ഐഫോൺ 18 പ്രോയുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കാൻ ആപ്പിൾ; കയറ്റുമതിയിൽ ഭൂരിഭാഗവും അമേരിക്കയിലേക്ക്

ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയുടെ ആഗോള വിൽപ്പന ആരംഭിക്കുന്നതിനു മുന്നോടിയായി ആപ്പിൾ ഇന്ത്യയിൽ ഐഫോൺ നിർമാണം വർദ്ധിപ്പിക്കുകയാണ്. സെപ്തംബർ 18 മുതൽ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ ഐഫോൺ 18 പ്രോയുടെ വിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ ആപ്പിൾ നിർമാണ കേന്ദ്രങ്ങളിൽ നിന്ന് ഫോണുകൾ കയറ്റുമതി ചെയ്തതായാണ് റിപ്പോർട്ട്.

ഐഫോൺ 17ക്ക് ശേഷം വിൽപന ആരംഭിക്കുന്ന ആദ്യ ദിവസം മുതൽ തന്നെ ആഗോള വിപണിയിലേക്ക് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഐഫോൺ മോഡലാണ് 18 പ്രോ. മാത്രമല്ല, ഇതാദ്യമായാണ് ഐഫോണിന്‍റെ ഏറ്റവും പുതിയ മോഡൽ പുറത്തിറങ്ങുന്ന ദിവസം തന്നെ ഇന്ത്യയിൽ നിർമിക്കുന്നത്.

ചെന്നൈയിൽ നിന്നുള്ള പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ വഴി പുതിയ ഐഫോൺ മോഡലുകൾ വിദേശ വിപണികളിലേക്ക് ഇതിനോടകം അയച്ചുതുടങ്ങിയിട്ടുണ്ട്. ഫോക്‌സ്‌കോൺ, ടാറ്റ ഇലക്ട്രോണിക്സ് എന്നിവയുടെ നേതൃത്വത്തിലാണ് ഇന്ത്യയിലെ പ്രൊഡക്ഷൻ പ്ലാന്റുകളിൽ ഉൽപാദനം നടക്കുന്നത്.

ആപ്പിളിന്റെ ആഗോള സപ്ലൈ ചെയിനിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ ശക്തമാകുന്നതിന്റെ തെളിവാണ് ഈ നടപടി. മുമ്പ് പ്രോ മോഡലുകളുടെ നിർമ്മാണം ഇന്ത്യയിൽ വൈകിയാണ് ആരംഭിച്ചിരുന്നതെങ്കിൽ, ഇത്തവണ മുതൽ ആഗോള വിപണിയിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യയും നിർണായക പങ്കാളിയാകുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന പ്രോ സീരീസ് ഫോണുകളുടെ 80-90 ശതമാനവും കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ വലിയൊരു പങ്ക് അമേരിക്കയിലേക്കാണ് അയക്കുന്നത്.

ചൈനക്ക് പുറമെ തങ്ങളുടെ നിർമ്മാണ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആപ്പിൾ ഇന്ത്യക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. 2026-ൽ ആഗോളതലത്തിൽ വിതരണം ചെയ്യുന്ന മൊത്തം ഐഫോണുകളുടെ ഏകദേശം 26 ശതമാനവും ഇന്ത്യയിൽ നിർമ്മിച്ചതായിരിക്കുമെന്നാണ് വ്യവസായ നിരീക്ഷകർ വിലയിരുത്തുന്നത്. ഡിസ്പ്ലേകളും ക്യാമറ മൊഡ്യൂളുകളും പോലുള്ള ചില ഉയർന്ന മൂല്യമുള്ള ഘടകങ്ങൾ ഇനിയും പുറത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടതുണ്ടെങ്കിലും, ഇന്ത്യയുടെ സാങ്കേതിക നിർമ്മാണ മേഖലക്ക് വലിയ കുതിപ്പേകുന്നതാണ് പുതിയ വാർത്ത.

Tags:    
News Summary - Apple to start manufacturing iPhone 18 Pro in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.