ബീഫ് ഫെസ്റ്റ് നടത്തി വികാരം വ്രണപ്പെടുത്തരുത്, ഫാസിസത്തെ നേരിടാൻ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ല -എം.എസ്.എഫ് നേതാവ് സി.കെ നജാഫ്

കോഴിക്കോട്: ‘കേരള സ്റ്റോറി-2’ സിനിമയുടെ ടീസറിൽ ഹിന്ദു പെൺകുട്ടിയെ ബലമായി ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള വിദ്വേഷ രംഗങ്ങൾക്കെതിരെ എസ്.എഫ്.ഐ സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റിനെതിരെ വിമർശനവുമായി എം.എസ്.എഫ്. ആർ.എസ്.എസിന്റെ വർഗീയ ഫാസിസത്തെ നേരിടാൻ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് ഫേസ്ബുക്കിൽ വിമർശിച്ചു.

ഗോമാംസം നിഷിദ്ധമാണെന്ന് കരുതുന്ന വിശ്വാസികൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തി അവരുടെ വികാരം വ്രണപ്പെടുത്തരുതെന്ന് എം.എസ്.എഫ് നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. ഗോമാംസം നിഷിദ്ധമായ ഒരു വിശ്വാസ സമൂഹത്തെ സംബന്ധിച്ച് ബീഫ് ഫെസ്റ്റ് തീർത്തും അരോചകമാണ്. വിശ്വാസത്തോടുള്ള വെല്ലുവിളിയാണ്. ഒരു മുസ്ലിം വിശ്വാസിയാണെങ്കിൽ പന്നിമാംസം കഴിക്കില്ല. എന്ന് കരുതി ആരും കഴിക്കരുതെന്ന നിർബന്ധവും ഇല്ല. പക്ഷെ ഒരു പോർക്ക് ഫെസ്റ്റ്‌ നടത്തി ആഘോഷിച്ചാൽ അതിൽ മതവിരുദ്ധതയുണ്ട്. പരിഹാസവുമുണ്ട് -സി.കെ. നജാഫ് പറയുന്നു.

സി.കെ. നജാഫിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ബീഫ് ഫെസ്റ്റ് നടത്തിയാൽ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം ഇക്കിളിപ്പെടുന്നുവെന്നോ ഒപ്പം നിൽക്കുമെന്നോ തെറ്റിധാരണ സി.പി.എമ്മിന് ഇപ്പോഴുമുണ്ടോ?
വിശ്വാസവും വർഗീയതയും കമ്മ്യൂണിസ്റ്റുകാരന് ഒരുപോലെയാണ്.
വിശ്വാസികളെല്ലാം വർഗ്ഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല. ആർ.എസ്.എസ്സിനെ നേരിടാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനുമാകില്ല.

കേരളത്തിലെ ഹൈന്ദവരിൽ ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. കഴിക്കുന്നവർ കഴിക്കട്ടെ പക്ഷെ അത് നിഷിദ്ധമാണെന്ന് വിശ്വാസപൂർവം കരുതുന്ന ഒരു ചെറിയ വിഭാഗം വിശ്വാസികളുണ്ടെങ്കിൽ അവരെയും നാം ബഹുമാനിക്കണം. ഗോമാംസം നിഷിദ്ധമാണെന്ന് കരുതുന്ന വിശ്വാസികൾക്ക് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തി അവരുടെ വികാരം വ്രണപ്പെടുത്തരുത്. വിശ്വാസികളെല്ലാം ആർ.എസ്.എസ്സ് അല്ല.

ബീഫ് നിരോധനം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന പോലെ ബീഫ് കഴിക്കാൻ നിർബന്ധിതരാക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്.
ആരോടും ബീഫ് കഴിക്കരുതെന്ന് മലയാളികൾ പറയാറില്ല. അതുപോലെ ബീഫ് കഴിക്കാൻ ആരെയും നിർബന്ധിക്കാറുമില്ല.
ഗോമാംസം കഴിക്കുന്നത് നിഷിദ്ധമാണെന്ന് കരുതുന്ന ഒരു ഹൈന്ദവ വിശ്വാസിയുണ്ടെങ്കിൽ അവന്റെ വിശ്വാസം സംരക്ഷിക്കപ്പെടണം.
വെജിറ്റേറിയനായ സാത്വികരുണ്ടെങ്കിൽ അതും ബഹുമാനിക്കപ്പെടണം. ഗോമാംസം നിഷിദ്ധമായ ഒരു വിശ്വാസ സമൂഹത്തെ സംബന്ധിച്ച് ബീഫ് ഫെസ്റ്റ് തീർത്തും അരോചകമാണ്.

വിശ്വാസത്തോടുള്ള വെല്ലുവിളിയാണ്.

ബീഫ് കഴിച്ചില്ലെങ്കിൽ തങ്ങൾ ആർ.എസ്.എസ്സ് വിരുദ്ധരല്ലെന്ന ചാപ്പയടിക്ക് ഈ പാത്രമാവുന്നതും എത്ര പ്രയാസകരമാണ്.

Full View

ആർ.എസ്.എസ്സിന്റെ വർഗീയ - ഫാസിസത്തെ നേരിടാൻ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ല. ഒരു മുസ്ലിം വിശ്വാസിയാണെങ്കിൽ പന്നിമാംസം കഴിക്കില്ല. എന്ന് കരുതി ആരും കഴിക്കരുതെന്ന നിർബന്ധവും ഇല്ല . പക്ഷെ ഒരു പോർക്ക് ഫെസ്റ്റ്‌ നടത്തി ആഘോഷിച്ചാൽ അതിൽ മതവിരുദ്ധതയുണ്ട്. പരിഹാസവുമുണ്ട്.
എല്ലാ വിശ്വാസങ്ങളെയും ബഹുമാനത്തോടെ കാണണം. അല്ലാതെ വിശ്വാസികളെ മുഴുവൻ വർഗീയതയുടെ ആലയിൽ കൊണ്ടുപോയി കെട്ടരുത്.

ഭരണകൂടം അനുവദിക്കുന്ന എത് സിനിമയും ഇവിടെ പ്രദർശിപ്പിക്കാം.
അവാർഡും കൊടുക്കാം.
അത് കൊണ്ട് ഇവിടെ ആരും തിയറ്റർ നിറക്കാൻ പോണില്ല.
കേരള സ്റ്റോറി ഒരു മുസ്ലിം വിരുദ്ധ സിനിമ ആയത് കൊണ്ടല്ല നാം ഒറ്റക്കെട്ടായി എതിർത്തത്.
കേരളത്തിനെതിരെയുള്ള പ്രോപ്പഗണ്ട സിനിമയായത് കൊണ്ടാണ്.
അതിന് ബീഫ് ഫെസ്റ്റ് നടത്തി പ്രധിരോധിക്കേണ്ട കാര്യമെന്തെന്ന് മനസിലാവുന്നില്ല.
ഇത്തരം സമരാഭാസമല്ല വേണ്ടത്. ക്രിയാത്മകമായ പ്രതിരോധമാണ്.
എനിക്ക് എന്റെ മതം, നിനക്ക് നിന്റെയും.
Boycott the kerala story 2



Tags:    
News Summary - CK Najaf FB note against SFI Beef fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.