മായ്ക്കപ്പെടുന്ന ഇടങ്ങൾ; മനുഷ്യരും

ഫലസ്തീൻ എഴുത്താളായ അദാനിയ ഷിബിലിയുടെ ‘Minor Detail’ എന്ന നോവൽ വായിക്കുന്നു. അധിനിവേശത്തിന്റെ ‘തത്ത്വശാസ്ത്രം’ മനുഷ്യത്വത്തിന്‌ എതിരെ നിലയുറപ്പിച്ചിരിക്കുന്ന ഒന്നാണെന്ന സത്യം ഈ നോവൽ ഉറക്കെ വിളിച്ചുപറയുന്നുവെന്ന് നിരൂപകൻകൂടിയായ ലേഖകൻ തന്റെ പംക്തിയിൽ വാദിക്കുന്നു.

യുദ്ധങ്ങൾ മനുഷ്യവംശത്തെ മുറിവേൽപിക്കുന്നതും പലായനങ്ങൾ ജീവിതത്തെ അങ്ങേയറ്റം ക്ലേശകരമാക്കുന്നതും പരിഹരിക്കപ്പെടാത്ത വിഷയങ്ങളാണ്. ഫലസ്തീ​െന്റ ചരിത്രവും മറ്റൊന്നല്ല. ഇസ്രായേലിന്റെ സ്വതന്ത്രരാഷ്ട്ര നിർമിതി അറബ്-ജൂത വൈരം വർധിക്കാൻ ഒരു കാരണം കൂടിയായിത്തീർന്നു. ഏതാണ് യുദ്ധം ഏതാണ് പ്രതിഷേധം എന്ന അന്തരമില്ലാതെ അധികാരകേന്ദ്രങ്ങളുടെയും ജനങ്ങളുടെയും സംഘർഷം തെരുവുകളെ കലാപകലുഷിതമാക്കി. ചെറുത്തുനിൽപിന്റെ സാധ്യതപോലും നൽകാതെ മനുഷ്യരുടെ പലായനം അനിവാര്യമായി. അഭയ മിടങ്ങൾ തേടിയുള്ള പരക്കംപാച്ചിൽ സ്ഥിരമായി കാഴ്ചയായി മാറുകയായിരുന്നു. അതേത്തുടർന്ന് അറബ്-ഇസ്രായേൽ യുദ്ധം ആരംഭിക്കുകയുമായിരുന്നു.

ഫലസ്തീന്റെ രാഷ്ട്രീയചരിത്രവും സാഹചര്യവും മുൻനിർത്തി വേണം ഫലസ്തീൻ എഴുത്താളായ അദാനിയ ഷിബിലിയുടെ ‘Minor Detail’ എന്ന നോവൽ വായിക്കേണ്ടത്. അറബിയിൽനിന്ന് ഇംഗ്ലീഷിലേക്ക് ഈ നോവൽ പരിഭാഷപ്പെടുത്തിയത് എലിസബത്ത് ജാക്‌വറ്റാണ്. യഥാർഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി അദാനിയ എഴുതിയ നോവലായ ‘Minor Detail’ വിഷയത്തിന്റെ പ്രാധാന്യംകൊണ്ട് ശ്രദ്ധ നേടി. ഫലസ്തീനിലെ പ്രതിസന്ധികളെ സംബന്ധിച്ച് ആഴത്തിൽ അറിവുള്ള എഴുത്താളിന്റെ മൂന്നാമത്തെ നോവലായ ഈ കൃതിയിൽ അദാനിയയുടെ രാഷ്ട്രീയ ബോധ്യങ്ങളെ സർഗാത്മക തലത്തിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ജർമനിയിൽ വിവാദം സൃഷ്ടിച്ച ‘Minor Detail’ന്റെ പേരിലാണ് അവർ പ്രസിദ്ധിയാർജിച്ചത്. ‘A Journey of Ideas Across: In Dialog with Edward Said’ എന്ന പുസ്തകം എഡിറ്റ് ചെയ്തതും അദാനിയ ആണ്.

ഒരു രാഷ്ട്രം താണ്ടുന്ന ദുരന്തങ്ങളുടെ ദൂരവും ആഴവും പിൽക്കാല തലമുറകളെ വരെ സംഘർഷച്ചാലുകളിൽ വീഴ്ത്തുന്നതിന്റെ ആഖ്യാനമാണ് ഈ നോവൽ. ഫലസ്തീൻ-ഇസ്രായേൽ രാഷ്ട്രീയത്തെ ചർച്ചചെയ്യുന്ന കൃതിയിൽ, ഇസ്രായേൽ സൈന്യം ഒട്ടും പ്രാധാന്യത്തോടെ കാണാത്ത ഒരു ‘ചെറിയ’ സംഭവത്തിന്റെ ആഘാതങ്ങളെയാണ് അവലോകനംചെയ്യുന്നത്. അറബ്, ജൂത രാജ്യങ്ങളായി ഫലസ്തീനെ വിഭജിക്കാനും, ജറൂസലമിനെ ഒരു പ്രത്യേക മേഖലയാക്കാനുമുള്ള ഐക്യരാഷ്ട്രസഭയുടെ പദ്ധതി ജൂത നേതാക്കൾക്ക് സ്വീകാര്യമായിരുന്നു. എന്നാൽ, അറബ് നേതാക്കൾ ഇതിനെ എതിർത്തു. യു.എൻ വിഭാവനംചെയ്ത ഫലസ്തീൻ വിഭജനത്തിന്റെ പരിണതഫലം ദുരന്തപര്യവസായിയായിരുന്നു.

ജന്മരാജ്യത്തിന്റെ പൗരത്വം ഇല്ലാതാകുക എന്ന സങ്കടം അലിയാപ്പൊരുളായി കൊണ്ടുനടക്കുന്ന മനുഷ്യരുടെ നിശ്ശബ്ദത സാർവലൗകികമായ വികാരമായിത്തീരുന്നു. ഇസ്രായേൽ എന്ന പുതിയ രാഷ്ട്രം സ്ഥാപിക്കപ്പെട്ടതോടെ ഏഴു ലക്ഷത്തിലധികം ഫലസ്തീനികൾ വീടുപേക്ഷിച്ച് യാത്രയായി. ദിക്കറിയാതെ നീങ്ങുന്നവരെ അപകടത്തിൽ പെടുത്തി വിനോദം കണ്ടെത്തുന്ന അധികൃതരുടെ മനോഭാവം അത്യന്തം ഭീകരമാണ്. യുദ്ധവും പലായനവും കലാപവും പതിവായി പൊട്ടിപ്പുറപ്പെട്ടു തുടങ്ങി. ഇത്തരമൊരു ചരിത്ര ചുറ്റുപാടും നോവലിന്റെ അടിയൊഴുക്കായി വർത്തിക്കുന്നു.

ചരിത്രം രേഖപ്പെടുത്താത്ത ദുരന്തങ്ങളും മനുഷ്യരുടെ വിറങ്ങലിച്ച സ്വപ്നങ്ങളും ഫലസ്തീന്റെ മണ്ണിനെ ഊഷരമാക്കി. ആക്രമണത്തിലും പ്രതിരോധത്തിലും ഊന്നിക്കൊണ്ട് വികസിപ്പിച്ച സമൂഹത്തിന്റെ ഭാവുകത്വം ശാന്തവും സുസ്ഥിരവുമാവാത്തതിന്റെ വേദന നോവലിൽ കാണാനാവും. 1949ലെ പ്രക്ഷുബ്ധമായ നാളുകളിലേക്ക് മടങ്ങി​പ്പോകുന്നതിലൂടെ അന്നത്തെ ഒരു ദാരുണസംഭവത്തെ ഓർമയുടെ തുറസ്സിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നോവലിസ്റ്റ് ചെയ്യുന്നത്. അങ്ങനെയൊരു രംഗത്തിലൂടെ ആഖ്യാനത്തിന്റെ ഉള്ളൊഴുക്കിന്റെ ഗതിമാറുന്ന കാഴ്ചയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.

1949ൽ ഇസ്രായേലിന്റെ പട്ടാളക്കാരിൽനിന്ന് കൂട്ടബലാത്സംഗത്തിനിരയായ ഒരു പെൺകുട്ടി അധികം വൈകാതെ മരിച്ചുപോയി. ഈ സംഭവമാണ് നോവലിന്റെ അടിസ്ഥാനം. നെഗേവ് മരുഭൂമിയിലെ ഒരു ഇസ്രായേലി സൈനിക സംഘത്തിന്റെ ഒത്താശയിൽ നടന്നതാണ് ഈ ദുര്യോഗം. നെഗേവിനെ ഒരു ഫലഭൂയിഷ്ഠമായ പരിഷ്കൃത പ്രദേശമായി പരിവർത്തനം ചെയ്യാനായിരുന്നു സൈന്യത്തിന്റെ നീക്കം. കാർഷിക, വ്യവസായിക സംരംഭങ്ങളിൽ ഏർപ്പെട്ടുകൊണ്ട് പ്രദേശത്തെ അഭിവൃദ്ധിപ്പെടുത്താൻ അവർ ലക്ഷ്യംവെച്ചു. എന്നാൽ, അതിനിടയിൽ അവർ തദ്ദേശീയരെ ഉന്മൂലനംചെയ്യുകയുണ്ടായി.

ഹിംസയും അക്രമവും ജനങ്ങളെ ഉന്മാദത്തിന്റെയും പരിഭ്രാന്തിയുടെയും കയങ്ങളിലെത്തിച്ചു. നോവലിന്റെ ആദ്യഭാഗത്ത് മേൽപ്പറഞ്ഞ പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രംഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. എന്നാൽ, രണ്ടാം ഭാഗത്ത് ഫലസ്തീനിലെ പട്ടണമായ റാമല്ലയിൽ ജീവിക്കുന്ന ഒരു സ്ത്രീ ഈ കുറ്റകൃത്യത്തെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാൻ ശ്രമിക്കുന്നു. ചതുരവടിവുള്ള അക്ഷരങ്ങളിൽ എഴുതിവെക്കാത്തതും ഉച്ചത്തിൽ മുഴങ്ങി കേൾക്കാത്തതുമായ ഒരു ചരിത്രത്തിന്റെ വാസ്തവം അന്വേഷിച്ചിറങ്ങിയ ഈ ആഖ്യാതാവാണ്‌ നോവലിന്റെ അടുത്ത പകുതിയിൽ പ്രത്യക്ഷപ്പെടുന്നത്. സ്വന്തം രാജ്യത്തെ അരാജകത്വത്തിൽ അവൾക്ക് അമർഷവും ഖേദവും ഉണ്ടായിരുന്നു. ഒരു പത്രവാർത്തയിൽനിന്ന് കിട്ടിയ വിവരമനുസരിച്ച്, വർഷങ്ങൾക്കുമുമ്പ് തന്റെ ജനനത്തീയതിയിൽ തന്നെ നടന്ന അതീവ ദാരുണമായ സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് അറിയാൻ ആഖ്യാതാവ് തീരുമാനിക്കുകയാണ്.

ഒരു കൂട്ടബലാത്സംഗത്തിന്റെ അവസാനമായി സംഭവിച്ച മേൽപ്പറഞ്ഞ കൊലപാതകം സംഭവിച്ചത് കൃത്യം 25 വർഷങ്ങൾക്കുമുമ്പ്, ആഖ്യാതാവ് ജനിച്ച അതേ ദിനത്തിലാണെന്നത് കേവലം യാദൃച്ഛികമാവാം. ഒരു കൂട്ടം പുല്ല് വേരുകൾ ഉപയോഗിച്ച് പറിച്ചെടുക്കുകയും അവ പ്രസ്തുതയിടത്തുനിന്ന് പൂർണമായി ഒഴിവാക്കുകയും ചെയ്താലും കാൽനൂറ്റാണ്ടിനുശേഷം അതേ സ്ഥലത്ത് തന്നെ അതേ ഇനത്തിൽപെട്ട പുല്ല് വീണ്ടും വളരുമെന്ന യുക്തികൂടി ആഖ്യാതാവിനെ ഈ യാത്രക്ക് പ്രേരിപ്പിച്ചു എന്ന് പറയേണ്ടിവരും. ഫലസ്തീനിലെ പ്രശ്നങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നതാണെന്നും സമാനമായ അത്യാഹിതങ്ങൾ ആർക്കുമുണ്ടാവാം എന്നുമുള്ള ചിന്ത ഈ സന്ദർഭത്തിൽ പ്രസക്തമാണ്.

എന്നാൽ, ആ പെൺകുട്ടി ജീവിച്ച (മരിച്ച) ഇടത്തേക്കുള്ള യാത്ര പ്രായോഗികമായി ഏറെ പ്രയാസമുള്ള കാര്യമായിരുന്നു. എങ്കിലും എണ്ണമറ്റ നിയന്ത്രണങ്ങളും തിരിച്ചറിയൽ രേഖകളും ചെക്ക്പോസ്റ്റുകളും അതിർത്തികളും വിദഗ്ധമായി ഭേദിച്ചുകൊണ്ട് ആഖ്യാതാവ് മേൽപറഞ്ഞ സ്ഥലത്ത് എത്തിച്ചേരുന്നു. യുദ്ധകാഹളങ്ങളാൽ ശബ്ദമുഖരിതമായ ഇടങ്ങൾ നിറഞ്ഞ ലോകത്ത്, ആത്യന്തികമായ പീരങ്കികളല്ല, മനുഷ്യരാണ് ജയിക്കുക എന്ന തത്ത്വം നോവലിൽ ഉറപ്പിച്ചുപറയുന്നുണ്ട്. ചരിത്ര പുസ്തകത്തിലെ വിവരങ്ങളെക്കാൾ കണ്ടും അനുഭവിച്ചും അറിയുന്ന വേദനയിൽനിന്നാണ് വസ്തുതകളുടെ ചുരുളഴിയുന്നത് എന്ന വൈകാരികതലത്തെയാവണം ആഖ്യാതാവ് കൂട്ടുപിടിക്കുന്നത്. ആഖ്യാതാവിനും പെൺകുട്ടിക്കും പേരുകൾ ഇല്ലാത്തത് ബോധപൂർവമാണെന്നു കരുതാം. രാജ്യത്തിന്റെ അതിരുകളും ഇടങ്ങളും മാറിക്കൊണ്ടിരിക്കുന്നതും മനുഷ്യർ ഇല്ലാതാവുന്നതും ഏറക്കുറെ ‘സ്വാഭാവിക’മെന്നു ഗണിക്കുന്ന ചുറ്റുപാടിൽ ഫലസ്തീനികളുടെ ചരിത്രപരവും സാംസ്കാരികവുമായ മായ്ക്കലിനെ/ അപ്രത്യക്ഷമാവലിനെ ആണിത് സൂചിപ്പിക്കുന്നത്.

 

വർത്തമാനകാലത്തെ ജീവിതം നമ്മെ അത്ര ഭയപ്പെടുത്തുന്നില്ലെങ്കിൽ ഭൂതകാലത്തെ ഓർക്കുക എന്നത് അത്യന്താപേക്ഷിതമല്ലെന്നു ആഖ്യാതാവ് സൂചിപ്പിക്കുന്നു. 25 വർഷം മുമ്പുള്ള ആ ദിവസം അവൾ ഓർക്കാതിരിക്കാൻ ശ്രമിച്ചു. എന്നാൽ, ഒരുദിവസം പുലർച്ചെ നായ് കുരയ്ക്കുന്നതും തുടർന്ന് ശക്തമായ കാറ്റിന്റെ നിലവിളിയും കേട്ട് ഉണരുന്നതു വരെ മാത്രമായിരുന്നു അത്തരം ആലോചന അവളിൽ ഉണ്ടായിരുന്നത്. കാറ്റിന്റെ ശക്തി വലിയ ജാലകങ്ങളിലേക്ക് എത്തുന്നതിനുമുമ്പ് എല്ലാ ജനാലകളും അടയ്ക്കാൻ അവൾ തിരക്കുകൂട്ടുന്നുണ്ട്.

എന്നാൽ, കാറ്റ് നിഷ്കരുണം പുല്ലുകളെയും മരങ്ങളെയും വലിച്ചുകൊണ്ടുപോകുകയും എല്ലാ ദിശകളിലേക്കും ശാഖകളെ ഭ്രാന്തമായി ചലിപ്പിക്കുകയുംചെയ്യുന്നു. ഇങ്ങനെ ചില ബിംബങ്ങളിലൂടെ പെൺകുട്ടി അനുഭവിച്ച രംഗത്തിന്റെ ഭീകരത സൂചിപ്പിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുന്നേയുള്ള ആ ദിവസം ആഖ്യാതാവിന്റെ ദൃശ്യപഥത്തിലെത്തുന്നു. ഒരു സംഘം സൈനികർ ഒരു പെൺകുട്ടിയെ പിടികൂടിയതും പിന്നീട്, അവളെ ബലാത്സംഗം ചെയ്യുന്നതും കൊല്ലുന്നതുമായ കാഴ്ച അവളെ തളർത്തി. ‘‘മറ്റുള്ളവർ രണ്ടാമതൊന്ന് ചിന്തിക്കാൻപോലും സാധ്യതയില്ലാത്ത ഈ ചെറിയ വിശദാംശം (Minor Detail) എന്നിൽ എന്നേക്കും നിലനിൽക്കും’’ എന്ന് ആഖ്യാതാവ് ഉറപ്പിക്കുന്നു. ഭൂതകാലത്തിന്റെ തിക്തതകളെ അപഗ്രഥിച്ചുകൊണ്ട് അവയുടെ ദുരിതപൂർണമായ അവസ്ഥകൾ ഭാവിയിലേക്കും നീളുന്നതാണെന്ന നിഗമനത്തിൽ എത്തിച്ചേരുന്ന ആഖ്യാതാവിനെ നമുക്ക് ഈ മുഹൂർത്തത്തിൽ കാണാം.

ഇസ്രായേലിൽനിന്നുള്ള ഒരു പത്രപ്രവർത്തകന്റെ കുറിപ്പിൽ നിന്നായിരുന്നു ഈ വാർത്തയെ പറ്റി ആഖ്യാതാവ് അറിഞ്ഞത്. ഒരു ബന്ധവുമില്ലാത്ത ഒരു പെൺകുട്ടിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിനായി ഒരുങ്ങുന്ന ആഖ്യാതാവിന്റെ മാനുഷികബോധം ശ്രദ്ധേയമാണ്. തങ്ങൾ എല്ലാവരും സഹോദരീസഹോദരന്മാരാണെന്ന ഉത്തമബോധ്യമാണ് ആഖ്യാതാവിനെ ഇതിനു പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തമാണ്. സുരക്ഷിതമല്ലാത്ത ദൗത്യം ആയിരുന്നിട്ടുകൂടി അവൾ അത് പൂർണമനസ്സോടെ ഏറ്റെടുക്കുന്നു. അധിനിവേശത്തിനെതിരായ ചെറുത്തുനിൽപിൽ ഭൂമിശാസ്ത്രത്തിന്റെയും പ്രാദേശിക സമരത്തിന്റെയും പ്രസക്തി സെയ്ദ് എടുത്തുകാണിച്ചത് ഈ ഘട്ടത്തിൽ ഓർക്കണം. എന്നാലിവിടെ കർക്കശബുദ്ധിയോടെ ചലനത്തിനുവരെ നിയന്ത്രണം ഏർപ്പെടുത്തുകയാണ്. സ്വന്തം ഇടത്ത് സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതെ വരുമ്പോൾ വിപ്ലവം സാധ്യമാവാതെ വരുമെന്ന യുക്തിയും ഇവിടെ പ്രവർത്തിക്കുന്നുണ്ടാവണം. എല്ലാവർക്കും അറിയപ്പെടുന്നതായ പാതകളിൽനിന്ന് വ്യതിചലിക്കുന്നത് ഒരു വിമോചന പ്രവൃത്തിയാണ് എന്ന സെയ്ദിന്റെ ആശയം പക്ഷേ ഈ ചുറ്റുപാടിൽ പ്രാവർത്തികമാകാൻ പ്രയാസമാണ്.

1949ൽ ഇസ്രായേൽ-ഫലസ്തീൻ യുദ്ധം അവസാനിച്ചതിന് ശേഷമുള്ള കരാറുകൾപ്രകാരം പുതിയ താൽക്കാലിക അതിർത്തികൾ രൂപംകൊണ്ടു. മാത്രമല്ല, ഫലസ്തീനിലെ കൂടുതൽ പ്രദേശങ്ങളുടെ നിയന്ത്രണം ഇസ്രായേലിന് നൽകുകയുംചെയ്തു. ഇക്കാരണംകൊണ്ടുകൂടി ആഖ്യാതാവിന് സഞ്ചാരമാർഗം തിട്ടപ്പെടുത്തുക എളുപ്പമായിരുന്നില്ല. ഇതിനുവേണ്ടി ഭൂപടങ്ങൾ കാറിൽ നിരത്തിവെച്ചിരുന്നു. ഗവേഷണ കേന്ദ്രങ്ങളും രാഷ്ട്രീയ പഠനകേന്ദ്രങ്ങളും നിർമിച്ച ഭൂപടത്തിൽ നാല് പ്രദേശങ്ങളുടെ അതിർത്തികളും വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ചെക്ക്‌പോസ്റ്റുകളും അടയാളപ്പെടുത്തിയിട്ടുണ്ട്. 1948 വരെ ഫലസ്തീന്റെ ചിത്രം എങ്ങനെയായിരുന്നുവെന്ന് മറ്റൊരു ഭൂപടം കാണിക്കുന്നു, കൂടാതെ, വാടക കാർ കമ്പനി അവൾക്ക് നൽകിയ ഒരു ഭൂപടവും ഇസ്രായേലിലെ ടൂറിസം മന്ത്രാലയം നിർമിച്ച മറ്റൊന്നും കാറിൽ ഉണ്ടായിരുന്നു.

വ്യത്യസ്തമായ ഭൂപടങ്ങളിൽ നിക്ഷിപ്തമായ താൽപര്യങ്ങൾ സന്നിവേശിക്കപ്പെട്ടിരുന്നു എന്നതിൽ സംശയമില്ല. ഭൗതിക സാഹചര്യങ്ങളെ തോന്നുംവിധം രേഖപ്പെടുത്താൻ സാങ്കേതികമായി സാധിക്കുമെങ്കിലും മാനസിക തലത്തിലെ സാങ്കൽപിക ചിത്രത്തിനു മാറ്റംവരുത്താൻ കഴിയുകയില്ല എന്ന് തീർച്ചപ്പെടുത്താം. ഒരു രാഷ്ട്രത്തെ കീറിമുറിച്ചുകൊണ്ട് വേലിക്കെട്ടുകൾ വരുന്നതോടെ ഇടങ്ങൾ ചുരുങ്ങുകയും ചരിത്ര/ ദേശീയ വിചാരങ്ങൾ മാറ്റിയെഴുതപ്പെടുകയുമാണ്. എല്ലാവിധ സമ്മർദവും ഏറ്റുവാങ്ങിക്കൊണ്ട് സ്വന്തം ഭൂമിയിൽ ഉറച്ചുനിൽക്കാൻ പ്രയത്നിക്കുന്ന മനുഷ്യരുടെ സംഘർഷങ്ങളാണ് നോവലിലെ രംഗങ്ങളെ കൂട്ടിയിണക്കുന്ന അദൃശ്യമായ ഇഴ. പരിചിതമായ വഴികളിൽനിന്ന് തെന്നി മാറുമ്പോൾ അനുഭവിക്കുന്ന ഉത്കണ്ഠയുടെ ആഴം അവളെ വീണ്ടും ആ പെൺകുട്ടിയുടെ ഓർമകളിലേക്ക് എത്തിച്ചു. ആരാണെന്നറിയാത്ത പെൺകുട്ടിക്ക് നേരിടേണ്ടിവന്ന കൊടുംക്രൂരത അധികാരത്തിന്റെ പ്രാഭവത്തിൽ വിസ്മരിക്കപ്പെട്ടു.

പലായനത്തിന്റെയും കുടിയൊഴിക്കലിന്റെയും പാതയിലൂടെ നീങ്ങേണ്ടിവന്ന ജനതയുടെ ചരിത്രം സമകാലത്തും മാറുന്നില്ല. പേര് വെളിപ്പെടുത്താത്ത ആഖ്യാതാവ് അങ്ങനെ ഹിംസാത്മകതയുടെ ഇരയായിത്തീർന്ന അജ്ഞാതയായ മറ്റൊരു സ്ത്രീക്ക് നൽകുന്ന ആദരമാണ് നോവലിന്റെ പ്രമേയം. മഹ്മൂദ് ദർവീശിന്റെ ‘യുദ്ധം അവസാനിക്കും’ എന്ന കവിതയിലെ സാഹചര്യംപോലെ, യുദ്ധം അവസാനിച്ചതിനുശേഷം നേതാക്കൾ കൈകൊടുത്തു പിരിയും. പക്ഷേ, രക്തസാക്ഷിയായ മകനെ ഒരുനോക്ക് കാണാനാകുമെന്ന് ആഗ്രഹിക്കുന്ന അമ്മയും അച്ഛനെ പ്രതീക്ഷിച്ചിരിക്കുന്ന മക്കളും ഭർത്താവിന്റെ സാന്നിധ്യത്തിനായി കൊതിക്കുന്ന യുവതിയും കാത്തിരിപ്പ് തുടരുക തന്നെ ചെയ്യും. അതുപോലെയാണ് പട്ടാളത്തിന്റെ ബലപ്രയോഗത്താൽ സ്വപ്നങ്ങൾ ഹനിക്കപ്പെട്ട പെൺകുട്ടിയുടെ പ്രിയപ്പെട്ടവരുടെ സ്ഥിതി.

 

മറക്കാനാവാത്ത ആ രാത്രിയിൽ പെൺകുട്ടിയുടെ അടക്കിപ്പിടിച്ച കരച്ചിൽ മണൽക്കൂനകളാൽ ചുറ്റപ്പെട്ട ഇടത്തുനിന്നാണ് കേട്ടിരുന്നത്. മൃഗീയമായ രീതിയിൽ പീഡിപ്പിച്ചതിനുശേഷം അവളെ വെടിവെച്ച് കൊല്ലാൻ പട്ടാള മേധാവി ഉത്തരവിടുകയായിരുന്നു. അതിനുശേഷം മണലിൽ കുഴിയെടുത്ത് അവളെ മൂടുകയുംചെയ്തു. എന്നാൽ, അപ്പോഴും ആ പെൺകുട്ടി മരിച്ചിരുന്നില്ല. അങ്ങനെ അക്കാര്യം ഉറപ്പുവരുത്താനായി ആറ് വെടിയുണ്ടകൾകൂടി ഉതിർത്തുകൊണ്ട് 1949ലെ ആഗസ്റ്റ് മാസം 13ാം തീയതി പ്രഭാതത്തിൽ അവളെ ഭൂമിയിൽനിന്ന് എ​െന്നന്നേക്കുമായി യാത്രയാക്കി. മൃതദേഹത്തെ പ്രവർത്തനരഹിതമായ ഒരു വസ്തുവിനെപ്പോലെ അവഗണനയോടെ കണ്ടുകൊണ്ട് ഒരു അപ്രധാന സംഭവമായി അതിനെ കണക്കാക്കുകയാണുണ്ടായത്. വ്യക്തിപരമായ തലത്തിൽ നേരിട്ടൊരു ബന്ധവുമില്ലാത്ത പെൺകുട്ടിയുടെ ജീവിതവും മരണവും പഠിക്കാനായി കഷ്ടപ്പെടുന്ന ആഖ്യാതാവ് മനുഷ്യരിലുള്ള വെളിച്ചത്തെ സാധൂകരിക്കുന്നു.

മണൽക്കാറ്റിന്റെ ചൂടിനെയും തണുപ്പിനെയും പ്രതിരോധിക്കാനാവാതെ പട്ടാളത്തിന്റെ തുറിച്ച നോട്ടങ്ങളിൽനിന്ന് രക്ഷപ്പെടാനാവാതെ മണ്ണും വിണ്ണും ആലംബമേകാത്ത ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതിനിധിയാണ് പെൺകുട്ടി (ആഖ്യാതാവും) എന്നുറപ്പിക്കാം. തിരിച്ചറിയപ്പെടാതെ പോയ പെൺകുട്ടിയെ പോലെ ആശ്രയവും അഭയവുമില്ലാതെ സുരക്ഷിതമായ താവളങ്ങൾ കണ്ടെത്താനാവാതെ നിസ്സഹായതയുടെ ഗർത്തങ്ങളിൽ പതിക്കുന്ന മനുഷ്യരോട് മാനസികമായി ഐക്യം പ്രഖ്യാപിക്കാനുള്ള യാത്രയായിരുന്നു ആഖ്യാതാവിന്റേത്.

ദിനരാത്രങ്ങളും ഉദയാസ്തമനങ്ങളും വ്യത്യസ്തമായി അനുഭവപ്പെടാത്ത, അധികാരവും ഹിംസയും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിന്റെ ഇരകൾക്കൊപ്പം ആശ്വാസത്തിന്റെ തുരുത്തുകളിലേക്ക് അനുയാത്ര ചെയ്യാനുള്ള മനോഭാവമാണ് ആഖ്യാതാവ് വെച്ചുപുലർത്തുന്നത്. നിലക്കാത്ത യുദ്ധങ്ങളും അവസാനിക്കാത്ത കാഹളങ്ങളും ശബ്ദായമാനമാക്കുന്ന അന്തരീക്ഷത്തിൽ ഉൾവെളിച്ചങ്ങൾ അണഞ്ഞുപോകാതെ സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ചരിത്രം പഠിപ്പിക്കുന്നതും എന്നാൽ, കൃത്യമായി രേഖപ്പെടുത്താത്തതുമായ കൊടിയ മനുഷ്യസംഘർഷങ്ങളുടെ കണക്കുകൾ ഒരോർമപ്പെടുത്തലായി നിലനിൽക്കുന്നുണ്ട്. അവ ഭൂതകാലത്തിൽനിന്ന് ഭാവിയിലേക്ക് അനന്തമായി നീണ്ടുകിടക്കുന്ന നെടുംപാതയോരത്തെ അനുഭവങ്ങളുടെ പ്രക്ഷുബ്ധ തരംഗങ്ങളായി രൂപം പ്രാപിക്കുകയും ചെയ്യുന്നു.

ഫലസ്തീനിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന അക്രമത്തിന്റെയും കുടിയിറക്കത്തിന്റെയും പലായനത്തിന്റെയും നിയന്ത്രണങ്ങളുടെയും രീതികളെ പ്രതിഫലിപ്പിക്കുന്ന നോവലിലെ രണ്ടു കാലങ്ങളിലൂടെ ഒരു രാഷ്ട്രമെന്ന നിലയിൽ ഫലസ്തീൻ അന്നും ഇന്നും അശാന്തമാണെന്നു സ്ഥാപിക്കുന്നു. ഫലസ്തീന്റെ പ്രതിസന്ധികളും വെല്ലുവിളികളും ലോകരാഷ്ട്രങ്ങൾക്ക് മുന്നിലെ ‘ചെറിയ വിശദാംശം’ ആയി മാത്രം തുടരുന്നുവെന്ന സൂചനയും നോവൽ പങ്കുവെക്കുന്നുണ്ട്. അധിനിവേശത്തിന്റെ ‘തത്ത്വശാസ്ത്രം’ മനുഷ്യത്വത്തിന്‌ എതിരെ നിലയുറപ്പിച്ചിരിക്കുന്ന ഒന്നാണെന്ന സത്യം ഈ നോവൽ ഉറക്കെ വിളിച്ചുപറയുന്നു. സ്റ്റേറ്റിന്റെ സുരക്ഷയില്ലാതെ അപൗരർ ആയി അലയേണ്ടിവരുമ്പോഴുള്ള അപചയവും ‘Minor Detail’ ആവിഷ്കരിക്കുന്നുണ്ട്.

Tags:    
News Summary - Adania Shibili's Minor Detail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.