ഇനിയെല്ലാം ഹാച്ച് നിയന്ത്രിക്കും; ജീവനക്കാർക്ക് വ്യക്തിഗത എഐ ഏജന്‍റുമായി മെറ്റ
വ്യക്തിജീവിതത്തിലെ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാനും ബന്ധങ്ങളും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്താനും സഹായിക്കുന്ന പേഴ്സണൽ എഐ ഏജന്റുമായി പ്രമുഖ ടെക് കമ്പനിയായ മെറ്റ. പ്രൊജക്റ്റ് ഹാച്ച് എന്ന പേരിൽ പുതിയ എഐ ടൂളിന്റെ പരീക്ഷണം കമ്പനി ആരംഭിച്ചിരിക്കുകയാണ്. ഇനിമുതൽ ഉപയോക്താവിന് വേണ്ടി റസ്റ്റോറന്‍റ് ബുക്ക് ചെയ്യുന്നതും, ഓൺലൈൻ ഷോപ്പിങ് നടത്തുന്നതും, ആരോഗ്യ കാര്യങ്ങൾ നോക്കുന്നതും തുടങ്ങി നിരവധി ജോലികൾ ഹാച്ച് എഐ ചെയ്യും.
കമ്പനിയുടെ ഉൽപ്പന്നങ്ങളിലും ജോലികളിലും എഐയുടെ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. സാധാരണ ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി ഉപയോക്താക്കൾക്ക് വേണ്ടി ഓൺലൈൻ ജോലികൾ നേരിട്ട് ചെയ്തുതീർക്കാൻ ശേഷിയുള്ളതാണ് ഈ എഐ ഏജന്റ്.
ആരോഗ്യം, വ്യക്തിബന്ധങ്ങൾ, സാമ്പത്തികകാര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ഉപയോക്താക്കൾക്ക് ആവശ്യമായ പിന്തുണ നൽകാൻ ഈ പേഴ്സണൽ ഏജന്റിന് സാധിക്കും. വെബ്‌സൈറ്റുകളുമായും ഓൺലൈൻ സേവനങ്ങളുമായും നേരിട്ട് സംവദിക്കാൻ ഇതിന് സ്വന്തമായി കമ്പ്യൂട്ടർ സംവിധാനമുണ്ട്. ഫോമുകൾ പൂരിപ്പിക്കാനും സാധനങ്ങൾ വാങ്ങാനും വിശദമായ വിവരശേഖരണം നടത്താനും ഇതിലൂടെ സാധിക്കും. കൂടാതെ ഇമെയിൽ, കലണ്ടർ, സ്പോട്ടിഫൈ , ഇൻസ്റ്റാഗ്രാം, ഓപ്പൺടേബിൾ തുടങ്ങിയ സേവനങ്ങളുമായി ഇത് ബന്ധിപ്പിക്കാൻ കഴിയും.
ഉപയോക്താക്കൾക്ക് തങ്ങളുടെ എഐ ഏജന്റിന് സ്വന്തം പേര് നൽകാനും ആശയവിനിമയ ശൈലി തിരഞ്ഞെടുക്കാനും ഏതൊക്കെ വിവരങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് നിർദ്ദേശിക്കാനും സാധിക്കും. ആപ്പ് ക്ലോസ് ചെയ്തിരിക്കുന്ന സമയത്തും പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ ഈ സംവിധാനത്തിന് കഴിയും. പ്രധാനപ്പെട്ട കാര്യങ്ങളിൽ ഉപയോക്താക്കളുടെ അനുമതി വാങ്ങിയ ശേഷമേ നടപടികളിലേക്ക് കടക്കൂ.
ഭാവിയിൽ ഇതൊരു പെയ്ഡ് ഉൽപ്പന്നമായി വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. എങ്കിലും ഇതിന്റെ വിലയോ ലോഞ്ച് ചെയ്യുന്ന തീയതിയോ മെറ്റ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ എഐ അധിഷ്ഠിതമാക്കുന്നതിനുമുള്ള വിശാലമായ പദ്ധതികളുടെ ഭാഗമായാണ് ഈ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.