ചിത്രങ്ങൾ: വി.സി. ബാലകൃഷ്ണൻ
“കദളി കൺകദളി ചെങ്കദളി പൂ വേണോ...
കവിളിൽ പൂമദമുള്ളൊരു പൊൻപൂ വേണോ പൂക്കാരാ...”
‘നെല്ല്’ എന്ന ചിത്രത്തിൽ ലതാ മങ്കേഷ്കർ പാടിയ ഈ പാട്ടിൽ പറയുന്ന കദളിപ്പൂ ഏതാണ്?
നമ്മുടെ നാട്ടിൽതന്നെ കാണപ്പെടുന്ന അതിരാണിപ്പൂവാണിത്.
എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’യിലെ ദേശം ‘അതിരാണിപ്പാട’മാണ്.
മീനമാസത്തിലെ കാർത്തിക മുതൽ പൂരം വരെയുള്ള ഒമ്പത് ദിനങ്ങൾ ഉത്തര കേരളത്തിൽ പൂരോത്സവക്കാലമാണ്. ഈ ദിനങ്ങളിൽ വിവിധ പൂക്കൾകൊണ്ട് കാമദേവപൂജ നടത്തുന്നു. പൂരത്തിന് ഏതെല്ലാം പൂക്കളാണുപയോഗിക്കേണ്ടതെന്ന് വണ്ണാന്മാർ പാടുന്ന ‘കന്നൽപ്പാട്ടിൽ’ പറയുന്നുണ്ട്.
“ഏതൊരു നല്ല പൂവാണ് മുമ്പിൽ പറിക്കേണ്ടെന്റമ്മേ
മുരിക്കെരിക്ക് പറിക്കല്ല കുട്ടീ, നാടയ്യാളേ
മുരിക്കിൻ പൂവ് പറിക്കുന്നവർക്ക് ഒരിക്കമില്ല
കട്ടപ്പൂ പറിച്ചാൽ നിനക്ക് കഷ്ടതയാണ്
അതിരാണിപ്പൂ പറിച്ചവർക്ക് ഐരാവതി
പാലപ്പൂ പറിച്ചവർക്ക് പരമാനന്ദം.”
കടാങ്കോട്ട് മാക്കം എന്ന തെയ്യത്തിന്റെ തോറ്റം പാട്ടിലും അതിരാണിയെ പരാമർശിക്കുന്നുണ്ട്. പൂക്കാമന്റെ രൂപം ചമയിക്കുമ്പോൾ ഓരോ അവയവത്തിനും ഏത് പൂവാണ് ഉപയോഗിക്കേണ്ടതെന്ന് ഈ തോറ്റം പാട്ടിൽ പറയുന്നു.
‘‘അതിരാണിപ്പൂകൊണ്ട് കാമന് അര ചമയിച്ചു.”
നാട്ടിൻപുറങ്ങളിലെ തോട്ടുവക്കത്തുകൂടിയുള്ള നടത്തത്തിൽ കണ്ടുമുട്ടാൻ ഏറെ സാധ്യതയുള്ള ഒരു കുറ്റിച്ചെടിയാണ് അതിരാണി. പേരുകൊണ്ട് നമുക്കേവർക്കും സുപരിചിതം.
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ബഹുവർഷിയായ കുറ്റിച്ചെടിയാണിത്.
കേരളത്തിലെ അരുവിയോരങ്ങളിലും തോട്ടുവക്കത്തും ചതുപ്പു പ്രദേശങ്ങളിലും വളരുന്നു.
ഒന്നര മീറ്റർ വരെ ഉയരത്തിൽ വളർന്നു കാണാറുള്ള ഇത് വർഷത്തിൽ എല്ലാസമയത്തും പൂവിടാറുണ്ട്. അഗ്രഭാഗം കൂർത്ത, ദീർഘവൃത്താകൃതിയുള്ള ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് 4-11 സെ. മീറ്റർ നീളവും 1.5-4 സെ. മീറ്റർ വീതിയും കാണും. ഇലയിൽ കാണപ്പെടുന്ന അഞ്ചു ഞരമ്പുകളിൽ ഇലയോരങ്ങളിലുള്ള ഓരോ ഞരമ്പുകൾ കൂടാതെ കൂടുതൽ സ്പഷ്ടമായ മൂന്ന് പ്രധാന ഞരമ്പുകളുണ്ട്. തണ്ടുകൾ രോമിലങ്ങളാണ്.
പിങ്ക് നിറത്തിലുള്ള പൂക്കൾക്ക് അഞ്ചു ദളങ്ങളാണ്. പൂവിന് അഞ്ചു സെ. മീറ്റർ വ്യാസമുണ്ടാകും. ദളപുടനാളിക്ക് ഒരു സെ. മീറ്റർ നീളം കാണും. കേസരങ്ങൾ പത്ത്. ചെറിയ കലത്തിന്റെ ആകൃതിയുള്ള കായ്കൾ. പഴുത്ത കായ്കൾ ഭക്ഷ്യയോഗ്യമാണ്. പഴം വായ്പുണ്ണിന് നല്ലതാണ്. മധ്യ തിരുവിതാംകൂർ ഭാഗത്ത് കലംപൊട്ടി എന്നാണ് ഈ ചെടി അറിയപ്പെടുന്നത്. കലത്തിന്റെ ആകൃതിയിലുള്ള ചെറു കായ്കൾ പഴുത്തു മൂക്കുമ്പോൾ പൊട്ടിപ്പിളർക്കുന്നതിനാലാണ് ഈ പേര് വന്നിരിക്കുന്നത്.
കദളി, തോട്ടുകാര എന്നീ പേരുകളിലും അറിയപ്പെടുന്ന അതിരാണിയുടെ ശാസ്ത്രീയനാമം മെലാസ്റ്റോമ മലബാത്രിക്കം (Melastoma malabathricum) എന്നാണ്.
മെലാസ്റ്റോമറ്റേസിയേ (Melastomataceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു.
Malabar Blackmouth എന്നാണ് ഇംഗ്ലീഷ് നാമം. സംസ്കൃതത്തിൽ ഖരപത്രി, ജലേശാണി എന്നീ പേരുകളുണ്ട്.
അതിരാണിയുടെ കായ്കൾ തിന്നാറുണ്ട്. കറുത്ത മജ്ജയിൽ പൊതിഞ്ഞിരിക്കുന്ന തരിതരിയായുള്ള വിത്തുകൾ അടങ്ങിയ കായ്കൾ തിന്നുകഴിഞ്ഞാൽ ചുണ്ടും വായയും കറുപ്പ് നിറമായിത്തീരും. അതിനാലാണ് ഇതിന്റെ ജനുസ്സ് - Melastoma (from the Greek melas- black; stoma - mouth) എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. മലബാറിൽനിന്നുള്ളത് എന്നാണ് സ്പീഷീസ് നാമത്തിനർഥം.
മെലാസ്റ്റോമയുടെ ഒരു സ്പീഷീസ് മാത്രമേ കേരളത്തിൽ കാണപ്പെടുന്നുള്ളൂ.
ഇലയും വേരും ഔഷധയോഗ്യങ്ങളാണ്.
‘‘തളിരിലകൾ എണ്ണയിൽ വേവിച്ച് അരച്ചുപുരട്ടുന്നത് വായ്പുണ്ണ്, മറ്റു വായ/മോണരോഗങ്ങൾ ഇല്ലാതാക്കുന്നു’’ എന്നാണ് ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന ഗ്രന്ഥത്തിന്റെ നാലാം വോള്യത്തിൽ പറയുന്നത്.
ഇതിന്റെ പൂക്കൾ മോഹിനീദേവതകളുടെ ക്ഷേത്രങ്ങളിൽ പൂജക്കെടുക്കുന്നു എന്നും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നുണ്ട്.
അതിരാണി വേര് ചതച്ചെടുത്ത നീര് കവിൾകൊള്ളുന്നത് പല്ലുവേദനക്ക് ആശ്വാസകരമാണ്. ഉദരരോഗങ്ങൾ, അതിസാരം, മുറിവ് എന്നിവക്കും ഇലയുടെ സ്വരസം ഔഷധമായി ഉപയോഗിക്കുന്നു. പരുത്തിത്തുണികൾക്കു പറ്റിയ മുന്തിയ ഇനം പ്രകൃതിദത്ത ചായങ്ങൾ നിർമിക്കുന്നതിനും അതിരാണിക്കായ ഉപയോഗിക്കുന്നുണ്ട്.
പേഴാളൻ (Grey Count), റെഡ് ഫ്ലാഷ് (Red Flash) എന്നീ ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണ സസ്യമാണ്. ഏറ്റവും വലിയ നിശാശലഭമായ നാഗശലഭത്തിന്റെ (Atlas Moth-Attacus taprobanis) ലാർവകളും ഇതിന്റെ ഇലകൾ ആഹരിക്കാറുണ്ട്. കൂടാതെ Artaxa digramma എന്ന നിശാശലഭത്തിന്റെ ലാർവാഭക്ഷണ സസ്യംകൂടിയാണിത്. ഉദ്യാന സസ്യമായും ഇത് നട്ടു വളർത്താവുന്നതാണ്.
ഇപ്പോൾ അതിരാണി എന്നും മെലാസ്റ്റോമ എന്നും പറഞ്ഞ് ചെടിക്കച്ചവടക്കാർ വയലറ്റ് നിറമുള്ള പൂവുണ്ടാകുന്ന Pleroma urvilleanum എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന അലങ്കാര സസ്യം വ്യാപകമായി വിറ്റുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.