വെനിസ്വേലൻ പ്രസിഡന്റ് നികളസ് മദൂറോയെ യു.എസ് സൈനികർ തട്ടിക്കൊണ്ടുപോയപ്പോൾ
അമേരിക്ക ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ നടത്തിയ ഇടപെടലിനെ ഇടതുപക്ഷ വീക്ഷണത്തിൽനിന്ന് പരിശോധിക്കുന്നു. ‘‘ജനകീയ ചെറുത്തുനിൽപിലൂടെ യു.എസ് കടന്നാക്രമണത്തെ നേരിടാൻ വെനിസ്വേലക്ക് തീർച്ചയായും കഴിയും. എന്നാൽ, കപട സോഷ്യലിസ്റ്റ് പരിവേഷവും സത്തയിൽ ആശ്രിതത്വവുമായി കഴിയുന്നവർക്ക് അതിന് നേതൃത്വം നൽകാനാവില്ല’’ എന്ന് വാദിക്കുകയാണ് ലേഖകൻ.
പൊടുന്നനെയുള്ള ആക്രമണത്തിലൂടെ വെനിസ്വേലയുടെ പ്രസിഡന്റ് നികളസ് മദൂറോയെയും ഭാര്യ സിലിയ ഫ്ലോറെസിനെയും കീഴ്പ്പെടുത്തി തട്ടിക്കൊണ്ടുപോയ യു.എസ് സൈനിക നടപടി കുറെയേറെ വർഷങ്ങളായുള്ള അതിന്റെ രാഷ്ട്രീയ-സാമ്പത്തിക നീക്കങ്ങളുടെ തുടർച്ചയാണ്. അന്നത്തെ ഭരണാധികാരി ഊഗോ ചാവെസിനെ സ്ഥാനഭ്രഷ്ടനാക്കാൻ 2002ൽ സംഘടിപ്പിച്ച സൈനിക അട്ടിമറി മുതൽ തുടങ്ങിയതാണിത്. ചാവെസിന്റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്ന നികളസ് മദൂറോയുടെ സർക്കാറിനെ മറിച്ചിടാനും അത് ആവർത്തിച്ചു ശ്രമിച്ചിരുന്നു.
കടുത്ത സാമ്പത്തിക ഉപരോധത്തിലൂടെ ആ രാജ്യത്ത് പ്രതിസന്ധി സൃഷ്ടിച്ച് ജനങ്ങളെ ഭരണാധികാരികൾക്കെതിരെ തിരിച്ചുവിടാൻ നോക്കി. യു.എസ് താൽപര്യങ്ങൾക്ക് പൂർണമായി വഴങ്ങാൻ സന്നദ്ധരായ വെനിസ്വേലൻ ഭരണവർഗങ്ങളിലെ ചില വിഭാഗങ്ങളെ മുന്നിൽ നിർത്തി, ജനങ്ങളുടെ പേരിലാണ് ഇതെല്ലാം അരങ്ങേറിയത്. അതൊന്നും ഫലിക്കാതെ വന്നതോടെ യു.എസ് സാമ്രാജ്യത്വം നേരിട്ട് രംഗത്തിറങ്ങി. ട്രംപിന്റെ അക്രമാസക്ത പ്രകൃതത്തിനും യു.എസിന്റെ എണ്ണ ആവശ്യത്തിനുമപ്പുറമുള്ള ചിലത് അതിന് പ്രേരണയായിട്ടുണ്ട്.
വെനിസ്വേലൻ എണ്ണ കൈയടക്കലാണ് യു.എസ് നീക്കത്തിലെ താൽപര്യമെന്ന് കുറെക്കാലമായി വ്യക്തമായതാണ്. ഇത്രയും നാൾ ജനാധിപത്യം പുനഃസ്ഥാപിക്കാൻ എന്ന മറയിലാണ് ഇത് നിറവേറ്റാൻ ശ്രമിച്ചത്. ട്രംപ് എല്ലാം തെളിച്ചു പറഞ്ഞു, തികഞ്ഞ സാമ്രാജ്യത്വ ധാർഷ്ട്യത്തോടെ. മാത്രമല്ല, ആ രാജ്യത്തിന്റെ നടത്തിപ്പ് ഇനി കുറച്ചുകാലത്തേക്ക് വാഷിങ്ടണിന്റെ കൈയിലായിരിക്കുമെന്നും വ്യക്തമാക്കി. എന്തിനാണ് വെനിസ്വേലൻ എണ്ണ തിരക്കിട്ട് കൈയടക്കുന്നത്?
ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരം വെനിസ്വേലയിലാണ്. ആഗോള കരുതൽ ശേഖരത്തിന്റെ ഏകദേശം 17 ശതമാനം. എന്നാൽ, ഈ ക്രൂഡ്എണ്ണ ‘കനം’ ഏറിയ ഇനത്തിൽപെടും. യു.എസ് എണ്ണശുദ്ധീകരണശാലകളിൽ 70 ശതമാനത്തിനും ഇത്തരത്തിലുള്ള എണ്ണ വേണം. എങ്കിലേ അവക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയൂ. 2000 മുതൽ ഷേൽ ഖനനത്തിലൂടെ (എണ്ണപ്പാറകൾ) അമേരിക്കയിലെ എണ്ണ ഉൽപാദനം ക്രമാനുഗതമായി വർധിച്ചിട്ടുണ്ട്. ഇപ്പോൾ അത് ലോകത്തിലെ ഏറ്റവും വലിയ ഉൽപാദക രാജ്യമായിരിക്കുന്നു. പക്ഷേ, ഈ എണ്ണ ‘കനം’ കുറഞ്ഞതരത്തിലുള്ളതാണ്. വേനിസ്വേലയുടെ കനംകൂടിയ എണ്ണക്കുമേൽ നിയന്ത്രണം സ്ഥാപിക്കാൻ യു.എസ് സാമ്രാജ്യത്വ കുത്തകകൾക്കുള്ള താൽപര്യത്തിന്റെ സാമ്പത്തികയുക്തി ഇതിൽനിന്ന് വ്യക്തമാകും.
എന്നാൽ, ആഗോള എണ്ണവിപണിയുടെ പശ്ചാത്തലത്തിൽ നോക്കിയാൽ ഈ ചിത്രം മാറും. യു.എസ് ഉപരോധംമൂലം വെനിസ്വേലയുടെ എണ്ണ ഉൽപാദനം കുത്തനെ കുറഞ്ഞിരുന്നു. ഒരുകാലത്ത് പ്രതിദിനം 35 ലക്ഷം ബാരലായി (ആഗോള ഉൽപാദനത്തിന്റെ 7 ശതമാനത്തിലധികം) ഉയർന്നിരുന്ന ഉൽപാദനം, 2010കളിൽ പ്രതിദിനം 20 ലക്ഷം ബാരലിൽ താഴെയായി. കഴിഞ്ഞ വർഷം ശരാശരി 11 ലക്ഷം ബാരൽ മാത്രമായിരുന്നു ഉൽപാദനം.
ട്രംപ് ലക്ഷ്യംവെക്കുന്നതുപോലെ അമേരിക്കൻ എണ്ണക്കമ്പനികൾ കോടിക്കണക്കിന് ഡോളർ മുടക്കി വെനിസ്വേലയിലെ എണ്ണ ഉൽപാദനം കുത്തനെ വർധിപ്പിച്ചാൽ ആഗോള എണ്ണ വിപണിയിൽ എന്താകും അതിന്റെ ഫലം? ഇപ്പോൾതന്നെ എണ്ണയുടെ അമിതലഭ്യതമൂലം പര്യവേക്ഷണത്തിലും ശുദ്ധീകരണത്തിലുമുള്ള ലാഭം കുറഞ്ഞിട്ടുണ്ട്. എണ്ണയുടെ ആഗോള ലഭ്യത ആവശ്യത്തെക്കാൾ വേഗത്തിൽ വർധിക്കുകയാണ്. 2025ൽ എണ്ണയുടെ ലഭ്യതയിൽ പ്രതിദിനം 30 ലക്ഷം ബാരലും 2026ൽ 24 ലക്ഷവും വർധന ഉണ്ടാകുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി പ്രവചിക്കുന്നു. അതേസമയം, 2025ൽ 83 ലക്ഷം ബാരലും 2026ൽ 86 ലക്ഷവും മാത്രമേ ആവശ്യം വർധിക്കൂ.
ഈ സാഹചര്യത്തിൽ വെനിസ്വേലൻ എണ്ണ വർധിച്ച അളവിൽ വരുന്നതോടെ എന്താകും അവസ്ഥ? ഇപ്പോൾതന്നെ 60 ഡോളറായി കുറഞ്ഞിരിക്കുന്ന എണ്ണയുടെ ആഗോള അടിസ്ഥാനവില വീണ്ടും കുറയില്ലേ? അമേരിക്കയുടെ ഷേൽ എണ്ണ കയറ്റുമതിയെ അത് ബാധിക്കില്ലേ? “2010കളിൽ യു.എസ് ഷേൽ വ്യവസായത്തിന്റെ സഞ്ചിതനഷ്ടം അരലക്ഷം കോടി ഡോളറിനടുത്തെത്തി. അമേരിക്കൻ ഷേലിന്റെ ചെലവിന് ഒത്ത വരവു ലഭിക്കുന്ന ‘ബ്രേക്ഈവൻ വില’ ബാരലിന് ശരാശരി 60 ഡോളറായി കണക്കാക്കപ്പെടുന്നു. 2030കളുടെ തുടക്കത്തോടെ (വെനിസ്വേലൻ) ഉൽപാദനം ഏകദേശം 20 ലക്ഷം ബാരലായി ഇരട്ടിയാക്കുന്നതിന് 11, 500 കോടി ഡോളർ മുടക്കേണ്ടിവരും. കഴിഞ്ഞ വർഷത്തെ എക്സോൺ മൊബീലിന്റെയും ഷെവ്‌റോണിന്റെയും സംയുക്ത മൂലധന ചെലവിന്റെ മൂന്നിരട്ടിയാണിത്.
ലോകത്തെ നിലവിലെ എണ്ണലഭ്യതയും ആവശ്യവും കണക്കിലെടുത്താൽ എക്സോണിനും ഷെവ്‌റോണിനും ഇത് ലാഭകരമാകുമോ, പ്രത്യേകിച്ച് അത്തരം ‘കനത്ത’ എണ്ണ അടിസ്ഥാന വിലക്ക് താഴെ വിൽക്കേണ്ടിവരുമ്പോൾ?” -സാമ്പത്തികശാസ്ത്രജ്ഞൻ മൈക്കിൽ റോബർട്ടിന്റെ ഈ ചോദ്യം മറ്റൊരു ചോദ്യത്തിനാണ് വഴിതുറക്കുന്നത്. ലാഭകരമല്ലാത്ത ഈ ഇടപാടിന് പിന്നെന്തിനാണ് യു.എസ് തിരക്കിട്ട് നീങ്ങിയത്? അന്താരാഷ്ട്ര കീഴ്നടപ്പുകൾ നഗ്നമായി ലംഘിച്ച്, ലോകതലത്തിൽ ഒറ്റപ്പെടുന്നത് വകവെക്കാതെ എന്തിനായിരുന്നു ഈ അക്രമം?
ആഗോള സാമ്രാജ്യത്വ മത്സരത്തിന്റെ നിർബന്ധങ്ങളിലാണ് ഇതിനുള്ള ഉത്തരം. വേനിസ്വേലൻ എണ്ണ കൈവശെപ്പടുത്തുന്നതിനപ്പുറം, ആ മേഖലയിലേക്കുള്ള ചൈനീസ് സോഷ്യൽ സാമ്രാജ്യത്വത്തിന്റെ പ്രവേശനം തടയുകയോ, ചുരുങ്ങിയപക്ഷം നിയന്ത്രിക്കുകയോ ചെയ്യുന്നതിനായിരുന്നു ട്രംപിന്റെ നീക്കം. കഴിഞ്ഞ വർഷം ചൈന പ്രതിദിനം 4 ലക്ഷം ബാരൽ വെനിസ്വേലൻ എണ്ണ ഇറക്കുമതി ചെയ്തു. ചൈനയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ ഇത് 4 ശതമാനമേ വരുന്നുള്ളൂ. പേക്ഷ, വെനിസ്വേലയിൽനിന്ന് കയറ്റുമതി ചെയ്ത മൊത്തം ക്രൂഡ് എണ്ണയുടെ പകുതിയിലധികമായിരുന്നു ഇത്. കച്ചവടത്തിലുള്ള ഈ ആശ്രിതത്വത്തോടൊപ്പം വെനിസ്വേലൻ എണ്ണമേഖലയിൽ ചൈനയുടെ മൂലധനനിക്ഷേപവും വർധിച്ചുവരുന്നുണ്ട്.
ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ചൈന നാഷനൽ പെട്രോളിയം കോർപറേഷൻ (സി.എൻ.പി.സി) 160 കോടി ബാരൽ എണ്ണശേഖരം നിയന്ത്രിക്കുന്ന സംയുക്ത സംരംഭത്തിലെ പങ്കാളിയാണ്. മറ്റൊരു ചൈനീസ് സർക്കാർ കുത്തകയായ സിനോപെക് വെനിസ്വേലയിലെ 280 കോടി ബാരൽ എണ്ണശേഖരം നിയന്ത്രിക്കുന്ന സംയുക്ത സംരംഭത്തിലെ പങ്കാളിയാണ്. 2026 അവസാനത്തോടെ 60,000 ബാരൽ പ്രതിദിനം ഉൽപാദിപ്പിക്കുന്നതിനായി രണ്ട് എണ്ണപ്പാടങ്ങളിലായി 100 കോടി ഡോളറിലധികം നിക്ഷേപിക്കാൻ ചൈന കോൺകോർഡ് റിസോഴ്സസ് ഗ്രൂപ് എന്ന സ്വകാര്യ കുത്തക കഴിഞ്ഞ വർഷം പദ്ധതിയിട്ടിട്ടുണ്ട്.
വെനിസ്വേലൻ എണ്ണമേഖലയിലെ ചൈനീസ് മുതൽമുടക്ക് ഇതിനകം 210 കോടി ഡോളറായി എന്നാണ് അമേരിക്കൻ വൃത്തങ്ങൾ പറയുന്നത്. റഷ്യ, ഇറാൻ എന്നിവിടങ്ങളിൽനിന്ന് ചൈനക്ക് യഥേഷ്ടം എണ്ണ കിട്ടുന്നുണ്ട്. മുമ്പേ ഇറക്കുമതി ചെയ്ത എണ്ണശേഖരവുമുണ്ട്. മാത്രമല്ല വെനിസ്വേലൻ എണ്ണ കൂടുതലും വാങ്ങുന്നത് കുറഞ്ഞ ശുദ്ധീകരണശേഷിയുള്ള സ്വകാര്യ കമ്പനികളാണ്. അതിലധികവും ബിറ്റുമെൻ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്നു.
അതുകൊണ്ട് വെനിസ്വേലൻ എണ്ണ കിട്ടാതായാലും ചൈനയെ അത് ബാധിക്കില്ല. യു.എസ് ഭരണാധികാരികൾക്ക് ഇതറിയാം. വെനിസ്വേലയിലെ എണ്ണഖനന, ശുദ്ധീകരണ മേഖലയിലേക്കുള്ള ചൈനീസ് കടന്നുകയറ്റമാണ് അവരെ ആശങ്കാകുലരാക്കുന്നത്. ആ രാജ്യത്തു മാത്രമല്ല, ദക്ഷിണ അമേരിക്കയിലെ മറ്റു പല രാജ്യങ്ങളിലും ചൈനീസ് സാമ്രാജ്യത്വ കുത്തക മൂലധനം കടന്നുകയറിയിട്ടുണ്ട്. അമേരിക്ക മുതലായ പാശ്ചാത്യ സാമ്രാജ്യത്വ കുത്തകകളുമായി മത്സരിച്ച് അവിടെ നിലയുറപ്പിക്കാനുള്ള തീവ്രയത്നത്തിലാണത്. ഇതിന് തടയിടുന്നതിനാണ് വെനിസ്വേലയിലെ അമേരിക്കൻ സൈനിക ഇടപെടൽ. മെക്സികോ കൂടി ഉൾപ്പെടുന്ന ലാറ്റിനമേരിക്കയിലെ എല്ലാ രാജ്യങ്ങൾക്കുമുള്ള താക്കീതു കൂടിയായിരുന്നു അത്.
ചൈനീസ്, യു.എസ് സാമ്രാജ്യത്വമത്സരത്തിെന്റ വിശദമായ പരിശോധനയിലേക്ക് കടക്കേണ്ടതുണ്ട്. അതിനുമുമ്പ് വെനിസ്വേലയിലെ അവസ്ഥ കുറച്ചുകൂടി അറിഞ്ഞിരിക്കാം. യു.എസിന്റെ തട്ടിക്കൊണ്ടുപോക്കിനിടയിൽ നൂറോളം സൈനികരും പൗരരും കൊല്ലപ്പെട്ടു എന്നാണ് ഇപ്പോൾ വരുന്ന വിവരം. ഇതിൽ മുപ്പതിലധികവും ക്യൂബൻ സൈനികരാണ്. ഈ ആക്രമണത്തിൽ ഒരൊറ്റ യു.എസ് സൈനികനും കൊല്ലപ്പെട്ടിട്ടില്ല എന്ന് ട്രംപ് അവകാശപ്പെട്ടു. ചിലർക്ക് പരിക്ക് പറ്റി. ഒരു യുദ്ധവിമാനത്തിന് കേടുപറ്റി. ഈ അവകാശവാദത്തെ ഖണ്ഡിക്കുന്ന വാർത്തകളൊന്നും ഇതുവരെ വന്നിട്ടില്ല. വെനിസ്വേലയുടെ വ്യോമപ്രതിരോധത്തെ നിർവീര്യമാക്കിയാണ് ആക്രമണം നടന്നത്. ഇതിൽ എസ് -300 പ്രതിരോധ സംവിധാനവും ഉൾപ്പെടുന്നു. യു.എസ് സൈന്യത്തിന്റെ സൈനിക മികവു മാത്രമാണോ ഈ വിജയത്തിന് വഴിെവച്ചത്?
കുറച്ചു കാലമായി മദൂറോ ഭരണവും അമേരിക്കയും തമ്മിൽ രഹസ്യചർച്ചകൾ നടന്നുവരുകയായിരുന്നു. മദൂറോ ഭരണം ഒഴിയണമെന്നായിരുന്നു ട്രംപിന്റെ നിർബന്ധം. തുർക്കിയയിൽ പോയി സ്വസ്ഥമായി കഴിയാമെന്ന വാഗ്ദാനത്തോടെയാണ് ഇതുന്നയിച്ചതെന്ന് പറയുന്നുണ്ട്. മദൂറോ അതിന് വിസമ്മതിച്ചപ്പോൾ തട്ടിക്കൊണ്ടുപോകാനുള്ള ആക്രമണം നടത്തി. ആ ഭരണത്തിലെ ഒരു വിഭാഗത്തിന് ഇതിൽ പങ്കുണ്ടായിരുന്നോ? പിന്നീടുള്ള സംഭവങ്ങൾ അങ്ങനെ സംശയിക്കാനുള്ള വക നൽകുന്നുണ്ട്. പുതിയതായി അധികാരത്തിൽ വന്ന മുൻ വൈസ് പ്രസിഡന്റ് ഡെൽകി റോഡ്രിഗസ് തങ്ങളുമായി നല്ല ധാരണയിലാണെന്ന ട്രംപിന്റെ അവകാശവാദം മാത്രമല്ല ഇതിന് പ്രേരണയാകുന്നത്.
മദൂറോ തന്നെയാണ് ഇപ്പോഴും പ്രസിഡന്റ്, ആളെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയതാണ്, വെനിസ്വേലയുടെ പരമാധികാരത്തിനുമേലുള്ള കടന്നാക്രമണമാണിത്, എന്തു വിലകൊടുത്തും അതിനെ സംരക്ഷിക്കും, ചാവെസ് തുടങ്ങിെവച്ചതും മദൂറോ തുടർന്നതുമായ ബൊളിവേറിയൻ വിപ്ലവപാതയിൽ തന്നെ തങ്ങൾ തുടരും എന്നൊക്കെ അവരും മന്ത്രിമാരും ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അതോടൊപ്പം, അമേരിക്കയിലേക്ക് എണ്ണ കയറ്റുമതിയും തുടങ്ങിയിരിക്കുന്നു.
എണ്ണഖനന, കയറ്റുമതി മേഖലയിൽ കുത്തകയുള്ള സർക്കാർ ഉടമസ്ഥതയിലുള്ള പി.ഡി.വി.എസ്.എ എണ്ണവിൽപനയെക്കുറിച്ച് അമേരിക്കൻ അധികാരികളുമായി ചർച്ചയാരംഭിച്ചുവെന്ന് പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. യു.എസ് ഏകപക്ഷീയമായി പ്രഖ്യാപിച്ച എണ്ണ കയറ്റുമതി ഉപരോധത്തെ ലംഘിച്ചുവെന്ന് ആക്ഷേപിച്ച് അതിന്റെ നാവികസേന വെനിസ്വേലയിൽനിന്നു പുറപ്പെടുന്ന ചരക്കു കപ്പലുകളെ പിടിച്ചെടുക്കുന്നുണ്ടായിരുന്നു. യു.എസ്, വെനിസ്വേലൻ നാവികസേന സംയുക്തമായി ഇത്തരമൊരു പിടിച്ചെടുക്കൽ ഈയിടെ നടത്തി. ചുരുക്കത്തിൽ ട്രംപ് പറയുന്നതിൽ കാര്യമുണ്ടെന്നർഥം. ഡെൽകി റോഡ്രിഗസ് ഭരണം അതിന്റെ നിർദേശങ്ങൾ സ്വീകരിക്കുന്നുണ്ട്. ചാവെസിന്റെ കാലംമുതൽക്കുള്ള ഭരണത്തിന്റെ വർഗസ്വഭാവം അതിന് കളമൊരുക്കുന്നു.
ചാവെസിന്റെ നേതൃത്വത്തിൽ 1999ൽ സ്ഥാപിതമായ ബൊളിവേറിയൻ റിപ്പബ്ലിക്കിന് വെനിസ്വേലൻ ബഹുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ അതിന്റെ ആദ്യ വർഷങ്ങളിൽ ഏറെ മുന്നേറാനായി. വരുമാന അസമത്വം ലാറ്റിൻ അമേരിക്കയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കുറഞ്ഞു. 2006നും 2011നുമിടയിൽ വെനിസ്വേല മാനവ വികസന സൂചികയിൽ ഏഴ് സ്ഥാനങ്ങൾ ഉയർന്നു.
2002നും 2011നുമിടയിൽ ദാരിദ്ര്യനിരക്ക് 48.6 ശതമാനത്തിൽനിന്ന് 29.5 ആയി. 2003നും 2010നുമിടയിൽ സമ്പദ്‌വ്യവസ്ഥ ശരാശരി 8 ശതമാനം വളർന്നു. ഓരോ വ്യക്തിക്കും സാമൂഹിക ചെലവ് മൂന്നിരട്ടിയായി. ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും സാധാരണക്കാർക്ക് കിട്ടിത്തുടങ്ങി. ക്യൂബക്ക് കുറഞ്ഞ വിലക്ക് എണ്ണ നൽകുകയും അതിന്റെ വിലക്ക് പകരമായി 30,000 ക്യൂബൻ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയുംചെയ്തു. ഏകദേശം 150 ലക്ഷം അംഗസംഖ്യയുള്ള ഒരു ലക്ഷത്തിലധികം സഹകരണ സംഘങ്ങൾ സ്ഥാപിക്കപ്പെട്ടു.
ഊഗോ ചാവെസ്
ആ കാലത്തെ ഉയർന്ന എണ്ണവിലമൂലം കിട്ടിയ ലാഭത്തെ ആശ്രയിച്ചാണ് ഇതെല്ലാം ചെയ്തത്. മുൻകാലങ്ങളിൽ ഈ ലാഭത്തിൽ അധികവും ഭരണാധികാരികളും ഉദ്യോഗസ്ഥപ്രമാണിമാരും കൈയടക്കിയിരുന്നു. ഇങ്ങനെയുള്ള ജനക്ഷേമ നയങ്ങൾ നടപ്പാക്കുന്നതിൽ ചാവെസ് അന്ന് വിജയിച്ചെങ്കിലും എണ്ണഖനനത്തിലും കയറ്റുമതിയിലുമുള്ള സമ്പദ്ഘടനയുടെ ആശ്രിതത്വം അവസാനിപ്പിക്കാനുള്ള ഒരു നീക്കവും നടത്തിയില്ല. താൻ 21ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ വക്താവാണെന്നായിരുന്നു അവകാശവാദം. എണ്ണസമ്പദ്ഘടനയിലുള്ള, അതുവഴി സാമ്രാജ്യത്വവ്യവസ്ഥക്കുമേലുള്ള, ആശ്രിതത്വം ഇതിന്റെ പൊള്ളത്തരത്തെ അധികം വൈകാതെ തുറന്നുകാട്ടി. 2008നു ശേഷം എണ്ണവില കുത്തനെ ഇടിഞ്ഞു.
വെനിസ്വേലൻ സമ്പദ്ഘടന കൂപ്പുകുത്താനും തുടങ്ങി. അതോടെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കാനാകാതെയായി. ജനകീയ പിന്തുണ കുറഞ്ഞുതുടങ്ങി. ചാവെസിന്റെ മരണത്തോടെ അധികാരത്തിൽ വന്ന മദൂറോക്ക് കീഴിൽ കാര്യങ്ങൾ ഒന്നുകൂടി വഷളായി. 2013 മുതൽ സഹകരണസംരംഭങ്ങൾക്കും പ്രാദേശിക സ്വയംഭരണ സംവിധാനങ്ങൾക്കുമുള്ള സർക്കാർ പിന്തുണ കുറയുകയും, സർക്കാർ ഇടപാടുകളുടെ കേന്ദ്രസ്ഥാനത്തുനിന്ന് സ്ഥാനഭ്രഷ്ടരാകുകയും, ഭരണയന്ത്ര-പാർട്ടി ഘടനകൾ ആ സ്ഥാനം കൈയടക്കുകയുംചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്, സാമ്പത്തിക പിന്തുണയും ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, സഹകരണ ഘടനകൾ നിലനിന്നു. നാട്ടിൻപുറ സമ്പദ്ഘടനയിൽ അവക്ക് ഇന്നും വലിയ പങ്കുണ്ട്.
വിപ്ലവകരമായ ഭൂപരിഷ്കരണവും, പ്രധാന വ്യവസായങ്ങളുടെ ദേശസാത്കരണവും, അതിസമ്പന്നരായ ദല്ലാൾ മുതലാളിമാരുടെ സ്വത്ത് കണ്ടുകെട്ടലും വഴി ജനങ്ങളുടെ വിപ്ലവോത്സാഹത്തെ കെട്ടഴിച്ചുവിട്ട് സ്വാശ്രിത സമ്പദ്ഘടന കെട്ടിപ്പടുക്കുന്ന ദിശയിലല്ല ചാവെസ് ഭരണം നീങ്ങിയിരുന്നത്. മദൂറോയും അത് തുടർന്നു. യു.എസിനു പകരം ചൈനയെയും, റഷ്യയെയും ആശ്രയിച്ച് പ്രതികൂലാവസ്ഥയെ മറികടക്കാനായിരുന്നു ശ്രമം. ജനങ്ങളെ ആശ്രയിക്കുന്നതിനു പകരം സൈന്യത്തെയും സ്വന്തം പാർട്ടിയുടെ സന്നദ്ധസംഘത്തെയും ആശ്രയിച്ചു. അതോടൊപ്പം ഭരണത്തിന്റെ ഉന്നതങ്ങളിലുള്ളവർക്കും സൈനികർക്കും പ്രത്യേക ആനുകുല്യങ്ങൾ നൽകി അവരുടെ പിന്തുണ ഉറപ്പിക്കാൻ ശ്രമിച്ചു. ഇതെല്ലാം ഭരണത്തെ ജനങ്ങളിൽനിന്ന് ഒന്നുകൂടി അകറ്റി.
‘‘ഞങ്ങളുടെ പ്രസിഡന്റിനെ മോചിപ്പിക്കുക, തിരിച്ചെത്തിക്കുക’’ എന്ന മുദ്രാവാക്യം മുഴക്കി പതിനായിരക്കണക്കിന് ജനങ്ങൾ അണിനിരക്കുന്ന പ്രതിഷേധ ജാഥകൾ വെനിസ്വേലയിൽ ദിനംപ്രതി നടക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകലിനെ തങ്ങളുടെ രാജ്യത്തിനെതിരെയുള്ള യു.എസ് ആക്രമണമായി ജനങ്ങൾ കരുതുന്നു. നൂറ്റാണ്ടുകളായുള്ള സാമ്രാജ്യത്വ മർദനവും ചൂഷണവും അനുഭവിച്ച ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജനങ്ങൾക്ക് യു.എസ് എന്നും ശത്രുവാണ്. ആ ശത്രുവിനെതിരെ ഒന്നിക്കാനുള്ള ശക്തമായ ദേശീയവികാരം അവിടങ്ങളിൽ പൊതുവായി നിലനിൽക്കുന്നു. ഈ വികാരത്തെ ആശ്രയിച്ച്, ജനകീയ ചെറുത്തുനിൽപിലൂടെ യു.എസ് കടന്നാക്രമണത്തെ നേരിടാൻ വെനിസ്വേലക്ക് തീർച്ചയായും കഴിയും. എന്നാൽ, കപട സോഷ്യലിസ്റ്റ് പരിവേഷവും സത്തയിൽ ആശ്രിതത്വവുമായി കഴിയുന്നവർക്ക് അതിന് നേതൃത്വം നൽകാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.