പാലക്കാട്: കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ച പി.കെ.ശശിയെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിക്കാൻ നീക്കം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് നീക്കം. മുസ്‌ലിം ലീഗാണ് ശശിയെ യു.ഡി.എഫ് പാളയത്തിലെത്തിക്കാൻ മുൻകൈയെടുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് ദിവസം മുൻപ് ശശി മുതിർന്ന ലീഗ് നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.
പാലക്കാട് ജില്ലയിൽ സി.പി.എം ഔദ്യോഗിക പക്ഷത്തിന്റെ ശക്തനായ വക്താവായിരുന്ന പി.കെ.ശശി കുറച്ച് നാളായി പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ഇതിനിടെയാണ് കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം ഒഴിയുന്നത്.
രാജിക്ക് പിന്നാലെയാണ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചത്. എന്നാല്‍, ഇത്തരം ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് പി.കെ ശശി. യു.ഡി.എഫിലേക്കില്ലെന്നും ആരും ചർച്ച നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം ഇന്നലെ പ്രതികരിച്ചത്. താൻ ഇടത് ആശയം മുറുകെപിടിക്കുന്ന ആളാണെന്നും പി.കെ.ശശി വ്യക്തമാക്കി.
അതേസമയം, മാർച്ച് അഞ്ചിന് പാലക്കാട് ജില്ലയിലെ സി.പി.എം വിമതർ നടത്തുന്ന കൺവെൻഷനിൽ പി.കെ ശശി പങ്കെടുത്തേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. വിമത നേതാക്കൾ പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കമുണ്ടെന്നാണ് വിവരം.
എന്നാൽ ശശിയുടെ നീക്കം വ്യക്തമല്ലാത്തിനാൽ സി.പി.എം പ്രതികരണം കരുതലോടെയായിരുന്നു. ഇന്ന് നടക്കുന്ന പാലക്കാട് സി.പി.എം ജില്ല കമ്മിറ്റി യോഗത്തിൽ ശശിയുടെ വിഷയം ചർച്ചയാകും. പി.കെ. ശശി കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവച്ചത് പാർട്ടിയുടെ അറിവോടെയല്ലെന്ന് സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞിരുന്നു. ശശി പാർട്ടി വിടില്ലെന്നാണ് പ്രതീക്ഷ. സമൂഹമാധ്യമങ്ങളിൽ കൂടിയാണ് ഇക്കാര്യം അറിഞ്ഞതെന്നും ഇപ്പോഴും പാർട്ടി അംഗത്വമുള്ളയാളാണ് ശശിയെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനം ഒഴിയുന്ന കാര്യത്തിൽ സ്വന്തമായി തീരുമാനം എടുക്കുന്നതിന് മുമ്പ് പാർട്ടിയുമായി ആലോചിക്കാമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ശശി ചർച്ച നടത്തിയെന്നതിന് തെളിവുണ്ടോയെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് ചോദിച്ചു
പാർട്ടിയിൽനിന്ന് പുറത്ത് പോകാത്ത, ഇപ്പോഴും അംഗമായ ഒരാളെ കുറിച്ച് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ അർഥമില്ല. പി.കെ. ശശിയുടെ ഉദ്ദേശ്യം നല്ലതാണോ ചീത്തയാണോ എന്ന് അദ്ദേഹമാണ് മറുപടി പറയേണ്ടത്. തന്നോടു രാജിക്കാര്യം ചർച്ച ചെയ്തിട്ടില്ല. അതിനാൽ രാജിയില്‍ താന്‍ പ്രതികരിക്കേണ്ടതില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
പി.കെ. ശശി രാജിവച്ചതിന് താൻ എന്ത് ചെയ്യാനാണെന്നായിരുന്നു മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലന്റെ പ്രതികരണം. ശശി കോൺഗ്രസിലേക്ക് പോകുമോയെന്ന് പറയാൻ താൻ ജ്യോത്സ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിൽ ആരും പരിഗണിക്കപ്പെടാതെ പോയിട്ടില്ലെന്നും പാർട്ടിയെ വഞ്ചിക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് പി.കെ. ശശിയാണെന്നും കെ. രാധാകൃഷ്ണൻ എം.പി പ്രതികരിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച വികസന മുന്നേറ്റ ജാഥ മണ്ണാർക്കാട് വഴി കടന്നുപോയിട്ടും പി.കെ. ശശി പങ്കെടുത്തിരുന്നില്ല. കടുത്ത പനി മൂലമാണ് പങ്കെടുക്കാതിരുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.