ബെസോസിനെയും ബ്രാൻസണെയും 'ബഹിരാകാശയാത്രികർ' എന്ന്​ വിളിക്കാനാവില്ലെന്ന്​ അമേരിക്ക

ഈ മാസം തുടക്കത്തിലാണ്​ ശതകോടീശ്വരന്മാരായ ജെഫ് ബെസോസും റിച്ചാർഡ് ബ്രാൻസണും അവരുടെ സ്വകാര്യ സബോർബിറ്റൽ ഫ്ലൈറ്റുകളിൽ ബഹിരാകാശത്തേക്ക് പോയി തിരിച്ചെത്തിയത്​​. ഇരുവരുടെയും ദീർഘകാല സ്വപ്​നമായ ബഹിരാകാശ ടൂറിസത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായിരുന്നു അത്​. യാത്ര വിജയകരമായതോടെ ഇരുവരെയും വാണിജ്യ ബഹിരാകാശയാത്രികർ എന്ന് പലരും വിളിച്ചിരുന്നു. എന്നാൽ, രണ്ട്​ ശതകോടീശ്വരൻമാരെയും 'ബഹിരാകാശയാത്രികർ' ആയി പരിഗണിക്കാനാവില്ലെന്ന നിലപാടിലാണ്​ യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ).

ബെസോസ്, ബ്രാൻസൺ എന്നിവരെ ബഹിരാകാശയാത്രികർ എന്ന് വിശേഷിപ്പിക്കാൻ കഴിയാത്തവിധം അതി​െൻറ നിർവചനത്തിൽ ചില പരിഷ്​കാരങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്​ എഫ്.എ.എ. വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശയാത്ര നടത്തുന്നവരെ ഔദ്യോഗികമായി ബഹിരാകാശസഞ്ചാരികളായി അംഗീകരിക്കുന്നതിനുള്ള 'കൊമേഴ്സ്യൽ ആസ്ട്രോനട്ട് വിങ്സ്' പദ്ധതിയിലെ ചട്ടം ഏജൻസി​ ​തിരുത്തുകയായിരുന്നു​. പദ്ധതിയുടെ പരിഷ്​കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ, യോഗ്യത, മാനദണ്ഡങ്ങൾ എന്നിവ കഴിഞ്ഞ ദിവസം ഏജൻസി പ്രസിദ്ധീകരിച്ചു. 2004-ൽ എഫ്.എ.എ. വിങ്സ് പദ്ധതി ആരംഭിച്ചതിന്​ ശേഷം ഇതാദ്യമാണ് നിർവചനത്തിൽ മാറ്റം കൊണ്ടുവരുന്നത്​.

പരിഷ്​കരിച്ച യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച്​ ഒരാളെ ബഹിരാകാശയാത്രികനായി അംഗീകരിക്കുന്നതിന്​ ആവശ്യമായ പരിശീലനത്തിലൂടെ ബഹിരാകാശ പര്യവേക്ഷകർ കടന്നുപോകുകയും അനുവദനീയമായ വിക്ഷേപണ വാഹനത്തിലോ തിരിച്ചിറക്കാവുന്ന വാഹനത്തിലോ ഒരു ഫ്ലൈറ്റ് ക്രൂ എന്ന നിലയിൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 കിലോമീറ്റർ അപ്പുറത്തേക്ക് പറക്കുകയും വേണം.

എന്നാൽ, ഇത്രയും മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രം പോര, അതോടൊപ്പം ബഹിരാകാശയാത്രാസുരക്ഷയിൽ സംഭാവന ചെയ്യുകയും ദൗത്യവാഹനം പ്രവർത്തിപ്പിക്കുന്നതിൽ പങ്കാളിയാവുകയുംകൂടി ചെയ്താലേ ഇനി ബഹിരാകാശസഞ്ചാരിയെന്ന് പേരെടുക്കാൻ കഴിയൂ. ബ്രാൻസൺ 89 കിലോമീറ്ററും ബെസോസ്​ 106 കിലോമീറ്ററും ഉയരത്തിൽ പോയിട്ടു​ണ്ടെങ്കിലും ഇരുവരും ബഹിരാകാശയാത്രാസുരക്ഷയിൽ സംഭാവന ചെയ്യുകയോ ദൗത്യവാഹനം പ്രവർത്തിപ്പിക്കുന്നതിൽ പങ്കാളിയാവുകയോ ചെയ്​തിട്ടില്ല.

ബെസോസും സംഘവും പോയ ന്യൂ ഷെപ്പേർഡ് പൂർണ്ണമായും സ്വയം നി​യന്ത്രിത ബഹിരാകാശ പേടകമായിരുന്നു, കൂടാതെ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള കന്നി ബഹിരാകാശ യാത്രയിൽ ഒരു ബ്ലൂ ഒറിജിൻ സ്റ്റാഫും പേടകത്തിലുണ്ടായിരുന്നില്ല. ഫ്ലൈറ്റ് പൂർണമായും ഭൂമിയിൽ നിന്ന് കമ്പ്യൂട്ടർ നിയന്ത്രിതമായതിനാൽ, ജെഫ് ബെസോസും ഒപ്പമുണ്ടായിരുന്ന സഞ്ചാരികളും ബഹിരാകാശയാത്രാസുരക്ഷയിൽ സംഭാവന നൽകിയിട്ടുമില്ല. അതുകൊണ്ട്​ തന്നെ പുതിയ എഫ്​.എ.എ ചട്ടപ്രകാരമുള്ള 'കൊമേഴ്സ്യൽ ആസ്ട്രോനട്ട് വിങ്സി'ന്​ അവർ യോഗ്യത നേടിയില്ല. ആദ്യം ബഹിരാകാശത്തേക്ക്​ പോയ ബ്രാൻസ​െൻറ കാര്യത്തിലും സമാനമായ നിലപാടിലാണ്​ എഫ്​.എ.എ. 

Tags:    
News Summary - America makes it harder for Jeff Bezos Richard Branson to be called astronaut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.