കൈലാഷ് സത്യാർത്ഥി
‘സാങ്കേതികവിദ്യ മനുഷ്യനന്മക്കായി ഉപയോഗിക്കണം’; കരുണയുള്ള എഐ എന്ന ആശയവുമായി കൈലാഷ് സത്യാർത്ഥി
ഇന്ന് എല്ലായിടത്തും എഐയെ കുറിച്ചാണ് സംസാരം. രാഷ്ട്രീയത്തിലും ബിസിനസിലും സ്കൂളിലും കോളജിലും എല്ലാവരും എഐയെ കുറിച്ച് പറയുന്നു. നൊബേൽ ജേതാവ് കൈലാഷ് സത്യാർത്ഥി എഐയുടെ ഭാവിക്കായി പുതിയ ആശയം മുന്നോട്ട് വെച്ചിരിക്കുകയാണ് ഇപ്പോൾ. കമ്പനികളും രാജ്യങ്ങളും എഐയിൽ ആധിപത്യത്തിനായി മത്സരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ നിർദ്ദേശം.'കരുണയുള്ള എഐ' എന്നാണ് അദ്ദേഹം ഈ ആശയത്തിന് പേരിട്ടിരിക്കുന്നത്.
ലോകം ഇക്കാര്യത്തിൽ രണ്ടായി തിരിഞ്ഞിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. ഹഗ്ഗിങ് ഫേസ് ആക്രമണം പോലുള്ള വാർത്തകൾ വരുമ്പോൾ ഒരുപാട് പേർ പേടിക്കുന്നു. എഐ വളരെ അപകടമാണെന്ന് കരുതി അവർ അതിനെ എതിർക്കുന്നു. എന്നാൽ സർക്കാരുകളും കമ്പനികളും ഉൾപ്പെടെ മറ്റൊരു വലിയ വിഭാഗം എഐയെ ഒരു മാന്ത്രിക വടി പോലെയാണ് കാണുന്നത്. എഐ ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല, എല്ലാ പ്രശ്നവും എഐ പരിഹരിക്കും എന്നാണ് അവർ കരുതുന്നത്. അവർക്ക് എഐയോട് അമിതമായ ആരാധനയാണ്. ഞാൻ ഇവിടെ മൂന്നാമതൊരു വഴിയാണ് കൊണ്ടുവരുന്നത്, അതാണ് കരുണയുള്ള എഐ എന്ന ആശയം കൈലാഷ് സത്യാർത്ഥി പറഞ്ഞു.
എഐ ഒരു യാഥാർത്ഥ്യമാണ്. അതിന്റെ വേഗത്തിലുള്ള വളർച്ചയും മത്സരവും അതുണ്ടാക്കുന്ന ദോഷങ്ങളും യാഥാർത്ഥ്യമാണ്. ഇതിനെ ഒഴിവാക്കാൻ കഴിയില്ല. പക്ഷെ പേടിച്ചും എതിർത്തും മാറി നിൽക്കുന്നതാണോ പരിഹാരം? അല്ല. ഈ സാങ്കേതികവിദ്യയെ നേരിട്ട് മനുഷ്യന്റെ നന്മക്കായി ഉപയോഗിക്കാൻ ശ്രമിക്കണം. ആളുകൾ ആശങ്കപ്പെടുന്നത് മോശം കാര്യമല്ല, ആ ആശങ്ക തന്നെയാണ് പുതിയ ആശയങ്ങളും പരിഹാരങ്ങളും ഉണ്ടാക്കാൻ സഹായിക്കുന്നത്. കരുണയുള്ള എഐ അത്തരമൊരു ആശയമാണ്.
ജൂലൈയിൽ ജനീവയിൽ ഈ ആശയം പറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ്. പ്രസംഗം കഴിഞ്ഞയുടൻ രണ്ട് രാജ്യങ്ങളുടെ തലവന്മാർ ഒരു പ്രധാനമന്ത്രിയും ഒരു പ്രസിഡന്റും ഉൾപ്പെടെ നിരവധി കമ്പനികൾ വന്ന് ഇത് മികച്ച ആശയമാണെന്ന് പറഞ്ഞു. സ്റ്റാൻഫോർഡിലും അതിന് മുമ്പ് എസ്എപി ഇൻസ്റ്റിറ്റ്യൂട്ടിലും എഞ്ചിനീയർമാരോടും നിക്ഷേപകരോടും സംസാരിച്ചു. ഇത് വെറും ഉപദേശമല്ല, വളരെ പ്രായോഗികമായ ഒരു എഞ്ചിനീയറിങ് പരിഹാരമായതുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടപ്പെടുന്നത്.
എനിക്ക് ഏറ്റവും വലിയ ഭീഷണിയായി തോന്നുന്നത്, ആരാണ് ആരെ നിയന്ത്രിക്കും എന്നതാണ്. മനുഷ്യൻ യന്ത്രത്തെ നിയന്ത്രിക്കുമോ, അതോ യന്ത്രങ്ങൾ മനുഷ്യന്റെ തീരുമാനങ്ങളെ നിയന്ത്രിക്കുമോ? ഇന്ന് എട്ടോ ഒമ്പതോ കമ്പനികളാണ് ഈ സാങ്കേതികവിദ്യ നിയന്ത്രിക്കുന്നത്. അവരുടെ സമ്പത്ത് പല രാജ്യങ്ങളുടെയും ജിഡിപിയേക്കാൾ വലുതാണ്. ഇന്ത്യ 5 ട്രില്യൺ സമ്പദ് വ്യവസ്ഥയാകാൻ ശ്രമിക്കുമ്പോൾ ഈ കമ്പനികൾ അതിനേക്കാൾ മുന്നിലെത്തി.
അവർ വളരെ ശക്തരാണ്.അതുകൊണ്ട് ഡാറ്റയെയും സാങ്കേതികവിദ്യയെയും എങ്ങനെ എല്ലാവർക്കുമായി തുറന്നുകൊടുക്കും എന്നതാണ് വലിയ ചോദ്യം. മനുഷ്യരാശി തന്നെയാണ് അപകടത്തിലായിരിക്കുന്നത്. ഈ അപകടത്തെ ഇപ്പോൾ തന്നെ നേരിടണം. പേടിച്ചിട്ടല്ല, മറിച്ച് മനുഷ്യ മനസാക്ഷിയും വിവേകവും ബുദ്ധിയും ഉപയോഗിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കണം കൈലാഷ് സത്യാർത്ഥി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.