പാലക്കാട് അടുത്തിടെ ഉത്തരേന്ത്യക്കാരനായ ദലിത് തൊഴിലാളിയെ ‘ബംഗ്ലാദേശി’യാണെന്നും ന്യൂനപക്ഷ സമുദായാംഗമാണെന്നും ആരോപിച്ച് ഹിന്ദുത്വവാദികൾ ആൾക്കൂട്ടക്കൊല നടത്തിയിരുന്നു. കേരളത്തിലും ആൾക്കൂട്ടക്കൊല പ്രവണതയാവുകയാണോ? എന്താണ് അതിന്റെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം?
2021 മേയ് 25നായിരുന്നു അമേരിക്കയിലെ മിനിയാപോളിസ് നഗരത്തിൽ വെച്ച് ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രോ അമേരിക്കക്കാരനെ വെള്ളക്കാരനായ ഡെറക് ചൗവിൻ (പൊലീസുകാരൻ) കഴുത്തിന് ചവിട്ടിപ്പിടിച്ച് കൊന്നുകളഞ്ഞത്. ആ കാഴ്ച ലോകം മുഴുവൻ കണ്ടു ഞെട്ടി. കാരണം, ആ കൊലക്കു പിന്നിൽ കൃത്യമായ വംശീയബോധം നിലനിന്നിരുന്നു. വെള്ളക്കാരനായ പൊലീസുകാരന് അമേരിക്കൻ സാമൂഹികാവസ്ഥയിലൂടെ ശക്തി പ്രാപിച്ച അധികാരത്തിന്റെ പിന്തുണയുണ്ടായിരുന്നു. അതിനു പിന്നിൽ പ്രവർത്തിക്കുന്ന മനോഭാവത്തിന്റെ സാമൂഹിക മനഃശാസ്ത്രത്തിൽ അധികാരം വലിയൊരു ഘടകമാണ്. ലോകത്തെല്ലായിടത്തും വംശീയമായി പുറംതള്ളപ്പെടുന്ന മനുഷ്യർക്ക് മുകളിൽ നിലനിൽക്കുന്ന അധികാര വ്യവസ്ഥക്ക് ഭരണകൂടങ്ങളുടെ മറയില്ലാത്ത പിന്തുണയുണ്ട്. മാത്രമല്ല, ജനാധിപത്യത്തിലും പൗരബോധത്തിലും ഈ അധികാരവ്യവസ്ഥ ആർക്കൊപ്പം നിൽക്കുന്നു എന്നതുകൂടി ഗൗരവപ്പെട്ട വിഷയമാണ്.
അത് മർദിതനോടോ മർദകനോടോ എന്നതാണ് ചോദ്യം. സ്വാഭാവികമായും മർദിതനോട് എന്നതാണ് പൊതുബോധം. എന്നാൽ ഈ പൊതുബോധത്തെ മാറ്റിത്തീർക്കുന്ന വിധത്തിൽ വംശീയത സാമൂഹിക മനഃശാസ്ത്രത്തിൽ ശക്തിപ്പെട്ടു എന്നതാണ് സമകാലത്തെ സമാനതകളില്ലാത്ത ദുരന്തം. പുരോഗമന ജനാധിപത്യ രാഷ്ട്രീയ സമൂഹത്തിൽപോലും സമ്പന്നർക്കും മേൽക്കോയ്മ മനുഷ്യർക്കും സ്വയമേവ അവരിലേക്ക് ചെന്നവസാനിക്കുന്ന ഒരുതരം അധികാരബോധമുണ്ട്. ഈ അധികാരബോധത്തെ ഉപയോഗിച്ചാണ് ലോകത്തെല്ലായിടത്തും കീഴാള മനുഷ്യരെ അടിച്ചമർത്താനും കൊന്നുതള്ളാനുമുള്ള മാനസികമായ കരുത്ത് അവർക്ക് ലഭിക്കുന്നത്.
ഈ അദൃശ്യമായ സാമൂഹിക അംഗീകാരം വേട്ടക്കാരനിലേക്ക് എത്തിച്ചേരുന്നതിന് പ്രധാന ഘടകമായിത്തീരുന്നത് ഭൂരിപക്ഷമത മനുഷ്യരുടെ പിന്തുണയാണ്. ആ ഭൂരിപക്ഷത്തെ മതപരമായും രാഷ്ട്രീയമായും സാമ്പത്തികമായും പിന്തുണക്കുന്ന അധികാരവർഗം ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലാണ് നിലനിൽക്കുന്നത്. ഇന്ത്യയിലതിപ്പോൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അത് നൽകുന്ന പിൻബലവും ശക്തിയുമാണ് ആൾക്കൂട്ടക്കൊലയുടെ സാമൂഹിക മനഃശാസ്ത്രമായി രൂപപ്പെടുന്നത്.
വംശീയതയുടെ സാമൂഹിക മനഃശാസ്ത്രത്തിൽ അപരത്വമാണ് അതിന്റെ ചലനാത്മകതയെ നിയന്ത്രിക്കുന്നത്. അതാണ് അതിന്റെ രാഷ്ട്രീയ സ്വത്വം. അപരത്വം എന്നത് വ്യക്തികേന്ദ്രം എന്നതിനപ്പുറത്തേക്ക് വംശീയതയായി പടരുമ്പോഴാണ് നിഷ്കളങ്കരായ, നിരപരാധികളായ മനുഷ്യർ ഇരകളാകുന്നത്. അവിടെ മതം പ്രധാന ഘടകമാണ്. എന്നാൽ, അത്തരം വ്യക്തികൾക്ക് എത്രമാത്രം മതബോധമോ മതവിശ്വാസമോ ഉണ്ട് എന്നത് ഒരു വിഷയമേയല്ല. ഡിസംബർ 18ന് ബിഹാറിൽ ആൾക്കൂട്ട വിചാരണക്കുശേഷം കൊലക്ക് വിധേയനായ അഥഹർ ഹുസൈൻ മരണത്തിന് മുമ്പ് നേരിട്ട വിചാരണയിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റി അയാളുടെ മതമേതെന്ന് ഉറപ്പിക്കുകയായിരുന്നു. ഗ്രാമങ്ങളിൽ വസ്ത്രവിൽപന നടത്തുമ്പോഴാണ് 40 വയസ്സായ ഹുസൈനെ അക്രമികൾ പിടിച്ചു കൊണ്ടുപോയി മാരകമായി മർദിച്ചശേഷം കൊല്ലുന്നത്. കേസിൽ 15ഓളം പ്രതികൾ പിടിക്കപ്പെട്ടു.
ബിഹാറിൽ പുതിയതായി അധികാരത്തിൽ വന്ന എൻ.ഡി.എ സർക്കാർ മുസ്‍ലിംകൾക്കെതിരെ ഉയർത്തുന്ന അപരത്വത്തിന്റെ ഹിംസയാണ് അഥർ ഹുസൈനെ മരണത്തിലേക്ക് നയിച്ചത്. ഇത്തരം സാമൂഹിക അധികാരത്തെ രൂപപ്പെടുത്തുന്നതിൽ വലിയ രീതിയിലുള്ള രാഷ്ട്രീയസ്വാധീനം ഓരോ സമൂഹത്തിലെയും ഭൂരിപക്ഷ മതസ്ഥരിൽ പ്രവർത്തിക്കുന്നുണ്ട്. ഡിസംബർ 18ന് ബംഗ്ലാദേശിലെ മൈമൻ സിങ് പട്ടണത്തിൽ ഒരു ഫാക്ടറി തൊഴിലാളിയായിരുന്ന ദീപു ചന്ദ്രദാസ് എന്ന വ്യക്തിയെ തല്ലിക്കൊന്നു മരത്തിൽ കെട്ടിത്തൂക്കിയത് ബംഗ്ലാദേശിലാണ്. അവിടെയും ഭൂരിപക്ഷ മതത്തിന്റെ ഇരയാണ് ചന്ദ്രദാസ്. ഇതും മതപരമായ അധികാരബോധത്തിനുള്ളിൽ നടത്തപ്പെടുന്ന ഇരവേട്ടയാണ്. ഇങ്ങനെ ആൾക്കൂട്ട വിചാരണയുടെ സാമൂഹിക മനഃശാസ്ത്രത്തെ രൂപപ്പെടുത്തുന്നതിൽ ഭൂരിപക്ഷ മതവും അതിനാൽ സ്വാധീനിക്കപ്പെടുന്ന രാഷ്ട്രീയ അധികാരവും കൃത്യമായ പങ്ക് വഹിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് പാലക്കാട് വാളയാറിൽ ഛത്തിസ്ഗഢ് സ്വദേശിയായ രാംനാരായണന്റെ ആൾക്കൂട്ട കൊലപാതകത്തിൽ സാമൂഹിക മനഃശാസ്ത്രം എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് പരിശോധിക്കേണ്ടത്. കാരണം, കേരളം നവോത്ഥാന മൂല്യബോധത്താൽ ശക്തിപ്രാപിച്ച രാഷ്ട്രീയ സമൂഹമാണ്. അവിടെ അപരമത വിദ്വേഷവും അവരോടു കാരണമില്ലാത്ത ശത്രുതയും തുറന്നു പ്രകടിപ്പിക്കാനുള്ള മാനസികാവസ്ഥയിലേക്ക് വ്യക്തികൾ മാറുന്നുണ്ടെങ്കിൽ അതിനെ രൂപപ്പെടുത്തുന്ന മനഃശാസ്ത്രത്തിൽ വംശീയതയുടെ പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയിൽ ശക്തിപ്രാപിച്ചു കഴിഞ്ഞ അപരമത വിദ്വേഷത്തിന്റെ സ്വാധീനം കേരളീയ പൊതുബോധത്തിൽ എത്രകണ്ട് ആഴത്തിലെത്തി എന്നതും ചർച്ച ചെയ്യേണ്ട വിഷയമാണ്.
ഇതിനുമുമ്പ് സമാനമായ സംഭവം നടക്കുന്നത് 2018ലാണ്. അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിനെ ഒരുകൂട്ടം യുവാക്കൾ വിചാരണക്കു ശേഷം കൊല്ലുകയായിരുന്നു. അവിടെയും ആരോപിക്കപ്പെട്ട കുറ്റം മോഷണമായിരുന്നു. കേരളം തങ്ങളുടെ ‘ഗൾഫ്’ ആണെന്ന സങ്കൽപംകൊണ്ട് ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിച്ചേർന്ന 25 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളുണ്ട് കേരളത്തിൽ. ഇതേ കേരളത്തിൽനിന്ന് സർക്കാർ കണക്ക് പ്രകാരം 23 ലക്ഷത്തിനു മുകളിൽ മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നുണ്ട്. ഇങ്ങനെ കേരളത്തിൽനിന്ന് പോയവരും അവിടേക്ക് എത്തിച്ചേർന്നവരും കുടിയേറ്റ തൊഴിലാളികൾതന്നെ. ആ സ്ഥിതിയിൽ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ പരിചിതമല്ലാത്ത ഒരു ദേശസമൂഹമല്ല കേരളം.
അവിടെ നടന്നിട്ടുള്ള എല്ലാ ഭൗതിക പുരോഗതികളെയും സ്വാധീനിച്ചതും ഇന്നും മുന്നോട്ടു കൊണ്ടുപോകുന്നതും കേരളത്തിന് പുറത്തെ പ്രത്യേകിച്ചും വിദേശരാജ്യങ്ങളിലെ തൊഴിൽ കുടിയേറ്റ മനുഷ്യരുടെ അധ്വാനമാണ്. എന്നാൽ, അവർ എത്തിപ്പെട്ട രാജ്യങ്ങളിൽ ഒന്നും മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വംശീയതയുടെയോ പേരിൽ അവർ കൂട്ട ആക്രമണത്തിനോ വംശഹത്യക്കോ ഇരകളായിട്ടില്ല. ഈ യാഥാർഥ്യത്തെ കണ്ടുകൊണ്ടാണ് കേരളത്തിൽ വർധിച്ചുവരുന്ന ആക്രമണോത്സുക മനസ്സിന്റെ വർധിതവീര്യത്തെ തിരിച്ചറിയേണ്ടത്.
ഇരയെ മുന്നിൽ കിട്ടിയാൽ ഏതു രീതിയിൽ കൈകാര്യം ചെയ്യണം എന്നതിന്റെ മുന്നറിയിപ്പ് കുറെ വർഷങ്ങളായി മലയാളി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ കൃത്യമായി തെളിയിച്ചിട്ടുണ്ട്. തങ്ങൾക്ക് അംഗീകരിക്കാൻ കഴിയാത്ത സാമൂഹിക-രാഷ്ട്രീയ-മത നിലപാടുകളെ സർഗാത്മകമായി വിമർശിച്ചോ സംവാദാത്മകമായി ഇടപെട്ടോ മുന്നോട്ടുകൊണ്ടുപോകുന്നതിന് പകരം, അങ്ങേയറ്റം സംസ്കാരശൂന്യമായ വാക്കുകളിലൂടെ വ്യക്തികളെ കൊലചെയ്യുന്ന ആയിരക്കണക്കിന് പ്രൊഫൈലുകൾ സോഷ്യൽ മീഡിയയിൽ കാണാം. ഇത്തരം മനുഷ്യർക്ക് മുന്നിൽ ഇരയെ കിട്ടിയാൽ എന്തു സംഭവിക്കും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാം നാരായണന്റെ ആൾക്കൂട്ടവിചാരണയും തുടർന്നുണ്ടായ കൊലയും.
പകയുടെ സാമൂഹിക മനഃശാസ്ത്രം
ഒരു വ്യക്തിക്ക് പ്രത്യേക കാരണമില്ലാതെ മറ്റൊരാളോട് വിദ്വേഷമോ ശത്രുതയോ ഉണ്ടാകുന്നുണ്ടെങ്കിൽ അതിനു കാരണമായ ഘടകങ്ങൾ അയാൾക്ക് ചുറ്റും അദൃശ്യമായി കറങ്ങുന്നുണ്ടായിരിക്കും. ഈ കറക്കത്തിൽ എവിടെയോ അയാൾ തന്റെ ശത്രുവിനെ തിരിച്ചറിയുകയാണ്. അതിനാവശ്യമായ സാമൂഹിക ഘടകങ്ങളെ ഉൽപാദിപ്പിക്കുന്ന ഫാക്ടറികളായി സോഷ്യൽ മീഡിയകൾ നിലനിൽക്കുമ്പോൾ, നിരന്തരമായ മസ്തിഷ്കപ്രക്ഷാളനം വ്യക്തികളിൽ അകാരണമായി ശത്രുക്കളെ സൃഷ്ടിക്കുന്നു. അവിടെ അപരത്വം ശത്രുതയുടെ ഭാഗമാണ്. ഇതിനെ ശക്തിപ്പെടുത്തുന്ന സമീപനങ്ങൾ ഭരണകൂടങ്ങൾ സ്വീകരിക്കുന്ന നയനിലപാടുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളോടും ദലിത് പിന്നാക്ക വിഭാഗങ്ങളോടും സവർണ മനുഷ്യർക്ക് ഉണ്ടാകുന്ന പകയുടെ അടിസ്ഥാന കാരണം, ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്.
അവിടെ ഒരേസമയം സവർണ ജാതിക്ക് കീഴിലുള്ള മനുഷ്യരോടും ഹിന്ദുത്വത്തിന് പുറത്തുള്ള അന്യമതസ്ഥരോടും തോന്നുന്ന അസഹിഷ്ണുതയുടെ പ്രതിഫലനം സ്വാഭാവികമായി സാമൂഹിക വ്യവഹാരങ്ങളിൽ അന്തർലീനമായി കിടക്കുന്നു. അതിനും കൃത്യമായ കാരണങ്ങളുണ്ട്. ചില ദേശങ്ങളിൽ അത് സമ്പത്തുമായി ബന്ധപ്പെട്ട് നിൽക്കുമ്പോൾ മറ്റിടങ്ങളിൽ തൊഴിൽ, അതിൽനിന്നുണ്ടാകുന്ന വരുമാനം, അതുവഴി ശക്തിപ്പെടുന്ന ദുർബല വിഭാഗങ്ങളുടെ സാമൂഹിക ശാക്തീകരണം എന്നിവയാണ്. ഇത് അന്നുവരെ പിന്നാക്ക സമൂഹത്തിൽ നിലനിന്ന ദാരിദ്ര്യത്തെ ഇല്ലായ്മചെയ്യുന്നു. ശ്രേണീബദ്ധമായ ജാതിവ്യവസ്ഥക്ക് അടിസ്ഥാനം സാമൂഹിക അസമത്വമായിരിക്കെ അത് ഇല്ലാതാകുന്നതോടുകൂടി വർണജാതി ഘടനതന്നെ അപ്രസക്തമാകും.
കാരണം, അതിന് ആവശ്യമായ മേൽക്കോയ്മ നിലനിൽക്കണമെങ്കിൽ അടിത്തട്ടിൽ ജാതീയത നിലനിന്നേ മതിയാകൂ. ഇതിനെ ബലപ്പെടുത്താൻ ആവശ്യമായ വിധം ജാതിവ്യവസ്ഥയെ ശക്തിപ്പെടുത്തുമ്പോൾ സാധാരണക്കാരിൽ ഇതിന്റെ പ്രതിഫലനങ്ങൾ കടന്നുകൂടുന്നുണ്ട്. അങ്ങനെയാണ് ചില ഭാഷകൾ പറയുന്നവരോടും ചില വേഷങ്ങൾ ധരിക്കുന്നവരോടും ചില ആകാരപ്രകൃതിയുള്ളവരോടും ചിലർക്ക് ഒരു കാരണവുമില്ലാതെ ശത്രുത ഉണ്ടാകുന്നത്. ഈ ശത്രുതാ മനോഭാവത്തെ നിർമിക്കുന്നതിന് ആവശ്യമായ പ്രത്യേക കുറ്റാരോപണങ്ങൾ അടിത്തട്ട് മനുഷ്യരോട് അവർ െവച്ചുപുലർത്തുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മറയില്ലാതെ ഇന്നും അത് വ്യവഹരിക്കപ്പെടുന്നു. ഈ സാമൂഹിക മനഃശാസ്ത്രം കേരളത്തിൽ എങ്ങനെ ശക്തിപ്പെട്ടു എന്നതാണ് ഓരോ മലയാളിയെയും ഞെട്ടിപ്പിക്കുന്നത്.
കേരളം ഇന്നേവരെ ആർജിച്ചെടുത്തിട്ടുള്ള സാമൂഹിക നവോത്ഥാന മൂല്യബോധം അടിസ്ഥാനപരമായി സംവദിക്കുന്നത് തുല്യതയോടാണ്. അതിൽ മതം, ജാതി, ദേശം, ഭാഷ, വസ്ത്രം, ആചാരം തുടങ്ങിയ എല്ലാ ബഹുത്വങ്ങളെയും അംഗീകരിക്കുകയും അതേസമയം വ്യക്തിപരമായി അവയെ സ്വജീവിതത്തിൽ പാലിക്കുകയും ചെയ്യുന്നുണ്ട്. ഈ രീതിയിൽ പരുവപ്പെട്ട സമൂഹത്തിൽ അപരത്വം ശക്തിപ്പെടുന്നതിന് കാരണമായ സാമൂഹികഘടകങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ഫ്യൂഡൽ സാമൂഹിക വ്യവസ്ഥിതിയിൽനിന്നുള്ള മുന്നേറ്റങ്ങളെ നയിച്ചത് ഇടതുപക്ഷ പുരോഗമനബോധമാണ്. അതിനുവേണ്ടി നിരവധി രക്തസാക്ഷികളും സാമൂഹിക പരിഷ്കർത്താക്കളുടെ ജീവിതപീഡനങ്ങളും അത്തരമൊരു വ്യവസ്ഥിതിയെ രൂപപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്.
അതിൽ ശ്രീനാരായണഗുരു മുന്നോട്ടുവെച്ച അപരത്വ നിഷേധം കേരളീയ പൊതുജീവിതത്തിന്റെ ഭാഗമായി നിലനിന്നതുകൊണ്ടുകൂടിയാണ് കേരളം ഇന്ന് എത്തിനിൽക്കുന്ന എല്ലാ ബഹുമതികളെയും കരസ്ഥമാക്കാൻ കഴിഞ്ഞത്. അതേ കേരളത്തിന് ഇതരസംസ്ഥാനത്തെ ഒരാളെ വിചാരണയോടുകൂടി തല്ലിക്കൊല്ലാമെങ്കിൽ അത്തരം മാനസികാവസ്ഥയിലേക്ക് മലയാളിയെ എത്തിച്ചതിന് പിന്നിൽ സമകാല ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങൾ വഹിച്ചിട്ടുള്ള പങ്കിനെ കൂടി തിരിച്ചറിയേണ്ടതുണ്ട്. ‘‘നീ ബംഗ്ലാദേശിയാണോ’’ എന്ന ഒരൊറ്റ ചോദ്യത്തിൽ വംശീയതയുടെ മൂർത്തരൂപം പത്തിവിടർത്തി നിൽക്കുന്നുണ്ട്.
മലയാളിക്ക് എന്തിനാണ് ബംഗാളിയോട് ഇത്രമാത്രം ശത്രുത? കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ കൂടുതലായി കേരളീയ ജീവിത പരിസരങ്ങളിൽ ഒറ്റക്കും കുടുംബവുമായി ജീവിക്കുന്ന ലക്ഷക്കണക്കിന് ബംഗാളികളുണ്ട്. അവർ ഏറക്കുറെ കേരളീയ പൊതുജീവിതത്തിൽ ഇടപെട്ട് കഴിയുന്നുണ്ട്. വലിയൊരു ശതമാനം തൊഴിലുമായി ബന്ധപ്പെട്ട് ജീവിക്കുമ്പോൾ ന്യൂനപക്ഷമെങ്കിലും മലയാള ഭാഷയെ സ്നേഹിക്കുകയും മലയാളിയുടേതായ സാംസ്കാരിക പരിസരത്ത് തങ്ങളുടെ ഇഷ്ടപ്രകടനങ്ങൾ കാഴ്ചവെക്കുകയുംചെയ്യുന്നുണ്ട്. മാത്രമല്ല, പൊതു ഇടങ്ങളിൽ ഇവരുമായുള്ള സമ്പർക്കങ്ങളെ മാറ്റിനിർത്തിക്കൊണ്ട് മലയാളിക്ക് ജീവിക്കാൻ കഴിയാത്തവിധം ഈ ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക ഇടപെടൽ ശക്തമാണ്.
നമ്മുടെ സ്കൂളുകളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾ നല്ലരീതിയിൽ പഠിച്ചുവളരുന്നു. അപ്പോഴും ന്യൂനപക്ഷത്തിനാണെങ്കിലും മലയാളികളുടെ മനസ്സിൽ പക ആളിക്കത്തുന്നുണ്ട്. അതാണ് രാം നാരായണന്റെ ആൾക്കൂട്ടക്കൊല സാക്ഷ്യപ്പെടുത്തുന്നത്. സ്നേഹിക്കുമ്പോഴും ഉള്ളിൽ പകയുള്ളവർ ഒരായുധം തങ്ങൾക്ക് വേണ്ടി സൂക്ഷിക്കുന്നുണ്ടെന്ന് രാം നാരായണനെ പോലെയുള്ള മനുഷ്യർ ഓർക്കുന്നില്ല. ഇന്നത് രാം നാരായണൻ ആണെങ്കിൽ നാളെ മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ മലയാളി മലയാളിക്ക് വേണ്ടി തന്നെ ഈ പകയുടെ ആയുധം ഉപയോഗിക്കും. ഇത്തരം പകയെ വ്യക്തിപരമായ വിദ്വേഷമായി നിർവചിച്ചുകൂടാ. മറിച്ച്, ബംഗാളിയിൽ നിലനിൽക്കുന്ന മതം അവരുടെ ആചാരം തുടങ്ങിയവയോട് ഹിന്ദുത്വം െവച്ചുപുലർത്തുന്ന പൊതുബോധത്തിന്റെ ഭാഗമായി മലയാളിയിൽ കടന്നുകൂടിയ അകാരണമായ ശത്രുതയാണ്. ആ ശത്രു ഇരയായി മലയാളിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു.
ആ നിമിഷം ഒരു പുനർചിന്തക്ക് സമയമില്ലാതെ കൂട്ടത്തിൽ മറ്റൊരാൾക്ക് തിരുത്താൻ കഴിയാത്തവിധം അവരൊരു ആക്രമണോത്സുക ആൾക്കൂട്ടമായി മാറുന്നു. ഇവർ സമാനമായ ചിന്ത വെച്ചുപുലർത്തുന്നു. അതുകൊണ്ടാണ് കൊല്ലാൻ ശ്രമിക്കുന്നവരെല്ലാം ഒരേ മാനസികാവസ്ഥയിൽ എത്തുന്നത്. ഈ സാമൂഹിക മനഃശാസ്ത്രത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് വേട്ടക്കാരിൽ അടിയുറച്ചുപോയ സാമൂഹിക രാഷ്ട്രീയബോധം. അത് വംശീയ രാഷ്ട്രീയബോധമാണ്. നേരത്തേ പ്രബുദ്ധത എന്ന വാക്കുകൊണ്ട് മലയാളി സ്വയം അലങ്കരിച്ചെടുത്ത ആ പദവി ഇടതുപക്ഷ പുരോഗമന ബോധത്തിന്റെ ഭാഗമായിരുന്നു. ഈ യാഥാർഥ്യം നിലനിൽക്കെ കേരളത്തിലെ ഇടതു പൊതുബോധത്തെപോലും മാറ്റിത്തീർക്കുന്ന വിധത്തിൽ അന്തർലീനമായി കിടക്കുന്ന പകയുടെ രാഷ്ട്രീയത്തെ കേരളത്തിന് എന്തുകൊണ്ട് തിരിച്ചറിയാൻ കഴിയാതെ പോകുന്നു?
പ്രമുഖ ചിന്തകനായ ഡോ. പി.കെ. പോക്കർ മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ് (1996) എഴുതിയ ‘ആധുനികോത്തരതയുടെ കേരളീയ പരിസരം’ എന്ന പഠനത്തിൽ കേരളത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ചില വിഷയങ്ങളെ സമീപിച്ചിട്ടുണ്ട്. അതിനെ മുൻനിർത്തിയാണ് ആ പഠനം തുടങ്ങുന്നത്. ‘‘ഇന്ന് കേരളീയ ജീവിതം ഒരു സന്ദിഗ്ധാവസ്ഥയിലാണ്. പാശ്ചാത്യ ലോകത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടാണ് എന്നും കേരളീയ ജീവിതത്തിലെ സാമൂഹികവും സാംസ്കാരികവുമായ വികാസപരിണാമങ്ങൾ മുന്നേറിയിട്ടുള്ളത്. ശ്രീനാരായണഗുരു പ്രസ്ഥാനം മുതൽ അസ്തിത്വവാദം വരെ പടിഞ്ഞാറിന്റെ പ്രതിഫലം ഏറിയോ കുറഞ്ഞോ പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് ഇന്ന് പടിഞ്ഞാറൻ രാജ്യങ്ങളിൽ ചർച്ചചെയ്യപ്പെടുന്ന ആധുനികോത്തരത എന്ന സാമൂഹിക സാംസ്കാരിക സംജ്ഞ നമുക്ക് അവഗണിക്കാൻ കഴിയാത്തതാണ്.’’ ഇങ്ങനെ തുടങ്ങി കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത സാമൂഹിക ജീവിതാവസ്ഥയെ ഈ പഠനം രേഖപ്പെടുത്തിയിരിക്കുന്നു.
ബഹുത്വം, ദേശീയത, മൗലികത എന്നതൊക്കെ ഈ പഠനത്തിന്റെ ഭാഗമാണ്. അതിൽ ഒരിടത്ത് ഡോ. പി.കെ. പോക്കർ മുന്നോട്ടുവെക്കുന്ന ഒരു കാഴ്ചപ്പാടിലേക്ക് ഇന്നത്തെ കേരളം ഏറക്കുറെ എത്തിക്കഴിഞ്ഞിട്ടുണ്ട്. അത് ഇങ്ങനെയാണ്. ‘‘ആഗോളതലത്തിൽ മൂലധനത്തിന്റെ വിന്യാസത്തിൽ വന്ന മാറ്റം വംശീയമായ, മതപരമായ, ലിംഗപരമായ സംബോധനകൾക്ക് സ്ഥലവും സന്ദർഭവും സജ്ജമാക്കുന്നുണ്ട്. ഒരു വ്യക്തിയെ അയാളായി കർത്താവായി സംബോധന ചെയ്യപ്പെടാൻ ഇത്തരം ഗുണങ്ങൾ ഇന്ന് എളുപ്പത്തിൽ ഉപയോഗിക്കപ്പെടുന്നു. ‘‘നീ ഒരു മുസ്‍ലിമാണ്’’, ‘‘തിയ്യനാണ്’’, ‘‘പുലയനാണ്’’ എന്ന രീതിയിൽ വ്യക്തികൾ എളുപ്പം സംബോധന ചെയ്യപ്പെടുകയും അവരുടെ വംശീയ സംസ്കാരവുമായി, മതാത്മക പരിസരവുമായി താദാത്മ്യപ്പെടുകയും ചെയ്യുന്നത് പതിവ് ദൃശ്യങ്ങളായി മാറുന്നു. അമേരിക്കയിൽ യഥാർഥ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അഭാവത്തിലാണ് ഇത്തരം സംബോധനകൾ സാധാരണയായിത്തീരുന്നത്. ആഗോളതലത്തിലും കേരളീയ ജീവിതത്തിലും ഇടതുപക്ഷം മതനിരപേക്ഷ പുരോഗമന രാഷ്ട്രീയ സംസ്കാരത്തിന്റെ അലംഭാവവും മേൽക്കോയ്മ നഷ്ടപ്പെടലും ഇത്തരം ജാതിമത സംബോധനകൾക്ക് ആക്കം വർധിപ്പിച്ചിട്ടുണ്ട്...’’
(ആധുനികോത്തരതയുടെ കേരളീയ പരിസരം –ഡോ. പി. കെ. പോക്കർ, പേജ് 27 ലീഡ് -ബുക്സ്) ഇത്തരമൊരു നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ചില വിഷയങ്ങളെ ഇപ്പോൾതന്നെ കേരളീയ പരിസരത്ത് നിന്നുകൊണ്ട് പരിശോധിക്കാവുന്നതാണ്. അടുത്തകാലത്തായി സാമുദായിക നേതാവായ വെള്ളാപ്പള്ളി നടേശനിൽനിന്നും ഉണ്ടാകുന്ന തുറന്ന വർഗീയ പരാമർശങ്ങൾ സാമൂഹിക വ്യവഹാരത്തിന്റെ ഭാഗമായിത്തീർന്നിട്ടുണ്ട്. അത്തരം പരാമർശങ്ങൾ അടിക്കടി തുടരുമ്പോൾ അതിനെ നിയമപരമായോ രാഷ്ട്രീയമായോ പ്രതിരോധിക്കാൻ കഴിയാത്ത വിധം ഇടതുപക്ഷ പൊതുബോധം അയാൾക്ക് മുന്നിൽ നിശ്ശബ്ദമാണ്. അതിനർഥം അയാൾ പറയുന്നതിൽ എന്തോ കാര്യമുണ്ട് എന്നതാണ്. അത്തരം പരാമർശങ്ങളെ രാഷ്ട്രീയമായി, സൂക്ഷ്മാർഥത്തിൽ വിശകലനംചെയ്യാത്ത വ്യക്തികളിൽ രൂപപ്പെടുത്തുന്ന മനോഭാവം പകയുടേതാണ്.
ഇത് സാമൂഹിക മനഃശാസ്ത്രത്തിന്റെ ഭാഗമായി മാറുന്നതോടുകൂടി ഒരു വ്യക്തിയിൽനിന്നും മറ്റൊരു വ്യക്തിയിലേക്ക് അത് പെട്ടെന്ന് വ്യാപിക്കുന്നു. അതിനെ തിരുത്താൻ കഴിയാത്തവിധം ആൾക്കൂട്ടം സമ്പൂർണമായും ഹിംസയുടെ നടത്തിപ്പുകാരായി മാറുന്നു. വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ കുറിച്ച് നിരന്തരമായി ഉന്നയിക്കുന്ന വിമർശനങ്ങൾ ആ ദേശസമൂഹത്തിലെ മനുഷ്യരോട് മറ്റു ദേശമനുഷ്യർക്കുണ്ടാകുന്ന സമീപനം എന്തായിരിക്കും? അത് ശത്രുതയായി വളരാൻ അധികകാലം വേണ്ടി വരില്ല. കാരണം, ഇരകളാക്കപ്പെടുന്ന മനുഷ്യരെ കുറിച്ച് അത്തരമൊരു പൊതുബോധത്തെ സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന വിധമാണ് ഇന്നത്തെ സാമൂഹിക സാഹചര്യം.
ആൾക്കൂട്ടത്തെ സ്വാധീനിക്കുന്ന വംശീയ രാഷ്ട്രീയം
പാലക്കാട്ടെ വാളയാർ ആൾക്കൂട്ടക്കൊലയിൽ പ്രതികളാക്കപ്പെട്ടവരിൽ നാലുപേർ ബി.ജെ.പി പ്രവർത്തകരാണെന്ന വാർത്ത ഗൗരവപ്പെട്ടതാണ്. മാത്രമല്ല, ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. കേരളത്തിൽ ശക്തിപ്പെട്ടുവരുന്ന സംഘ്പരിവാർ രാഷ്ട്രീയത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളിൽ ഒന്നാണ് ക്രിമിനൽ കൂട്ടങ്ങളുടെ പ്രത്യക്ഷ ആക്രമണങ്ങൾ. ഇതിന്റെ പാഠങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള പറിച്ചുനടൽതന്നെയാണ്. അതിന്റെ ഊർജമായി പകയുടെ വംശീയബോധം കേരളത്തിലും നിലനിൽക്കുന്നുണ്ട്. അതിൽ ഒന്നാമതായി ഇതരമതസ്ഥരോടുള്ള അകാരണമായ പകയാണ്. ഇത് ഇതരമതസ്ഥരുടെ സാമ്പത്തികവും സാമൂഹികവുമായ അസ്തിത്വത്തെ നിരാകരണംചെയ്യുന്ന രീതിയിൽ ഉത്തരേന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി.
അത്തരം മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളെ രൂപപ്പെടുത്താൻ ആവശ്യമായ രാഷ്ട്രീയ സാഹചര്യം സജ്ജമാക്കുന്നതിൽ അവിടെയൊക്കെ ഹിന്ദുത്വക്ക് മേൽക്കൈയുണ്ട്. കേരളത്തിൽ അത്തരം ശക്തി നിലനിൽക്കുന്ന ജില്ലയാണ് പാലക്കാട്. അവിടെ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയോട് ആദ്യത്തെ ചോദ്യം ‘‘നീ ബംഗാളിയാണോ’’ എന്നാണ്. ആ ചോദ്യത്തിൽതന്നെ വംശീയതയുടെ രാഷ്ട്രീയം തെളിഞ്ഞു നിൽക്കുന്നുണ്ട്. ഇത്തരമൊരു പൊതുബോധ വ്യാപനത്തെ ശക്തിപ്പെടുത്തുന്ന രീതിയിൽ ഹിന്ദുത്വം വളർത്തിയെടുത്ത വിദ്വേഷത്തിന്റെ വിത്തുകൾ കേരളത്തിൽ മുളച്ചുവരുന്നത് അപകടമാണ്. അത് പകയാൽ വളരുന്ന സാമൂഹത്തെയാണ് വളർത്തുക. ഇതിനെ രാഷ്ട്രീയമായി തിരിച്ചറിയുക എന്നതായിരിക്കണം ഓരോ മലയാളിയുടെയും പ്രാഥമിക കടമ. അതിൽ നമ്മുടെ നിയമ സംവിധാനങ്ങൾക്ക്, ഭരണകൂടത്തിന് എന്ത് ചെയ്യാൻ കഴിയും എന്നതും വലിയൊരു ചോദ്യമാണ്.
വാളയാറിൽ ആൾക്കൂട്ടക്കൊല നടന്നതിനുശേഷം കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും അതിന്റെ നേതൃത്വവും അതിനെ എത്രകണ്ട് ഗൗരവത്തിൽ എടുത്തു എന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്. കാരണം, കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരാണ് രാം നാരായണന്റെ കുടുംബത്തോടൊപ്പം അവകാശങ്ങൾക്കു വേണ്ടി ശബ്ദിച്ചത്. അവരാണ് ആ കുടുംബത്തിന്റെ ആവശ്യങ്ങളെ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്. ഈ വിഷയത്തിൽ അത്രമാത്രം നിഷ്ക്രിയത്വം കേരളത്തിലെ വിവിധ അധികാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ െവച്ചുപുലർത്തിയതിനെ നിസ്സാരമായി കണ്ടുകൂടാ.
ഇത് ഒറ്റപ്പെട്ട സംഭവം എന്നതിലുപരി കേരളീയ സമൂഹത്തിൽ വിദൂര ഭാവിയിൽ പടർന്നു പിടിക്കാൻ സാധ്യതയുള്ള വംശീയ ഉന്മൂലനത്തിന്റെ തുടക്കമാണ്. അതിനോട് രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്നുണ്ടായ മൗനം വംശീയവാദികൾക്ക് നൽകുന്ന ആത്മധൈര്യം ചെറുതായിരിക്കില്ല. ഇത് രാഷ്ട്രീയമായ അവരുടെ അധികാരത്തെയാണ് സൂചിപ്പിക്കുന്നത്. കാരണം, വിദ്വേഷ രാഷ്ട്രീയത്തിന്റെ സ്വാധീനമാണ് ‘‘നീ ബംഗ്ലാദേശിയാണോ’’ എന്ന ചോദ്യത്തിലൂടെ പുറത്തുവന്നത്. ഇതിനെ രാഷ്ട്രീയമായി തന്നെ ചെറുക്കേണ്ടതുണ്ട്. അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തിയ പശ്ചിമ ബംഗാളിലെ ബീർഭും ജില്ലയിലെ സുനാലി ഖാത്തൂൻ, അവരുടെ എട്ടു വയസ്സുകാരൻ മകൻ എന്നിവരെ കോടതിയുടെ ഇടപെടൽ വഴി തിരികെ എത്തിച്ചത് ഡിസംബർ 4നാണ്. ജൂൺ 26നായിരുന്നു ഇവരെ അതിർത്തിക്കപ്പുറം തള്ളിയത്. ബംഗ്ലാദേശിലെത്തിയ ഇവരെ നുഴഞ്ഞുകയറ്റക്കാരായി അറസ്റ്റ് ചെയ്ത് അവിടെയുള്ള ജയിലിൽ പാർപ്പിച്ചു.
ഈ ഒറ്റ സംഭവംമതി, ‘ബംഗ്ലാദേശി’ എന്ന വിശേഷണത്തിന്റെ രാഷ്ട്രീയത്തെ ബോധ്യപ്പെടാൻ. ഇന്ത്യയിലാകെ പടർന്നു വ്യാപിക്കുന്ന വംശീയ ഉന്മൂലനത്തിന്റെ സ്വാധീനങ്ങൾ പ്രബുദ്ധത നിലനിൽക്കുന്ന സമൂഹത്തിലും എത്തി എന്നതിന്റെ തെളിവുകൂടിയാണ് വാളയാറിലെ ആൾക്കൂട്ടക്കൊല. ഫാഷിസത്തിന് വളരാനുള്ള വഴിവെട്ടൽകൂടിയാണിത്. ഉംബർട്ടോ എക്കോ വിശദീകരിക്കുന്ന ഫാഷിസത്തിന്റെ 14 സവിശേഷതകളിൽ ചിലത് എങ്ങനെയാണ് കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നതെന്ന് തിരിച്ചറിയാൻ എളുപ്പമാണ്. ‘‘വ്യത്യസ്തങ്ങളെയും ബഹുസ്വരതയെയും ഫാഷിസം ഭയപ്പെടുന്നു. പുറത്തുനിന്ന് വന്നവരെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടാണ് ഫാഷിസം പ്രവർത്തിക്കുക. വംശീയവാദകേന്ദ്രിതമാണ് ഫാഷിസം, മറ്റൊന്ന് ദുർബലരോട് നിന്ദ ഉണ്ടാക്കുന്ന വരേണ്യചിന്തകൾ സ്ഥിരമായി പ്രചരിപ്പിക്കുക എന്നതാണ്. ഇതിന്റെ ഭാഗമാണ് ‘അവറ്റകൾ’, ‘അതുകൾ’, ‘അപരിഷ്കൃതർ’, ‘ബോധമില്ലാത്തവർ’ മുതലായ നിരവധി ഭാഷാപ്രയോഗങ്ങൾ എന്നും എക്കോ വിശദീകരിക്കുന്നുണ്ട്.
ജോർജ് ഫ്ലോയ്ഡ്,ദീപു ചന്ദ്രദാസ്
അട്ടപ്പാടിയിലെ മധുവിന്റെ ആൾക്കൂട്ടവിചാരണക്കാലത്ത് നടന്ന പ്രതിഷേധങ്ങൾ അന്നത്തെ സംഭവങ്ങളോടുള്ള പൊതുസമൂഹത്തിന്റെ ജാഗ്രതയായിരുന്നു. ഇനി ഒരാൾക്കൂട്ടക്കൊല കേരളത്തിൽ നടക്കില്ല എന്ന് മലയാളികൾ കരുതി. എന്നാൽ, അത്തരം പ്രതീക്ഷകളെ തകർക്കുന്ന വിധത്തിൽ പ്രത്യക്ഷ വംശീയതയെ തുറന്ന സമൂഹത്തിൽ പ്രകടിപ്പിക്കാൻ കഴിയുന്നവിധം മലയാളി മാറിക്കഴിഞ്ഞു. ഇന്ത്യ മുഴുവൻ മലയാളി പതിപ്പിച്ച ‘പ്രബുദ്ധത’ എന്ന മുദ്രക്കു താഴെ ‘അപമാനം’ എന്നുകൂടി പതിഞ്ഞിട്ടുണ്ട്. ദാരിദ്ര്യവും പട്ടിണിയുംകൊണ്ട് പിന്നാക്കം നിൽക്കുന്ന ഇതര സംസ്ഥാനത്തുനിന്ന് എത്തിയ മനുഷ്യർക്ക് കേരളം ഒരു സുരക്ഷിതദേശമല്ല എന്നത് അപകടകരമാണ്. അത് അവരെ സംബന്ധിച്ചുള്ള ബോധം മാത്രമല്ല, കേരളീയ നവോത്ഥാന മൂല്യങ്ങൾ ഇതുവരെ നേടിയെടുത്ത മുഴുവൻ അഭിമാനബോധത്തെയുമാണ് ചോദ്യംചെയ്യുന്നത്.
ആ ചോദ്യം വന്നു പതിക്കുന്നത് ഇടത് പുരോഗമന ജനാധിപത്യത്തിലേക്കാണ്. അതുകൊണ്ട് ഇത്തരം വംശീയ ഉന്മൂലന ശക്തികളുടെ വരവിനെ, രാഷ്ട്രീയമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. മലയാളിക്ക് പറ്റിക്കൊണ്ടിരിക്കുന്ന തെറ്റുകളെ തിരുത്താനുള്ള രാഷ്ട്രീയ പാഠാവലികൂടി കേരളം അച്ചടിച്ച് വിതരണംചെയ്യേണ്ടിയിരിക്കുന്നു. അതിൽ ദേശീയതയെ കുറിച്ച് ടാഗോർ പറഞ്ഞ ഈ വരികളുംകൂടി ചേർക്കേണ്ടതുണ്ട്. ‘‘ശക്തിയിലല്ല, പൂർണതയിലാണ് മനുഷ്യന്റെ സമഗ്രത. അതിനാൽ, അവന്റെ ആത്മാവിനെ ഇല്ലാതാക്കിക്കൊണ്ട് മാത്രമേ അവനെ കേവലം ഒരു ശക്തനാക്കാൻ നിങ്ങൾക്കാവൂ. മനുഷ്യനെന്ന പൂർണത കൈവരിച്ചാൽ, പിന്നെ നിങ്ങൾക്ക് അന്യനെ വേദനിപ്പിക്കാനാവില്ല. നമ്മുടെ സാമൂഹിക ജീവിതത്തിന്റെ മൂല്യങ്ങളും നമ്മുടെ ധാർമികമായ ആശയങ്ങളുടെ പാരമ്പര്യവും നമ്മെ അതിൽനിന്ന് തടയുകതന്നെ ചെയ്യും.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.