാടന പറക്കലിന് മുഖ്യമന്ത്രിക്കൊപ്പം മാധ്യമ പ്രതിനിധികളെയും ദുബൈക്ക് കൊണ്ടുപോയി; കൈരളിയെ പ്രതിനിധീകരിച്ച് ഞാനും വിമാനത്തില്‍, ആള്‍ക്കൂട്ടത്തില്‍നിന്നും മോചിതനായ ഉമ്മൻ ചാണ്ടിയെ ആദ്യമായി കണ്ടു. ആള്‍ക്കൂട്ടവും ശിപാർശകളുമില്ലാതെ ദുബൈ വരെ അദ്ദേഹം എങ്ങനെ കഴിച്ചുകൂട്ടുമെന്ന് ഞാനോര്‍ത്തു.
ജനങ്ങളുടെ പരാതി േകൾക്കുന്ന ഉമ്മന്‍ ചാണ്ടി
ശിപാര്ശക്കാരില്ലാതെ ആദ്യമായി മുഖ്യമന്ത്രിയെ കാണുകയാണെന്ന് പറയാന്‍ തുടങ്ങിയതും നിവേദനവുമായി രണ്ടുപേര്‍; ശിപാര്‍ശക്കത്ത് വേണം. ഒരാള്‍ എയര്‍ഹോസ്റ്റസ്; വിഷയം സഹോദരന്റെ ജോലിക്കാര്യം. രണ്ടാമത്തെയാള്‍ കാബിന് ക്രൂവില്പ്പെട്ട യുവാവ്; (അദ്ദേഹത്തിന്റെ ആവശ്യം എന്തായിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല) ആകാശത്തും നിവേദനമെന്ന് പറഞ്ഞ് ചിരിച്ചു.
ഉമ്മൻ ചാണ്ടിക്കൊപ്പം ഒരു തെരഞ്ഞെടുപ്പ് പ്രചാരണ കാലം. ഇത്ര മത്സരമില്ലെങ്കിലും ചാനലുകള്‍ വ്യത്യസ്തതക്കായി മത്സരിക്കാറുണ്ട്. പുതുമയുള്ള ദൃശ്യങ്ങള്‍ വേണം. ഉമ്മൻ ചാണ്ടി ഡ്രൈവ് ചെയ്യുന്ന കാറില്‍ തൊട്ടടുത്തിരുന്ന് ഒരഭിമുഖം; പുതുമയുണ്ടാകുമെന്നത് ഉറപ്പാണ്. ഏറ്റുമാനൂര്‍ ഭാഗത്താണ്; കാര്യം പറഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി നിഷേധിച്ചില്ല. ഒന്നാലോചിച്ചിട്ട് മെല്ലെ പറഞ്ഞു:
–സ്റ്റിയറിങ്ങില്‍ തൊട്ടിട്ട് ഒരുപാടു കാലമായി
–സാരമില്ല; കുറച്ചുദൂരം മതി
സമ്മതിച്ചു.
പക്ഷേ, ഏതു കാര്‍. അദ്ദേഹത്തിന്റെ ഇന്നോവ നിറയെ ആളുണ്ട്; അഞ്ചോ ആറോ പേര്. പെട്ടെന്നുള്ള പരിഹാരമാണ് ഉമ്മൻ ചാണ്ടി സ്റ്റൈല്‍. ഇന്നോവയില്‍ നിന്നിറങ്ങിയ ഉമ്മന്‍ ചാണ്ടി തൊട്ടുപിറകെ വന്ന ഒരു ചുവന്ന കാറിനു കൈകാണിച്ചു. അയാളെ മുന്‍പരിചയമില്ല; അയാള്‍ക്കറിയാമല്ലോ; അതുമതി. ചുവന്ന മാരുതി സെന്‍. ഓടിക്കാന്‍ കൊടുക്കാന്‍ ആള് തയാര്‍.
ഉമ്മൻ ചാണ്ടി ഡ്രൈവിങ് സീറ്റില്‍; തൊട്ടടുത്ത് ഞാന്‍. പിന്നില്‍ കാമറാമാന്. ആദ്യം കാറൊന്നു പാളി; പെട്ടെന്ന് നേരെയായി.
–താങ്കള്‍ നല്ല ഡ്രൈവറാണോ?
–അത് വഴിയേ പോകുന്നവരാണ് പറയേണ്ടത്
ഉമ്മന്‍ ചാണ്ടി സ്റ്റൈല്‍ മറുപടി.
–ഡ്രൈവിങ് നിര്‍ത്തിയത് എന്തുകൊണ്ടാണ്?
–ആദ്യമായി എം.എല്‍.എ ആയ കാലം ഞാന്‍ ഒരു അംബാസഡര്‍ ഓടിച്ച് സ്പെന്‍സര്‍ ജങ്ഷനിലൂടെ (തിരുവനന്തപുരം) താഴേക്ക്... എന്തോ ഓര്‍ത്തുകൊണ്ടാണ് ഓടിച്ചത്. സൂക്ഷം; ഒരു സൈക്കിളുകാരനെ തട്ടി. അവിടെ ചാടിയിറങ്ങി; അന്ന് ഡ്രൈവിങ് നിര്‍ത്തി.
എതിരെ, ഏതെങ്കിലും ഒരു സൈക്കിളുകാരന് വരുന്നുണ്ടോ എന്നായി എന്റെ ആധി; കാറോടിക്കുന്ന ഉമ്മൻ ചാണ്ടിക്കു പിന്നാലെ സൈക്കിളും സ്കൂട്ടറും കാറും... അപൂർവമായ ആ കാഴ്ച കാണാന്‍ ആള്‍ക്കൂട്ടം...
കാര്‍ മുന്നോട്ടെടുക്കാനായില്ല
ഉമ്മന്‍ ചാണ്ടി ഇറങ്ങിനടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.