ഡോണാൾഡ് ട്രംപ്,നികളസ് മദൂറോ
വെനിസ്വേലയിൽ അമേരിക്ക നടത്തിയ അപ്രതീക്ഷിത ഇടപെടലുകളെ എങ്ങനെയാണ് കാണേണ്ടത്? എന്താണ് അമേരിക്ക ഉയർത്തുന്ന ഭീഷണി? രാജ്യാന്തര തലത്തിൽ എന്താകും പ്രത്യാഘാതം? –വിശകലനം.
പുതുവർഷത്തിലെ ആദ്യദിനങ്ങളിൽ രാജ്യാന്തര രാഷ്ട്രീയത്തിൽ അനുഭവപ്പെട്ടത് കേവലമൊരു വിദേശനയ പ്രതിസന്ധിയായിരുന്നില്ല. മറിച്ച് നവസാമ്രാജ്യത്വം അതിന്റെ ഏറ്റവും ധാർഷ്ട്യം നിറഞ്ഞ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നതിന്റെ നിർണായകമായ സൂചനയായിരുന്നു അത്. ജനുവരി മൂന്നിന് വെനിസ്വേലയിൽ അമേരിക്ക നടത്തിയ സൈനികനീക്കവും, പ്രസിഡന്റ് നികളസ് മദൂറോയെ തടവിലാക്കി രാജ്യം ‘താൽക്കാലിക അമേരിക്കൻ നിയന്ത്രണത്തിലാണെന്ന’ ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനവും സാമ്രാജ്യത്വത്തിന്റെ ഈ വേഷപ്പകർച്ചയെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടി. മുമ്പുണ്ടായിരുന്ന സാമ്രാജ്യത്വരീതികളിൽനിന്ന് മാറി, കൂടുതൽ തുറന്നതും ആക്രമോത്സുകവുമായ ഒരു നടപടിയാണ് ഇവിടെ ദൃശ്യമായത്.
നയതന്ത്ര മര്യാദകൾ അമേരിക്ക പൂർണമായും കൈവിട്ടിരിക്കുന്നു ഈ വിഷയത്തിൽ. അന്താരാഷ്ട്ര നിയമങ്ങളെ സ്വന്തം താൽപര്യങ്ങൾക്കായി മാറ്റിയെഴുതാമെന്ന ബോധപൂർവമായ തീരുമാനമാണ് ഇവിടെ നടപ്പാക്കപ്പെട്ടത്. ജനാധിപത്യം സ്ഥാപിക്കാനെന്ന വ്യാജേനയല്ല, മറിച്ച് വെനിസ്വേലയുടെ വിഭവങ്ങൾ നേരിട്ട് നിയന്ത്രിക്കാനും ചൂഷണംചെയ്യാനുമാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇത് നവസാമ്രാജ്യത്വത്തിന്റെ പ്രധാന ലക്ഷണമായ ‘പിഴിഞ്ഞെടുക്കൽ തന്ത്രം’ (extractive strategy) ഒരു മറയുമില്ലാതെ പ്രായോഗികമാക്കുന്നതിന്റെ ഭാഗമാണ്.
ജനുവരി മൂന്നിന് പുലർച്ചെ വെനിസ്വേലക്കുള്ളിൽ ഒരു സൈനികനീക്കം നടത്തി മദൂറോയെ പിടികൂടി അമേരിക്കയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഇതൊരു അധിനിവേശമാണെന്ന് ട്രംപ് മറയില്ലാതെ പറഞ്ഞു. ആത്മസംയമനം, സഖ്യരൂപവത്കരണം അല്ലെങ്കിൽ രാജ്യാന്തര പിന്തുണ തുടങ്ങിയ സാമ്പ്രദായിക രീതികളെ അമേരിക്ക ഇനിമുതൽ ആശ്രയിക്കില്ല എന്ന സൂചനയാണ് ഇത് നൽകിയത്.
യു.എൻ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങൾ ഇതിനോട് പ്രതികരിക്കാൻ ശ്രമിച്ചെങ്കിലും, നിയമങ്ങൾ ‘സൗകര്യ’ത്തിനനുസരിച്ച് മാത്രം പാലിച്ചാൽ മതി എന്ന് കരുത്തനായ ഒരംഗം കാണിച്ചുതരുമ്പോൾ അവരുടെ വാക്കുകൾക്ക് ഒരു വിലയുമില്ലാതായി. യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിൽ നയതന്ത്രജ്ഞർ ഈ നീക്കത്തെ അപലപിക്കുകയും അതിന്റെ നിയമസാധുതയെ ചോദ്യംചെയ്യുകയുംചെയ്തു. എന്നാൽ, അമേരിക്കയുടെ ധാർഷ്ട്യം ഇവിടെ പ്രകടമായി. ബലപ്രയോഗത്തിനെതിരായ അടിസ്ഥാന തത്ത്വങ്ങളുടെ ലംഘനമാണിതെന്ന് യു.എൻ മനുഷ്യാവകാശ ഓഫിസ് വിലയിരുത്തി. അധികാരം കൈയാളുന്നവർക്ക് ആദ്യം പ്രവർത്തിക്കാനും പിന്നീട് അത് ന്യായീകരിക്കാനും കഴിയുന്ന ഒരു കീഴ്വഴക്കമാണിത് സൃഷ്ടിക്കുന്നതെന്ന് അവർ മുന്നറിയിപ്പ് നൽകി. യു.എൻ നിയോഗിച്ച വിദഗ്ധർ ഇതിലും കടുത്ത ഭാഷയിൽ അമേരിക്കയുടെ നടപടിയെ അപലപിക്കുകയും വെനിസ്വേലയിലെ വിഭവങ്ങൾ സ്വാർഥലാഭത്തിനായി ചൂഷണംചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയുംചെയ്തു.
ഇവിടെ വലിയൊരു മാറ്റം ദൃശ്യമാകുന്നത് ശ്രദ്ധിക്കണം. റഷ്യയും ചൈനയും പെട്ടെന്നൊരു ഏറ്റുമുട്ടലിന് മുതിർന്നില്ല. അവർ യു.എൻ വേദികൾ ഉപയോഗിച്ച് അപലപിക്കുകയും പെട്ടെന്നുള്ള സംഘർഷത്തെക്കാൾ ദീർഘകാല പോരാട്ടങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തങ്ങളുടെ നിലപാടുകൾ ക്രമീകരിക്കുകയുംചെയ്തു. സ്വയം പ്രഖ്യാപിത ജഡ്ജിയെന്ന നിലയിലുള്ള അമേരിക്കയുടെ നിലപാടിനെ ചൈന രൂക്ഷമായി വിമർശിച്ചതായി വാർത്തകൾ വന്നു. ലാറ്റിനമേരിക്കയിലുടനീളമുള്ള സ്വാധീനത്തെയും നിക്ഷേപങ്ങളെയും ഈ സംഭവം എങ്ങനെ ബാധിക്കുമെന്നതായിരുന്നു ചൈനയുടെ പ്രധാന ആശങ്ക. റഷ്യയുടെ കാര്യത്തിൽ, നേരിട്ടുള്ള ഏറ്റുമുട്ടലില്ലാത്ത വിമർശനം ലോകം കണ്ടു. യുക്രെയ്ൻ വിഷയത്തിൽ ട്രംപുമായി സംഘർഷത്തിലായിരിക്കുന്ന അവസ്ഥയിൽ പുടിന് മറിച്ചൊന്നും ചെയ്യാനില്ല.
വെനിസ്വേലൻ സൈനിക ഇടപെടൽ പുനരുജ്ജീവിപ്പിക്കപ്പെട്ട സാമ്രാജ്യത്വ വീര്യത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. കാരണം, അത് മൂന്ന് കാര്യങ്ങളെ ഒരേസമയം ബന്ധിപ്പിക്കുന്നു –സൈനിക ശക്തി, അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രത്തലവനെ തടവിലാക്കൽ, പരസ്യമായ സാമ്പത്തിക ചൂഷണം. സൈനിക നീക്കത്തിനിടെ യു.എസ് സ്പെഷൽ ഫോഴ്സ് മദൂറോയെ പിടികൂടി (വ്യാപകമായ നാശനഷ്ടങ്ങൾക്കും ആക്രമണങ്ങൾക്ക് പിന്നാലെ) അദ്ദേഹത്തെയും ഭാര്യയെയും മയക്കുമരുന്ന് കടത്ത് കുറ്റങ്ങൾ ചുമത്തി വിചാരണക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി. വെനിസ്വേലയിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇടക്കാല നേതാവായി ഉയർന്നുവന്നെങ്കിലും, അമേരിക്ക നിശ്ചയിക്കുന്ന നിബന്ധനകൾക്ക് വിധേയമായി മാത്രമേ അവരുമായി സഹകരിക്കൂ എന്ന് ട്രംപ് വ്യക്തമാക്കി.
മിന്നലാക്രമണത്തേക്കാൾ കൂടുതൽ കാര്യങ്ങൾ വെളിവാക്കിയത് അതിനുശേഷം നടന്ന സംഭവങ്ങളാണ്. ഭരണകൂടത്തിന്റെ എണ്ണനയം അനിശ്ചിതകാല നിയന്ത്രണം എന്ന രീതിയിലാണ് വിഭാവനംചെയ്തിരിക്കുന്നത്. വെനിസ്വേലയുടെ എണ്ണവിൽപനയിൽ അമേരിക്കക്ക് ‘അനിശ്ചിതകാലത്തേക്ക്’ നിയന്ത്രണമുണ്ടാകുമെന്ന നിലപാട് ഇതിനിടയിൽ പുറത്തുവന്നു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിവരിച്ച മൂന്നു ഘട്ടങ്ങളുള്ള പദ്ധതി ഇതാണ്: ആദ്യം സ്ഥിരത കൈവരിക്കുക, തുടർന്ന് അമേരിക്കൻ എണ്ണക്കമ്പനികൾക്ക് പ്രവേശനം നൽകിക്കൊണ്ട് സാമ്പത്തിക വീണ്ടെടുപ്പ് നടത്തുക, ഒടുവിൽ അമേരിക്കൻ നിർദേശപ്രകാരം ഭരണം കൈമാറുക. ഇത് പരമാധികാരത്തിലേക്കുള്ള ഒരു ഹ്രസ്വകാല ഇടിച്ചുകേറലായിരുന്നില്ല. മറിച്ച്, കൃത്യമായ സമയപരിധിയില്ലാത്ത ഒരു അധീശത്വ ഭരണനിർവഹണ സംവിധാനമായിരുന്നു.
കടലിലെ സൈനികനീക്കങ്ങൾ ഇതിനെ കൂടുതൽ ശക്തമാക്കി. ഉപരോധം ലംഘിച്ച വെനിസ്വേലൻ എണ്ണ ടാങ്കറുകൾ അമേരിക്ക തടഞ്ഞു. ഇതിൽ അഞ്ചാമത്തെ പിടിച്ചെടുക്കൽ നടത്തിയത് യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡിൽനിന്നുള്ള സൈനികരാണ്. ഇതുമായി ബന്ധപ്പെട്ടു ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങൾ ലോകം കണ്ടു. മദൂറോയെ പുറത്താക്കിയശേഷം വെനിസ്വേലയുടെ എണ്ണ വിതരണം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നത്. 30 മുതൽ 50 ദശലക്ഷം ബാരൽവരെ എണ്ണ വിൽക്കാൻ ഭരണകൂടം ലക്ഷ്യമിടുന്നതായും, അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ 100 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും വാർത്തകൾ വന്നു. വെനിസ്വേലൻ എണ്ണ എവിടെ വിൽക്കണം എന്ന് തീരുമാനിക്കുന്നതിലൂടെ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത് എന്ന് വ്യക്തം.
നയതന്ത്രതലത്തിൽ ചെറിയ വിട്ടുവീഴ്ചകൾപോലും വിലപേശലിനുള്ള ഉപാധികളായി മാറി. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ ഒരു ‘ശുഭസൂചനയായി’ അമേരിക്ക ചൂണ്ടിക്കാട്ടിയതായും, കടൽതീരത്ത് സൈന്യത്തെ സജ്ജമാക്കി നിർത്തിക്കൊണ്ട് തന്നെ രണ്ടാംഘട്ട ആക്രമണം താൻ റദ്ദാക്കിയെന്ന് ട്രംപ് പറഞ്ഞതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സൈനികസന്നാഹങ്ങൾ തുടരുന്നതിനിടയിലും എണ്ണ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടയിലുമാണ് ആക്രമണം റദ്ദാക്കിയെന്ന വാർത്ത വന്നത്.
ഈ സംഭവങ്ങളോടുള്ള രാജ്യാന്തര പ്രതികരണങ്ങൾ പ്രതീക്ഷിച്ചപോലെ തന്നെയാണ് വന്നത് –ഫലശൂന്യമായ അപലപനങ്ങൾ, കരുതലോടെയുള്ള വിമർശനങ്ങൾ. ഐക്യരാഷ്ട്രസഭയിൽ മുന്നറിയിപ്പുകളും പ്രതിഷേധങ്ങളും ഉണ്ടായി. പല രാജ്യങ്ങളും രക്ഷാസമിതിയിൽ ആശങ്ക രേഖപ്പെടുത്തി. എന്നാൽ, ഉപരോധങ്ങൾ ഏർപ്പെടുത്താനും അവ നടപ്പാക്കാനുമുള്ള യഥാർഥ അധികാരം അമേരിക്കയുടെ കൈകളിൽതന്നെ തുടർന്നു. ഇതാണ് ഒരു പുതിയ കീഴ്വഴക്കത്തിന്റെ മാറുന്ന ശൈലി. മറ്റു രാജ്യങ്ങളെ തങ്ങളുടെ പ്രതീക്ഷകൾ കുറക്കാനും കൃത്യമായ തന്ത്രങ്ങൾക്ക് പകരം വെറും പ്രസ്താവനകളിൽ ഒതുങ്ങാനും ഇത് പഠിപ്പിക്കുന്നു.
അമേരിക്കൻ തന്ത്രങ്ങളുടെ നയപരമായ അടിസ്ഥാനം ഇപ്പോൾ പ്രകടമാണ്. 2025ലെ അമേരിക്കൻ ദേശീയ സുരക്ഷാ നയത്തിൽ, മൺറോ സിദ്ധാന്തത്തിന് ഒരു ‘ട്രംപ് അനുബന്ധം’ വ്യക്തമായി നിർവചിക്കുന്നു. പടിഞ്ഞാറൻ അർധഗോളത്തിൽ അമേരിക്കയുടെ മേധാവിത്വം പുനഃസ്ഥാപിക്കാനും ‘അർധഗോളത്തിന് പുറത്തുള്ള എതിരാളികൾ’ തന്ത്രപ്രധാനമായ ആസ്തികളിൽ നിയന്ത്രണം നേടുന്നത് തടയാനും ഇത് ലക്ഷ്യമിടുന്നു. ഇത് വെറുമൊരു അടിക്കുറിപ്പല്ല, മറിച്ച് നയരൂപവത്കരണത്തിനുള്ള പ്രഖ്യാപിത ചട്ടക്കൂടാണ്.
യൂറോപ്യൻ സാമ്രാജ്യത്വ ശക്തികളുടെ തിരിച്ചുവരവിനെതിരെയുള്ള മുന്നറിയിപ്പായി 1823ലാണ് മൺറോ സിദ്ധാന്തം ആരംഭിച്ചത്. കാലക്രമേണ, ഇത് അമേരിക്കയുടെ ലോകാധിപത്യത്തിനുള്ള ഒരു സൈദ്ധാന്തികമറയായി മാറുകയും ഇടപെടലുകളെയും അധിനിവേശങ്ങളെയും ന്യായീകരിക്കാൻ ആവർത്തിച്ച് ഉപയോഗിക്കപ്പെടുത്തുകയുംചെയ്തു. ട്രംപ് കാലഘട്ടത്തിന്റെ പ്രത്യേകത അതിന്റെ തുറന്നുപറച്ചിലും വ്യാപ്തിയുമാണ്. കുടിയേറ്റ നിയന്ത്രണം, ലഹരിമരുന്ന് കടത്ത്, കര-കടൽ സുരക്ഷ എന്നിവയെ ഈ പുതിയ തന്ത്രം അർധഗോളവുമായി ബന്ധിപ്പിക്കുന്നു. പ്രായോഗികമായി, ഏത് സമ്മർദതന്ത്രത്തെയും ‘അർധഗോള സ്ഥിരത’ എന്ന പേരിൽ വിശേഷിപ്പിക്കാൻ ഈ നയം അധികാരം നൽകുന്നു.
ഇവിടെയാണ് ‘കാർട്ടലുകൾ’ എന്ന പ്രയോഗം കടന്നുവരുന്നത്. അമേരിക്ക ഒരു പരമാധികാര സർക്കാറിനെ ക്രിമിനൽ സംഘമായി ചിത്രീകരിക്കുമ്പോൾ, നയതന്ത്രത്തിന് പകരം സൈനിക നിയമ നടപടി എന്ന ശാക്തികയുക്തി നടപ്പാക്കുന്നു. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെടുത്തി മദൂറോയെ പിടികൂടിയതിനെ ഒരു ‘നിയമപാലന’ നടപടിയായി ഭരണകൂടം വിശേഷിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ട്രംപ് മേഖലയിലുടനീളം ഭീഷണി മുഴക്കി. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോക്ക് മുന്നറിയിപ്പ് നൽകിയതായും, കൊളംബിയയിൽ ഒരു സൈനികനീക്കം ‘നന്നായിരിക്കും’ എന്ന് ട്രംപ് സൂചിപ്പിച്ചതായും വാർത്തകൾ വന്നു. മെക്സികോയെക്കുറിച്ചും സമാനമായ രീതിയിൽ സംസാരിച്ച അദ്ദേഹം ക്യൂബ ‘വീഴാൻ തയാറായി നിൽക്കുകയാണെന്നും’ പ്രഖ്യാപിച്ചു. മയക്കുമരുന്ന് വിരുദ്ധവേട്ടയുടെ പേരിൽ കൊളംബിയയിൽ സൈനിക നടപടിക്കുള്ള സാധ്യത ട്രംപ് ഉന്നയിച്ചതായും ലോകം കേട്ടു.
ഈ ഭൗമരാഷ്ട്രീയ ഭൂപടത്തിൽ ലാറ്റിനമേരിക്ക മാത്രമല്ല ഉള്ളത്. ആർട്ടിക് മേഖലയും ഈ അവകാശവാദങ്ങളുടെ പരിധിയിൽ വന്നിരിക്കുന്നു. ഗ്രീൻലാൻഡിനെതിരെയുള്ള ഭീഷണികൾ ട്രംപ് വീണ്ടും ഉയർത്തിയിട്ടുണ്ട്. ഒരു നാറ്റോ സഖ്യകക്ഷിയുമായി ബന്ധപ്പെട്ട പ്രദേശം എന്നതിലുപരി, അമേരിക്കയുടെ താൽപര്യങ്ങൾക്കാവശ്യമുള്ള ഒരു പ്രദേശമായിട്ടാണ് അദ്ദേഹം ഗ്രീൻലാൻഡിനെ കാണുന്നത്. ഇതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അമേരിക്കയുടെ ‘സ്വാധീനമേഖല’ എന്നത് ലാറ്റിനമേരിക്കയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് തന്ത്രപ്രധാനമായ മേഖലകളിലേക്കും വിഭവങ്ങളിലേക്കും വ്യാപിക്കുന്നുണ്ടെന്നും സൂചന നൽകുന്നുണ്ട്.
ഈ നയങ്ങൾക്ക് ചരിത്രപരമായ പശ്ചാത്തലമുണ്ട്. 1945ന് ശേഷമുള്ള ലാറ്റിനമേരിക്കൻ ചരിത്രത്തിൽ അമേരിക്ക നടത്തിയ നിരവധി ഇടപെടലുകൾ കാണാം: അട്ടിമറികൾ, നിഴൽയുദ്ധങ്ങൾ, രഹസ്യ സൈനിക നീക്കങ്ങൾ എന്നിവ അവയിൽ ചിലതാണ്. ഗ്വാട്ടമാല (1954), ചിലി (1973), മധ്യ അമേരിക്കയിലെ 80കളിലെ പോരാട്ടങ്ങൾ, ഗ്രനേഡ (1983), പാനമ (1989) എന്നിവ പ്രത്യയശാസ്ത്രവും വിഭവങ്ങളും ഭൗമരാഷ്ട്രീയ നിയന്ത്രണവും എങ്ങനെ സമ്മേളിക്കുന്നു എന്നതിന്റെ അടയാളങ്ങളാണ്. 2026ൽ സംഭവിച്ചുതുടങ്ങിയതും അമേരിക്കയുടെ പരസ്യമായ നിലപാടാണ്. ഭരണകൂടം ഇടപെടലുകൾ ആവർത്തിക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച്, ഇത്തരം ഇടപെടലുകളെ ഒരു സ്ഥിരം ‘അവകാശ’/ ‘അധികാര’മായി മാറ്റാനും സിദ്ധാന്തങ്ങളിലൂടെ അതിനെ 'സാമാന്യബോധം' എന്ന് വിശ്വസിപ്പിക്കാനുമാണ് ശ്രമിക്കുന്നത്.
പ്രസിഡന്റ് നികളസ് മദൂറോയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വെനിസ്വേലയിൽ തെരുവിലിറങ്ങിയ ജനം
അധികാരമില്ലാത്ത, എന്നാൽ ശബ്ദങ്ങൾ മാത്രം കേൾപ്പിക്കാൻ കഴിയുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളിലാണ് പുതിയ സംഭവങ്ങളുടെ ആഗോള പ്രത്യാഘാതം ഏറ്റവും വ്യക്തമായി കാണുന്നത്. യു.എൻ രക്ഷാസമിതിയിൽ നടത്തിയ പ്രസംഗത്തിൽ, സെക്രട്ടറി ജനറൽ വെനിസ്വേലൻ വിഷയത്തെ അത്യന്തം ഗൗരവതരമെന്ന് വിശേഷിപ്പിക്കുകയും അപകടത്തിലായിരിക്കുന്ന നിയമവ്യവസ്ഥകളെപ്പറ്റി പറയുകയുംചെയ്തു. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്മേൽ ബലപ്രയോഗം നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് അപകടകരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുമെന്നും യു.എൻ മനുഷ്യാവകാശ വിഭാഗവും മുന്നറിയിപ്പ് നൽകി. ഈ പ്രസ്താവനകൾ പരാജയപ്പെടുന്നത് അവക്ക് ധാർമികമായ കരുത്തില്ലാത്തതുകൊണ്ടല്ല. മറിച്ച് അംഗരാജ്യങ്ങളുടെ സമ്മതത്തോടെ പ്രവർത്തിക്കുന്ന ഒരു വ്യവസ്ഥിതിയിൽ, ഏറ്റവും ശക്തമായ രാജ്യം തങ്ങളുടെ താൽപര്യത്തിനനുസരിച്ച് മാത്രമേ നിയമങ്ങൾ പാലിക്കൂ എന്ന് വ്യക്തമാക്കിയതുകൊണ്ടാണ്.
മറ്റൊരു ആഘാതം അന്താരാഷ്ട്ര ഉടമ്പടികളിൽനിന്നും സംഘടനകളിൽനിന്നുമുള്ള അമേരിക്കയുടെ പിന്മാറ്റമാണ്. അറുപത്തിയാറ് ആഗോള സംഘടനകളിൽനിന്ന് അമേരിക്ക പിന്മാറുന്നത് തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള വേദികളെ ഇല്ലാതാക്കുന്നു. ഒരു രാജ്യം ഇത്തരം രാജ്യാന്തരവേദികളിൽനിന്ന് പിന്മാറുമ്പോൾ അത് ഒരു ശൂന്യതയല്ല സൃഷ്ടിക്കുന്നത്. മറിച്ച് മറ്റുള്ളവർക്കും സമാനമായ രീതിയിൽ പ്രവർത്തിക്കാൻ ഒരു ‘മാതൃക’ കാണിക്കുകയാണ്. ഇതോടെ നിയമങ്ങൾ പാലിക്കുന്നത് ഒരു ബാധ്യതയല്ലാതെ വെറും സൗകര്യപൂർവമായ ഒരു തിരഞ്ഞെടുപ്പായി മാറുന്നു. കപടമായ മാന്യതകളുടെ കാലം അവസാനിച്ചുവെന്നും, ‘ക്രമം’ എന്ന പഴയ ഭാഷക്കു പകരം ‘മേധാവിത്വം’ എന്ന പരുക്കൻ ഭാഷ ലോകരാഷ്ട്രീയത്തിൽ പിടിമുറുക്കുന്നുവെന്നും ഇത് വ്യക്തമാക്കുന്നു.
അമേരിക്കയുടെ ആഭ്യന്തര ഭരണഘടനാപരമായ വശമാണ് മറ്റൊന്ന്. അമേരിക്കൻ നിയമപ്രകാരം യുദ്ധത്തിനും സൈനിക നടപടികൾക്കുമുള്ള അധികാരം കോൺഗ്രസും പ്രസിഡന്റും തമ്മിൽ പങ്കിട്ടിരിക്കുകയാണ്. എന്നാൽ പുതിയകാലത്ത് ദേശീയസുരക്ഷയുടെ പേരിൽ പ്രസിഡന്റിന്റെ അധികാരം പലപ്പോഴും ദുരുപയോഗംചെയ്യപ്പെടുന്നു. മറ്റൊരു പരമാധികാര രാജ്യത്തിനുള്ളിൽ സൈനികശക്തി ഉപയോഗിക്കുമ്പോൾ, അതിനെ ‘നിയമപാലനം’ എന്ന് വിശേഷിപ്പിച്ചാലും അത് യുദ്ധത്തിന് തുല്യമാണ്. റിപ്പബ്ലിക്കൻ പാർട്ടി ഇതിനെ പിന്തുണക്കുമ്പോൾ, നിയമപരമായ അധികാരമില്ലാത്ത ഇത്തരം ഇടപെടലുകളെക്കുറിച്ച് ഡെമോക്രാറ്റുകൾ മുന്നറിയിപ്പ് നൽകുന്നത് അമേരിക്കക്കുള്ളിൽതന്നെ ഈ നിയമയുദ്ധം എത്രത്തോളം ശക്തമാണെന്ന് കാണിക്കുന്നു.
അന്താരാഷ്ട്ര നിയമത്തിന്റെ കാഴ്ചപ്പാടിൽ ഈ ചോദ്യം കൂടുതൽ പ്രസക്തമാണ്. ‘പരമാധികാരം’ എന്നത് ഒരു ഔദാര്യമല്ല. അത് യു.എൻ വ്യവസ്ഥിതിയുടെ അടിസ്ഥാന തത്ത്വമാണ്. സ്വയംരക്ഷക്കോ അല്ലെങ്കിൽ രക്ഷാസമിതിയുടെ പ്രത്യേക അനുമതിയോടെയോ മാത്രമേ ഇതിൽ മാറ്റം വരുത്താൻ പാടുള്ളൂ. വെനിസ്വേലയുടെ കാര്യത്തിൽ ഇത്തരം അനുമതികൾ ഒന്നുമില്ലെന്ന് യു.എൻ ഏജൻസികളും പല രാജ്യങ്ങളും വിമർശിച്ചിട്ടുണ്ട്. മറ്റൊരു രാജ്യത്തെ നേതാക്കളെ അതിർത്തി കടന്ന് പോയി പിടികൂടുന്നത് ലോകത്തെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. ഈ വാതിൽ ഒരിക്കൽ തുറക്കപ്പെട്ടാൽ, ദുർബലമായ രാജ്യങ്ങൾ പരീക്ഷണശാലകളായി മാറും. വൻശക്തികൾ ആത്മസംയമനത്തെ ഒരു ബലഹീനതയായി കാണാൻ തുടങ്ങും.
പ്രസക്തമായ ഒരു ചോദ്യം അവശേഷിക്കുന്നു. പുതിയ സിദ്ധാന്ത-തന്ത്രങ്ങൾക്ക് കീഴിൽ അമേരിക്കക്ക് മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാൻ കഴിയുമോ? 2025ലെ ദേശീയ സുരക്ഷാനയം ഇതിന് നൽകുന്ന മറുപടി ശ്രദ്ധേയമാണ്. പടിഞ്ഞാറൻ അർധഗോളത്തെ അമേരിക്കയുടെ അധീശത്വം ഉറപ്പിക്കേണ്ട ഒരു മേഖലയായിട്ടാണ് അത് കാണുന്നത്. ഈ ഭാഷ രാജ്യങ്ങളുടെ തുല്യമായ പരമാധികാരത്തിന് ചേരുന്നതല്ല. മറിച്ച് മേൽക്കോയ്മക്ക് പുതിയ ഭാഷ്യങ്ങൾ ചമക്കുന്നതാണ്.
ഇത്തരമൊരു ഭൗമരാഷ്ട്രീയത്തിന്റെ അപകടം അന്താരാഷ്ട്ര ജീവിതത്തിലെ പുതിയ ശീലങ്ങളിൽ കാണാം –മിന്നലാക്രമണങ്ങളെ നിയമപാലനമെന്നും, സാമ്പത്തിക നിയന്ത്രണത്തെ സ്ഥിരതയെന്നും, സംഘടനകളിൽനിന്നുള്ള പിന്മാറ്റത്തെ ദേശീയ താൽപര്യമെന്നും ന്യായീകരിക്കുന്ന രീതി. റഷ്യയും ചൈനയും ഇത് നോക്കിക്കാണുകയും സൗകര്യപൂർവം ജാഗ്രതയോടെ പ്രതികരിക്കുകയുംചെയ്യുന്നു. ചെറുതും വലുതുമായ രാജ്യങ്ങൾ മാറുന്ന ഭൗമരാഷ്ട്രീയത്തിനനുസരിച്ച് തങ്ങളുടെ നിലപാടുകൾ മാറ്റുന്നു. ഇന്ത്യയും ഇക്കാര്യത്തിൽ ഭിന്നമല്ല.
ചുരുക്കത്തിൽ, പരമാധികാരത്തെക്കാൾ ഉപരിയായി ഭൗമരാഷ്ട്രീയശക്തിയും വിഭവാധികാരവും നൈതികതയിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട ആഗോളസംവിധാനങ്ങളെ നവസാമ്രാജ്യത്വം നിരന്തരം അട്ടിമറിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് ലോകം കടന്നുപോകുന്നത്.
=====================
(എം.ജി സർവകലാശാല ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച് ഡയറക്ടറും രാജ്യാന്തര പഠന വിദഗ്ധനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.