ഉദയ്പുർ കൊല: എൻ.ഐ.എ അന്വേഷണം തുടങ്ങി

ഉദയ്പുർ/ജയ്പുർ/ന്യൂഡൽഹി: രാജസ്ഥാനിലെ ഉദയ്പുരിൽ പട്ടാപ്പകൽ തയ്യൽക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം തുടങ്ങി. പ്രവാചകനെതിരെ പരാമർശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമയെ പിന്താങ്ങുന്ന സന്ദേശം സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന്റെ പേരിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് കനയ്യ ലാലിനെ (40) രണ്ടുപേർ കടയിൽ കയറി കൊലപ്പെടുത്തിയത്. അന്വേഷണ സംഘം ഉദയ്പുരിൽ എത്തി. സംഭവം ഭീകരപ്രവർത്തനമായി പരിഗണിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിർദേശം നൽകിയത്. കൊലപാതകത്തിന് പിന്നിൽ ഏതെങ്കിലും സംഘടനകൾക്കോ രാജ്യാന്തര ബന്ധമോ ഉണ്ടെങ്കിൽ അക്കാര്യവും എൻ.ഐ.എ അന്വേഷിക്കും.

കേസിൽ റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവരെ രാജസ്ഥാൻ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. കൊലപാതക ദൃശ്യങ്ങളുടെ വിഡിയോയും ഇവർ പ്രചരിപ്പിച്ചിരുന്നു. അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റൊരു വിഡിയോയിൽ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇസ്‍ലാമിനോടുള്ള അധിക്ഷേപത്തിന് പ്രതികാരം ചെയ്തുവെന്നാണ് ഇവർ വിഡിയോയിൽ പറയുന്നത്. പ്രതികളിലൊരാൾ കൊല നടത്തുമ്പോൾ രണ്ടാമൻ ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.

ബി.ജെ.പി മുൻവക്താവ് നൂപുർ ശർമയെ പിന്തുണച്ച് കനയ്യലാൽ സമൂഹമാധ്യമത്തിൽ സന്ദേശം പങ്കുവെച്ചതിനെ തുടർന്ന് ഒരാൾ നൽകിയ പരാതിയിൽ കനയ്യ ലാലിനെ രാജസ്ഥാൻ പൊലീസ് ജൂൺ 11ന് അറസ്റ്റ്ചെയ്തിരുന്നു. പിറ്റേന്ന് ഇദ്ദേഹം ജാമ്യത്തിലിറങ്ങി. തന്നെ അഞ്ചുപേർ പിന്തുടരുന്നതായും ഭീഷണി സന്ദേശം വരുന്നതായും ഇദ്ദേഹം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതിയിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയതിന് ബുധനാഴ്ച എ.എസ്.ഐയെ സർക്കാർ സസ്‍പെൻഡ് ചെയ്തു.

പോസ്റ്റ്മോർട്ടത്തിന് ശേഷം കനയ്യ ലാലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കനത്ത സുരക്ഷയിൽ ഉദയ്പുരിൽ നടന്ന സംസ്കാര ചടങ്ങിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ബുധനാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് ഉന്നത തല യോഗം വിളിച്ചു.

അതേസമയം, ഉദയ്പുരിലെ ഏഴു പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ തുടരുകയാണ്. ഒറ്റപ്പെട്ട അക്രമങ്ങളെ തുടർന്ന് 33 ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരുന്നു. പ്രതികൾ പങ്കുവെച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് രാജസ്ഥാന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച സംഘർഷം നടന്നിരുന്നു. 

Tags:    
News Summary - Udaipur Tailor Murder: NIA starts investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.