ജപ്പാന്റെ 'സെവൻ സ്റ്റാർസ്' മുതൽ ഇന്ത്യയുടെ 'മഹാരാജാസ് എക്സ്പ്രസ്' വരെ; ലോകത്തിലെ ഏറ്റവും ആഡംബരപൂർണമായ 7 ട്രെയിനുകൾ
ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കുള്ള ദൂരം മാത്രമല്ല യാത്രകൾ. മറിച്ച് ജാലകത്തിലൂടെ പുറത്തെ കാഴ്ചകൾ ആസ്വദിച്ച് മനസ്സന്തോഷത്തോടെയുള്ള ഒരു അനുഭവമാണ്. എന്നാൽ ചില ട്രെയിൻ യാത്രകൾ ഇതിലും അപ്പുറമാണ്. ലോകത്തിലെ ഏറ്റവും ആഡംബരപൂർണ്ണമായ ട്രെയിനുകൾ യാത്രയെ തികച്ചും വ്യത്യസ്തമായ ഒരു തലത്തിലേക്ക് എത്തിക്കുന്നു. സ്റ്റൈലിഷ് ആയ അകത്തളങ്ങളും അതിമനോഹരമായ മുറികളും രുചികരമായ ഭക്ഷണവും വ്യക്തിഗത സേവനങ്ങളും ഈ യാത്രകളെ സവിശേഷമാക്കുന്നു. യാത്രക്കാരുടെ ഓരോ ആവശ്യവും നോക്കിനടത്താൻ പ്രത്യേക ബട്‌ലർമാരുടെ സേവനം പോലും ചില ട്രെയിനുകളിൽ ലഭ്യമാണ്. കാഴ്ചകൾ കാണാൻ വലിയ ജാലകങ്ങളും പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഡൈനിങ് ഏരിയകളും ഈ യാത്രകളെ അവിസ്മരണീയമാക്കുന്നു.
യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും ചില ആഡംബര ട്രെയിനുകൾ ഏതൊക്കെയാണെന്ന് നോക്കാം:
1. ബെൽമോണ്ട് ഓറിയന്റ് എക്സ്പ്രസ്: യൂറോപ്പിലെ ഏറ്റവും മനോഹരമായ 15 നഗരങ്ങളിലൂടെയാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്. 1920-കളിലെ ശൈലിയിൽ രൂപകൽപ്പന ചെയ്ത സ്ലീപ്പർ കോച്ചുകളും രാപ്പകലില്ലാതെ ലഭ്യമായ സ്റ്റുവാർഡ് സേവനങ്ങളും ഇതിന്റെ പ്രത്യേകതയാണ്. യാത്രക്കാർക്ക് ലൈവ് മ്യൂസിക് ആസ്വദിച്ചുകൊണ്ട് പാനീയങ്ങൾ നുകരാൻ സാധിക്കുന്ന പ്രശസ്തമായ 'ബാർ 3674' ഉം ഇതിലുണ്ട്.
2. ബെൽമോണ്ട് ആൻഡിയൻ എക്സ്പ്രസ്: പെറുവിന്റെ മനോഹരമായ പ്രകൃതിഭംഗി സഞ്ചാരികൾക്ക് സമ്മാനിക്കുന്ന ഈ ട്രെയിൻ ഒരു ചലിക്കുന്ന ഹോട്ടൽ പോലെയാണ് പ്രവർത്തിക്കുന്നത്. സ്റ്റൈലിഷായ 35 സ്ലീപ്പർ ക്യാബിനുകളും വിശ്രമകേന്ദ്രങ്ങളും ഇതിലുണ്ട്. കൂടാതെ പർവ്വതനിരകളുടെ ശുദ്ധവായു ആസ്വദിച്ചുകൊണ്ട് കാഴ്ചകൾ കാണാൻ തുറന്ന ഓപ്പൺ എയർ ഒബ്സർവേഷൻ ഏരിയയും യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നു.
3. റോവോസ് റെയിൽ: ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ, ബോട്സ്വാന തുടങ്ങിയ സ്ഥലങ്ങളിലൂടെ സുഖകരമായ ഒരു യാത്രാനുഭവം റോവോസ് റെയിൽ വാഗ്ദാനം ചെയ്യുന്നു. ട്രെയിൻ ജനാലകളിലൂടെ മലനിരകളുടെയും വന്യജീവി സങ്കേതങ്ങളുടെയും ചെറിയ ഗ്രാമങ്ങളുടെയും സൗന്ദര്യം ആസ്വദിക്കാം. യാത്രയിൽ പൂർണ്ണമായ സ്വകാര്യതയും ആഡംബരവും നൽകുന്ന പ്രൈവറ്റ് സ്യൂട്ടുകളും ഇതിലുണ്ട്.
4. ബെൽമോണ്ട് ഈസ്റ്റേൺ & ഓറിയന്റൽ എക്സ്പ്രസ്: സിംഗപ്പൂരിനും മലേഷ്യക്കും ഇടയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. പ്രശസ്ത ഷെഫ് ആന്ദ്രേ ചിയാങ് തയാറാക്കുന്ന രുചികരമായ ഭക്ഷണങ്ങൾ യാത്രക്കാർക്ക് ആസ്വദിക്കാം. രണ്ട് പ്രസിഡൻഷ്യൽ സ്യൂട്ടുകളും 20 സ്റ്റേറ്റ് ക്യാബിനുകളും 10 പുൾമാൻ ക്യാബിനുകളും ഇതിലുണ്ട്. യാത്രക്കിടയിൽ വിശ്രമത്തിനായി ഒരു 'ഡിയോർ സ്പാ'യും ഒബ്സർവേഷൻ കാറും ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നു.
5. ബെൽമോണ്ട് റോയൽ സ്കോട്ട്സ്മാൻ: സ്കോട്ട്ലൻഡിലെ ഹൈലാൻഡ്സിലൂടെയുള്ള അതിമനോഹരമായ യാത്രയാണിത്. കുറഞ്ഞ യാത്രക്കാർക്ക് മാത്രമായി 18 ക്യാബിനുകൾ മാത്രമാണ് ഇതിലുള്ളത്. സ്കോട്ടിഷ് രുചിക്കൂട്ടുകൾ ചേർത്തൊരുക്കുന്ന ഭക്ഷണങ്ങളും ഒബ്സർവേഷൻ കാറും ഈ യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
6. സെവൻ സ്റ്റാർസ്: ജപ്പാനിലെ ക്യൂഷു ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാൻ സഹായിക്കുന്ന ആഡംബര ട്രെയിനാണിത്. ഫുകുഓക, സഗ, നാഗസാക്കി, കുമാമോട്ടോ, ഒയിറ്റ, കഗോഷിമ, മിയാസാക്കി എന്നീ ക്യൂഷുവിന്റെ ഏഴ് പ്രവിശ്യകളെയും അവിടുത്തെ തനത് സംസ്കാരത്തെയും പ്രകൃതിഭംഗിയെയും പ്രതിനിധീകരിച്ചാണ് ഇതിന് 'സെവൻ സ്റ്റാർസ്' എന്ന് പേരിട്ടിരിക്കുന്നത്.
7. മഹാരാജാസ് എക്സ്പ്രസ്: ഇന്ത്യയുടെ തനതായ രാജകീയ പ്രൗഢി വിളിച്ചോതുന്ന മഹാരാജാസ് എക്സ്പ്രസ് ഡൽഹി, ആഗ്ര, രൺതംബോർ, ജയ്പൂർ, ബിക്കാനീർ, ജോധ്പൂർ, ഉദയ്പൂർ, മുംബൈ തുടങ്ങിയ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. രാജകീയ ശൈലിയിലുള്ള മുറികളും വിശ്രമകേന്ദ്രങ്ങളും ഇന്ത്യൻ, അന്തർദേശീയ രുചികളിലുള്ള ഭക്ഷണങ്ങളും ഈ ട്രെയിൻ യാത്രയെ ലോകോത്തരമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.