ചൊവ്വയിലെ ഐസിൽ ജീവനുറങ്ങുന്നുവോ? നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം, പുതിയ പ്രതീക്ഷകൾ

ന്യൂഡൽഹി: ചൊവ്വയുടെ തണുത്തുറഞ്ഞ ഉപരിതലത്തിന് താഴെ ജീവന്റെ സാധ്യതകൾ തള്ളാതെ ഗവേഷകർ. ശുദ്ധജലം തണുത്തുറഞ്ഞുണ്ടാവുന്ന ഐസിൽ ജീവകോശങ്ങൾക്ക് ദീർഘകാലം അതിജീവിക്കാനാവുമെന്ന കണ്ടെത്തലോടെയാണിത്. നാസയുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തലെന്ന് പെൻ യൂണിവേഴ്സിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.

ചൊവ്വയിലേതിന് സമാനമായി സാഹചര്യത്തിൽ ഐസിൽ ബാക്ടീരിയ കോശങ്ങളെ മരവിപ്പിച്ച ശേഷം ഉയർന്നതോതിൽ വികിരണത്തിന് വിധേയമാക്കിയായിരുന്നു പരീക്ഷണം. ഗവേഷകരെ അൽഭുതപ്പെടുത്തുന്നതായിരുന്നു പരീക്ഷണ ഫലം. പിന്നീട്, ഐസിൽ നിന്ന് വേർതിരിച്ചെടുക്കുമ്പോഴും പ്രോട്ടീൻ തന്മാത്രകൾ (അമിനോ ആസിഡുകൾ) കേടുപറ്റാതെ നിലനിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു.

പരീക്ഷണം ഇങ്ങനെ

ചൊവ്വയിലെ മഞ്ഞിനെ അനുകരിക്കുന്ന രീതിയിൽ സാഹചര്യം ലാബിൽ സജ്ജമാക്കിയായിരുന്നു പരീക്ഷണം.

പഠനത്തിന്റെ ഭാഗമായി, എഷെറിക്കീയ കോളി ബാക്ടീരിയയെ (ഇ. കോളി) രണ്ട് സാഹചര്യങ്ങളിൽ ഗവേഷകർ മരവിപ്പിച്ചു, ശുദ്ധജല ഐസിന്റെ ഒരു കട്ടയും ചൊവ്വയിലെ മണ്ണുമായി കലർന്ന സമാനമായ മറ്റൊരു ​ഐസ് കട്ടയും. രണ്ടും ഏകദേശം മൈനസ് 51 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിച്ചതിന് ശേഷം ചൊവ്വയിലെ 20 ദശലക്ഷം വർഷങ്ങൾക്ക് തുല്യമായ വികിരണങ്ങൾ കടത്തിവിടുകയും ചെയ്തു. പിന്നീട്, 50 ദശലക്ഷം വർഷങ്ങൾക്ക് തുല്യമായ വികിരണങ്ങൾ കടത്തിവിട്ടും പരീക്ഷണം തുടർന്നു.

രണ്ട് പരീക്ഷണത്തിലും പ്രോട്ടീൻ നിർമാണത്തിൽ നിർണായകഘടകങ്ങളായ അമിനോ ആസിഡ് തന്മാത്രകൾ കേടുപാടുകളില്ലാതെ തുടരുന്നതായി കണ്ടെത്തി. അമ്പത് ദശലക്ഷം വർഷത്തിന് സമാനമായ റേ​ഡിയേഷൻ അഭിമുഖീകരിച്ചതിന് ശേഷവും ശുദ്ധജല ഐസ് കട്ടയിൽ 10 ശതമാനത്തോളം അമിനോ ആസിഡ് തന്മാത്രകൾ കേടുപാടുകളില്ലാതെ തുടരുന്നതായായിരുന്നു കണ്ടെത്തൽ. ധാതുക്കൾ കലർന്ന ഐസ് വികിരണങ്ങളുടെ ആഘാതം ഏറ്റുവാങ്ങി ജീവകോശങ്ങളെ നശിപ്പിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു.

ചൊവ്വയിലെ ഉപരിതലത്തിലെ ഐസ് കണ്ടെത്തുകയും ആദ്യമായി ചിത്രീകരിക്കുകയും ചെയ്തത് 2008ലെ നാസയുടെ ഫീനിക്സ് ദൗത്യമാണ്. (കടപ്പാട്: NASA/JPL-Caltech/University of Arizona/Texas A&M University)

ചൊവ്വയുടെ ഉപരിതലത്തിനോട് അടുത്ത് പല മേഖലകളിലും രണ്ട് ദശലക്ഷം വർഷങ്ങൾ മാത്രമാണ് ഐസിന് പഴക്കമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ നാസ ഗോഡ്ഡാർഡ് സ്‌പേസ് ഫ്ലൈറ്റ് സെന്ററിലെ ഗവേഷകനായ അലക്സാണ്ടർ പാവ്‌ലോവ് നടത്തിയ പഠനപ്രകാരം, ​ഈ ഐസിൽ ജീവകണികകളെ കണ്ടെത്താനുള്ള സാധ്യതകളേറെയാണ്.

പ്രതീക്ഷയുടെ ഐസ് പരലുകൾ

2021-ൽ, ചൊവ്വയു​ടെ ഉപരിതലത്തിലെ നീളൻ ചാലുകളിൽ പൊടിപടലം കലർന്ന ജല ഐസിന്റെ സാന്നിധ്യത്തെ കുറിച്ച് നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ഗവേഷകനായ ആദിത്യ ഖുള്ളറും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയി​ലെ ഗവേഷകനായ ഫിൽ ക്രിസ്റ്റൻസണും ചേർന്ന് നടത്തിയ ഗവേഷണങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. ഐസ് ഉരുകി ദ്രാവക ജലമായി മാറുമ്പോഴുണ്ടാവുന്ന മണ്ണൊലിപ്പ് മൂലമാണ് ചൊവ്വയുടെ ഉപരിതലത്തിൽ പലയിടത്തും ചാലുകൾ രൂപം കൊണ്ടതെന്ന് നിർദേശിക്കുന്നതായിരുന്നു പഠനം.

ചൊവ്വ ഉപരിതലത്തിലെ ചാലുകളിൽ  കാണപ്പെടുന്ന വെളുത്ത പദാർത്ഥം പൊടി നിറഞ്ഞ ജല ഐസ് ആണെന്നാണ് അനുമാനം. ഡാവോ വാലിസ് എന്ന പ്രദേശത്തിൻ്റെ ഒരു ഭാഗം കാണിക്കുന്ന ഈ ചിത്രം 2009 ൽ നാസയുടെ മാർസ് റെക്കണൈസൻസ് ഓർബിറ്റർ പകർത്തിയതാണ്. [ കടപ്പാട്: നാസ/ജെപിഎൽ-കാൽടെക്/അരിസോണ സർവകലാശാല]

ഉപരിതലത്തിൽ നിന്ന് മൂന്ന് മീറ്റർ വരെ ആഴത്തിൽ പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ വെളിച്ചം പൊടി നിറഞ്ഞ ഐസിലുടെ കടന്നെത്തുന്നുവെന്നും പ്രബന്ധം സൂചിപ്പിക്കുന്നു. ഭൂമിയിൽ നിന്ന് വ്യത്യസ്തമായി, ചൊവ്വക്ക് സൂര്യനിൽ നിന്നും ബഹിരാകാശത്ത് നിന്നുമെത്തുന്ന റേഡിയോ ആക്ടീവ് കോസ്മിക് കിരണങ്ങളിൽ നിന്നും സംരക്ഷിക്കാൻ ഒരു സംരക്ഷിത കാന്തികക്ഷേത്രം ഇല്ല. എന്നാൽ, ഈ സാഹചര്യത്തിലും ഐസ് പാളി ജീവന് സംരക്ഷണം നൽകിയേക്കും എന്ന് പ്രതീക്ഷ പങ്കിടുന്നതായിരുന്നു ആദിത്യ ഖുള്ളറിന്റെയും ഫിൽ ക്രിസ്റ്റൻസണിന്റെയും പഠനം.

ജീവന്റെ സാധ്യതകൾ പ്രവചിക്കപ്പെടുന്നു

‘നിലവിലെ പഠനത്തിലെ കണ്ടെത്തലുകളുമായി താരതമ്യം ചെയ്യുമ്പോൾ ചൊവ്വയിലെ ഉപരിതല ഹിമ നിക്ഷേപങ്ങളിൽ പലതിനും രണ്ട് ദശലക്ഷം വർഷത്തിൽ താഴെയാണ് പഴക്കം, അതായത് ഈ സാഹചര്യത്തിൽ ജീവന്റെ കണികൾ സംരക്ഷിക്കപ്പെടുമെന്ന് അർഥം,’ പഠനത്തിന്റെ സഹ-രചയിതാവും ജിയോസയൻസ് പ്രൊഫസറുമായ ക്രിസ്റ്റഫർ ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വയുടെ ഉപരിതലത്തിന് സമീപം ബാക്ടീരിയകൾ ഉണ്ടെങ്കിൽ, ഭാവി ദൗത്യങ്ങൾക്ക് അത് കണ്ടെത്താനാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കിട്ടു.

ശുദ്ധമായ ഐസിൽ, ഫ്രീ റാഡിക്കലുകൾ പോലുള്ള വികിരണ ഉപോൽപ്പന്നങ്ങൾ കുടുങ്ങി പ്രവർത്തനരഹിതമാവുമെന്നും ജൈവ തന്മാത്രകളുടെ രാസ വിഘടനം മന്ദഗതിയിലാക്കുമെന്നുമാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ‘ചൊവ്വയിലെ ജീവന്റെ സാധ്യതകൾ തിരയാൻ ശുദ്ധമായ ഐസ് കണ്ടെത്താൻ സാധ്യതയുള്ള മേഖലകളിൽ പഠനം നടത്തേണ്ടതുണ്ടെന്ന് പുതിയ ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു,’ അലക്സാണ്ടർ പാവ്‌ലോവ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - If life on Mars exists, it may be preserved in a frozen time capsule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT