പുതിയ ഓൺലൈൻ ഗെയിമിങ് നിയമപ്രകാരം ഇതുവരെ ഒരു ഗെയിമും രജിസ്റ്റർ ചെയ്തിട്ടില്ല; സെപ്റ്റംബർ 1 വരെ മാത്രം ലഭിച്ചത് 201 പരാതികൾ

ന്യൂഡൽഹി: പുതിയ ഓൺലൈൻ ഗെയിമിങ് നിയമപ്രകാരം ഇതുവരെ ഒരു ഓൺലൈൻ ഗെയിമിനും ഔദ്യോഗിക രജിസ്ട്രേഷൻ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. സെപ്റ്റംബർ 1 വരെയുള്ള കണക്കുകൾ പ്രകാരം ഓൺലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ട് 201 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സെൻട്രൽ ഇൻഫർമേഷൻ കമ്മീഷനെ മന്ത്രാലയം അറിയിച്ചു.

അനുവദനീയമായ ഓൺലൈൻ ഗെയിമുകൾ, അവയ്‌ക്കെതിരെ ലഭിച്ച പരാതികൾ, വ്യാജ ഗെയിമുകൾക്കെതിരെ എടുത്ത നടപടികൾ എന്നിവ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷക്കുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ആക്ട് 2025 ഉം അനുബന്ധ ചട്ടങ്ങളും ഈ വർഷം മെയ് 11-നാണ് നിലവിൽ വന്നത്. ഈ മേഖലയെ നിയന്ത്രിക്കുന്നതിനായി ഓൺലൈൻ ഗെയിമിങ് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിച്ചിട്ടുണ്ടെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സി.ഐ.സിയെ അറിയിച്ചു. നിയമത്തിലെ സെക്ഷൻ 8 പ്രകാരം ഏപ്രിൽ 22-നാണ് ഈ അതോറിറ്റി ഔദ്യോഗികമായി രൂപീകരിച്ചത്.

തുടക്കത്തിൽ 2021-ലെ ഐ.ടി ചട്ടങ്ങളിലെ ഭേദഗതികളാണ് ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾക്കായുള്ള റെഗുലേറ്ററി ചട്ടക്കൂടായി മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നതെങ്കിലും, പിന്നീട് ഓൺലൈൻ ഗെയിമിങുമായി ബന്ധപ്പെട്ട ആ വ്യവസ്ഥകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.

നൽകിയ വിവരങ്ങൾ അപൂർണ്ണവും തെറ്റായതുമാണെന്ന് കാണിച്ച് വിവരാവകാശ അപേക്ഷകൻ നൽകിയ അപ്പീൽ ഒന്നാം അപ്പലേറ്റ് അതോറിറ്റി തള്ളിയിരുന്നു. തുടർന്നുള്ള വാദത്തിനിടയിലാണ് സെപ്റ്റംബർ 1 വരെയുള്ള കണക്കുകൾ മന്ത്രാലയം സമർപ്പിച്ചത്.

Tags:    
News Summary - No game registered yet according to new online gaming law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.