ഗുലാം അലി
ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർ ഗുലാം അലിയെ ഒരു കലാകാരനായി മാത്രമല്ല കാണുന്നത്. അദ്ദേഹം നാഡികളിൽ ചോരയോട്ടം വർധിപ്പിക്കുന്ന ഒരു വികാരാനുഭവമാണ്. ഗുലാം അലിയുടെ ഗസലുകൾ കേൾക്കുമ്പോൾ ജനങ്ങൾ പ്രകടിപ്പിക്കുന്ന ആത്മബന്ധവും ആദരവും അപൂർവവും അസാധാരണവുമായി തോന്നുന്നു –ഗുലാം അലിയുടെ സംഗീതത്തിലൂടെ ഒരു സഞ്ചാരം.
“സംഗീതം മനുഷ്യരാശിക്കുള്ള എന്റെ വിനീതമായ സമർപ്പണമാണ്, ഗസലിലൂടെ അതിരുകൾക്കപ്പുറമുള്ള ഹൃദയങ്ങളെ ഒന്നിപ്പിക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.” എൺപത്തഞ്ചിലേക്കു പദമൂന്നുന്ന ഗുലാം അലിയുടെ വാക്കുകൾ ഒരു വലിയ കലാകാരൻ കൊണ്ടുനടക്കുന്ന ജീവിതദർശനത്തിന്റെ തിളങ്ങുന്ന അടയാളമാണ്. 1940ൽ പാകിസ്താനിലെ കലേകേയിൽ ജനിച്ച ഗുലാം അലി ബാല്യത്തിൽതന്നെ സംഗീതത്തെ സ്വയംവരിച്ചു. പടിയാല ഘരാനയിലെ ബഡേ ഗുലാം അലിഖാൻ, ബർക്കത് അലിഖാൻ, മുബാറക് അലിഖാൻ എന്നിവരുടെ ശിക്ഷണത്തിൽ ഹിന്ദുസ്താനി ശാസ്ത്രീയസംഗീതം അഭ്യസിച്ചു.
അതിന്മേൽ കെട്ടിപ്പടുത്ത ഗസൽ സാമ്രാജ്യത്തിൽ അദ്ദേഹം ആറു പതിറ്റാണ്ടു കാലമായി ‘സുൽത്താനു അസ്-സലാ തീനാ’യി വാഴുകയാണ്. 1960ൽ റേഡിയോ ലാഹോറിൽനിന്നു തുടക്കം കുറിച്ച അഖണ്ഡ സംഗീതയാത്ര എല്ലാ ഭൂഖണ്ഡങ്ങളിലൂടെയും അഭംഗുരം മുന്നോട്ടുപോകുന്നു. ഇന്നും അതേ ആവേശത്തോടെ, തീവ്രതയോടെ, ആധികാരികതയോടെ അദ്ദേഹം പാടുന്നുവെന്നത് ഗുലാം അലിയുടെ ആന്തരിക യൗവനത്തെയും നിത്യസാധനയെയും സാക്ഷ്യപ്പെടുത്തുന്നു.
ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർ ഗുലാം അലിയെ ഒരു കലാകാരനായി മാത്രമല്ല കാണുന്നത്, അദ്ദേഹം നാഡികളിൽ ചോരയോട്ടം വർധിപ്പിക്കുന്ന ഒരു വികാരാനുഭവമാണ്. ഗുലാം അലിയുടെ ഗസലുകൾ കേൾക്കുമ്പോൾ ജനങ്ങൾ പ്രകടിപ്പിക്കുന്ന ആത്മബന്ധവും ആദരവും അപൂർവവും അസാധാരണവുമായി എനിക്കും തോന്നുന്നു. അത്രത്തോളം, മനുഷ്യരുടെ ആനന്ദത്തെയും ദുഃഖത്തെയും പ്രതീക്ഷയെയും ഒരുപോലെ ഉൾക്കൊള്ളുവാൻ അദ്ദേഹം പാടുന്ന ഗസലുകൾക്കു സാധിക്കുന്നുണ്ട്.
ശാസ്ത്രീയ നിഷ്ഠയും കവിതയുടെ സുഗന്ധവും മാനവസ്നേഹവും ഒന്നുചേർന്ന ഈ കലാപരിചരണം ലോകത്തിനുതന്നെ മാതൃകയാണ്. അതിവിപുലമായ സംഗീതരചനകളും ഇന്നും വർധിച്ചുകൊണ്ടിരിക്കുന്ന ആരാധകവൃന്ദവുംകൊണ്ട് സമൃദ്ധമായ കലാജീവിതം ഗുലാം അലിയെ ഒരു ഗസൽഗായകനെന്നതിലുപരി ഒരു സാംസ്കാരിക പ്രതിഭാസമാക്കി മാറ്റിക്കഴിഞ്ഞു. കലയുടെ പാരമ്പര്യത്തെ പുതുതലമുറയിലേക്കു കൈമാറാനും ഗസലിനെ ആധുനിക സംസ്കാരത്തിന്റെ ജൈവ ഘടകമാക്കാനും അദ്ദേഹം നിർവഹിച്ച വിശുദ്ധമായ ആത്മസമർപ്പണം സംഗീതകലയുടെ ചരിത്രസ്മാരകങ്ങളിൽ രത്നലിപികളിൽ രേഖപ്പെടുത്തേണ്ടതുണ്ട്.
ഹിന്ദുസ്താനി ശാസ്ത്രീയ സംഗീതപദ്ധതിയുടെ കർശനമായ പാരമ്പര്യം, കവിതയുടെ വികാരലോകം, സാങ്കേതികത്വം, തത്ത്വചിന്ത, സാംസ്കാരിക വിതാനങ്ങൾ എന്നിവയെ സംയോജിപ്പിക്കാൻ കഴിയുന്ന പ്രതിഭയായി ഗുലാം അലിയെ ഞാൻ മനസ്സിലാക്കുന്നു. ഒരു സംഗീതരൂപം എന്നനിലയിൽ ഗസലിനെ ആഴത്തിൽ അറിയാൻ അദ്ദേഹം ഏറെ ശ്രമിച്ചിട്ടുണ്ട്. ഗുലാം അലി പാടുമ്പോൾ ഒരു കവിയെയും സ്വരശിൽപ്പിയെയും ദാർശനികനെയും ശ്രോതാക്കൾ ഒരുമിച്ചു കേൾക്കുന്നു. ഗസലിനെ വെറും സംഗീതമായിട്ടല്ല, ജീവൻ നൽകപ്പെട്ട കവിതയായിട്ടാണ് അദ്ദേഹം നിർവചിക്കുന്നത്. അതിലുപരി ഗസലിനു നൽകുന്ന അലങ്കാരമായി അദ്ദേഹം സംഗീതത്തെ കരുതുന്നു. ശരിയായ ഉച്ചാരണം, വാക്കുകളുടെ ഭാവന, ലയത്തിലെ സൂക്ഷ്മത എന്നിവയെ ശാസ്ത്രീയ സംഗീതത്തിലെ സ്വരശുദ്ധിയെക്കാൾ പ്രധാനമായി ഗുലാം അലി വിവക്ഷിക്കുന്നു. അതിനാൽ പാടുമ്പോൾ വാക്കുകളുടെ ശുദ്ധിയും അർഥവും സംരക്ഷിക്കുവാൻ അദ്ദേഹം എന്നും പ്രതിജ്ഞാബദ്ധനായി.
ഇതാണ് ഗുലാം അലിയുടെ ഗസൽശൈലിയെ ശുദ്ധ ശാസ്ത്രീയ ഗായകരിൽനിന്നു വേർതിരിക്കുന്ന നിർണായക ഘടകം. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, ‘‘ഗസൽ കേവലമൊരു സംഗീത പാരമ്പര്യം എന്നതിനെക്കാൾ നമ്മുടെ കൂട്ടായ ചരിത്രത്തിന്റെയും തനിമയുടെയും സാഹിത്യ പൈതൃകത്തിന്റെയും ജൈവശേഖരമാണ്.” അതൊരു സംഗീതാത്മകമായ കവിതയാണ്. ഇവിടെ അദ്ദേഹം സംഗീതത്തിനു മുമ്പായി കവിതയെ പരിഗണിക്കുന്നു. കവിതയുടെ വരികളിൽ മയങ്ങുന്ന ദുഃഖം, പ്രണയം, ദാഹം, നിരാശ, വേർപിരിയൽ തുടങ്ങിയ മനോവികാരങ്ങളെ ഗസലിൽ മുല്ലപ്പൂപോലെ വിരിയിക്കുക എന്നതാണ് ഗായകരുടെ കടമയെന്നും അദ്ദേഹം ആവർത്തിച്ചു. അതിനാലാവാം അതിരുകൾ ഭേദിക്കാൻ വികാരങ്ങൾക്കു കഴിയുമെന്നും കലാകാരൻ അവയെ ഉണർത്തിയാൽ മാത്രം മതിയെന്നും ഗുലാം അലി ഗായകരെ ഉപദേശിച്ചത്. വികാരം എവിടെയും ഒരേ തീവ്രതയോടെ മനുഷ്യരെ സ്പർശിക്കുന്നതാണെന്നു തെളിയിക്കാനും ഗസലുകളിലൂടെ അദ്ദേഹത്തിനു സാധിച്ചു.
ഗസലും ശാസ്ത്രീയ സംഗീതവും തമ്മിലുള്ള വ്യത്യാസത്തെ ഗുലാം അലി വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ശാസ്ത്രീയ സംഗീതത്തിന്റെ ഘടകങ്ങളെ ഗസൽ ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഗുലാം അലിയുടെ അനുഭവപ്രകാരം അതിന്റെ ലക്ഷ്യം രാഗങ്ങളുടെ വ്യാഖ്യാനമല്ല, കവിതയുടെ വികാരപ്രകടനംതന്നെയാണ്. ആലാപനം, മീൻഡ്, താൻ, സർഗം എന്നിവയിലൂടെ ശാസ്ത്രീയ സംഗീതം വികസിക്കുമ്പോൾ, ഗസലിൽ ഈ ഘടകങ്ങൾ നിയന്ത്രിതമായ അളവിൽ ഉപയോഗിക്കണമെന്ന് ഗുലാം അലി നിഷ്കർഷിക്കുന്നു. ശാസ്ത്രീയ വിസ്താരം കവിതയുടെ അർഥത്തെ മറികടക്കാതിരിക്കാൻ വേദികളിൽ അദ്ദേഹം കരുതൽ പുലർത്തി. വികാരസാന്ദ്രമായ സംഗീതമായതിനാൽ കേൾവിക്കാരുടെ ഹൃദയത്തെ സ്പർശിക്കുകയാണ് അതിന്റെ ഉന്നം. അതിനാൽ സംഗീതഭംഗി, മേലധികാരിയായല്ല, കവിതയുടെ സേവകനായി വേണം ഗസലിൽ പ്രവർത്തിക്കേണ്ടത് എന്നുവരെ ഗുലാം അലി പറഞ്ഞുെവച്ചു.
ഗുലാം അലിയുടെ സംഗീതം പടിയാല ഘരാനയുടെ സ്വാധീനതയിൽ വളർന്നതാണ്. സ്വതന്ത്രമായ സംഗീതവ്യാകരണവും ആലാപനരീതിയും സംരക്ഷിക്കുന്ന പടിയാല ഘരാനയുടെ സ്ഥാപകർ അലിബക്ഷ് ഖാനും ഫതേ അലി ഖാനുമാണ്. ബോൽ താൻ, ലയക്കാരി, സ്വരശുദ്ധി, പഞ്ചസ്വരാധിഷ്ഠിത രാഗങ്ങൾ എന്നിവ പടിയാല ഘരാനയുടെ മുഖമുദ്രകളാണ്. സ്വരവും വാക്കും ലയിച്ചു നീങ്ങുന്ന ഈ ബാണി ശക്തമായ വോക്കൽ നിയന്ത്രണവും താനുകൾ, മുർകി, ഗമകം, ഖത്ക പോലുള്ള മാധുര്യം പുലർത്തുന്ന അലങ്കാരങ്ങളുടെ സമ്പുഷ്ടമായ ഉപയോഗവുംകൊണ്ട് സമ്പന്നമായിരിക്കുന്നു. അങ്ങനെ ഗുലാം അലിയുടെ ഗാനശൈലി പടിയാല ഘരാനയുടെ വോക്കൽ ആർക്കിടെക്ചറുമായി ഏറെ ഇണങ്ങിച്ചേരുന്നു.
തുമ്രി, കവ്വാലി, ഗസൽ തുടങ്ങിയ ലളിത–അർധലളിത ശൈലികൾക്കും പ്രോത്സാഹനം നൽകുന്ന പടിയാലയുടെ പ്രതിഫലനം ഗുലാം അലിയുടെ സംഗീതത്തിൽ കൃത്യമായി കാണാം. ഒതുക്കിപ്പറഞ്ഞാൽ, പടിയാല ഘരാനയുടെ കരുത്തും ഗസലിന്റെ സൗമ്യതയും സമന്വയിപ്പിച്ചുകൊണ്ട് ശ്രദ്ധാപൂർവം രൂപപ്പെടുത്തിയതാണ് ഗുലാം അലിയുടെ ഗസലുകൾ. ശാസ്ത്രീയ സംഗീതത്തിൽ ദീർഘമായി പ്രയോഗിക്കുന്ന താനുകളെ ഗുലാം അലി ഗസലിൽ ഭാവാനുസൃതമായി സംക്ഷിപ്തമാക്കുകയും കവിതയുടെ ലയാനുഭൂതിക്കു ചേർന്ന തരത്തിൽ മാത്രം വ്യാപിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ പടിയാല ഘരാനയുടെ ഗംഭീരതയും ഗസലിന്റെ ലാളിത്യവും ഒരുമിച്ചു പോകുന്ന ഒരു സംഗീതപദ്ധതി അദ്ദേഹം നിർമിച്ചു പ്രചരിപ്പിച്ചു.
ശാസ്ത്രീയ നിഷ്ഠയും കവിതയുടെ വികാരലോകവും ഗുലാം അലി സംഗീതത്തിൽ വിദഗ്ധമായി സമന്വയിപ്പിച്ചു. പല അഭിമുഖങ്ങളിലും ഗസലിനെക്കുറിച്ചുള്ള വളരെ വ്യക്തമായ ഒരു ആന്തരികദർശനം ഗുലാം അലി പങ്കുെവച്ചിട്ടുണ്ട് – “ഒരു ഗസൽ കവിയുമായി നടത്തുന്ന സംഭാഷണംപോലെയാകണം ചിട്ടപ്പെടുത്തേണ്ടത്.” അതിൽനിന്നുതന്നെയാണ് ഗസലുകളുടെ ഘടന രൂപംകൊള്ളേണ്ടതെന്നും അദ്ദേഹം സ്ഥാപിച്ചു. കമ്പോസിങ്ങിനെ ഗുലാം അലി ഒരിക്കലും ഒരു സാങ്കേതിക പ്രവർത്തനമായി കാണുന്നില്ല. ഗസൽ രൂപപ്പെടുത്തുമ്പോൾ സംഗീതത്തിലെ വഴിത്തിരിവുകളിൽ കവിത വീണുപോകുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കുന്നു. വേഗത്തിലുള്ള ഒരു താൻ ആസ്വാദകരെ ആകർഷിക്കാമെങ്കിലും, കവിതയുടെ വികാരധാരയെ തകർക്കുന്നുവെങ്കിൽ, ആ സാങ്കേതികതയെ അദ്ദേഹത്തിന്റെ ശൈലി ഉൾക്കൊള്ളുകയില്ല. സംഗീതത്തിന്റെ സാങ്കേതിക പ്രദർശനമെന്ന നിലയിലുള്ള അലങ്കാരങ്ങൾ കവിതയുടെ ഹൃദയത്തിൽ ഇടപെട്ടുകൊണ്ട് ഭാവമണ്ഡലത്തെ അലോസരപ്പെടുത്താതെ നോക്കുവാൻ അദ്ദേഹം ശിഷ്യരെ എപ്പോഴും ഉപദേശിച്ചു.
ഗസൽ ചിട്ടപ്പെടുത്തുമ്പോൾ, മെലഡിക് പങ്ചുവേഷൻ അഥവാ സംഗീതത്തിലെ യതികളും ഭാവഭേദങ്ങളുമടങ്ങുന്ന ശബ്ദവിന്യാസം, വാക്കുകളുടെ ഭാവവും സ്വഭാവവും സംരക്ഷിക്കണം എന്നതിൽ അദ്ദേഹം വലിയ പ്രാധാന്യം നൽകി. ഓരോ വാക്കും ഓരോ ചെറു വിരാമവും ഗസലുകളുടെ വൈകാരിക സഞ്ചാരത്തിലെ നിർണായക വഴികളായി ഗുലാം അലി കരുതി. ഗസലിൽ ആവർത്തിച്ചു പാടുന്ന പ്രധാന വരി, മുഖ്ഡ, സ്വാഭാവിക ഭംഗിയോടെയും ഒഴുക്കോടെയും വ്യക്തതയോടെയും മുന്നോട്ടുനീങ്ങണമെന്ന പ്രമാണത്തെ അദ്ദേഹം ദൃഢമായി പാലിച്ചു.
കച്ചേരിയിൽ ഉടനീളം കേൾവിക്കാരനെ കൈപിടിച്ചു നടത്തണം എന്ന ആഗ്രഹത്താൽ ബന്ദിഷുകളുടെ നിർമിതിയിൽ ഗുലാം അലി അസാധാരണമായ ജാഗ്രത പുലർത്തി. അതിനാൽ ഗുലാം അലിയുടെ കൈയിലെത്തിയ ഗസൽ കേവലം ഒരു പാട്ടിനെക്കാൾ ഒരു സംഗീതശിൽപംതന്നെയായി മാറുന്നു. അങ്ങനെ നോക്കിയാൽ ഗുലാം അലി വെറുമൊരു ക്ലാസിക്കൽ ഗായകനല്ല, ഓരോ ഗസലിനെയും ഒരു സമ്പൂർണ ശിൽപമായി കാണുന്ന, രൂപപ്പെടുത്തുന്ന, ഘടന, ഒഴുക്ക്, ഭാവം, രാഗം എന്നീ ഘടകങ്ങളെ സമുചിതമായി ചേർത്തെടുക്കുന്ന ഒരു സംഗീത വാസ്തുശിൽപിയാണ്. അദ്ദേഹം പാടുകയല്ല, ഗസലുകളെ രൂപപ്പെടുത്തുകയും ആകൃതിയിലാക്കുകയുംചെയ്യുന്നു.
ഗുലാം അലിയുടെ സംഗീതം അത്യന്തം കഠിനമായ റിയാസ് എന്ന ആത്മസാധനയുടെ പ്രതിഫലനമാണ്. സൂര്യോദയത്തിനു മുമ്പുള്ള ഖരാജ് അഭ്യാസവും ശ്വസനനിയന്ത്രണത്തിലെ കൃത്യത, ശുദ്ധമായ ഡിക്ഷൻ എന്നിവയുടെ പരിശീലനവും ദിനചര്യയിൽ ഒരിക്കലും ഒഴിവാക്കാത്ത ഭാഗങ്ങളായിരുന്നു. സംഗീതം അദ്ദേഹത്തിന് ജീവശ്വാസത്തോടൊപ്പം ചേർന്ന അച്ചടക്കവും ഉപാസനയും ആത്മീയാനുഭവവുമാണ്. നിരന്തര അഭ്യാസം ഒന്നു മാത്രമാണ് ഒരു ഗായകനെ നിർമിക്കുന്നതെന്ന സത്യത്തിൽ അദ്ദേഹം മുറുകെ വിശ്വസിച്ചു. സാങ്കേതികവിദ്യയുടെ സഹായത്താൽ ശബ്ദത്തിലുണ്ടാകുന്ന സകല മികവുകളെയും ഗുലാം അലി നിരാകരിച്ചു.
ഓട്ടോട്യൂണിന് ഒരു ഗായകനെ സൃഷ്ടിക്കാൻ കഴിയില്ലെന്നും കുറുക്കുവഴികൾ സ്വാഭാവിക ശബ്ദത്തെ നശിപ്പിക്കുമെന്നും അദ്ദേഹം ഗായകർക്കു മുന്നറിയിപ്പു നൽകി. സമകാലികരിൽനിന്നു ഭിന്നമായി ക്ലാസിക്കൽ അടിത്തറ ഉപേക്ഷിക്കാതെ തന്നെ ആലാപനത്തിൽ ഗുലാം അലി കൂടുതൽ ഭാവനാത്മകമായ സ്വാതന്ത്ര്യമെടുത്തു, വ്യാപക ജനപ്രീതി നേടി. ഈ കഠിനശ്രമങ്ങൾ അദ്ദേഹത്തിന്റെ സംഗീതചിന്തയുടെ തീക്ഷ്ണതയും ആന്തരിക സമർപ്പണവും സുതാര്യമായി പ്രകടിപ്പിക്കുന്നു. അതുകൊണ്ട് അദ്ദേഹം പാടിയ ഗസലുകൾ ആസ്വാദകരെ ചിന്തിക്കാനും അന്വേഷിക്കാനും മനസ്സിനെ പരിശീലിപ്പിക്കാനും പഠിപ്പിച്ചു. അതിനാൽ പറയാം, ഗുലാം അലി ഗസലിന്റെ ചരിത്രത്തിൽ കേവലം ഒരു ശബ്ദമല്ല, സിദ്ധാന്തമാണ്. ഒരു പരീക്ഷണമല്ല, പാരമ്പര്യമാണ്.
പടിയാലയിലെ പ്രശസ്തമായ സംഗീത വേദി
-കവിതയോടുള്ള അപൂർവമായ ആദരവും സംഗീതത്തോടുള്ള അകമഴിഞ്ഞ ഭക്തിയുമാണ് ഗുലാം അലിയുടെ ഗാനശൈലിയെ രൂപപ്പെടുത്തുന്നത്. അദ്ദേഹം പാടുമ്പോൾ ഓരോ വാക്കും പൂർണമായ ഭാവത്തോടെയും വ്യക്തതയോടെയും ശ്രോതാക്കളുടെ ഹൃദയങ്ങളിൽ നേരിട്ടു പ്രവേശിക്കുന്നു. രാഗവിസ്താരങ്ങൾ എത്ര സുന്ദരമായാലും വാക്കുകളുടെ പൊരുളിൽ ഒരു ചെറുപിഴവുപോലും ഉണ്ടാകാതിരിക്കാൻ, അനായാസമായി സ്ഥിരതയോടെ നിലനിൽക്കുന്ന ശബ്ദം അദ്ദേഹത്തെ സഹായിക്കുന്നു. വരികളിലെ വികാരങ്ങൾ ശബ്ദത്തിൽ പുനർജനിക്കുമ്പോൾ, കവിതയും സംഗീതവും തമ്മിൽ ഒരു വിശേഷപ്പെട്ട സംശ്ലേഷം സൃഷ്ടിക്കപ്പെടുന്നു.
സംഗീതത്തിന്റെ ശാസ്ത്രീയഭംഗി ഗുലാം അലി അതിലേക്കു ചേർക്കുന്നു. ഈ ചേർച്ചയുടെ ഫലമായി, ഗുലാം അലിയുടെ പാട്ടുകൾ കേൾക്കുന്ന ഓരോരുത്തരും സംഗീതം ആസ്വദിക്കുന്നതിൽമാത്രം ഒതുങ്ങാതെ, കവിതയുടെ ലോകത്തിലേക്കുള്ള ഒരു തീർഥയാത്രയിലും പങ്കാളിയാവുന്നുണ്ട്. കാരണം, അദ്ദേഹം പാടുന്ന ഓരോ ഗസലും വെറും സംഗീതാവിഷ്കാരം മാത്രമല്ല, അതൊരു വിശേഷപ്പെട്ട കാവ്യാനുഭവവുമാണ്. വാസ്തവത്തിൽ കവിതയെ ഗസലിലൂടെ ഉയിർപ്പിക്കാനുള്ള അതിശയകരമായ കഴിവാണ് ഗുലാം അലിയുടെ ശൈലിയെ മറ്റെല്ലാവരിൽനിന്നും വേറിട്ടുനിർത്തുന്നത്.
ഒരു ഗസൽ പാടാൻ തിരഞ്ഞെടുക്കുന്നതിൽ ഗുലാം അലി മൂന്നു പ്രധാന കാര്യങ്ങളെ അടിസ്ഥാനമാക്കുന്നു –വൈകാരികത, ബൗദ്ധികത, തത്ത്വചിന്താപരത. ഇക്കാര്യം അദ്ദേഹംതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്– “എന്റെ വികാരങ്ങളോടും ചിന്തകളോടും ദർശനത്തോടും ചേർന്നുനിൽക്കുന്ന ഗസലുകളാണ് ഞാൻ പാടാൻ തിരഞ്ഞെടുക്കുന്നത്. എന്നോടു സംസാരിക്കാത്ത ഗസലുകൾ പാടാൻ എനിക്കു ബുദ്ധിമുട്ടാണ്.” അങ്ങനെ, നാസിർ കാസ്മി, ഫൈസ് അഹമ്മദ് ഫൈസ്, ഖതീൽ ഷിഫായി, അദീം ഹാഷ്മി പോലുള്ള കവികളുടെ വരികൾ അദ്ദേഹം പാടുമ്പോൾ, ഒരു ഗാനാവിഷ്കാരം എന്നതിലപ്പുറം അവയിൽ പുതുമയുള്ള ഒരു അനുഭവവും സൃഷ്ടിക്കപ്പെടുന്നു, ഓരോ പാട്ടിലും വരികളുടെ അടിയിൽ സൂക്ഷിച്ചിരിക്കുന്ന ആന്തരപാഠം പതിയെ വെളിച്ചത്തിലേക്കു വരുന്നു.
അതേസമയം സംഗീതത്തിന്റെ ലയം കവിതയുടെ അതിർവരമ്പുകൾക്കും പുതിയ വിസ്തൃതി നൽകുന്നു. അതിനാൽ ഗുലാം അലി പാടുന്ന ഓരോ ഗസലും ഒരു ഇരട്ട സൃഷ്ടിയായി പരിണമിക്കുന്നു. ഒരു കവിയുടെ വാക്കുകൾക്കും ഒരു ഗായകന്റെ ശബ്ദത്തിനും ഇടയിൽ നടക്കുന്ന ശാന്തമായതെങ്കിലും ഗാഢമായ സംവാദം അതിൽ ശ്രവിക്കാൻ സാധിക്കുന്നുണ്ട്. കവിതയിൽ ദുഃഖമുണ്ടെങ്കിൽ അതിനെ ഗുലാം അലി ഒരു ദീർഘശ്വാസത്തിൽ പകരും, കാത്തിരിപ്പുണ്ടെങ്കിൽ മീൻഡുകളുടെ സുന്ദരമായ വളവുകളിൽ അതിനെ തിരിച്ചറിയും, പ്രതീക്ഷകളുണ്ടെങ്കിൽ പാടുന്ന ഓരോ സ്വരവും ഒരു തുറന്ന ജാലകമായി മാറും.
ഗുലാം അലി ഗസൽ സംഗീതത്തെ ഒരു മാനവസംസ്കാരമായി കരുതുന്നു, ജനസമൂഹം തലമുറകളായി പഠിക്കുകയും പങ്കുവെക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്ന സവിശേഷമായ ആശയങ്ങളുടെയും ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും ശേഖരം അതിൽ അദ്ദേഹം കണ്ടെത്തുന്നു, നിറച്ചുവെക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പലപ്പോഴും പറയുന്നത് – “കേവലം സംഗീതശൈലിയെക്കാൾ ഉപരിയായി ഗസലുകൾ അവയുടെ സാംസ്കാരികമൂല്യം എത്ര വലുതാണെന്നു വ്യക്തമാക്കുന്നു.” ഗുലാം അലിയുടെ ഗസലുകൾ സംഗീതത്തിലേക്കു കൊണ്ടുവരുന്ന മൂല്യം രാഗങ്ങളിലും താളങ്ങളിലും മാത്രമായി ഒതുങ്ങുന്നില്ല.
ആരോ എഴുതിയ വരികളിൽ ഗസൽ നിറച്ചു കൊടുക്കുന്ന ജീവിതത്തിലാണ് അതിന്റെ മഹനീയത വെളിപ്പെടുന്നത്. അതിനാൽ ഗുലാം അലിയുടെ സംഗീതത്തെക്കുറിച്ചു സംസാരിക്കുമ്പോൾ, അദ്ദേഹത്തെ ഒരിക്കലും ഒരു ഗായകൻ എന്ന നിലയിൽ മാത്രം സമീപിക്കാൻ എനിക്കു സാധിക്കുകയില്ല. ഒരു കവിയുടെ ഹൃദയത്തിൽനിന്നുയർന്ന വാക്കുകളെ ശബ്ദസ്വരൂപത്തിൽ വേറൊരു ഹൃദയത്തിലേക്കു കൈമാറുന്ന സൂക്ഷ്മവും ഹൃദ്യവുമായ ഒരു കലാത്രികോണമാണ് ഗുലാം അലി നിർമിക്കുന്നത്.
ഗസലിനെപ്പറ്റി ആത്മീയതയോടു ചേർന്ന ഒരു ദീർഘദർശനം ഗുലാം അലി പുലർത്തുന്നു. ചെറുപ്പത്തിൽ ആത്മീയ ശിക്ഷണം ലഭിച്ചിട്ടുള്ള അദ്ദേഹം സംഗീതത്തെ ദൈവസന്നിധിയിൽ എത്താനുള്ള മാർഗമായി വിശ്വസിച്ചു. ശബ്ദത്തിന്റെ ഓരോ തരംഗത്തിലും അദ്ദേഹം ദൈവികമായ സ്വച്ഛതയും ഉയർച്ചയും തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം പാടിയ ഗസലുകൾ കേൾക്കുമ്പോൾ സംഗീതത്തെ ആത്മീയ സഞ്ചാരത്തിനുള്ള ഉപാധിയായി ഗുലാം അലി കരുതുന്നതായിത്തന്നെ എനിക്കും തോന്നിയിട്ടുണ്ട്. അതിനാൽ സംഗീതത്തിൽ ഭാഷയുടെ അതിരുകളോ ദേശങ്ങളുടെ പരിമിതികളോ അദ്ദേഹം കാണുന്നില്ല.
ഒരിക്കൽ അതിനെ ഗുലാം അലി ഇങ്ങനെ വിശദീകരിച്ചു: “ഗസൽ ഒരു ചിന്തയാണ്, മനോഭാവമാണ്, ആത്മീയമായ ജീവിതരീതികൂടിയാണ്.” ഈ പ്രഖ്യാപനം ഗസലിനെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ലോകദർശനത്തെ മുഴുവനായി തുറന്നുകാട്ടുന്നു. ഗസൽ പാടുക എന്നാൽ വരികൾക്കു സ്വരം കൊടുക്കുന്നതല്ലെന്നും വരികളിലൂടെ ജീവിതത്തെ വീണ്ടും വായിക്കുന്ന പ്രവൃത്തിയാണെന്നും അതുകൊണ്ടാണ് ഗസൽ ഒരു ജീവിതരൂപംതന്നെ ആയിരിക്കുന്നതെന്നും ചിന്തകളെയും വികാരങ്ങളെയും ആത്മീയതയിൽ ഒരുമിപ്പിക്കുന്ന ശാന്തവും അഗാധവുമായ ഒരു യാത്രയായി അതിനെ കരുതാമെന്നും ഗുലാം അലി പറഞ്ഞുവെച്ചത്.
ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്നുണ്ടെങ്കിലും ഗുലാം അലി സംഗീതത്തെ തൊഴിൽ എന്ന നിലയിൽ കാണുന്നില്ല. ‘‘സംഗീതം ജനങ്ങളോടുള്ള വിനയപൂർവമായ ഒരു സേവനമാണ്” എന്ന വാക്കുകളിൽ ഗസലിനോടുള്ള ഉത്തരവാദിത്തബോധവും ഗാഢമായ സാമൂഹികബോധവും മനുഷ്യസ്നേഹവും അദ്ദേഹം പല സന്ദർഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സംഗീതത്തിൽ എത്ര ഉയർന്നനിലയിൽ എത്തിക്കഴിഞ്ഞിട്ടും ഗുലാം അലി അദ്ദേഹത്തെ ഒരു വിനീത പഠിതാവായി സ്വയം വിശേഷിപ്പിക്കുന്നു. ലോകം എത്ര പ്രശംസ ചൊരിഞ്ഞാലും പഠനം ഒരിക്കലും അവസാനിക്കുന്നില്ല എന്ന ധാരണ അദ്ദേഹത്തിന്റെ സംഗീതം വെളിപ്പെടുത്തുന്ന സാധ്യതയാണ്. കലയോടുള്ള ഗുലാം അലിയുടെ സമീപനം അത്രയേറെ പ്രതിജ്ഞാബദ്ധമായിരുന്നു. അദ്ദേഹം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: “എന്റെ ഗസലുകൾ ഞാൻ ഒരിക്കലും കേൾക്കാറില്ല. കേട്ടാൽ, അതിലെ തെറ്റുകൾ മാത്രമാകും കൂടുതലായി കാണേണ്ടിവരുന്നത്.” സ്വയം വിലയിരുത്തുന്നതിൽ അദ്ദേഹം എത്രത്തോളം കണിശക്കാരനാണെന്നു മനസ്സിലാക്കാൻ ഈ വാക്കുകൾ ഉപകാരപ്പെടുന്നു.
അതിനാൽ, ഓരോ പാട്ടിലും മെച്ചപ്പെടുത്താൻ കഴിയുന്ന സാധ്യതകളെ ഗുലാം അലി എപ്പോഴും തേടി. സംഗീതം പാടുന്നതും പഠിക്കുന്നതുംപോലെ കേൾക്കുന്നവരെക്കുറിച്ചും അദ്ദേഹം ചില സങ്കൽപങ്ങൾ വെച്ചിരുന്നു. സംഗീതം മനസ്സുകളുടെ പങ്കാളിത്തവും ആവശ്യപ്പെടുന്ന ഒരു സർഗാത്മക പ്രവർത്തനമാണെന്നും ഗസലുകൾ ഉൾക്കൊള്ളുന്ന ഭാവവൈവിധ്യങ്ങൾ അനുഭവിക്കാനും ഗ്രഹിക്കാനുമുള്ള തയാറെടുപ്പുകൾ കേൾവിക്കാർക്കും ആവശ്യമുണ്ടെന്നും ആസ്വാദകർ കാതുകൊണ്ടു മാത്രമല്ല, മനസ്സുകൊണ്ടും സംഗീതം കേൾക്കണമെന്നും ഗുലാം അലി ആവശ്യപ്പെട്ടു.
ഗുലാം അലിയുടെ സംഗീതശൈലി പിന്തുടരുന്നവർക്കു വ്യക്തമാകുന്നതാണ്, അതിൽ ഒന്നിലധികം കലാരൂപങ്ങളുടെ സാന്നിധ്യമുണ്ട്. വിവിധ കലാരൂപങ്ങൾ തമ്മിൽത്തമ്മിൽ സംസാരിക്കുന്ന ഒരു വലിയ കലാസൃഷ്ടിയായി അദ്ദേഹം ഗസലിനെ വിഭാവന ചെയ്യുന്നു. ഓരോ ഘടകവും പരസ്പരം മറുപടി നൽകുന്ന ഒരു കലാസംവാദമായി ഗുലാം അലിയുടെ സദിരുകളെ അവതരിപ്പിക്കുന്നു. ഇങ്ങനെ പല കലാശാഖകളും സമന്വയിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ഗസലുകൾ അർഹതപ്പെട്ട ഗഹനത സ്വന്തമാക്കി. അവയുടെ കേന്ദ്രത്തിൽ നിലകൊള്ളുന്നത് വാക്കുകളുടെ കരുത്താണ്. ഓരോ വാക്കിനെയും ശ്രുതിശുദ്ധമായ ശബ്ദത്തിലൂടെ അദ്ദേഹം പുതിയ ഭാവത്തിൽ ജനിപ്പിക്കുന്നു. ഈ പരിവർത്തനങ്ങൾ വിവിധ ഈണങ്ങളിലും താളങ്ങളിലും തുടരുമ്പോൾ, വാക്കുകൾ പരിധിവെടിഞ്ഞ് പുതുമകൾ സ്വീകരിച്ചുതുടങ്ങുന്നു. പാടിക്കേൾക്കുമ്പോൾ ആ വാക്കുകളെ പുതുതായി വായിക്കുന്നതുപോലെയുള്ള ഒരു അനുഭവം ശ്രോതാക്കൾക്കും ഉണ്ടാകും. ഈ പ്രക്രിയ വെറുമൊരു സംഗീത നിമിഷമല്ല, അതിനു പിന്നിൽ അളവറ്റ ബുദ്ധിശക്തിയും ഗഹനമായ കാഴ്ചപ്പാടും പ്രവർത്തിക്കുന്നുണ്ട്.
ഗുലാം അലിയുടെ അരങ്ങവതരണം രംഗകലയുമായി അടുത്തുനിൽക്കുന്നതാണ്. കച്ചേരിയിൽ അദ്ദേഹം അവതരിപ്പിക്കുന്ന ഓരോ ഗസലിലും നാടകീയതയുടെ ചലനങ്ങൾ വലുതായ പങ്കുവഹിക്കുന്നു. നിർത്തലുകൾ, നിശ്ശബ്ദത, ശ്വസനനിയന്ത്രണം, താളഭേദങ്ങൾ എന്നിവയെല്ലാം വേദിയിൽ ശബ്ദത്തിനൊപ്പം ഒരു ദൃശ്യസാന്നിധ്യമായി നിലനിൽക്കുന്നു. അതിനാൽ, അദ്ദേഹം ഗസൽ പാടുകയല്ല, അതിനെ അവതരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്നു. ഗുലാം അലിയുടെ ആദ്യകാല വിഡിയോ കണ്ടിട്ടുള്ളവർക്കറിയാം, അദ്ദേഹം പാടുമ്പോൾ ഓരോ ശരീരഭാഗവും ഏറ്റവും സ്വാഭാവികമായിത്തന്നെ അതിൽ പങ്കെടുക്കുന്നു.
വേദിയിൽ അദ്ദേഹം പുറത്തെടുക്കുന്ന ലളിതമായ തമാശകളും പ്രേക്ഷകരുമായി നടത്തുന്ന ആശയവിനിമയവും സഹകലാകാരന്മാരോടുള്ള സൗഹാർദവും ഗായകനും നടനും തമ്മിലുള്ള ദൂരം വളരെയധികം കുറക്കുന്നു. അതുകൂടാതെ, ശബ്ദത്തിൽ വിപുലമായ ഒരു ദൃശ്യലോകവും ഗുലാം അലി തുറന്നിടുന്നുണ്ട്. ഒരേ വാക്കുതന്നെ വേറിട്ട ഭാവങ്ങളിൽ ആവർത്തിക്കപ്പെടുമ്പോൾ കേൾവിക്കാരുടെ മനസ്സിൽ മനോഹരങ്ങളായ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നു. കവിതയിലെ രൂപകങ്ങൾ ഉള്ളിലെ തിരശ്ശീലയിൽ വർണശബളമായി വരച്ചുകൊണ്ട് കേൾക്കുന്നതും കാണുന്നതും ഒരുമിച്ചു ചേരുന്ന ഒരു സമ്മിശ്ര സംവേദനം അവർ നിരന്തരം അനുഭവിക്കുന്നു. അങ്ങനെ ഗുലാം അലിയുടെ സംഗീതം ആത്യന്തികമായി അരങ്ങിൽ ഒരു ദൃശ്യസൃഷ്ടിയായി രൂപാന്തരപ്പെടുന്നു.
പടിയാല ഘരാനയുടെ ശക്തിയേറിയ താനുകൾ, ഗമകങ്ങൾ, രാഗങ്ങളുടെ പ്രത്യേക ആന്തോളനങ്ങൾ, താളവൈഭവം എന്നിവ ഗുലാം അലിയുടെ ശൈലിയിൽ സൗന്ദര്യവും ചൈതന്യവും ചേർക്കുന്ന ഘടകങ്ങളാണ്. എന്നാൽ, ഇവയൊന്നും പാണ്ഡിത്യം പ്രദർശിപ്പിക്കാനല്ല, കവിതയുടെ മിഴിവിൽ ഊന്നൽ നൽകാനാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ഇതിനെ ഗുലാം അലിയുടെ സംഗീതത്തിലെ ബുദ്ധിപരമായ നേട്ടമായി വിമർശകർ വിലയിരുത്തുന്നു.
അങ്ങനെ ശാസ്ത്രീയതയും ഭാവസാന്ദ്രതയും തമ്മിലുള്ള സമന്വയം ഗുലാം അലിയുടെ ഗസലിനെ ക്ലാസിക്കൽ കലയുടെയും ജനപ്രിയ കലയുടെയും ഇടയിലുള്ള പാലമാക്കിത്തീർക്കുന്നു. ഒരുവശത്ത്, പടിയാല ബാണിയുടെ ഗഹനമായ പരിശീലനവും സ്വരക്രമങ്ങളും അദ്ദേഹത്തെ ഉദാത്തകലയുടെ പ്രതിനിധിയാക്കുമ്പോൾ മറുവശത്ത്, ലളിതമായ ഉർദു/ ഹിന്ദി ഉച്ചാരണം, വേദിയിലെ നർമഭാവനകൾ, വൈകാരിക ഭാവങ്ങൾ എന്നിവ അദ്ദേഹത്തെ പ്രേക്ഷകരോട് നേരിട്ടു ബന്ധപ്പെടുന്ന ജനപ്രിയ കലാകാരനാക്കി മാറ്റുന്നു. രണ്ടുപേരുടെയും നടുവിൽ ഉയർന്നുനിന്ന കന്മതിൽ അദ്ദേഹം നിസ്സാരമായി തകർത്തു.
ഗുലാം അലിയുടെ തലമുറയിലെ ഗസൽ ഗായകരായ മെഹ്ദി ഹസൻ, ജഗ്ജീത് സിങ്, പങ്കജ് ഉധാസ് തുടങ്ങിയവർ അവരുടേതായ ഗാനലോകവും ആരാധകസമൂഹവും സൃഷ്ടിച്ചെടുത്തവരാണ്. അവരിൽ പ്രധാനിയായ മെഹ്ദി ഹസനെ സാധാരണയായി ‘ഗസൽ ചക്രവർത്തി’ എന്നു വിളിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഗസലുകൾ ഗഹനമായ രാഗപരിശീലനത്തിന്റെ ശക്തമായ അടിത്തറയിൽനിന്നാണ് വരുന്നത്. രാഗശുദ്ധിയിൽ മെഹ്ദി ഹസൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല. ദീർഘമായ ആലാപനങ്ങളിലൂടെ, സ്വരസഞ്ചാരങ്ങളിലൂടെ, ഒരേസമയം ശാസ്ത്രീയതയും ഗസലിന്റെ ആത്മാവും സംരക്ഷിച്ചുകൊണ്ടാണ് അദ്ദേഹം പാടുന്നത്.
എന്നാൽ, ഗുലാം അലിയുടെ ശൈലി താരതമ്യേന വഴക്കമുള്ളതും ചലനാത്മകവുമാണ്. അദ്ദേഹം പടിയാല ഘരാനയുടെ വേഗതയുള്ള താനുകളും വാക്കുകളുടെ വ്യത്യസ്തഭാവങ്ങളിലുള്ള ആവർത്തനങ്ങളും താളത്തിലെ ചെറു കളികളും വേദിയിലിറക്കി ഗസലിനെ കൂടുതൽ സ്വാഭാവികമാക്കുന്നു. രാഗത്തെ കർശനമായി പിടിച്ചുനിർത്തുന്നതിനെക്കാൾ, കവിതയുടെ പൊരുളിനെ സുതാര്യമാക്കാൻ രാഗത്തെ അൽപം വളച്ചൊടിക്കാനും അദ്ദേഹം ചിലപ്പോഴൊക്കെ തയാറായിട്ടുണ്ട്. അതിനാൽ, മെഹ്ദി ഹസന്റെ ഗസൽ ഒരു ശാസ്ത്രീയ സമർപ്പണമാകുമ്പോൾ, ഗുലാം അലിയുടെ ഗസൽ കവിതയോടു ചേർന്നുനിൽക്കുന്ന സംഗീതസംഭാഷണമാകുന്നു.
ബോളിവുഡ് ഗാനങ്ങൾ ആസ്വദിച്ചു ശീലിച്ചവരെ ഗസലിലേക്കു വിളിച്ചുകൊണ്ടുവന്ന ഗായകനാണ് ജഗ്ജീത് സിങ്. ഖഡിബോലി ഹിന്ദിയിലുള്ള ലളിതമായ ബന്ദിഷുകളും എളുപ്പത്തിൽ പിടിച്ചെടുക്കാവുന്ന മെലഡികളും കോമളഭാവങ്ങളും ആധുനിക സംഗീതവാദ്യങ്ങളും അദ്ദേഹത്തിന്റെ ശൈലിയെ ജനപ്രീതിയിലേക്കുയർത്തി. പാശ്ചാത്യ പോപ് ഗാനങ്ങളുടെ സ്വഭാവം പ്രദർശിപ്പിക്കുന്ന വളരെ ഋജുവും ശാന്തവുമായ ഗസലുകളിൽ ശാസ്ത്രീയ താനുകളോ സങ്കീർണമായ സ്വരവിസ്താരങ്ങളോ അദ്ദേഹം പ്രയോഗിക്കുന്നില്ല. നഗരവാസികളായ മധ്യവർഗത്തെ ലക്ഷ്യംെവച്ച ജഗ്ജീത് സിങ് വികാരഭരിതവും ഗൃഹാതുരതയെ താലോലിക്കുകയും ചെയ്യുന്ന ഒരു സംഗീതരൂപമാക്കി ഗസലിനെ ജനങ്ങളിലേക്കെത്തിച്ചപ്പോൾ, ഗുലാം അലി ശാസ്ത്രീയതയും ജനപ്രിയതയും ഒരുമിച്ചു ചേർത്തു മുന്നേറിയ അപൂർവ കലാകാരനായി ഉയർന്നു. രാഗഘടനയിൽനിന്നു വളരുന്ന ഗുലാം അലിയുടെ ഗസലുകൾ താനുകളും സർഗങ്ങളും സൂക്ഷ്മമായ ലയക്കാരിയും ഉചിതമായ മാത്രയിൽ ഉപയോഗിച്ചു.
അതിനിടയിലും ജനപ്രിയത ഒട്ടും കുറയാതിരിക്കാൻ ഗുലാം അലി വേണ്ടത്ര ജാഗ്രതയും പുലർത്തിപ്പോന്നു. ധാരാളമായി ആരാധകരുള്ള പങ്കജ് ഉധാസ് ഗസലിലേക്കുള്ള പ്രവേശനം ഏറ്റവും ലളിതമാക്കിയ ഗായകനാണ്. വരികളിലെ ലാളിത്യവും ഈണങ്ങളിലെ സുഗമതയും മുൻനിർത്തിക്കൊണ്ടു പാടാൻ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചു. കർശനമായ ശാസ്ത്രീയ നിയമങ്ങൾ പങ്കജ് ഉധാസ് പിന്തുടരുന്നില്ല. അതേസമയം, ഓരോ വരിയിലും അനുനിമിഷം ഭാവങ്ങൾ മാറുന്ന വാക്കുകൾ, സൂക്ഷ്മമായ താനുകൾ, അപ്രതീക്ഷിത സ്വരമാറ്റങ്ങൾ എന്നിവ ഗുലാം അലിയുടെ ഗസലുകളെ ഗഹനമായ അനുഭവമാക്കി മാറ്റുന്നു. പങ്കജ് ഉധാസ് ഗസലിലേക്കുള്ള നടപ്പുവഴിയാണെങ്കിൽ ഗുലാം അലി അതിനെ ഒരു രാജമാർഗമാക്കി വികസിപ്പിച്ചു. അതിനെ അനുകരിക്കുക വളരെയേറെ ക്ലേശകരമായ പ്രവൃത്തിയാണ്. നേർ ശിഷ്യർപോലും അതിൽ ബുദ്ധിമുട്ടുന്നുണ്ട്.
ഗുലാം അലിയുടെ ശബ്ദഘടന ഗസൽശൈലിയുടെ അടിത്തറയാണ്. മേഘസമാനമായ മൃദുത്വവും രാത്രിയും നക്ഷത്രവുംപോലെയുള്ള സ്വരലയവും തടാകംപോലെ സ്വസ്ഥമായ ശ്രുതിശുദ്ധിയും അതിനെ ആകർഷകമാക്കുന്നു. ഇവ തമ്മിൽ യോജിച്ചുവരുമ്പോൾ ഗുൽസാർ പറഞ്ഞതുപോലെ ‘‘പ്രഭാതത്തിലെ കാറ്റ് താമരയിതളുകളെ തഴുകുന്ന സുഖം’’ സംഗീതത്തിൽ അനുഭവപ്പെടുന്നു.
എന്നാൽ, കൂടുതൽ ഊർജസ്വലത ആവശ്യമായ ഇടങ്ങളിൽ അതിനു യോജിച്ച തരത്തിൽ ഉയരാനും ഗുലാം അലിയുടെ ശബ്ദത്തിനു കഴിയുന്നുണ്ട്. കൂടാതെ കലാനിരൂപകർ വിശേഷിപ്പിക്കുന്ന, ‘ആന്തരിക വൈകാരിക നാടകം’ എന്ന ഗുണവും അദ്ദേഹത്തിന്റെ ശബ്ദത്തിലെ വികാരചലനങ്ങളെ എടുത്തുകാട്ടുന്നു. ഈ നാടകീയത ഒരു ബാഹ്യപ്രകടനമല്ല, കവിതയുടെ ഹൃദയത്തിൽ നടക്കുന്ന മാനസിക സംഭാഷണങ്ങളുടെ ശബ്ദരൂപമാണ്. മൂന്നു സ്ഥായികളിലുമുള്ള അനായാസമായ സഞ്ചാരവും ഉയർന്ന സ്ഥായികളിലും ശബ്ദം ശ്രുതിഭദ്രമായി നിലനിർത്തുന്ന സാധകബലവും ഗുലാം അലിയുടെ ശബ്ദശാസ്ത്രപരമായ മേന്മ തെളിയിച്ചുകാട്ടുന്നു.
പടിയാല ഘരാനയിൽനിന്നു ലഭിച്ച നാലു വർഷത്തെ കഠിനപരിശീലനം ഗുലാം അലിയുടെ ശബ്ദത്തിന് അതുല്യമായ വഴക്കം നൽകിയിട്ടുണ്ട്. ഉസ്താദ് ബർക്കത് അലി ഖാൻ നൽകിയ ശിക്ഷണത്തിന്റെ ഗുണഫലം ഏറ്റവും വ്യക്തമായി പ്രത്യക്ഷപ്പെടുന്നത് മീൻഡുകളിലാണ്. സ്വരങ്ങളെ തുടർച്ചയായി ബന്ധിപ്പിക്കുന്ന ഈ കലാവിദ്യ ഗുലാം അലിയിൽ എത്തിയപ്പോൾ അതിശയകരമായ സാരള്യവും നിർമലതയും നേടിയെടുത്തു. പ്രണയത്തിന്റെ നനുത്ത നിശ്വാസങ്ങളെയോ വിയോഗത്തിന്റെ നീണ്ട പ്രതിധ്വനികളെയോ അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ മീൻഡ് ഒരു സ്വരസേതുവായി പ്രവർത്തിക്കുന്നു. സമാന്തരമായി, ചടുലമായ സർഗങ്ങളും ദ്രുതഗതിയിൽ സഞ്ചരിക്കുന്ന താനുകളും അദ്ദേഹം സമാനശേഷിയോടെ കൈകാര്യംചെയ്യുന്നുണ്ട്. എന്നാൽ, ഇവയൊന്നും ഒരിക്കലും അനുഭൂതിയുടെ ഗാഢതയെ മറികടക്കാൻ അനുവദിക്കുന്നില്ല എന്നതാണ് ഗുലാം അലിയുടെ കലാസവിശേഷത.
കാവ്യശാസ്ത്രപരമായ കൃത്യത ഗുലാം അലിയുടെ ആലാപനശൈലിയുടെ അനിവാര്യ ഘടകമായി പ്രവർത്തിക്കുന്നു. പദവിന്യാസം അത്രയേറെ സ്പഷ്ടവും ശുദ്ധവുമായതിനാൽ ഹിന്ദിയിലും ഉർദുവിലുമുള്ള ഓരോ വാക്കും കേൾവിക്കാരൻ അയത്ന ലളിതമായി മനസ്സിലാക്കിയെടുക്കുന്നുണ്ട്. അതിനൊപ്പം നാദവിരാമങ്ങളും പദങ്ങളുടെ ബലവും അന്തർഗതമായ ഭാവഭേദങ്ങളും ഉപയോഗിച്ചുകൊണ്ട് ഗസലുകളുടെ അർഥവിപുലീകരണം അദ്ദേഹം എളുപ്പമാക്കുന്നു. ഒരേ വരിയിലെ വ്യത്യസ്ത വാക്കുകൾക്ക് ഭിന്നമായ ശബ്ദതീവ്രത നൽകാനും ചിലപ്പോൾ നിസ്സാരമായി തോന്നുന്ന നിശ്ശബ്ദതയിലൂടെ ഭാവത്തെ ഉദ്ദീപിപ്പിക്കാനും ഗുലാം അലിയുടെ ശബ്ദത്തിനു കഴിയുന്നു. ഇതിലൂടെ ഗസലുകളുടെ ഉള്ളടക്കം സംഗീതത്തിലൂടെ വീണ്ടും വിശകലനം ചെയ്യപ്പെടുന്നു. ഇങ്ങനെ നിരീക്ഷിക്കുമ്പോൾ, ഗുലാം അലിയുടെ ശബ്ദംതന്നെ ഒരു കാവ്യഭാഷയാണെന്നു ഞാൻ തിരിച്ചറിയുന്നു. പാരമ്പര്യവും വ്യക്തിഗത ആലാപന സങ്കേതങ്ങളും വികാരാത്മക സൂക്ഷ്മതയും ചേർന്നു നിർമിക്കപ്പെടുന്ന നാദലോകം ഗസലിനെ ഒരു സംഗീതരൂപത്തിൽനിന്നും ഉയർത്തി ഒരു അനുഭവരൂപമാക്കി പരിവർത്തനംചെയ്യുന്നു.
ഗുലാം അലിയുടെ കലാലോകം ഗസലിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണകളെ പുതുക്കിപ്പണിതു. കർശനമായ ശാസ്ത്രീയതയും കവിതയുടെ പദസൗന്ദര്യവും അദ്ദേഹത്തിന്റെ ഗസലുകളെ ഒരു ഭാവശാസ്ത്രമായി നിർവചിക്കുന്നു. ശിഷ്യത്വം തേടിവന്ന യുവാക്കളോടായി അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു –“നിങ്ങൾ ഏതു ശൈലിയിൽ പാടാൻ ആഗ്രഹിക്കുന്നവരുമാകട്ടെ, അതിൽ മികവു പുലർത്തണമെങ്കിൽ, ഉറച്ച ശാസ്ത്രീയ സംഗീതപരിശീലനം നേടിയിരിക്കണം.” ഈ വാക്കുകൾ ഒരു നിർദേശം മാത്രമല്ല, അദ്ദേഹം ജീവിതത്തിൽ പാലിക്കുന്ന സത്യംതന്നെയാണ്. ഗുലാം അലിയുടെ ദൃഷ്ടിയിൽ ശാസ്ത്രീയ പരിശീലനം ശബ്ദത്തിന് ഉറപ്പും ലയത്തിന് നിയന്ത്രണവും വാക്കുകൾക്കു വ്യക്തതയും നൽകുന്നു. അവയുടെ അഭാവത്തിൽ കവിതയുടെ ലാളിത്യവും ഭാവവും പൂർണമായി ഗസലിൽ കൊണ്ടുവരാൻ സാധിക്കുകയില്ല.
ഇതു പറയുമ്പോൾ ഘരാനകൾക്കതീതമായി, നേരിൽ കേട്ടാസ്വദിച്ച ബഡേ ഗുലാം അലി ഖാൻ, ബർക്കത് അലി ഖാൻ, മുബാറക് അലി ഖാൻ, അബ്ദുൽ വാഹിദ് ഖാൻ, ഫയ്യാസ് ഖാൻ, അമാൻ അലി ഖാൻ ഭാവർ, നാരായണറാവു വേദപാഠക്, ഒംകാർനാഥ് ഠാകുർ, ആശിഖ് അലി ഖാൻ, അലി ബക്ഷ് ഖാൻ തുടങ്ങിയ ലെജൻഡുകളെ അദ്ദേഹം ബഹുമാനത്തോടെ ഓർക്കുന്നു. കൂടാതെ എച്ച്.എം.വി, യങ് ഇന്ത്യ, റീഗൽ, കാൾട്ടൺ, ഓഡിയോൺ തുടങ്ങിയ കമ്പനികൾ പ്രസിദ്ധീകരിച്ച അബ്ദുൽ കരീം ഖാൻ, ഫയ്യാസ് ഖാൻ, വിലായത്ത് ഹുസൈൻ ഖാൻ, ഭാസ്കർബുവു ഭാക്ലേ, അല്ലാവുദ്ദീൻ ഖാൻ, ഹഫീസ് അലി ഖാൻ, ഇമ്ദാദ് ഖാൻ, സാജിദ് ഹുസൈൻ ഖാൻ, കെ.ബി. ബിവാൽ സാഹിബ്, അമീർഖാൻ എന്നിവരുടെ ഗ്രാമഫോൺ റെക്കോഡുകളുടെ മുന്നിൽ സ്വയം മറന്നിരുന്ന നാളുകളും ഗുലാം അലി ആദരവോടെ ഓർക്കുന്നു. അവയുടെ സ്വാധീനത്തിൽനിന്നു സ്വന്തം സംഗീതത്തെ അകറ്റിനിർത്താൻ ആഗ്രഹിച്ചില്ല എന്നു മാത്രമല്ല, അവരുടെ അനുഗ്രഹങ്ങൾ സ്വന്തം സംഗീതത്തിനു മുകളിൽ നിലാവുപോലെ പൊഴിയണമെന്നും ഗുലാം അലി മോഹിച്ചു. അതങ്ങനെതന്നെ സംഭവിച്ചിരിക്കുന്നു.
സാങ്കേതികമായി നോക്കുമ്പോൾ നാദഖണ്ഡങ്ങളുടെ ലോലമായ വിശകലനം, അതിസൂക്ഷ്മങ്ങളായ സ്വരഭേദങ്ങളുടെ ലാളിത്യമാർന്ന ചലനങ്ങൾ, ആന്ദോളനം-കമ്പനം പോലുള്ള ഗമകഭാവങ്ങൾ, ലയ വൈവിധ്യങ്ങളോടുള്ള നിയന്ത്രിത സമീപനം, ലഹരി പിടിപ്പിക്കുന്ന ഇടംതാളങ്ങൾ എന്നിവയെല്ലാം അത്ഭുതകരമായ മാർദവത്തോടെയും അനായാസമായ ഒഴുക്കോടെയും ആലാപന ചാരുതയോടെയും ഗുലാം അലി അവതരിപ്പിക്കുന്നു. ഇവയെല്ലാം അതിരുവിട്ട പ്രദർശന മികവാണെന്നോ കരുതിക്കൂട്ടിയ സ്വരവിന്യാസമാണെന്നോ തോന്നാത്ത വിധത്തിൽ, ഗസലുകളുടെ തനിമയെ കൂടുതൽ വശ്യമാക്കാനായി മാത്രം അദ്ദേഹം കരുതലോടെ പ്രയോഗിക്കുന്നു. സ്വരങ്ങളുടെ ഇംപ്രൊവൈസേഷനും താളത്തിൽനിന്നും അൽപം വഴുതിമാറി വീണ്ടും അതിലേക്കുതന്നെ മടങ്ങിയെത്തുന്ന സംഭാഷണശൈലിയിലുള്ള ഈണപ്രവാഹവും ഗുലാം അലിയുടെ സംഗീതത്തെ പുതിയ ഉയരങ്ങളിൽ എത്തിക്കുന്നുണ്ട്. ഇങ്ങനെ ആലാപനത്തെ അത്യധികം സ്വാഭാവികവും ആകർഷകവുമാക്കുന്നതിനായി ചില സാങ്കേതികത്തികവുകൾ, അദ്ദേഹം അവയെ പരിഗണിക്കുന്നില്ലെങ്കിലും, ഗുലാം അലിയെ സഹായിച്ചുകൊണ്ടിരിക്കുന്നു.
ഗുലാം അലി ഒരു സംഗീത പരിപാടിയിൽ
ഗുലാം അലിയുടെ ആലാപനം ശാസ്ത്രീയ സംഗീതത്തിന്റെ കർശനമായ അടിത്തറയും കവിതയുടെ ആഴവും ചേർന്ന് സംഗീതലോകത്തിന് പുതിയ സൗന്ദര്യാനുഭൂതികൾ സമ്മാനിച്ചു. ഭാഷയറിയാത്ത വിദേശികൾപോലും അവരുടെ സംഗീതപദ്ധതിയുമായി ഒരു സമാന്തരതയുമില്ലാത്ത ഗസൽ സംഗീതം ഹൃദയം നിറയെ ആസ്വദിക്കുന്നു. ഗുലാം അലിയുടെ ലൈവ് വിഡിയോകളിൽ ഇതു ഞാൻ പലതവണ കണ്ടിട്ടുണ്ട്. അവിടെയെങ്ങും ഗസലുകൾ കേവലം കേൾവിയുടെ ആനന്ദമായി ഒതുങ്ങിനിൽക്കുന്നില്ല, അവ ചിന്തകളെ ഉണർത്തുകയും വികാരങ്ങളെ മൃദുവായി തുറക്കുകയും സംഗീതാനുഭവത്തെ ഒരു ദാർശനികതലത്തിൽ ഉയർത്തുകയുംചെയ്യുന്നു.
ഇങ്ങനെ കലാശാസ്ത്രവും സ്വതന്ത്രസൃഷ്ടിയും തമ്മിലുള്ള സമതുലിതത്വം നിലനിർത്താൻ കഴിയുന്ന കലാകാരന്മാർ ഗസൽ ചരിത്രത്തിൽ വളരെ കുറവാണ്. അതിനാൽ ഗുലാം അലി ഒരു സംഗീതശൈലിയെ പ്രതിനിധാനംചെയ്യുന്നതിൽ അവസാനിക്കുന്നില്ല. അദ്ദേഹം ഗസലിന്റെ വികാസവീഥിയിൽ ഒരു വഴിത്തിരിവായി നിലകൊള്ളുന്നു. മനുഷ്യാനുഭവങ്ങളുടെ മാധുര്യവും വേദനയും ഉണ്മയും നിസ്സഹായതയും പ്രത്യാശയും കാത്തിരിപ്പും പേറുന്ന ഗസൽ എന്ന മാധുര്യമൂറുന്ന മനുഷ്യഭാഷക്ക് ഗുലാം അലി നൽകിയ ലാളിത്യവും നവീകരണവും സംരക്ഷണവും അതേ സത്യസന്ധതയോടെ ഇന്നും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.