മാച്ചുപ്പിച്ചു... അതിശയങ്ങളുടെ മട്ടുപ്പാവ്
കിളിമഞ്ചാരോ... മലൈ കനിമഞ്ചാരോ...കണ്ണക്കുഴിമഞ്ഞാരോ ...യാരോ..യാരോ ...2010ൽ പുറത്തിറങ്ങിയ ‘യന്തിരൻ’ സിനിമയിൽ രജനീകാന്തും ഐശ്വര്യറായിയും നിറഞ്ഞാടിയ ഗാനത്തിന്‍റെ പശ്ചാത്തലം സപ്താത്ഭുതങ്ങളിലൊന്നായ മാച്ചുപ്പിച്ചു ആയിരുന്നു! ഉറുബാമ്പ പർവ്വതങ്ങളുടെ സൗന്ദര്യവും, ബ്രസീലിയൻ നർത്തകരുടെ ധ്രുതചലനങ്ങളും സമന്വയിച്ച ആ ദൃശ്യവിരുന്നാസ്വദിച്ച ആർക്കും ഇവിടമൊന്നു കാണണമെന്ന് തോന്നിപ്പോകും!
ഒട്ടുമിക്ക യാത്രാകുതുകികളുടെയും ബക്കറ്റ് ലിസ്റ്റുകളിൽ പ്രഥമ സ്ഥാനം തന്നെയാവും ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നായ മാച്ചുപ്പിച്ചു. ഭൂമിയുടെ മറുതലക്കൽ ആയതുകൊണ്ടുതന്നെ അവിടെ എത്തിപ്പെടുക അത്ര എളുപ്പമല്ലാത്തതിനാൽ, പലപ്പോഴായി മാറ്റിവെച്ച അങ്ങോട്ടുള്ള യാത്രക്ക് ഒരവസരം ഒത്തുവന്നപ്പോൾ ഇറങ്ങിത്തിരിക്കുകയായിരിന്നു.
ചെങ്കുത്തായ ആൻഡിസ് ഗിരിശിഖരങ്ങളുടെ ഇടയിലൂടെ പറന്ന്, താഴ്‌വരയിലെ അലഹാൻഡ്രോ എയർപോർട്ടിലേക്ക് ഒരൽപ്പം വശംകെട്ട രീതിയിൽ വിമാനം ആകെ ഒന്ന് ഉലഞ്ഞു പറന്നിറങ്ങുമ്പോഴേക്ക് ചെറു ദീർഘനിശ്വാസത്തോടെ ഉള്ളിലെ പെറു യാത്രക്കാർ കൈയടിക്കുന്നുണ്ടായിരുന്നു. തെക്കേ അമേരിക്കയിൽ, ശാന്തസമുദ്രത്തോട് ചേർന്നുള്ള പെറു എന്ന രാജ്യത്തിന്‍റെ തെക്കു പടിഞ്ഞാറായാണ് കുസ്കോ എന്ന ചരിത്ര നഗരം. അവിടുത്തെ എയർപോർട്ടിലാണ് വന്നിറങ്ങിയിരിക്കുന്നത്.
പ്ലാസ മയോറിലെ കാഴ്ചകൾ
വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങുമ്പോൾ അസ്തമയ സൂര്യൻ മലനിരകളെയും, മലകളിലേക്ക് പടർന്നു കയറുന്ന കുസ്കോ നഗരത്തെയും ചെഞ്ചായത്തിൽ മുക്കിയിരുന്നു. സമുദ്ര നിരപ്പിൽനിന്ന് 11,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് കുസ്‌കോ. മാച്ചുപിച്ചുവിലേക്ക് കുസ്‌കോയിലെത്തി വേണം പോകാൻ. പൊതുവെ ഉയരം കൂടിയ പ്രദേശങ്ങളിൽ ചെല്ലുമ്പോൾ ചിലപ്പോൾ ശരീരം അസ്വാഭാവിക രീതിയിൽ പ്രതികരിച്ചുകളയും. തലവേദന, ശ്വാസംമുട്ട് അങ്ങനെ പലതും. നേരത്തെ തന്നെ അതിന്‍റെ മരുന്നെല്ലാം കഴിച്ചിരുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല. അല്ലെങ്കിൽ സാധാരണ അക്ലമൈറ്റൈസേഷനായി ഒരു ദിവസം റൂമിൽ തന്നെ വിശ്രമിക്കാനായി പൊതുവെ അവിടെയുള്ള ഗൈഡുകൾ ഉപദേശിക്കാറുണ്ട്.
രാത്രി താമസിക്കുന്ന ഹോട്ടലിൽ നിന്നും അത്താഴമെല്ലാം കഴിഞ്ഞു ചുമ്മാ നഗരത്തിലൂടെ ഒന്നു ചുറ്റിവരാം എന്ന് കരുതി പുറത്തേക്കിറങ്ങി. നഗരമധ്യത്തിലെ പ്രധാന സ്‌ക്വയറായ പ്ലാസാ മയോറിലേക്കു നടന്നു. പോകുന്ന വഴിക്കെല്ലാം ധാരാളം സുവനീർ കടകൾ. പിന്നെ ധാരാളമായി ടൂർ ബുക്കിങ് ഓഫീസുകൾ. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്നത് കൊണ്ടാവാം, നഗരം മുഴുവനും ടൂറിസ്റ്റുകൾക്കായുള്ള ധാരാളം കച്ചവട സ്ഥാപനങ്ങൾ. വിവിധ വർണങ്ങളിലെ ചെറു വൈദ്യൂതവിളക്കുകൾ കൊണ്ടലങ്കരിച്ച റെസ്റ്ററന്‍റുകൾ.
പ്ലാസാ മയോർ അതിപുരാതനമായൊരു ചത്വരമാണ്. പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് അധിനിവേശം വരെ ഈ നഗരം ഇൻക സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു. ഇപ്പോഴും കുസ്‌കോയെ പെറുവിന്‍റെ ചരിത്ര തലസ്ഥാനമായാണ് ഇവിടുത്തെ ഭരണകൂടവും ജനങ്ങളും കരുതുന്നത്.
നടക്കല്ലുകൾ പാകി ഒരുക്കിയ സ്ക്വയറിന്‍റെ ഒരതിരിൽ കുസ്‌കോ കത്തീഡ്രൽ. സ്‌ക്വറിനു ചുറ്റുമായി പ്ലാസാ മയോറിലേക്കു മുഖംതിരിഞ്ഞ ചെറിയ ബാൽക്കണിയോട് കൂടിയുള്ള ഇരുനില പുരാമന്ദിരങ്ങൾ. നഗരത്തിലെ വാക്കിങ് ടൂറുകൾ എല്ലാം ആരംഭിക്കുന്നതും ഇവിടുന്നു തന്നെ. സ്ക്വയറിലെ ചെറിയ പുൽമൈതാനിക്കു ചുറ്റുമായി ചാരുബഞ്ചുകൾ. രാവേറെ ചെല്ലുംവരെ പ്ലാസ മയോറിലെ വ്യത്യസ്തമായ പല കാഴ്ചകളും കണ്ടങ്ങനെ നടന്നു.
അഗ്വാസ് കലിന്‍റസിലേക്ക്
മാച്ചുപ്പിച്ചുവിലേക്കുള്ള യാത്ര ആരംഭിച്ച ദിവസം കുസ്‌കോയിൽ നിന്നും ബസിൽ നഗരത്തിന്‍റെ വടക്കുപടിഞ്ഞാറേക്കു സഞ്ചരിച്ചു. കുസ്കോയിൽ നിന്നും ഉറുബാമ്പ പട്ടണത്തിലൂടെ ഒല്ലന്തായ് തംബൊ എന്ന പ്രദേശത്തേക്കെത്തണം. അതിരാവിലെ തന്നെ പുറപ്പെട്ടു. ചുവന്ന ഓടുകൾ പാകിയ മേൽക്കൂരകളുള്ള പുരാനിർമിതികൾ നിറഞ്ഞ കുസ്‌കോയുടെ നഗരാതിർത്തി പിന്നിട്ടതോടെ കീഴ്‌ക്കാംതൂക്കായ മലകളായി കാഴ്ച.
പോകുന്ന വഴിയെല്ലാം ആൻഡീസ് പർവതനിരയുടെ ഭാഗമായ മലമ്പ്രദേശങ്ങളാണ്. മലകളും താഴ് വാരങ്ങളും കൃഷിയിടങ്ങളുമെല്ലാം വഴിക്കാഴ്ചകൾ. ഉൾനാടൻ ഗ്രാമങ്ങൾ പിന്നിട്ട് ബസ് ഒല്ലന്തായ് തംബൊയിലേക്കെത്തി. ഇൻക സാമ്രാജ്യത്തിന്‍റെ ചക്രവർത്തിയായിരുന്ന പച്ചാകുട്ടിയുടെ രാജകീയ എസ്റ്റേറ്റ് ആയിരുന്നു നൂറ്റാണ്ടുകൾക്കു മുമ്പ് ഒല്ലന്തായ് തംബൊ പ്രദേശം. ഇന്നവിടം മാച്ചുപ്പിച്ചുവിന്‍റെ താഴ്‌വാര നഗരമായ അഗ്വാസ് കലിന്‍റസിലേക്കുള്ള ട്രെയിൻ പുറപ്പെടുന്ന റെയിൽവേസ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഒരു ചെറു നഗരമാണ്.
ഒല്ലന്തായ് തംബൊയിൽ നിന്നും മാച്ചുപ്പിച്ചുവിന്‍റെ അടിവാരത്തേക്കെത്താൻ പെറു റയിൽസിന്‍റെ ടൂറിസ്റ്റ് ട്രെയിൻ ഉണ്ട്. പനോരമിക് വ്യൂ ലഭിക്കുന്ന മട്ടിൽ ചില്ലു ജാലകങ്ങളെല്ലാമുള്ള ട്രെയിൻ യാത്ര അവിസ്മരണീയമാണെങ്കിലും ഒരല്പം ചിലവേറിയതാണ്. രണ്ടു മണിക്കൂറോളം സഞ്ചരിക്കാൻ മാത്രം 8000ത്തോളം രൂപയാകും. മറ്റൊരു മാർഗം നാലുപകലും മൂന്നുരാത്രിയും നീളുന്ന ഹൈക്കിങ് ട്രിപ്പാണ്. മലകൾ കയറിയിറങ്ങി വനത്തിലൂടെയെല്ലാം സഞ്ചരിച്ച് ഇൻകാ ഗോത്ര സംസ്കാരത്തിന്‍റെ ശേഷിപ്പുകളെല്ലാം കണ്ടറിഞ്ഞു മാച്ചുപ്പിച്ചുവിലേക്കെത്തുന്ന സാഹസിക യാത്ര. അതിനായി ഭാണ്ഡക്കെട്ടുകളെല്ലാം തോളത്തു തൂക്കി നഗരത്തിലൂടെ നടക്കുന്നവരെ കാണാം.
പോകേണ്ട ട്രെയിൻ എത്തി. വൃത്തിയും ഭംഗിയുമുള്ള ട്രെയിൻ. പാസ്പോർട്ടും ടിക്കറ്റും കാണിച്ചാൽ മാത്രം ട്രെയിനിലെ ഉദ്യോഗസ്ഥൻ നിർദിഷ്ട്ട സീറ്റിലേക്ക് കയറാൻ അനുവദിക്കും. കാരണം, മാച്ചുപ്പിച്ചുവിലേക്കു ഒരു ദിവസം പരമാവധി 2500 പേരെ മാത്രമേ സന്ദർശിക്കാൻ അനുവദിക്കൂ.
ഒല്ലന്തായ് തംബൊയിൽ നിന്നും അഗ്വാസ് കലിന്‍റസിലേക്കുള്ള യാത്ര അതിമനോഹരമാണ്. ഉറുബാമ്പ നദിയുടെ തീരത്തുകൂടിയാണ് മാച്ചുപ്പിച്ചുവിലേക്കുള്ള റെയിൽ പാത. ആമസോൺ നദിയുടെ കൈവഴിയാണ് ഉറുബാംബ. യാത്രയിലുടനീളം ഒരുവശത്തു ഉറുബാമ്പ നദി പതഞ്ഞൊഴുകുന്നു. നദിക്കപ്പുറം തട്ടുതട്ടായി തിരിച്ചതും എന്നാൽ, ചെങ്കുത്തായതുമായ പർവത പ്രദേശങ്ങൾ. പർവതങ്ങളുടെ ഇടയിലൂടെ സാഹസിക സഞ്ചാരികൾക്കു നടന്നു കയറാനുള്ള വഴിച്ചാലുകൾ.
അഗ്വാസ് കലിന്‍റസിലേക്ക് എത്തിയപ്പോൾ ചെറുതായി മഴ തുടങ്ങി. അടിവാരത്തു മഴയുണ്ടെങ്കിൽ കൊടുമുടിയുടെ മുകളിലേക്ക് കയറിയാൽ കോടയെല്ലാം വന്നു ഒന്നും കാണാൻ പറ്റാതാകുമോ? അഗ്വാസ് കലിന്‍റസിലിറങ്ങി പ്രത്യേക ബസിൽ വേണം മാച്ചുപ്പിച്ചുവിന്‍റെ മലമുകളിലേക്ക് പോകാൻ. അതല്ലെങ്കിൽ അവിടെനിന്നും ആറു കിലോമീറ്ററോളം കുത്തനെയുള്ള കയറ്റം നടന്നു കയറുകയുമാവാം.
മാച്ചുപ്പിച്ചുവിന്‍റെ മലമുകളിൽ
സഞ്ചാരികൾക്കായി ധാരാളം കച്ചവട കേന്ദ്രങ്ങൾ ഈ ചെറുപട്ടണത്തിലുമുണ്ട്. അഞ്ചുഡോളർ കൊടുത്ത് ഒരു മഴക്കോട്ടും വാങ്ങി ബസിൽ കയറി. നിരവധി ഹെയർപിൻ വളവുകൾ നിരങ്ങി നീങ്ങി കയറി, വനപാതയിലൂടെ സഞ്ചരിച്ച് മാച്ചുപ്പിച്ചുവിന്‍റെ മലമുകളിലെത്തി. അവിടെ വരെയേ ബസും പോകൂ. പിച്ചു എന്നാൽ പർവതം എന്നർഥം...മാച്ചു എന്ന് പേരുള്ള ഒരു പിച്ചു. മാച്ചുവിനെ കൂടാതെ ധാരാളം മലകളുള്ള പ്രദേശമാണ് ഇൻകളുടെ ആ പഴയ നഗരം.
ബസിൽ നിന്നും ഇറങ്ങി. ഇനി നടന്നു തന്നെ കയറണം. അവിടെയുള്ള കൗണ്ടറിൽ ടിക്കറ്റും മറ്റും കാണിച്ചു കയറിത്തുടങ്ങി. കുത്തനെയുള്ള കയറ്റം അൽപം പിന്നിട്ടപ്പോൾ അങ്ങ് ദൂരെ മലയുടെ അടിവാരത്തു ആ ദൃശ്യം കാണാൻ തുടങ്ങി. ലോക അത്ഭുങ്ങളുടെ ലിസ്റ്റിൽ പണ്ടുമുതലേ കാണുന്ന ആ ചിത്രം കണ്മുൻപിൽ തെളിഞ്ഞു വരുന്നു! മേൽക്കൂരകൾ നഷ്ടമായ, ഭീമകരങ്ങളായ പാറക്കല്ലുകൾ കൊണ്ടുള്ള വലിയ കെട്ടിട കോംപ്ലക്സുകൾ. അത്ര മഴ ഇല്ലെങ്കിലും ചെറുതായി കോടമഞ്ഞു വരുന്നത് ദൂരകാഴ്ചക്കു ചെറിയ തടസ്സമായി തോന്നി.
‘ഇൻകളുടെ നഷ്ടപ്പെട്ട നഗരം’ എന്നറിയപ്പെടുന്ന മാച്ചുപ്പിച്ചുവിന്‍റെ ചരിത്രാവശിഷ്ടങ്ങൾ! മിനുസപ്പെടുത്തിയ കൽമതിലുകൾ ഉപയോഗിച്ചുള്ള പഴയ ഇൻകകാല രീതിയിലാണ് മാച്ചുപിച്ചു നിർമിക്കപ്പെട്ടിരിക്കുന്നത്. 1460ന് അടുത്താണ് അന്നത്തെ ഈ നഗരം നിർമിക്കപ്പെട്ടത്. പക്ഷേ, ഏതാണ്ട് നൂറുവർഷത്തിനകം സ്പാനിഷുകാർ ഇൻക സാമ്രാജ്യത്തിൽ നടത്തിയ കൈയേറ്റത്തോടെ ഈ നഗരം അനാഥമായി എന്ന് പറയപ്പെടുന്നു. അതല്ല സ്പാനിഷുകാർ ഈ മേഖലയിൽ അധിനിവേശത്തിനെത്തുന്നതിനു മുമ്പുതന്നെ പടർന്നുപിടിച്ച വസൂരി ബാധയെ തുടർന്ന് ഇവിടത്തുകാർ പൂർണമായും നശിച്ചു എന്നാണ് ചരിത്രകാരന്മാർക്കിടയിലുള്ള മറ്റൊരു വാദം.
പ്രാദേശികമായി അറിയപ്പെട്ടിരുന്ന പ്രദേശമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറം ലോകത്താൽ ശ്രദ്ധിക്കപ്പെടാതെ കാടുകയറിക്കിടന്നു. പിന്നീട് അമേരിക്കൻ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം ആണ് 1911ൽ ഇതിനെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. അന്നുമുതൽ മാച്ചുപ്പിച്ചു നഗരം വിനോദ സഞ്ചാരികളേയും ചരിത്രകാരന്മാരേയും ആകർഷിക്കുന്ന മേഖലയായി മാറി.
മണിക്കൂറുകളോളം നടന്നു ആ പുരാനഗരത്തിലെ ഓരോ അത്ഭുത കാഴ്ചകളിലേക്കും പോയി. ക്ഷേത്രക്കെട്ടുകൾ, ഗോത്ര കൊട്ടാരങ്ങൾ, ബലി പീഠങ്ങൾ, ശ്മശാനങ്ങൾ, കാർഷിക മേഖലകൾ എന്തിനേറെ ജയിലുകൾ പോലും ഈ പൗരാണിക നഗരത്തിൽ സജ്ജമായിരുന്നു. ആ പ്രദേശത്തെല്ലാം ലാമ എന്നൊരു മൃഗത്തെ കാണാൻ സാധിക്കും. ചെമ്മരിയാടിന്‍റെയും ഒട്ടകത്തിന്‍റെയും മിശ്രിതമായൊരു ഓമനത്വം തോന്നുന്ന മൃഗം. ഇൻകകളുടെ ജീവിതത്തിന്‍റെ ഭാഗമായിരുന്നത്രെ ലാമ.
സായാഹ്നത്തോടെ മലയിറങ്ങി അടിവാരത്തെ അഗ്വാസ് കലിന്‍റസിലെത്തി. ടൂറിസ്റ്റുകൾക്ക് മാത്രമായി ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിൽ മാത്രം രൂപം കൊണ്ടൊരു ചെറുനഗരം. തിരികെ കുസ്കോയിലെത്തുമ്പോഴേക്കു രാത്രിക്കു കട്ടികൂടിയിരുന്നു. പിറ്റേന്ന് കുസ്‌കോയിൽനിന്ന് ലിമയിലേക്കു പോകണമെന്ന് വിചാരിച്ചിരുന്നെങ്കിലും വിമാനം റദ്ദായിപ്പോയതു കൊണ്ട് ഒരു പകൽ കൂടി ആ പഴയ ഇൻക സാമ്രാജ്യത്തിൽ ചുറ്റിപ്പറ്റി നടന്നു.
പിന്നീടുള്ള ദിവസം പസഫിക് സമുദ്രത്തിന്‍റെ തീരത്തെ തലസ്ഥാന നഗരമായ ലിമയിലൂടെയുള്ള യാതകൾ. ഏതൊരു ആധുനിക നഗരത്തിലെയും ചില പതിവുകാഴ്ചകൾ. എങ്കിലും മലകളും, താഴെ സമുദ്രവുമെല്ലാം ചേർന്നു ലിമ നഗരത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്. പെറുവിനോട് യാത്ര പറയുമ്പോഴും മനസ്സിൽ മറ്റൊരു ചിന്ത മുഴച്ചു നിന്നിരുന്നു. ആറു നൂറ്റാണ്ടു മാത്രം പഴക്കമുള്ള മാച്ചുപിച്ചുവിനെ ലോക ടൂറിസ്റ്റ് ഭൂപടത്തിൽ വലുതായി അടയാളപ്പെടുത്തുമ്പോൾ, ഇന്ത്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള അത്ഭുത പുരാനിർമിതികൾ എന്തേ നമ്മളിൽ മാത്രമായി ഒതുങ്ങിപ്പോകുന്നത്?....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.