സ്പാം കോളുകൾക്ക് പൂട്ടിടാൻ ട്രായ്; എ.ഐ അടിസ്ഥാനമാക്കിയുള്ള പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഉപഭോക്താക്കളെ വലയ്ക്കുന്ന വ്യാജ കോളുകൾക്കും വാണിജ്യ സന്ദേശങ്ങൾക്കും കടിഞ്ഞാണിടാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഡി.ആർ.എ.ഐ) നിയമങ്ങൾ കൂടുതൽ കർശനമാക്കി. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്പാം നമ്പറുകൾ കണ്ടെത്താനും ഓട്ടോമേറ്റഡ് കോളുകൾ നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതികൾ ട്രായ് പ്രഖ്യാപിച്ചു.
പുതിയ ചട്ടപ്രകാരം, സ്പാം സന്ദേശങ്ങൾ അയക്കാൻ സാധ്യതയുള്ള നമ്പറുകൾ ടെലികോം സേവന ദാതാക്കൾ പരസ്പരം തിരിച്ചറിഞ്ഞ് വിവരം കൈമാറും. ഒരു സെൻഡറുമായി ബന്ധപ്പെട്ട അഞ്ചോ അതിലധികമോ നമ്പറുകൾ 10 ദിവസത്തിനുള്ളിൽ സംശയാസ്പദമായി കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും. റീ-കെ.വൈ.സി പരിശോധന, ഔട്ട്ഗോയിങ് സേവനങ്ങൾ തടയൽ, ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് കണക്ഷൻ വിച്ഛേദിക്കൽ തുടങ്ങിയ നടപടികളാണ് ഇതിൽ ഉൾപ്പെടുന്നത്.
ഓട്ടോമേറ്റഡ് കോളുകൾക്കും നിയന്ത്രണം
മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലില്ലാതെ, സോഫ്റ്റ്‌വെയറുകൾ അല്ലെങ്കിൽ ഓട്ടോമേറ്റഡ് പ്ലാറ്റ്‌ഫോമുകൾ വഴി ചെയ്യുന്ന റോബോ കോളുകളും പ്രീ-റെക്കോർഡഡ് ശബ്ദ കോളുകളും ഉൾപ്പെടുന്ന 'ആപ്ലിക്കേഷൻ-ടു-പേഴ്സൺ' കോളുകൾക്ക് പുതിയ നിർവചനവും ട്രായ് നൽകിയിട്ടുണ്ട്. ഇത്തരം കോളുകൾ നടത്തുന്ന സ്ഥാപനങ്ങൾ തങ്ങളുടെ വിവരങ്ങളും ഉപയോഗിക്കുന്ന നമ്പറുകളും ടെലികോം കമ്പനികളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാതെ വിളിക്കുന്ന കോളുകൾ സ്പാം ആയി കണക്കാക്കും. കൂടാതെ, A2P കോളുകൾക്ക് മിനിറ്റിന് അഞ്ച് പൈസ വരെ ടെർമിനേഷൻ ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ
പരാതി പരിഹരിക്കാനായി പ്രത്യേക ഉപഭോക്തൃ അപ്പീൽ സംവിധാനം ഏർപ്പെടുത്തി. അംഗീകൃത സീരീസുകളിൽ നിന്നുള്ള കോളുകൾ (140xx, 1600xx, 1601xx) കോൾ മാനേജ്‌മെന്റ് ആപ്പുകൾ യാതൊരു കാരണവശാലും ബ്ലോക്ക് ചെയ്യുകയോ സ്പാം ആയി ടാഗ് ചെയ്യുകയോ ചെയ്യരുതെന്ന് കർശന നിർദ്ദേശമുണ്ട്. ഹെഡറുകളുടെയും ഉള്ളടക്ക ടെംപ്ലേറ്റുകളുടെയും ദുരുപയോഗം തടയാൻ പുതിയ സുരക്ഷാ മുൻകരുതലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.