വ്യാജ വെബ് ക്ലൈയന്റുകൾ വഴി ഡാറ്റ ചോരുമെന്ന ഭയം വേണ്ട; അനൗദ്യോഗിക വെബ് ക്ലൈന്‍റ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി വാട്‌സ്ആപ്പ്
ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി വാട്സ്ആപ് നിരവധി സുരക്ഷാ സംവിധാനങ്ങളാണ് അവതരിപ്പിക്കുന്നത്. ഇപ്പോളിതാ, അനൗദ്യോഗിക വാട്സ്ആപ് വെബ് ക്ലൈന്‍റ്സ് വഴി ഉപയോക്താക്കൾ വാട്സ്ആപ് കണക്ട് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ.
സുരക്ഷയും സ്വകാര്യതയും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോം പുതിയ മുന്നറിയിപ്പ് സംവിധാനം അവതരിപ്പിക്കുന്നത്. നിലവിൽ ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ പുതിയ സുരക്ഷാ മുന്നറിയിപ്പ് ഫീച്ചർ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. വാട്സാപ്പ് അക്കൗണ്ടിൽ കണക്റ്റ് ചെയ്തിരിക്കുന്ന ഡിവൈസുകൾ പരിശോധിക്കുന്ന ലിങ്ക്ഡ് ഡിവൈസസ് എന്ന ഭാഗത്തായിരിക്കും ഈ മുന്നറിയിപ്പ് സന്ദേശം പ്രത്യക്ഷപ്പെടുക. നിങ്ങൾ വാട്സ്ആപ്പിന്‍റെ ഔദ്യോഗിക സൈറ്റ് വഴിയല്ല ലോഗിൻ ചെയ്തതെങ്കിൽ, നിങ്ങളുടെ വാട്സ്ആപ് ഏതെങ്കിലും തേർഡ് പാർട്ടി ആപ്പ് വഴിയോ ആണ് കണക്ട് ചെയ്തതെങ്കിൽ നിങ്ങൾക്ക് സുരക്ഷയുടെ ഭാഗമായി വാട്സ്ആപ് മുന്നറിയിപ്പ് നൽകും.
ഉപയോക്താക്കൾ ഏതെങ്കിലും മൂന്നാം കക്ഷി ആപ്പുകൾ വഴിയോ അനൗദ്യോഗിക വെബ് ക്ലയന്റുകൾ വഴിയോ അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ, ഔദ്യോഗിക വാട്സാപ്പ് വെബിലേക്ക് മാറാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ആപ്പിൽ വരും. അനൗദ്യോഗിക വാട്സാപ്പ് വെബ് ക്ലയന്റുകളോ ബ്രൗസർ എക്സ്റ്റൻഷനുകളോ ഉപയോഗിക്കുന്നത് ഡാറ്റാ ചോർച്ചക്ക് കാരണമായേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു.
വാട്സാപ്പിന്റെ നിയന്ത്രണത്തിലല്ലാത്ത ഇത്തരം സോഫ്റ്റ്‌വെയറുകൾക്ക് സന്ദേശങ്ങൾ, കോൺടാക്ടുകൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ ചോർത്താൻ സാധിച്ചേക്കാം. മുന്നറിയിപ്പ് സന്ദേശം താൽക്കാലികമായി ഒഴിവാക്കാൻ സാധിക്കുമെങ്കിലും, ഉപയോക്താക്കൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നത് വരെ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും. സുരക്ഷിതമായ ചാറ്റിംഗിനായി ഔദ്യോഗിക വെബ്സൈറ്റായ web.whatsapp.com മാത്രം ഉപയോഗിക്കാൻ കമ്പനി നിർദ്ദേശിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.