സുന്ദർ പിച്ചൈ, ഡോണൾഡ് ട്രംപ്
‘നിങ്ങൾ ഒരു രാക്ഷസനാണ്, ആർക്കും നിങ്ങളെ അറിയില്ല’; സുന്ദർ പിച്ചൈയെ കുറിച്ച് ട്രംപ്, മറുപടിയുമായി ഗൂഗ്ൾ മേധാവി
വാഷിങ്ടൺ: ഗൂഗ്ൾ മേധാവി സുന്ദർ പിച്ചൈയെ അസാധാരണമായ വിശേഷണത്തിലൂടെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പിച്ചൈയെ 'മോൺസ്റ്റർ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. വൈറ്റ് ഹൗസ് വളപ്പിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ രസകരവും വിചിത്രവുമായ പരാമർശം ഉണ്ടായത്. നിമിഷങ്ങൾക്കകം തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
വൈറ്റ് ഹൗസിൽ ലോകത്തെ പ്രമുഖ ടെക്നോളജി കമ്പനി മേധാവികളുമായി പ്രസിഡന്റ് ട്രംപ് ഉച്ചഭക്ഷണ യോഗം നടത്തിയിരുന്നു. നിർമിത ബുദ്ധി മേഖലയിലെ ഭാവി വികസനവും നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഈ യോഗം വിളിച്ചുചേർത്തത്. യോഗത്തിന് ശേഷം വൈറ്റ് ഹൗസ് ഡ്രൈവ് വേയിൽ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ട്രംപിന്റെ ശ്രദ്ധേയമായ പരാമർശം.
‘എന്തൊരു ജീവിതമാണ്! ടെക് ഭീമന്മാരെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനിടെയാണ് ട്രംപ് സുന്ദർ പിച്ചൈയെ പ്രത്യേകം എടുത്തു പറഞ്ഞത്. ഈ മനുഷ്യൻ ഒരു രാക്ഷസനാണ്, പക്ഷേ ആർക്കും അയാളെ അറിയില്ല. എന്തൊരു മികച്ച ജീവിതമാണത്! ഒരു രാക്ഷസനായിരിക്കുക, എന്നിട്ട് ഇതിലൂടെയൊന്നും കടന്നുപോകേണ്ടി വരാതിരിക്കുക’ എന്നാണ് ട്രംപ് പിച്ചൈയെ ചൂണ്ടിക്കാണിച്ച് പറഞ്ഞത്.
പിച്ചൈയുടെ ലോ പ്രൊഫൈലിൽ തുടരുന്ന രീതിയെയും, വലിയ പ്രശസ്തിയില്ലാതെ തന്നെ വലിയ സാമ്രാജ്യം നയിക്കുന്നതിനെയുമാണ് ട്രംപ് ഇതിലൂടെ പ്രശംസിച്ചത്. ‘ട്രംപ് പിച്ചൈയെ സംസാരിക്കാൻ ക്ഷണിച്ചു. പിച്ചൈ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ട്രംപ് ഇടപെട്ടു. ഇവർ ആരാണെന്ന് നിങ്ങൾക്ക് ഒരു ധാരണയുമില്ല. ലോകത്തിലെ ഏറ്റവും വലിയ ആളുകളാണിവർ. നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്, സുന്ദർ എന്നാണ് അവന്റെ പേര്’ എന്ന് ട്രംപ് ഉറക്കെ പറഞ്ഞു.
‘ഞാൻ ഒരു രാക്ഷസനാണ് എന്നതിനേക്കാൾ മികച്ച ഒരു ടാഗ്‌ലൈൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു പിച്ചൈയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി. പിച്ചൈയുടെ ഈ മറുപടി അവിടെ കൂടിയിരുന്ന എല്ലാവരിലും ചിരി പടർത്തി. അതേസമയം, ടെക് ലോകത്ത് ഗൂഗ്ളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ വലിയ സ്വാധീനത്തെയും വ്യാപ്തിയെയും വിവരിക്കാൻ 'മോൺസ്റ്റർ' എന്ന വാക്ക് പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഒരു കമ്പനി എത്രത്തോളം വലുതും ശക്തവുമാണെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണിത്.
ട്രംപ് ആ അർത്ഥത്തിലാണ് പിച്ചൈയെ പ്രശംസിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. എ.ഐ ചർച്ചകൾക്കായി വിളിച്ചുചേർത്ത യോഗത്തിൽ ലോകത്തെ ഏറ്റവും വലിയ ടെക് നേതാക്കളാണ് പങ്കെടുത്തത്. ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈക്ക് പുറമെ, ചാറ്റ് ജി.പി.ടിയുടെ മാതൃ കമ്പനിയായ ഓപ്പൺ എ.ഐയുടെ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാൻ, ആന്ത്രോപിക് സി.ഇ.ഒ ദാരിയോ അമോദി, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ഇലോൺ മസ്ക് തുടങ്ങിയ പ്രമുഖരും യോഗത്തിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.