ചിത്രങ്ങൾ-വി.​സി. ബാ​ല​കൃ​ഷ്ണ​ൻ

കടമ്പ്

‘‘അമ്മ പറഞ്ഞു: ‘കടമ്പാണ് നിൻ വൃക്ഷം

മയിലാണ് പക്ഷി

നിൻ മൃഗം കുതിരയും’

പിന്നെത്തിരയലായ്

സ്കൂൾ കാലമാകെ

ഞാൻ: കടമ്പെവിടെ?

മയിലെവിടെ?

എവിടെയെൻ കുതിരയും.’’

(കടമ്പനാട്ട് കടമ്പില്ല -കെ.ജി. ശങ്കരപ്പിള്ള)

പുരാണപ്രസിദ്ധമായ ഒരു വൃക്ഷമാണ് കടമ്പ്. ഏഷ്യ, പസഫിക്, ആസ്ട്രേലിയ എന്നീ മേഖലകളിൽ കാണപ്പെടുന്ന വലിയ നിത്യഹരിത വൃക്ഷം. കേരളത്തിലെ നിത്യഹരിത വനങ്ങളിലെയും അർധ നിത്യഹരിതവനങ്ങളിലെയും അരുവിയോരങ്ങളിൽ വളരുന്നു.

20 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. തിരശ്ചീനശാഖികളോടുകൂടിയ വൃക്ഷത്തിന്റെ തടിക്ക് മങ്ങിയ തവിട്ടുനിറമാണ്. 10-25 സെ. മീറ്റർ നീളവും 6-12 സെ. മീറ്റർ വീതിയുമുള്ള അണ്ഡാകൃതിയിലുള്ള ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു.ഇലകളിൽ 10-14 ഞരമ്പുകൾ വ്യക്തമായി കാണാം. അനുപർണങ്ങൾ ഉണ്ട്.

ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയാണ് പൂക്കാലം. ഗോളാകൃതിയുള്ള, 2-4.5 സെ. മീറ്റർ വ്യാസമുള്ള ‘ശിരസ്സി’ലാണ് (മുണ്ഡമഞ്ജരി -head Inflorescences) പൂക്കൾ ഉണ്ടാകുന്നത്. ഓറഞ്ച് നിറമുള്ള പൂക്കൾക്ക് നേരിയ സുഗന്ധമുണ്ട്. ബാഹ്യദളപുടത്തിനു കുഴലിന്റെ ആകൃതി. അഞ്ച് സംയുക്ത ദളങ്ങൾ.കേസരങ്ങൾ അഞ്ച്. വർത്തികാഗ്രവും വർത്തികയും വെള്ളയാണ്. അണ്ഡാശയത്തിനു രണ്ട് അറകൾ. ജൂലൈ-ഒക്ടോബർ മാസങ്ങളിൽ കായ്കൾ പാകമാകുന്നു.

ആറ്റുതേക്ക്, കദംബവൃക്ഷം, കാദംബരി, വെള്ളക്കടമ്പ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

‘‘കാദംബരീപുഷ്പസരസ്സിൽ

കൗമാരം കൊരുത്തതാണീ മാല്യം.’’

ഈ ഗാനത്തിൽ വയലാർ പരാമർശിക്കുന്നത് കടമ്പിൻ പൂക്കളെയാണ്.

കടമ്പിന്റെ ശാസ്ത്രനാമം Neolamarckia cadamba എന്നാണ്.

റൂബിയേസിയേ സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. Seaside Indian Oak എന്നാണ് ഇംഗ്ലീഷ് നാമം. സംസ്കൃതത്തിൽ കദംബഃ, കുത്സിതാംഗഃ, ഹലിപ്രിയം എന്നീ പേരുകളുണ്ട്.

ഫ്രഞ്ച് പ്രകൃതിശാസ്ത്രജ്ഞനായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക് (Jean Baptiste Lamarck) 1785ലാണ് ഈ സസ്യത്തെ കണ്ടെത്തി Cephalanthus chinensis എന്ന് നാമകരണംചെയ്തത്. പിന്നീട് 1984ൽ ജീൻ മാരി ബോസ്സർ (Jean Marie Bosser) ഇതിനെ പുതിയ ജനുസ്സിൽ ഉൾപ്പെടുത്തുകയും ലാമാർക്കിനോടുള്ള ആദരസൂചകമായി Neolamarckia cadamba എന്ന് പുനർനാമകരണം നടത്തുകയുംചെയ്തു. ഈ ജനുസ്സിൽപ്പെട്ട രണ്ടിനം വൃക്ഷങ്ങൾ മാത്രമേ ലോകത്തുള്ളൂ. രണ്ടാമത്തെ വൃക്ഷം തെക്കൻ ജാവയിലും ഇന്തോനേഷ്യയിലും കാണപ്പെടുന്ന Neolamarckia macrophylla ആണ്.

1682ൽ പ്രസിദ്ധീകൃതമായ ‘ഹോർത്തൂസ് മലബാറിക്കൂസ്’ എന്ന വിഖ്യാതഗ്രന്ഥത്തിന്റെ മൂന്നാം വോള്യത്തിൽ (ലാറ്റിൻ ഭാഷയിലുള്ളത്; മലയാള ലിപി ആദ്യമായി അച്ചടിയിൽ വന്നത്) ‘കാട്ടുചക്ക’ എന്നാണ് ഈ വൃക്ഷത്തെക്കുറിച്ച് പരാമർശിക്കുന്നത്. കടമ്പിന്റെ പട്ട, ഇല, ഫലം എന്നിവ ഔഷധയോഗ്യങ്ങളാണ്. ചുമ, പനി, ഗ്രഹണി, അൾസർ തുടങ്ങിയ രോഗങ്ങൾക്ക് ഔഷധമാണ്. പട്ട ഉപയോഗിച്ചുള്ള കഷായം പനി കുറക്കാൻ നല്ലതാണ്. കായുടെ നീര് പഞ്ചസാര ചേർത്ത് കഴിക്കുന്നത് ഉദരരോഗത്തിനു ശമനമുണ്ടാക്കുന്നു.

ഒരുകാലത്ത് ഉത്തരമധുരാപുരിക്കും ഭരത്പൂരിനുമിടയിലുള്ള പ്രദേശം മുഴുവൻ കടമ്പുവൃക്ഷങ്ങൾ കാടുപോലെ വളർന്നിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കടമ്പിൻ പൂക്കൾ പൂജാദികർമങ്ങൾക്ക് ഉപയോഗിച്ചുവരുന്നുണ്ട്. ഇതിന്റെ പൂമൊട്ടുകൾ സ്ത്രീകൾ ഉച്ചിയിൽ ചൂടാറുണ്ട്. സുഗന്ധദ്രവ്യങ്ങൾ നിർമിക്കുന്നതിനും ഉപയോഗിച്ചിരുന്നു.

Habitat: Evergreen and semi evergreen forests on stream banks

Distribution: Asia, Pacific and Australia

Medicinal (HM Vol-3 & IMP)

Referred in Valmiki Ramayana, believed to be written before 3000 BC.

കടമ്പ് അടയാള വൃക്ഷമാക്കിയിരുന്ന ഗോത്രവർഗക്കാരായിരുന്നു സംഘകാല കൃതികളിൽ പരാമർശിക്കപ്പെടുന്ന കദംബർ. തുംഗഭദ്ര നദിയുടെ പോഷകനദികളിലൊന്നിന്റെ തീരത്തുള്ള ബനവാസി തലസ്ഥാനമായ കദംബരാജ്യം സ്ഥാപിച്ചത് സി.ഇ 345ലാണ്. സി.ഇ 607 വരെ നിലനിൽക്കുകയുംചെയ്തു. കർണാടകയിലെ ആദ്യ രാജവംശമായി ഈ രാജവംശത്തെ കരുതുന്നു. ഇതിന്റെ സ്മരണക്കായി എല്ലാ വർഷവും ബനവാസിയിൽ (കാർവാറിൽനിന്ന് 23 കി.മീ അകലെ) ‘കടമ്പോത്സവം’ എന്ന പേരിൽ രണ്ടുദിവസത്തെ വസന്തോത്സവം നടത്തിവരുന്നുണ്ട്.

കടലിലൂടെ കപ്പലോടിച്ചു ചെന്ന് വലിയകടലിലെ ദ്വീപിൽ കടമ്പുമരം കാവൽമരമായിരുന്നവരുടെ വൃക്ഷങ്ങൾ വെട്ടി പെരുമ്പറയുണ്ടാക്കിയെന്നാണ് സംഘകൃതിയിലെ വിവരണം. രാജധാനിക്കു ചുറ്റും വംശവൃക്ഷം വെച്ചുപിടിപ്പിക്കൽ അന്നത്തെ രാജപാരമ്പര്യമായിരുന്നു. അതു നശിപ്പിക്കപ്പെട്ടാൽ രാജാവ് പരാജിതനാകുന്നതിന് തുല്യമാണത്രെ.

‘മഹാഭാരതം’ അനുസരിച്ച് ഇന്ദ്രപ്രസ്ഥത്തിൽ വളർത്തിയിരുന്ന വൃക്ഷങ്ങളിൽ ഒന്നായിരുന്നു കടമ്പ്. ‘വാല്മീകി രാമായണ’ത്തിലും ‘ചിലപ്പതികാര’ത്തിലും കടമ്പിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

വൃന്ദാവനത്തിലെ പ്രധാന വൃക്ഷം കടമ്പായിരുന്നു. കൃഷ്ണ-രാധമാരുടെ രാസലീല നടക്കുന്നത് നനുത്ത സുഗന്ധം പൊഴിക്കുന്ന കടമ്പുവൃക്ഷങ്ങളുടെ ആരാമത്തിലായിരുന്നുവത്രെ. കുളിക്കാനിറങ്ങിയ ഗോപസ്ത്രീകളുടെ വസ്ത്രങ്ങൾ അപഹരിച്ച കൃഷ്ണൻ ചെന്നിരുന്നത് കടമ്പുവൃക്ഷക്കൊമ്പിലായിരുന്നു.

 

‘‘കാടിന്റെ ഹൃത്തിൽ കടമ്പിന്റെ ചോട്ടിൽ നീ-

യോടക്കുഴൽ വിളിക്കുമ്പോൾ’’ എന്നും

‘‘കാടാണ്; കാട്ടിൽ കടമ്പിന്റെ കൊമ്പത്തു

കാൽ തൂക്കിയിട്ടിരിപ്പാണു രാധ’’

എന്നും സുഗതകുമാരി പറയുന്നുണ്ട്. (കൃഷ്ണ നീയെന്നെയറിയില്ല, കാടാണ്... എന്നീ കവിതകളിൽ.)

ജയദേവ കവിയുടെ ‘ഗീതഗോവിന്ദ’ത്തിലും കടമ്പിനെക്കുറിച്ച് പറയുന്നുണ്ട്.

കടമ്പിൻ പൂക്കളിൽനിന്ന് ‘കാദംബരി’ എന്നു പേരുള്ള ഒരുതരം മദ്യം വാറ്റിയെടുത്തിരുന്നതായും പറയപ്പെടുന്നുണ്ട്.

തുളു ബ്രാഹ്മണരുടെ ചരിത്രവുമായി ബന്ധപ്പെട്ട് കന്നടയിലെഴുതപ്പെട്ട ‘ഗ്രാമപദ്ധതി’ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: “പരശുരാമൻ തുളുനാടും ഹൈഗയും സൃഷ്ടിച്ചതിനുശേഷം ശിവനും പാർവതിയും സഹ്യാദ്രിയിലേക്ക് വന്നു. അവർക്ക് ഒരു കുട്ടി പിറന്നു. കടമ്പുമരച്ചുവട്ടിൽ വെച്ച് പ്രസവിച്ചതിനാൽ കുട്ടിക്ക് കടമ്പൻ എന്നു പേരിട്ടു. പിന്നീട് സഹ്യാദ്രിയുടെ ഭരണച്ചുമതല കടമ്പനായിരുന്നു.’’

മധുരയിലെ മീനാക്ഷീ സുന്ദരേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം ഒരുകാലത്ത് കടമ്പുമരങ്ങൾ ധാരാളമായി വളർന്നുനിന്നിരുന്ന ഇടമായിരുന്നുവത്രെ. ഈ കാട്ടിലുള്ള സ്വയംഭൂ ലിംഗത്തെ ആരാധിക്കാൻ രാത്രികാലങ്ങളിൽ ഇന്ദ്രൻ വന്നിരുന്നുവെന്നും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലുണ്ട്. സ്വയംഭൂലിംഗം ഉണ്ടായിരുന്നത് ഒരു പ്രത്യേക കടമ്പിൻ ചുവട്ടിലായിരുന്നുവത്രെ. ഈ വൃക്ഷം പിന്നീട് ക്ഷേത്രത്തിന്റെ പുണ്യവൃക്ഷമായി മാറി. വർഷങ്ങൾക്കു മുമ്പ് ഉണങ്ങിപ്പോയ ഈ കടമ്പുമരത്തിന്റെ കട (ചുവട്) ഇപ്പോഴും ഒരു വെള്ളിത്താലംകൊണ്ട് പൊതിഞ്ഞു സംരക്ഷിച്ചിരിക്കുകയാണ്.

പാതയോര വൃക്ഷമായും ഉദ്യാനപക്ഷമായും നട്ടുപിടിപ്പിക്കാൻ പറ്റിയ ഒന്നാണ് കടമ്പ്.

മംഗളൂരു മുതൽ ഗോവ വരെയുള്ള നാഷനൽ ഹൈവേ ഇരുവശത്തും പലയിടങ്ങളായി നൂറുകണക്കിന് കടമ്പുവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചതായി കാണുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തിലെ കടമ്പനാട്, അടൂരിനടുത്ത കടമ്പനാട്, ആലപ്പുഴ ജില്ലയിലെ കടമ്പൂർ, ഒറ്റപ്പാലത്തുള്ള കടമ്പൂർ, കണ്ണൂർ ജില്ലയിലെ കടമ്പൂർ, കടമ്പേരി തുടങ്ങിയ സ്ഥലങ്ങൾ ഈ വൃക്ഷവുമായി ബന്ധപ്പെട്ടതാണ്.

ഇടനാട്ടിലെയും മലനാട്ടിലെയും പുഴയോരത്തു കൂടി നടക്കുമ്പോൾ പലപ്പോഴും കടമ്പുവൃക്ഷങ്ങളുടെ ചുവട്ടിലെത്തിപ്പെടാറുണ്ട്. ഭൂമിക്ക് സമാന്തരമായി കുടപോലെ ശാഖകൾ നീട്ടിക്കൊണ്ട് നിൽക്കുന്ന കടമ്പുവൃക്ഷങ്ങളുടെ ചിത്രങ്ങൾ ഒരിക്കലും മനസ്സിൽനിന്ന് മാഞ്ഞുപോകുന്നില്ല.

അവ നമ്മെ കൃഷ്ണബാല്യങ്ങളുടെ നനുത്ത കാൽപനിക സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

“അവളുടെ വീട്ടിൽ പോയി

വരുന്നതുകൊണ്ടു മാത്രം

അതിലെ പോന്നു.

മയങ്ങുമ്പോൾ സൈഡ് സീറ്റിൽ

നിറയെ കടമ്പുമരങ്ങൾ

മരങ്ങളിൽ നിറയെ

കൃഷ്ണബാല്യങ്ങൾ.”

-കടമ്പനാട്: കെ.ജി.എസ് വഴി (ശൈലൻ)

Tags:    
News Summary - Flora of Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-19 03:00 GMT
access_time 2026-01-05 01:45 GMT