സ്മാർട്ട്ഫോണുകളുടെ പ്രധാന ഭാഗങ്ങൾ ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും; പ്രഖ്യാപനവുമായി അശ്വനി വൈഷ്ണവ്
ന്യൂഡൽഹി: ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ നിർമ്മാണം വെറും അസംബ്ലിങിൽ മാത്രം ഒതുങ്ങാതെ പ്രധാന ഘടകഭാഗങ്ങളും അസംസ്‌കൃത വസ്തുക്കളും സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നതിലേക്ക് അതിവേഗം വളരുകയാണെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയിൽ ബാറ്ററി സാങ്കേതികവിദ്യകൾ, ക്യാമറ, ഡിസ്‌പ്ലേ, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ തുടങ്ങി നിർണായക ഭാഗങ്ങളുടെ പ്രാദേശിക ഉൽപ്പാദനം വ്യാപിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് കേന്ദ്രമന്ത്രി രാജ്യത്തിന്റെ നിർമ്മാണ രംഗത്തെ ഈ ഘടനാപരമായ മാറ്റത്തെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യ നിലവിൽ ഫോണുകൾ നിർമ്മിക്കുന്നുണ്ട്. ഇനി അതിനുള്ളിലെ സാങ്കേതികവിദ്യകളും ഘടകങ്ങളും സ്വന്തമായി നിർമ്മിക്കുന്ന വലിയൊരു ഘട്ടത്തിലേക്ക് നമ്മൾ കടക്കുകയാണ് അശ്വിനി വൈഷ്ണവ് കുറിച്ചു.
ലിഥിയം അയൺ ബാറ്ററി സെല്ലുകളുടെ ഉൽപ്പാദനത്തിൽ രാജ്യം കൈവരിച്ച മുന്നേറ്റത്തെ മന്ത്രി പ്രത്യേകം ചൂണ്ടിക്കാട്ടി. ബാറ്ററിയുടെ അനോഡുകളിൽ ഉപയോഗിക്കുന്ന സിന്തറ്റിക് ഗ്രാഫൈറ്റ്, ലിക്വിഡ് ഇലക്ട്രോലൈറ്റിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള കെമിക്കൽ അഡിറ്റീവുകൾ, ചാർജ് ചാലകത വർദ്ധിപ്പിക്കുന്ന അസറ്റിലീൻ ബ്ലാക്ക് എന്നിവ ഇനി രാജ്യത്തിനുള്ളിൽ തന്നെ ഉൽപ്പാദിപ്പിക്കും.
കൂടാതെ ഹരിയാനയിലെ മനേസറിൽ 3000 കോടി രൂപയുടെ നിക്ഷേപത്തിൽ എ.ടി.എൽ നിർമ്മിക്കുന്ന ബാറ്ററി സെൽ കേന്ദ്രവും ഈ വലിയ മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാറ്ററികൾക്ക് പുറമേ ഡിസ്‌പ്ലേകൾ, ക്യാമറ മൊഡ്യൂളുകൾ, സ്പീക്കറുകൾ, കോയിലുകൾ, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ, കണക്ടറുകൾ തുടങ്ങിയവയുടെ ഉൽപ്പാദനവും രാജ്യത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മൊബൈൽ നിർമ്മാണ രംഗത്ത് വൻ വളർച്ചയാണ് രാജ്യം കൈവരിച്ചത്. പ്രതിവർഷം 33 കോടിയോളം ഫോണുകൾ നിർമ്മിച്ച് ലോകത്തെ രണ്ടാമത്തെ വലിയ സ്‌മാർട്ട്‌ഫോൺ നിർമ്മാണ രാജ്യമായി ഇന്ത്യ മാറി.
10 വർഷം മുമ്പ് ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന മൊബൈൽ ഫോണുകളിൽ 26% മാത്രമായിരുന്നു പ്രാദേശികമായി നിർമ്മിച്ചിരുന്നതെങ്കിൽ, 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 99.2% ആയി ഉയർന്നു. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി നിരവധി പദ്ധതികൾ രാജ്യത്ത് നടക്കുന്നുണ്ട്. മൊബൈൽ ഫോൺ നിർമാണ മേഖലയിൽ ഇന്ത്യയുടെ പങ്ക് ഉയർത്തുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.