റോബോട്ടുകൾ തന്നെ റോബോട്ടുകളെ നിർമ്മിക്കും; ഹ്യൂമനോയിഡ് റോബോട്ട് നിർമ്മാണ രംഗത്ത് വിപ്ലവകരമായ മുന്നേറ്റവുമായി ചൈന

റോബോട്ടുകൾ തന്നെ റോബോട്ടുകളെ നിർമ്മിക്കുന്ന വിപ്ലവകരമായ മുന്നേറ്റവുമായി ചൈനയിൽ ലോകത്തിലെ ആദ്യത്തെ ഇന്റലിജന്റ് ഹ്യൂമനോയിഡ് റോബോട്ട് നിർമ്മാണ ഫാക്ടറി പ്രവർത്തനമാരംഭിച്ചു. ഗ്വാങ്ഷിയിലെ ലിയുഷൗവിലാണ് 14000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ അത്യാധുനിക പ്ലാന്റ് തുറന്നിരിക്കുന്നത്. യുബിടെക് റോബോട്ടിക്സും സീമെൻസും ചേർന്ന് നിർമ്മിച്ച ഈ ഫാക്ടറിയിൽ വർഷത്തിൽ 10000 റോബോട്ടുകളെ വരെ നിർമ്മിക്കാൻ സാധിക്കും. അതായത്, ഓരോ 10 മിനിറ്റിലും ഇവിടെ നിന്നും ഒരു റോബോട്ട് വീതം പുറത്തിറങ്ങുന്നു.

വാക്കർ എസ്, ക്രൂസർ സീരീസ് റോബോട്ടുകളാണ് ഈ ഫാക്ടറിയിൽ പ്രധാനമായും നിർമ്മിക്കുന്നത്. ഫാക്ടറിയുടെ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഡിജിറ്റൽ സ്മാർട്ട് ബ്രെയിൻ സംവിധാനമാണ്. ഓർഡറുകൾ സ്വീകരിക്കുന്നത് മുതൽ സാധനങ്ങൾ എത്തിക്കുന്നതും ഗുണനിലവാരം പരിശോധിക്കുന്നതും വരെയുള്ള എല്ലാ കാര്യങ്ങളും ഈ സംവിധാനത്തിലൂടെയാണ് നടപ്പിലാക്കുന്നത്. ഓരോ റോബോട്ടിന്റെയും വിവരങ്ങൾ പൂർണ്ണമായി ട്രാക്ക് ചെയ്യാനും ഇതിലൂടെ സാധിക്കും. ഹ്യൂമനോയിഡ് റോബോട്ടുകൾ തന്നെയാണ് ഫാക്ടറിക്കുള്ളിൽ ഭാരം കയറ്റുന്നതും സാമഗ്രികൾ നീക്കുന്നതുപോലെയുള്ള ജോലികൾ ചെയ്യുന്നത്.

ഉത്പാദന പ്രക്രിയയിൽ റോബോട്ടുകൾക്കൊപ്പം റൊട്ടേറ്റിംഗ് ടേബിളുകളും ഉപയോഗിക്കുന്നുണ്ട്. നിർമ്മാണത്തിന് ശേഷം ഓരോ റോബോട്ടും നാല് മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന കർശനമായ പരിശോധനകൾക്കും 360 ഡിഗ്രി പരിശോധനക്കും വിധേയമാക്കുന്നു. ഫാക്ടറിക്കുള്ളിൽ വെറും 65 ചതുരശ്ര മീറ്റർ സ്ഥലത്ത് 112 റോബോട്ടുകളെ സൂക്ഷിക്കാൻ കഴിയുന്ന ഓട്ടോമേറ്റഡ് വെയർഹൗസും, ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യാൻ ഡ്രൈവറില്ലാ വാഹനങ്ങളുടെ നിരയുമുണ്ട്. ലബോറട്ടറി പരീക്ഷണങ്ങളിൽ നിന്ന് വൻതോതിലുള്ള വ്യാവസായിക ഉത്പാദനത്തിലേക്ക് ചൈന കടക്കുന്നതിന്റെ വലിയൊരു തെളിവാണ് ഈ ഫാക്ടറിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു.

ചൈനയിലെ ശക്തമായ വിതരണ ശൃംഖലയുടെ പിന്തുണയാണ് ഈ വൻതോതിലുള്ള ഉത്പാദനത്തിന് കരുത്തേകുന്നത് എന്ന് യുബിടെക് വൈസ് പ്രസിഡന്റ് പാങ് ജിയാൻസിൻ പറഞ്ഞു. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ചൈനയിൽ വ്യാവസായിക റോബോട്ടുകളുടെ ഉത്പാദനം മുൻവർഷത്തെ അപേക്ഷിച്ച് വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Tags:    
News Summary - China makes breakthrough in humanoid robot manufacturing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.