നിർമിതബുദ്ധിയിലെ മത്സരം ഇനി ആരോഗ്യമേഖലയിലായിരിക്കുമെന്ന് സൂചന നൽകി പ്രമുഖ ടെക് കമ്പനികളെല്ലാം ‘ഹെൽത്ത് എ.ഐ’ അവതരിപ്പിക്കുകയാണിന്ന്. ഓപൺ എ.ഐ തങ്ങളുടെ ChatGPT Health പുറത്തിറക്കിയതിന് പിന്നാലെ, അന്ത്രോപിക് തങ്ങളുടെ ‘Claude for Healthcare’ ഉം അവതരിപ്പിച്ചിരിക്കുകയാണ്. സാധാരണക്കാർക്കും ആരോഗ്യരംഗത്തെ പ്രഫഷണലുകൾക്കും ഒരുപോലെ വൈദ്യശാസ്ത്ര വിവരങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്ന എ.ഐ സ്യൂട്ടാണിതെന്ന്, ആമസോണിന് കീഴിലെ അന്ത്രോപിക് അവകാശപ്പെടുന്നു.
‘മനുഷ്യ ഡോക്ടർക്ക് പകരമല്ല’ എന്ന ജാമ്യത്തോടെയാകും ‘ക്ലോദ്’ വിവരങ്ങൾ തരിക. സാധാരണ പൊതു ഉപയോഗ ചാറ്റ്ബോട്ടുകളിൽനിന്ന് വ്യത്യസ്തമായി, ഉപയോക്താക്കൾക്ക് വിപുലമായ മെഡിക്കൽ വിവരങ്ങൾ മനസ്സിലാക്കാൻ ഇതുകൊണ്ടു സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. സങ്കീർണമായ പരിശോധന ഫലങ്ങൾ മുതൽ മെഡിക്കൽരംഗത്തെ ഭരണനിർവഹണം മുതൽ ക്ലിനിക്കൽ ജോലിക്രമവും വരെ സാധ്യമാകുമത്രെ. രോഗീ ഡാറ്റ സുരക്ഷിതമായും സ്വകാര്യമായും സൂക്ഷിക്കാനും അതുവഴി ഈ രംഗത്തെ കടലാസുപണികൾ കുറക്കാനും ‘ക്ലോദി’ന് കഴിയും.
‘ക്ലോദി’ന്റെ കളികൾ
മെഡിക്കൽ രംഗത്ത് നിലവിലുള്ള വിവിധ ഭരണ-വൈദ്യസേവന സിസ്റ്റംസുമായി ഇന്റഗ്രേറ്റ് ചെയ്ത് പ്രവർത്തിക്കാൻ ക്ലോദ് ഫോർ ഹെൽത്ത്കെയറിന് സാധിക്കുമെന്നാണ് കമ്പനി വിശദീകരിക്കുന്നത്. ഇതുവഴി, ആരോഗ്യരംഗത്തെക്കുറിച്ചും കവറേജ്, ബില്ലിങ്, സേവനദാതാക്കൾ തുടങ്ങിയ സംബന്ധിച്ച് ആധികാരിക വിവരങ്ങൾ ഞൊടിയിടയിൽ ലഭ്യമാക്കാൻ കഴിയും.
ഭരണ-ഡാറ്റാ പരമായ കാര്യങ്ങളിൽ സമയം ലാഭിക്കുന്നതുകൊണ്ട് രോഗീപരിരക്ഷക്ക് കൂടുതൽ സമയം ലഭിക്കുമെന്നും പറയുന്നു. ഓരോരുത്തരുടെയും വ്യക്തിപരമായ ആരോഗ്യരേഖകളുമായും ഫിറ്റ്നസ് പ്ലാറ്റ്ഫോമുകളുമായും ബന്ധിപ്പിക്കാനാകും. നിലവിൽ യു.എസിൽ മാത്രമാണ് ക്ലോദ് ലഭ്യമാകുക. സ്വകാര്യത സംരക്ഷിക്കുമെന്നും അന്ത്രോപിക് അവകാശപ്പെടുന്നു.
ചാറ്റ് ജി.പി.ടി ഹെൽത്ത് v/s ക്ലോദ്
സാധാരണ ഉപയോക്താക്കളെയാണ് ചാറ്റ് ജി.പി.ടി ഹെൽത്ത് ലക്ഷ്യമിടുന്നതെങ്കിൽ ക്ലോദ് ഫോർ ഹെൽത്ത്കെയർ ഒരേസമയം സാധാരണക്കാരെയും ഹെൽത്ത്കെയർ പ്രഫഷണലുകളെയും ഉന്നംവെക്കുന്നു. ആരോഗ്യസംബന്ധമായ സാധാരണ സംശയങ്ങളും വെൽനെസ് മാർഗനിർദേശവും ചാറ്റ് ജി.പി.ടി നൽകുമ്പോൾ, ക്ലോദ് മെഡിക്കൽ ഡാറ്റാബേസ്, ബില്ലിങ് സിസ്റ്റംസ്, ക്ലിനിക്കൽ വർക് ഫ്ലോ തുടങ്ങിയവ സാധ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.