സേവനങ്ങളിലേക്ക് ഇനി ‘വാട്ട്സാപ് ചാറ്റ് ദൂരം’; അഞ്ച് ഡിജിറ്റൽ ചുവടുവെപ്പുകളുമായി സർക്കാർ
തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ വാട്സാപിലൂടെ ലഭ്യമാക്കുന്നത് മുതൽ വിവിധ വകുപ്പുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ‘നമ്മുടെ കേരളം 2.0’ വരെ കാലമറിഞ്ഞുള്ള ഡിജിറ്റൽ ചുവടുവെപ്പുമായി സർക്കാർ. വിവരങ്ങളെ ചോദിച്ചറിയാവുന്ന സംഭാഷണരീതിയിലേക്ക് മാറ്റുന്ന എ.ഐ ചാറ്റ്ബോട്ടും സർക്കാർ സേവനങ്ങൾക്ക് മാർക്കിടാൻ സൗകര്യമൊരുക്കുന്ന സി.എക്സ് ഇൻഡക്സുമടക്കം അഞ്ച് ഐ.ടി പദ്ധതികളാണ് 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി യാഥാർഥ്യമാക്കിയത്. ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.
വെബ്സൈറ്റ് തിരയേണ്ട; വാട്സാപ് മതി
സർക്കാർ വകുപ്പുകളുടെ വെബ്സൈറ്റ് തിരയുന്നതിന് പകരം വാട്ട്സാപ് ചാറ്റിലൂടെ സേവനത്തിലേക്ക് വേഗത്തിലെത്താവുന്ന സൗകര്യമാണ് ഏർപ്പെടുത്തുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കുള്ള പരാതി വാട്സാപ്പ് വഴി സമർപ്പിക്കാം. പിന്നീട് പരാതിയുടെ നിലയും അറിയും. ഇതിനൊപ്പം കെ.എസ്.ഇ.ബി, ജല അതോറിറ്റി, സിവിൽ സപ്ലൈസ്, കെ-ഫോൺ, ലീഗൽ മെട്രോളജി, വിജിലൻസ് തുടങ്ങിയ സേവനങ്ങളും വാട്സാപ് വഴി ലഭിക്കും.
സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ
വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ നൽകുന്ന ഏകീകൃത ഡിജിറ്റൽ സംവിധാനമാണ് ‘നമ്മുടെ കേരളം 2.0’. ഇതിനായി മൊബൈൽ ആപ്പും വെബ് പോർട്ടലും തയാറാക്കിയിട്ടുണ്ട്. നിലവിലുള്ള ഒരു ലക്ഷത്തിലധികം ഉപയോക്താക്കളും 130ലധികം സർക്കാർ സേവനങ്ങളും ഉൾപ്പെടുന്ന പ്ലാറ്റ്ഫോമിന്റെ രണ്ടാം പതിപ്പിൽ 30ലധികം പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. സമീപത്തുള്ള ആശുപത്രികൾ, ഇ.വി ചാർജിങ് സ്റ്റേഷനുകൾ, പൊതുശുചിമുറികൾ, എന്നിവ കണ്ടെത്താനുള്ള സൗകര്യം പോർട്ടലിലുണ്ട്. ലൊക്കേഷൻ അധിഷ്ഠിത ടൂറിസം വിവരങ്ങൾ, റേഷൻ കാർഡ് സേവനങ്ങൾ, വാട്ടർ അതോറിറ്റി, തൊഴിൽ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട ചലാൻ വിവരങ്ങൾ തുടങ്ങിയ വിവിധ സേവനങ്ങളും വികസിപ്പിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചക്ക് അപേക്ഷിക്കാനും ഒരു വിഷയം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്താനും കഴിയും. അടിയന്തര സാഹചര്യങ്ങളിൽ പൊലീസ്, ഫയർ റെസ്ക്യൂ, ആംബുലൻസ് തുടങ്ങിയ പ്രധാന സഹായ സംവിധാനങ്ങളിലേക്ക് വേഗത്തിൽ എത്താനുള്ള സൗകര്യവും ഭാഗമാണ്.
സേവനത്തിന് മാർക്കിടാം
പൗരപ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ സേവനത്തിന്റെ ഗുണനിലവാരവും സംതൃപ്തിയും വിലയിരുത്താനും മെച്ചപ്പെടുത്താനും സഹായിക്കുന്ന സംവിധാനമാണ് സി.ആർ ഇൻഡക്സ്.
രേഖകൾ പരതേണ്ട; ചാറ്റ്ബോട്ടിനോട് ചോദിക്കാം
സർക്കാർ സേവനത്തിന് അർഹതയുണ്ടോ? ഏതെല്ലാം രേഖകളാണ് വേണ്ടത്? അപേക്ഷിക്കേണ്ടതെങ്ങനെ? ഏത് ഓഫിസിനെയാണ് സമീപിക്കേണ്ടത്? ഇത്തരം വിവരങ്ങൾക്ക് വെബ്സൈറ്റ് പരതുന്നതിന് പകരം ചാറ്റ്ബോട്ട് പ്രയോജനപ്പെടുത്താം. മലയാളത്തിലോ ഇംഗ്ലീഷിലോ ചോദ്യങ്ങൾ ചോദിക്കാം. ഉത്തരവുകൾ, ചട്ടങ്ങൾ, റൂളുകൾ, സർക്കുലറുകൾ, അംഗീകൃത നടപടി ക്രമങ്ങൾ, വകുപ്പ് തല രേഖകൾ തുടങ്ങിയ ആധികാരിക വിവര സ്രോതസുകളെ അടിസ്ഥാനമാക്കിയാണ് ചാട്ട്ബോട്ടിൽ വിവരങ്ങൾ നൽകുന്നത്.
കെ എ.ഐ പ്രോഗ്രാം
സർക്കാർ വകുപ്പുകൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ കണ്ടെത്തി അനുയോജ്യമായ എ.ഐ പരിഹാരങ്ങൾ വികസിപ്പിച്ച് പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയാണ് കെ-എ.ഐ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.