വാട്സ്ആപിൽ 'ഇല്ല' എന്ന് മറുപടി നൽകി, സിഎക്കാരന് നഷ്ടമായത് ഒരു ലക്ഷം രൂപ; ഒടിപിയും ലിങ്കുമില്ലാതെയും സൈബർ തട്ടിപ്പ് വ്യാപകം
ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 90000 രൂപ ഡെബിറ്റ് ചെയ്തതായി വാട്സ്ആപ്പിൽ ഒരു സന്ദേശം വന്നു. വ്യാജ സന്ദേശത്തിന് നൊ എന്ന് റിപ്ലേ കൊടുത്തു. എന്നാൽ മറുപടി നൽകിയതുകൊണ്ട് മാത്രം ഇയാൾക്ക് നഷ്ടമായത് 1.70 ലക്ഷം രൂപയാണ്. ഒടിപിയോ, ലിങ്കുകളോ പങ്കുവെക്കാതെയും റിമോട്ട് ആക്സസ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതെയുമാണ് ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിക്ക് പണം നഷ്ടമായത്.
ലഖ്‌നൗവിലെ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ ഫോണിലേക്ക് അക്കൗണ്ടിൽ നിന്ന് 90,000 രൂപ ഡെബിറ്റ് ചെയ്തു എന്ന രീതിയിൽ ഒരു വാട്സാപ്പ് സന്ദേശം ലഭിച്ചു. ഇടപാട് താനല്ല നടത്തിയതെങ്കിൽ NO എന്ന് മറുപടി അയക്കാനും ആ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. സന്ദേശം കണ്ട് പരിഭ്രാന്തനായ ഇദ്ദേഹം ഇത് യഥാർത്ഥ ബാങ്ക് സന്ദേശമാണെന്ന് കരുതി ഉടൻ തന്നെ NO എന്ന് മറുപടി നൽകി. ഇതിന് തൊട്ടുപിന്നാലെയാണ് ഐസിഐസിഐ ബാങ്കിലെയും ഇൻഡസ്ഇൻഡ് ബാങ്കിലെയും അക്കൗണ്ടുകളിൽ നിന്ന് യാതൊരു അനുമതിയും ഇല്ലാതെയുള്ള അനധികൃത പണമിടപാടുകൾ നടന്നത്. ആകെ 1.70 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ അക്കൗണ്ടുകളിൽ നിന്ന് നഷ്ടപ്പെട്ടത്.
ഇതുപോലെയുള്ള ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകളിൽ പതിവായി കാണുന്ന ഒടിപി ചോർത്തലോ, സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യലോ, ബാങ്കിംഗ് വിവരങ്ങൾ കൈമാറലോ, റിമോട്ട് ആക്സസ് ആപ്പുകൾ ഡൗൺലോഡ് ചെയ്യലോ ഈ കേസിൽ നടന്നിട്ടില്ല. ഇതാണ് സൈബർ വിദഗ്ധരെയും പൊലീസിനെയും ഒരുപോലെ അമ്പരപ്പിക്കുന്നത്.
നൊ എന്ന് മറുപടി അയച്ചതുമാത്രമാണ് ഇദ്ദേഹം ചെയ്തത്. വാട്സാപ്പ് ചാറ്റിലൂടെ ഉപയോക്താവിന്റെ ഫോണിലേക്ക് മാൽവെയർ പ്രവേശിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണവും ഫോറൻസിക് പരിശോധനയും പുരോഗമിക്കുകയാണ്.
അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടുവെന്നോ മറ്റോ ഉള്ള അജ്ഞാത സന്ദേശങ്ങൾ വാട്സാപ്പിൽ വന്നാൽ ഉടൻ മറുപടി നൽകരുത്. ബാങ്കിന്റെ ഔദ്യോഗിക ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ മാത്രം അക്കൗണ്ട് ബാലൻസോ ഇടപാടുകളോ പരിശോധിക്കുക. സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ഒരിക്കലും ബന്ധപ്പെടരുത്. ഒടിപി, പിൻ നായമ്പരുകൾ, പാസ്‌വേഡുകൾ എന്നിവ ആരുമായും പങ്കുവെക്കരുത്. ഇത്തരം സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറായ 1930-ൽ ബന്ധപ്പെട്ട് പരാതിപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.