ആപ്പിൾ ഫോണുകളിൽ നിന്ന് ടെലിഗ്രാം അപ്രത്യക്ഷമായി; സംഭവം ആപ്പും സ്ഥാപകനും വിവിധ രാജ്യങ്ങളിൽ അന്വേഷണങ്ങൾക്ക് വിധേയമാകുന്നതിനിടെ

വിവിധ രാജ്യങ്ങളിൽ ആപ്പിൾ സ്റ്റോറിൽ നിന്ന് ടെലിഗ്രാം അപ്രത്യക്ഷമായി.ഇതോടെ പുതിയ ഉപഭോക്താക്കൾക്ക് ആപ്പ് ഡൗൺ ലോഡ് ചെയ്യുന്നതിന് തടസം നേരിട്ടു. ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് പെട്ടെന്ന് നീക്കം ചെയ്യപ്പെടാനുള്ള കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ആപ്പിൾ ഉപകരണങ്ങളിൽ ഇതിനകം ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് തടസങ്ങളൊന്നും ഉണ്ടായിട്ടില്ല. നിലവിലുള്ള ഉപയോക്താക്കളെയല്ല, പുതിയ ഡൗൺലോഡുകളെ മാത്രമാണ് ഈ പ്രശ്നം ബാധിച്ചതെന്നാണ് ഇത് വ്യക്തമാക്കുന്നത്.

പരാതികൾ കൂടി വന്നതിന് പിന്നാലെ ആപ്പ് സ്റ്റോറിൽ ടെലിഗ്രാം പുനഃസ്ഥാപിച്ചു. റെഗുലേറ്ററി നടപടികളെ തുടർന്നോ നയലംഘനത്തെ തുടർന്നോ ആണ് ആപ്പ് അപ്രത്യക്ഷമായതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നു. ടെലിഗ്രാമും സ്ഥാപകനായ പാവെൽ ദുറോവും വിവിധ രാജ്യങ്ങളിൽ റെഗുലേറ്ററി പരിശോധനകൾ നേരിടുന്ന സമയത്താണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. റഷ്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കും ആക്രമണങ്ങൾക്കുമായി യുവ റഷ്യക്കാരെ റിക്രൂട്ട് ചെയ്യാൻ ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് റഷ്യൻ അധികാരികൾ കഴിഞ്ഞ ആഴ്ച ദുറോവിനെതിരെ ഭീകരവാദ കുറ്റം ചുമത്തിയിരുന്നു.

ഗതാഗതം, ഊർജം, ആശയവിനിമയം, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്ക് നേരെ ആക്രമണങ്ങൾ നടത്താൻ വ്യക്തികളെ റിക്രൂട്ട് ചെയ്യുന്നതിനായി യുക്രേനിയൻ ഓപ്പറേറ്റർമാർ 'ഡൈവിഞ്ചിക്ക്/ലിയോ' (Daivinchik/Leo) എന്ന ടെലിഗ്രാം ചാറ്റ്‌ബോട്ട് ഉപയോഗിച്ചുവെന്നാണ് റഷ്യയിലെ ഫെഡറൽ സെക്യൂരിറ്റി സർവീസിന്‍റെ ആരോപണം..

അതേസമയം, ദുറോവ് ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്. ദോഷകരമായ ഉള്ളടക്കങ്ങൾ മോഡറേറ്റ് ചെയ്യുന്നതിനും നിയമപാലകരുമായി സഹകരിക്കുന്നതിനുമുള്ള ബാധ്യതകൾ ടെലിഗ്രാം പാലിക്കുന്നുണ്ടെന്നും ഉപയോക്താക്കളുടെ സ്വകാര്യതയും ആവിഷ്കാര സ്വാതന്ത്ര്യവും തുടർന്നും സംരക്ഷിക്കുമെന്നുംദുറോവ് വ്യക്തമാക്കി. റഷ്യ വിട്ടതിനു ശേഷം യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഫ്രാൻസ് എന്നിവിടങ്ങളിലെ പൗരത്വം നേടിയ ടെലിഗ്രാം സ്ഥാപകൻ മറ്റ് ചിലയിടങ്ങളിലും നിയമപരമായ പരിശോധനകൾ നേരിടുന്നുണ്ട്.

Tags:    
News Summary - Telegram has disappeared from Apple phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.