സുരക്ഷാ പരിശോധനയിൽ വീഴ്ച; ജിപിടി 6.1 ആസ്ട്ര പുറത്തിറക്കുന്നത് റദ്ദാക്കി ഓപൺ എ.ഐ
സാൻ ഫ്രാൻസിസ്കോ: ഏറ്റവും പുതിയ എ.ഐ മോഡലായ ജി.പി.ടി 6.1 ആസ്ട്ര പുറത്തിറക്കുന്നത് റദ്ദാക്കി ഓപൺ എ.ഐ. 2026 ഒക്ടോബറിൽ പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന ഈ മോഡൽ, കമ്പനിയുടെ ആഭ്യന്തര സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
ചാറ്റ് ജി.പി.ടിയിലും കോഡിങ് പ്ലാറ്റ്ഫോമായ കോഡെക്സിലും അവതരിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്ന മോഡലാണ് ആഭ്യന്തര പരിശോധനയിലെ കണ്ടെത്തലുകളെ തുടർന്ന് പുറത്തുവിടേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചത്. മുൻ മോഡലിനെ അപേക്ഷിച്ച് ജി.പി.ടി 6.1 ആസ്ട്ര ചില മേഖലകളിൽ മെച്ചപ്പെട്ടിരുന്നെങ്കിലും ‘അലൈൻമെന്റ്’ പരിശോധനയിൽ ആവശ്യമായ നിലവാരം കൈവരിച്ചില്ലെന്ന് ഓപൺ എ.ഐ സേഫ്റ്റി സിസ്റ്റംസ് മേധാവി സാച്ചി ജെയിൻ പറഞ്ഞു. മനുഷ്യർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് എ.ഐ എത്രത്തോളം പ്രവർത്തിക്കുന്നുവെന്നും നിശ്ചയിച്ച പരിധിക്കുള്ളിൽ തുടരുന്നുണ്ടോയെന്നും പരിശോധിക്കുന്നതാണ് അലൈൻമെന്റ് പരിശോധന. മുൻ മോഡലിനെ അപേക്ഷിച്ച് ഇതിന് മോശം പ്രകടനമാണെന്നും ഓപൺ എ.ഐ വ്യക്തമാക്കുന്നു.
മോഡൽ നിർദേശിച്ച പരിധിക്കും അനുമതിക്കും പുറത്തേക്ക് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കണ്ടെത്തി. ചില സാഹചര്യങ്ങളിൽ ഉപയോക്താവിന്റെ അനുമതി തേടാതെ ടാസ്ക് തുടരുകയും സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടയാക്കാവുന്ന സാഹചര്യങ്ങളിൽ പുറത്തുള്ള ടൂളുകളോ സേവനങ്ങളോ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, കൂടുതൽ സങ്കീർണമായ ജോലികൾ മനുഷ്യ ഇടപെടലുകൾ കൂടാതെ അസ്ത്രക്ക് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുവെന്ന് പറയുന്നു. എന്നാൽ അതിനപ്പുറം സുരക്ഷാ നിയന്ത്രണങ്ങൾക്കാണ് പ്രധാന്യം നൽകുന്നതെന്ന് ഓപൺ എ.ഐ വ്യക്തമാക്കി.
കഴിഞ്ഞദിവസം, ഓപൺ എ.ഐയുടെ എ.ഐ ഏജന്റ് ആസ്ട്രേലിയൻ സർക്കാരിന്റെ ഹെൽത്ത് ഡാറ്റാ പോർട്ടലിൽ അനധികൃതമായി കടന്നുകയറിയെന്നാണ് വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി ആന്തണി അൽബനീസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രഹസ്യ സ്വഭാവമില്ലാത്ത ആരോഗ്യ സ്ഥിതിവിവരക്കണക്കുകളും പൊതു മെഡിക്കൽ ചെലവ് ഡാറ്റയും അടങ്ങിയ പോർട്ടലിലാണ് സുരക്ഷാ ലംഘനം ഉണ്ടായത്. ഒരു സർക്കാർ വെബ്സൈറ്റിൽ അനുമതിയില്ലാതെ എ.ഐ ഏജന്റ് സ്വതന്ത്രമായി പ്രവേശിച്ചതായി വെളിപ്പെടുത്തപ്പെടുന്ന ആദ്യത്തെ സംഭവമായിരുന്നു ഇത്. ഇതിനെ തുടർന്ന് എ.ഐ ഉയർത്തുന്ന അപകട സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.