തൃശൂർ: 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം വെക്കുകയും ഇതുവരെ പട്ടയം ലഭിക്കാതിരിക്കുകയും ചെയ്തവരായി കണ്ടെത്തിയവരിൽ ഏറ്റവും കൂടുതൽ പേർ ഇടുക്കി ജില്ലയിൽ. ഇടുക്കിയിൽ 26,467 പേരുടെ കൈവശമാണ് പട്ടയമില്ലാത്ത വനഭൂമിയുള്ളത്. രണ്ടാം സ്ഥാനത്ത് തൃശൂരാണ്- 9427 പേർ. ഏറ്റവും കുറവ് കാസർകോട് ജില്ലയിലാണ്. - 11 പേർ മാത്രം.
1977 ജനുവരി ഒന്നിന് മുമ്പ് കൈവശമുള്ള വനഭൂമിക്ക് രേഖകളില്ലാത്തത് മൊത്തം 59,355 പേർക്കാണെന്നാണ് വിവരശേഖരണത്തിൽ വ്യക്തമായത്. സംയുക്ത പരിശോധനയിലൂടെ അർഹരെ കണ്ടെത്തുന്നതിനൊപ്പം ഭൂമിയുടെ കൃത്യമായ വിവരവും ലഭ്യമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ജനങ്ങളും വനംവകുപ്പുമായി നടക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
ജനുവരി 15നകം പരിശോധന പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജനുവരി 30നകം പൂർണ റിപ്പോർട്ട് ലഭ്യമാക്കുമെന്നും ജനുവരി 31ന് അപേക്ഷകരെ ലാൻഡ് റവന്യൂ കമീഷണർ വിവരം ധരിപ്പിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സംയുക്ത പരിശോധനക്കായി വനംവകുപ്പ് സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജ്യർ (എസ്.ഒ.പി) പുറത്തിറക്കിയിട്ടുണ്ട്. റവന്യൂ വകുപ്പും സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈവശം വെച്ചുവരുന്നതും ഇതുവരെ സംയുക്ത പരിശോധന നടക്കാത്തതുമായ ഭൂമിയിലാണ് സർവേ ആരംഭിച്ചിട്ടുള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വില്ലേജ് ഓഫിസുകൾ വഴി നടത്തിയ വിവരശേഖരണത്തിലാണ് 59,355 പേരുടെ വിവരങ്ങൾ ലഭ്യമായത്. വനഭൂമിയിൽ പട്ടയം അനുവദിക്കുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നും സംയുക്ത പരിശോധനക്ക് ശേഷം ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ഇതുവരെ 1793.6294 ഹെക്ടറിലായി 6,723 പേർക്കാണ് വനഭൂമി പട്ടയം നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.