ഷോളയാർ ഡാം
വൈദ്യുതി വകുപ്പിന് കീഴിൽ നിർമാണത്തിലുണ്ടായിരുന്ന ഷോളയാർ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് പ്രവൃത്തിസമയത്തു സംഭവിച്ച, മനസ്സിൽ അത്രമേൽ കൊത്തിവെച്ച ഓർമകളാണ് ലേഖകൻ പങ്കുവെക്കുന്നത്. ഡാം നിർമാണ സമയത്ത് പലവിധ ഇടപാടുകൾക്കും (അഴിമതി) പ്രേരണ നൽകി പലരും മുന്നോട്ടുവന്നെങ്കിലും അതിനെ പ്രതിരോധിച്ച് ഒറ്റക്കെട്ടായി നിന്നതുകൊണ്ടുകൂടിയാണ് ഷോളയാർ ഡാം ഇന്നും ഒട്ടും പോറലേൽക്കാതെ നിലനിന്നുപോകുന്നതെന്ന് ലേഖകൻ സമർഥിക്കുന്നു.
വർഷം 1961 ആദ്യം,
ഷോളയാർ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിൽ, അണക്കെട്ടിന്റെ സൂപ്പർവിഷനുവേണ്ടി, മേസ്തിരിയായി താൽക്കാലിക നിയമനം കിട്ടിയ അടിസ്ഥാനത്തിൽ, ഞാൻ കണ്ണൂരിൽനിന്ന് ഷോളയാറിലേക്ക് യാത്ര പുറപ്പെട്ടു. തൃശൂർ-പാലക്കാട് ജില്ലകളുടെ അതിർത്തിയിൽ തമിഴ്‌നാടിനോട് ചേർന്നു കിടക്കുന്ന മലമ്പ്രദേശം –അതാണ് ഷോളയാർ ഭൂപ്രദേശം. ഷോളയാറിൽകൂടിയാണ് ചാലക്കുടിപ്പുഴ നീന്തിത്തുടിച്ച് ഒഴുകുന്നത്. പുഴക്ക് കുറുകെയാണ് ഷോളയാർ ഡാം പണിയുന്നത്. ആദിവാസികളുടെ വാസസ്ഥലംകൂടിയാണ് ഷോളയാർ. പ്രകൃതിസൗന്ദര്യം ആവോളമുള്ള ഇവിടം ധാരാളം തേയിലത്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും വന്യജീവികളുംകൊണ്ട് സമൃദ്ധമാണ്.
ഷോളയാർ പ്രധാന ഡാം, ഷോളയാർ ഫ്ലാങ്കിങ് ഡാം, ഷോളയാർ സാഡിൽ ഡാം എന്നിവയും ഇവിടെയുണ്ട്. 1964-1965 വർഷങ്ങളിലായാണ് ഈ അണക്കെട്ടുകൾ പണികഴിപ്പിച്ചത്. ചാലക്കുടി പട്ടണത്തിനു 65 കിലോമീറ്റർ കിഴക്ക് ഷോളയാർ-ചാലക്കുടി പാതയിലാണ് അതിരപ്പിള്ളി വെള്ളച്ചാട്ടവും ഷോളയാർ അണക്കെട്ടും സ്ഥിതിചെയ്യുന്നത്.
വെയിലിന്ചൂടേറിത്തുടങ്ങിയ സമയത്ത് ചാലക്കുടിയിലെത്തിയ ഞാൻ ഉച്ചക്ക് 12ഓടെ ബസിൽ േഷാളയാറിനെ ലക്ഷ്യമാക്കി ചലിച്ചു. ഉയർന്നുനിൽക്കുന്ന കുന്നുകളെ തഴുകി പ്രകൃതിയുടെ പച്ചപ്പും തണുത്ത കാറ്റും അനുഭവിച്ചുള്ള യാത്ര ഒരനുഭവംതന്നെയായിരുന്നു. ഏതാണ്ട് രണ്ടു മണിയോടെ ഷോളയാർ പ്രോജക്ടിലേക്ക് തിരിയുന്ന കവലയിൽ ഞാൻ ബസിറങ്ങി. എങ്ങോട്ടു പോകണം എന്ന അങ്കലാപ്പിൽ മിഴിച്ചുനിന്ന എനിക്കരികിലേക്ക് ആ നിമിഷം കുറച്ചപ്പുറത്ത് റോഡുപണി നടക്കുന്നിടത്തുനിന്ന് ഒരാൾ പെട്ടെന്ന് വന്നു. വന്നപാടെ അയാൾ ചോദ്യങ്ങൾകൊണ്ട് എന്നെ മൂടി.
‘‘നിങ്ങൾ ആരാണ്? എങ്ങോട്ട് പോകുന്നു?’’
ഞാനെന്റെ ഉദ്ദേശ്യം പറഞ്ഞു. മേസ്ത്രിയായിട്ട് ജോലി കിട്ടി ഇവിടെ ചേരാൻ വന്നതാണെന്ന് വിവരിച്ചു.
‘‘ഞാനും അങ്ങനെതന്നെ എത്തിയതാണ്’’, ആ മറുപടി എന്നിൽ വല്ലാത്ത ആശ്വാസമുണ്ടാക്കി. തുടർന്ന് അയാൾ പേരുവിവരങ്ങൾ വിവരിച്ചു.
‘‘എന്റെ പേര് ജോർജ്, നിങ്ങളുടെ പേര്? നാട്?’’
‘‘ഞാൻ കുഞ്ഞികൃഷ്ണൻ, കണ്ണൂർ ആണ് സ്വദേശം’’, ഞാൻ മറുപടി നൽകി.
തുടർന്ന് മറ്റു ചില കാര്യങ്ങളും ഞങ്ങൾ പരസ്പരം വിവരിച്ചു. അങ്ങനെ സംസാരിച്ചുനിൽക്കെ, വൈദ്യുതി വകുപ്പിൽനിന്നുള്ള ഒരു ജീപ്പ് അവിടേക്ക് വന്നുനിന്നു. ജോർജ് വാഹനത്തെ കൈകാണിച്ചതോടെ ഞങ്ങൾക്കരികിലേക്ക് നീക്കിനിർത്തി. തുടർന്ന് എന്നെ ജീപ്പിൽ കയറ്റി ഓഫിസിൽ ഇറക്കാനായി ഡ്രൈവറോട് നിർദേശിച്ചു.
വൈകുന്നേരം ഞാൻ വരുമെന്നും പിന്നെ നമുക്ക് താമസസൗകര്യമൊക്കെ തീരുമാനിക്കാമെന്നും ജീപ്പിൽ കയറി ഇരുന്ന എന്നോട് ജോർജ് പറഞ്ഞു. ജീപ്പ് മുന്നോട്ടു ചലിച്ചു. വാഹനത്തിലുണ്ടായിരുന്ന പ്യൂൺ എന്നെ എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിലേക്കാണ് കൊണ്ടുപോയത്.
ഒട്ടും വൈകാതെ തന്നെ അവിടെയെത്തിയ ഞാൻ എക്സിക്യൂട്ടിവ് എൻജിനീയറുടെ കാബിനിൽ ചെന്ന് അദ്ദേഹത്തിന് അഭിമുഖമായി നിന്നു. എന്നെ കണ്ടപാടെ അദ്ദേഹം ഒരു മന്ദഹാസം പൊഴിച്ച് മുന്നിലെ കസേരയിൽ ഇരിക്കാനായി പറഞ്ഞു. എന്നാൽ, ഉന്നതനായ ആ ഓഫിസറുടെ മുന്നിൽ ഇരിക്കാൻ എനിക്ക് മനസ്സ് വന്നില്ല.
‘‘ഇരിക്കൂ’’, മടിച്ചുനിന്ന എന്നോട് അദ്ദേഹം നിർദേശം ആവർത്തിച്ചു.
എനിക്കു മുന്നിൽ നിവർത്തിവെച്ച കസേരയിൽ അദ്ദേഹത്തിന് അഭിമുഖമായി ഇരുന്ന് അപ്പോയ്ൻമെന്‍റ് ഓർഡർ മേശപ്പുറത്തുവെച്ചു. അദ്ദേഹം ഫയൽ എടുത്തുനോക്കി, എന്റെ ഓർഡർ ഫയലിൽവെച്ച്, എന്നെ ഡാം സെക്ഷനിലേക്ക് നിയോഗിച്ചുകൊണ്ടുള്ള ഓർഡർ തിരികെ തന്നു. അദ്ദേഹവുമായി ചെറിയ കുശലാന്വേഷണത്തിന് ശേഷം ഞാൻ ഓഫിസിൽനിന്ന് വെളിയിലിറങ്ങി.
അപ്പഴതാ എനിക്കൊപ്പം തൃശൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എൻജിനീയറിങ്ങിൽ പഠിച്ച വിജയൻ എന്‍റെ മുന്നിൽ ഒരന്ധാളിപ്പോടെ നിൽക്കുന്നു! ഏറെ ദിവസങ്ങൾക്കുശേഷം കണ്ടുമുട്ടിയ ഞങ്ങൾ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു. ഓർമകളും വർത്തമാനങ്ങളും പറഞ്ഞ് ആ സന്തോഷ നിമിഷങ്ങളെ ഞങ്ങൾ സമ്പന്നമാക്കി. തുടർന്ന് റോഡിലേക്കിറങ്ങി മനോഹരമായ പ്രകൃതിഭംഗി ആസ്വദിച്ച് മുന്നോട്ടുനടന്നു.
സമുദ്രനിരപ്പിൽനിന്ന് എത്രയോ അടി ഉയരത്തിലാണ് ഞങ്ങളിപ്പോൾ. ചുറ്റും പൊങ്ങിയും താണും നിൽക്കുന്ന, പച്ചവിരിച്ച കാടുനിറഞ്ഞ പ്രദേശം. ആകാശം നീല നിറഞ്ഞു. സൂര്യൻ കാടുകളുടെ ഇടയിലൂടെ ഞങ്ങളെ ആഹ്ലാദപൂർവം വീക്ഷിക്കുന്നു. നല്ല തണുത്ത കാറ്റും. ഷോളയാർ ഡാം ജൂനിയർ എൻജിനീയർ (സിവിൽ) സുബ്രഹ്മണ്യയ്യരുടെ സെക്ഷനിലേക്കാണ് എന്നെ താൽക്കാലികമായി നിയമിച്ചത്. പിന്നീട് സെക്ഷനിലെത്തിയ എന്നിൽനിന്ന് നിയമന കടലാസ് വാങ്ങിവെച്ച ശേഷം അദ്ദേഹം പറഞ്ഞു.
‘‘ഡാമിന്റെ പണിയാണ് നമുക്ക് നോക്കാനുള്ളത്. രാവിലെ 7.30ന് ജീപ്പിൽ പോകാം. വിജയന്റെ ക്വാർട്ടേഴ്സിൽ താമസിക്കാം. ഒന്നിച്ചു ജീപ്പിൽപോകാൻ തയാറാകണം.’’
തുടർന്ന് നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പറഞ്ഞ് ഞങ്ങൾ നല്ലപോലെ പരിചയപ്പെട്ടു. ഓഫിസർ എന്ന ഗമയോ അഹങ്കാരമോ ഇല്ലാത്ത നല്ലൊരു സുഹൃത്തിനെപ്പോലെ പെരുമാറുന്ന മനുഷ്യൻ. എനിക്ക് അയാളോട് അടുപ്പം തോന്നി.
തുടർന്ന് വിജയന്റെ കൂടെ ഞാൻ ക്വാർട്ടേഴ്സിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയപ്പോൾ ജോർജും മറ്റു ചിലരും എനിക്കു മുമ്പേ അവിടെയെത്തിയിരുന്നു. ജോർജ് എല്ലാവരെയും എനിക്കായി പരിചയപ്പെടുത്തി. സന്തോഷകരമായ നിമിഷങ്ങൾ. സന്ധ്യ കഴിഞ്ഞ് ഇരുട്ട് പരന്ന ആ സമയത്ത് ഞങ്ങൾക്ക് പറഞ്ഞ് രസിക്കാനും ചിരിക്കാനും ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ഭക്ഷണവും കഴിച്ച് രാത്രി പത്തുമണിവരെ ഞങ്ങളുടെ വാചകമടി തുടർന്നു. പിന്നീട് ഓരോരുത്തരും അവരുടെ സങ്കേതങ്ങളിലേക്ക് മടങ്ങി. ഞാൻ ബെഡ്ഷീറ്റ് വിരിച്ച് തലയിണയിൽ തലവെച്ച് ചില ചിന്തകളോടെ ഉറങ്ങാൻ കിടന്നു. നല്ല തണുപ്പ്. ജീവനക്കാർക്ക് തണുപ്പിനെ നേരിടാൻ കരിമ്പടം ഉണ്ട്. ഉടനെ അതെടുത്ത് തിരികെ വന്ന് വീണ്ടും കിടന്നു. അതിന്‍റെ നേരിയ ചൂടിൽ ഞാൻ അറിയാതെ മയങ്ങിത്തുടങ്ങി.
ജോലിക്കെത്തി ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ, അസി. എൻജിനീയർ, സാമി എന്നെയും എനിക്കൊപ്പം ജോലിയിൽ പ്രവേശിച്ചവരെയും വിളിപ്പിച്ചിട്ട് പറഞ്ഞു. ‘‘രണ്ടുമൂന്നു ദിവസം ഡാമിന്റെ പണിയെക്കുറിച്ച് നിങ്ങൾക്കൊരു ക്ലാസ് വെച്ചിട്ടുണ്ട്. ക്ലാസിൽ കാര്യങ്ങൾ വിവരിക്കാൻ എക്സിക്യൂട്ടിവ് എൻജിനീയറുമുണ്ടാകും.’’ ഞങ്ങൾ നിർദേശത്തെ സ്വീകരിച്ച് അന്നത്തെ മറ്റു നടപടികളിലേക്ക് തിരിഞ്ഞു.
ഇതിനിടക്ക് ഞങ്ങളെ ഡാം പണി നടക്കുന്നിടത്തേക്കും കൊണ്ടുപോയി വിശദമാക്കി കാണിച്ചു. ഡാം പണിയേണ്ട സ്ഥലത്ത് മണ്ണ് മാറ്റി, അടിയിൽ പാറ തെളിയുന്നതുവരെ കുഴിച്ചുവെച്ചനിലയിലാണ്. ഇനി ഫൗണ്ടേഷനുവേണ്ടി കോൺക്രീറ്റു ചെയ്യണം. അതു കഴിഞ്ഞാൽ സിമന്റ് മോർട്ടർ ഉപയോഗിച്ച് കരിങ്കല്ല് പാകി ഉയർത്തണം. അതിന് ശാസ്ത്രീയമായ രീതിയുണ്ട്. അതൊക്കെ പഠിപ്പിച്ചുതരാമെന്ന് ഉന്നതർ ഞങ്ങളെ അറിയിച്ചു. കല്ല് തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ വേണം. ശുദ്ധമായ കരിങ്കല്ല് തന്നെ വേണം. അതായത് മണ്ണ് പറ്റിപ്പിടിച്ചിട്ടുള്ള ഭാഗം ഉളി ഉപയോഗിച്ച് ചിപ്പു ചെയ്തുവേണം ഉപയോഗിക്കാൻ. അതേ കുറിച്ച് പണി തുടങ്ങിയാൽ കൂടുതൽ മനസ്സിലാക്കാം.
അണക്കെട്ടിന്റെ വെള്ളം കെട്ടിനിൽക്കുന്ന ഭാഗം ഫേസ് എന്നു പറയും. അവിടെ ഉപയോഗിക്കുന്ന കല്ലുകളും പ്രത്യേകതയുള്ളതാണ്. അതും പണി തുടങ്ങിയാൽ മനസ്സിലാക്കാം. ഇത്രയും കാര്യങ്ങൾ വൈകുന്നേരം എക്സിക്യൂട്ടിവ് എൻജിനീയറും എ.ഇയും (കൊച്ചുസാമി) ഞങ്ങൾക്ക് ബോധ്യപ്പെടുത്തിത്തന്നു. പിറ്റേദിവസം ഡാമിന്റെ കല്ലുകെട്ടുന്ന പണി ആരംഭിച്ചു. എന്നും രാവിലെ എട്ടുമണിക്ക് ഞങ്ങൾ ഡാം പരിസരത്ത് എത്തണം. അവിടേക്ക് എത്താൻ വകുപ്പിന്‍റെ വാഹനവും ഏർപ്പാടാക്കിത്തന്നിട്ടുണ്ട്.
ഡാം പണി തുടങ്ങുന്നതിനു മുമ്പ് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. നിർദേശങ്ങൾ നിരവധിയാണ്. സ്ഥലം ശുദ്ധമായിരിക്കണം, പൊടിയും മണ്ണും ഉണ്ടാകരുത്, എല്ലാം തുടച്ച് കഴുകി വൃത്തിയാക്കണം, പണിചെയ്യുന്നത് വർക്ക് സൂപ്രണ്ടുമാരുടെ നിർദേശമനുസരിച്ച് മാത്രമേ ആകാൻ പാടുള്ളൂ. ഞങ്ങൾ നിർദേശമനുസരിച്ച് തന്നെ പ്രവർത്തിക്കാൻ തീരുമാനിച്ചു. അങ്ങനെ പണി തുടങ്ങുന്ന ദിവസമെത്തി. എക്സക്യൂട്ടിവ് എൻജിനീയറും അസി. എൻജിനീയറും വന്ന് ഞങ്ങൾക്ക് വേണ്ട ഉപദേശങ്ങളെല്ലാം തന്നു. പിന്നെ കൊച്ചു സാമിയും (എ.ഇ) ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചെല്ലാം വിശദമാക്കിത്തന്നു.
12 മേസ്ത്രിമാരും മൂന്ന് ഓവർസിയർമാരും അസി. എൻജിനീയർ കൊച്ചുസാമിയും ഉൾപ്പെടുന്ന സംഘമാണ് ഡാം പണി ശ്രദ്ധിച്ചുകൊണ്ട് സൈറ്റിലുണ്ടായിരുന്ന സംഘാംഗങ്ങൾ. ജോലിയുടെ ആദ്യ ദിവസം കാര്യങ്ങൾ കൃത്യമായിതന്നെ ചെയ്യാനായി. വൈകീട്ട് കൊച്ചു സാമി ഞങ്ങളെയെല്ലാം അദ്ദേഹത്തിന്‍റെ ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി. നല്ല ഭക്ഷണവും ഒരുക്കിയിരുന്നു. കൂടാതെ കുറേ നല്ല ഉപദേശങ്ങളും തന്നു, ജോലിയെ കുറിച്ചും ജീവിതത്തെ കുറിച്ചും. അദ്ദേഹം പറഞ്ഞു.
‘‘നമ്മൾ ജോലിചെയ്യുന്നത് ആത്മാർഥതയോടെയും സത്യസന്ധമായും വേണം. കോൺട്രാക്ടർമാർ പണം സമ്പാദിക്കാൻവേണ്ടി ശ്രമിക്കും. നിങ്ങൾ പണിസ്ഥലത്ത് വിട്ടുവീഴ്ചകൾ ചെയ്യാൻ അവർ പല കുറുക്കുവഴികളും സ്വീകരിക്കും. കുറച്ചു പണം നിങ്ങളുടെ പോക്കറ്റിൽ ഇടും. അത് നിങ്ങളുടെ മനസ്സാക്ഷിയെ വിലക്കെടുക്കാനായിരിക്കും. ചെറുപ്പക്കാരായ നിങ്ങൾ മനസ്സാക്ഷിയെ വിൽക്കരുത്.’’ വളരെ കൃത്യമായ ആ ഉപദേശങ്ങൾ ഞങ്ങളുടെ മനസ്സിൽ തറച്ചു. ഭക്ഷണം കഴിച്ചശേഷം ഞങ്ങൾ താമസസ്ഥലത്തേക്ക് തന്നെ തിരിച്ചു. ക്വാർട്ടേഴ്സിലേക്ക് മടങ്ങവേ ഞങ്ങൾ മുഖത്തോട് മുഖം നോക്കി. എന്നിട്ട് അവരോടായി ഞാൻ പറഞ്ഞു.
‘‘എ.ഇ പറഞ്ഞതൊക്കെ മനസ്സിലായില്ലേ?, ജോലിസ്ഥലത്ത് പല തട്ടിപ്പിനും കളമൊരുക്കാൻ അവസരമുണ്ടാകും. പണവും തരും. അതിൽ ആരും വീഴരുത്.’’ എന്‍റെ ഉപദേശങ്ങൾ അവർ തലയാട്ടി സമ്മതിച്ച് നടത്തം തുടർന്നു. മനസ്സിൽ സന്തോഷമായിരുന്നു അപ്പോൾ. ആദ്യ ദിനത്തെ സമൃദ്ധമാക്കിയതിന്‍റെ ആവേശവും.
അടുത്ത രണ്ടുമൂന്നു ദിവസം, എ.ഇ രാവിലെ വന്ന് പണി നടക്കുന്നത് ശ്രദ്ധിച്ചു. ഞങ്ങളോട് പല ഉപദേശ നിർദേശങ്ങളും തന്ന് ബോധവാന്മാരാക്കി. കല്ലുപണി തുടങ്ങുന്നതിനു മുമ്പ് പണിസ്ഥലം വൃത്തിയാക്കണം. ചൂലുകൊണ്ടടിച്ച് പൊടി വാരിക്കളയണം, പണിയെടുക്കേണ്ട സ്ഥലം വെള്ളമൊഴിച്ച് കഴുകണം, പിന്നെ, സിെമന്റും മണലും വെള്ളവും കൂട്ടിക്കുഴക്കണം, ആ ചാന്ത് നിരത്തി അതിനു മുകളിൽ കല്ലുവെക്കണം. ചാന്ത് ഇടുന്നതിനൊക്കെ കൃത്യമായ കണക്കുണ്ട്. അതെല്ലാം പരിശോധിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്. കല്ലിന് അടിയിലും ചുറ്റുപാടും അര ചാന്ത് വേണം. അത് കുത്തി ഉറപ്പിക്കണം. ജോലിയുടെ കൃത്യമായ രൂപം വിവരിച്ചുതന്നതോടെ പല ആശയക്കുഴപ്പങ്ങൾക്ക് അതോടെ വിരാമമായി. അങ്ങനെ ഞങ്ങൾ ജോലിയിൽ സജീവമായി. ഇടക്കിടെ എക്സിക്യൂട്ടിവ് എൻജിനീയറും അസിസ്റ്റന്റും എക്സിക്യൂട്ടിവ് എൻജിനീയറും വന്ന് പുരോഗതി വിലയിരുത്തും. ഞങ്ങൾക്ക് ആവശ്യമായ നിർദേശങ്ങളും തരും.
ആദ്യഘട്ടത്തിലെ നിർമാണ പ്രവൃത്തി കൃത്യമായിരുന്നെങ്കിലും പിന്നീട് കോൺട്രാക്ടർമാർക്ക് കടുത്ത നിരാശ ബാധിച്ചതായി അവരുടെ മുഖഭാവങ്ങളിൽനിന്ന് ഊഹിക്കാനായി. പ്രതീക്ഷക്കൊ ത്തുള്ള ലാഭം കിട്ടുന്നില്ലെന്ന പരാതിയുമായി കോൺട്രാക്ടർമാർ ഞങ്ങളെ സമീപിച്ച് പറഞ്ഞു. കോൺട്രാക്ടർക്കുവേണ്ടി പണിയെടുപ്പിക്കുന്ന ഏജന്റുമാർക്കും ഈ പ്രവൃത്തികൊണ്ട് ലാഭമില്ലെന്ന് പറഞ്ഞതോടെ സ്ഥിതിഗതികൾ ചെറിയ രീതിയിൽ കുഴപ്പത്തിലായി. ഞങ്ങളെ ഓരോരുത്തരെയും അവർ സമീപിച്ചു പറഞ്ഞു. ‘‘സാറെ, ഞങ്ങളെ സഹായിക്കണം. പണി ഇങ്ങനെ നടത്തിയാൽ സാമ്പത്തികമായി ഞങ്ങളാകെ തകരും. സാറന്മാർ കുറച്ചു വിട്ടുവീഴ്ച ചെയ്യണം.’’ കോൺട്രാക്ടർമാരിൽ ഒരാൾ ഒരു കവറെടുത്ത് എനിക്കരികിലെത്തി എന്‍റെ പോക്കറ്റിലിട്ടു. എന്താണെന്ന് ഞാൻ നോക്കുന്നതിന് മുമ്പുതന്നെ അയാൾ ധൃതിയിൽ നടന്ന് മറഞ്ഞിരുന്നു.
പിന്നീട് ക്വാർട്ടേഴ്സിലെത്തി ആ കവറെടുത്ത് തുറന്നുനോക്കി. ഞെട്ടിപ്പോയി. കവറിൽ 50 രൂപയുടെ നോട്ട്! എന്റെ ഹൃദയം പടപടാ മിടിച്ചു. അക്കാലത്ത് 50 രൂപ വലിയ തുകയാണ്. അന്ന് ഒരുമാസം കിട്ടുന്ന ശമ്പളംതന്നെ ആകെ 120 രൂപയാണ്. ഞാൻ ഒപ്പം പണിയെടുക്കുന്ന സുഹൃത്തുക്കളെ വിളിച്ചുകൂട്ടി അവരോട് ഇക്കാര്യം പറഞ്ഞു. അവർക്കും പറയാനുണ്ടായിരുന്നു എനിക്കുണ്ടായതിന് സമാനമായ വിഷയം.
‘‘എത്രകിട്ടി?’’ ഞാൻ അവരോട് ചോദിച്ചു. ‘‘30 രൂപ.’’ അവരിെലാരാൾ പറഞ്ഞു. കിട്ടിയ തുക തിരികെ കൊടുക്കാൻ അവരിൽ പലരും തയാറായിരുന്നു. കൂട്ടത്തിലൊരാൾ പറഞ്ഞു, ‘‘നമ്മൾ കൊടുത്താലും അവർ തിരിച്ചുവാങ്ങാൻ കൂട്ടാക്കില്ല. അപ്പൊ പിന്നെ എന്തു ചെയ്യും.’’
‘‘ഒന്നും ചെയ്യാനില്ല. ആ പണം അവിടെ ഇരിക്കട്ടെ. നമ്മുടെ ആവശ്യത്തിന് എടുക്കണ്ട. അതുകൊണ്ട് ഉപയോഗം വരും. അപ്പൊ നോക്കാം’’, ഞാൻ മറുപടി നൽകി.
ഡാം നിർമാണ പ്രവൃത്തി വേഗത്തിൽതന്നെ മുന്നോട്ടു നീങ്ങി. തൊഴിലാളികളോടും സഹപ്രവർത്തകരോടുമുള്ള എന്‍റെ സമീപനവും നിലപാടുകളും കണ്ട ഏജന്‍റുമാർക്ക് തോന്നി ഞാനാണ് അവരുടെയെല്ലാം നേതാവെന്ന്. ആ തോന്നലിനെ മാറ്റണം എന്ന് എനിക്കും തോന്നിയില്ല. ചില െകാള്ളരുതായ്മകളെ ഇല്ലാതാക്കാൻ ഇങ്ങനെയൊരാൾ വേണമെന്ന് തോന്നിയതിന്‍റെ പശ്ചാത്തലത്തിൽകൂടിയായിരുന്നു ആ നിലപാട്.
ദിവസങ്ങളും ഋതുക്കളും അതിവേഗം മുന്നോട്ടുനീങ്ങി. വീടുവിട്ട് ഇവിടം വന്നിട്ട് എത്രയായെന്നുപോലും ഓർമയില്ല. ഡാം നിർമാണം ഒരു തടസ്സവും കൂടാതെ തന്നെ മുന്നോട്ടുനീങ്ങി. പണിസ്ഥലത്തെ ഞങ്ങളുടെ ശ്രദ്ധക്ക് കൂടുതൽ ശക്തി കൈവന്നു. എന്നാൽ, സങ്കടപ്പെടുത്തിയ ചില സംഭവങ്ങൾ ഉണ്ടായപ്പോൾ മനസ്സ് വല്ലാതെ ഒന്നുപിടഞ്ഞു. അതേക്കുറിച്ച് വിശദമാക്കാം. കരാറുകാരുടെ സാമ്പത്തിക സ്വാധീനത്തിൽ ഞങ്ങളിൽ ചിലർ വീണത് എന്നെ ഞെട്ടിച്ചു. എന്‍റെ ഉപദേശങ്ങളെ പാഴ് വാക്കായി അവർ തള്ളിക്കളഞ്ഞല്ലോ എന്ന ചിന്ത എന്നെ വല്ലാതെ നിരാശനാക്കി. ‘ശമ്പളം നിസ്സാരം, കിട്ടുന്നത് വെറുതെ എന്തിന് ഉപേക്ഷിക്കണം?’ എന്ന നിലപാടാണ് അവരെ കൈക്കൂലി സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. മനസ്സിനെ വേദനിപ്പിച്ച ഒന്നുരണ്ടു സംഭവങ്ങൾകൂടി അനുബന്ധമായി ഉണ്ടായി.
ഡാം നിർമാണത്തിന് ജോലിക്കാരായി ചാലക്കുടിയിൽനിന്ന് പല കുടുംബങ്ങൾ പ്രവൃത്തിസ്ഥലത്തേക്ക് വന്നിരുന്നു. അതിലെ ഒരു കുടുംബത്തിൽ ഏതാണ്ട് 12 വയസ്സുള്ള ഒരു പെൺകുട്ടിയുണ്ടായിരുന്നു. കുടുംബത്തിന്‍റെ പരിതഃസ്ഥിതി കാരണം ചെറുപ്പത്തിലേ കൂലിപ്പണിക്ക് ഇറങ്ങേണ്ടിവന്ന ഹതഭാഗ്യയായിരുന്നു ആ ബാലിക. ഡാം നിർമാണത്തിനായുള്ള സിെമന്റ് മോർട്ടാർ മിശ്രിതം ചുമന്നുകൊണ്ടുവരുന്ന അവളെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ അന്ധാളിച്ചുനിന്നു. എനിക്ക് ആ കാഴ്ച കണ്ടുനിൽക്കാനേ കഴിഞ്ഞില്ല.
(ഇഷ്ടികകൾക്കിടയിലുള്ളതുപോലുള്ള കൊത്തുപണി നിർമാണത്തിന് ഉപയോഗിക്കുന്ന മിശ്രിതമാണ് സിമന്റ് മോർട്ടാർ. ഇത് വസ്തുക്കളെ പരസ്പരം ബന്ധിപ്പിക്കുകയും കെട്ടിട ഘടനകൾക്ക് ശക്തി, സ്ഥിരത, ഈട് എന്നിവ നൽകുകയുംചെയ്യുന്നു. കുമ്മായം, സിെമന്റ്, സുർഖി, മഡ് മോർട്ടാറുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത തരം മോർട്ടാറുകളുണ്ട്. മോർട്ടാർ ഉറച്ചുനിൽക്കുമ്പോൾ കഠിനമാവുകയും ഒരു അഗ്രഗേറ്റ് ഘടന രൂപപ്പെടുകയുംചെയ്യുന്നു. കോൺക്രീറ്റിന് സമാനമാണിത്.)
ഡാമിനുള്ളിലേക്ക് പ്രവേശിക്കണമെങ്കിൽ ഇരുമ്പ്പാളത്തിലൂടെ കടക്കണം. എനിക്കതിലേ പോകാൻതന്നെ ഭയമായിരുന്നു. ആ സ്ഥാനത്ത് ഈ ബാലിക അതുവഴി മിശ്രിതം ചുമന്ന് കൊണ്ടുപോകുന്നത് കണ്ടപ്പോൾ എനിക്ക് ഒട്ടുമേ സഹിക്കുന്നതായിരുന്നില്ല. ഞാനവളെ അടുത്ത് വിളിച്ചു.
‘‘എന്താ മോളുടെ പേര്?’’
‘‘അജി’’, അവൾ മറുപടി പറഞ്ഞു.
‘‘നിന്റെ കൂടെ ആരാണുള്ളത്?’’
‘‘അമ്മയുണ്ട്’’
‘‘നീ സ്കൂളിൽ പോകുന്നില്ലേ?’’
‘‘ഉണ്ട്. ഇപ്പൊ, അവധിയാണ്. സ്കൂൾ തുറന്നാൽ പോണം.’’ പിന്നീട് അവളുടെ ദൈന്യത നിറഞ്ഞ ജീവിതകഥ എനിക്ക് മുന്നിൽ വിവരിച്ചു.
‘‘വീട്ടിൽനിന്ന് കുറേ അകലെയാണ് സ്കൂൾ. നടന്നുപോകാൻ പ്രയാസമാണ്. ബസിന് പോകാൻ പൈസവേണം. അതുകൊണ്ട് സ്കൂൾ തുറന്നാൽ പറ്റുമോ എന്നറിയില്ല.’’
‘‘അച്ഛനില്ലേ?’’ എന്‍റെ ചോദ്യം അവളെ ഒന്ന് നൊമ്പരപ്പെടുത്തിയതായി തോന്നി.
‘‘ഇല്ല മരിച്ചുപോയി. ഒരു പണിസ്ഥലത്തുനിന്ന് അപകടം പറ്റിയതാണ്.’’
‘‘നീ ഇനി ചാന്ത് ചുമന്നുവരണ്ടാ. പണിക്കാർ കല്ല് പണിയുന്നിടം വെള്ളമൊഴിച്ചും കഴുകിയും വൃത്തിയാക്കിയാൽ മതി.’’ അവൾക്ക് ഞാൻ നിർദേശം നൽകി.
‘‘അതു മുതലാളി സമ്മതിക്കില്ല. അമ്മക്കും തീരെ വയ്യാ. എന്നാലും അമ്മ ചുമക്കുന്നുണ്ട്.’’
ഈ വാക്കുകൾ എന്‍റെയുള്ളിലെ മനഃസാക്ഷിയെ കൂടി ചോദ്യംചെയ്യുന്നതായി തോന്നി. ഉടനെ കോൺട്രാക്ടറുടെ ഏജന്റ് ജോണിനെ വിളിപ്പിച്ചിട്ട് പറഞ്ഞു.
‘‘ഈ കുട്ടിയെക്കൊണ്ട് ഇനിമേൽ ചാന്തു ചുമപ്പിക്കരുത്. അവൾ അതുംകൊണ്ട് പാലത്തിന് മുകളിലൂടെ വരുമ്പോൾ എനിക്കുതന്നെ പേടിയാകുന്നു. നിർബന്ധമാണെങ്കിൽ അവൾ ഇവിടെ മേസന്റെ കൂടെനിന്ന് പണിസ്ഥലം വൃത്തിയാക്കട്ടെ. നിങ്ങളുടെ കുഞ്ഞുമകളുടെ പ്രായമല്ലേയുള്ളൂ. ഇവളുടെ അമ്മയും പണി എടുക്കാൻ ആരോഗ്യമില്ലാതെ കഷ്ടപ്പെടുകയാണ്. അവരും ക്ലീനിങ് ജോലി ചെയ്യട്ടെ.’’
ജോണിന് എന്‍റെ നിർദേശം അത്ര ഇഷ്ടപ്പെട്ടില്ല. ‘‘ശരി സാർ, ഞാൻ മുതലാളിയോട് ചോദിക്കട്ടെ’’, ജോൺ മനസ്സില്ലാമനസ്സോടെ പറഞ്ഞു.
പിറ്റേദിവസം മുതൽ ഞാൻ പറഞ്ഞത് അവർ നടപ്പാക്കി..!
ഞാനവളുടെ അമ്മയെ അടുത്തുവിളിച്ച് കാര്യങ്ങൾ വിശദമായി അന്വേഷിച്ചു.
‘‘ഞങ്ങൾക്കവളെ പഠിപ്പിക്കണമെന്നുണ്ട്. പുസ്തകം വാങ്ങണം, ബസിന് പോകണം. ഞാനാണെങ്കിൽ രോഗിയാണ്. മരുന്നു വാങ്ങണം. എങ്ങനെ കഴിയുമെന്നറിഞ്ഞുകൂടാ’’, അമ്മയുടെ സങ്കടങ്ങൾ ആവോളമായിരുന്നു.
അപ്പോൾതന്നെ ആനന്ദൻ, വാസുദേവൻ, ഗോപാലൻ നായർ തുടങ്ങി അന്ന് എനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ അടുത്ത് വിളിച്ചുകൂട്ടി ഈ വിവരങ്ങളെല്ലാം ധരിപ്പിച്ചു.
‘‘നമുക്കവരെ സഹായിക്കാം. കുട്ടിക്ക് പഠിക്കാനുള്ള സഹായം ചെയ്യാം. കോൺട്രാക്ടറുടെ ഏജന്റ് നമ്മുടെ പോക്കറ്റിലിട്ട പൈസയില്ലേ. നമ്മൾ ഏതായാലും അത് ഉപയോഗിക്കില്ല. ആ കുട്ടിയുടെ പഠിപ്പിന് കൊടുക്കാം’’, ഞാനൊരു നിർദേശം അവർക്കു മുന്നിൽ ഇട്ടുകൊടുത്തു.
‘‘ശരി’’ എന്ന് തലയാട്ടി അവർ എന്‍റെ നിർദേശം അംഗീകരിച്ചു. തുടർന്ന് എല്ലാവരും കിട്ടിയ തുക കൊണ്ടുവന്ന് എണ്ണിനോക്കി. എല്ലാംകൂടി 300 രൂപയുണ്ട്. അന്നുതന്നെ ഞങ്ങൾ അജിയേയും അവളുടെ അമ്മയേയും വിളിപ്പിച്ചു.
‘‘ഇനി തുറക്കുമ്പോൾ അജി സ്കൂളിൽ പോകണം. അത്യാവശ്യ ചെലവിനുള്ള പൈസ ഞങ്ങൾ തരും.’’
ആ സ്ത്രീ ഏറെ നിർവൃതിയോടെ എന്റെ മുഖത്തേക്ക് നോക്കി. ‘‘വളരെ സന്തോഷം സാറെ’’, അവരുടെ മറുപടിക്ക് ആനന്ദത്തിന്‍റെ ഇടർച്ചയുണ്ടായിരുന്നു. അപ്പോൾ ആ കുഞ്ഞു ബാലികയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അത് ആരും കാണാതിരിക്കാൻ അവൾ കീഴോട്ട് തല താഴ്ത്തിവെച്ചു.
ഞങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽനിന്ന്, വായിക്കാൻ കൊണ്ടുവന്ന മാസികകളും ആഴ്ചപ്പതിപ്പുകളും അവൾക്ക് നൽകി.
‘‘പഠിത്തം കഴിഞ്ഞാൽ ദിവസവും ഈ വീക്കിലി വായിക്കണം. വായന മുടക്കരുത്.’’ ഞാനവളോട് പറഞ്ഞു.
ഈ സംഭവങ്ങളെല്ലാം നടക്കവെ ഞാൻ അൽപനേരത്തേക്ക് ജോലിയിൽനിന്ന് ശ്രദ്ധ മാറ്റിയിരുന്നു. അവളെയും അമ്മയേയും അവിടെനിന്ന് പറഞ്ഞയച്ച് ജോലിയിൽ വ്യാപൃതനാകുമ്പോഴാണ് ആ കാഴ്ച ശ്രദ്ധിച്ചത്. ഒരു ജോലിക്കാരൻ ചാന്തുവാങ്ങി ചട്ടിക്കണക്കിന് ഇടുകയാണ്. എന്നിട്ട് കല്ലടക്കിവെക്കുന്നു. ഞാൻ അതിവേഗം അങ്ങോട്ടേക്ക് ചെന്നു. പലപ്പോഴും വഴക്കുപറഞ്ഞിട്ടുള്ള ജോലിക്കാരനാണ്. ആവശ്യത്തിന് ഇരട്ടിയിൽ കൂടുതൽ സിമന്റ് ചാന്ത് ഇട്ടാണ് കല്ല് വെക്കുന്നത്. എനിക്ക് ദേഷ്യം വല്ലാതെ വന്നു. അയാളോടു പണി നിർത്തി കയറിപ്പോകാൻ പറഞ്ഞു. അയാൾ കുറേസമയം എന്റെ മുഖത്ത് നോക്കി നിന്നു. പിന്നീട് ദേഷ്യം അടക്കിപ്പിടിച്ച് അവിടം വിട്ടുപോയി. അയാൾ നേരെ ചെന്നത് കോൺട്രാക്ടറുടെ ഏജന്‍റിന്‍റെ അടുത്തേക്കാണ്. അയാളോട് എന്നെ കുറിച്ചുള്ള പരാതി പറഞ്ഞു.
‘‘ഇന്നു പൊയ്ക്കോ. നാളെ വന്നോ, ഞാൻ പറഞ്ഞുനോക്കാം’’ ഇത് പറഞ്ഞ് ഏജന്‍റ് അയാളെ അവിടെനിന്ന് പറഞ്ഞുവിട്ടു. ഒരുപക്ഷേ അപ്പൊ ഇടപെട്ടില്ലായിരുന്നെങ്കിൽ കരാറുകാരന് ഉദ്ദേശിച്ചതെന്തോ (കള്ളപ്പണിയിലൂടെ ലാഭമുണ്ടാക്കൽ) അതവിടെ നടക്കുമായിരുന്നു.
ഡാമിന്റെ നിർമാണ പ്രവൃത്തിക്കായി താൽക്കാലിക നിയമനം ലഭിച്ച ഞങ്ങളുടെ ജോലിയും ഭാവിജീവിതവും അനിശ്ചിതത്വം നിറഞ്ഞതായിരുന്നു. ജീവിതവും ജോലിയും പച്ചപ്പിനാൽ ഉറപ്പിക്കേണ്ടത് അനിവാര്യമാണെന്ന ചിന്ത ഞങ്ങളിൽ തിളച്ചുമറിഞ്ഞു. ഡാം നിർമാണത്തിനും, അതിനുമുമ്പ് മറ്റു അടിയന്തര പണികൾക്കുമായി രണ്ട് വർഷത്തേക്ക് 120 രൂപ ശമ്പളത്തിൽ നിയമിച്ച കുറേ പേരുടെ ഭാവിയെ മുൻനിർത്തിയായിരുന്നു സംഘടന രൂപവത്കരണം എന്ന ചിന്ത ഞങ്ങളിലുണ്ടായത്. ‘സംഘടിക്കുക –വേണ്ടിവന്നാൽ സമരംചെയ്യുക.’ ഞങ്ങൾ പോരാടാൻതന്നെ തീരുമാനിച്ചു. അന്നു ബോർഡിലുണ്ടായിരുന്ന തൃശൂർ സ്വദേശിയായ അച്യുതമേനോൻ എന്ന മഹാപ്രതിഭ ഞങ്ങളെ എല്ലാം വിളിച്ചുകൂട്ടി ഭാവിയെക്കുറിച്ച് ചർച്ചചെയ്യാൻ അവസരമുണ്ടാക്കി.
കേരള ഇലക്ട്രിക് വർക്കേഴ്സ് ഫെഡറേഷൻ എന്ന പേരിലൊരു സംഘടന അങ്ങനെ രൂപവത്കൃതമായി. അച്യുതമേനോന്‍റെ സ്വാധീനംകൊണ്ട് ഞങ്ങളുടെ സംഘടനക്ക് അംഗീകാരവും കിട്ടി. അച്യുതമേനോൻ പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായി. ഭരതൻ, എം.എൻ. വിജയൻ, എം.ടി. ജോർജ്, ടി.എൻ. വാസുദേവൻ നായർ, ടി.എ. റഹിം എന്നിവരും ഉൾപ്പെട്ടതായിരുന്നു കമ്മിറ്റി. ഞങ്ങളുടെ പോരാട്ടങ്ങൾ തൊഴിലാളികൾക്കും അധ്വാനിക്കുന്നവർക്കും വേണ്ടിയുള്ളതായിരുന്നു.
അതിനിടെ ഷോളയാറിലെ എക്സിക്യൂട്ടിവ് എൻജിനീയർ, ഒരുദിവസം ജോലിസ്ഥലത്തു വന്നപ്പോൾ, കുഞ്ഞികൃഷ്ണൻ ഇപ്പോൾ തിരുവനന്തപുരത്ത് പോയി ഒന്ന് ശ്രമിച്ചാൽ നിങ്ങളുടെ ജോലിസ്ഥിരതയുടെ കാര്യം നടന്നേക്കുമെന്നും യൂനിയന്റെ പേരിൽ വേണ്ട, ചീഫ് എൻജിനീയർക്ക് അദ്ദേഹം ഒരു കത്ത് തരാം എന്നും പറഞ്ഞിരുന്നു. ഇക്കാര്യം സംഘടന നേതൃത്വവുമായി സംസാരിച്ചപ്പോൾ അനുകൂലമായ മറുപടിയുണ്ടായി. അങ്ങനെ സംഘടന നിർദേശപ്രകാരം എക്സിക്യൂട്ടിവ് എൻജിനീയർ തന്ന എഴുത്തുമായി ഞാൻ ഒരുദിവസം രാത്രി തിരുവനന്തപുരത്തേക്ക് വണ്ടി കയറി. പിറ്റേന്ന് ഉച്ച കഴിഞ്ഞ് തലസ്ഥാന നഗരിയിലെത്തി. അന്നത്തെ എം.എൽ.എ കെ.ജെ. ബാലകൃഷ്ണന്‍റെ ഓഫിസിലെത്തി കാര്യങ്ങൾ വിശദമായി അവതരിപ്പിച്ചു. എല്ലാ കാര്യങ്ങളും കേട്ടശേഷം അദ്ദേഹം പറഞ്ഞു.
‘‘ശരി നിങ്ങൾ പോയി ചീഫ് എൻജിനീയറുമായി സംസാരിക്കുക. ഞാൻ അദ്ദേഹവുമായി സംസാരിക്കാം.’’
അങ്ങനെ അടുത്ത ദിവസം ചീഫ് എൻജിനീയറെയും ബോർഡ് സെക്രട്ടറിയെയും പോയി കണ്ടു.
മേസ്തിരിമാരെ എല്ലാവരെയും സ്ഥിരപ്പെടുത്തുമെന്ന് ചീഫ് എൻജിനീയർ എന്നോട് പറഞ്ഞു. വളരെ സന്തോഷത്തോടെ രാത്രി ഞാൻ ഷോളയാറിലേക്ക് തിരിച്ചു വണ്ടി കയറി. തലസ്ഥാനത്തുനിന്ന് ലഭിച്ച സന്തോഷവാർത്ത എല്ലാവരോടും അറിയിക്കാൻ മനസ്സ് വെമ്പി.
ഷോളയാറിൽ എത്തിയപ്പോൾ, അവിടെയുള്ള മിക്ക സുഹൃത്തുക്കൾക്കും പി.ഡബ്ല്യു.ഡിയിലേക്കും റെയിൽവേയിലേക്കും ജോലി കിട്ടിയതായുള്ള ഓർഡർ ലഭിച്ചതായി അറിഞ്ഞു. എല്ലാവരും പോകാനുള്ള ഒരുക്കത്തിലാണ്. പലരും യാത്ര പറയുന്നുണ്ട്. എനിക്ക് പി.ഡബ്ല്യു.ഡിയിലേക്ക് വർക്ക് സൂപ്രണ്ടായാണ് മാറ്റം. സ്ഥിരം നിയമനമാണ്. എന്നാൽ, വൈദ്യുതി ബോർഡിൽനിന്ന് പോകാൻ എനിക്ക് മനസ്സ് തോന്നിയില്ല. ബോർഡിൽതന്നെ തുടർന്ന് പോകാനാണ് ആഗ്രഹം. ഇവിടെനിന്ന് കാര്യം (സ്ഥിരം നിയമനം) നേടാം. സംഘടനയുണ്ടല്ലോ, മനസ്സിൽ കരുതി.
1961 ജനുവരി ആദ്യം മുതൽ തുടങ്ങിയ ഷോളയാർ ഡാമിന്റെ നിർമാണ പ്രവൃത്തി പൂർത്തിയായത് 1965ലാണ്. ഇക്കാലയളവിൽ നന്മ നിറഞ്ഞതും അല്ലാത്തതുമായ ഒട്ടനേകം ഓർമകളാണ് ജീവിതത്തിൽ സംഭവിച്ചത്. എന്നാൽ, ഏറെ ചാരിതാർഥ്യത്തോടെ ഡാമിന്‍റെ പ്രവൃത്തി പൂർത്തിയാക്കാനായി എന്ന അഭിമാന ബോധവും ഉള്ളിലുണ്ടായി. നല്ല ഒരുപാട് സുഹൃത്തുക്കളെ സമ്പാദിക്കാനായതും അവരോടൊപ്പം ആത്മാർഥതയോടെ ജോലി ചെയ്യാനായതും കൈക്കൂലി പോലുള്ള ദുഷിച്ച പ്രേരണകളെ ഒഴിവാക്കാനായതും അഭിമാനത്തോടെ പറയാൻ കഴിയുന്നതാണ്.
കായികപരവും കലാപരവുമായ ചില അനുഭവങ്ങളും ഡാം നിർമാണ സമയത്ത് ഉണ്ടായി. ‘പുതിയ ആകാശം, പുതിയ ഭൂമി’ എന്ന നാടകം സിനിമയാക്കാനായി. എഴുത്തുകാരൻ തോപ്പിൽ ഭാസി അന്ന് ഞങ്ങൾക്കരികിലേക്ക് വന്നത് മറക്കാനാവാത്തതാണ്. ഡാം പരിസരത്ത് വന്ന് അദ്ദേഹം ഞങ്ങളുടെ പണി കുറെ നേരം നോക്കിനിന്നു. എന്നിട്ട് എന്റെ അടുക്കൽ വന്ന് ഷേക്ക് ഹാൻഡ് തന്ന് അഭിനന്ദിച്ചു. എന്നിട്ടു പറഞ്ഞു, ‘‘നിങ്ങളെപ്പോലുള്ളവരാണ് ഈ നാടിനുവേണ്ടത് –ഞാൻ ശ്രദ്ധിക്കുകയായിരുന്നു, നിങ്ങൾ വിശ്രമമില്ലാതെ, കഠിനമായി പണി എടുക്കുന്നത്! എന്റെ അഭിനന്ദനങ്ങൾ!’’ അപ്പോൾ നിലാവു നിറഞ്ഞ ആകാശത്തെത്തിയതായി എനിക്കു സ്വയം തോന്നി.
പെരിങ്ങൽക്കുത്ത് പദ്ധതി പ്രവൃത്തിക്കിടെ നടന്ന കായിക മത്സരത്തിൽ പങ്കെടുക്കാനായതും മറക്കാനാവാത്തതാണ്. 400 മീറ്റർ ലോങ്ജംപ്, ഹോയ്സ്റ്റെപ്പ് എന്നിവയിൽ ഒന്നാമതായി ഫിനിഷ് ചെയ്യാനായി. ഓട്ടത്തിൽ വീണ് മുട്ടുപൊട്ടി എന്നത് മറ്റൊരു കാര്യം. കലാകാരനും സുഹൃത്തുമായ കൂടെ പണിയെടുത്തിരുന്ന അലി അക്ബർ എന്നെ അഭിനന്ദിച്ച്, മുറിവിൽ മരുന്നുവെച്ച് തന്നു. പിന്നീട് ഒഴിവുസമയത്ത് അദ്ദേഹം എഴുതിയ ഒന്നുരണ്ടു കവിതകൾ എന്നെ വായിച്ചു കേൾപ്പിച്ചു.
ഷോളയാറിൽ ഡാം പണിക്കിടെ വീട്ടിൽനിന്ന്, അപ്പനോ ചേട്ടനോ കുറച്ചു രൂപ വേണമെന്നാവശ്യപ്പെട്ട് എഴുത്ത് അയക്കും. അച്ഛൻ പറയും, കൃഷിപ്പണിക്കും മറ്റും പൈസ വേണം, നീ വേഗം അയച്ചു താ. കൈയിൽ കഷ്ടിച്ച് ജീവിക്കാനുള്ള പണം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. സുഹൃത്തുക്കളുടെ അടുത്ത് പോയി പണം കടം വാങ്ങി വീട്ടിലേക്ക് അയക്കും. ഇങ്ങനെ സാമ്പത്തികമായി ഞെരുങ്ങി കഴിയവെ കൂടെ പണിയെടുക്കുന്ന സുഹൃത്ത് സ്വകാര്യമായി എന്നെ കാണാനെത്തി, എന്നിട്ട് പറഞ്ഞു. ‘‘കുറച്ചു പൈസ തരട്ടെ, കോൺട്രാക്ടറുടെ ഏജന്റ് പൗലോസ്, നമുക്ക് എല്ലാവർക്കും പങ്കുവെച്ചെടുക്കാൻ തന്നതാണ്. 30 രൂപ വീതം.’’
ഇത് കേട്ടതോടെ എനിക്ക് ദേഷ്യം വന്നു. അവനെ ഒന്ന് പൊട്ടിക്കാൻ വരെ തോന്നി. ‘‘ഗോവിന്ദാ സംഗതി ശരിയല്ല. കൈക്കൂലി എന്നാണതിന് പറയുക. അതുവേണോ? നമ്മുടെ മനഃസാക്ഷിയെ വിൽക്കണോ?’’
‘‘കൈക്കൂലിയല്ല. അവരുടെ സഹായം. നമ്മുടെ ശമ്പളമൊക്കെ നിസ്സാരമല്ലേ?’’ അവൻ അതിനെ സാധൂകരിക്കാൻ ശ്രമിച്ചു.
‘‘ഏതായാലും, അവരുടെ അടിമയാകാൻ ഞാൻ തയാറല്ല, താൻ ചിന്തിച്ചു വേണ്ടതു ചെയ്യുക’’, ഒട്ടും മടി കൂടാതെ തന്നെ പറഞ്ഞു.
തുടർന്ന് അയാൾ, മറ്റു സുഹൃത്തുക്കളെയും സമീപിച്ചു. എന്നാൽ എന്നോടൊപ്പം അവരും ഞങ്ങൾ നേരത്തേ എടുത്ത തീരുമാനത്തിൽ (കൈക്കൂലി വാങ്ങില്ല) ഉറച്ചുനിന്നു. എന്റെ കൂടെ കൂടിയതാണ് അവരെ ഇങ്ങനെ ചിന്തിപ്പിക്കാൻ ഇടയാക്കിയത്. എനിക്കഭിമാനം തോന്നി.
ഡാമിന്‍റെ പണിയിൽ ഒരു വിട്ടുവീഴ്ചക്കും ഞങ്ങൾ കീഴ്പ്പെട്ടില്ല. എന്‍റെ സത്യസന്ധതയെ ശ്രദ്ധിച്ച കോൺട്രാക്ടറുടെ ഏജന്റ് ക്ലമന്‍റ് അടുത്ത് വന്ന് അഭിനന്ദനം അറിയിച്ചു. നല്ല സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അപ്പോൾ.
ഇതിനിടെ ഖേദപൂർവം ചില സംഭവങ്ങളും ഉണ്ടായി. ചില സുഹൃത്തുക്കൾ വളരെ രഹസ്യമായി കൈക്കൂലി വാങ്ങുന്നതായി ശ്രദ്ധയിൽപെട്ടു. അവരെ സംഘടനയുടെ മുന്നിൽ നിർത്തി താക്കീതു ചെയ്യാൻതന്നെ തീരുമാനിച്ചു. സംഘടനയുടെ വാർഷിക യോഗം നടക്കവെ ഈ വിഷയവും ചൂടേറിയ ചർച്ചയായി. അച്യുതമേനോൻ, വികാരഭരിതനായി!
‘‘നമ്മുടെ ചില അംഗങ്ങൾ, കോൺട്രാക്ടറുടെ അടിമകളായി, അവരുടെ ചില്ലറ കാശും വാങ്ങി. ചിലരുടെ മുഖം വിളറുന്നുണ്ടോ, മുഖത്ത് രക്തലേശമില്ലാതായോ?’’ അദ്ദേഹം തുറന്നടിച്ചുതന്നെ സംസാരിച്ചു. പലർക്കും അതുകേട്ട് കുറ്റബോധമുണ്ടായോ. അറിയില്ല.
1963 ജൂൺ
അച്യുതമേനോൻ രോഗിയായി ആശുപത്രിയിലാണ്. സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നില്ല. ഞാനുടനെ ആശുപത്രിയിലേക്ക് കുതിച്ചു. എന്നെ കണ്ടപാടെ കൈയിൽ പിടിച്ചു തടവി. മുഖത്തേക്ക് കുറേസമയം നോക്കിനിന്നു. എന്റെ മനസ്സ് കലങ്ങി. കുറച്ചു രൂപ അദ്ദേഹത്തിന്റെ ഭാര്യയുടെ കൈയിൽ കൊടുത്തു, ആശുപത്രി ചെലവുകൾക്ക്. മതിയാവില്ല എങ്കിലും എന്നാൽ കഴിയുന്നത് നൽകി, അത്രമാത്രം. രോഗം ഭേദമായപ്പോൾ, അദ്ദേഹത്തിന് കുറ്റ്യാടി പ്രോജക്ടിലേക്ക് ട്രാൻസ്ഫർ. ഞങ്ങൾ നല്ലൊരു യാത്രയയപ്പ് തന്നെ നൽകി. അഞ്ചുവർഷത്തെ മഹത്തായ സൗഹൃദബന്ധമുണ്ട് ഞങ്ങൾക്കിടയിൽ. സ്വന്തം കുടുംബത്തിനുവേണ്ടി ചെയ്യുന്നതിൽ കൂടുതൽ തൊഴിലാളികൾക്ക് വേണ്ടി നിലയുറപ്പിച്ച മഹാൻകൂടിയായ അച്യുതമേനോൻ എന്നും എനിക്ക് വലിയ മാതൃകയായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി അഹോരാത്രം ഇടപെടുകയും പ്രവർത്തിക്കുകയുംചെയ്ത മഹാൻ.
ഇന്ന് ഒമ്പതാം ബ്ലോക്കിലാണ് എന്നെ നിയോഗിച്ചത്. അവിടെ കോൺട്രാക്ടറുടെ ഏജന്റ് ‘ക്ലമന്റ്’ ഉണ്ട്. നല്ല മനുഷ്യനാണദ്ദേഹം. നന്നായിട്ട് പണിചെയ്യിക്കും. ഞങ്ങളോടൊക്കെ നല്ല പെരുമാറ്റവും. ഏജന്റുമാർക്കും ഞങ്ങൾ സ്റ്റാഫിനും അവർ കാപ്പിയും കടിയും രാവിലെയും വൈകുന്നേരവും കൊണ്ടുവരും. ഞാൻ ആ സൽക്കാരം സ്വീകരിക്കാറില്ല. കാന്റീനിൽനിന്ന് കാപ്പി കൊണ്ടുവന്ന് കുടിക്കും. എന്നാൽ, ക്ലമന്‍റ് സൂത്രക്കാരനാണ്. സൗമ്യമായി എന്നെ മാറ്റിയെടുക്കാനാണ് അദ്ദേഹത്തിന്‍റെ ശ്രമം. ഞാൻ അതുപോലെ സൗമ്യമായി സംസാരിച്ച് അടുത്തുകൂടും. ‘‘എന്റെ മനസ്സാക്ഷി എന്തുപറയുന്നു, അതനുസരിച്ച് ജീവിക്കട്ടെ. എന്നെ ബുദ്ധിമുട്ടിക്കരുത്.’’ ഒരുദിവസം തുറന്നു പറഞ്ഞു.
‘‘സാറിനെ ഞാൻ ബഹുമാനിക്കുന്നു. എന്നെക്കൊണ്ട് കഴിയുന്നത്ര സാറിന്റെ നിർദേശമനുസരിച്ച് പണി എടുപ്പിക്കാം. സാറിന്റെ ആത്മാർഥതയെ ഞാൻ ബഹുമാനിക്കുന്നു.’’ അയാളുടെ ആ മറുപടിയിൽ എനിക്ക് തൃപ്തി തോന്നി.
പിന്നീട് കോൺട്രാക്ടറുടെ മുതിർന്ന ഏജന്റ്, വറുഗീസും മറ്റൊരാളും വന്ന് കുറെ സംസാരിച്ചു. എന്നെ സ്വാധീനിക്കാൻ കഴിഞ്ഞാൽ, എന്റെ കൂടെയുള്ള കുറെ സുഹൃത്തുക്കളെയും കൈയിലൊതുക്കാമെന്നായിരുന്നു അവരുടെ ലക്ഷ്യം. അവിടെയും ഞാൻ വിജയിച്ചു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ളപ്പോഴും എനിക്ക് എന്റെ മനസ്സാക്ഷിയെ നിലക്കുനിർത്താൻ കഴിഞ്ഞു.
ഷോളയാറിൽ പ്രത്യേകമായൊരു കാലാവസ്ഥയായിരുന്നു അന്ന്. പകൽ പൊള്ളുന്ന വെയിൽ, കാറ്റ്. രാത്രി അസഹ്യമായ തണുപ്പ്. ആയിടക്ക് ശരിയായി ജോലിചെയ്യാത്തതിന്റെ പേരിൽ, പണിസ്ഥലത്തുനിന്ന് ഞാൻ ഇറക്കിവിട്ട രണ്ടുമൂന്ന് തൊഴിലാളികൾ വൈകുന്നേരം എന്റെ ക്വാർട്ടേഴ്സിൽ വന്നു. എന്നിട്ട് പറഞ്ഞു.
‘‘സാറിന്റെ അടുക്കൽനിന്ന് പണിയാൻ ഞങ്ങൾക്കിഷ്ടമാണ്. ഞങ്ങൾ പണി മോശമായി ചെയ്തപ്പോൾ ഞങ്ങളെ കയറ്റിവിട്ടതിൽ അന്ന് വിഷമം തോന്നിയെങ്കിലും ഇപ്പോൾ അത് നന്നായി എന്നുതോന്നുന്നു. സാറിന്റെ നിർദേശമനുസരിച്ച് നന്നായി പണിയെടുത്താൽ, ഏജന്റുമാർ വന്ന് ഞങ്ങളെ ശല്യംചെയ്യുകയില്ല. ഇതൊക്കെക്കൊണ്ട് സാറിനെ ഞങ്ങൾക്ക് ഇഷ്ടമാണ്.’’
അവരുടെ ആ തുറന്നുപറച്ചിലിൽ എനിക്ക് അഭിമാനംതോന്നി. എന്‍റെ തീരുമാനവും ലക്ഷ്യവും എന്നും സത്യസന്ധമായിരുന്നെന്ന് സമൂഹം അംഗീകരിക്കുന്നുണ്ടല്ലോ.
ഡാമിന്റെ അഞ്ചാം ബ്ലോക്കിന്റെ പണികഴിഞ്ഞു. ഇതിന്റെ ആദ്യവസാനം ഞാൻ നിന്ന് പണിനോക്കി. ഏറെ സത്യസന്ധമായി, ആത്മാർഥമായി തന്നെ. പണി തീർത്ത സന്തോഷത്തിൽ സബ് കോൺട്രാക്ടർ ബി.ടി. വർഗീസ് പാർട്ടി നടത്തി. ആ പാർട്ടിയിൽ ഞങ്ങളെയും പങ്കെടുപ്പിച്ചു. ബി.ടിയെയും അവിടെ പണിയെടുത്ത കുഞ്ഞുകുട്ടികളടക്കം എല്ലാ പണിക്കാരെയും അഭിനന്ദിച്ച് ഞാൻ സംസാരിച്ചു.
എന്നോട് സുഹൃത്തിനെപ്പോലെ പെരുമാറുന്ന ജോസ് എന്ന ഏജന്റ് പറഞ്ഞു:
‘‘സാറിനും സുഹൃത്തുക്കൾക്കും തരാൻ ഞാൻ തന്ന കവർ നിങ്ങൾ നിഷേധിച്ചു. ഞങ്ങൾ അത് തന്നതുകൊണ്ട്, പണിയെ ബാധിക്കുമായിരുന്നില്ല. സാറന്മാർക്ക് അനാമത്ത് ചിലവുകൾക്ക് വേണ്ടിവരുമല്ലോ. മുതലാളിക്ക് കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക്.’’
‘‘ഞങ്ങൾ ആ കവർ വാങ്ങിയാലും ഇല്ലെങ്കിലും പണിയെ ബാധിക്കില്ല. ഞങ്ങൾ ബോധപൂർവം നിങ്ങൾക്ക് നഷ്ടം വരുത്തതുകയുമില്ല. നമ്മുടെ സുഹൃദ്ബന്ധം നിലനിൽക്കും.’’ നാച്ചിമുത്തു പറഞ്ഞത് ഇതാണ്.
അന്ന് മൂത്ത സഹോദരിയുടെ വിവാഹം നടക്കവെ, സാമ്പത്തികമായി ഏറെ ബുദ്ധുമുട്ടിയ സമയത്താണ് കരാറുകാരൻ പണമടങ്ങിയ ആ കവർ എനിക്കുനേരെ നീട്ടിയതും ഞാനത് ഉപേക്ഷിച്ചതും. ഇങ്ങനെ സാമ്പത്തികമായി ആകെ തകർന്ന് മനസ്സ് അവശത തോന്നിയ സമയങ്ങളിലെല്ലാം തോന്നിയത് ഈ വരികളാണ്. മനസ്സിനെ കൂടുതൽ കരുത്തോടെ മുന്നേറാൻ സഹായിച്ച വരികൾ.
‘‘എന്റെ ചേതന വാടില്ലൊരിക്കലും,
എന്റെ ശബ്ദമിടറില്ലൊരിക്കലും,
എന്റെ നാടിന്റെ നിർമാണവേദിയിൽ
എന്റെ കർമധീരമായ് മാറിടാം.
ഏകനെങ്കിലും കാലിടറാതെ ഞാ
നീവഴിത്താര താണ്ടി മുന്നോട്ടുപോം.
നേടുവാനുണ്ടനേകം പ്രതീക്ഷകൾ.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.