സ്കൂള്‍ ശാസ്ത്രമേളയിലെ മികച്ച കണ്ടുപിടിത്തങ്ങള്‍

കൊല്ലം: ശാസ്ത്രത്തിന്‍െറയും കൗതുകത്തിന്‍െറയും വേറിട്ട കാഴ്ചകളും ന്യൂജനറേഷന്‍ തലമുറയുടെ കരവിരുതുകളും ബുദ്ധിവൈഭവങ്ങളുമൊക്കെയായി വേറിട്ടതായിരുന്നു ഇക്കുറി സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള. ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷകള്‍ നിറച്ച് അന്വേഷണാത്മകതയും സൃഷ്ടിപരതയും ഒത്തുചേര്‍ന്ന പോരാട്ടമായിരുന്നു മേളയില്‍. പതിനായിരത്തോളം കുരുന്നു ശാസ്ത്രപ്രതിഭകള്‍ മാറ്റുരച്ചപ്പോള്‍  പതിവ് രീതികളില്‍നിന്ന് വിത്യസ്തമായി കാണികളെ ചിന്തിപ്പിക്കുകയും സമൂഹത്തിന് ഉപകാരപ്രദവുമായ കണ്ടുപിടിത്തങ്ങളാണ് കാണാനായത്. അവയില്‍ ചിലത് ഇതാ:

സൈക്ക്ള്‍ ബൈക്കുമായി മുഹമ്മദ് മിഥ്ലാജും വി.പി. സഫ്വാനും (എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്, എടവണ്ണ, മലപ്പുറം)
 

സൈക്കിളിന് വേഗം 50 കിലോമീറ്റര്‍
കൊല്ലം: സൈക്കിളില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ശാസ്ത്രോത്സവവേദിയിലെ വൊക്കേഷനല്‍ എക്സ്പോയിലാണ് വേഗമേറിയ സൈക്കിള്‍ അവതരിപ്പിക്കപ്പെട്ടത്. 65 കിലോമീറ്റര്‍ മൈലേജുള്ള സൈക്കിള്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമെന്ന് മലപ്പുറം ഇടവണ്ണ വി.എച്ച്.എസ്.എസിലെ വി.പി. സഫ്വാനും മുഹമ്മദ് മിഥ്ലാജും വിശദീകരിക്കുന്നു.  കാറ്ററിങ് ജോലിയില്‍നിന്ന് ലഭിക്കുന്ന പണം മിച്ചം പിടിച്ച് ഒരുവര്‍ഷം കൊണ്ടാണ് ഇവര്‍ സൈക്കിളിനെ ബൈക്കാക്കി മാറ്റിയത്. മരംമുറി യന്ത്രത്തിന്‍െറ 45 സി.സി എന്‍ജിനാണ് സൈക്കിളില്‍ ഉപയോഗിച്ചത്. ആറായിരം രൂപയാണ് നിര്‍മാണച്ചെലവ്.

അഞ്ച് വ്യത്യസ്ത ഇന്ധനങ്ങള്‍ ഉപയോഗിക്കാവുന്ന ബൈക്കുമായി ആഷിഖ് റഹ്മാന്‍, കെ.കെ. അഭിജിത്, അമന്‍ (സുല്‍ത്താന്‍ ബത്തേരി വി.എച്ച്.എസ്.എസ്, വയനാട്)
 

അഞ്ച് ഇന്ധനത്തിലോടും ബൈക്ക് 
കൊല്ലം: വെള്ളത്തില്‍ കുറച്ച് ഉപ്പ് കലക്കി ഇന്ധനടാങ്കില്‍ നിറച്ചാല്‍ ബൈക്ക് പറപറക്കും. വെള്ളം തീര്‍ന്നാല്‍ മാങ്ങ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന കാത്സ്യം കാര്‍ബൈഡ് ഇന്ധനമാകും. തീര്‍ന്നില്ല, ജൈവ ഡീസലും പെട്രോളുമൊക്കെ ബൈക്കില്‍ വിവിധ ടാങ്കുകളിലായി സജ്ജീകരിച്ചിട്ടുണ്ട്. അഞ്ച് വ്യത്യസ്ത ഇന്ധനങ്ങള്‍ ഉപയോഗിക്കാവുന്ന ബൈക്കുമായി വയനാട് സുല്‍ത്താന്‍ബത്തേരി വി.എച്ച്.എസ്.ഇയിലെ ആഷിക് റഹ്മാനും കെ.സി. അഭിജിത്തുമാണ് ശാസ്ത്രമേളയിലെ എച്ച്.എസ്.എസ് വര്‍ക്കിങ് മോഡല്‍ വിഭാഗത്തില്‍ പങ്കെടുത്തത്. പഴയ ‘സുസുക്കി മാക്സ്100’ ബൈക്കിലാണ് അഞ്ച് ടാങ്കുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഓരോ ടാങ്കിലും ഓരോതരം ഇന്ധം നിറക്കും. പെട്രോള്‍ സാധാരണ പോലെ. 55 ഡിഗ്രിയില്‍ ചൂടാക്കിയാണ് ഡീസല്‍ ഉപയോഗിക്കുന്നത്. പഴങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന കാത്സ്യം കാര്‍ബൈഡ് വെള്ളത്തിലിട്ടാല്‍ അസറ്റൈലന്‍ ഉണ്ടാകും. ഇതാണ് ബൈക്കിനെ ചലിപ്പിക്കുക.
ഇന്ധനക്ഷമത കൂട്ടാനാണ് വെള്ളം ഉപയോഗിക്കുന്നത്. ഇലക്ട്രോലൈസിസ് നടത്തി ഹൈഡ്രജനും ഓക്സിജനും നേരിട്ട് എയര്‍ഫില്‍റ്ററിലത്തെിച്ചാണ് പ്രവര്‍ത്തനം. ഈ രീതി ഉപയോഗിക്കുന്നതിലൂടെ നിലവിലെ മൈലേജിനേക്കാളും 12 കിലോമീറ്റര്‍ വരെ കൂടുതല്‍ ലഭിക്കും. ചിക്കന്‍ പൊരിച്ചതിന്‍െറ ബാക്കിവരുന്ന എണ്ണയുപയോഗിച്ച് നിര്‍മിച്ച ജൈവ ഡീസലും ഇതില്‍ ഉപയോഗിക്കാം. 

സോളാര്‍ കാറുമായി ടി.കെ. അമല്‍, എന്‍. അക്ഷയ് (കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്, വടകര)
 

ശ്രദ്ധയാകര്‍ഷിച്ച് സോളാര്‍ കാര്‍
കൊല്ലം: സൗരോര്‍ജം ഇന്ധനമായ കാര്‍ ശാസ്തോത്സവത്തില്‍ പ്രശംസ പിടിച്ചുപറ്റി. വടകര ഓര്‍ക്കാട്ടേരി കെ.കെ.എം ജി.വി.എച്ച്.എസ്.എസിലെ എന്‍. അക്ഷയ്യും ടി.കെ. അമലുമാണ് സോളാര്‍ കാര്‍ അവതരിപ്പിച്ചത്. 
രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന കാറിന്‍െറ മുകള്‍ഭാഗത്താണ് സോളാര്‍ പാനല്‍. ഇതിന്‍െറ സഹായത്തോടെ ബാറ്ററി പ്രവര്‍ത്തിപ്പിച്ച് കാര്‍ ഓടിക്കാം. 
ഒരു തവണ ബാറ്ററി ചാര്‍ജ് ചെയ്താല്‍ 40 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, ഗ്യാസ് എന്നിവ ഉപയോഗിച്ചും കാര്‍ ഓടിക്കാം. ഇതിനായി കാറിന് പിന്നില്‍ പ്രത്യേക എന്‍ജിന്‍ ഘടിപ്പിച്ചിട്ടുണ്ട്. 

വൈദ്യുതി പാഴാക്കാത്ത വൈദ്യുതിവേലി
കൊല്ലം: വൈദ്യുതി പാഴാക്കാതെ എങ്ങനെ വൈദ്യുതിവേലി നിര്‍മിക്കാമെന്ന് കാട്ടിത്തരുകയാണ് വയനാട് പിണങ്ങോട് ഡബ്ള്യു.ഒ.എച്ച്.എസ്.എസിലെ പ്ളസ് വണ്‍ വിദ്യാര്‍ഥികളായ അനുപമയും ഹരിതയും. ഇവര്‍ അവതരിപ്പിക്കുന്ന സെന്‍സറോടുകൂടിയ വേലിയില്‍ അനാവശ്യമായി വൈദ്യുതി പാഴാകില്ല. സാധാരണ വൈദ്യുതിവേലികളില്‍ രാത്രി മുഴുവന്‍  വൈദ്യുതി പ്രവഹിക്കുന്നതിനാല്‍ വന്‍ ഊര്‍ജനഷ്ടമാണ് ഉണ്ടാകുന്നത്. എന്നാല്‍, വേലിക്കരികെ മൃഗങ്ങള്‍ എത്തുമ്പോള്‍ മാത്രം വൈദ്യുതി പ്രവഹിക്കുന്ന സെന്‍സര്‍ സംവിധാനമാണ് ഇവര്‍ ഒരുക്കിയത്.  ഇന്‍ഫ്രാറെഡ് ലൈറ്റിന്‍െറയും റിവേഴ്സ് സെന്‍സറിന്‍െറയും സഹായത്തോടെയാണിത്. ഒരേക്കര്‍ സ്ഥലത്ത് വേലി നിര്‍മിക്കുന്നതിന് 8000 രൂപയാണ് ചെലവ്. ആവശ്യാനുസരണം വൈദ്യുതിയുടെ ശക്തികൂട്ടാനും കുറയ്ക്കാനും സാധിക്കും. സൗരോര്‍ജം ഉപയോഗിച്ചും വേലി പ്രവര്‍ത്തിപ്പിക്കാം. 

കോഴി വേസ്റ്റ് ഉപയോഗിച്ച് കോഴിത്തീറ്റ നിര്‍മിക്കുന്ന പ്രോജക്ടുമായി  സ്മൃതി മോഹന്‍ദാസ്, അഭിഷ നിഹയ (ഐഡിയല്‍ ഇ.എച്ച്.എസ്.എസ്, കടകശ്ശേരി)
 

കോഴിവേസ്റ്റ് കളയല്ളേ, കോഴിത്തീറ്റയാക്കാം...
കൊല്ലം: പാതയോരത്തും പുരയിടത്തിലുമെല്ലാം എന്തിനാ ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങള്‍ തള്ളുന്നത്?  ഇത് തീറ്റയാക്കി കോഴിക്കുതന്നെ കൊടുക്കാമല്ളോ? - മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസിലെ സ്മൃതിമോഹന്‍ദാസും അഫീഫ നിഹായയുമാണ് ഈ ചോദ്യങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ ഉയര്‍ത്തുന്നത്.  
എച്ച്.എസ്.എസ് വിഭാഗം സ്റ്റില്‍ മോഡലില്‍ പ്രൊജക്ടിന്‍െറ വിവിധഘട്ടങ്ങള്‍ വ്യക്തമായി ഇവര്‍ അവതരിപ്പിച്ചു. കോഴിയുടെ അവശിഷ്ടങ്ങളില്‍ തല, കാല്‍, കുടല്‍, തൊലി, തൂവല്‍ എന്നിവ തരംതിരിച്ച ശേഷം കഴുകുന്നതാണ് ആദ്യപടി. ഇതിനായി പ്രത്യേക ടാങ്ക് ഒരുക്കുന്നു. ഇവിടെ നിന്ന് തൂവലൊഴികെയുള്ളവ പൈപ്പിലൂടെ  അടുത്ത യൂനിറ്റിലത്തെും. തുടര്‍ന്ന് ചൂടാക്കുമ്പോള്‍ കൊഴുപ്പ്  വേര്‍തിരിഞ്ഞശേഷം ബാക്കി അവശിഷ്ടങ്ങള്‍ പൊടിക്കുന്ന യൂനിറ്റിലത്തെും. ഇവിടെനിന്നും ലഭിക്കുന്ന പൊടിയില്‍  ചോളപ്പൊടി, കടലപ്പിണ്ണാക്ക്, തവിട് എന്നിവ കൂട്ടിച്ചേര്‍ക്കുന്നതോടെ കോഴിത്തീറ്റ തയാര്‍.കോഴിമാലിന്യങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളം ഫില്‍ട്ടര്‍ ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന ക്രമീകരണവുമുണ്ട്. കോഴിത്തീറ്റയാക്കുന്ന പ്രക്രിയക്ക് ശേഷംവരുന്ന മാലിന്യം ബയോഗ്യാസ് പ്ളാന്‍റിലേക്ക് മാറ്റും. അവശിഷ്ടങ്ങളില്‍ നിന്ന് കിട്ടുന്ന കൊഴുപ്പിനെ ബയോഡീസലാക്കി ഉപയോഗിക്കാം. കോഴിത്തൂവല്‍ വേര്‍തിരിച്ച് പ്രകൃതിക്ക് ദോഷകരമാവാത്ത പ്ളാസ്റ്റിക്കും നിര്‍മിക്കാനാവും.  
കഴിഞ്ഞവര്‍ഷത്തെ ശാസ്ത്രോത്സവത്തിലും സ്റ്റില്‍ മോഡലില്‍ ഐഡിയല്‍ ഇ.എച്ച്.എസ്.എസിനായിരുന്നു ഒന്നാം സ്ഥാനം. സ്മൃതിയും ഷിജിഷയും ചേര്‍ന്ന് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സ്റ്റില്‍ മോഡലാണ് അവതരിപ്പിച്ചത്. ഷിജിഷ ഹയര്‍സെക്കന്‍ഡറി പൂര്‍ത്തിയാക്കിയതോടെയാണ് അഫീഫ സ്മൃതിക്ക് കൂട്ടായത്തെിയത്. 

പ്ളാസ്റ്റിക് ഇനി മാലിന്യമല്ല, മേല്‍ക്കൂര
കൊല്ലം: ഉപയോഗശൂന്യമായ പ്ളാസ്റ്റിക്കുകള്‍ മികച്ച സംരക്ഷണം തരുന്ന മേല്‍ക്കൂരയാക്കാമെന്ന കണ്ടത്തെലാണ് വയനാട് മീനങ്ങാടി ജി.എച്ച്.എസ്.എസിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളായ അഫ്നയും അപര്‍ണയും മുന്നോട്ടുവെക്കുന്നത്. കുറഞ്ഞ ചെലവില്‍ നിര്‍മിക്കാവുന്ന മേല്‍ക്കൂര ചൂടിന്‍െറ തീവ്രത കുറക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. 
ഉപയോഗശൂന്യമായി കുന്നുകൂടുന്ന പ്ളാസ്റ്റിക് മാലിന്യത്തെ നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രോജക്ടില്‍ വ്യക്തമാക്കുന്നത്. ബാള്‍പോയന്‍റ്  പേനയുടെ കവറുകള്‍, പ്ളാസ്റ്റിക് ബക്കറ്റുകള്‍, പൊട്ടിയ കസേരകള്‍, പ്ളാസ്റ്റിക് കവര്‍ എന്നിവയില്‍ നിന്ന് തയാറാക്കിയ സാമ്പിളുകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ചെറിയ കഷണം ഓടിന്‍െറ മാതൃകക്ക് രണ്ടര കിലോ പ്ളാസ്റ്റിക് വേണ്ടിവരും. ഷീറ്റ് ഉള്‍പ്പെടെ വിവിധതരം മേല്‍ക്കൂരകളൊരുക്കാന്‍ കിലോക്കണക്കിന് പ്ളാസ്റ്റിക് ആവശ്യമാണ്. ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ പ്രകൃതിയെ പ്ളാസ്റ്റിക് മാലിന്യത്തില്‍ നിന്ന് മുക്തമാക്കാമെന്നാണ് ഇവരുടെ നിരീക്ഷണം. 

കശുവണ്ടി തോടില്‍നിന്ന് ഇന്ധനം; കണ്ടത്തെലിന് ഒന്നാം സ്ഥാനം
കൊല്ലം: ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്റ്റില്‍ മോഡലില്‍ കശുവണ്ടി തോടിനെ ഡീസലിന് തുല്യമായ ഇന്ധനമാക്കി മാറ്റാമെന്ന കണ്ടുപിടിത്തത്തിന് ഒന്നാം സ്ഥാനം. 
തലശ്ശേരി ഗവ.ബ്രണ്ണന്‍ എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാര്‍ഥികളായ എം. ശ്രീഷ്ണയും  കെ.വി. അനന്യയുമാണ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന കശുവണ്ടി വ്യവസായത്തിന് ഉണര്‍വായ പരീക്ഷണവുമായത്തെിയത്. 
വിവിധഘട്ടങ്ങളില്‍  നടക്കുന്ന സംസ്കരണത്തിലൂടെ കശുവണ്ടി തോടിലെ ദ്രാവകാംശം പൂര്‍ണമായും ഊറ്റിയെടുക്കും. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന ഗ്യാസ്വലിനും എഥനോളും സംയോജിപ്പിച്ചാല്‍ ഡീസലിന് തുല്യമായ ഇന്ധനമായ മീഥെയ്ല്‍ കീറ്റോണ്‍ ലഭിക്കും. 
ഇതു പാചകവാതകമായും ഉപയോഗിക്കാം. കരിമ്പില്‍നിന്ന് ഗ്യാസ്വലിനും എഥനോളും നിര്‍മിക്കുന്ന സാങ്കേതികവിദ്യ ഇപ്പോള്‍ ബ്രസീലിലുണ്ട്. ഇവ സംയോജിപ്പിച്ചുണ്ടാകുന്ന ഇന്ധനമാണ് ബ്രസീലിലെ വാഹനങ്ങളുടെ പ്രധാന ഇന്ധനം. പെട്രോളിന്‍െറയും ഡീസലിന്‍െറയും അടിക്കടിയുള്ള വില വര്‍ധന പിടിച്ചുനിര്‍ത്താനും ഈ കൊച്ചു മിടുക്കികളുടെ കണ്ടത്തെല്‍ സഹായകമാകും. 39 ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് കശുവണ്ടി ഇന്ധനം ഒന്നാംസ്ഥാനം നേടിയത്. മാലിന്യത്തില്‍നിന്ന് വിവിധതരം ഇന്ധനങ്ങളും ഉല്‍പന്നങ്ങളും ഉണ്ടാക്കാമെന്ന കണ്ടുപിടിത്തമാണ് മിക്ക സ്കൂളുകളും അവതരിപ്പിച്ചത്. 
തിരുവനന്തപുരം കടുവയില്‍ കെ.ടി.സി.ടി എച്ച്.എസ്.എസിലെ ഫാത്തിമ ഫൈറൂസയും എസ്. ഗോകുലും രണ്ടാംസ്ഥാനവും തൃശൂര്‍ വി.ബി.എച്ച്.എസ്.എസിലെ കെ.എസ്. ശിവദത്തും അശ്വതി ലക്ഷ്മണനും മൂന്നാംസ്ഥാനവും നേടി. 

ഹുസൈന്‍ അന്‍സാരി, എസ്. ഗോകുല്‍ (ജയകേരളം എച്ച്.എസ്.എസ്. പുല്ലുവഴി, എറണാകുളം)
 

ഇ–വേസ്റ്റില്‍നിന്ന് ഭൂചലന മുന്നറിയിപ്പ്
കൊല്ലം: ഭൂമികുലുക്കമുണ്ടായാല്‍ പ്രകമ്പന മുന്നറിയിപ്പ് നല്‍കുന്ന ‘സീസ്മിക് പ്രഡിക്ടര്‍’ ഇ-വേസ്റ്റില്‍നിന്ന് വികസിപ്പിച്ചെടുത്ത് വിദ്യാര്‍ഥികള്‍. എറണാകുളം പുല്ലുവഴി ജയകേരളം എച്ച്.എസ്.എസിലെ കമ്പ്യൂട്ടര്‍ സയന്‍സിലെ ഹുസൈന്‍ അന്‍സാരിയും എസ്. ഗോകുലുമാണ് സാങ്കേതികവിദ്യക്ക് പിന്നില്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നുള്ള കുടിയേറ്റ കുടുംബത്തിലെ അംഗമാണ് ഹുസൈന്‍.
കഴിഞ്ഞ മേയില്‍ കൊച്ചിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം നടത്തിയ ഭൂകമ്പ പ്രവചന ഗവേഷണത്തിന്‍െറ ആവശ്യകതയിലൂന്നിയ പ്രഭാഷണമാണ് ഉപകരണം നിര്‍മിക്കാന്‍ പ്രചോദനമായതെന്ന് ഇവര്‍ പറഞ്ഞു. ഭൂകമ്പമോ സൂനാമിയോ ഉണ്ടായാല്‍ വീടിന് സമീപമോ മണ്ണിനടിയിലോ സ്ഥാപിച്ചിട്ടുള്ള സീസ്മിക് പ്രഡിക്ടറില്‍നിന്ന് ഇലക്ട്രോണിക് സംവിധാനം വഴി വീടിനകത്ത് മുന്നറിയിപ്പ് ശബ്ദം നല്‍കും. പ്രകമ്പനത്തിന്‍െറ തീവ്രതക്കനുസരിച്ച് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങണം. പ്രഡിക്ടറിലെ ചാര്‍ട്ട് പേപ്പറില്‍നിന്ന് പ്രകമ്പന തീവ്രത സൂചിപ്പിക്കുന്ന ഗ്രാഫ് ലഭിക്കും. ഇലക്ട്രിക്കല്‍ സംവിധാനം വഴിയും ഇലക്ട്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വഴിയും മുന്നറിയിപ്പ് നല്‍കാന്‍ കഴിയും.
ഇ- വേസ്റ്റില്‍ നിന്നാണ് പ്രഡിക്ടറിന്‍െറ 90 ശതമാനം സാമഗ്രികളും സംഘടിപ്പിച്ചത്. ഉപേക്ഷിക്കപ്പെട്ട ട്രാന്‍സ്ഫോമര്‍, റെഗുലേറ്റര്‍, ട്രാന്‍സിസ്റ്റര്‍, റെസിസ്റ്റര്‍, ഹീറ്റ് സിങ്ക്, ഡി.സി മോട്ടോര്‍, ബസര്‍ പ്ളേറ്റ്, ഇലക്ട്രിക്കല്‍ വയറുകള്‍, എല്‍.ഇ.ഡി എന്നിവയാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. 15000-25000 രൂപ ചെലവില്‍ ഭൂകമ്പ മേഖലകളില്‍ സീസ്മിക് പ്രഡിക്ടര്‍ നിര്‍മിക്കാനാവുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 

ഊര്‍ജസംരക്ഷിത ശുചിത്വസുന്ദര നഗരം വര്‍ക്കിങ് മോഡലുമായി തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സി.ജി.എച്ച്.എസ്.എസിലെ ഹിഖാ ഫാത്തിമയും അനഘ ജോര്‍ജും
 

ഊര്‍ജസംരക്ഷിതനഗരത്തിന് ഇതാ ഒരു മാതൃക..
കൊല്ലം: സൗരോര്‍ജത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിച്ച് ‘ഊര്‍ജസംരക്ഷിത നഗരം’ സൃഷ്ടിക്കുന്ന മാതൃകയുമായി തൃശൂരില്‍നിന്നുള്ള കുട്ടികള്‍ മത്സരവേദിയില്‍ പ്രശംസനേടി. ഹൈസ്കൂള്‍ വിഭാഗം വര്‍ക്കിങ് മോഡലില്‍ തൃശൂര്‍ സേക്രട്ട്ഹേര്‍ട്ട് സി.ജി.എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാര്‍ഥികളായ ഹിബാ ഫാത്തിമയും അനഘാ ജോര്‍ജുമാണ് ഊര്‍ജസംരക്ഷണത്തിന് പുതിയ അധ്യായം പരിചയപ്പെടുത്തിയത്.  
 സോളാര്‍പാനല്‍വഴി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി, ബാറ്ററിയില്‍ ശേഖരിച്ച് അതില്‍നിന്ന് പാര്‍ക്കുകളിലും ടൗണുകളിലും പരസ്യ ബോര്‍ഡുകളിലും സ്ഥാപിച്ചിട്ടുള്ള വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു.  മാലിന്യസംസ്കരണത്തിനുള്ള ഇന്‍സിനറേറ്ററിനും ഇതില്‍നിന്നുള്ള വൈദ്യുതി പ്രയോജനപ്പെടുത്താം.  സോളാര്‍ പാനലിനോടുചേര്‍ന്ന് മഴവെള്ളം സംഭരിക്കാനുള്ള സംവിധാനവുമുണ്ട്.  ഈ വെള്ളം അസോളാകൃഷിക്ക് ഉപയോഗിക്കാം.  ഇത്തരം കൃഷിരീതിയിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മികച്ച വരുമാനം ഉണ്ടാക്കാനുള്ള അവസരമാണ് ലഭിക്കുക.  നഗര-ഗ്രാമ പ്രദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അസോളാ കൃഷി നടത്തി കന്നുകാലികള്‍ക്ക് ഭക്ഷണമായി നല്‍കിയാല്‍ അവയില്‍നിന്ന് ലഭിക്കുന്ന ചാണകം ഉപയോഗിച്ച് ബയോഗ്യാസ് പ്ളാന്‍റുകള്‍ പ്രവര്‍ത്തിപ്പിക്കാം. വീടുകള്‍ക്കാവശ്യമായ പാചകത്തിനുള്ള ഇന്ധനം അതിലൂടെ ലഭിക്കുകയും ചെയ്യും. 
വൈദ്യുതോല്‍പാദനത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം സോളാര്‍ സംവിധാനം ഉപയോഗിക്കുന്നതാണെന്ന സന്ദേശവും കുരുന്ന് ശാസ്ത്രജ്ഞര്‍ നല്‍കുന്നു. മഴയെ ആശ്രയിച്ചുള്ള ജലവൈദ്യുതി പദ്ധതിക്ക് പരിമിതികളുണ്ട്.  വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന മറ്റൊരു മേഖലയായ കടല്‍വെള്ളം എല്ലായിടത്തും ലഭിക്കുന്നുമില്ല. കാറ്റാടി ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രീതിക്കും പരിമിതികളേറെ. എന്നാല്‍, സൗരോര്‍ജ പാനലുകള്‍ എല്ലാസ്ഥലത്തും സ്ഥാപിക്കാന്‍ കഴിയുമെന്ന് ഹിബയും അനഘയും ചൂണ്ടിക്കാട്ടുന്നു. 

എ.ടി.എം തട്ടിപ്പ് തടയാനുള്ള കണ്ടത്തെലുമായി ജോസ് ജോണ്‍, ജോയല്‍ ജോസ് (കാര്‍മല്‍ എച്ച്.എസ്.എസ് ചാലക്കുടി)
 

എ.ടി.എം മോഷ്ടാക്കളെ കുടുക്കാന്‍ എസ്.എം.എസ്
കൊല്ലം: ലളിതമായ മാര്‍ഗത്തിലൂടെ എ.ടി.എം തട്ടിപ്പുകള്‍ ഒഴിവാക്കാനുള്ള കണ്ടത്തെലുമായി ചാലക്കുടി കാര്‍മല്‍ എച്ച്.എസ്.എസിലെ ജോസ് ജോണും ജോയല്‍ ജോസും. ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോഴും പിന്‍വലിക്കുമ്പോളും മൊബൈല്‍ ഫോണില്‍ എസ്.എം.എസ് എത്തുന്നപോലെ എ.ടി.എം കാര്‍ഡ് ഉപയോഗിക്കുമ്പോഴും മെസേജ് നല്‍കാമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 
 എ.ടി.എം മെഷീനില്‍ കാര്‍ഡ് ഇന്‍സര്‍ട്ട് ചെയ്യുമ്പോള്‍തന്നെ ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് ഇടപാട് വേണോ വേണ്ടയോ എന്ന മെസേജ് വരും. ‘യെസ്’ എന്ന് നല്‍കിയാല്‍  മാത്രമേ കാര്‍ഡ് പിന്നീട് പ്രവര്‍ത്തിക്കൂ. ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ഈ സംവിധാനം പ്രാവര്‍ത്തികമാക്കാമെങ്കിലും നെറ്റ്വര്‍ക്കിലെ വേഗക്കുറവുമൂലം കാലതാമസത്തിന് സാധ്യതയുണ്ട്. അതിനാല്‍ സാറ്റലൈറ്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം.  മോഷ്ടാക്കളാണ് എ.ടി.എം കാര്‍ഡ് ഉപയോഗിക്കുന്നതെങ്കില്‍ അവരെ കുടുക്കാനുള്ള മാര്‍ഗവുമുണ്ട്. മൊബൈല്‍ ഫോണിലെ സന്ദേശത്തിന് മറുപടി മെസേജ് ‘നോ’ എന്നായാല്‍ ഓട്ടോമാറ്റിക്കായി എ.ടി.എം കൗണ്ടറിന്‍െറ വാതില്‍ ലോക്ക് ചെയ്യാനും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം നല്‍കാനും കഴിയും. ഇതിനായി പ്രത്യേക പ്രോഗ്രാം സജ്ജീകരിക്കണം. ബാങ്കിലെ മോഷണങ്ങള്‍ തയാന്‍ മാഗ്നറ്റിക് ഫീല്‍ഡ് ഡിറ്റക്ടറും ജോസും ജോയലും പരിചയപ്പെടുത്തുന്നു. എവിടെയിരുന്നും നിയന്ത്രിക്കാവുന്ന റിസീവര്‍ ഉപയോഗിച്ച് ലോക്കര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഡിറ്റക്ടര്‍ സ്ഥാപിക്കാനാവുമെന്നും ഇവര്‍ പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.