ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ചുവടുകൾ

ആർ.എസ്.എസും അതിന്റെ ഹിന്ദുത്വ പ്രചാരണവും എങ്ങനെയൊക്കെയാണ് രാജ്യത്ത് വേരോട്ടം നടത്തിയതെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രം തീർക്കുന്ന അപകടങ്ങൾ എന്തെന്നും പരിശോധിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. കഴിഞ്ഞ ലക്കം തുടർച്ച. 2025 ആഗസ്റ്റ് 14ന് വിഭജനഭീതി സ്മരണദിനമായി ആചരിക്കാൻ സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാർക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ കത്തെഴുതിയത്‌ കാര്യങ്ങൾ എങ്ങോട്ടേക്കാണെന്നതിന്റെ വ്യക്തമായ സൂചനയാണ്‌. സർവകലാശാലകളിലും കോളജുകളിലും അനുസ്മരണ പരിപാടികളും സെമിനാറുകളും നാടകാവതരണങ്ങളും പോസ്റ്റർ രചനയും ഉൾപ്പെടെ നടത്താനാണ് രാജ്ഭവൻ പ്രത്യേക സർക്കുലറിലൂടെ ആവശ്യപ്പെട്ടതും....

ആർ.എസ്.എസും അതിന്റെ ഹിന്ദുത്വ പ്രചാരണവും എങ്ങനെയൊക്കെയാണ് രാജ്യത്ത് വേരോട്ടം നടത്തിയതെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രം തീർക്കുന്ന അപകടങ്ങൾ എന്തെന്നും പരിശോധിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. കഴിഞ്ഞ ലക്കം തുടർച്ച.

2025 ആഗസ്റ്റ് 14ന് വിഭജനഭീതി സ്മരണദിനമായി ആചരിക്കാൻ സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസലർമാർക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ കത്തെഴുതിയത്‌ കാര്യങ്ങൾ എങ്ങോട്ടേക്കാണെന്നതിന്റെ വ്യക്തമായ സൂചനയാണ്‌. സർവകലാശാലകളിലും കോളജുകളിലും അനുസ്മരണ പരിപാടികളും സെമിനാറുകളും നാടകാവതരണങ്ങളും പോസ്റ്റർ രചനയും ഉൾപ്പെടെ നടത്താനാണ് രാജ്ഭവൻ പ്രത്യേക സർക്കുലറിലൂടെ ആവശ്യപ്പെട്ടതും. 79ാം സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള തയാറെടുപ്പുകൾക്കിടെയായിരുന്നു ഗവർണറുടെ വിഭജനഭീതി ഓർമദിനാചരണ പ്രഖ്യാപനം. സ്വാതന്ത്ര്യത്തിന്‌ മുക്കാൽ നൂറ്റാണ്ട്‌ തികഞ്ഞ 2021 ആഗസ്റ്റ് 15ന്‌ പ്രധാനമന്ത്രി നരേ ന്ദ്ര മോദിയാണ് വിഭജനഭീതിയുടെ ഓർമദിനമായി ആഗസ്റ്റ് 14 ആചരിക്കാൻ ആഹ്വാനം നൽകിയത്. മതനിരപേക്ഷത തകർക്കുന്ന ദിനാചരണം അനുവദിക്കാനാവില്ലെന്ന് കേരളത്തിലെ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ വ്യക്തമാക്കി. ഭരണഘടനാ പദവി അലങ്കരിക്കുന്ന ഗവർണർ വിഭജന രാഷ്ട്രീയത്തിന്റെ വക്താവും ആർ.എസ്.എസ്‌ ആശയപ്രചാരകനുമായി സാന്നിധ്യമറിയിച്ചത്‌ തീർത്തും അപകടകരമാണ്‌.

ദേശീയ വിമോചന പ്രക്ഷോഭ പ്രസ്ഥാനം ഹിന്ദുരാഷ്ട്രം ഉറപ്പുകൊടുക്കാത്തതിനാൽ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിൽനിന്നും ഒഴിഞ്ഞുമാറാനാണ്‌ ഗോൾവാൾക്കറും സവർക്കറും ആർ.എസ്.എസുകാരോട്‌ നിർദേശിച്ചത്‌. ബ്രിട്ടീഷുകാരോട് പോരാടി ഹിന്ദുക്കൾ ഊർജം നശിപ്പിക്കരുതെന്നും ആഭ്യന്തര ശത്രുക്കളായ മുസ്‍ലിംകളോടും ക്രിസ്ത്യാനികളോടും കമ്യൂണിസ്റ്റുകാരോടും ഏറ്റുമുട്ടണമെന്ന ത്രികോണ യുദ്ധത്തിന്റെ ഫോർമുലയാണ്‌ മുന്നോട്ടുവെച്ചതും. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ച് നരേന്ദ്ര മോദി 2014ൽ കേന്ദ്രത്തിൽ അധികാരമേറിയപ്പോൾ മാത്രമാണ് യഥാർഥ സ്വാതന്ത്ര്യം അനുഭവവേദ്യമായതെന്നാണ്‌ കാവിപ്പടയുടെ പുതിയ വാദം. പാകിസ്താന് ഇസ്‍ലാമിക രാഷ്ട്രമാകാമെങ്കിൽ ഇന്ത്യക്ക് എന്തുകൊണ്ട് ഹിന്ദുരാഷ്ട്രമായിക്കൂടെന്ന അത്യപകടകരമായ ചോദ്യമാണ്‌ ആർലേക്കർ അടക്കമുള്ളവർ സ്വാഭാവികമെന്നോണം ഉന്നയിച്ചതും.

1940ൽ മുസ്‍ലിം ലീഗ് ദ്വിരാഷ്ട്ര പ്രമേയം ശരിവെക്കുന്നതിന്‌ ഏറെ വർഷങ്ങൾക്കു മുമ്പ് ഹിന്ദുമഹാസഭയും ആർ.എസ്.എസും അതിനുള്ള ആശയ പശ്ചാത്തലവും വിതച്ചിരുന്നു. വിഭജന ഭീകരത സ്മരണദിനാചരണത്തിൽ ആർ.എസ്.എസ്‌ ഒട്ടിനിൽക്കുന്നത് വിഭജനത്തിന്റെ ഉത്തരവാദിത്തമാകെ മുസ്‍ലിംകളിൽ ഇറക്കിവെക്കാനാണ്‌. 1937ൽ ഹിന്ദുമഹാസഭയുടെ, അഹ്മദാബാദിൽ നടന്ന 19ാം സമ്മേളനത്തിലാണ്‌ സവർക്കർ ഹിന്ദുക്കൾക്ക് മാത്രമായുള്ള ഭാരതം അടിവരയിട്ടത്‌. അതിൽ രണ്ടാംതരം പൗരരായി മുസ്‍ലിംകൾ കഴിയേണ്ടിവരുന്നത് മനസ്സിലാക്കിയാണ്‌ മതവാദിയല്ലാതിരുന്ന മുഹമ്മദലി ജിന്ന 1940ലെ മുസ്‍ലിം ലീഗിന്റെ ലാഹോർ സമ്മേളനം പാസാക്കിയ പുതിയ രാജ്യത്തിന്റെ ആവശ്യം ഉൾപ്പെടുത്തിയത്‌.

പാകിസ്താൻ പ്രമേയത്തിന്‌ മുമ്പും ശേഷവും ദ്വിരാഷ്ട്ര വാദത്തെ എതിര്‍ത്ത ഒട്ടേറെ മുസ്‍ലിം നേതാക്കളുണ്ടായിരുന്നു. ദ്വിരാഷ്ട്ര വാദം ഏറ്റെടുത്ത ലീഗിനോട് പരസ്യമായി ഇടയുകയും തെരുവില്‍ നേരിടുകയുംചെയ്തിട്ടുമുണ്ട്. ലഹളകളിൽ മുസ്‍ലിംകൾ അധികം ഭാഗഭാക്കായതുമില്ല. അഹ്മദാബാദിൽ അന്ന് സവർക്കർ വാദിച്ചത്‌, ഇന്ത്യ ഒരു രാജ്യമാണെങ്കിലും ഉള്ളിൽ രണ്ട് രാഷ്ട്രങ്ങൾ –ഹിന്ദുക്കളും മുസ്‍ലിംകളും– എന്നാണ്. 1923ല്‍ ‘ഹിന്ദുത്വ’ സംബന്ധിച്ച കൃതിയിൽതന്നെ ആ ആശയത്തിന്റെ രൂപരേഖ വരച്ചിടുകയുണ്ടായി. അതിൽ മുസ്‍ലിംകളെ പൗരന്മാരായിപ്പോലും അംഗീകരിച്ചിരുന്നില്ല. വിഭജനത്തിന് എന്നും അനുകൂലമായിരുന്ന സവര്‍ക്കർ ഒരു ഘട്ടത്തില്‍ ഹിന്ദുസ്താന്‍, പാകിസ്താന്‍, സിഖിസ്താന്‍ എന്നിങ്ങനെയൊരു ഫോർമുലയും ഉയർത്തിക്കാട്ടി.

ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം

ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പതിപ്പിച്ച് ഹര്‍ദീപ് സിങ് പുരിക്ക്‌ മുഖ്യ ചുമതലയും സുരേഷ് ഗോപി സഹമന്ത്രിയുമായ പെട്രോളിയം മന്ത്രാലയം സ്വാതന്ത്ര്യദിനാഘോഷത്തിന്‌ ഇറക്കിയ പോസ്റ്റർ വലിയ വിവാദമാണുണ്ടാക്കിയത്‌. സവര്‍ക്കര്‍, ഗാന്ധിജി, ഭഗത് സിങ്‌, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെ നിരത്തിയ ഫോട്ടോകളിൽ ആദ്യ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന്‌ ഇടംനൽകിയതുമില്ല. രാജ്യ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും എല്ലാ ദിവസവും അതിനെ പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് ഓർമിക്കാമെന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്‌റ്റർ. ഗാന്ധിവധ ശേഷം നിരോധിക്കപ്പെട്ട ആർ.എസ്.എസിനും ആ ഗൂഢാലോചനയിൽ വിചാരണ ചെയ്യപ്പെട്ട സവർക്കർക്കും മഹത്ത്വപട്ടം ചാർത്തിക്കൊടുക്കാനാണ്‌ ശ്രമം.

1949 നവംബർ 26ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഭരണഘടനക്ക് അന്തിമ അംഗീകാരം നൽകിയപ്പോൾ ഭരണഘടനക്കു പകരം മനുസ്മൃതി ഉയർത്തിപ്പിടിക്കണമെന്നാണ് ആർ.എസ്.എസ് മുഖപത്രം ‘ഓർഗനൈസർ’ മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടത്‌. സവർക്കർ അധ്യക്ഷനായ ഹിന്ദുമഹാസഭ ആദ്യ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ബഹിഷ്കരിക്കുകയായിരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകനും എ.ബി. വാജ്പേയി മന്ത്രിസഭാംഗവുമായിരുന്ന അരുൺ ഷൂരി സവർക്കറെ സംബന്ധിച്ച്‌ ‘ദി ന്യൂ ഐക്കൺ: സവർക്കർ ആൻഡ്‌ ദി ഫാക്ട്സ്‌’ (പ്രസാധനം 2024 ജനുവരി 31) എന്ന ശീർഷകത്തിൽ ഒരു കൃതി രചിച്ചിട്ടുണ്ട്‌.

സ്വാതന്ത്ര്യസമരത്തിൽ സവർക്കർക്ക്‌ ഒരു പങ്കുമില്ല. ഇന്ത്യ ഒരു രാഷ്ട്രമല്ല, രണ്ട് രാജ്യങ്ങൾ ഉൾക്കൊള്ളുന്നുവെന്നും അതിനാൽ വിഭജിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ വാദം ജിന്നക്ക് ഉപയോഗപ്രദമായി എന്നതൊഴിച്ചാൽ മറ്റൊന്നില്ല എന്നാണ്‌ ഷൂരിയുടെ നിഗമനം. പുസ്തകത്തിലെ ഏറ്റവും പ്രധാന വെളിപ്പെടുത്തലുകളിലൊന്ന് ഗാന്ധിവധത്തിലെ സവർക്കറുടെ പങ്കിനെക്കുറിച്ചുള്ളതാണ്. ഗാന്ധി രക്തസാക്ഷിത്വ വാർഷികമായ ജനുവരി 30ന് കൃതി പുറത്തിറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ആർ.എസ്.എസ്‌ എതിർപ്പിനെത്തുടർന്ന് ഒരു ദിവസത്തേക്ക് മാറ്റി. നാഥുറാം ഗോദ്​െസയുമായി സവർക്കറുടെ പ്രത്യയശാസ്ത്രത്തെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഷൂരി സൂക്ഷ്മതയോടെയാണ്‌ നിരത്തിയത്‌. കോടതിമുറി പ്രസ്താവനകളെ പൊളിച്ചെഴുതുകയുംചെയ്‌തു.

ഫാഷിസ്റ്റ് വിരുദ്ധ ചലച്ചിത്ര ലോകം

ജർമൻ നിയമജ്ഞനും എഴുത്തുകാരനും നാസി സൈദ്ധാന്തികനുമായിരുന്ന കാൾഷ്മിറ്റ്, രാഷ്ട്രീയാധികാരത്തിന്റെ ഫലപ്രദമായ ഉപയോഗം മുൻനിർത്തി അതിവിപുലങ്ങളായ പഠനങ്ങൾ രചിക്കുകയുണ്ടായി. സ്വേച്ഛാധിപത്യ യാഥാസ്ഥിതിക സൈദ്ധാന്തികനായ അദ്ദേഹം പാർലമെന്ററി ജനാധിപത്യം, ലിബറലിസം തുടങ്ങിയവയുടെ വിമർശകനുമായിരുന്നു. 1933ൽ നാസി പാർട്ടിയിൽ ചേരുകയും ഭരണകൂടത്തിന് പ്രത്യയശാസ്ത്ര ന്യായീകരണം നൽകാൻ നിയമ, രാഷ്ട്രീയ സിദ്ധാന്തങ്ങൾ ഉപയോഗിക്കുകയും ചെയ്തു. ഷ്മിറ്റിന്റെ ഡോക്ടറൽ തിസീസ്‌ ‘ഉബർ ഷുൾഡ് അൻഡ് ഷുൾഡാർട്ടൻ’ (കുറ്റബോധവും കുറ്റബോധത്തിന്റെ തരങ്ങളും) എന്ന ശീർഷകത്തിലായിരുന്നു. 1962ൽ ഫ്രാങ്കോയിസ്റ്റ് സ്പെയിനിൽ പ്രഭാഷണങ്ങൾ നടത്തി. അതിൽ രണ്ടെണ്ണം ‘തിയറി ഓഫ് ദി പാർട്ടിസൻ’ എന്ന കൃതിയായി പ്രസിദ്ധീകരിച്ചു. സ്പാനിഷ് ആഭ്യന്തരയുദ്ധത്തെ അന്താരാഷ്ട്ര കമ്യൂണിസത്തിനെതിരായ ദേശീയ വിമോചന യുദ്ധമെന്നാണ്‌ അതിലെ വിശേഷണം.

ശത്രു-മിത്രം വേർതിരിവാണ് രാഷ്ട്രീയത്തിന്റെ കാതലെന്ന ആശയം മുന്നോട്ടുവെച്ചതും കാൾ ഷ്മിറ്റാണ്‌. ആ വിഭജനം തങ്ങളുടെ അസ്തിത്വപ്രശ്നമാണെന്നും മറുഭാഗത്തുള്ളവർ എങ്ങനെ പെരുമാറുന്നുവെന്നതൊന്നും അവരോട് നമ്മൾ എന്തുചെയ്യുമെന്ന കാര്യം വരുമ്പോൾ കണക്കിലെടുക്കേണ്ടതില്ലെന്നാണ്‌ അതിന്റെ ഊന്നൽ. ദേശീയ സോഷ്യലിസത്തെ മാതൃകാ ഗവൺമെന്റ് രൂപമായി അവതരിപ്പിച്ച, ഹിറ്റ്‌ലർ ഭരണകാലത്തെ നാസി പ്രചാരണ സിനിമയായ ‘ഒളിംപിയ’ക്ക്‌ 1938ലെ വെനീസ്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വാൾട്ട് ഡിസ്നിയുടെ ‘സ്നോ വൈറ്റ് ആൻഡ് ദി സെവൻ ഡ്വാർഫ്സ്’ അവഗണിച്ച്‌ ഗ്രാൻഡ് പ്രൈസ് അംഗീകാരം ചാർത്തിനൽകിയതിനെതിരെ ലോക ഫാഷിസ്റ്റ് വിരുദ്ധ ചലച്ചിത്ര ലോകം പ്രതിഷേധിക്കുകയുണ്ടായി. ഹിറ്റ്‌ലറുടെ മനുഷ്യവിരുദ്ധതകൾക്ക്‌ ന്യായീകരണം ചമയ്‌ക്കാൻ ലെനി റീഫൻസ്റ്റൾ ഒരുക്കിയ അഭ്രഭാഷ്യങ്ങൾ പ്രചാരണത്തിന്റെ മാരകരൂപങ്ങളായിരുന്നു.

നർത്തകിയായാണ് അവരുടെ കലാപ്രവർത്തന തുടക്കം. ചെറുപ്പത്തിലേ നീന്തൽക്കാരി, ജിംനാസ്റ്റിക് താരം എന്നീ നിലയിലും പ്രശസ്ത. ചിത്രകലയിലും കവിതയിലും വ്യാപൃതയായി. യൂറോപ്പിലുടനീളം നൃത്തപരിപാടികൾ നടത്തുകയും ചെയ്തു. കാൽമുട്ട്‌ ശസ്ത്രക്രിയയെ തുടർന്ന് നൃത്തം വഴങ്ങാതിരുന്നപ്പോഴാണ്‌ ചലച്ചിത്രങ്ങളിൽ സാന്ത്വനം കണ്ടെത്തിയത്‌. 1924ൽ റിലീസായ ‘മൗണ്ടൻ ഓഫ് ഡെസ്റ്റിനി’ പോസ്റ്റർ കാണാനിടയായത്‌ സിനിമ നിർമാണത്തിലേക്ക് കടക്കാൻ പ്രചോദനമായി. അഭിനയത്തിനു പുറമെ തിരക്കഥയിലും ഇടംനേടി. 1929ലെ ‘ദി വൈറ്റ് ഹെൽ ഓഫ് പിറ്റ്സ് പാലു’വിലെ വേഷം ഏറെ സ്വീകരിക്കപ്പെട്ടു. ആദ്യ സംവിധാന സംരംഭം 1932ലെ ‘ദി ബ്ലൂ ലൈറ്റ്’. വെനീസിൽ വെള്ളിമെഡൽ ചൂടിയ അതിലെ പ്രധാന കഥാപാത്രമായെത്തി.

അക്കൊല്ലം ഹിറ്റ്ലറുടെ പ്രസംഗം കേൾക്കാനിടയാവുകയും അയാളുടെ കടുത്ത ആരാധികയാവുകയുംചെയ്‌തു. ലെനിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം 1933ലെ നാസി പാർട്ടിയുടെ അഞ്ചാം സമ്മേളനമായ ന്യൂറംബർഗ് റാലി മുൻനിർത്തിയുള്ള ചലച്ചിത്രമൊരുക്കാൻ ഹിറ്റ്‌ലർ നിർദേശിച്ചു. അത്‌ പുറത്തിറങ്ങാതിരുന്നിട്ടും ഇരുവരും തമ്മിലുള്ള അടുപ്പമേറി. പ്രചാരണ മന്ത്രി ജോസഫ് ഗീബൽസിന്റെ ഓഫിസുമായി ബന്ധപ്പെട്ട്‌ പ്രവർത്തനം തുടങ്ങി. ന്യൂറംബർഗ്‌ റാലിയെപ്പറ്റിയുള്ള ‘ട്രയംഫ് ഓഫ് ദി വിൽ’ നാഷനൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ശക്തി വ്യക്തമായി പ്രദർശിപ്പിച്ചതായിരുന്നു. നാസിസത്തെക്കുറിച്ച് നല്ലതായി പ്രചരിപ്പിക്കപ്പെട്ടതെല്ലാം ഇടംനേടി. 1936ലെ ബർലിൻ ഒളിമ്പിക്‌സ്‌ ഇതിവൃത്തമാക്കിയ ‘ഒളിംപിയ’ സംവിധാനംചെയ്യാൻ ഹിറ്റ്ലർ നേരിട്ട്‌ ആവശ്യപ്പെടുകയായിരുന്നു. നാസി ജർമനിയിൽ അതോടുള്ള പ്രതികരണം ആവേശകരവുമായി.

 

കുടിയൊഴിപ്പിക്കലിന്‍റെ ഭാഗമായി അസമിൽ ഭരണകൂടം കെട്ടിടങ്ങൾ ഇടിച്ചു നിരത്തുന്നു 

‘കേരള സ്‌റ്റോറി’യുടെ വർഗീയ ഉള്ളടക്കം

സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച് വിപുൽ അമൃത്‌ലാൽ ഷാ നിർമിച്ച ‘ദി കേരള സ്റ്റോറി’ ഹിന്ദി സിനിമ പ്രചരണാത്മകതയുടെ ഇന്ത്യൻ ഉദാഹരണമാണ്‌. അതിന്‌ ദേശീയ പുരസ്‌കാരം നൽകിയത്‌ വൻ വിവാദമായിരുന്നല്ലോ. കേരളത്തെയോ ഭീകരവാദത്തെയോ സംബന്ധിച്ച്‌ യാഥാർഥ്യബോധമില്ലാത്ത അവതരണമായിരുന്നു അതിൽ. ആദ ശർമ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്നാനി, ദേവദർശിനി, വിജയ് കൃഷ്ണ, പ്രണയ് പചൗരി, പ്രണവ് മിശ്ര എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ. കേരളത്തിലെ സ്ത്രീകളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്നുവെന്ന വ്യാജപ്രചാരണമാണ് സിനിമ ഉയർത്തിയത്‌. അത് വർഗീയവിദ്വേഷം ഇളക്കിവിടുന്നതായി. യഥാർഥ സംഭവങ്ങൾ അടിസ്ഥാനമാക്കിയതാണ്‌ സംരംഭമെന്ന്‌ നിർമാതാക്കൾ അവകാശപ്പെട്ടെങ്കിലും ഒരു അടിസ്ഥാനവുമില്ലാത്ത നുണകളാണ്‌ കുത്തിനിറച്ചത്‌. വർഗീയ ധ്രുവീകരണ ശ്രമങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സൂചിപ്പിച്ച്‌ സംപ്രേഷണം തടയണമെന്ന ആവശ്യവുമുയർന്നു. കേരളത്തിൽനിന്ന് അപ്രത്യക്ഷരായി ഇറാഖിലും സിറിയയിലും തീവ്രവാദ സംഘടനകളിൽ ചേർന്ന 32,000 സ്ത്രീകളെക്കുറിച്ചാണ് ചിത്രം പറയുന്നത്.

ഭരണകൂടോപകരണമായ ബുൾഡോസറുകൾ

വംശീയ മേൽക്കോയ്മാ മനോഭാവവും വംശഹത്യയുടെ തത്ത്വശാസ്‌ത്രവും മുളപ്പിക്കുന്ന വെറുപ്പിന്റെയും അധികാരഭ്രാന്തിന്റെയും ആയുധങ്ങൾ നിരപരാധികളും നിസ്സഹായരുമായ മനുഷ്യരുടെ മുകളിലേക്ക്‌ പാഞ്ഞുകയറുന്നത്‌ പലവിധത്തിലാണ്‌. ബുൾഡോസറുകളാണ്‌ അതിൽ പ്രധാനം. ഫലസ്‌തീനിൽ അത്തരം നിർമിതബുദ്ധി (എ.ഐ) വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. ഭരണകൂട ഭീകരതയുടെ പ്രതീകമായ ബുൾ‍ഡോസറുകൾ നീതിയെയും നിയമവാഴ്ചയെയും നിലംപരിശാക്കുന്നതാണ്‌. കൈയിൽ നിയമപരമായ അവകാശ രേഖകളുണ്ടായിട്ടും ന്യൂനപക്ഷ-ദലിത്‌ വിഭാഗങ്ങളുടെ മണ്ണും കിടപ്പാടവും നിലംപരിശാക്കി വിജയഭേരി മുഴക്കുമ്പോൾ നീതി സ്വയം നിശ്ശബ്ദമാവുകയും കോടതികൾ മുഖംതിരിക്കുകയുമാണ്‌. അസമിലെ ബംഗാൾ വംശജരായ മുസ്‍ലിം ജനതക്കുനേരെ ഇരച്ചുപാഞ്ഞ കൂറ്റൻ ബുള്‍ഡോസറുകൾ 3600 വീടുകൾ പൊളിച്ചപ്പോൾ തകർന്നത് അവിടെ ജീവിക്കുന്നുവെന്ന്‌ സമാശ്വസിച്ച്‌ ഒന്നും സംഭവിക്കില്ലെന്ന അതിദരിദ്രരുടെ ഉറപ്പുകൂടിയാണ്‌.

ഉന്മൂലനത്തിന്റെയും മരണത്തിന്റെയും അധികാരപ്രയോഗം നൂറുകണക്കിന്‌ വീടുകൾ വിഴുങ്ങുക മാത്രമല്ല, ജീവിതങ്ങളെയും ഓർമകളെയും ദഹിപ്പിക്കുകയുമായിരുന്നു. അസമിലേത് ബി.ജെ.പി സർക്കാർ നേതൃത്വം നൽകുന്ന മുസ്‍ലിം വംശഹത്യയാണ്‌. അസമിലെ സിപഝർ മേഖലയിലെ ധാൽപുർ ചാറിൽ 400 മുസ്‍ലിം കുടുംബങ്ങളെ കുടിയിറക്കൽ നോട്ടീസോ മുന്നറിയിപ്പോ നൽകാതെ 2024 മേയ് 20ന് വീടുകളിൽനിന്ന് പുറത്താക്കുകയുണ്ടായി. ശേഷം അവ ബുൾഡോസറുകൾ ഉപയോഗിച്ച് നിലംപരിശാക്കുകയായിരുന്നു. 2021 സെപ്റ്റംബറിൽ അതേ പ്രദേശത്ത് നടന്ന കുടിയൊഴിപ്പിക്കലിൽ 1000 വീടുകൾ തകർത്ത്‌ 7000 ​േപരെ ഭവനരഹിതരാക്കി, രണ്ട് മുസ്‍ലിംകൾ കൊല്ലപ്പെട്ടു. കോൺഗ്രസിൽനിന്ന്‌ കൂറുമാറി ബി.ജെ.പിയിലെത്തിയ ഹിമന്ത ബിശ്വ ശർമയുടെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനം അനധികൃത കൈയേറ്റക്കാരിൽനിന്ന് ഭൂമി മോചിപ്പിക്കുമെന്നായിരുന്നു.

1991 തൊട്ട്‌ 2015 വരെ കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന, തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശർമയാണ്‌ സംസ്ഥാനത്ത്‌ ആ ഹിംസാത്മകതക്ക് നേതൃത്വം നൽകുന്നതെന്നത്‌ വിരോധാഭാസമായി തോന്നാം. വ്യാജ ആരോപണങ്ങൾ നിരത്തി അസമിലെ മുസ്‍ലിംകളെ ജീവച്ഛവങ്ങളാക്കുകയാണ്‌. ആ മതവിശ്വാസികളെല്ലാം അനധികൃത കുടിയേറ്റക്കാരാണെന്നും ബംഗ്ലാദേശികളാണെന്നും ഭീകരവാദികളാണെന്നുമാണ്‌ ഔദ്യോഗിക വിശദീകരണം. വംശശുദ്ധിയാണ്‌ ലക്ഷ്യം. 1971 മാർച്ച് 24നു ശേഷം അസമിൽ കഴിയുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും എന്നെന്നേക്കുമായി തുരത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി നൂറുകണക്കിനാളുകളെ ആട്ടിപ്പായിച്ചതായി നിയമസഭയെ തന്നെ അറിയിക്കുകയുംചെയ്‌തു. പതിറ്റാണ്ടുകൾകൊണ്ട്‌ കരുപ്പിടിപ്പിച്ച ജീവിതമാണ്‌ ഒരു രാത്രി വെളുക്കുമ്പോഴേക്ക്‌ കൈമോശംവന്നത്‌. പാൽക്കൻ വനപ്രദേശത്തെ 2700 കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് 1080 ബംഗാളി മുസ്‍ലിം കുടുംബങ്ങളെ പെരുവഴിയിലേക്ക് തള്ളുകയുമുണ്ടായി.

ഹിമന്ത ബിശ്വ ശർമയുടെ വ്യാജ ആരോപണങ്ങൾ

2011ലെ സെന്‍സസ് പ്രകാരം അസമിലെ ജനസംഖ്യയില്‍ 34 ശതമാനത്തിലേറെ മുസ്‍ലിംകളാണെന്നും അതില്‍ 31 ശതമാനം കുടിയേറ്റക്കാരാണെന്നും സംസ്ഥാനത്ത്‌ ആ ജനവിഭാഗത്തിലുള്ളവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി. നിലവിലെ വളര്‍ച്ചനിരക്ക് തുടര്‍ന്നാല്‍ സംസ്ഥാനത്തെ മുസ്‍ലിം ജനസംഖ്യ 2041 ൽ ഹിന്ദുക്കള്‍ക്ക് തുല്യമാകുമെന്നും ദിബ്രുഗഡിലെ മന്ത്രിസഭ യോഗശേഷം വാർത്തസമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു. നിലവില്‍ താമസിക്കുന്ന ആകെ മുസ്‍ലിംകളില്‍ മൂന്ന് ശതമാനം മാത്രമാണ് തദ്ദേശീയ അസമീസ് മുസ്‍ലിംകളെന്നായിരുന്നു തദ്ദേശീയര്‍ ന്യൂനപക്ഷമായി മാറുമോയെന്ന ചോദ്യത്തിനുള്ള മറുപടി. ഹിമന്ത ബിശ്വ ശർമ ആർ.എസ്.എസ്‌ നിഘണ്ടുവിലേക്ക്‌ ‘വാടക ജിഹാദ്‌’, ‘ജനസംഖ്യാ ജിഹാദ്‌’ തുടങ്ങിയ പ്രയോഗങ്ങൾ സംഭാവന നൽകിയിരിക്കയാണ്‌.

വാടക വീടുകളിലൂടെ സാംസ്കാരിക മാറ്റത്തിന്റെ ‘പാറ്റേൺ' രൂപവത്കരിക്കുന്നതിനെതിരെയാണ്‌ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അയൽപക്കങ്ങളുടെ സാംസ്കാരികവും മതപരവുമായ സ്വഭാവം മാറ്റിമറിക്കുംവിധം വാടക വീടുകൾ ദുരുപയോഗിക്കുന്നതായും ആരോപിച്ചു. നമ്മുടെ പാരമ്പര്യങ്ങളോടും സംസ്കാരത്തോടും യോജിക്കാത്തവർ ആരെങ്കിലും വാടക വീട്ടിൽ താമസിക്കുകയും അവിടെ ഭക്ഷണത്തിനായി പശുവിനെ അറുക്കുകയും ചെയ്താൽ സമീപത്തെ ക്ഷേത്രത്തിന്റെ കാര്യമോ? അത് അംഗീകരിക്കാനാവില്ല. അസമിലുടനീളം പലേടത്തും ആളുകൾ ആദ്യം വീടുകൾ വാടകക്കെടുക്കുകയും ബീഫ് കഴിക്കാൻ തുടങ്ങുകയും പിന്നീട് പള്ളികൾപോലുള്ള മതപരമായ ഘടനകൾ നിർമിക്കുകയുംചെയ്യുന്നു. കാലക്രമേണ അടുത്തുള്ള പ്രദേശം ഒഴിയാൻ തുടങ്ങും. അത് ഇപ്പോൾ പിന്തുടരുന്ന രീതിയാണ്. സ്വത്തുക്കൾ വാടകക്ക്‌ കൊടുക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും ശർമ ഭൂവുടമകളോട് ആവശ്യപ്പെട്ടു.

ഗൂഢാലോചനാ സിദ്ധാന്തം

രാജ്യത്തെ മുസ്‍ലിം ജനസംഖ്യ പൊട്ടിത്തെറിക്കുന്ന നിലയിലാണെന്നതാണ്‌ ആരോപണം. 1950 തൊട്ട്‌ ആ ജനവിഭാഗത്തിന്റെ എണ്ണം 43 ശതമാനം വർധിച്ചെന്നാണ്‌ വാദം. അത് അടിസ്ഥാനരഹിതമായ ഗൂഢാലോചനാ സിദ്ധാന്തമാണ്‌. മുസ്‍ലിം ജനസംഖ്യ ഹിന്ദുക്കൾ ഉൾപ്പെടെയുള്ളവരെ അപേക്ഷിച്ച് അതിവേഗം വളരുന്നുണ്ടോ. 1950-2015 കാലയളവിലെ ആഗോള ജനസംഖ്യ പ്രവണതകൾ പരിശോധിക്കാം. മുസ്‍ലിം ജനസംഖ്യ 9.84 ശതമാനത്തിൽനിന്ന് 14.09 ശതമാനമായെന്ന് റിപ്പോർട്ട് പറയുന്നു. ആ കാലയളവിലെ ഹിന്ദു ജനസംഖ്യ 30 കോടിയിൽനിന്ന് 96.6 കോടിയായി ഉയർന്നു. വർധന–അഞ്ചിരട്ടിയിലധികം. ഹിന്ദുഭൂരിപക്ഷ വലതുപക്ഷം ഏറെക്കാലമായി ‘ജനസംഖ്യാ ജിഹാദ്’ എന്ന്‌ ആരോപിച്ചുവരുന്നുണ്ട്‌. മുസ്‍ലിംകൾ ബോധപൂർവം സന്താനോൽപാദനം കൂട്ടുന്നുവെന്ന ധ്വനിയിൽ കാര്യങ്ങൾ വിശദീകരിക്കുന്ന ആർ.എസ്.എസിനെ ജനസംഖ്യാ പ്രവണതകളും സ്ഥിതിവിവരക്കണക്കുകളും ഡേറ്റകളുംവെച്ച്‌ തുറന്നുകാണിക്കുക അനിവാര്യമായിരിക്കുന്നു. 2011ലെ സെൻസസ് പ്രകാരം 26.6 ശതമാനമാണ്‌ കേരളത്തിലെ മുസ്‍ലിം ജനസംഖ്യ.

ഹിന്ദുക്കൾ 54.73 ശതമാനവും ക്രിസ്‌ത്യാനികൾ 18.38ഉം. രാജ്യത്ത്‌ എല്ലാ മതവിഭാഗങ്ങളിലും പ്രത്യുൽപാദനനിരക്ക് ഇടിയുന്നുവെന്നും ഏറ്റവും കൂടുതല്‍ കുറവ് മുസ്‍ലിംകളിലാണെന്നും 2019-20ലെ ദേശീയ കുടുംബാരോഗ്യ സർവേയിലുണ്ട്. ഹിന്ദുക്കളില്‍ 41 ശതമാനവും ക്രിസ്ത്യാനികളിൽ 34.5 ശതമാനവുമാണ് കുറവെങ്കില്‍ മുസ്‍ലിംകളുടേത് 46.5 ശതമാനമാണെന്നാണ്‌ സർവേ ഫലം. അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച് സെന്ററിന്റെ പഠനത്തിലും മുസ്‍ലിം ജനസംഖ്യ താഴോട്ടാണെന്നാണ്. 1992ല്‍ മുസ്‍ലിം കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം 4.4 ആയിരുന്നെങ്കില്‍ 2015ല്‍ 2.6 ആയി ചുരുങ്ങി. മോദി ഗവൺമെന്റ്‌ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾപോലും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണ്. ഒരു നൂറ്റാണ്ടായി ഹിന്ദു വലതുപക്ഷം മുസ്‍ലിം ജനസംഖ്യ മുൻനിർത്തി ഭയം ഇളക്കിവിടുകയുംചെയ്യുന്നു. ‘ജനസംഖ്യാ ജിഹാദ്’ എന്ന ഗൂഢാലോചനാ സിദ്ധാന്തം അനുസരിച്ച്‌ മുസ്‍ലിംകൾ വേഗത്തിൽ പ്രജനനം നടത്തുന്നുവെന്നും ഒടുവിൽ ഹിന്ദുക്കളുടെ എണ്ണം മറികടക്കുമെന്നുമാണ്‌. തെരഞ്ഞെടുപ്പുകളിൽ മോദി അത്തരം പ്രചാരണങ്ങൾ കടുപ്പിക്കും. നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവരെന്നും വിശേഷിപ്പിച്ചുകൊണ്ടാവും അത്‌. യാഥാർഥ്യം മറച്ചുവെച്ച്‌ ആർ.എസ്.എസ്‌ ഇതര മതസമൂഹങ്ങൾക്കിടയിൽ ഇസ്‍ലാമോഫോബിയ മുളപ്പിക്കുന്നതിന്‌ ‘ജനസംഖ്യാ പെരുപ്പം' എന്ന നിർമിതി ഉപയോഗിക്കുന്നു.

സ്കൂൾ കുടിവെള്ള ടാങ്കിൽ കലർത്തിയ വിഷം

കർണാടകയിൽ ബെളഗാവി ജില്ലയിലെ ഹുള്ളിക്കട്ടി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന കന്നട മീഡിയം സർക്കാർ സ്കൂളിലെ മുസ്‍ലിം ഹെഡ്‌മാസ്‌റ്ററെ പുറത്താക്കാൻ അവിടത്തെ കുടിവെള്ള ടാങ്കിൽ 2025 ജൂലൈ 20ന് വിഷം കലർത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്‌. ഹിന്ദുത്വ സംഘടനയായ ശ്രീരാം സേനയുടെ മേഖലാ അധ്യക്ഷൻ സാഗർ പാട്ടീലും രണ്ട്‌ പ്രവർത്തകരുമായിരുന്നു ആ ഹീനകൃത്യത്തിനു പിന്നിൽ. കൂട്ടക്കൊലക്ക് കാരണമായേക്കാവുന്ന കുറ്റത്തിന്‌ പ്രധാനാധ്യാപകനെതിരെ നടപടിയും ആവശ്യപ്പെടുകയുണ്ടായി അയാൾ. സ്കൂളിലെ 11 വിദ്യാർഥികൾക്ക് അസ്വാസ്ഥ്യമുണ്ടായി.

അന്വേഷണത്തിൽ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയതായി കണ്ടെത്തി. കാരുണ്യമാണ് നീതിയുടെ അടിസ്ഥാനമെന്ന് പഠിപ്പിച്ച ശരണ്യമാരുടെ (ശിവഭക്തരുടെ) നാട്ടിൽ എങ്ങനെയാണ് ഇത്തരം ക്രൂരതകൾ സംഭവിക്കുന്നതെന്ന്‌ പ്രസ്‌താവിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മതത്തിന്റെ മറവിൽ രാഷ്ട്രീയ നേട്ടത്തിനായി സമൂഹത്തിൽ വൈരം പടർത്തുന്ന ബി.ജെ.പി നേതാക്കളെ വിമർശിച്ചു. വിദ്വേഷത്താൽ നയിക്കപ്പെടുന്നവരുടെ സ്വാധീനത്തെക്കാൾ സാമുദായിക ഐക്യത്തിനായുള്ള ആഗ്രഹം വളരെ കൂടുതലാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2025 ആഗസ്റ്റ്‌ ഒന്നിന്‌ ശിവമൊഗ്ഗ ജില്ലയിലെ ഹൊസനഗര താലൂക്കിൽ സ്ഥിതിചെയ്യുന്ന ഹൂവിനാകോൺ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലും സമാന സംഭവമുണ്ടായി. സമൂഹവിരുദ്ധർ കുടിവെള്ള ടാങ്കിലേക്ക് കീടനാശിനി ഒഴിക്കുകയായിരുന്നു. ദുർഗന്ധം അനുഭവപ്പെട്ട പാചകക്കാർ ഉടൻ പ്രധാനാധ്യാപകനെ അറിയിച്ചതോടെ മരണ സാധ്യതയുടെ സാഹചര്യം ഒഴിവായി.

ഗണഗീതം ആലപിച്ച കോൺഗ്രസ്‌ ഉപമുഖ്യമന്ത്രി

2025 ആഗസ്റ്റ്‌ 22ന്‌ കർണാടക നിയമസഭയിൽ ആർ.എസ്.എസ് ഗാനമായ നമസ്‌തേ സദാ വത്സലേയുടെ ആദ്യ ഖണ്ഡം ആലപിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഏവരെയും അത്ഭുതപ്പെടുത്തി. ആർ‌.സി.‌ബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിനെയും തിരക്കിനെയും കുറിച്ചുള്ള സഭയിലെ ചർച്ചക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു അത്‌. മുതിർന്ന നേതാവ് ഡോ. പരമേശ്വരയുടെ കീഴിൽ പരിശീലനം നേടിയതിനാൽ തനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാമെന്ന ആമുഖത്തോടെയായിരുന്നു ഗണഗീതാലാപനം. പ്രതിപക്ഷ നേതാവ് ആർ. അശോകും താനും ഒരിക്കൽ ആർ.എസ്.എസ് യൂനിഫോം ധരിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഓർമിപ്പിക്കുകയുംചെയ്‌തു. ഗണഗീതം ആലപിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ സന്ദേശത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആർ.എസ്.എസിനെയും അതിന്റെ ചരിത്രത്തെയും കുറിച്ച് തനിക്ക് അറിയാമെന്നായിരുന്നു മറുപടി. ജന്മനാ കോൺഗ്രസുകാരനാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളെക്കുറിച്ചും ഗവേഷണം നടത്തിയിട്ടുണ്ട്. കർണാടകയിൽ ആർ.എസ്.എസ് എങ്ങനെയാണ് സ്ഥാപനങ്ങൾ നിർമിക്കുന്നതെന്ന് അറിയാം.

എല്ലാ ജില്ലകളിലെയും എല്ലാ സ്കൂളുകളും അവർ ഏറ്റെടുക്കുകയാണ്‌. അവർ കുട്ടികളോട് പ്രസംഗിക്കാൻ ശ്രമിക്കുന്നു. ഒരു നേതാവെന്ന നിലയിൽ എതിരാളികൾ ആരാണെന്നും സുഹൃത്തുക്കൾ ആരാണെന്നും ഞാൻ അറിയണം. ആർ.എസ്.എസിനെയും അതിന്റെ ചരിത്രത്തെയും കുറിച്ച് അറിയാൻ ശ്രമിക്കുന്നു. രാഷ്ട്രീയമായി ഞങ്ങൾക്ക് ഏറെ വ്യത്യാസങ്ങളുണ്ട്. എന്നാൽ, ഞാൻ അവയിലേക്ക് വളരെ ആഴത്തിൽ പോയിട്ടുണ്ടെന്ന് ബി.ജെ.പി അറിയണമെന്നും ശിവകുമാർ പ്രതികരിച്ചു. മധ്യപ്രദേശ്‌ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിനടുത്ത കൂറ്റൻ ബോർഡിൽ എഴുതിയിരിക്കുന്നത്‌ രാജീവ് ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിച്ചു, രാമക്ഷേത്രം സ്ഥാപിതമായെന്നാണ്. 1989ല്‍ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ്‌ മണ്ഡലത്തിൽനിന്നാണ്‌ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്‌. രാമ വേഷത്തിലെത്തിയ അരുണ്‍ ഗോവിലിനെയും ഹനുമാനായിരുന്ന ധാരാസിങ്ങിനെയും 1988ല്‍ ഫരീദാബാദ്‌ തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തിയതും രാജീവ് ഗാന്ധി. നേതാക്കള്‍ക്ക് ദൈവിക പരിവേഷമണിയിച്ച് വിശ്വാസികളുടെ വികാരം തെരഞ്ഞെടുപ്പുകളില്‍ മുതലെടുക്കുന്നതിന്റെ ഭാഗമായിരുന്നു അത്‌.

 

ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രം പതിപ്പിച്ച് പെട്രോളിയം മന്ത്രാലയം സ്വാതന്ത്ര്യദിനാഘോഷത്തിന്‌ ഇറക്കിയ പോസ്റ്റർ 

‘നട്ടെല്ലില്ലാത്ത ഭീരുക്കളുടെ കൂട്ടം’

പഹൽഗാം ആക്രമിച്ച ഭീകരർക്ക് നടൻ നസീറുദ്ദീൻ ഷായുടെ മരുമകൻ മേജർ ഡോ. മുഹമ്മദ് അലി ഷാ എഴുതിയ ‘നട്ടെല്ലില്ലാത്ത ഭീരുക്കളുടെ കൂട്ടം’ എന്ന തുറന്ന കത്ത് മറക്കാനാവില്ല. അർധരാത്രി കഴിഞ്ഞു. സത്യത്തിൽ ഉറങ്ങാനാവുന്നില്ല; മാതൃരാജ്യത്ത് നിരപരാധികളെ നിങ്ങൾ ക്രൂരവും വിവേകശൂന്യവുമായി വധിച്ചതു കേട്ടശേഷം. നിങ്ങൾ രോഗികളാണ്. രോഷാകുലനും ഹൃദയം തകർന്നവനുമായ ഇന്ത്യൻ മുസ്‍ലിമെന്ന നിലയിലാണ് എഴുതുന്നത്. സങ്കൽപിക്കാനാവാത്ത സങ്കടത്തിനും ജ്വലിക്കുന്ന ക്രോധത്തിനുമിടയിൽ ആത്മാവ് പിളർന്ന മനുഷ്യൻ. പഹൽഗാമിൽ സിവിലിയന്മാരെ ആക്രമിച്ചപ്പോൾ നിങ്ങൾ ലക്ഷ്യംവെച്ചത് ഒരു സ്ഥലമല്ല. ഇപ്പോഴും ഐക്യത്തിലും സമാധാനത്തിലും നീതിയിലും വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലൂടെയാണ് തുളച്ചുകയറിയത്.

ഞാൻ സംസാരിക്കുന്നത് വ്യക്തിയെന്ന നിലയിലല്ല, മറിച്ച് രാജ്യത്തിനുവേണ്ടി ജീവിക്കുകയും സേവനം നടത്തുകയുംചെയ്ത കുടുംബത്തിന്റെ മകനായാണ്. ദേശസ്നേഹം സിരകളിലൂടെ ഒഴുകുന്നു. എന്റെ അച്ഛൻ ലെഫ്റ്റനന്റ്‌ ജനറൽ സമീറുദ്ദീൻ ഷാ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫായി വിരമിക്കുകയും പിന്നീട് അലീഗഢ്‌ സർവകലാശാല വൈസ്ചാൻസലറായി മുസ്‍ലിം ബുദ്ധിജീവികളുടെ ശബ്ദമായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ പ്രശസ്ത നടൻ നസീറുദ്ദീൻ ഷാ –പത്മശ്രീ, പത്മഭൂഷൺ എന്നിവ നേടുകയുണ്ടായി. എന്റെ കുടുംബത്തോട് എല്ലാവരും എല്ലായ്‌പോഴും മാന്യമായി പെരുമാറിയിട്ടുണ്ട്, മറ്റെന്തെങ്കിലുമാകും മുമ്പ് ഞാൻ എപ്പോഴും അഭിമാനിയായ ഇന്ത്യക്കാരനായിരുന്നു. ഞാൻ അഭിനയിച്ച പല സിനിമകൾ –സ്‌നേഹവും ത്യാഗവും ഐക്യവും ആഘോഷിക്കുന്ന കഥകൾ– പഹൽഗാമിലെ സുന്ദരമായ താഴ്‌വരകളിലും കശ്മീരിലുടനീളം ചിത്രീകരിച്ചതാണ്.

ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ: നിങ്ങളുടെ വെടിയുണ്ടകൾക്ക് സൗന്ദര്യത്തെ നിശ്ശബ്ദമാക്കാൻ കഴിയില്ല. വെറുപ്പിന് ഐക്യമില്ലാതാക്കാനാവില്ല. പഹൽഗാം വെറും ചിത്രീകരണ സ്ഥലം മാത്രമല്ല. യഥാർഥത്തിൽ ഇന്ത്യ എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്നതിന്റെ ജീവനുള്ള ഓർമയാണ്. അതിന്റെ മണ്ണിൽ രക്തംചൊരിഞ്ഞ്‌ നിങ്ങൾ ഞങ്ങളെ തളർത്തിയില്ല. മുമ്പത്തെക്കാൾ കൂടുതൽ ദൃഢനിശ്ചയത്തോടെ സംരക്ഷിക്കേണ്ട കാര്യങ്ങളെപ്പറ്റി നിങ്ങൾ ഞങ്ങളെ ഓർമിപ്പിച്ചു. നിങ്ങൾ സ്വാതന്ത്ര്യ സമര സേനാനികളല്ല, പോരാളികളല്ല. തോക്കുകളുടെയും മുഖംമൂടികളുടെയും വ്യാജ മുദ്രാവാക്യങ്ങളുടെയും പിന്നിൽ ഒളിച്ചിരിക്കുന്ന ഭീരുക്കളാണ്; കശാപ്പുകാരാണ്.

ഗുജറാത്തിലെ ഇൻസോമ്‌നിയ

ഗുജറാത്തിൽ വംശഹത്യാ കൂട്ടക്കൊലകൾക്ക്‌ സാക്ഷിയായ ചേരിനിവാസികളായ മുസ്‍ലിംകളിൽ ഇൻസോമ്‌നിയ എന്ന മാനസികരോഗം വ്യാപിച്ചു. ജനസംഖ്യയുടെ 30 ശതമാനത്തിനടുത്താണ് ആ ഗർത്തത്തിലേക്ക്‌ പതിച്ചത്‌. ഉറക്കം നഷ്ടപ്പെട്ട ഗുജറാത്ത്‌ എന്ന പ്രയോഗം അതിന്റെ സാക്ഷ്യവും. 2002 ഫെബ്രുവരി 27ന്‌ പൊട്ടിപ്പുറപ്പെട്ട്‌ ജൂൺ പകുതിവരെ നീണ്ട ആർ.എസ്.എസ്‌ അതിക്രമങ്ങൾ ആയിരങ്ങളെയാണ്‌ അനാഥമാക്കിയത്‌. കലാപം മുൻകൂർ ആസൂത്രണംചെയ്‌തതാണെന്നും ഗോധ്ര സംഭവം കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിത സ്വഭാവവും ആസൂത്രണവും വിശകലനംചെയ്‌താൽ വ്യക്തമാണ്‌. ഹിറ്റ്‌ലറുടെ കാലത്തെന്നവണ്ണമായിരുന്നു ന്യൂനപക്ഷവേട്ട. ഗർഭിണികളുടെ വയർ ശൂലംകൊണ്ട്‌ പിളർക്കുകപോലുമുണ്ടായി. കുട്ടികളെ അതിക്രൂരമായി വകവരുത്തുകയായിരുന്നു. കൊള്ളയും ബലാത്സംഗങ്ങളും വേറെ. ഹിറ്റ്‌ലറുടെ മനുഷ്യവിരുദ്ധ പരീക്ഷണങ്ങൾക്ക്‌ പദ്ധതിയൊരുക്കിയത്‌ ഡോ. ജോസഫ്‌ മെൻഗലെയായിരുന്നു.

ഓഷ് വിറ്റ്‌സ്‌, ദാഹൗ കോൺസെൻട്രേഷൻ ക്യാന്പുകളിൽ കൊച്ചുകുട്ടികളെപ്പോലും അയാൾ ഇരകളാക്കി. ഫാഷിസത്തിന്റെ ഭിഷഗ്വരൻ എന്നറിയപ്പെട്ട അയാളെ ഓർമപ്പെടുത്തുംവിധം ഗുജറാത്തിൽ നരേന്ദ്ര മോദിക്കൊപ്പം ഡോ. മായാബെൻ കൊട്നാനിയായിരുന്നു. ദുർഗാവാഹിനിക്കാർക്ക്‌ ആയുധങ്ങളും പെട്രോളും എത്തിച്ച ആ പെൺമൃഗം കഴുത്തറുക്കപ്പെട്ട ജഡങ്ങൾക്കുമേലെ ചുടലനൃത്തം ചവിട്ടി.

സ്‌ത്രീ-ശിശു ക്ഷേമ മന്ത്രിയായിരുന്ന മായാബെൻ 28 വർഷത്തേക്കാണ്‌ ശിക്ഷിക്കപ്പെട്ടത്‌. 2002 ഫെബ്രുവരി 28ന്‌ അഹ്മദാബാദിലെ ഗുല്‍ബര്‍ഗ് ഹൗസിങ് കോളനിയില്‍ ആക്രമിച്ച് കയറിയ കാവിപ്പട കോൺഗ്രസ്‌ നേതാവ്‌ ഇഹ്സാന്‍ ജാഫരിയെയും മറ്റ്‌ 62 പേരെയും വധിച്ചത് ഏറ്റവും ദാരുണമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് അഭ്യർഥിച്ചിട്ടും മരണം ഒഴിവായില്ല. അഹ്മദാബാദ്‌ എം.പിയായിരുന്ന ജാഫരിയെ അവയവങ്ങൾ ഒന്നൊന്നായി മുറിച്ചുമാറ്റി കൊലചെയ്‌തിട്ടും കോൺഗ്രസ്‌ മൗനമാചരിക്കുകയായിരുന്നു.

മുസ്‍ലിംകളെ ഒഴിവാക്കിയ സ്ഥാനാർഥി പട്ടിക

കുറെ വർഷങ്ങളായി ഗുജറാത്തിൽനിന്നുള്ള നിയമസഭ- ലോക്സഭ സ്ഥാനാർഥി പട്ടികയിൽനിന്ന്‌ മുസ്‍ലിംകളെ ബോധപൂർവം ഒഴിവാക്കി മൃദു ഹിന്ദുത്വ സമീപനങ്ങൾ ഉയർത്തിപ്പിടിക്കുകയായിരുന്നു കോൺഗ്രസ്‌. ഗുജറാത്ത്‌ വംശഹത്യാ പരമ്പരയിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കി ബ്രിട്ടീഷ്‌ ബ്രോഡ്‌കാസ്‌റ്റിങ്‌ കോർപറേഷന്റെ (ബി.ബി.സി) ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി വിഡിയോ പുറത്തിറങ്ങിയത്‌ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ നിഷ്‌ക്രിയത മുഖമുദ്രയായ ആ പാർട്ടിക്കായില്ല. സംസ്ഥാനത്തെ ചോരയിൽ മുക്കിയ കലാപത്തിൽ അദ്ദേഹത്തിന്റെ പങ്ക്‌ നേരിട്ടുള്ളതായിരുന്നുവെന്ന് ഉറപ്പിച്ച്‌ പുറത്തുവിട്ട എപ്പിസോഡ്‌ ഒട്ടേറെ തത്സമയ തെളിവുകളും രേഖകളും വിശദീകരണങ്ങളും ഉൾപ്പെടുന്നതാണ്‌. അക്കാലയളവിലെ ബ്രിട്ടീഷ് വിദേശ മന്ത്രി ജോൺ വിറ്റാകർ സ്‌ട്രോ (ജാക്‌ സ്ട്രോ, 2001-06) മോദിയുമായി സംസാരിച്ച ബി.ബി.സി പത്രപ്രവർത്തക ജിൽ മഗി വറിങ് തുടങ്ങിയവരുടെ അഭിമുഖങ്ങളും ആര്‍.ബി. ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ മൊഴികളും വേറെ.

മോദിയെ പ്രതിക്കൂട്ടിലാക്കാൻ വ്യാജരേഖ ചമച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തോടൊപ്പം മനുഷ്യാവകാശപ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെയും അറസ്റ്റുചെയ്‌ത്‌ പീഡിപ്പിച്ച്‌ പ്രതികാരം ചെയ്യുകയുണ്ടായി. മുസ്‍ലിം ഉന്മൂലനമായിരുന്നു കലാപത്തിന്റെ പ്രധാന ലക്ഷ്യം. അതിന്‌ മോദി നേരിട്ട് ബന്ധപ്പെട്ടു. പൊലീസ്‌ സംവിധാനം അടിമുടി നിർവീര്യമാക്കാനും അക്രമികളെ തുറന്നുവിടാനും അദ്ദേഹമുൾപ്പെടെയുള്ളവർ തയാറായി. മനഃപൂർവമായ രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നു അവയെല്ലാമെന്നാണ്‌ വിഡിയോവിലെ നിരീക്ഷണം. ആർ.എസ്.എസ്‌, വിശ്വഹിന്ദു പരിഷത്ത്‌ തുടങ്ങിയ സംഘടനകളെ കുറ്റപ്പെടുത്തിയെങ്കിലും മോദിയാണ് പ്രധാനി. ആ നാളുകളിൽ അമേരിക്കയും ബ്രിട്ടനും അദ്ദേഹത്തിന്‌ വിസ നിഷേധിക്കുക പോലുമുണ്ടായി. കലാപം അതിരുവിട്ട സമയത്ത് മുസ്‍ലിംകളുടെ സംരക്ഷണം ഉറപ്പാക്കാൻ നടപടിയെടുക്കുന്നതിൽ മുഖ്യമന്ത്രി വൻ പരാജയമായിരുന്നുവെന്ന്‌ പരമ്പര വിശദമായി പരിശോധിച്ചിട്ടുണ്ട്. കര്‍സേവകരുടെ ആക്രമണത്തില്‍ 1500 പേര്‍ കൊല്ലപ്പെട്ടു. 223 പേരെ കാണാതായി, 2500 പേര്‍ക്ക് പരിക്കേറ്റു –തുടങ്ങി കലാപത്തിന്റെ വ്യാപ്‌തി വിശദീകരിച്ച ഡോക്യുമെന്ററി ഇന്ത്യ ഗവൺമെന്റിന്‌ സമര്‍പ്പിച്ച് വിശദീകരണം തേടിയെന്നും പ്രതികരണം ഉണ്ടായില്ലെന്നും ബി.ബി.സി അറിയിച്ചു.

കാവിപ്പടയുടെ വിഷപ്പല്ലുകൾ

ലോകത്തിന്‌ മുറിവേൽപിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ഭീകരങ്ങളായ സംഘടനകളിലൊന്നാണ്‌ ആർ.എസ്.എസ്‌. 1925ൽ രൂപവത്കരണ കാലം മുതൽ അതിന്റെ നാൾവഴികൾ തെളിഞ്ഞതുമാണ്‌. മൊറാദാബാദ്‌, ഭീവണ്ടി, മുംബൈ, ജാംഷെഡ്‌പുർ, മഥുര തുടങ്ങി അസംഖ്യം വർഗീയ കലാപങ്ങൾ. ഗാന്ധിവധം, ബാബരി മസ്‌ജിദ്‌ തകർക്കൽ, ഗുജറാത്ത്‌ വംശഹത്യ, കന്യാസ്‌ത്രീകളെ അപമാനിച്ച്‌ ചുട്ടുകൊന്നതും ബൈബിൾ അഗ്നിക്കിരയാക്കിയതും പള്ളികൾ നിലംപരിശാക്കിയതുമടക്കം കണ്ഡമാലിലെ ക്രിസ്‌ത്യൻ ഉന്മൂലന ശ്രമം. ഹുബള്ളി ലക്ഷ്യമാക്കിയുള്ള കർണാടകയിലെ ആക്രോശങ്ങൾ. കലബുർഗി, പൻസാരെ, ഗൗരീലങ്കേഷ്‌ തുടങ്ങിയ സ്വതന്ത്ര ചിന്തകരെ അവസാനിപ്പിക്കൽ. പശുവിനെ മുൻനിർത്തിയുള്ള നരഹത്യ... എന്നിങ്ങനെ കാവിപ്പടയുടെ വിഷപ്പല്ലുകൾ രാജ്യശരീരത്തിൽ ചോരയൊലിപ്പിക്കുകയാണ്‌. നിരപരാധികളെ വേട്ടയാടുന്നതിന്‌ എല്ലാ സന്നാഹങ്ങളും ഒരുക്കുന്നു.

ന്യൂനപക്ഷ-ദലിത്‌ വിഭാഗങ്ങളെ കശക്കിയെറിയുകയുമാണ്‌. തെരഞ്ഞെടുപ്പ്‌ ജയങ്ങൾ എന്ന സങ്കുചിത താൽപര്യം മുറുകെപ്പിടിച്ച്‌ സംഘപരിവാരം എത്രയോ ഹീനമായ അതിക്രമ പരന്പരകൾ പുറത്തെടുത്തിട്ടുണ്ട്‌. ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ വ്യാപകമായി ബോംബ്‌ സ്‌ഫോടനങ്ങൾ നടത്തിയതായി പല സംഭവങ്ങളിലും ഭാഗഭാക്കായ മുൻ ആർ.എസ്.എസുകാരന്റെ വെളിപ്പെടുത്തൽ അതിന്റെ തെളിവും. മഹാരാഷ്ട്രയിലെ നാന്ദേഡ്‌ സ്വദേശി യശ്വന്ത്‌ ഷിൻഡെയാണ്‌ രാജ്യം ഞെട്ടിയ ഗുരുതര വസ്‌തുതകളുമായി പ്രാദേശിക കോടതിയെ സമീപിച്ചത്‌. 2006ൽ അവിടത്തെ ആർ.എസ്.എസ്‌ ബോംബ് ഫാക്ടറിയിലെ അവിചാരിത സ്‌ഫോടനത്തിൽ രണ്ട്‌ സ്വയം സേവകർ മരിച്ചതിന് സാക്ഷിയാണെന്നും സംഭവത്തിനു പിന്നിലെ കുറ്റക്കാരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അയാൾ അഭ്യർഥിച്ചു. തലമുതിർന്ന ആർ.എസ്.എസ്‌ നേതാവ്‌ ഇന്ദ്രേഷ്‌ കുമാറാണ്‌ ബോംബ്‌ നിർമാണത്തിന്റെയും സ്‌ഫോടനങ്ങളുടെയും മുഖ്യ സൂത്രധാരകനെന്നും കൂട്ടിച്ചേർത്തു.

‘കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർ’

ഇന്ത്യയിൽ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം അനുദിനം അതിരുവിടുകയാണെന്ന ഉള്ളടക്കമുള്ള അമേരിക്കൻ കമീഷൻ ഓൺ ഇന്റർനാഷനൽ റിലീജ്യസ് ഫ്രീഡം വാർഷിക റിപ്പോർട്ടും അമ്പരപ്പിക്കുന്നതാണ്‌. മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും വിവേചനവും ഏറിക്കൊണ്ടിരിക്കുന്നതിനാൽ മതസ്വാതന്ത്ര്യം വഷളായിക്കൊണ്ടിരിക്കുന്നുവെന്ന്‌ അത്‌ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതര ബി.ജെ.പി നേതാക്കളും മുസ്‍ലിംകൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ വിദ്വേഷം നിറഞ്ഞ വാചാടോപങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചു.

2024 ഏപ്രിലിൽ ‘കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർ’ എന്നാണ്‌ ആ ജനവിഭാഗം വിശേഷിപ്പിക്കപ്പെട്ടത്‌. ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ ശ്രദ്ധിക്കുന്ന മനുഷ്യാവകാശ വക്താക്കളുടെ പ്രതികരണങ്ങൾ, വർധിച്ചുവരുന്ന വിദ്വേഷ കൊലവിളി പ്രസംഗങ്ങൾ, അടിസ്ഥാനപരമായി വിവേചനപരം എന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച പൗരത്വ നിയമം, വിശ്വാസ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന മതപരിവർത്തന വിരുദ്ധ നിയമം, മുസ്‍ലിം ഭൂരിപക്ഷ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ പൊളിച്ചുമാറ്റൽ –എന്നിവയിലെല്ലാം ഊന്നിയതായിരുന്നു റിപ്പോർട്ട്. ഗയയിൽ ശ്രീബുദ്ധന്റെ മുദ്രകൾ പതിഞ്ഞ, അദ്ദേഹം സഹജീവികളെ കാണാനെത്തിയ ബോധിവൃക്ഷം തലയുയർത്തിയ ആരാധനാലയം ഹിന്ദുത്വശക്തികളുടെ അധീനതയിലാണ്.

പിറന്ന മണ്ണിൽനിന്ന്‌ ബുദ്ധമതത്തെ പറിച്ചുകളഞ്ഞത്‌ ബ്രാഹ്മണ മേധാവിത്വമായിരുന്നു. അഡോൾഫ്‌ ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിൻ കാംഫിന് തത്തുല്യമായി എം.എസ്‌. ഗോൾവാൾക്കർ എഴുതിയ ‘വിചാരധാര’യിൽ നുരഞ്ഞുപൊങ്ങിയ ശത്രുത നോക്കുക: ബുദ്ധമതത്തിന്റെ മുഖംമൂടിയണിഞ്ഞ ഭീകരർ വിദേശ ആക്രമണകാരികളെ വിളിച്ചുകൊണ്ടുവരുകയും അവരെ സഹായിക്കുകയുമായിരുന്നു. ദേശദ്രോഹികളായ ബുദ്ധന്മാർ മാതൃരാജ്യത്തിനും ഹിന്ദുമതത്തിനുമെതിരെ തിരിഞ്ഞു.

 

സുരക്ഷിതരല്ലത്രെ

100 മുസ്‍ലിം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായിരിക്കാൻ കഴിയില്ലെന്ന ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്‌താവന തികഞ്ഞ നിരുത്തരവാദമാണ്‌. താൻ ഭരിക്കുന്ന സംസ്ഥാനത്താണ്‌ മുസ്‍ലിംകൾ ഏറ്റവും സുരക്ഷിതരാണെന്ന അദ്ദേഹത്തിന്റെ അവകാശവാദവും അതിരുവിട്ടു. ആ ജനവിഭാഗം ഏറ്റവുമധികം വേട്ടയാടപ്പെടുന്നത്‌ യു.പിയിലാണെന്നതാണ്‌ വാസ്‌തവം. 2025 മാർച്ച് 15ന്‌ മുഹമ്മദ് ശരീഫിനെ ഹിന്ദുത്വ തീവ്രവാദികൾ വധിച്ചത്‌ ഹോളി ആഘോഷങ്ങൾക്കിടെ ശരീരത്തില്‍ വർണങ്ങൾ പുരട്ടാന്‍ തയാറാകാത്തതിനാലായിരുന്നു. പള്ളിയിലേക്കെത്താൻ ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന ആ നിരപരാധിയെ പൊതുനിരത്തിലിട്ടാണ്‌ അവസാനിപ്പിച്ചതും. ആളുകളെ തടഞ്ഞുവെച്ചും പേര് തിരക്കിയും അടിവസ്‌ത്രമുരിഞ്ഞ്‌ പരിശോധിച്ചും മുസ്‍ലിമാണെന്ന്‌ ഉറപ്പാക്കി അക്രമിക്കുകയാണ്‌ യു.പിയിൽ. പൊലീസിനെ ഇളക്കിവിട്ട്‌ കശാപ്പുകൾ ആവർത്തിക്കുന്നുമുണ്ട്‌. മുസ്‍ലിം രഹിത സംസ്ഥാനമാണ്‌ യോഗിയുടെ മനസ്സിൽ. ആ ലക്ഷ്യത്തിനായി ജാതിക്കൊലകളും ‘ഗോമാതാവി’നെ മറയാക്കിയുള്ള വധങ്ങളും ബലാത്സംഗങ്ങളും ദലിത്-മുസ്‍ലിം വംശഹത്യകളും മാധ്യമവേട്ടകളും നടത്തുന്നു.

സംഭൽ ജുമാമസ്ജിദിന്റെ സമീപമുള്ള മുസ്‍ലിംകളുടെ വീടുകളും വാണിജ്യ സ്ഥാപനങ്ങളും നിലംപരിശാക്കി. വാഷിങ്‌ൺ പോസ്റ്റ് റിപ്പോർട്ടിലൂടെ പുറത്തുവന്ന, ഹസൻ ഷായോട് ഹിന്ദു ഫാഷിസ്റ്റ് ഭരണകൂടം കാണിച്ച ക്രൂരത മനഃസാക്ഷി മരവിപ്പിക്കേണ്ടതാണ്. ഗുജറാത്തിലെ വീട്ടിൽനിന്ന് ഭാര്യയെയും നാല് കുഞ്ഞുങ്ങളെയും അനാഥമാക്കിയാണ്‌ തട്ടിക്കൊണ്ടുപോയത്‌. കൈകൾ കയറുകൊണ്ട് വരിഞ്ഞുമുറുക്കി, കണ്ണുകെട്ടി, മർദിച്ച് ബോട്ടിൽ തോക്കിൻമുനയിൽ ബംഗ്ലാദേശിന്റെ ജലാതിർത്തിക്ക് പുറത്ത് കടലിലേക്ക് വലിച്ചെറിഞ്ഞായിരുന്നു ക്രൂരത.

(അവസാനിച്ചു)

Tags:    
News Summary - Hindutva propaganda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.